Campus Alive

ചെറുത്തുനിൽപ്പിന്റെ അലിഗഡ് പാഠങ്ങൾ

നരേന്ദ്ര മോഡി അധികാരത്തിലേറിയതിനു ശേഷം കാമ്പസുകളിൽ നടക്കുന്ന സംഭവ വികാസങ്ങളും സാഹചര്യങ്ങളും നമ്മെ ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്കു നേരെ സംഘപരിവാർ പ്രത്യക്ഷമായും പരോക്ഷമായും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അവഗണനകളിലൂടെയും രാഷ്ട്രീയമായ അധികാരത്തിലൂടെ വിദ്യാര്തഥി ശബ്ദങ്ങളെ തല്ലിച്ചതച്ചും അവസരങ്ങളും ആനുകൂല്യങ്ങളും ഒഴിവാക്കിയും മുന്നേറുന്ന കാഴ്ച തുടരുകയാണ്. ഹൈദരബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് രോഹിത് വെമുലയും ജെ എൻ യുവിലെ നജീബ് അഹമ്മദും തുടങ്ങി നിരവധി മുസ്‌ലിം, ദലിത് വിദ്യാര്തഥികളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ തന്നെയാണ് പിന്നോക്ക വിഭാഗ വിദ്യാർത്ഥികളുടെ അവസരങ്ങളും സംവരണവും തഴയുന്ന സാഹചര്യങ്ങൾ കൂടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

ഏറ്റവുമൊടുവിൽ ജാമിഅ മില്ലിയ ഇസ്‌ലാമിയ, അലിഗഡ് മുസ്‌ലിം സർവകലാശാല എന്നീ ന്യൂനപക്ഷ പദവിയുള്ള കാമ്പസുകൾക്ക് നേരെ സംഘപരിവാർ ഒളിഞ്ഞും തെളിഞ്ഞും നടപ്പിലാക്കി കൊണ്ടിരിക്കുന്ന നീക്കങ്ങളാണ് നാം ഗൗരവത്തിൽ കാണേണ്ടത്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 30(1) പ്രകാരം ന്യൂനപക്ഷ സമുദായങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും അതിന്റെ ന്യൂനപക്ഷ പദവി സംരക്ഷിക്കാനുമുള്ള അവകാശം നൽകുന്നു. എന്നാൽ പ്രസിദ്ധമായ ജാമിഅ, അലിഗഡ് കാമ്പസുകളുടെ ന്യൂനപക്ഷ പദവി എടുത്ത് മാറ്റണമെന്നാവശ്യപ്പെട്ട്   സംഘപരിവാർ ഭരണകൂടം കോടതിയെ സമീപിക്കുന്നു. രജീന്ദ്ര സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവുമധികം പിന്നോക്കം നിൽക്കുന്ന മുസ്‌ലിം സമുദായത്തിന്, ഉന്നത വിദ്യാഭ്യാസ മേഖലയിൽ അമ്പത് ശതമാനം സംവരണം ഉറപ്പ് നൽകുന്ന ഈ സ്ഥാപനങ്ങൾക്കെതിരെ സംഘപരിവാർ സംഘടനകൾ വിവിധ ആരോപണങ്ങൾ ഉന്നയിച്ച്  തെരുവിലിറങ്ങുന്നതാണ് നാമിപ്പോൾ കാണുന്നത്.

അലിഗഡ് മുസ്‌ലിം സർവകലാശാല വിദ്യാർത്ഥി യൂണിയൻ സ്ഥിരാംഗത്വം സ്വീകരിക്കാൻ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി കാമ്പസിലെത്തിയതോടെയാണ് പുതിയ സംഭവ വികാസങ്ങൾ ഉണ്ടാകുന്നത്. 1938ൽ അലിഗഡിൽ സ്ഥാപിച്ച മുഹമ്മദലി ജിന്നയുടെ ഛായാചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി എം.പി സതീഷ് ഗൗതം വി.സിക്ക് പരാതി നൽകിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് കൊണ്ടാണ് അന്നേ ദിവസം ഹാമിദ് അൻസാരി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പ്രതിഷേധവുമായി സംഘപരിവാർ സംഘടന ഹിന്ദു  വാഹിനി കടന്ന് വരുന്നത്. അവരെ തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരെ അക്രമിച്ച നടപടിയിൽ പ്രതിഷേധമുയരുകയും യൂണിയന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് കേസ് കൊടുക്കുവാൻ പുറത്തിറങ്ങിയപ്പോഴാണ് ഉത്തർപ്രദേശ് പോലീസും സംഘപരിവാർ ഗുണ്ടകളും വിദ്യാർത്ഥികളെ ക്രൂരമായി നേരിടുകയും തല്ലിച്ചതക്കുകയും ചെയ്യുന്നത്. യൂണിയൻ പ്രസിഡന്റുൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്കാണ് ഭരണകൂട ഭീകരതയിൽ പരിക്കേറ്റത്.

1875ൽ സർ സയ്യിദ് അഹമ്മദ് ഖാൻറെ നേതൃത്വത്തിൽ സ്ഥാപിതമായ അലിഗഡ് മുസ്‌ലിം സർവകലാശാല ചരിത്രത്തിലുടനീളം ഇന്ത്യൻ മുസ്‌ലിംകളുടെ ആത്മാഭിമാനത്തിന്റെയും വിദ്യാഭ്യാസ ഉന്നമനത്തിന്റെയും പ്രതീകമായി തലയുയർത്തി നിൽക്കുന്നു. സർവകലാശാല ഉന്നമനത്തിന് പങ്ക് വഹിച്ചവരുൾപ്പെടെ  നിരവധി പേർ അലിഗഡ് വിദ്യാർത്ഥി യൂണിയൻ സ്ഥിരാംഗത്വം നേടിയിട്ടുണ്ട്. ഗാന്ധി, നെഹ്‌റു, മുഹമ്മദലി ജിന്ന എന്നിവരടക്കമുള്ള നിരവധി പ്രമുഖരുടെ ഛായാചിത്രങ്ങൾ വർഷങ്ങളോളമായി കാമ്പസിനകത്ത് സ്ഥാപിക്കപ്പെട്ടിട്ടുമുണ്ട്. ഈ അവസരത്തിൽ മുഹമ്മദലി ജിന്നയെ പ്രശ്നവത്കരിക്കുന്ന ഹിന്ദുത്വത്തിന്റെ അസഹിഷ്ണുതയുടെ രാഷ്ട്രീയം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച ജിന്ന, ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തെ അനുകൂലിക്കുകയും പിൽകാലത്ത് പാകിസ്താന്റെ രാഷ്ട്ര പിതാവായി അവരോധിക്കപെടുകയും ചെയ്തു. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ജിന്നക്ക് നിർണ്ണായകവും മഹത്തരവുമായ റോളുണ്ട്. സ്വാതന്ത്ര സമരത്തിന്റെ ക്ലൈമാക്സ് വിഭജനത്തിലവസാനിച്ചു എന്നതിന്റെ ഏകമോ മൗലികമോ ആയ ഉത്തരവാദി ജിന്നയല്ല താനും. അതിനാൽ തന്നെ മുസ്‌ലിംകൾ അവരുടെ ചരിത്രത്തെയും നായകരെയും പിറകിലുപേക്ഷിക്കണമെന്ന സംഘപരിവാർ ഭീഷണി ഉണ്ടയില്ലാ വെടി മാത്രമാണ്. പാകിസ്ഥാൻ രാഷ്ട്ര രൂപീകരണത്തോടെ  ശക്തിപ്പെട്ട, ഇന്ത്യൻ മുസ്‌ലിംകളുടെ രാഷ്ട്രീയപരമായ അസ്തിത്വ പ്രതിസന്ധിയിൽ പ്രതിസ്ഥാനത്ത് നിർത്തപ്പെട്ടത് ജിന്നയായിരിന്നു. ഇന്ത്യൻ ദേശീയതാ വ്യവഹാരത്തിൽ മുസ്‌ലിംകളുടെ സ്ഥാനം പലപ്പോഴും നിർണയിക്കപ്പെടുന്നത് അപരവത്കരണത്തിന്റെ സംജ്ഞകളികലാണ്. അപരത്വത്തിന്റെ അപകടാവസ്ഥയിൽ പ്രയാസപ്പെട്ട് അനുദിനം ജീവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ മുസ്‌ലിംകളോടാണ് സംഘപരിവാർ “പാകിസ്താനിലേക്ക് പോ ” എന്ന് ആജ്ഞാപിക്കുന്നത്. തല്ലിക്കൊന്നും  ബലാത്സംഗം ചെയ്തും വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിച്ചും സംഘപരിവാർ ഭരണകൂടവും ഹിന്ദുത്വ ആൾക്കൂട്ടങ്ങളും ഇന്ത്യൻ മുസ്‌ലിംകളുടെ അതിജീവനത്തെ തന്നെ പ്രതിസന്ധിയിലാക്കുന്നു. മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി തന്റെ സ്ഥാനമൊഴിയുന്ന വേളയിൽ നടത്തിയ പ്രഭാഷണം, രാജ്യത്തധിവസിക്കുന്ന ദലിത്, മുസ്‌ലിം, ക്രിസ്ത്യൻ ജനവിഭാഗങ്ങളുടെ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ആശങ്കകളെ തുറന്നു കാണിക്കുന്നതായിരുന്നു. ഇതിനു ശേഷം ഹാമിദ് അൻസാരിക്കെതിരെയുണ്ടായ സംഘപരിവാർ കുപ്രചാരണങ്ങൾ ഈയൊരു പ്രതിസന്ധിയുടെ ഗൗരവം വ്യക്തമാക്കുന്നുണ്ട്. ഈയൊരു സമകാലിക സാഹചര്യത്തിലാണ് അലിഗഡിനെതിരെയുള്ള ഹിന്ദുത്വ ആക്രമണം വിമർശന വിധേയമാക്കേണ്ടത്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവ വാഹിനി പ്രവർത്തകരായ അക്രമികളെ വെറുതെ വിട്ട പോലീസ് വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചു. ക്യാമ്പസിലുടനീളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച യു പി പോലീസിന്റെ നടപടിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ ഉയരുകയാണ്. ക്യാമ്പസ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച ഭരണകൂടം ക്യാമ്പസ് വൈഫൈ അടക്കം അലിഗഡ് ജില്ലയിലെ ഇന്റർനെറ്റ് സംവിധനങ്ങളെ തടഞ്ഞുവെച്ചു. “ബാബെ സയ്യിദിന്” മുമ്പിൽ അന്നേദിവസം തുടങ്ങിയ വിദ്യാർത്ഥി പ്രക്ഷോഭം ശക്തപ്പെട്ടുകൊണ്ടിരിക്കുന്നു. സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യുക, ജുഡീഷ്യൽ അന്വേഷണം നടത്തുക എന്നീ പ്രധാന ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്. ഹോസ്റ്റൽ പൂട്ടുകൾ തകർത്തെറിഞ്ഞു കൊണ്ട് പ്രക്ഷോഭത്തിൽ വിദ്യാർത്ഥിനികൾ സംഘപരിവാർ തുടരുന്ന അജണ്ടകളെ ചെറുത്തു തോല്പിക്കാൻ അണിനിരന്നു. പ്രതിഷേധ വേളയിൽ സമരഭൂമിയിൽ നിർവ്വഹിച്ച ജുമുഅ നമസ്കാരത്തിൽ നൂറു കണക്കിന് വിദ്യാർത്ഥികളാണ് അണി നിരന്നത്. സംഘപരിവാർ വെല്ലുവിളികൾക്കിടയിലും ചെറുത്ത്നിൽപ്പിന്റെ പ്രതീക്ഷകൾ നൽകുവാൻ അലിഗഡിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് സാധിക്കുമെന്ന് തന്നെയാണ് വിശ്വാസം.

തഷ്‌രീഫ് മമ്പാട്‌