Campus Alive

പൂനെ പാക്റ്റും ഹിന്ദുത്വ ഭീകരതയും

അംബേദ്കര്‍ ജന്മദിനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കടന്നു വരാന്‍ സാധ്യതയുള്ള ഒന്നാണ് പൂനെ കരാറും (Pune Pact) അതിന്റെ ഭാഗമായി ഇന്ത്യാ രാജ്യത്തുണ്ടായ വലിയ കോലാഹലങ്ങളും. ഹിന്ദുത്വ ഭീകരതയെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ പൂനെ കരാറിനെ വളരെ പ്രാധാന്യത്തോടു കൂടി പഠന വിധേയമാക്കേണ്ടതുണ്ട്. 1915ലെ ലക്‌നൗ പാക്ട് പോലെ പ്രധാനമാണ് 1932 ലെ പൂനെ പാക്ട്.

ഭാവി ഇന്ത്യയുടെ ഘടന ചര്‍ച്ച ചെയ്യാന്‍ വിളിച്ചു കൂട്ടിയ രണ്ടാം വട്ട മേശ സമ്മേളനത്തോട് ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് 1932 സെപ്തംബര്‍ 24ന് ഒപ്പിട്ട പൂനെ കരാറും അതിനു മുന്നോടിയായി നടന്ന സംഭവ വികാസങ്ങളും. ഭൂരിപക്ഷ ഹൈന്ദവ രാഷ്ട്രീയത്തിന് ഇതുപോലെ വലിയ രാഷ്ട്രീയ ലാഭം നല്‍കിയ മറ്റൊരു സംഭവം ഇന്ത്യയില്‍ ഉണ്ടായിക്കാണില്ല. ഇന്ത്യയില്‍ അടിച്ചമര്‍ത്തപ്പെട്ട ജീവിതം നയിക്കുന്ന ദളിത് സമൂഹത്തിനു ഇത്രയധികം നഷ്ടമുണ്ടാക്കിയ സംഭവമായും പൂനെ കരാര്‍ പോലെ മറ്റൊന്ന് ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടാകില്ല. എന്നിട്ടും പൂനാ കരാര്‍ നമ്മുടെ പഠനങ്ങളിലും ചര്‍ച്ചകളിലും പാഠപുസ്തകങ്ങളിലും കടന്നു വരാതിരുന്നത് എന്തുകൊണ്ടാണ് എന്ന് പ്രത്യേകം ആലോചിക്കേണ്ടതുണ്ട്1. ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്‌ഡൊണാള്‍ഡിന് കീഴിലെ ലേബര്‍ സര്‍ക്കാറാണ് ഭാവി ഇന്ത്യയുടെ ഘടന ചര്‍ച്ച ചെയ്യാന്‍ വേണ്ടി 1930 നവംബര്‍ 12 മുതല്‍ 1931 ജനുവരി 19 വരെ ഒന്നാം വട്ടമേശസമ്മേളനം വിളിച്ചു ചേര്‍ത്തത്. വിവിധ സമുദായങ്ങളില്‍ നിന്നായി പല പ്രതിനിധികളും പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. മുസ്‌ലിംകളുടെ പ്രതിനിധിയായി മുഹമ്മദലി ജിന്നയും അയിത്ത ജാതിക്കാരെ(untouchables) പ്രതിനിധീകരിച്ചു അംബേദ്കറും മറ്റൊരു പ്രതിനിധിയും പങ്കെടുത്തു. അതുപോലെ, മറ്റു ന്യുനപക്ഷങ്ങളുടെയും നാട്ടുരാജ്യങ്ങളുടെയും പ്രതിനിധികളും അതില്‍ പങ്കെടുത്തു. എന്നാല്‍ ഒന്നാം വട്ടമേശസമ്മേളനത്തിന്റെ പ്രധാന പ്രത്യേകത, പ്രസ്തുത യോഗത്തില്‍ കോണ്‍ഗ്രസ്സ് പങ്കെടുത്തിരുന്നില്ല എന്നതാണ്. അവര്‍ നിസ്സഹകരണ പ്രസ്ഥാനം പ്രഖ്യാപിച്ചിരുന്നതിനാല്‍ സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണുണ്ടായത്. രണ്ടാം വട്ടമേശസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബ്രിട്ടനുമായി കോണ്‍ഗ്രസ്സ് സംസാരിക്കുകയും പ്രതിനിധിയായി ഗാന്ധി പങ്കെടുക്കുകയും ചെയ്തു.

കൃത്യമായ അജണ്ടയോടെയും ലക്ഷ്യത്തോടെയുമാണ് ഗാന്ധി വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്തത്. തുടക്കത്തില്‍ അയിത്ത ജാതിക്കാര്‍, മുസ്‌ലിം, കൃസ്ത്യന്‍, പാഴ്‌സി, സിഖ് തുടങ്ങിയവരുടെ സ്വയം പ്രാതിനിധ്യത്തെ ചോദ്യം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചു. പ്രസ്തുത വിഭാഗങ്ങളുടെ നേതാക്കളെ കുറ്റപ്പെടുത്തിയ ഗാന്ധി പിന്നീട് അവരുടെ പ്രത്യേക പ്രാതിനിധ്യത്തിനു അനുവാദം നല്‍കി. എന്നാല്‍ ദളിതരുടെ പ്രത്യേക അവകാശം അംഗീകരിക്കാന്‍ അദ്ദേഹം ഒട്ടും തയ്യാറായില്ല. അത് അംബേദ്കറും ഗാന്ധിയും തമ്മിലുള്ള വലിയ വാഗ്വാദങ്ങള്‍ക്ക് കാരണമായി. രണ്ടു പേരുടെയും പുസ്തകങ്ങളിലും എഴുത്തുകളിലും ഈ വിഷയത്തെ കുറിച്ചുള്ള നിരവധി പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയും. അയിത്ത ജാതിക്കാരെ പ്രതിനിധീകരിക്കാനുള്ള അവകാശം ഗാന്ധി അംബേദ്കര്‍ക്ക് നല്‍കിയില്ല, അംബേദ്കര്‍ ഗാന്ധിയെയും അവരെ പ്രതിനിധീകരിക്കാന്‍ സമ്മതിച്ചില്ല. ദളിത് സമൂഹത്തിന് ഒട്ടും താല്പര്യമില്ലാത്ത ഒരു കാര്യമായിട്ടും അവരെ താന്‍ തന്നെ പ്രതിനിധീകരിക്കും എന്നാണ് ഗാന്ധി പറഞ്ഞത്. ദളിതര്‍ക്ക് അവകാശപ്പെട്ട ദളിതരുടേതായ ദേശീയതയെ പ്രതിനിധീകരിച്ചു മുന്നോട്ടുപോകാനുള്ള അവരുടെ താല്പര്യത്തേയും അവകാശത്തെയും തടയിട്ട് അവരെ ഹൈന്ദവ ദേശീയതയില്‍ കുരുക്കിയിടാനായിരുന്നു ഗാന്ധിയുടെ പദ്ധതി. അതിലൂടെ ഇനിയും ദളിത് ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തി സവര്‍ണ്ണാധിപത്യവും ഭൂരിപക്ഷമേല്‍ക്കോയ്മയും സ്ഥാപിക്കുവാനുള്ള പദ്ധതി. ഇന്ത്യ എന്ന ഒരൊറ്റ ദേശീയത എന്ന വാദം ഇതിനനുസൃതമായാണ് വ്യാഖ്യാനിക്കപ്പെട്ടതും പ്രയോഗിച്ചതും.

ചര്‍ച്ചകളും വാഗ്വാദങ്ങളും ആഴ്ചകളോളം നീണ്ടുനിന്നു. പ്രത്യേകിച്ച് ഒരു തീരുമാനത്തില്‍ എത്താന്‍ സാധിക്കാതെ വന്നു. എന്നാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അന്തിമതീരുമാനം എല്ലാവരും അംഗീകരിക്കാം എന്ന വ്യവസ്ഥയില്‍ സമ്മേളനം പിരിഞ്ഞു. അവസാനം, ഒരു വര്‍ഷത്തിന് ശേഷം റാംസെ മക്ഡൊണാള്‍ഡ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനം പ്രഖ്യാപിച്ചു. അംബേദ്കറുടെ ആവശ്യം(കമ്മ്യുണല്‍ അവാര്‍ഡ്) അംഗീകരിച്ചു കൊണ്ടുള്ളതായിരുന്നു പ്രസ്തുത തീരുമാനം. അതും 10 വര്‍ഷം എന്ന് അംബേദ്കര്‍ ആവശ്യപ്പെട്ടത് 20 വര്‍ഷമായി അനുവദിച്ചുകൊണ്ട്. പൂനെയില്‍ യെര്‍വാദ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു അപ്പോള്‍ ഗാന്ധി. ആ ജയിലില്‍നിന്ന് അദ്ദേഹം പ്രഖ്യാപിച്ചു: ‘അയിത്ത ജാതിക്കാര്‍ക്ക് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്ന വ്യവസ്ഥ പിന്‍വലിച്ചില്ലെങ്കില്‍ ഞാന്‍ മരണം വരെ നിരാഹാരമനുഷ്ഠിക്കും’. അത് പക്ഷെ, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തീരുമാനത്തില്‍ ഒരു ഉലച്ചിലും ഉണ്ടാക്കിയില്ല. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന് കണ്ട ഗാന്ധി ഏകദേശം ഒരു മാസത്തിനു ശേഷം നിരാഹാരം ആരംഭിച്ചു. കൃത്യമായും അംബേദ്കറോടും ദളിതരോടുമുള്ള ഒരു ഭീഷണിയായിരുന്നു ഗാന്ധിയുടെ ആ നിരാഹാരം. ഗാന്ധി ജീവിതത്തില്‍ ആകെ മരണം വരെ നിരാഹാരം പ്രഖ്യാപിച്ചതും ഈ വിഷയത്തില്‍ മാത്രമായിരുന്നു എന്നതും അദ്ദേഹത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്താണ് എന്നത് കൃത്യമായി സൂചിപ്പിക്കുന്നു.

അയിത്ത ജാതിക്കാരുടെ അവകാശം പരിഗണിച്ചു കൊണ്ടുള്ള നിലപാടാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വീണ്ടും പറഞ്ഞത്. അവര്‍ അംഗീകരിച്ചാല്‍ മാത്രമേ പ്രത്യേക പ്രതിനിധാനം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുകയുള്ളൂ എന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത് ഇന്ത്യയില്‍ ദളിതര്‍ക്ക് വലിയ അര്‍ത്ഥത്തിലുള്ള സമ്മര്‍ദ്ദമാണ് നല്‍കിയത്. രാജ്യം ഇളകി; കോണ്‍ഗ്രസ് നേതാക്കളും ഹിന്ദു ദേശീയതയുടെ വക്താക്കളും അംബേദ്കറിനെതിരായി രംഗത്തിറങ്ങി; പൊതുസമ്മേളനങ്ങളും പ്രസ്താവനകളും ഉണ്ടാവുകയും ദളിതര്‍ കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തു. അംബേദ്കറാകട്ടെ, പൊരുതി നേടിയ അവകാശം ബലികൊടുക്കാന്‍ തയ്യാറല്ലായിരുന്നു. അദ്ദേഹത്തെ ബ്രിട്ടീഷ് ചാരനായി കോണ്‍ഗ്രസ് മുദ്രകുത്തി. ദളിതര്‍ക്ക് പ്രത്യേക അവകാശം നല്‍കിയാല്‍ ഇന്ത്യ രണ്ടു കഷ്ണമായി വിഭജിക്കപ്പെടുക വരെ ചെയ്യുമെന്ന വാദമുണ്ടായി. ജനം അദ്ദേഹത്തിന്നെതിരെ ആക്രോശിച്ചു. നിരാഹാരം കിടക്കുന്ന ഗാന്ധിയുടെ ജീവന് വല്ലതും സംഭവിച്ചാല്‍ അംബേദ്കര്‍ ആയിരിക്കും ഉത്തരവാദി എന്ന് പ്രചരിപ്പിക്കുകയും ഭീഷണി ഉയര്‍ത്തുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍, രാജ്യത്തിന്റെ പലഭാഗത്തു നിന്നുമുള്ള ദളിതരുടെ പ്രതിനിധികള്‍ അദ്ദേഹത്തെ പിന്തുണക്കുന്നുണ്ടായിരുന്നു. അവര്‍ അംബേദ്കര്‍ക്ക് കമ്പി സന്ദേശങ്ങള്‍ അയച്ചു പിന്തുണ പ്രഖ്യാപിച്ചു. പക്ഷെ, അവര്‍ നേരിട്ട രൂക്ഷമായ പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാന്‍ അതൊന്നും മതിയാകുമായിരുന്നില്ല. ഗാന്ധിക്കെന്തെങ്കിലും സംഭവിച്ചാല്‍ ദളിതരുടെ ഇന്ത്യയിലെ അവസ്ഥ ഇപ്പോഴുള്ളതിലും പ്രയാസകരമാകുമെന്ന് ദളിത് നേതാക്കള്‍പോലും ഭയപ്പെട്ടു.

ഹിന്ദു മഹാസഭയും കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു. മദന്‍ മോഹന്‍ മാളവ്യയെ പോലുള്ളവര്‍ക്ക് കോണ്‍ഗ്രസിലും ഹിന്ദു മഹാസഭയിലും ഒരു പോലെ പ്രവര്‍ത്തിക്കാന്‍ സാധ്യമായിരുന്ന, അവര്‍ക്ക് ഒരേ നിലപാടുണ്ടായിരുന്ന സന്ദര്‍ഭമായിരുന്നു അത്. അവരും അംബേദ്കര്‍ക്കും കൂട്ടര്‍ക്കുമെതിരെ കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തി. എന്നാല്‍ ‘എന്നെ കെട്ടി തൂക്കിയാലും ഞാന്‍ ഇതില്‍ നിന്ന് പിന്മാറുകയില്ല’ എന്ന് ഹിന്ദു മഹാസഭയുടെ വേദിയില്‍ പോയി ധീരമായി അംബേദ്കര്‍ പ്രഖ്യാപിച്ചു. പക്ഷെ, കോണ്‍ഗ്രസ്സും ഹിന്ദു മഹാസഭയും ദളിതര്‍ക്ക് നേരെ കടുത്ത കലാപങ്ങള്‍ അഴിച്ചുവിട്ടു. സ്വന്തം അനുയായികളെ, ഉന്മൂലനം ചെയ്യുന്നത് കാണാന്‍ കഴിയാതെ, ഗത്യന്തരമില്ലാതെ അംബേദ്കര്‍ ഗാന്ധിയുടെ പിടിവാശിക്ക് മുന്നില്‍ വഴങ്ങി. അങ്ങനെ, 1932 സെപ്തംബര്‍ 24ന് സ്വയം പ്രാതിനിധ്യം വഹിക്കാനുള്ള അവകാശം പിഴുതെടുത്ത്, അയിത്ത ജാതികളെ ‘ഹിന്ദു കുടക്കീഴില്‍’ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു കരാര്‍ അവിടെ രൂപപ്പെട്ടു. അതാണ് പൂനെ കരാര്‍ അഥവാ പൂനെ പാക്റ്റ്. അങ്ങനെ തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ച ഗാന്ധി നിരാഹാരം അവസാനിപ്പിച്ചു. കരാറില്‍ ദളിതര്‍ക്കേ് വേണ്ടി അംബേദ്കര്‍ ഒപ്പിട്ടപ്പോള്‍ സവര്‍ണ്ണര്‍ക്ക് വേണ്ടി, ഗാന്ധിയെ പ്രതിനിധാനം ചെയ്ത മദന്‍ മോഹന്‍ മാളവ്യയാണ് ഒപ്പിട്ടത്. ഒപ്പു വെച്ച മറ്റു ചിലര്‍ ജി. ഡി ബിര്‍ള, ഗാന്ധി വധത്തിന് ആസൂത്രകനായി വര്‍ത്തിച്ചതായി ആരോപിക്കപ്പെട്ട ഹിന്ദു മഹാസഭാധ്യക്ഷന്‍ വി. ഡി.സവര്‍ക്കര്‍ തുടങ്ങിയവരായിരുന്നു.

അങ്ങനെ 1932 ആഗസ്റ്റ് 16ല്‍ നല്‍കിയ കമ്മ്യുണല്‍ അവാര്‍ഡ് 1932 സെപ്റ്റംബര്‍ 24ലെ പൂനെ കരാറിലൂടെ കുഴിച്ചുമൂടപ്പെട്ടു. ഒരു കൂട്ടര്‍ക്ക് മാത്രമായിരുന്നു അതിന്റെ മൊത്തലാഭം. അത് മറ്റാര്‍ക്കുമായിരുന്നില്ല, ഹിന്ദുദേശീയതയുടെ പ്രയോഗവല്‍കരണത്തിന് കൃത്യമായ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നവര്‍ക്ക്. അളക്കാനാകാത്ത ആഘാതങ്ങളാണ് ഇന്ത്യയുടെ ഭാവിജീവിതത്തിന് അത്‌ സമ്മാനിച്ചത്.
1. സ്വതന്ത്രമായ അധികാര പങ്കാളിത്തത്തിലൂടെ ദളിതര്‍ക്ക് ലഭിക്കാമായിരുന്ന സാമൂഹിക പുരോഗതിയെ, ഹിന്ദു കുടക്കീഴില്‍ കുരുക്കിയിട്ട് തകര്‍ത്തുകളഞ്ഞു.
(വഞ്ചനയുടെ ഈ കരാറിലൂടെ 1947നു ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിച്ച അംബേദ്കര്‍ പോലും രണ്ടു തവണ പരാജയപ്പെട്ടു.)
2. ഭൂരിപക്ഷ ഹൈന്ദവ ദേശീയതക്ക് വളര്‍ന്നു പന്തലിക്കാന്‍ പറ്റിയ മണ്ണും വളവുമായി ഈ കരാര്‍ വിജയിച്ചു.
3. വിഭജനം, നിരവധി വംശഹത്യകള്‍, കൂട്ടപലായനങ്ങള്‍, സൈനികനീക്കങ്ങള്‍, വിഭാഗീയതകള്‍ എല്ലാം ഇതിനു തുടര്‍ച്ചയായി രാജ്യത്ത് നടമാടി.
ദളിതര്‍ക്ക് ലഭ്യമാകേണ്ടിയിരുന്ന ഈ പ്രത്യേകാവകാശങ്ങളെ എതിര്‍ത്തവരുടെ വാദങ്ങള്‍ പരിശോധിച്ചാല്‍ എന്തായിരുന്നു അവരുടെ ലക്ഷ്യം എന്നത് വളരെ വ്യക്തമാകും. പ്രത്യേക പ്രാതിനിധ്യം ഹിന്ദു മതത്തെ തുണ്ടം തുണ്ടമാക്കികളയും എന്നായിരുന്നു ഗാന്ധി പറഞ്ഞത്. ഇത് ഹിന്ദു മതത്തില്‍ വേര്‍തിരിവ് ഉണ്ടാക്കുമെന്നും ഇത് ഒരിക്കലും ആശാവഹമായി കാണാന്‍ കഴിയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വേര്‍തിരിവിന്റെയും ജനസംഖ്യാ പേടിയുടെയും തുടര്‍ച്ചതന്നെയാണ് ഇന്ന് ഹിന്ദുത്വ പാര്‍ട്ടികളില്‍ പ്രതിഫലിച്ചു നില്‍ക്കുന്നത്. ശിവസേനയും ആര്‍എസഎസ്സും ഇപ്പോഴും ദളിത് ആദിവാസി വിഭാഗങ്ങളെ ഹിന്ദു കുടക്കീഴിലേക്ക് കൊണ്ടു വരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഘര്‍വാപ്പസി യഥാര്‍ത്ഥത്തില്‍ ഒരു കണക്കിന് പൂനെ കരാറിന്റെ തുടര്‍ച്ചതന്നെയാണ് എന്ന് കണ്ണ് തുറന്നാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

Gandhi and Madan Mohan Malaviya

ഹിന്ദു ദേശീയതയുടെ ഭൂരിപക്ഷ രാഷ്ട്രീയത്തിനു വേണ്ടി കോണ്‍ഗ്രസ്സും ഹിന്ദു മഹാസഭയും ഗാന്ധിയുമൊക്കെ ഒന്നിച്ചു നിന്ന് പോരാടുന്നതിനു മുന്‍പേ തന്നെ ഇന്ത്യയില്‍ ഇടത് പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ കമ്മ്യൂണിസത്തിന്റെ നിലപാടുകളും ഈ വിഷയത്തില്‍ ഹിന്ദു മഹാസഭ- കോണ്‍ഗ്രസ്സ് കൂട്ടു കെട്ടിനൊപ്പമായിരുന്നു എന്നത്‌ അവരുടെ അന്നത്തെ നിലപാടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. അംബേദ്കറിന് വേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരക്ഷരം സംസാരിച്ചില്ല2 എന്നതു മാത്രമല്ല, അംബേദ്കര്‍ അത് പ്രതീക്ഷിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച്, ഇ. എം. എസ്സിന്റെ പ്രതികരണം3 ഇങ്ങനെ കാണാം: ‘സ്വാതന്ത്ര്യ പ്രസ്ഥാനത്തിനേറ്റ വലിയൊരു ആഘാതമാണിത്. കാരണം, പൂര്‍ണ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തില്‍ നിന്ന് ഇത് ബഹുജന ശ്രദ്ധയെ ഹരിജനങ്ങളുടെ ഉന്നമനമെന്ന നിസ്സാര പ്രശ്‌നത്തിലേക്ക് വ്യതിചലിപ്പിക്കുന്നു’.

പൂനെ കരാറിന് ശേഷം ഇന്ത്യയിലെ വിവിധ മുസ്‌ലിം നേതാക്കള്‍ രാജ്യത്ത് ഉണ്ടാകാന്‍ പോകുന്ന ഹിന്ദു ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ സ്വഭാവത്തെ കുറിച്ച് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് കൃത്യമായ മുന്നറിയിപ്പുകള്‍ നല്കിയിട്ടുണ്ടായിരുന്നു. സൗത്തേഷ്യയിലെ ഇസ്‌ലാമും രാഷ്ട്രീയവും4 എന്ന ലേഖനത്തില്‍ ഇര്‍ഫാന്‍ അഹ്മദ് മൗദൂദിയുടെ പ്രസ്തുത കാലയളവുകളില്‍ സംഭവിച്ച അഭിപ്രായങ്ങളുടെ മാറ്റത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘തുടക്കത്തില്‍ മൗദൂദി പോലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്ന വ്യക്തിത്വമായിരുന്നു. ഗാന്ധിയുടെയും മദന്‍ മോഹന്‍ മാളവ്യയുടെയും ജീവചരിത്രം എഴുതിയിട്ടുമുണ്ട്. എന്നാല്‍ 1930കളുടെ അവസാനത്തോടെയാണ് മൗദൂദിക്ക് കോണ്‍ഗ്രസ്സിനോടുള്ള അഭിപ്രായ ഭിന്നത രൂക്ഷമായത്. കോണ്‍ഗ്രസ്സ് വിഭാവനം ചെയ്യുന്ന ദേശീയത മുസ്‌ലിം വിരുദ്ധവും ഹൈന്ദവതയാല്‍ സ്വാധീനിക്കപ്പെട്ടതുമാണ് എന്നതായിരുന്നു മൗദൂദിയുടെ വിമര്‍ശനം. മൗദൂദിയുടെ കരിയറിലെ വഴിത്തിരിവ് 1937ലെ തെരഞ്ഞെടുപ്പും അതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന പ്രവിശ്യാ മന്ത്രാലയങ്ങളുടെ രൂപീകരണവുമായിരുന്നു. ഒരു ഹിന്ദുരാജ് സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മൗദൂദി മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ കണ്ടത്. മുസ്‌ലിംകളെ അരികുവത്കരിക്കാനും ഹൈന്ദവവത്കരിക്കാനുമുള്ള അവയുടെ ശ്രമങ്ങളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി.’

പൂനെ കരാറിനെ കുറിച്ച് പഠന വിധേയമാക്കേണ്ടതിന്റെ പ്രാധാന്യം മുകളില്‍ നല്‍കിയ മൗദൂദിയുടെ പ്രസ്തുത കാലത്തുണ്ടായ നിലപാട് മാറ്റത്തില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. പൂനെ കരാറും അതിനു മുന്നോടിയായുണ്ടായ ചര്‍ച്ചകളും ഇടപെടലുകളും ഗാന്ധിയുടെ തന്നെ നിലപാടുകളും ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരുന്നത്. അതു കൊണ്ടു തന്നെ അവര്‍ കൃത്യമായി പ്രതികരിച്ചു. 1938ല്‍ മൗദൂദി4 എഴുതി:’രാഷ്ട്രീയവ്യവസ്ഥ… ജനാധിപത്യ മാര്‍ഗത്തിലൂടെ മുന്നോട്ടു പോകണമോ എന്നതല്ല യഥാര്‍ത്ഥ പ്രശ്‌നം. കാരണം, വിവേകമുള്ള ഒരാളും ജനാധിപത്യത്തിന്റെ ചൈതന്യത്തോടു വിയോജിക്കുകയില്ല… ജനാധിപത്യത്തിന്റെ ചൈതന്യവും ഏകസമുദായ തത്വത്തിലധിഷ്ഠിതമായ ജനാധിപത്യത്തെക്കുറിച്ചുള്ള ഈ സവിശേഷ സങ്കല്പവും കൂട്ടിക്കുഴക്കാവതല്ല… നമ്മള്‍ ഹിന്ദുക്കളും കൃസ്ത്യാനികളും അയിത്തജാതിക്കാരും സിക്കുകാരും ഒരേ രാജ്യം പങ്കിട്ടെടുക്കുന്നവരുമാകയാല്‍ ഒറ്റ സമുദായമാണെന്നും അതു കൊണ്ടു തന്നെ രാഷ്ട്രത്തിന്റെ നടത്തിപ്പ് ഭൂരിപക്ഷ സമുദായത്തിന്റെ അഭീഷ്ടാനുസാരം ആയിരിക്കണം എന്നതാണ് ജനാധിപത്യത്തിന്റെ വ്യാകരണം എന്നൊരു ധാരണ നിലനില്‍ക്കുന്നുണ്ട്… ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന ആവിഷ്‌കരിക്കപ്പെടുന്നത്. ഇത്തരമൊരു സ്ഥിതിവിശേഷം ഹിന്ദു ദേശീയതയെയും ഇന്ത്യന്‍ ദേശീയതയെയും സമ്യക്കാക്കുന്നതാണ്. ഇത്തരമൊരു (ജനാധിപത്യ) വ്യവസ്ഥയില്‍ ഹിന്ദുക്കളില്‍ നിന്ന് ഭിന്നമായി ഒരു സമുദായമെന്ന നിലയിലുള്ള ഞങ്ങളുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കപ്പെടുകയില്ല… മറിച്ച് അവ ഹനിക്കപ്പെടുകയാണ് ചെയ്യുക. കാരണം ഞങ്ങള്‍ ഒരു ന്യുനപക്ഷമാണ്.’ ഈ കാലയളവിലാണ് മൗദൂദി അദ്ദേഹത്തിന്റെ ഒരു ട്രെയിന്‍ യാത്രയില്‍ നേരിട്ട സംഘര്‍ഷങ്ങളെകുറിച്ച് വിവരിക്കുന്നത്5. ‘എന്റെ കമ്പാര്‍ട്ട്‌മെന്റില്‍ ഡോ. ഖിരെ എന്ന ഒരു ഹിന്ദു കോണ്‍ഗ്രസ് നേതാവുണ്ടായിരുന്നു. കൂടാതെ കുറച്ചു മുസ്‌ലിംകളും ഉണ്ടായിരുന്നു. ഖിരെയോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് പാദസേവ ചെയ്യുന്ന വിധത്തിലായിരുന്നു മുസ്‌ലിംകള്‍ പെരുമാറിയിരുന്നത്. എനിക്കത് കണ്ടു നില്‍ക്കാനായില്ല. ഹൈദരാബാദില്‍ എത്തിയതിനുശേഷം എനിക്ക് ഉറക്കം കിട്ടിയില്ല. ഈ രാജ്യത്തെ മുസ്‌ലിംകളുടെ അവസ്ഥ എന്താകുമെന്നായിരുന്നു എന്റെ ആശങ്ക. വരാന്‍ പോകുന്ന 20 വര്ഷം ഈ രാജ്യത്ത് ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ്. ഒരു ചെറുത്തു നില്‍പ്പു രൂപപ്പെടുത്തിയില്ലെങ്കില്‍ നമുക്കിവിടെ അതിജീവനം ദുസ്സഹമാകുമെന്ന കാര്യം തീര്‍ച്ചയാണ്.’

ഈ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ വിവിധ മുസ്‌ലിം നേതാക്കള്‍ വളരെ ഉള്‍ക്കാഴ്ചയോടു കൂടി പ്രതികരിച്ചിട്ടുണ്ട്. അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍6 ലീഗിനു മുന്നില്‍ ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നുണ്ട്. ഇന്ത്യയുടെ വടക്ക്- പടിഞ്ഞാറിലും വടക്ക്- കിഴക്കിലും പ്രത്യേകമായ മുസ്‌ലിം പ്രവിശ്യകള്‍ അനുവദിക്കുക എന്നതായിരുന്നു അതില്‍ പ്രധാനം. ഇതേ വട്ടമേശ സമ്മേളനത്തിലാണ് മൗലാനാ മുഹമ്മദലിയുടെ7 പ്രസിദ്ധമായ ആ പ്രസംഗം നടന്നത്. അതില്‍ അദ്ദേഹം പറഞ്ഞു. ‘if you do not give me freedom in India you will have to give me a grave here’

1943ല്‍ നടന്ന മുസ്‌ലിം ലീഗ് വാര്‍ഷിക സമ്മേളനത്തില്‍ ‘ജനാധിപത്യം എന്നത് ഇന്ത്യയില്‍ ഹിന്ദുരാജ് സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ്സ് ഉപകരണമാണെന്ന് ജിന്ന കുറ്റപ്പെടുത്തി. സമത്വവും സാഹോദര്യവും നിദാനമാക്കിയ ജനായത്തം കഴിഞ്ഞ 13 നൂറ്റാണ്ടുകളായി ഇസ്‌ലാം ഉയര്‍ത്തിപ്പിടിച്ചതാണെന്നും എന്നാല്‍ ഭൂരിപക്ഷഹിതത്തെ ന്യുനപക്ഷത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ആയുധമായി മാറുന്ന ആധുനിക ജനാധിപത്യത്തെ അംഗീകരിക്കാനാകില്ലെന്നും അന്ന് ജിന്ന പറയുകയുണ്ടായി. ക്രാന്തദര്‍ശികളായ മുഴുവന്‍ മുസ്‌ലിം നേതാക്കളുടെയും പൂനെ പാക്റ്റിനു ശേഷമുള്ള പ്രതികരണങ്ങളില്‍ വരാനിരിക്കുന്ന ഭൂരിപക്ഷ ഹിന്ദു രാഷ്ട്രീയത്തിന്റെ അപകടത്തെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് കാണാന്‍ കഴിയും.

References:
1. The Doctor & the Saint by arundhati Roy which is the introduction of Dr. Ambedkar’s book – Annihilation of Caste
About Pune Pact- S. Anand
2. Nine Decades of Marxism in the land of Land of Brahmanism by S K Biswas
3. Desha Rashtravum Hindu Colonialisavum by J Raghu
4. Islam & Politics in south Asia (Apakolaneekarana Vayanayile islaamum Muslimkalum) by Irfan Ahmed
5. Maulana Maudoodiyum Orientalist akhyaanangalum (Apakolaneekarana Vayanayile islaamum Muslimkalum) by M A Shareef.
6. Presidential Address of Dr. Sir Muhammad Iqbal deliveredat the Allahabad Session of the All-India Muslim Leaguein December 1930
7. Maulana Mohammed Ali’s speech at the Fourth Plenary Session of the Round Table Conference in London, 19th Nov., 1930

അമീന്‍ വി ചൂനൂര്‍