Campus Alive

കമ്മ്യൂണൽ അവാര്‍ഡ് വിഭജനത്തെ തടയുമായിരുന്നതെങ്ങനെ?

2019 ൽ അധികാരം നിലനിര്‍ത്താനുള്ള സംഘപരിവാരത്തിന്റെ സ്വപ്നങ്ങളെ നിരാശപ്പെടുത്തുമാറുള്ള ദളിത് ഉണർവുകളുടെ സമകാലിക പശ്ചാത്തലത്തിൽ ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിൽ ദളിതർ ഉന്നയിച്ച അവകാശവാദങ്ങളെ ഗാന്ധി ഇടപെട്ട് നിഷ്ഫലമാക്കിക്കളഞ്ഞ സംഭവത്തെ പുനപരിശോധിക്കുന്നത് പ്രസക്തമാണ്.
‘അധസ്ഥിത വിഭാഗങ്ങൾ’ എന്ന് ബ്രിട്ടീഷ് നിയമവൃത്തങ്ങളിൽ പേരുവെക്കപ്പെട്ടവരുടെ സ്വയം പ്രതിനിധാനമെന്ന അവകാശം 1920-30കളിൽ ബി ആർ അംബേദ്കറുടെ മാസ്മരിക നേതൃത്വത്തിൽ വിജയത്തോടടുത്തിരുന്നു. അംബേദ്കറുടെ ഉദ്യമം വിജയിച്ചിരുന്നെങ്കിൽ അന്നത്തെ ഹിന്ദു-മുസ്‌ലിം സമവാക്യങ്ങളെയും തുടർന്ന് നടന്ന വിഭജനത്തെയും അതെങ്ങനെ ബാധിക്കുമായിരുന്നെന്നുമുള്ള ആലോചനകളും പ്രധാനമാണ്. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാനുള്ള ശ്രമമാണ് ഈ ലേഖനം.

അരക്ഷിതബോധമായിരുന്നു മുസ്‌ലിം വരേണ്യരാഷ്ട്രീയത്തെ ( അന്നത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വരേണ്യരുടേത് തന്നെ ആയിരുന്നു) പ്രാഥമികമായി നിർണയിച്ചിരുന്നത്. 1920കൾക്ക് ശേഷം ബ്രിട്ടീഷുകാർ താമസിയാതെ ഇന്ത്യ വിടുമെന്ന കാര്യം വ്യക്തമായതോടെ ഈ പ്രവണത ശക്തിപ്പെട്ടു. വരേണ്യ മുസ്‌ലിംകൾക്ക്‌ സ്വാധീനമുണ്ടായിരുന്ന ഉത്തര-മധ്യ ഇന്ത്യയിൽ നിന്ന്‌ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനം മാറുകയും, പുതുതായി ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ലഭിച്ച ഹിന്ദു വരേണ്യർക്ക്‌ സ്വാധീനക്കൂടുതലുള്ള മദ്രാസ്‌, കൽകത്ത, ബോംബെ തുടങ്ങിയ നഗരങ്ങൾക്കും സമീപപ്രദേശങ്ങൾക്കും രാഷ്ട്രീയ മേൽക്കൈ ലഭിക്കുകയും ചെയ്ത അവസ്ഥ, തുടങ്ങി ചരിത്രപരവും ജനസംഖ്യാപരവും ആയ പല കാരണങ്ങളിന്മേലാണ്‌ മുസ്‌ലിം അരക്ഷിത ബോധം വേരാഴ്ത്തിനിന്നിരുന്നത്.
വി ഡി സവർക്കർ, കെ ബി ഹെഡ്ഗേവാർ, എം എസ് ഗോൾവാൾക്കർ തുടങ്ങിയവർ മുന്നോട്ടു വച്ചിരുന്ന ഹിന്ദു ദേശീയതക്കതില്‍ വലിയ പങ്കുണ്ടെങ്കിലും വിഭജനത്തെ സാധ്യമാക്കിയത് ഈ അരക്ഷിത ബോധമായിരുന്നു. ബാല ഗംഗാധര തിലക്, ലാലാ ലജ്പത് റായി, വല്ലഭായ് പട്ടേൽ തുടങ്ങി കോണ്‍ഗ്രസിനകത്തു തന്നെയുണ്ടായിരുന്ന  മൃദു ഹിന്ദുത്വ വാദികളും, ‘വര്‍ഗ്ഗീയ രാഷ്ട്രീയം’ എന്ന് പേരിട്ടുള്ള ജവഹർ ലാൽ നെഹ്‌റുവിന്റെ അകറ്റി നിര്‍ത്തലുമെല്ലാം മുസ്‌ലിം ആശങ്കകൾ വർധിപ്പിച്ചു.

വരേണ്യ മുസ്‌ലിം ഉത്കണ്ഠകൾ പ്രധാനമായും ജനസംഖ്യാപരവും അതുകൊണ്ട് തന്നെ രാഷ്ട്രീയ രംഗത്തെ ഹിന്ദു-മുസ്‌ലിം അസന്തുലിതാവസ്ഥയെ കേന്ദ്രീകരിച്ചുള്ളതുമായിരുന്നു. മേൽ ജാതി ഹിന്ദു വരേണ്യർക്ക് രാഷ്ട്രീയ സാമ്പത്തിക രംഗത്ത്‌ ലഭിച്ചുകൊണ്ടിരുന്ന മേൽക്കൈ അതിന്റെ അടിത്തറയായി വര്‍ത്തിച്ചു.  അക്കാരണം കൊണ്ടുതന്നെ മുസ്‌ലിം ലീഗിന്റെ ലക്ഷ്യം, ജാതി ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കുമിടയിലെ രാഷ്ട്രീയ സന്തുലിതത്വം എന്നതായി.

ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്‌ഡൊണാൾഡിന്റെ 1932ലെ ചരിത്രപരമായ ഒരു പ്രഖ്യാപനം ഈ ഉത്കണ്ഠകളെ നീക്കം ചെയ്യാനുതകുന്നതായിരുന്നു. നിയമനിര്‍മ്മാണ സഭകകളിലടക്കം മേൽക്കൈ നേടിക്കഴിഞ്ഞിരുന്ന ജാതി ഹിന്ദുക്കളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി ‘അധസ്ഥിതർക്ക്’ കേന്ദ്ര/പ്രവിശ്യാ അസംബ്ലികളിലെ പ്രത്യേക പ്രാതിനിധ്യത്തിനായുള്ള അംബേദ്കറുടെ അവകാശവാദങ്ങളെ അദ്ദേഹം അംഗീകരിച്ചു. സ്വത്ത്, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി വളരെ പരിമിതമായ വോട്ടവകാശമാണ് ബ്രിട്ടീഷ് ഇന്ത്യയിൽ നിലനിന്നിരുന്നത്. ജനങ്ങളിൽ കേവലം പതിമൂന്ന് ശതമാനത്തിനു മാത്രമേ വോട്ടുണ്ടായിരുന്നുള്ളൂ. മേൽപറഞ്ഞ മൂന്ന് മാനദണ്ഡങ്ങളനുസരിച്ചും ദളിതർ, ജാതി ഹിന്ദുക്കളെ അപേക്ഷിച്ച് ബഹുദൂരം പിന്നിലായിരുന്നു. അതിനാൽ അവർ പ്രതിനിധീകരിക്കപ്പെടാതെ പോകുക മാത്രമല്ല അവരുടെ സമത്വത്തെ എതിർത്ത് പോന്ന ജാതികളാൽ അവർ പ്രതിനിധീകരിക്കപ്പെടുകയും ചെയ്തുപോന്നു .

ബ്രിട്ടീഷ് പ്രധാനമന്ത്രി അംബേദ്കറുടെ വാദങ്ങളെ സമ്മതിച്ചു കൊടുക്കുകയും മുസ്‌ലിംകൾക്കനുവദിച്ചതിന് സമാനമായ പ്രത്യേക പ്രാതിനിധ്യാവകാശം “അധസ്ഥിതർക്കും’ അനുവദിക്കുകയും ചെയ്തു. ഹിന്ദു ജനസാമാന്യത്തിനു മേൽ ജാതി ഹിന്ദുക്കൾക്കുണ്ടായിരുന്ന പിടി അയച്ചുകളയുമായിരുന്ന പ്രസ്തുത പ്രഖ്യാപനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട മുസ്‌ലിം ലീഗ്‌, ഉടനടി അതംഗീകരിച്ചു. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്‌ ദളിത്‌ അവകാശങ്ങളുടെ ശക്തനായ വക്താവായിരുന്ന മഹാത്മാ ഗാന്ധി ബ്രിട്ടീഷുകാർ പ്രസ്തുത തീരുമാനം പിൻ വലിക്കുന്നതിനായി മരണം വരെ നിരാഹാരം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്‌ കമ്മ്യൂണൽ അവാർഡ്‌ (അങ്ങനെയാണ്‌ ഈ തീരുമാനം അറിയപ്പെടുന്നത്‌) ഹിന്ദുക്കളെ വിഭജിക്കുന്നതിനുള്ള കുതന്ത്രമായിരുന്നു, അതുകൊണ്ടുതന്നെ അസ്വീകാര്യവും. ആദ്യഘട്ടത്തിൽ അംബേദ്കർ ഈ നിരാഹാര സമ്മർദ്ദത്തിന്‌ കീഴടങ്ങാൻ വിസമ്മതിച്ചു. എന്നാൽ ഗാന്ധിയുടെ ജീവൻ അംബേദ്കറുടെ തീരുമാനത്തിലാണ്‌ എന്നു വന്നപ്പോൾ ഹിന്ദു മണ്ഡലത്തിനകത്ത്‌ സംവരണം എന്ന ആനുകൂല്യത്തിന്‌ പകരമായി സ്വന്തം അവകാശവാദങ്ങൾ കയ്യൊഴിയാൻ അംബേദ്ക്കർ നിർബന്ധിതനായി. വർഷങ്ങൾക്കു ശേഷം അദ്ദേഹം തന്റെ ഈ തീരുമാനത്തിൽ അത്യധികം ഖേദിക്കുകയുണ്ടായി.

ദളിതർക്ക്‌ പ്രത്യേക മണ്ഡലം അനുവദിക്കുന്നതിനെതിരെ ഗാന്ധിയുടെ ഈ അതിരുവിട്ട പ്രതികരണം, ഭാവി ഇന്ത്യയിലെ രാഷ്ട്രീയസംവിധാനത്തിൽ മുസ്‌ലിംകളുടെ അവകാശങ്ങൾക്ക്‌ നേരെ കോൺഗ്രസ്സ്‌ പുലർത്താൻ പോകുന്ന നിഷേധാത്മക നിലപാടിനെക്കുറിച്ച്‌ മുസ്‌ലിം നേതൃത്വത്തെ ബോധ്യപ്പെടുത്തി. അവരുടെ യുക്തി ലളിതമായിരുന്നു. കമ്മ്യൂണൽ അവാർഡ്‌ നടപ്പാക്കിയാൽ നിയമസഭകളിൽ ദളിതർക്ക്‌ പ്രതേക പ്രാതിനിധ്യം ലഭ്യമാവും. മേൽജാതി മേൽക്കോയ്മ എന്ന പൊതു വിപത്തിനെതിരെ സ്വാഭാവിക സഖ്യകക്ഷിയായി ദളിതരുണ്ടാവുന്നതോടെ നിയമസഭകളിൽ ഹിന്ദു മുസ്‌ലിം സന്തുലിതത്വം സാധ്യമാക്കും. ഇത്‌ വിഭജനം എന്ന ആവശ്യം ഉയരുന്ന സാഹചര്യത്തെത്തന്നെ ഇല്ലാതാക്കാനും ഇന്ത്യയെ ഒരുമിച്ചു നിർത്താനും പോന്നതായിരുന്നു.

1940കളിൽ ജിന്നയും മുസ്‌ലിം ലീഗുമൊക്കെ പകിസ്താൻ വാദം ഒരു വിലപേശലായാണുന്നയിച്ചിരുന്നത്‌ എന്നത്‌ പരിഗണിക്കുമ്പോൾ ഈ വാദം കൂടുതൽ യുക്തിസഹമാണ്. അതുകൊണ്ടാണ് ഇന്ത്യയെ ഒരു അയഞ്ഞ ഫെഡറേഷനെന്ന നിലയില്‍ ഒരുമിപ്പിച്ച് നിര്‍ത്താന്‍ സാധ്യതയുണ്ടായിരുന്ന, 1946ലെ കാബിനറ്റ് മിഷന്‍ പ്ലാന്‍ ജിന്ന അംഗീകരിച്ചത്. പക്ഷേ നെഹ്‌റു അതില്‍ നിന്ന് പിന്മാറുകയാണുണ്ടായത്. ഇന്ത്യയെ ഒന്നിച്ചു നിര്‍ത്താനുള്ള ബ്രിട്ടീഷുകാരുടെ ഈ അവസാനശ്രമവും പരാജയമായതോടെയാണ് ജിന്ന തന്നെ വിശേഷിപ്പിച്ചത് പോലെ ‘വൈകല്യം ബാധിച്ച, ചിതലു തിന്ന പാക്കിസ്ഥാന്‍’ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്.

പുനർ വായനയിൽ വ്യക്തമാകുന്ന കാര്യം കമ്മ്യൂണൽ അവാർഡ്‌ വിഷയത്തിൽ ഗാന്ധി എടുത്ത നിലപാടുകളാണ്‌ -മുസ്‌ലിം രാഷ്ട്രീയം വിഘടനവാദത്തിനനുകൂലമായിത്തീരുന്നതിൽ വഴിത്തിരിവായി സാധാരണ മനസ്സിലാക്കപ്പെടുന്ന 1937ലെ യു പി ( അന്നത്തെ United Province) തെരെഞ്ഞെടുപ്പിൽ ലീഗുമായി സഖ്യമുണ്ടാക്കുന്നതിൽ നെഹ്രുവിന്റെ വിസമ്മതത്തെക്കാൾ – മുസ്‌ലിം നേതാക്കൾക്ക്‌ കോൺഗ്രസ്സിൽ വിശ്വാസം നഷ്ടപ്പെടാൻ ഇടവരുത്തിയതും അവർക്ക്‌ പാകിസ്താൻ വാദം ആകർഷകമാക്കിയതും എന്നാണ്‌. അംബേദ്കർ വാദിച്ചിരുന്നതുപോലെ ദളിതർക്ക്‌ കിട്ടേണ്ട നീതിക്കും ഹിന്ദു-മുസ്‌ലിം ഐക്യത്തിനും ഒക്കെ ഉപരിയായി ഗാന്ധിയും കോൺഗ്രസ്സും താൽപര്യപ്പെട്ടത്‌ ഏകശിലാത്മക ഹിന്ദു ഭൂരിപക്ഷാധിപത്യം സ്ഥാപിക്കുന്നതിലായിരുന്നു എന്ന സന്ദേശമായിരുന്നു ഗാന്ധിയുടെ കമ്മ്യൂണൽ അവാർഡ്‌ നിഷേധത്തിലൂടെ മുസ്‌ലിം നേതാക്കൾ വായിച്ചെടുത്തത്‌ എന്ന്‌ ന്യായമായും വാദിക്കാം. അത്‌ അവരുടെ അരക്ഷിതബോധം വർദ്ധിപ്പിക്കുകയും മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യകളെ യോജിപ്പിച്ച്‌ പ്രത്യേക രാഷ്ട്രം വേണം എന്ന അവകാശ വാദം ഉന്നയിക്കുന്നതിലേക്ക്‌ അവരെ നയിക്കുകയും ചെയ്തു. പിന്നീട്‌ നടന്നതൊക്കെ ചരിത്രത്തിന്റെ ഭാഗം.

(കടപ്പാട്‌: ഹിന്ദു ദിനപത്രം 03/05/2018)
ആശയ വിവർത്തനം: മുഹ്‌സിൻ ആറ്റാശ്ശേരി

മുഹമ്മദ് അയ്യൂബ്

മിഷിഗൺ സ്റ്റേറ്റ്‌ യൂണിവേഴ്സിറ്റിയിൽ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസര്‍, വാഷിങ്ങ്ടൻ ഡി സിയിലെ സെന്റർ ഫോർ ഗ്ലോബൽ പോളിസിയിൽ സീനിയർ ഫെലോ.