Campus Alive

മുസ്‌ലിമാവുന്നതിലെ അംബേദ്കറിയന്‍ സാധ്യതകള്‍

“Strategy of Conversion to Buddhism: Intent and Aftermath”എന്ന ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍

ബാബാ സാഹിബ് അംബേദ്കര്‍ 1935 ഒക്‌ടോബര്‍ 13 ന് നാസിക്‌ ജില്ലയിലെ യോല എന്ന സ്ഥലത്ത് വെച്ച് താന്‍ ഹിന്ദുമതം ഉപേക്ഷിക്കുകയാണെന്ന് ചരിത്രപരമായ പ്രഖ്യാപനം നടത്തി. അംബേദ്കറുടെ പ്രഖ്യാപനം യാഥാസ്ഥിക ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വലിയ ഇളക്കമൊന്നും ഉണ്ടാക്കിയില്ല. നാസിക്കിനടുത്തുള്ള കലറാം ക്ഷേത്രത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി സത്യാഗ്രഹമിരിക്കുകയും അതിനാല്‍ തന്നെ ജാതിഹിന്ദുക്കളില്‍ നിന്നും നിരന്തരം പീഠനങ്ങളേല്‍ക്കുകയും ചെയ്തുകൊണ്ടിരുന്ന ആളുകള്‍ വലിയ ആഘോഷത്തോടുകൂടിയാണ് അംബേദ്കറിന്റെ തീരുമാനത്തെ വരവേറ്റത്. രാഷ്ട്രീയബോധമുള്ള ഹിന്ദുക്കള്‍ ഇതിനെ വിമര്‍ശിക്കുകയും സ്വയം ഭീഷണിയായി കണക്കാക്കുകയും ചില ആളുകള്‍ അംബേദ്കറിന് വധഭീഷണി മുഴക്കുകപോലുമുണ്ടായി. അംബേദ്കറിന്റെ സ്വന്തം ജനതയില്‍ പോലും ആശയക്കുഴപ്പങ്ങളുണ്ടാവുകയും പലരും അദ്ദേഹത്തെ എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ ചില ന്യൂനപക്ഷ വിഭാഗങ്ങള്‍ അംബേദ്കറെ തങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു.

ഈ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായും അതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗരേഖ ഉണ്ടാക്കുന്നതിനുമായി 1936 മെയ് 30നും ജൂണ്‍ 1നുമായി മുംബൈയില്‍ വെച്ച് മുംബൈ പ്രൊവിന്‍സ് മഹര്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കപ്പെട്ടു. അതേ വേദിയില്‍ തന്നെ മറ്റു രണ്ടു സമ്മേളനങ്ങള്‍ കൂടി  നടന്നു. അതിലൊന്ന് മഹര്‍ സന്യാസിമാരുടെയും മറ്റൊന്ന് ബോംബെയിലെ മാതംഗരുടെയും സമ്മേളനങ്ങളാണ്.

അംബേദ്കര്‍ സമഗ്രവും വൈകാരികവുമായ തരത്തില്‍ ഒരു പ്രസംഗം പ്രസ്തുത സമ്മേളനത്തില്‍ നടത്തുകയുണ്ടായി (അത് പിന്നീട് ‘മോക്ഷത്തിലേക്കുള്ള പാത’(which path to salvation?) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.) പ്രസംഗത്തില്‍ എന്തുകൊണ്ടാണ് ദലിതുകള്‍ അവരുടെ മതം മാറേണ്ടത് എന്ന് അദ്ദേഹം വിശദമാക്കുന്നുണ്ട്. അദ്ദേഹം ജാതി ഉന്‍മൂലനത്തില്‍(Annihilation of caste) അത് വികസിപ്പിച്ചുകൊണ്ട് സംസാരിക്കുന്നുമുണ്ട്. ജാതി ഉന്‍മൂലനത്തിന്റെ അവസാനത്തില്‍ ജാതി എന്നത് ധര്‍മ്മശാസ്ത്രങ്ങളിലൂടെ ഹിന്ദു മതത്തിന്റെ നിയമമായി മാറിയ ഒന്നാണെന്നും അതിനാല്‍ തന്നെ ധര്‍മ്മശാസ്ത്രത്തെ തകര്‍ക്കാതെ ജാതിയെ ഉന്‍മൂലനം ചെയ്യാന്‍ കഴിയില്ലെന്നുമാണ്  അംബേദ്കര്‍ പറഞ്ഞുവെക്കുന്നത്.

അദ്ദേഹം ഹിന്ദുമതത്തിലെ ഗ്രന്ഥങ്ങളെ നിയമങ്ങളായും ( Rules) തത്വങ്ങളായും (Principles) തരം തിരിക്കുന്നുണ്ട്. വേദങ്ങളിലും ഉപനിഷദുകളിലും വന്നിട്ടുള്ളതാണ് തത്വങ്ങള്‍. മതത്തിന്റെ പ്രായോഗിക തലത്തില്‍ അതിന് വലിയ പ്രാധാന്യമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. ഹിന്ദുക്കള്‍ ധര്‍മ്മശാസ്ത്രത്തെ ചോദ്യം ചെയ്യാന്‍ ഇതുവരെ തയ്യാറായിട്ടില്ലാത്തതിനാലാണ് അദ്ദേഹം ഹിന്ദുമതം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്. ജാതി വ്യവസ്ഥക്ക് പുറത്തുനില്‍ക്കുന്നവര്‍ക്ക് ഹിന്ദുമതത്തില്‍ മാന്യമായ ജീവിതം സ്വപ്‌നം കാണാന്‍ കഴിയില്ലെന്ന് അംബേദ്കര്‍ വാദിക്കുന്നുണ്ട്. അതിനാല്‍ തന്നെ ജാതിബോധത്തില്‍ നിന്നും പുറത്തുകടക്കാനുള്ള ഏകവഴി ഹിന്ദുമതത്തെ ഉപേക്ഷിക്കുക എന്നതാണ്.

‘മോക്ഷത്തിലേക്കുള്ള വഴി’യില്‍ അദ്ദേഹം നിലനില്‍പ്പിനായുള്ളത് (Existential), ആത്മീയമായത്(Spiritual) എന്നീ രണ്ട് തരത്തിലുള്ള പരിഗണനകളാണ് മതം മാറുന്നതില്‍ മുന്നോട്ട് വെക്കുന്നത്. നിലനില്‍പ്പിനായുള്ള കാര്യങ്ങളെ വിശദീകരിക്കുന്നിടത്ത് അദ്ദേഹം ദലിതുകളുടെ പരിതാപകരമായ അവസ്ഥയാണ് വിവരിക്കുന്നത്. അവര്‍ മേല്‍ജാതി ഹിന്ദുക്കള്‍ നിര്‍മ്മിച്ചെടുത്ത ജാതിബോധത്തിന്റെ പീഡനങ്ങള്‍ നിരന്തരമായി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. അംബേദ്കര്‍ അതിനെ വര്‍ഗ്ഗസമരമായാണ് കണക്കാക്കുന്നത്. അദ്ദേഹം തന്നെ അതിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

“അത് രണ്ട് വ്യക്തികളോ രണ്ട് സംഘങ്ങളോ തമ്മിലുള്ള തര്‍ക്കമല്ല. മറിച്ച് അത് രണ്ട് വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ്. അത് ഒരു വ്യക്തിയുടെ മേലുള്ള അനീതിയുടെയും ആധിപത്യത്തിന്റെയും ചോദ്യമല്ല. മറിച്ച്, അത് ഒരു വിഭാഗം  മറ്റൊരു വിഭാഗത്തിന്റെ മേല്‍ നടപ്പില്‍ വരുത്തുന്ന ആധിപത്യത്തിന്റെ പ്രശ്‌നമാണ്. അത് ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ മേല്‍ കാണിക്കുന്ന അനീതിയുടെ ചോദ്യമാണ്…. മുകളില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് നിങ്ങള്‍ മേല്‍ജാതിക്കാരുമായുള്ള ഇടപാടുകളില്‍ സമത്വത്തിനായി ശാഠ്യം പിടിക്കുമ്പോഴാണ് സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത് എന്നാണ്. സമത്വത്തെ ആവശ്യപ്പെടുന്ന നിങ്ങളുടെ മനോഭാവം അവരുടെ അഭിമാനത്തെ കളങ്കപ്പെടുത്തുന്നുണ്ട്. സവര്‍ണ്ണനും തൊട്ടുകൂടാത്തവനും തമ്മിലുള്ള സംഘര്‍ഷം എന്നത് സ്ഥിരമായതും എക്കാലവും നിലനില്‍ക്കുന്നതുമാണ്. കാരണം, അവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ക്ക് ഏറ്റവും താഴ്ന്ന സ്ഥാനം നല്‍കുക എന്നത് മതത്തിന്റെ ബാധ്യതയാണ്. അത് സനാതനമായതും മാറ്റമില്ലാതെ നിലകൊള്ളുന്നതുമാണ്.”

ഈ പ്രശ്‌നത്തിന്റെ അടിസ്ഥാനപരമായ ഘടകത്തിലേക്ക് വന്നാല്‍, ദലിതുകളുടെ ശക്തിക്കുറവാണ് സംഘര്‍ഷത്തെ നിലനിര്‍ത്തിപ്പോരുന്നതെന്ന് അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട്.  അംഗസംഖ്യ, സമ്പത്ത്, മാനസിക കരുത്ത് എന്നീ മൂന്ന് തരത്തിലുള്ള കഴിവുകളുടെ അഭാവം ദലിതര്‍ക്കിടയില്‍ കാണാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍  ന്യൂനപക്ഷം എന്നനിലയില്‍ അവര്‍ക്ക് അംഗസംഖ്യ കുറവാണ്. അവര്‍ വ്യത്യസ്തങ്ങളായ ഉപജാതികളായി തിരിഞ്ഞ് ഗ്രാമങ്ങളിലേക്ക് വിഭജിച്ചുപോകുന്നു. അവര്‍ക്ക് കൃഷിയിടങ്ങളോ കച്ചവടങ്ങളോ മാന്യമായ ജോലിയോ ഇല്ലാത്തതിനാല്‍ സാമ്പത്തികമായും  അശക്തരാണ്. നൂറ്റാണ്ടുകളായി സവര്‍ണ്ണ ഹിന്ദുക്കളാലുള്ള അപമാനവും ഉപദ്രവും കാരണം ദലിതുകള്‍ മാനസികമായും ശേഷി കുറഞ്ഞവരാണ്‌. ദലിതുകള്‍ക്ക് അവരുടെ സ്വന്തം ശക്തിയില്‍ വിശ്വാസമില്ലാത്തിടത്തോളം കാലം അവര്‍ക്ക് നിലവിലുള്ള അവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

പിന്നീടദ്ദേഹം ദലിതുകളെ ന്യൂനപക്ഷം തന്നെയായ മുസ്‌ലിംകളുമായി താരതമ്യപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കള്‍ക്ക് ദലിതുകളോട് കാണിക്കുന്നതൊന്നും മുസ്‌ലിംകളോട് കാണിക്കാന്‍ കഴിയില്ല. കാരണം ഒരു മുസ്‌ലിമിന്റെ പിന്നില്‍ ഇന്ത്യയിലെ മുഴുവന്‍ സമുദായവും നിലകൊള്ളും എന്ന് അവര്‍ക്ക് നന്നായറിയാം. ഒരു മുസ്‌ലിമിനെ ഹിന്ദു തൊട്ടെന്നറിഞ്ഞാല്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള മുസ്‌ലിം സമുദായം അയാള്‍ക്ക് പിന്തുണയുമായുണ്ടാകും.

തന്റെ മതപരിവര്‍ത്തനത്തിനുവേണ്ടിയുള്ള ആഹ്വാനത്തെ അദ്ദേഹം ദലിതുകളുടെ നിലനില്‍പ്പിനുള്ള അനിവാര്യതയായാണ് ന്യായീകരിക്കുന്നത്. അവര്‍ സ്വീകരിക്കുന്ന മതം എന്നത് രാജ്യത്തെ വലിയ ഒരു വിഭാഗമായിരിക്കണമെന്ന് അദ്ദേഹം അനുശാസിക്കുന്നുണ്ട്‌. ഇസ്‌ലാമും ക്രിസ്തുമതവും സിക്കുമതവുമാണ് അദ്ദേഹം പ്രധാനമായും പരിഗണനയില്‍ വെച്ചത്. 1928 മുതല്‍ അദ്ദേഹം ഇസ്‌ലാമിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയതു തൊട്ട്‌, ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന പ്രസംഗത്തിലടക്കം ഇസ്‌ലാമിനായിരുന്നു അദ്ദേഹം പ്രബല പരിഗണന നല്‍കിയത്.

മതപരിവര്‍ത്തനത്തിന്റെ ആത്മീയവശത്തെ പരിഗണിക്കുമ്പോള്‍ പ്രഥമസ്ഥാനം വ്യക്തിയുടെ മൂല്യത്തെ ഉയല്‍ത്തുന്നതിനായിരിക്കേണ്ടതുണ്ട്. കാരണം ഹിന്ദുമതത്തില്‍ വ്യക്തിക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ല. അത് ആത്മീയമായ ആശ്വാസവും ആര്‍ക്കും നല്‍കുന്നില്ല. അംബേദ്കറിനെ സംബന്ധിച്ചിടത്തോളം ഒരു മതത്തിന്റെ യഥാര്‍ഥ ലക്ഷ്യം വ്യക്തികളുടെ ആത്മീയ വികാസമാണ്. ഒരു വ്യക്തിയുടെ ജന്മം എന്നത് സമൂഹത്തെ സേവിക്കാനല്ല. മറിച്ച് അവന്റെ തന്നെ വിമോചനത്തിനുള്ളതാണത്. അദ്ദേഹം വ്യക്തി വികാസത്തിനാവശ്യമായിട്ടുള്ള മൂന്ന് കാര്യങ്ങള്‍ പറയുന്നുണ്ട്- കാരുണ്യം, സമത്വം, സ്വാതന്ത്രം- ഹിന്ദുയിസത്തില്‍ നിന്നും ഇവയൊന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

അംബേദ്കര്‍ വ്യക്തിപരമായി നിലനില്‍പ്പിനെക്കാള്‍ ആത്മീയമായ വശത്തിനാണ് ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ ദലിതുകളുടെ കാര്യത്തില്‍ അദ്ദേഹം മതത്തെ നിലനില്‍പ്പിനാവശ്യമായി കണക്കാക്കുന്നതിനാണ്‌ പ്രാധാന്യം നല്‍കിയത്. ഹിന്ദൂയിസത്തിന്റെ അടിച്ചമര്‍ത്തലിനെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ഏതെങ്കിലും മതത്തില്‍ ചേരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. 1935 ലെ യോല പ്രഖ്യാപനത്തിന് മുമ്പുതന്നെ 1928 മുതല്‍ അദ്ദേഹം തന്റെ തന്നെ ജേര്‍ണലായ ബഹിഷ്‌കൃത് ഭാരതിലൂടെ (Bahishkrit Bharat) ജാതിയുടെ കെട്ടുപാടുകളില്‍ നിന്നും പുറത്തുകടക്കുന്നതിന് വേണ്ടി ദലിതുകളെ വ്യത്യസ്ത തരത്തില്‍ മതം മാറാന്‍ പ്രേരിപ്പിച്ചിരുന്നു. ബഹിഷ്‌കൃത് ഭാരതില്‍, വളരെ മുമ്പുതന്നെ മതപരിവര്‍ത്തനത്തലൂടെയല്ലാതെ തൊട്ടുകൂടാത്തവര്‍ക്ക വിമോചനം സാധ്യമല്ല എന്ന കണ്ടെത്തലില്‍ അദ്ദേഹം എത്തിപ്പെട്ടിട്ടുണ്ടെന്നതിന് ധാരാളം തെളിവുകള്‍ കാണാം.

മതപരിവര്‍ത്തനത്തിന്റെ വിഷയത്തോടൊപ്പം തന്നെ ദലിതര്‍ക്ക് ഏറ്റവും അനുയോജ്യമായ മതമേതാണ് എന്നതും അദ്ദേഹത്തിന്റെ ആലോചനാ വിഷയമായിരുന്നു. ആര്യസമാജമോ ബുദ്ധിസമോ തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇസ്‌ലാമോ ക്രിസ്തുമതമോ ആയിരുന്നു അദ്ദേഹം മുന്നോട്ട് വെച്ചത്‌. അദ്ദേഹം പറയുന്നു: “ഒരു ബുദ്ധിസ്റ്റോ ആര്യസമാജിസ്റ്റോ ആവുന്നതിലൂടെ സ്വയം ഉയര്‍ന്ന ജാതിക്കാരനാണ് എന്നവകാശപ്പെടുന്ന ആളുകളുടെ മുന്‍ധാരണകളെ മറിക്കാന്‍ കഴിയില്ല. അതിനാല്‍ ആ മാര്‍ഗ്ഗം സ്വീകരിക്കാന്‍ നാം അധികം താല്‍പര്യം കാണിക്കേണ്ടതില്ല. നമുക്ക് ഏറ്റവും പ്രയോജനകരമായ രീതിയില്‍ ഹിന്ദൂയിസത്തെ പ്രതിരോധിക്കണമെങ്കില്‍ നാം ക്രിസ്ത്യാനിറ്റിയിലേക്കോ ഇസ്‌ലാമിലേക്കോ പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. കാരണം അതിലൂടെ മാത്രമേ അയിത്തം തുടച്ചുനീക്കാനാവശ്യമായ ശക്തമായ സാമുദായിക പിന്തുണ നമുക്ക് ലഭിക്കുകയുള്ളൂ. “

രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം ക്രിസ്തുമതത്തെ ഒഴിവാക്കുകയും ഇസ്‌ലാമില്‍ മാത്രം ശ്രദ്ധ കൊടുക്കുകയും ചെയ്തിട്ടുണ്ട്. 1929 മാര്‍ച്ച് 15 ലെ ബഹിഷ്‌കൃത് ഭാരതിന്റെ എഡിറ്റോറിയലില്‍ Notice to Hinduism എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം നിങ്ങള്‍ക്ക് മതപരിവര്‍ത്തനം ആവശ്യമെങ്കില്‍ മുസ്‌ലിമായിക്കൊള്ളുക എന്നെഴുതി. ബുദ്ധിസ്റ്റും ആര്യസമാജിസ്റ്റും ആയിത്തീരുന്നത് പ്രയോജനരഹിതമാണെന്ന് വിശകലനം ചെയ്തശേഷം അദ്ദേഹം ഇന്ത്യയിലെ ജാതിയെ മറികടക്കാന്‍ ക്രിസ്ത്യനിറ്റിക്കും കഴിയില്ലെന്ന് സ്ഥാപിക്കുന്നുണ്ട്. ക്രിസ്ത്യാനിറ്റിയിലേക്കുള്ള മതംമാറ്റവും ദലിതരുടെ സാമൂഹ്യ പദവി ഉയര്‍ത്താന്‍ സഹായിക്കില്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരിക്കാം. അവര്‍ പരിവര്‍ത്തനത്തിന് ശേഷവും ജാതിഹിന്ദുക്കള്‍ക്കും ക്രിസ്ത്യന്‍ മേലാളന്മാര്‍ക്കും തൊട്ടുകൂടാത്തവരായിത്തന്നെ നിലനില്‍ക്കും. അദ്ദേഹം മുസ്‌ലിം സമുദായത്തിന് മാത്രമേ അവരെ പൂര്‍ണ്ണമായും സഹായിക്കാന്‍ കഴിയുകയുള്ളൂ എന്ന് വിശദീകരിക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹം മറ്റൊരു മതം തിരഞ്ഞെടുക്കാതെ ഹിന്ദുമതം ഉപേക്ഷിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. യുക്തിപരമായി ഇസ്‌ലാമിനെ സ്വീകരിക്കുക എന്ന ആലോചന 1936 വരെ ശക്തമായി അദ്ദേഹത്തിനുണ്ടായിരുന്നതായി ഒരുപാട്‌ തെളിവുകളുണ്ട്.

എങ്കിലും 1956 ല്‍ അംബേദ്കര്‍ തെരഞ്ഞെടുത്ത മതം ഈ നിലനില്‍പ്പിനായുള്ള (Existential) പരിഗണനക്ക് വിരുദ്ധമായ ഒന്നായിരുന്നു. അദ്ധേഹത്തിന്റെ ആത്മീയബോധം നിലനില്‍പ്പിന്റെ പരിഗണനയെ മറികടക്കുകയാണുണ്ടായത്. അദ്ദേഹം തെരഞ്ഞെടുത്ത ബുദ്ധിസം ഇന്ത്യയില്‍ ഏറെക്കുറെ നാമാവശേഷമായതും വടക്കു-കിഴക്കന്‍ മേഘലകളിലും ഉയര്‍ന്ന ഹിമാലയന്‍ പ്രദേശങ്ങളിലും പരമ്പരാഗതരായ വിശ്വാസികള്‍ മാത്രമുള്ള മതസമൂഹമാണ്. അതിനാല്‍ ബുദ്ധിസത്തിന് ഒരിക്കലും അദ്ദേഹം പറഞ്ഞ ദലിതുകളുടെ നിലനില്‍പ്പിന്റെ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ കഴിയില്ല. എന്നാല്‍ രണ്ട് പതിറ്റാണ്ട് കാലത്തെ ദീര്‍ഘമായ അന്വേഷണത്തിലൂടെയാണ് അംബേദ്കര്‍ ബുദ്ധമതം സ്വീകരിക്കുന്നത് എന്ന് ന്യായമായും വിശ്വസിക്കാം. പൊതുവായ അറിവ് എന്ന നിലയിലാണ് ബുദ്ധിസം അദ്ദേഹത്തെ സ്വാധീനിച്ചത്. മെട്രിക്കുലേഷന്‍ പരീക്ഷ പാസായതിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ അക്കാലത്തെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ കെലുസ്‌കാര്‍ ഗുരുജി (Keluskar Guruji) അംബേദ്കറിന് സമ്മാനിച്ച് സ്വന്തം ആത്മകഥയിലൂടെയാണ് അംബേദ്കര്‍ ബുദ്ധനെ പരിചയപ്പെടുന്നത്. അന്നുമുതല്‍ ബുദ്ധിസം അംബേദ്കറെ സ്വാധീനിച്ചു തുടങ്ങിയിരുന്നു.

‘മോക്ഷത്തിലേക്കുള്ള പാത’യില്‍ അംബേദ്കര്‍ ഇസ്‌ലാമിനെ വലിയ രീതിയില്‍ പ്രശംസിക്കുകയും അത് മൂലം അദ്ദേഹം ഇസ്‌ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്യുമെന്നുള്ള പ്രതീതി നിലനിന്നിരുന്നു. മഹാപരിനിബ്ബന സൂക്തത്തില്‍ (Mahaparinibbana Sutta) ബുദ്ധന്‍ നല്‍കുന്ന പ്രശസ്തമായ ‘നിങ്ങള്‍ നിങ്ങളുടെ തന്നെ പ്രകാശമാവുക’ (be your own light) എന്ന ശാസനം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്.. ദലിതുകളുടെ മതപരിവര്‍നമെന്നത് അവരുടെ നിലനില്‍പ്പിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന തന്റെ തന്നെ സ്വന്തം ആശയത്തെ അവഗണിച്ചുകൊണ്ട് അവസാനം അദ്ദേഹം ബുദ്ധമതം സ്വീകരിക്കുകയാണുണ്ടായത്.

.

ആനന്ദ് തെല്‍തുംഡെയും സൂരജ് യംഗ്‌ഡെയും ചേര്‍ന്ന് തയ്യാറാക്കിയ Radical In Ambedkar: Critical Reflections എന്ന പുസ്തകത്തിലെ ലേഖനമാണ് Strategy Of Conversion To Budhism: Intent And Aftermath.

(കടപ്പാട്- Scroll.com)

 

 

 

ആനന്ദ് തെല്‍തുംഡെ