Campus Alive

ലിഞ്ചിസ്താനിലെ മുസ്ലിം ജീവിതം

2018 ജൂലൈ എട്ടിന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ ഇന്ദിര ജയ്സിംഗ് മുസ്ലിംകളെ തല്ലിക്കൊല്ലുന്നത് അക്രമികൾക്ക് അഭിമാനകരമായ കാര്യമായിത്തീർന്നിരിക്കുന്നു എന്ന് പ്രസ്താവിക്കുകയുണ്ടായി. ജിം ക്രോ നിയമങ്ങളുടെ പശ്ചാത്തലത്തിൽ (വംശീയവിവേചനത്തിനെതിരെ  ദക്ഷിണ അമേരിക്കയില്‍ പ്രയോഗത്തിലുള്ള നിയമമാണ് Jim Crow Laws)  19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആഫ്രിക്കൻ-അമേരിക്കക്കാർക്കെതിരെ നടന്ന തെരുവുകൊലപാതകങ്ങളോട്‌ താരതമ്യം ചെയ്തുകൊണ്ട് ജയ്സിംഗ് പറയുന്നത്, ഇന്ത്യയിൽ തല്ലിക്കൊലപ്പെടുത്തലുകളും ആൾക്കൂട്ട അതിക്രമങ്ങളും മുസ്ലിംകളെ സവിശേഷമായിത്തന്നെ ഉന്നംവെക്കുന്നുണ്ട് എന്നാണ്. അതിനാൽ മുസ്ലിം ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ സർക്കാർ പ്രത്യേക നിയമനിർമാണം നടത്തണം എന്ന ആശയം അദ്ദേഹം മുന്നോട്ടുവെക്കുന്നു. ഇന്ത്യൻ മുസ്ലിംകളെയും, ആഫ്രിക്കൻ-അമേരിക്കക്കാരെയും താരതമ്യം ചെയ്തുകൊണ്ട് അടുത്തിടെ സാം ആഷർ (ലോകബാങ്ക്), പോൾ നൊവോസഡ്  (ഡാർമൌത് കോളജ്) ചാർളി റഫ്കിൻ  (എം ഐ ടി) എന്നിവര്‍ ചേര്‍ന്നു നടത്തിയ  ‘Intergenerational Mobility in India’ എന്ന പഠനം അവസാനിക്കുന്നത്  വിദ്യാഭ്യാസ വളര്‍ച്ചയുടെ കാര്യത്തിൽ ഇന്ത്യൻ മുസ്‌ലിംകൾ നിലവിൽ  ആഫ്രിക്കൻ-അമേരിക്കക്കാരെക്കാൾ പിന്നിലാണെന്ന് സ്ഥാപിച്ചുകൊണ്ടാണ്.

മുസ്ലിംകൾക്കെതിരെ നടക്കുന്ന അക്രമങ്ങളെയും വിവേചനങ്ങളെയും പറ്റി സ്ഥിതിവിവരക്കണക്കുകളും പഠനങ്ങളും ധാരാളമായി ഉണ്ടെങ്കിലും ഈ മൃഗീയതയെ വരച്ചുകാട്ടാന്‍ തക്കതായ സങ്കൽപനത്തിന്റെ( Conceptual category) കുറവ് നിലനില്‍ക്കുന്നുണ്ട്‌. അതിനാൽ ഇന്ത്യൻ മുസ്ലിംകളുടെ അവസ്ഥയെ മനസ്സിലാക്കുവാന്‍ ആഫ്രിക്കൻ-അമേരിക്കക്കാരുടെ ചരിത്രവും ദുർവിധിയും ഒക്കെ ഉപയോഗിക്കുമ്പോള്‍ ഈ താരതമ്യ വിശകലനം ഇരവത്കരണത്തിന്റെ കണക്കുകളിലേക്ക് ചുരുങ്ങിപ്പോകുന്നു. ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ പ്രസ്ഥാനങ്ങളുടെയോ ബ്ലാക്ക് പവർ പ്രസ്ഥാനങ്ങളുടെയോ പ്രവർത്തനരീതി ഇന്ത്യയിലെ മുസ്ലിം സമുദായത്തെ വിശകലനം ചെയ്യുന്നതിനുള്ള രീതിശാസ്ത്രമായോ അല്ലെങ്കില്‍ അവരുടെ മുന്നോട്ടുപോക്കിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമായോ മുന്നോട്ട് വെക്കാന്‍ കഴിയില്ല. കാരണം അത് “മുസ്ലിം” എന്ന സ്വത്വത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുകയും മതേതര സാമാന്യ ബോധത്തെ അസ്വസ്ഥപ്പെടുത്തുകയും ചെയ്യും. ജയ്സിങ് അവരുടെ റിട്ട് ഹർജിയിൽ ആഫ്രിക്കൻ- അമേരിക്കക്കാർക്ക് നേരെ നടന്ന തല്ലിക്കൊലകള്‍(Lynching) വെള്ളക്കാരുടെ മേധാവിത്വത്തിനു വഴിവെച്ചു എന്ന് വാദിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യൻ മുസ്ലിംകൾക്കെതിരെ നടക്കുന്ന തല്ലിക്കൊലകളിൽ എന്തുതരം മേധാവിത്വമാണ് പ്രവർത്തിക്കുന്നത് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. എല്ലാ സ്വത്വങ്ങളെയും ആത്യന്തികമായി “പരുവപ്പെടുത്തി” എടുക്കേണ്ടതായ മതേതരത്വം എന്ന മൂല്യം, മുസ്ലിം സ്വത്വത്തെ അപരമായി അടയാളപ്പെടുത്തുകയും ദേശീയ(ഇന്ത്യൻ) സ്വത്വത്തിലേക്ക് അതിനെ സ്വാംശീകരിക്കുന്ന യന്ത്രമായി നിലനില്‍ക്കുകയും ചെയ്യുന്നു.  ഉദാഹരണത്തിന്  മുസ്ലിംകൾക്കെതിരെ ഉണ്ടാകുന്ന ഈ തല്ലിക്കൊലകൾ നമ്മെ വിശ്വസിപ്പിക്കുന്നത് പോലെ പുതിയ പ്രതിഭാസമല്ല;  ഇന്ത്യൻ മുസ്‌ലിംകൾ 1947 മുതൽ തന്നെ വലതുപക്ഷ ഹിന്ദു ശക്തികളുടെ കൈകളാൽ വലിയതോതിലുള്ള ആൾക്കൂട്ട അക്രമങ്ങൾക്ക് ഇരയാക്കപ്പെട്ടുകൊണ്ടേയിരുന്നിട്ടുണ്ട്. എന്നാൽ വ്യത്യസ്ത വീക്ഷണങ്ങളെ പ്രത്യേകതരത്തില്‍ ക്രമീകരിച്ചുകൊണ്ട്‌, ഹിംസയെ മതപരം എന്ന പൊതു കാറ്റഗറിയിൽ ഉൾപ്പെടുത്തുകയും, എന്നാൽ ഈ രണ്ട് മത വിഭാഗങ്ങൾ (ഹിന്ദു, മുസ്ലിം) തമ്മിലെ അന്തരത്തെകുറിച്ച് നിസംഗമാവുകയും ചെയ്തുകൊണ്ട് മതേതര ആഖ്യാനങ്ങൾക്ക് കല്പിച്ചു നൽകപ്പെടുന്ന  ധാർമികാവകാശം മതേതരത്വം നഷ്ടപ്പെടുത്തുന്നു. മുസ്ലിംവിരുദ്ധ ഹിംസയെ കുറിക്കാൻ വർഗീയത, സാമുദായിക അക്രമം എന്നൊക്കെ വിവരിക്കുന്നതിലൂടെ, ഈ ജ്ഞാനശാസ്ത്ര അടിത്തറ ഇരയെയും അക്രമകാരിയെയും ഒരേപോലെ കുറ്റപ്പെടുത്തുന്നു എന്ന് മാത്രമല്ല ഇത് ഇന്ത്യയിലെ വംശീയതയെയും വംശീയവൽക്കരണത്തെയും ഇസ്ലാമോഫോബിയയെയും കുറിച്ചുള്ള പരിശോധനകളെയാകെയും പ്രായോഗികമായി എതിര്‍തെളിവുകള്‍ ധാരാളമായി ഉണ്ടായിരിക്കെത്തന്നെ അസാധ്യമാക്കുകയും ചെയ്യുന്നു.

അപ്പോൾ വെള്ള വംശീയതയെ സാമൂഹ്യമുന്നേറ്റങ്ങൾ, നിയമനിർമാണം എന്നിവയിലൂടെ നേരിട്ട ആഫ്രിക്കൻ-അമേരിക്കക്കാർക്കെതിരെയുള്ള വ്യവസഥാപിത വംശീയതയില്‍ നിന്നും ഹിംസയില്‍നിന്നും വ്യത്യസ്തമായി, ഇന്ത്യൻ അക്കാദമിക രംഗത്ത് വംശീയത എന്നത് ഒരു വിശകലന കാറ്റഗറിയായി ഒരിക്കലും  ഉപയോഗിക്കപ്പെട്ടിട്ടില്ല. ഇന്ത്യൻ പശ്ചാത്തലത്തിൽ, മുസ്ലിം വിരുദ്ധ ഹിംസയെ കുറിക്കാൻ മതേതര ഭാഷ ഉപയോഗിക്കുന്നത് ഫാസിസം പോലുള്ള പദങ്ങളാണ്. ഇതാകട്ടെ ചീത്ത മുതലാളിത്തം എന്നാണ്‌ വ്യാഖ്യാനിക്കപ്പെടുന്നത്. ദളിത് ബുദ്ധിജീവികളല്ലാതെ  ആരും തന്നെ ബ്രാഹ്മണിക്കൽ/ഹിന്ദുത്വ മേൽക്കോയ്മയെ തിരിച്ചറിയുകയോ നേരിടുകയോ അഭിമുഖീകരിക്കുകയോ ചെയ്യുന്നില്ല എന്നതും അത്തരത്തിലുള്ള ഏത് മുസ്ലിം ശ്രമവും ദേശീയോത്ഗ്രഥനത്തിനെതിരെയുള്ള സാമുദായിക പ്രവർത്തനമായി ബ്രാൻഡ് ചെയ്യപ്പെടും എന്നതും നിർഭാഗ്യകരമാണ്. ഉദാഹരണത്തിന് 2006 ലെ സച്ചാര്‍ സമിതി റിപ്പോര്‍ട്ട് ഇന്ത്യന്‍ രാഷ്ട്രരൂപീകരണം മുതല്‍ക്കെ തന്നെ മുസ്‌ലിംകള്‍ വ്യവസ്ഥാപിതവും ഘടനാപരവുമായി അനുഭവിക്കുന്ന വിവേചനങ്ങളെ വിശകലനം ചെയ്യുന്നുണ്ട്. എന്നാല്‍ അക്കാദമികവും ജേര്‍ണലിസ്റ്റിക്കുമായ ആഖ്യാനങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള മുന്‍വിധികളെയും വ്യവസ്ഥാപിത വംശീയതയെയും മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്.

സമ്പന്നവും വൈവിധ്യപൂർണ്ണവുമായ രാഷ്ട്രീയ പാരമ്പര്യങ്ങൾ നഷ്ടപ്പെട്ടതിനാലും, തത്‌ഫലമായിത്തന്നെ മതേതര-ദേശീയ ചട്ടക്കൂടിനകത്തുതന്നെ പെട്ടുപോയതുകൊണ്ടും, മുസ്ലിം സ്വത്വത്തിന്റെ നിഷേധം/ ലംഘനം കൂടുതൽ സ്പഷ്ടമായി വരികയും അങ്ങിനെ രാഷ്ട്രീയപരതയെ സ്ഥാനപ്പെടുത്തുന്നത് അസാധ്യമാവുകയും ചെയ്യുന്നു. മാൽകം എക്സിന്റെയോ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെയോ ഒരു ഇന്ത്യൻ മുസ്ലിം പതിപ്പ് അസാധ്യമാണ്, കാരണം അത്തരത്തിലുള്ള ഏത് “സ്വപ്ന”വും രാഷ്ട്രത്തിന്റെ മതേതര സ്വഭാവത്തിന് ഭീഷണിയായി ഉയർത്തിക്കാട്ടപ്പെടും. ആഫ്രോ-അമേരിക്കൻ പൗരാവകാശപ്രസ്ഥാനത്തിൽ  ക്രിസ്ത്യാനിറ്റിയും ചർച്ചും  സുപ്രധാനമായ   പങ്ക് വഹിച്ചിട്ടുണ്ട്. മാർട്ടിൻ ലൂതർ കിംഗ് സഭാ നേതാക്കളുടെ കൂട്ടായ്മയായ സതേൺ ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസ് രൂപീകരിച്ചു. ഈ കൂട്ടായ്മയാണ് ആഫ്രോ-അമേരിക്കൻ സംഘടനകളുടെ  ഒരു ഏകീകൃത ക്രൈസ്തവ മുന്നണിയെ സാധ്യമാക്കിയതും 1964 ലെ പൗരാവകാശനിയമ നിയമം പാസ്സാക്കിയതിൽ ശക്തമായ സ്വാധീനം ചെലുത്തിയതും. ഭരണകൂടത്തിന്റെ പരിസ്ഥിതി നയങ്ങൾക്കെതിരെ 2013 ൽ ഇന്ത്യൻ ചർച്ചിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളെയും വലതുപക്ഷ ഹിന്ദുത്വ വിഭാഗങ്ങളെയുമെല്ലാം സ്വാഭാവികതകളായി മനസ്സിലാക്കുമ്പോൾ തന്നെ, സമാനമായി ഒരു ഏകീകൃത മുസ്ലിം മുന്നണി രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ -അത് തല്ലിക്കൊലക്കെതിരെ  നിയമനിർമാണം എന്ന ആവശ്യത്തിനാണെങ്കിൽ പോലും ഈ ചട്ടക്കൂടുപ്രകാരം ശത്രുതാപരമായേ പരിഗണിക്കപ്പെടുകയുള്ളൂ. ഇന്ത്യയിൽ ഇസ്ലാമുമായി ബന്ധപ്പെട്ട് മതം എന്ന പദം  പ്രയോഗിക്കുമ്പോൾ അതിനെ ഒരു അപഭ്രംശം(Scandal) ആയി മനസ്സിലാക്കുന്നതാണ് ഇതിനു കാരണം. അതായത് മതം എന്ന കാറ്റഗറി ഇന്ത്യയിൽ പൊതുഇടങ്ങളിൽ സ്വീകാര്യമാകുന്നത് അതിൽനിന്ന് ഇസ്ലാമിനെ ഒഴിച്ചുനിർത്തുമ്പോഴാണ്. അങ്ങനെ മതങ്ങൾ പൊതുവായല്ല മറിച്ച് കൃത്യമായി ഇസ്ലാം തന്നെയാണ് ഇന്ത്യൻ മതേതരത്വത്തിന്റെ അപരസ്ഥാനത്ത നില്‍ക്കുന്നത്.

1989 ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിന്റെ മാതൃകയിൽ, ‘ഇസ്ലാമോഫോബിയ ആക്ട്’ പോലുള്ള സമഗ്രമായ ഒരു നിയമം നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ഒരു ചർച്ചക്ക് തുടക്കം കുറിക്കേണ്ടതുണ്ട്. തല്ലിക്കൊലകളെ മാത്രമല്ല  ആത്മാഭിമാനത്തെ തകർക്കുന്നതും, സാമ്പത്തിക, ജനാധിപത്യ, സാമൂഹ്യ അവകാശങ്ങളെ നിഷേധിക്കുന്നതും, ചൂഷണം, വിവേചനം തുടങ്ങി   എല്ലാ തരത്തിലുമുള്ള പീഡനങ്ങളെയും അതിക്രമങ്ങളെയും തടയുന്നതുമായിരിക്കണം ആ നിയമം. ഇസ്‌ലാമോഫോബിയയെ പറ്റിയുള്ള മൃദുവായ മതേതരഭാവനകള്‍ക്കകത്ത് അത് സാധ്യമാവുകയില്ല. ദീപ കുമാർ തന്റെ ഇസ്ലാമോഫോബിയ ആൻഡ് പൊളിറ്റിക്സ് ഓഫ് എമ്പയർ എന്ന പുസ്തകത്തിൽ ഇസ്ലാംഫോബിയയുടെ വംശാവലിയെ പറ്റി പറയുന്നുണ്ട്. മതവും രാഷ്ട്രീയവും ഒന്നാണെന്നത് പരമ്പരാഗത ഓറിയന്റല്‍ ചിന്തകമായ ബര്‍ണാഡ് ലൂയിസും സാമുവല്‍ ഹണ്ടിംഗ്ടണും എല്ലാം പടച്ചുവിട്ട ഓറിയന്റല്‍ മിത്താണെന്ന് പുസ്തകത്തില്‍ തറപ്പിച്ച് പറയുന്നുണ്ട്. ആധുനികതക്ക് മുമ്പുള്ള ഇസ്‌ലാമിക ചരിത്രത്തില്‍ ഉലമാക്കളും പണ്ഡിതരും ഒരു വശത്തും മറുവശത്ത് സുല്‍ത്താല്‍ ഖലീഫ എന്ന ബ്യൂറോക്രാറ്റിക് ശരീരവും എല്ലാകാലത്തും നിലിനിന്നിരുന്നെന്നും അത് നിര്‍മ്മിച്ചെടുത്ത മതേതരചിന്തയെയാണ് ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വെല്ലുവിളിച്ചതെന്നും അവര്‍ വാദിക്കുന്നുണ്ട്. ലൂയിസ്, ഹണ്ടിങ്ടൺ എന്നിവരെ ഇസ്‌ലാമിസ്റ്റുകളോട് ചേര്‍ത്ത് പറയുന്നതോടൊപ്പം തന്നെ, യൂറോകേന്ദ്രീകൃത കാറ്റഗറികളെ ഇസ്‌ലാമീകൃതമാക്കി ഉയർത്തിക്കാട്ടുകയും, അങ്ങനെ മുസ്ലിം വീക്ഷണകോണുകളുടെ പ്രഖ്യാപനങ്ങളെ ജ്ഞാനശാസ്ത്രപരമായി താഴ്ന്നതാണെന്ന് മുദ്രകുത്തുകയുമാണ് ദീപ കുമാർ ഇവിടെ ചെയ്യുന്നത്. ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള സങ്കല്പനങ്ങൾ രൂപപ്പെടുത്തുന്നത്തിന്റെ ഭാഗമായുള്ളതാണ്‌ ഇത്തരം വാദങ്ങൾ എന്ന വസ്തുത മുസ്ലിം അനുകൂലികളാണെന്നു ധരിച്ചുവെച്ചിരിക്കുന്നവർക്കിടയിൽ നിന്നുപോലും വരുന്ന ജ്ഞാനപരമായ നിശബ്ദതയിലേക്കാണ് വിരൽചൂണ്ടുന്നത്. സാംസ്കാരികവും മതപരവുമായ വശങ്ങളേക്കാൾ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇസ്ലാമോഫോബിയയെ  മനസ്സിലാക്കിയാലേ അതിനെ ഒരു കണ്സെപ്ച്വൽ ടൂൾ ആയി ഉപയോഗിക്കാൻ കഴിയൂ. ഇത് ഇസ്ലാമോഫോബിയയുടെ പുതിയ സൈദ്ധാന്തീകരണത്തിനു വഴിതെളിക്കും. തിങ്കിങ് ത്രൂ ഇസ്ലാമോഫോബിയ: ഗ്ലോബൽ പേഴ്സ്പെക്റ്റീവ് എന്ന പുസ്തകത്തിൽ സൽമാൻ സയ്യിദ്, മുസ്ലിമിനെ നിർവചിക്കുന്നത് ഒരു സബ്ജെക്ട് പൊസിഷൻ ആയിക്കൊണ്ടാണ്. ഈ സബ്ജെക്ട് പൊസിഷനിൽ നിന്നുകൊണ്ട് നോക്കുമ്പോൾ രാഷ്ട്രീയ കര്‍തൃത്വത്തെ നിരാകരിക്കലാണ് ഇസ്ലാമോഫോബിയ എന്ന് കാണാൻ കഴിയും. ഹിന്ദുത്വക്കെതിരായി മാത്രമല്ല മതേതര പദ്ധതികള്‍ക്കെതിരെയും ഇത്തരം പുനരാലോചനകള്‍ സാധ്യമാകേണ്ടതുണ്ട്.. അപ്പോള്‍ ഇസ്‌ലാമോഫോബിയ ഒരു വംശീയ ഭരണാധികാര(Racialized  governmentality) രൂപമാണ്‌. പൊതുഇടത്തിലെ ചര്‍ച്ചകളില്‍ നിരന്തരമായി അതിന്റെ സാന്നിധ്യമുണ്ടാകുന്നത് പുതിയ ചില വിഷയങ്ങളെ നാം അഭിമുഖീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത് ആഫ്രിക്കന്‍-അമേരിക്കന്‍ പ്രതിരോധാഖ്യാനങ്ങളില്‍ നിന്നും മാറി മുസ്‌ലിം കര്‍തൃത്വത്തിന് ഇടം നല്‍കിക്കൊണ്ടുള്ള പുതിയ ആഖ്യാനസാധ്യതകള്‍ തുറന്നുതരുന്നുണ്ട്. അത് കണക്കുകള്‍ നിരത്തിക്കൊണ്ടുള്ള ഇരവത്കരണത്തിനപ്പുറം നിലനില്‍ക്കുന്ന ജ്ഞാനാധിപത്യത്തിനോട് കലഹിക്കുന്ന പുതിയ ആധിപത്യബോധങ്ങള്‍ രൂപപ്പെടുത്താന്‍ പ്രാപ്തമായ ഒന്നായിരിക്കും. അത് ഇന്ത്യന്‍ ‘മാല്‍കം എക്‌സു’മാരെ നിര്‍മ്മിച്ചെടുക്കുമെന്ന് ഉറപ്പുതരുന്നുണ്ട്.

കടപ്പാട്: https://www.criticalmuslimstudies.co.uk/blog/

(വിവർത്തനം: മുഹ്‌സിൻ ആറ്റാശ്ശേരി)

ഷഹീൻ കാട്ടിപ്പറമ്പിൽ