Campus Alive

ഖബീബും ഗ്രിഗറും ഇസ്‌ലാം ഭീതിയുടെ കായിക കാഴ്ചകളും

അന്താരാഷ്ട്ര കായിക ഇടങ്ങളിലെ വംശീയതയെയും ഇസ്‌ലാമോഫോബിയയെയും അടയാളപ്പെടുത്താൻ ശ്രമിക്കുന്ന പഠനങ്ങൾ അക്കാദമിക ലോകത്ത് ധാരാളമുണ്ടായിട്ടുണ്ട്‌. ഒരു പൊതു ഇടം എന്ന നിലയിൽ സ്പോർട്സ് ഇവന്റുകൾ വംശീയവും എങ്ങനെയൊക്കെയാണ് ഇസ്‌ലാം ഭീതി ഉല്‍പാദിപ്പിക്കുന്ന പ്രതലങ്ങളായി മാറുന്നതെന്ന് ഇത്തരം പഠനങ്ങള്‍ പറഞ്ഞു തരുന്നുണ്ട്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ വഴി ശ്രദ്ധേയമായ അമേരിക്കൻ അൾട്ടിമൈറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ (UFC) ഒക്ടോബർ 6 ന് ഐറിഷ് ഫൈറ്റർ മാക് ഗ്രിഗറും റഷ്യൻ ഫൈറ്റർ ഖബീബ് നർമഗോമെദോവും തമ്മിൽ അരങ്ങേറിയ UFC229 മത്സരം വംശീയതയുടെയും ഇസ്‌ലാമോഫോബിയയുടെയും സാന്നിധ്യം കാരണം വിശകലനത്തിന് വിധേയമാക്കേണ്ടുന്ന ഒന്നാണെന്ന് തോന്നുന്നു. ഒക്ടോബർ 6 ന് അമേരിക്കയിലെ ലാസ്‌ വെഗാസിലെ നെവാഡയിൽ വെച്ച് നടന്ന മത്സരവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് വിവാദ വിഷയമായി തീർന്നിട്ടുള്ളത്. മത്സരത്തിന്റെ നാലാമത്തെ റൗണ്ടിൽ ഐറിഷ് ഫൈറ്റർ കോണർ മാക് ഗ്രിഗറിനെ ഹെഡ്‌ലോക്കിലൂടെ റഷ്യൻ ഫൈറ്റർ ഖബീബ് നർമഗോമെദോവ് അടിയറവ് പറയിക്കുകയായിരുന്നു. എന്നാൽ മത്സരത്തിന് ശേഷം ഉണ്ടായ സംഭവങ്ങളാണ് മത്സരത്തെ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഒന്നാക്കി അവസാനിപ്പിച്ചത്.

Khabib Nurmagomedov

മത്സര ശേഷം സംഭവിച്ചത് ഇങ്ങനെയാണ്, മത്സരത്തിന്റെ നാലാം റൗണ്ടിൽ മാക് ഗ്രിഗർ അടിയറവ് പറഞ്ഞ ഉടനെ വിജയിയായ നർമഗോമേദോവ് ഫൈറ്റിംഗ് നടന്ന കൂടിന് (cage) വെളിയിലേക്ക് ചാടിയിറങ്ങുകയും മാക് ഗ്രിഗേറിന്റെ ടീമംഗമായ ഡിലോൺ ഡാനിസിനെ ആക്രമിക്കുകയും ചെയ്തു. ഇതേ സമയം ഖബീബിന്റെ രണ്ട് ടീമംഗങ്ങൾ കൂടിന് അകത്തേക്കു കയറുകയും തദവസരം തന്നെ മാക് ഗ്രിഗർ അവരെ ആക്രമിക്കുകയും ചെയ്തു. പ്രസ്തുത സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സാമൂഹ്യ മാധ്യമങ്ങൾ ഈ വിഷയം ഏറ്റെടുത്തിരിക്കുന്നത്.
കായിക മേഘലയിലെ എതിരാളികള്‍ എന്ന നിലയിൽ അനാരോഗ്യകരമായ സംഭവങ്ങൾ മാക് ഗ്രിഗറും ഖബീബും തമ്മിൽ ഏകദേശം ആറ് മാസത്തോളമായി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസം മാക് ഗ്രിഗേറിന്റെ സുഹൃത്തും ടീമംഗവുമായ ആർടോം ലോബോവ് (Artom Lobov)നെ ഖബീബ് മർദിച്ചു എന്ന വസ്തുതാ വിരുദ്ധമായ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ, ഖബീബ് ഉൾപ്പെടുന്ന ഫൈറ്റേഴ്സ് സഞ്ചരിച്ചിരുന്ന വാഹനം മാക് ഗ്രിഗേറിന്റെ നേതൃത്വത്തിലുള്ള സംഘം ബ്രൂക്ലിൻ (Brooklyn) എന്ന സ്ഥലത്ത് വച്ച് തടഞ്ഞു നിർത്തുകയും ആക്രമിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്ന് UFC പ്രസിഡന്റ് ഡന വൈറ്റ് (Dana White) മാക് ഗ്രിഗേറിനെതിരെ അറസ്റ്റ് വാറന്റ് ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഖബീബ് ഇത്തരത്തിലുള്ള ഒരു നടപടിയോട് വിയോജിപ്പ് രേഖപ്പെടുത്തുകയും തങ്ങൾക്കിടയിൽ ഒരു മത്സരത്തിന് അവസരം ചോദിക്കുകയുമായിരുന്നു. വൈറ്റ് ഈ സംഭവത്തെ അപലപിച്ചിരുന്നുവെങ്കിലും പിന്നീട് ഈ സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് UFC ഒഫീഷ്യൽ പ്രൊമോഷൻ വീഡിയോ ആയി ഉപയോഗിക്കുകയാണ് ചെയ്തിട്ടുള്ളത്. ശേഷം ഒക്ടോബർ-6 ന് ഇരുവരും തമ്മിലുള്ള മത്സരം പ്രഖ്യാപിക്കുകയാണുണ്ടായത്.

മത്സരത്തിന് മുൻപ് നടന്ന ഇരു ഫൈറ്റേഴ്സും ഉൾപ്പെടുന്ന വാർത്താ സമ്മേളനമാണ് മറ്റൊരു ശ്രദ്ധേയമായ സംഭവം. വാർത്താ സമ്മേളനത്തിലേക്ക് മാക് ഗ്രിഗർ എത്തിയത് തന്റെ തന്നെ സ്വന്തം ബ്രാൻഡായ Proper- 12 വിസ്‌കി ബോട്ടിലുമായാണ്. വാർത്താ സമ്മേളനത്തിൽ ഉടനീളം ഖബീബിനെ വംശീയവും മതപരവുമായി നിന്ദിക്കുകയാണുണ്ടായത്. ഖബീബ് ഒരു മുസ്‌ലിം ആണെന്നും അദ്ദേഹം മദ്യപിക്കില്ലെന്നും വ്യക്തമായ ബോധ്യമുണ്ടായിട്ടും ഖബീബിനോട് തന്റെ വിസ്കി കഴിക്കാൻ ആവശ്യപ്പെടുകയും നിരസിച്ച ഖബീബിനെ നിന്ദിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തു. കൂടാതെ ഖബീബിന്റെ പിതാവിന് നേരെ ആക്രമിക്കാൻ ശ്രമം നടത്തുകയും Terrorist എന്ന് വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്തു. മാക് ഗ്രിഗർ 9\11 ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള പരാമർശമാണ് ഇതിലൂടെ നടത്തിയതെന്ന് TRT WORLD പോലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

UFC ഫെതർ വെയ്റ്റ് ചാമ്പ്യനും ലൈറ്റ് വെയ്റ്റ് ചാമ്പ്യനുമായ കോണർ മാക് ഗ്രിഗർ ഇത്തരം സംഭവങ്ങൾക്ക് കുപ്രസിദ്ധനാണ്. മിക്സഡ് മാർഷ്യൽ ആർട്ടിസ്റ്റായ കായിക ലോകത്ത് ആരാധകർ ഏറെയുള്ള ഇദ്ദേഹം, ഒരു കോമ്പാറ്റ് സ്പോർട്സ് എന്ന നിലയിൽ മത്സരത്തിന്റെ പ്രൊമോഷന് വേണ്ടി എതിരാളികളോട് പ്രകോപനപരവും വിദ്വേഷമുണ്ടാക്കുന്നതുമായ രീതിയിൽ പെരുമാറുക എന്ന പ്രകൃതക്കാരനാണ്. അത് കൊണ്ട് തന്നെ ഇതിന് മുമ്പും ഇദ്ദേഹം ഇത്തരത്തിൽ വംശീയാധിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര കായിക ലോകത്തെ പ്രമുഖനായ ബോക്‌സർ ഫ്ലോയ്ഡ് മെയ്‌വെതറിന് നേരെയും മാക് ഗ്രിഗർ “ഡാൻസ് ഫോർ മി ബോയ്” (dance for me boy) എന്ന് പറഞ്ഞു കൊണ്ട് വംശീയമായി അധിക്ഷേപിച്ചിരുന്നു. അമേരിക്കയിൽ boy എന്ന വാക്ക് വംശീയമായി അധിക്ഷേപിക്കുന്നതിന് ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ മെയ്‌വേതറിന്റെ അമേരിക്കൻ ആഫ്രിക്കൻ ആയ സെക്യൂരിറ്റി ഗാര്‍ഡിനെ ‘juiced up monkey’ എന്ന് വിളിച്ച് നിന്ദിച്ചതും മാധ്യമ ശ്രദ്ധ നേടിയിരുന്നു. മാക് ഗ്രിഗര്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം ഇസ്‌ലാം വിരുദ്ധത പ്രചരിപ്പിക്കുന്ന ആളുകൂടിയാണ്. Chilling Jahannum എന്ന ക്യാപ്ഷനോടു കൂടിയ ഗ്രിഗറിന്റെ പോസ്റ്റ് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചതുമാണ്. ഇത്തരം സംഭവങ്ങൾ നിലനിൽക്കുമ്പോഴും അദ്ദേഹത്തിന്റെ കഴിവുകളെ മുൻനിർത്തി കായിക പ്രേമികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഇദ്ദേഹത്തിനുള്ളത്. എന്നാൽ, ഇത്തരം സംഭവവികാസങ്ങളോട്, ഒരു സംഘട്ടന സ്വഭാവമുള്ള മത്സരത്തിന്റെ സ്വഭാവികത എന്ന രീതിയിലാണ് UFC സമീപിച്ചത്. റഷ്യയിലെ അവാർ വംശജനും മുസ്‌ലിമുമായ മിക്സഡ് മാർഷ്യൽ ആർട്ടിസ്റ്റാണ് ഖബീബ് നർമഗോമേദോവ്. റഷ്യൻ റിപ്പബ്ലിക്കിലെ ഡേജസ്ഥാനിലെ തദ്ദേശീയരും പ്രബലരുമായ വംശമാണ് അവാറുകൾ. വടക്കൻ കൊക്കേഷ്യയിലെ സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ നിൽക്കുന്ന പൗരാണിക ഗ്രാമങ്ങളിലാണ് ഇവർ അധിവസിക്കുന്നത്. നിലവിൽ ഇവരിൽ 70 ശതമാനവും മുസ്‌ലിം മത വിശ്വാസികളാണ്. അവാർ സംസ്കാരത്തിന്റെ ഭാഗമായി ‘papkha’ എന്ന പേരിലറിയപ്പെടുന്ന ഒരു തൊപ്പി ഖബീബ് ധരിക്കാറുണ്ട്.

ഖബീബിന്റെ പിതാവും പരിശീലകനും ആയ അബ്ദുൽ മനാപ് നര്മഗോമേദോവ് മുൻ സൈനികനും ‘സാംബോ’ (റഷ്യൻ ആയോധനകല) ചാംപ്യനുമാണ്. ഇദ്ദേഹം സ്വന്തമായി ഡേജസ്ഥാനിൽ ജിം നടത്തിയിരുന്നു. ഇവിടെ നിന്നാണ് ഖബീബ് മാർഷ്യൽ ആർട്സിന്റെ ലോകത്തേക്ക് ആകൃഷ്ടനാകുന്നത്. ഡേജസ്ഥാനിൽ അന്ന് പ്രധാന പ്രതിസന്ധിയായി നിലനിന്ന ‘തീവ്രവാദ’ത്തിൽ നിന്നും യുവാക്കളെ രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇദ്ദേഹം ജിം നടത്തിയിരുന്നതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ജന്മദിനത്തിൽ പിതാവ് സമ്മാനിച്ച കരടിക്കുട്ടിയുമായായിരുന്നു ഖബീബ് തന്റെ പരിശീലനം ആദ്യകാലത്ത് ആരംഭിച്ചത്. ഇത്തരം ചില വസ്തുതകൾ ഖബീബിനെ വിമർശിക്കുവാൻ സമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്‌.

റഷ്യക്കുള്ളിൽ തന്നെ ഖബീബിന് ധാരാളം ആരാധകർ രംഗത്തുണ്ട്. എന്നാൽ ഇതേ സമയം മുസ്‌ലിങ്ങൾക്കുള്ളിൽ നിന്ന് തന്നെ ഖബീബിന്‌ ഇത്തരമൊരു കായിക ഇനം പിന്തുടരുന്നതുകൊണ്ട്‌ ശക്തമായ വിമർശനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇസ്‌ലാമിന് വേണ്ടിയല്ലാതെ പണത്തിന് വേണ്ടി സംഘട്ടത്തിൽ ഏർപ്പെടുന്നു എന്ന് പറഞ്ഞു കൊണ്ട് ഇസ്‌ലാമിക് സ്റ്റേറ്റ് (IS)ൽ നിന്നും ഖബീബ് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, ഇസ്‌ലാമോഫോബിയയും വംശീയതയും ചോദ്യങ്ങളായി വരുന്നിടത്തൊക്കെ ആഭ്യന്തര ഭിന്നതകൾക്കപ്പുറം ഖബീബിന് മുസ്‌ലിംകൾക്കിടയിൽ നിന്നും പിന്തുണ ലഭിക്കുന്നതായി കാണാന്‍ സാധിക്കും. UFC 229 ൽ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള ‘അനിഷ്ട സംഭവങ്ങൾക്ക്’ ഖബീബ് മാപ്പ് പറഞ്ഞിട്ടുണ്ട്. അതോടൊപ്പം താൻ അത്തരത്തിൽ പെരുമാറാൻ കാരണമായിട്ടുള്ളത് മാക് ഗ്രിഗറിന്റെ ഭാഗത്ത് നിന്നും തന്റെ പിതാവിനും, മതത്തിനും, രാജ്യത്തിനും നേരെ പ്രകോപനപരവും വിധ്വേഷമുണ്ടാക്കുന്നതുമായ രീതിയിലുള്ള ആക്ഷേപങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. തുടർന്ന് തന്റെ ഭാഗത്ത്‌ നിന്നും സ്വാഭാവികതയുടെ പുറത്ത് മാത്രം സംഭവിച്ചിട്ടുള്ള ‘അനിഷ്ട’ സംഭവങ്ങളോട് വിമർശനാത്മകമായി പ്രതികരിച്ച ലോകജനങ്ങൾ മാക് ഗ്രിഗറിന്റെ വംശീയവും ഇസ്‌ലാമോഫോബികുമായ ആക്ഷേപങ്ങളെയും മാസങ്ങൾക്ക് മുൻപ് വാഹനം ആക്രമിച്ച സംഭവത്തെയും എങ്ങനെയാണ് കാണുന്നത് എന്നിങ്ങനെയുള്ള ആശങ്കകളും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്‌. താൻ ഇടപടേണ്ടുന്ന പൊതു ഇടമെന്ന നിലയിൽ താൻ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്റെ മത ചിഹ്നങ്ങളെ, ഫുട്ബാൾ ലോകത്ത് മുഹമ്മദ്‌ സലാഹിനെ പോലെ ഉയർത്തി കൊണ്ടിരുന്ന വ്യക്തിയായിരുന്നു ഖബീബ്. മതത്തിനെ പോലെതന്നെ തന്റെ സാംസ്കാരിക ചിഹ്നങ്ങളെയും ‘papkha’ യിലൂടെ അദ്ദേഹം അഡ്രസ്‌ ചെയ്യുന്നുണ്ട്. ഇതൊക്കെയാണ് ഖബീബുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഇത്രമേൽ വിമർശനാത്മകമാക്കി തീർക്കുന്നതും. EA SPORTS എന്ന കമ്പനി രണ്ടു വർഷം മുൻപ് പുറത്തിറക്കിയ UFC2 എന്ന വീഡിയോ ഗെയിമിൽ ഖബീബിന്റെ വിജയ ശേഷമുള്ള ആഘോഷത്തെ അദ്ദേഹം ഉയർത്തുന്ന ഇസ്‌ലാമിക മൂല്യങ്ങളുമായി ഇടയുന്ന രീതിയിൽ ചിത്രീകരിക്കുകയും ഇതിനെ ഖബീബ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് കമ്പനി ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഖബീബിന്റെ ഇത്തരം സമീപനങ്ങൾ അദ്ദേഹത്തെ സ്വീകാര്യനും ഒരേസമയം അസ്വീകാര്യനും ആക്കിയിട്ടുണ്ട്‌.

UFC 229ൽ നടന്ന സംഭവത്തെ തുടർന്ന് UFC കൈക്കൊണ്ട നടപടികളും ‘ശ്രദ്ധേയമാണ്’. മത്സരത്തിൽ പരാജിതനായ മാക് ഗ്രിഗറിന് പ്രൈസ് മണി നൽകുകയും അതേ സമയം വിജയിയായ ഖബീബിനുള്ള പ്രൈസ് മണി പിടിച്ചു വെക്കുകയുമാണുണ്ടായത്‌. മാക് ഗ്രിഗറിന്റെ ചെയ്തികളെ സ്വാഭാവികവത്‌ക്കരിക്കുകയും എന്നാൽ ഖബീബിന്റെ പ്രവർത്തികളെ മര്യാദലംഘനമായി കണക്കാക്കുകയും ചെയ്യുന്നു എന്നാണ് ഇതുകൊണ്ട്‌ വ്യക്തമാകുന്നത്. ഇത്തരം സമീപനങ്ങളെ Randy Couture നെ പോലുള്ള ബോക്സർമാർ എതിർത്തു കൊണ്ട് സംസാരിക്കുന്നത്‌ സാമൂഹ്യ മാധ്യമങ്ങളിൽ കാണുവാൻ കഴിയും. അതേ സമയം മൈക് ടൈസണെ പോലുള്ള ചിലർ ഈ സംഭവങ്ങളെ ഒരു സ്പോർട്സ് മേഖലക്ക് സംഭവിച്ച നൈതികമായ ആഘാതം എന്ന രീതിയിലുള്ള സമീപനം സ്വീകരിച്ചിട്ടുണ്ട്.

ചില മാധ്യമങ്ങൾ ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നതിൽ കാണിച്ച രീതി വിശകലനം ചെയ്യേണ്ട ഒന്നാണ്‌. പ്രസ്തുത സംഭവത്തിലെ വംശീയതയെ മാത്രം പ്രശ്നവൽകരിച്ചുകൊണ്ട് ഇസ്‌ലാമോഫോബിയയോട് നിസ്സംഗ ഭാവം കാണിച്ച മാധ്യമങ്ങളില്‍ ഇസ്‌ലാം വിരുദ്ധത വ്യക്തമായി കാണാവുന്നതാണ്. വംശീയത എന്ന പരികല്‍പ്പനക്ക് ലഭിക്കുന്ന ദൃശ്യത ഇസ്‌ലാമോഫോബിയയെ സംബന്ധിച്ചിടത്തോളം എത്രത്തോളം അസാധ്യമാണ് എന്നുള്ള വായനയും സാധ്യമാണ്. പല വംശീയ വിരുദ്ധരും ഈ വിഷയത്തിൽ എത്രത്തോളം ഖബീബിന് എതിരായിരുന്നു എന്ന വസ്തുത ഇത്തരം വായനയെ ബലപ്പെടുത്തുന്നുണ്ട്‌.

Bruce Lee

ആയോധന കലയെ കേന്ദ്രീകരിച്ചുള്ള വംശീയ വ്യവഹാരങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുള്ളതാണ്. Ted Wong തന്റെ ‘Bruce Lee Martial Arts Training Revealed’എന്ന പുസ്തകത്തിൽ ഹോങ്കോങ്ങിൽ വ്യാപകമായി പ്രാക്ടിസ് ചെയ്യുന്ന ആയോധനകലാ രംഗത്തെ വംശീയ സാന്നിധ്യങ്ങളെ ബ്രൂസ് ലീ ചൂണ്ടികാട്ടിയതായി പരാമർശിച്ചിട്ടുണ്ട്. അതേ പോലെ 1960കളിൽ സത്തേൺ കാലിഫോർണിയയിൽ കരാട്ടെ ടൂർണമെന്റുകളിലെ വംശീയതയെ പ്രതിരോധിക്കുവാൻ വേണ്ടി സ്റ്റീവ് സൻഡേഴ്സിന്റെ (Steve Sanders) നേതൃത്വത്തിൽ ബ്ലാക്ക് കരാട്ടെ ഫെഡറേഷൻ (BKF) രൂപീകരിക്കപ്പെട്ടിട്ടുമുണ്ട്‌. UFC ക്ക് അകത്ത് തന്നെ ഇതിനു മുന്പുമുണ്ടായിട്ടുള്ള വംശീയ വ്യാവഹാരങ്ങളെ കുറിച്ച് മുഹമ്മദ് ലവാൽ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.

കായിക ഇടം എന്നത് എപ്പോഴും മൂര്‍ത്തമായതും ദൃശ്യമായതും ആയ ഒന്നാണ്. അതിനകത്ത് സാമൂഹികവും വ്യാവഹാരികവും വംശീയവുമായി വേറിട്ടുനില്‍ക്കുന്ന വ്യക്തികളുടെ കര്‍തൃത്വത്തെ നിര്‍ണ്ണയിക്കുന്നിടത്ത് പലതരത്തിലുള്ള അധികാരബോധങ്ങള്‍ നിരന്തരമായി പ്രവര്‍ത്തിക്കുന്നതായി കാണാന്‍ കഴിയും. അഥവാ ഖബീബ് നര്‍മഗോമെദോവിനെ പോലുള്ള ഇരയാവാന്‍ കൂട്ടാക്കാത്ത, പ്രതികരണ ശേഷിയുള്ള മുസ്‌ലിം പൊതു ഇടത്തിന്റെ വ്യാവഹാരിക മണ്ഡലങ്ങളില്‍ നിരന്തരമായി ചോദ്യം ചെയ്യപ്പെടുന്നതായി കാണാന്‍ കഴിയും. താന്‍ നേരിടുന്ന വയലന്‍സുകളെ തന്റെ തന്നെ പ്രതികരണശേഷി കൊണ്ട് ചോദ്യം ചെയ്യുക എന്നത് മുസ്‌ലിമായ അല്ലെങ്കില്‍ കറുത്ത വര്‍ഗ്ഗക്കാരനായ ഒരു കായിക താരത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയായി ഇന്നും നിലനില്‍ക്കുന്നുണ്ട്. മറിച്ച് സ്വയം ഇരയുടെ സ്ഥാനമാണ് അദ്ദേഹം സ്വീകരിച്ചതെങ്കില്‍ അദ്ദേഹത്തെ അനുകൂലിക്കുവാനും അദ്ദേഹത്തിന്റെ രക്ഷാകല്‍തൃത്വം ഏറ്റെടുക്കുവാനും മാധ്യമങ്ങള്‍ മത്സരിക്കുമായിരുന്നു. ഫുട്ബോളില്‍ എന്‍കോളോ കാന്റെ എന്ന കറുത്തവനായ, സൗമ്യനായ ഫ്രഞ്ച് കളിക്കാരനെ ആഗോള സാഹോദര്യത്തിന്റെ അംബാസ്സഡറായി പ്രതിഷ്ഠിക്കാനും അദ്ദേഹത്തിന്റെ ചിരി നിഷ്‌കളങ്കതയുടെ പ്രതീകമായി ആഘോഷിക്കാനും യൂറോപ്പിന്റെ അഭയാര്‍ഥികളോടുള്ള സൗഹാര്‍ദ സമീപനത്തിന്റെ വാര്‍പ്പുമാതൃകയായി വരച്ചുകാട്ടാനും പാശ്ചാത്യന്‍ മാധ്യമങ്ങള്‍ തിടുക്കം കാട്ടുമ്പോള്‍ തന്നെ മരിയോ ബലോട്ടെല്ലി എന്ന ആഫ്രിക്കന്‍ വംശജനായ, പ്രതികരണശേഷിയുള്ള ഫുട്ബോളര്‍ നിരന്തരമായി വംശീയമായി അധിക്ഷേപിക്കപ്പെടുന്നത് കാണാതെപോവുകയും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഗോളാഘോഷത്തെയും മുൻകോപിയും കാടത്തവുമായി ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. ഫുട്ബോള്‍ കളിക്കളത്തില്‍ ബലോട്ടെല്ലിയെക്കാള്‍ മുന്‍കോപികളായ കളിക്കാര്‍ ഇന്നും ധാരാളമായുണ്ട്. എന്നാല്‍ എന്തുകൊണ്ട് അദ്ദേഹം മാത്രമായി നിരന്തരമായി വേട്ടയാടപ്പെടുന്നു എന്ന് ആലോചിച്ചാല്‍ തന്നെ കായികലോകം എന്നത് പ്രതികരിക്കുന്ന ന്യുനപക്ഷ ശരീരങ്ങളോട് എത്രത്തോളം അസഹിഷ്ണുത വെച്ചുപുലര്‍ത്തുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും.

മൻഷാദ് മനാസ്

കുറ്റ്യാടി ഇബ്നു ഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി