Campus Alive

അല്ലാഹുവിനെ ഭയപ്പെടുന്നതാര്? മുസ്‌ലിം വിരുദ്ധതയും ജാതിരാഷ്ട്രീയവും

 

#1

സാൻഡിയാഗോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഒരു പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നുള്ള എന്റെ രാജിക്കുറിപ്പിന്റെ അവസാന ഭാഗത്തെ കുറിച്ച്, ഞാൻ കണ്ടിട്ടു പോലുമില്ലാത്ത ഏതാനും ചില സ്വയം പ്രഖ്യാപിത മാർക്സിസ്റ്റ് പുരുഷ പ്രൊഫസർമാർ, ആശങ്കയോടെ എനിക്ക് കത്തെഴുതി. രാജിക്കത്തിന്റെ അവസാന ഭാഗം ഇപ്രകാരമായിരുന്നു; “അല്ലാഹു കാശ്മീരി മുസ്‌ലിങ്ങൾക്ക് സ്വാതന്ത്ര്യം കൊടുക്കട്ടെ, എന്നെപ്പോലുള്ള ആളുകൾ ഇവിടെയും പരലോകത്തും ബാരിക്കേഡുകളുടെ ശരിയായ വശത്തായിരിക്കട്ടെ, ആമീൻ”. ഇന്ത്യൻ അധിനിവേശത്തിന് കീഴിൽ ജീവിക്കുന്ന കാശ്മീരി മുസ്‌ലിങ്ങളോടോ അല്ലെങ്കിൽ യൂണിവേഴ്സിറ്റിയുടെ ഉത്തരവാദിത്തം ആവശ്യപ്പെട്ട വർണവിവേചനം നേരിടുന്ന ഞങ്ങളെപോലുള്ള സ്ത്രീകളോടോ ഐക്യദാർഢ്യപ്പെടുന്നതിന് പകരം അവരുടെ പ്രശ്നം രാജിക്കത്തിലെ അല്ലാഹുവിനെയും പരലോകത്തെയും കുറിച്ചുള്ള എന്റെ പരാമർശമായിരുന്നു. മുതലാളിത്ത വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് അറിവില്ലാത്ത ഒരു ചെറിയ കുട്ടിയായി എന്നെ കാണുകയും ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന അവരുടെ അപ്പോസ്തലന്റെ ടാഗ്‌ലൈൻ നിരന്തരം ഉപയോഗിക്കുകയും ചെയ്യുന്ന ഈ മാർക്സിസ്റ്റുകൾക്ക് സത്യത്തിൽ കൊളോണിയൽ വിരുദ്ധ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന സുപ്രധാന ആശയങ്ങളുമായോ അനൈതികമായ ഗവേഷണ പ്രവർത്തനങ്ങളുടെ നിരാകരണവുമായോ ഗവേഷകരുടെ ഉത്തരവാദിത്തത്തിന്റെ ആവശ്യകതയുമായോ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞിട്ടില്ല.

#2

എന്റെ അക്കാദമികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങൾ കാരണം ഹിന്ദു ദേശീയവാദികൾ എനിക്കെതിരിൽ ഉയർത്തിയ ഭീഷണികൾക്കിടയിൽ, ‘അല്ലാഹുവിന്റെ ഇച്ഛയോടെയല്ലാതെ ഒന്നും സംഭവിക്കില്ല’ എന്ന, സ്വയം ആശ്വസിപ്പിക്കാൻ ആപത് ഘട്ടങ്ങളിൽ മുസ്‌ലിംകൾ ഉരുവിടുന്ന വിശുദ്ധ ഖുർആനിലെ ഒരു വാക്യം എന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഞാൻ പോസ്റ്റ് ചെയ്തു. എന്റെ ഫേസ്ബുക് പോസ്റ്റുകളിൽ അത്യപൂർവ്വമായി പോലും ഇടപെടാത്ത ഒരു സ്വയം പ്രഖ്യാപിത  ബ്രാഹ്മണ പുരുഷ നിരീശ്വരവാദി ആ പോസ്റ്റിന് ചിരിച്ചുകൊണ്ടുള്ള ഒരു ഇമോജി ഇട്ടു. ഞാനതിനെ ചോദ്യം ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ ധിക്കാരപരമായ മറുപടി കാരണം എനിക്കയാളെ ബ്ലോക്ക്‌ ചെയ്യേണ്ടി വന്നു. ഒരു മിനിറ്റിനു ശേഷം അയാളെ പ്രതിരോധിക്കാൻ വന്നതാകട്ടെ ഞാൻ ഇതുവരെ ഇടപഴകിയിട്ടില്ലാത്ത ഒരു ദലിത് പുരുഷനും. ബ്രാഹ്മണനോ ദലിതനോ ആയിക്കൊള്ളട്ടെ, ഈ പുരുഷന്മാരെ ജാതിയുടെ അതിരുകൾക്കപ്പുറം ഒന്നിപ്പിക്കുന്ന ഘടകം ഇസ്‌ലാമിനോടും ഖുർആൻ ഉദ്ധരിക്കുന്ന ഒരു മുസ്‌ലിം സ്ത്രീയോടുമുള്ള വിദ്വേഷമാണ്.

#3

കർണാടകയിൽ സ്‌കൂളിന് പുറത്ത് ഹിജാബ് ധരിച്ചതിന് ഹിന്ദു ദേശീയവാദികൾ തടഞ്ഞപ്പോൾ ‘അല്ലാഹു അക്ബർ’ വിളിച്ച് ധീരമായി നേരിട്ട മുസ്‌ലിം പെൺകുട്ടി മുസ്‌കാൻ ഖാന്റെ ധീരതയെ പ്രശംസിക്കുമ്പോഴും പ്രതിരോധത്തിൽ അല്ലാഹുവിനെ കൊണ്ടുവന്നതിൽ ചിലർ അമർഷം രേഖപ്പെടുത്തുന്നുണ്ട്. 24000 ഫോളോവേഴ്സ് ഉള്ള ഇന്ത്യക്കാരിയായ ഒരു ഹിന്ദു സ്ത്രീ തന്റെ ഫെയ്സ്ബുക്കിൽ  ഇങ്ങനെയാണ് കുറിച്ചത്; “ജയ് ശ്രീറാമിനെ നേരിടാൻ ജയ് ഹിന്ദ് ഉപയോഗിക്കണം എന്നാണ് ഞാൻ എന്റെ മുസ്‌ലിം സഹോദരങ്ങളോട് അഭ്യർത്ഥിക്കുന്നത്. അത് സംഘർഷം മതപരമായ ഒന്നായി മാറുന്നതിനെ തടയുകയും അവരുടെ (സംഘപരിവാർ) ലക്ഷ്യത്തെ പരാജയപ്പെടുത്തുകയും ചെയ്യും”. പക്ഷേ കേരളത്തിലെ മുസ്‌ലിം സ്ത്രീകൾ നടത്തിയ സമരത്തിലെ ഒരു മുദ്രാവാക്യം അവർ കാണാതെ പോയിട്ടുണ്ടാവും. അതിങ്ങനെ ആയിരുന്നു; “ഞങ്ങളുടെ മുദ്രാവാക്യങ്ങൾ ഞങ്ങൾ തീരുമാനിക്കും; നിങ്ങൾ മിണ്ടാതിരിക്കൂ! #അല്ലാഹുഅക്ബർ”.

ഇന്ത്യയിൽ മുസ്‌ലിങ്ങൾക്കെതിരെ വംശഹത്യകൾ നടക്കുന്ന ഘട്ടത്തിൽ ഒരു ഭരണകൂട സിദ്ധാന്തം/നയം/സ്വത്വം എന്ന നിലയിൽ മതേതരത്വവും നിരീശ്വരവാദവും (ഹിന്ദു നാമധാരിയായ സവർണ ജാതിക്കാരന്റെ) ഉൾവഹിച്ച അർത്ഥമെന്തായിരുന്നു? മുസ്‌ലിങ്ങളെയും അവരുടെ വിശുദ്ധ ഗ്രന്ഥത്തെയും പരിഹസിക്കുന്ന, ഇടതുപക്ഷമെന്ന് വാദിക്കുന്ന (ബ്രാഹ്മണ) നിരീശ്വരവാദികൾ നിർവ്വഹിച്ച ധർമ്മമെന്തായിരുന്നു? എന്ത് കൊണ്ടാണ് മുസ്‌ലിംകളുടെ മതപരത ഈ ആളുകൾക്ക് അങ്ങേയറ്റം മോശവും ഭീകരവും ആയി തോന്നുന്നത്? കുറച്ചു നാളായി എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങളാണിവ.

ജാമിഅ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിലെ പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരത്തെക്കുറിച്ച് മുദ്ദസിർ അമീനും സമ്രീൻ മുഷ്താഖും എഴുതിയ “To Invoke Allah or Not” എന്ന ലേഖനത്തിൽ, അമുസ്‌ലിം വിദ്യാർത്ഥികൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുമ്പോൾ മുസ്‌ലിം വിദ്യാർത്ഥികളുടെ ‘അല്ലാഹു അക്ബർ’ മുദ്രാവാക്യത്തിൽ പ്രകോപിതരാകുന്നതും ‘വർഗീയ മുദ്രാവാക്യം’ വിളിച്ചതായി ആരോപിക്കുന്നതും കാണാം. മാത്രമല്ല, “‘നമുക്ക് ഒന്നിച്ചുനിൽക്കാം’, ‘മുന്നേറ്റത്തിന് വർഗീയ നിറം നൽകരുത്’, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് വിളിക്കാൻ ഞങ്ങൾ അനുവദിക്കില്ല” തുടങ്ങിയ പ്രസ്താവനകളും ഈ ഇടതുലിബറൽ വിദ്യാർത്ഥികൾ നടത്തിയതായി ലേഖകർ ചൂണ്ടിക്കാട്ടുന്നു. ലേഖകർ ചോദിക്കുന്നു; “ഇടത് ലിബറലുകളുമായി ഐക്യം സാധ്യമാക്കുന്നതിന് മുസ്‌ലിം സ്വത്വ പ്രകാശനം അടക്കിവെക്കേണ്ട കാര്യമെന്താണ്? ഇത് ജാമിഅയുടെ വിഷയത്തിൽ മാത്രമുള്ള കാര്യമല്ല, അതിനപ്പുറമുള്ളതാണ്. ലിബറലുകളിൽ നിന്നുള്ള ഐക്യദാർഢ്യം സോപാധികമാണ്. കാരണം മുസ്‌ലിംകൾ മൗലികമായി ഇല്ലിബറൽ ആണെന്ന് അവർ കരുതുന്നു. ലിബറലുകൾ രാജ്യത്തിന്റെ ബഹുസ്വരതയുടെ മേന്മകളെ കുറിച്ച് വാതോരാതെ സംസാരിക്കും. എന്നാൽ, മുസ്‌ലിങ്ങളുടെ ഭാഗത്തുനിന്ന് മതപരമായി തങ്ങളുടെ സ്വത്വത്തെ മുൻനിർത്തി എന്തെങ്കിലും വാദങ്ങൾ ഉണ്ടായാൽ അത് ഇന്ത്യയുടെ മതേതര ഘടനയ്ക്ക് കോട്ടമാകും എന്നാകും അവരുടെ നിലപാട്”.

അവരുടെ ചോദ്യങ്ങളിൽ വിശകലന വിധേയമാക്കാൻ ഏറെയുണ്ട്. ഇടത് ലിബറലുകളും വലതുപക്ഷ/മുഖ്യധാരാ ഇന്ത്യൻ ഹിന്ദുക്കളും മുസ്‌ലിംകൾക്കെതിരായ വ്യവസ്ഥാപിതവും ക്രൂരവുമായ അക്രമങ്ങളെ മറച്ചുവെക്കാനാണ് മുസ്‌ലിംകളെ സംബന്ധിച്ച പരാമർശങ്ങളിൽ ‘വർഗീയത/സാമുദായികത’ (Communalism) എന്ന വാക്ക് ഉപയോഗിക്കുന്നതെന്ന് കാണാൻ സാധിക്കും. മുസ്‌ലിംകൾക്ക് നേരെയുള്ള ചരിത്രപരവും ഘടനാപരവുമായ അതിക്രമം എന്നതിലുപരി, ‘ഒരേ നിലയിൽ കളിക്കളത്തിലുള്ള ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലുള്ള മറ്റൊരു അഭിപ്രായവ്യത്യാസം മാത്രമാണിത്’ എന്ന മിഥ്യയെയാണ് ഇത് ഉയർത്തിക്കാട്ടുന്നത്. ഇന്ത്യ ഒരു ബ്രാഹ്മണ്യ രാഷ്ട്രമാണ്. ആര്യസമാജമെന്ന ഹിന്ദു പരിഷ്കരണ പ്രസ്ഥാനവും ഹിന്ദുത്വ ദേശീയവാദ മിലിറ്റൻസികളും ഉദാഹരിക്കുന്നത് പോലെ അതിന്റെ മുസ്‌ലിം വിരുദ്ധതയ്ക്ക് 1947-നേക്കാളും പഴക്കമുണ്ട്. വംശഹത്യാപരമായ ഇസ്‌ലാമോഫോബിയ, ജാതീയത, ഇന്ത്യയുടെ ബ്രാഹ്മണ്യാടിത്തറയെ വെല്ലുവിളിക്കുന്ന എല്ലാ ന്യൂനപക്ഷ മതങ്ങളോടുമുള്ള വിദ്വേഷം എന്നിവ ഇല്ലാതാക്കിക്കൊണ്ട് മാത്രമേ ഇന്ത്യക്ക് മതേതരപരത അവകാശപ്പെടാൻ കഴിയൂ. 19-ാം നൂറ്റാണ്ടിനുശേഷം ഒരു മാറ്റവുമുണ്ടായിട്ടില്ല എന്ന് ഞാൻ അവകാശപ്പെടുന്നില്ല. ക്രിസ്റ്റഫർ ജാഫ്രെലോട്ട് പറയുന്നത് കാണുക; “ഇന്ന് നാം കാണുന്ന പുതിയ പ്രതിഭാസങ്ങൾ രണ്ട് തരത്തിലാണ്. അവയിൽ ചിലതിന്റെ അളവിലേ മാറ്റം സംഭവിച്ചിട്ടുള്ളൂ, സ്വഭാവത്തിലല്ല. ന്യൂനപക്ഷങ്ങൾക്കെതിരായ മിക്ക ആക്രമണങ്ങളിലും ഇത് ശരിയാണ്. അത് മുൻപും സംഭവിച്ചിരുന്നു. 2014-ന് ശേഷമുള്ള രാഷ്ട്രീയ അവസ്ഥാന്തരങ്ങൾ കാരണം (സ്വയം പ്രഖ്യാപിത) ഗോരക്ഷകരെ പോലെയുള്ള സംഘങ്ങൾ എളുപ്പത്തിൽ ശക്തി പ്രാപിക്കുകയും കൂടുതൽ വ്യവസ്ഥാപിതവും നിന്ദ്യവുമായിത്തീർന്നു”.

ക്രിസ്റ്റഫർ ജാഫ്രെലോട്ട്

ഇസ്‌ലാമോഫോബിയ വ്യവസ്ഥാപിതമായി  രൂക്ഷമാവുന്നത് ഇപ്പോഴാണെങ്കിലും ബ്രാഹ്മണ്യ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി എല്ലാകാലത്തും അതുണ്ടായിരുന്നു. ഇന്ത്യൻ ഇടതുപക്ഷം മുസ്‌ലിംകളുമായി ഇടപഴകുന്ന രീതികളെക്കുറിച്ച് ഇവിടെ കൃത്യമായ ഒരു വിശകലനം നടത്താൻ എനിക്ക് സാധിക്കില്ല. എങ്കിലും, മുസ്‌ലിങ്ങളുടെ (കൂട്ടായതോ അല്ലാത്തതോ) ഇഷ്ടത്തിന് അനുസരിച്ച് പ്രതിരോധത്തിന്റെ പരിധികളും വ്യവസ്ഥകളും രൂപപ്പെടുത്താൻ ഈ ‘സഖ്യകക്ഷികൾ’ അവരെ അനുവദിക്കാൻ തയ്യാറല്ലെന്ന് കാണാം. ഇടതു സഖ്യകക്ഷികൾ നിർണയിച്ചു വെച്ചതിൽ നിന്ന് വ്യത്യസ്തമായ വഴികളിൽ സംസാരിക്കുന്നവർക്ക് അവരിൽ നിന്ന് ഐക്യദാർഢ്യം പ്രതീക്ഷിക്കാൻ കഴിയില്ല.

പാശ്ചാത്യ രാജ്യങ്ങളിലായാലും ഏറെ മുസ്‌ലിം വിരുദ്ധമായ ഇന്ത്യയിലായാലും മുസ്‌ലിംകൾ സഹാനുഭൂതിയ്ക്കും ഐക്യദാർഢ്യത്തിനും യോഗ്യരാകണമെങ്കിൽ അടിയന്തിരമായി നാം ഉപേക്ഷിക്കേണ്ടത് നമ്മുടെ മതപരതയാണ്. ഒരു നാട്ടിലെ സവർണനോ അല്ലെങ്കിൽ വെള്ളക്കാരനോ മുസ്‌ലിം ആഘോഷങ്ങൾ ആഹ്ലാദപൂർവ്വം ആഘോഷിക്കുകയോ മുസ്‌ലിം സുഹൃത്തുക്കളെ കാണാനും ടൊറന്റോയിലോ ഡൽഹിയിലോ ബിരിയാണി കഴിക്കാൻ പോവുകയോ അല്ലെങ്കിൽ സോഷ്യൽ മീഡിയകളിൽ സൂഫി ഗാനങ്ങൾ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്ന രീതിയിൽ കേവലമൊരു സംസ്കാരമായി ഇസ്‌ലാം ചുരുങ്ങുമ്പോൾ മാത്രമേ ഇസ്‌ലാമിനെ സഹിഷ്ണുതയോടെ പരിഗണിക്കുന്ന ഒരു സമയം വരികയുള്ളൂ. ഇസ്‌ലാം ഇല്ലാത്ത ഒരു മുസ്‌ലിമിനെ അംഗീകരിക്കുന്നതിനെപ്പറ്റിയുള്ള മാനദണ്ഡങ്ങളാണിവ. മഹ്മൂദ് മംദാനിയുടെ ‘നല്ല മുസ്‌ലിം ചീത്ത മുസ്‌ലിം’ എന്ന പുസ്തകത്തിൽ പറയുന്ന പോലെ, മോശം മുസ്‌ലിമിനെ (ഇസ്‌ലാം ആചരിക്കുന്ന മുസ്‌ലിം, ആ ഇസ്‌ലാം ലിബറലുകളെ സംബന്ധിച്ച് എന്തായാലും) മരിച്ചാൽ മാത്രമേ അംഗീകരിക്കാൻ കഴിയൂ.

ഇസ്‌ലാമിനെ അതിന്റെ എല്ലാ ബഹുത്വത്തിലും ഒരു ജീവിതരീതിയായും മനസ്സിലാക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം, ചെറിയ സുഹൃദ്‌വലയത്തിനും ബന്ധുക്കൾക്കും മറ്റ് സമുദായ അംഗങ്ങൾക്കും പുറമെ ഏതെങ്കിലും തരത്തിലുള്ള പരിചരണം (ഐക്യദാർഢ്യമോ, സഖ്യമോ, സൗഹൃദമോ ആകട്ടെ) ലഭിക്കുമെന്ന പ്രതീക്ഷ നന്നേ കുറവാണ്. ഇന്ത്യയിലായാലും കാനഡയിലായാലും അമേരിക്കയിലായാലും, ആധുനിക ദേശരാഷ്ട്രങ്ങളിൽ കൊളോണിയൽ, വംശീയ, ജാതീയ ശ്രേണികൾ ദൃഢമാക്കാനുള്ള മാർഗമെന്ന നിലയിൽ മതപരത കുറച്ചു കൊണ്ടുള്ള ദേശീയ മതേതരത്വം പ്രകടിപ്പിക്കുന്ന പദ്ധതി വംശഹത്യാപരമായ മുന്നോട്ടുപോക്കാണ്. ഭൂഖണ്ഡങ്ങളിലുടനീളമുള്ള തദ്ദേശീയരായ ജനതകളെ കീഴടക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള ക്രിസ്ത്യൻ, സവർണജാതികളുടെ അധിനിവേശ പദ്ധതികളാണ് അടിസ്ഥാനപരമായി ക്രിസ്ത്യനും (വടക്കേ അമേരിക്കയിൽ) ബ്രാഹ്മണികവുമായി (ഇന്ത്യയിൽ) തുടരുമ്പോഴും മതേതരമെന്നു തോന്നിക്കുന്ന രാഷ്ട്ര ഭരണകൂട സ്ഥാപനങ്ങളിലൂടെ നടക്കുന്നത്.

അതിനാൽ (മതമുള്ള) മുസ്‌ലിമിന്റെ ഈ രൂപം, ഇന്ത്യയെപ്പോലുള്ള കോളനിയാനന്തരം എന്ന് കരുതപ്പെടുന്ന ദേശരാഷ്ട്രങ്ങളിലും പാശ്ചാത്യൻ ദേശരാഷ്ട്രങ്ങളിലും ഏറ്റവും വെറുക്കപ്പെടുന്നതും വില്ലനാക്കപ്പെടുന്നതുമായ ഒന്നാണ്. ദക്ഷിണേഷ്യക്കാരെ സംബന്ധിച്ചിടത്തോളം, മുസ്‌ലിം വിരുദ്ധതയും ജാതീയതയും ബ്രാഹ്മണ്യ മേധാവിത്വം തിരികെ കൊണ്ടുവരാനും സവർണതയും കോളനിവാഴ്ചയും നിലനിർത്തുന്നതിലും സജീവ പങ്കാളിത്തം വഹിക്കുന്ന രണ്ട് പ്രധാന വഴികളാണ്. ഉദാഹരണത്തിന്, പ്രേമ കുര്യൻ (2004) എഴുതിയതുപോലെ, 9/11 ന് ശേഷം മുസ്‌ലിം കുടിയേറ്റക്കാരിൽ നിന്ന് ഹിന്ദുക്കളെ വേർതിരിക്കുന്നതിന് ‘ഹിന്ദു മതത്തിന്റെ സഹിഷ്ണുതയും ബഹുസ്വരതയും’ എന്ന ആശയം നിരന്തരം ഉയർത്തിക്കാട്ടേണ്ടതിന്റെ ആവശ്യകത പ്രവാസികളായ പല ഹിന്ദുക്കൾക്കും തോന്നിത്തുടങ്ങി. മുസ്‌ലിംകൾ യഥാർത്ഥത്തിൽ തീവ്രവാദികളാണെന്ന വെള്ളക്കാരുടെയും ബ്രാഹ്മണരുടെയും സങ്കൽപ്പങ്ങൾക്ക് കരുത്ത് പകർന്നുകൊണ്ട്, രാജ്യത്തും ഭരണകൂട സ്ഥാപനങ്ങൾക്കുള്ളിലും ‘നല്ലവരും മാന്യരുമായ’ തദ്ദേശീയർ (brown) തങ്ങളാണെന്ന് സ്വയം സ്ഥാപിക്കാൻ അവർ ശ്രമിച്ചു. ‘മുസ്‌ലിം ശരീരങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്തുന്നത് വെള്ള കുടിയേറ്റ കൊളോണിയൽ ഭരണകൂടത്തിന്റെ പാരമ്പര്യമാണ്. അവർ പ്രദേശത്തെ തദ്ദേശീയരെ തീവ്രവാദികളായി മുദ്രകുത്തുന്നത് തുടരുകയും അവരെ ഇല്ലാതാക്കാനും കൊല്ലാനും തുടർന്നും ലക്ഷ്യം വെക്കുകയും ചെയ്യുന്നു’; ഇങ്ങനെ മനസ്സിലാക്കിയാൽ ഇവ കേവല മുസ്‌ലിം വിരുദ്ധം മാത്രമല്ല, തദ്ദേശീയ വിരുദ്ധം കൂടിയാണെന്നു പറയാൻ കഴിയും. കറുപ്പ് വിരോധവും (anti-blackness) ഇതിന്റെ ഭാഗമാണ്, ജാതിയും കറുപ്പ് വിരോധവും എങ്ങനെ പരസ്പരം നിലനിർത്തുന്നു എന്നതിനെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്.

റോബർട്ട് ജോൺസ് ജൂനിയർ (സൺ ഓഫ് ബാൾഡ്വിൻ)

19-ാം നൂറ്റാണ്ടിലെ അമേരിക്കൻ സാഹിത്യത്തിലെ വൈകാരികാനുഭവത്തിന്റെ സംസ്ക്കാരം ജീവിതത്തിന്റെ വംശീയമായ ശ്രേണികളെ ഉയർത്തിപ്പിടിക്കാൻ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശകലനം ചെയ്യവേ സൈൻ യാവോ (Xine Yao – 2021) പ്രശസ്ത സോഷ്യൽ മീഡിയ നിരൂപകനായ സൺ ഓഫ് ബാൾഡ്വിൻ എന്ന റോബർട്ട് ജോൺസ് ജൂനിയറിന്റെ ഒരു ചെറിയ ലേഖനത്തെ/കഥയെ പരാമർശിക്കുന്നുണ്ട്. ഒരു കറുത്ത പോലീസുകാരന്റെ വെടിയേറ്റ വെള്ളക്കാരിയോട് സൺ ഓഫ് ബാൾഡ്‌വിൻ സഹതാപം പ്രകടിപ്പിക്കാൻ വിസമ്മതിക്കുകയും അതിന് കടുത്ത തിരിച്ചടി നേരിടുകയും ചെയ്ത സന്ദർഭം യാവോ ഉദ്ധരിക്കുന്നു; “വെള്ളക്കാർക്ക് വേദനിക്കുന്ന സന്ദർഭങ്ങളിൽ എപ്പോഴും അത് മനസ്സിലാക്കുന്നവരും സാന്ത്വനിപ്പിക്കുന്നവരും അല്ലെങ്കിൽ എപ്പോഴും മമ്മിയോ അങ്കിൾ റെമൂസോ ആകാനുള്ളവരോ, അനുശോചനം അറിയിക്കാൻ മാത്രമുള്ളവരോ, വിധേയത്വം കൊണ്ടുനടക്കേണ്ടവർ മാത്രമോ ആണ് കറുത്തവർഗ്ഗക്കാർ എന്നാണ് മിക്ക വെള്ളക്കാരുടെയും സങ്കല്പം; എന്നാൽ പ്രശ്നം നേരെ മറിച്ചാവുമ്പോൾ ഇപ്പറഞ്ഞതൊക്കെ വെള്ളക്കാരന് ബാധകമാവില്ല – മിക്ക വെള്ളക്കാരും ഇപ്പോഴും ഞങ്ങളെ (blacks) അവരുടെ സ്വത്തായി കാണുന്നതുപോലെ. സാഹചര്യം മറിച്ചാകുമ്പോൾ, സഹാനുഭൂതിയും പരിഗണനയും കറുത്തവർഗ്ഗക്കാരന് ആവശ്യമായി വരുമ്പോൾ, പെട്ടെന്ന് നാം ഈ വെള്ളക്കാർ മുമ്പ് പറഞ്ഞതിന് വിപരീതമായി മാറും. ആ ഘട്ടത്തിൽ, അവർ നമ്മെ അധാർമികരും അക്രമാസക്തരും കുറ്റവാളികളും മനുഷ്യത്വമില്ലാത്തവരും അയോഗ്യരും ആയി വിലയിരുത്തും. (Son of Baldwin, cited in Yao, 2021, 2)

‘വെളുത്ത വികാരങ്ങളെ’ അമേരിക്കൻ രാഷ്ട്രീയത്തിന്റ (വലതുപക്ഷമോ ലിബറൽ ഇടതുപക്ഷമോ ആകട്ടെ) കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്നതിനെ സൺ ഓഫ് ബാൾഡ്‌വിൻ എതിർക്കുമ്പോൾ, യാവോ സവർണാധിപത്യ ഗ്രൂപ്പുകൾ മുന്നോട്ടുവെക്കുന്ന ഐക്യദാർഢ്യത്തിന്റെ വ്യവസ്ഥകളെക്കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. വെള്ളക്കാരും പ്രബലജാതിക്കാരുമായ ആളുകൾ അനുഭവിക്കുന്നുവെന്ന് പറയപ്പെടുന്ന വേദനകളോടും യാതനകളോടും എപ്പോഴും സഹാനുഭൂതി കാണിക്കണമെന്നത് മർദ്ദിത വിഭാഗങ്ങൾ വെള്ളക്കാരുടെ സഹതാപം അർഹിക്കുന്നവരായി അംഗീകരിക്കപ്പെടാനുള്ള നിബന്ധനയായി മുന്നോട്ടുവെക്കപ്പെടുന്നു. യാവോ എഴുതുന്നു; “തങ്ങളുടെ വികാരപ്രകടനങ്ങളോടും മനുഷ്യത്വത്തോടുമുള്ള സോപാധികമായ സ്വീകാര്യതയെ നഷ്ടപ്പെടുത്താതെ സഹാനുഭൂതിയില്ലാത്തവരാവാനുള്ള പ്രിവിലേജ് പാർശ്വവൽകൃത വിഭാഗങ്ങൾക്കില്ല”.

മുസ്‌ലിംകൾക്കും, ഐക്യദാർഢ്യത്തിന് അർഹമായ ഒരു മനുഷ്യനെന്ന നിലയിൽ ഇടത്പക്ഷത്തിന് നമ്മെ നാമമാത്രമായെങ്കിലും പരിഗണിക്കണമെങ്കിൽ അതിനു മുമ്പ് ഈ വിവിധ അധീശത്വ വിഭാഗങ്ങളുടെ വികാരങ്ങളോട് ആദ്യം സഹതാപം പ്രകടിപ്പിക്കേണ്ടതുണ്ട്. സഹാനുഭൂതിയുള്ളവരായി അവതരിക്കണമെങ്കിൽ ഇസ്‌ലാമിനെ ഒരു ജീവിതമാർഗമെന്ന നിലയിൽ നമ്മുടെ ജീവിതത്തിൽ നിന്ന് പുറന്തള്ളേണ്ടത് ആവശ്യമായി വരുന്നു. ഖുർആൻ, ഹിജാബ്, തൊപ്പി, മസ്ജിദ്, പ്രാർത്ഥനകൾ, അല്ലെങ്കിൽ തൗഹീദിലുള്ള വിശ്വാസം എന്നിവ നമ്മുടെ അപകളനീകരണ-ജാതിവിരുദ്ധ പ്രവർത്തനങ്ങളുടെ അടിസ്ഥാനമാണെങ്കിലും അതെല്ലാം മറച്ചുവെക്കുകയോ ലിബറൽ ഇടതുപക്ഷത്തിന് ക്ഷമിക്കാൻ കഴിയുന്ന നിബന്ധനകൾക്കുള്ളിൽ മാത്രം നിലനിർത്തുകയോ വേണം. ഉദാഹരണത്തിന്, സവർണരും വെളുത്ത ഫെമിനിസ്റ്റുകളും ലോക ഹിജാബ് ദിനത്തിൽ ഹിജാബ് ധരിക്കുകയും, കൂടാതെ മുസ്‌ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നതിനെ ഫെമിനിസ്റ്റ് സ്വാതന്ത്ര്യമായും സ്ത്രീകൾക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശത്തിന്റെ ഭാഗമായും മനസ്സിലാക്കും. ഇതാണ് ലിബറൽ ഭീഷണികളിൽ നിന്ന് രക്ഷപെടാനുള്ള ആദ്യപടിയെങ്കിൽ രണ്ടാമതായി വെള്ളക്കാരോടും സവർണ്ണ ലിബറലുകളോടും അനുഭാവമുള്ളവരായി മാറാനുള്ള ഒരേയൊരു മാർഗ്ഗം, ഇസ്‌ലാമിന്റെ ഗ്രാഹ്യങ്ങളിൽ നിന്ന് സ്വയം രക്ഷനേടുകയും മതാധിഷ്ഠിത അനുഷ്ഠാനങ്ങളെ നവലിബറൽ മുതലാളിത്ത ആഖ്യാനങ്ങളിൽ ലയിപ്പിക്കാനും അനുവദിക്കുക എന്നതാണ്. മുസ്‌ലിംകളും അവരുടെ ജീവിതവും സമരങ്ങളുമൊക്കെ ഇടതുപക്ഷത്തിന് -അവർ വംശീയ വിരുദ്ധരോ, കൊളോണിയൽ വിരുദ്ധരോ, ജാതിവിരുദ്ധരോ, മാർക്‌സിസ്റ്റുകളോ മറ്റെന്തെങ്കിലുമാകട്ടെ- വിദൂരമായെങ്കിലും വ്യക്തമാകുന്നത് അങ്ങനെയാണ്. അതുകൊണ്ടാണ്, കാശ്മീരി മുസ്‌ലിങ്ങളോടുള്ള എന്റെ ഐക്യദാർഢ്യവും സർവ്വകലാശാലയോടുള്ള വിരുദ്ധ നിലപാടുമൊക്ക ഉണ്ടായിരിക്കേ,  ഇസ്‌ലാം എന്ന ‘കറുപ്പിനാൽ’ ഞാനെങ്ങനെ വഞ്ചിക്കപ്പെട്ടു എന്നത് മാത്രം ഈ മാർക്സിസ്റ്റ് പ്രൊഫസർമാരെ സംബന്ധിച്ച് സുപ്രധാന വിഷയമായി മാറുന്നത്. അതുകൊണ്ടാണ് ബ്രാഹ്മണ നിരീശ്വരവാദിക്കും അയാളുടെ ദലിത് വക്താവിനും എന്നെ ശാസിക്കേണ്ടതിന്റെയും നേരിടേണ്ടതിന്റെയും ആവശ്യകത തോന്നിയത്. പുസ്തകങ്ങൾ, ഇവന്റുകൾ, ലോകത്തെക്കുറിച്ചുള്ള വിമർശനങ്ങൾ എന്നീ മേഖലകളിൽ ഞാൻ പങ്കുവെക്കുന്ന വിവരങ്ങൾക്ക് വേണ്ടി എന്റെ ഫേസ്ബുക്ക് സന്ദർശിക്കൽ അവരെ സംബന്ധിച്ച് നല്ലതാണ്. പക്ഷേ, ഖുർആനിലെ ഒരു വാക്യം പോസ്റ്റ് ചെയ്ത നിമിഷം, അറിയാവുന്നവരും പരിചിതരുമായ ആൾ ആയിരുന്നിട്ടും പൊടുന്നനെ ഞാൻ അവർക്ക് ഒരു വെല്ലുവിളിക്കപ്പെടേണ്ട ഭീഷണിയോ അന്യയോ ആയി മാറി.

ജാതിയെക്കുറിച്ച് കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. പടിഞ്ഞാറിന്റെ മുഖ്യധാരയിലും സമാന്തര സ്ഥാപിത ഇടങ്ങളിലും മുസ്‌ലിംകളോട് ചേർത്തുപറയാറുള്ള സ്വേച്ഛാധിപത്യം, സ്വവർഗവിരോധം, സ്ത്രീവിരുദ്ധത, പാശ്ചാത്യ വ്യവഹാരങ്ങളോടുള്ള വെറുപ്പ് എന്നിവയേക്കാൾ കൂടുതലാണ് അല്ലാഹു അക്ബർ മുദ്രാവാക്യങ്ങളോടും ഞാൻ പോസ്റ്റ്‌ ചെയ്ത ഖുർആൻ വാക്യങ്ങളോടുമുള്ള അവജ്ഞ. ഇസ്‌ലാമോഫോബിയയും പാകിസ്ഥാൻ വിരുദ്ധ വികാരവുമാണ് അധീശ ജാതി ഹിന്ദുക്കൾ സ്വയം ഇന്ത്യൻ പ്രജകളായി നിർവ്വചിക്കുന്നതിന്റെയും മറ്റുള്ളവരെ ദേശദ്രേഹികളായി മുദ്രകുത്തുന്നതിന്റെയും അടിസ്ഥാനം. മറ്റൊരിടത്ത് ഇതേക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. ദക്ഷിണേഷ്യയുടെയും ദക്ഷിണേഷ്യൻ പ്രവാസികളുടെയും പശ്ചാത്തലത്തിൽ, മുസ്‌ലിം വിരുദ്ധനാവുകയെന്നാൽ ജാതിവാദിയാവുക എന്നത് കൂടിയാണ്. ജാതി എന്നത് ശ്രേണീകരിക്കപ്പെട്ട ഒരു അസമ വ്യവസ്ഥയായതിനാൽ, ഒരാൾക്ക് ജാതീയമായി അടിച്ചമർത്തപ്പെട്ട അമുസ്‌ലിം വിഷയി ആയിക്കൊണ്ടു തന്നെ അവരുടെ ഇസ്‌ലാമോഫോബിയയിലൂടെ ഭരണകൂട സംവിധാനങ്ങളിലെ ആധിപത്യത്തിനായി മത്സരിക്കാനും കഴിയും. ഇതെഴുതുന്ന വേളയിൽ, ദലിത് ചിന്തകനായ സൂരജ് യെങ്‌ഡെയുടെ ‘ഇന്ത്യൻ മുസ്‌ലിങ്ങൾ ദലിത് നേതൃത്വത്തിന് വോട്ട് ചെയ്യുന്നില്ലെ’ന്നുള്ള ട്വീറ്റിനെച്ചൊല്ലി ട്വിറ്ററിൽ വളരെയധികം കോലാഹലങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മുസ്‌ലിംകളെ സംബന്ധിച്ച് തീർത്തും വംശഹത്യാപരമായ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ദലിത്-ബഹുജനങ്ങൾ ലയിച്ചുചേരുന്ന അവസ്ഥയെ സൗകര്യപൂർവ്വം അദൃശ്യമാക്കുകയാണ് യെങ്ഡെ ചെയ്യുന്നത്. യെങ്‌ഡെയുടെ നിരന്തരമായ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളെക്കുറിച്ചും ക്രിസ്ത്യൻ വിരുദ്ധ പ്രസ്താവനകളെക്കുറിച്ചും ഒരുപാട് പറയാനുണ്ട്. റെമി ഡെലയ്ഗയെ (Rémy Delage) പോലുള്ള പണ്ഡിതർ ചൂണ്ടിക്കാണിച്ചപോലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ദലിതരും ജാതീയമായി അടിച്ചമർത്തൽ നേരിട്ട മറ്റ് ജനവിഭാഗങ്ങളുമാണ് ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്ത ഭൂരിഭാഗവുമെന്ന വസ്തുതയിൽ നിന്ന് ശ്രദ്ധതിരിക്കുന്നതാണ് മുസ്‌ലിംകൾക്കെതിരായ ഈ ആരോപണങ്ങൾ. അവസാനം എനിക്ക് മുന്നോട്ടുവെക്കാനുള്ള ചോദ്യം ഇതാണ്; ഇവിടുത്തെ പ്രബല ജാതിയിലുള്ളവരും യെങ്‌ഡെയെപ്പോലുള്ള അമുസ്‌ലിം ദലിതരും ബ്രാഹ്മണ നിരീശ്വരവാദിയായ എന്റെ സുഹൃത്തുമൊക്കെ ഇന്ത്യൻ മുസ്‌ലിംകൾ ബ്രാഹ്മണ്യ ഭരണകൂടത്തിന്റെ വംശഹത്യാ പദ്ധതിയുടെ വക്കിലാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കുന്നില്ലേ? മുസ്‌ലിങ്ങൾക്കെതിരായ വംശഹത്യയുടെ സൂചനകളും പ്രക്രിയകളും ഇന്ത്യയിലുണ്ടെന്ന് വ്യക്തമായ വസ്തുതകളെ അടിസ്ഥാനമാക്കി വിദഗ്ധർ അവകാശപ്പെടുന്നു. കടുത്ത മുസ്‌ലിം വിരുദ്ധനായിരിക്കുമ്പോൾ തന്നെ ജാതി വിരുദ്ധനാണെന്ന് അവകാശപ്പെടുന്നതിന്റെ അർത്ഥമെന്താണ്? ‘മതേതര വിരുദ്ധനും അപകടകാരിയുമായ മുസ്‌ലിം’ എന്ന ചിത്രീകരണത്തെ കൈകാര്യം ചെയ്യാതെ ഇന്ത്യയിലും പുറത്തുമുള്ള ജാതീയതയെ ഫലപ്രദമായി അഭിസംബോധന ചെയ്യാൻ കഴിയുമോ?


ഒരു പാകിസ്ഥാനി ഷിയാ മുസ്‌ലിം ഫെമിനിസ്റ്റ് പണ്ഡിതയാണ് ലേഖിക. സാൻ ഡിയേഗോയിലെ കാലിഫോർണിയ സർവകലാശാലയിലെ എത്‌നിക് സ്റ്റഡീസ് വിഭാഗത്തിൽ ക്രിട്ടിക്കൽ മുസ്‌ലിം സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. വിവർത്തനം: അംജദ് കരുനാഗപ്പള്ളി, കടപ്പാട്: Political Theology.com.

ഷായിസ്ത പട്ടേൽ

ഒരു പാകിസ്ഥാനി ഷിയാ മുസ്‌ലിം ഫെമിനിസ്റ്റ് പണ്ഡിതയാണ് ഷായിസ്ത അബ്ദുൽ അസീസ് പട്ടേൽ. സാൻ ഡിയാഗോയിലെ കാലിഫോർണിയ സർവകലാശാലയിലെ എത്‌നിക് സ്റ്റഡീസ് വിഭാഗത്തിൽ ക്രിട്ടിക്കൽ മുസ്‌ലിം സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.

ഷായിസ്ത പട്ടേൽ

ഒരു പാകിസ്ഥാനി ഷിയാ മുസ്‌ലിം ഫെമിനിസ്റ്റ് പണ്ഡിതയാണ് ഷായിസ്ത അബ്ദുൽ അസീസ് പട്ടേൽ. സാൻ ഡിയാഗോയിലെ കാലിഫോർണിയ സർവകലാശാലയിലെ എത്‌നിക് സ്റ്റഡീസ് വിഭാഗത്തിൽ ക്രിട്ടിക്കൽ മുസ്‌ലിം സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.