Campus Alive

ബിജെപിയാനന്തര ഇന്ത്യൻ സാമൂഹികഘടനയിലെ മുസ്‌ലിം സ്ഥാനം; ദലിതർക്കുള്ള താക്കീത്

ഹിന്ദു ജാതിവ്യവസ്ഥയുടെയും മറ്റു മത-സാമൂഹിക വിഭാഗങ്ങളും അടങ്ങുന്ന ഇന്ത്യൻ സമൂഹത്തിന്റെയും ഏറ്റവും അടിത്തട്ടിൽ കാലങ്ങളോളമുണ്ടായിരുന്നത് ദലിതരായിരുന്നു. ഒരു സാങ്കല്പിക കെട്ടിടമെന്ന നിലയിൽ സമൂഹത്തിന്റെ മുകൾ നിലകളും അതിനു കീഴെയുള്ള നിലകളും മേൽജാതി ഹിന്ദു വിഭാഗങ്ങൾക്കും ശേഷം മുസ്‌ലിങ്ങൾക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കിടയിലും ആയിരുന്നു വിതരണം ചെയ്യപ്പെട്ടിരുന്നതെങ്കിൽ കെട്ടിടത്തിന്റെ ബേസ്മെന്റിലായിരുന്നു ദലിതർ അടങ്ങിയിരുന്നത്.

എന്നാലിപ്പോൾ സ്ഥിതിയതല്ല. 2014-ൽ കേന്ദ്രാധികാരത്തിലേക്കുള്ള ബിജെപിയുടെ രണ്ടാം കടന്നുവരവോടുകൂടി ഈ അടിസ്ഥാന മാതൃകയിൽ തന്നെ മാറ്റം (paradigm shift) സംഭവിച്ചിരിക്കുകയാണ്. ആൾക്കൂട്ട കൊലപാതകങ്ങളെ ഭരണകൂടങ്ങൾ കൈകാര്യം ചെയ്യുന്ന രീതി, കർണാടകയിലെ ഹിജാബ് നിരോധനം, നവരാത്രിദിവസം മാംസാഹാരം നിരോധിക്കണമെന്ന മുറവിളി, ബുൾഡോസറുകൾ മുസ്‌ലിംകളെ നിയന്ത്രിക്കുന്നതിന്റെ പ്രതീകമായി മാറിയത് തുടങ്ങിയ  വർത്തമാനകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കുറഞ്ഞത് രാഷ്ട്രവും രാഷ്ട്രസംവിധാനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തിലെങ്കിലും ഇന്ത്യൻ സാമൂഹിക ഘടനയുടെ ഏറ്റവും കീഴ്തട്ടിലുള്ള സമുദായമായി മുസ്‌ലിം സമുദായം മാറിക്കൊണ്ടിരിക്കുകയാണെന്ന് പറയാം.

ജാതിപോലോത്ത ജനനാധിഷ്ഠിതവും ശ്രേണീബദ്ധവും പുറന്തള്ളുന്നതുമായ ഏതൊരു സാമൂഹിക വ്യവസ്ഥിതിയുടെയും നിലനിൽപ്പിന്റെ അനിവാര്യ ഘടകമായി അതിന്റെ ഏറ്റവും കീഴ്തട്ടിന്റെ രൂപീകരണം മാറുന്നത് എപ്രകാരമാണെന്ന് അമേരിക്കൻ പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ഇസബെൽ വിൽ‌ക്കേഴ്‌സൺ വിശദമായി എഴുതുന്നുണ്ട്; “അവസാനസ്ഥാനം ഒഴിവാക്കാനുള്ള നിർമ്മിത സമരത്തിൽ കീഴ്ത്തട്ടിലുള്ളവരെ ഭിന്നിപ്പിച്ച് നിർത്തുകയെന്നത് ജാതി വ്യവസ്ഥയുടെ സമർത്ഥവും സ്വയം നിലനിർത്തുന്നതുമായ ഒരു ടൂളാണ്. സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തിൽ ജാതിശ്രേണിയുടെ അടുത്തടുത്ത ഘട്ടത്തിൽ ഉള്ളവർക്കിടയിലാണ് ഏറ്റവും വലിയ പിരിമുറുക്കം ഉണ്ടാകുന്നത്”. ഈ മത്സരം ഗ്രൂപ്പുകൾക്കകത്തും ഗ്രൂപ്പുകൾ തമ്മിലുമുള്ള സംഘർഷങ്ങളിലേക്ക് നയിക്കുന്നുവെന്ന് അവരഭിപ്രായപ്പെടുന്നു. ജാതി വ്യവസ്ഥയെ ബഹുനില കെട്ടിടത്തോട് താരതമ്യപ്പെടുത്തിക്കൊണ്ട് ഇസബെൽ എഴുതുന്നു; “അത്യാഹിത ഘട്ടത്തിൽ കഴിയുന്ന കീഴ്തട്ടിലുള്ളവരെ തങ്ങളുടെ ഒരേയൊരു മത്സരം പരസ്പരം മാത്രമാണെന്ന മിഥ്യാധാരണയും ഭയവും സൃഷ്ടിച്ചു കൊണ്ട് പരസ്പരം എതിരിടീപ്പിക്കാൻ ജാതിക്ക് കഴിയും”.

ജഹാംഗീർപുരിയിൽ മുസ്ലിം വീടുകൾ പൊളിച്ചുമാറ്റുന്നു

ബിജെപിയുടെ സാമൂഹിക പുനഃക്രമീകരണം

ഇന്ത്യാ രാഷ്ട്രം മുസ്‌ലിങ്ങളോട് കാണിക്കുന്ന ക്രൂരത ബിജെപി ഭരണത്തിന് ശേഷം ഉണ്ടായ പുതിയൊരു സംഗതിയല്ല. എന്നാൽ ഇത്തവണ അതിന് പുതിയ രൂപവും ഭാവവും രീതിയുമുണ്ട്. മന്ത്രിമാരുടെയും എം.പിമാരുടെയും എം.എൽ.എമാരുടെയും ബി.ജെ.പി നേതാക്കളുടെയുമൊക്കെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത് മുസ്‌ലിമിനെ ആക്രമിക്കുക എന്നത് ഒരു അപ്രഖ്യാപിത ഭരണകൂട നയമായി മാറിയിരിക്കുന്നുവെന്നാണ്. ഹിജാബ് നിരോധനത്തിന്റെ കാര്യത്തിലെന്നപോലെ, സ്റ്റേറ്റ് ആണ് ഇപ്പോൾ മുസ്‌ലിം വേട്ടക്ക് മുൻനിരയിൽ നിൽക്കുന്നത്. ഈയാഴ്ച ഡൽഹിയിലെ ജഹാംഗീർപുരിയിൽ നടന്ന ബുൾഡോസർ ഉപയോഗിച്ചുള്ള കുടിയൊഴിപ്പിക്കലുകളുടെ കാര്യവും ഇങ്ങനെത്തന്നെയാണ്. സുപ്രീം കോടതിയുടെ സ്റ്റേ ഓർഡറുണ്ടായിട്ട് പോലും ബി.ജെ.പിയുടെ നിർദ്ദേശമുള്ളതു കൊണ്ടാണ് ബി.ജെ.പിയുടെ തന്നെ നിയന്ത്രണത്തിലുള്ള നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എൻ.ഡി.എം.സി) ജഹാംഗീർപുരിയിൽ ബുൾഡോസിങ് തുടർന്നുകൊണ്ടുപോയത്. ആൾക്കൂട്ടക്കൊലപാതകത്തിലോ ആക്രമണങ്ങളിലോ പ്രതിയായവരെ ഭരണകക്ഷി നേതാക്കൾ നേരിട്ടാദരിക്കുന്നത് സാധാരണമാണിപ്പോൾ; വർഗീയ ചേരിതിരിവുകൾക്ക് മൗനാനുവാദ പിന്തുണയുടെ നാളുകളൊക്കെ കടന്നുപോയി.

മറ്റൊരു വ്യത്യാസം, രണ്ടാം ബി.ജെ.പി സർക്കാറിനു കീഴിൽ മുസ്‌ലിം സമുദായത്തിലെ ഉന്നതർ പോലും ഭരണകൂട സംവിധാനങ്ങളുടെ കടന്നാക്രമണം നേരിടുന്നുവെന്നതാണ്. അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ തുടങ്ങിയ മുസ്‌ലിം സ്ഥാപനങ്ങളെയും ഉന്നത മുസ്‌ലിം സംഘടനകളെയും ബി.ജെ.പി സർക്കാരും അതിന്റെ അനുബന്ധ സംഘടനകളും ഒരുമിച്ച് ഉന്നംവെയ്ക്കുന്നു. അസം ഖാൻ, മുഖ്താർ അൻസാരി തുടങ്ങിയ പ്രമുഖ മുസ്‌ലിം നേതാക്കളും കഫീൽ ഖാൻ, ഉമർ ഖാലിദ്, ഹാനി ബാബു, ഷർജീൽ ഇമാം തുടങ്ങിയ യുവപണ്ഡിതരും പ്രൊഫഷണലുകളും തടവിലാക്കപ്പെട്ടു. കഠിനവും കർക്കശവുമായ നിയമങ്ങളാണവർ നേരിട്ടുകൊണ്ടിരിക്കുന്നത്. കലാപങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും കൂടുതലും ബാധിക്കുന്നത് പീഡിതരെയും ദരിദ്രരെയുമാണ്. അതൊരു തുടർക്കഥയായിരിക്കുന്നു. എന്നാൽ, വിദ്യാസമ്പന്നരും നഗരവാസികളുമായ മുസ്‌ലിംകളെ ഉന്നംവെച്ചാക്രമിച്ച ഭരണകൂടം മുസ്‌ലിം മധ്യവർഗത്തെയാണ് അസ്വസ്ഥമാക്കിയത്.

ഏതൊരു അസമ സമൂഹത്തിനും ബാക്കിയുള്ളവരെ ഏകീകരിച്ചു നിർത്താൻ സാമൂഹിക ശ്രേണിയുടെ ഏറ്റവുമടിത്തട്ടിൽ സ്ഥിരമായൊരു അധമസമൂഹത്തെ നിലനിർത്തേണ്ടത് അനിവാര്യമാണ്. അങ്ങനെയൊരു പുനഃക്രമീകരണം നടത്തിക്കൊണ്ടിരിക്കുകയാണ് ബി.ജെ.പി ഇന്ത്യയിൽ.

‘അതിലും നന്നായി നിങ്ങളെ ഞങ്ങൾ നോക്കും’

എന്തിനാണ് ബി.ജെ.പി ഇങ്ങനെ ചെയ്യുന്നതെന്നതാണ് ചോദ്യം. തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ഹിന്ദു-മുസ്‌ലിം ബൈനറിയും സംഘർഷവും ഉണ്ടാക്കി ധ്രുവീകരികരണം ഉണ്ടാക്കുക ബി.ജെ.പിയുടെ പ്രധാന രാഷ്ട്രീയായുധമാണെന്നതാണ് ഏറെ ജനകീയമായ ഒരു വിശദീകരണം. ഈ വാദത്തിൽ കഴമ്പുണ്ട്, കാരണം ബിജെപിക്ക് തങ്ങളുടെ പ്രവർത്തകരെയും അനുഭാവികളെയും പ്രചോദിപ്പിച്ചു നിർത്താൻ വൈകാരികമായ ഒരു നിലമാവശ്യമാണ്. ഹിന്ദു-മുസ്‌ലിം ബൈനറിയിൽ ഇടപെടുന്നത് തീർച്ചയായും ബിജെപിക്ക് തിരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കുന്നുണ്ട്.

മറ്റൊരു വിശദീകരണമാണ് ഞാൻ നൽകാൻ ആഗ്രഹിക്കുന്നത്. ബി.ജെ.പി മുസ്‌ലിങ്ങളുടെ മനോവീര്യവും താൽപ്പര്യങ്ങളും തകർക്കുകയാണ്. അതേ സമയം, കീഴാള ഹിന്ദുക്കൾക്ക് മറ്റൊരു വാഗ്ദാനം മുന്നോട്ടുവെക്കുകയും ചെയ്യുന്നു.

മുസ്‌ലിങ്ങളെ പീഡിപ്പിക്കുന്ന ഈ പ്രക്രിയയിൽ, ഹിന്ദു സമൂഹത്തിലെ മർദ്ദിത ജാതികൾക്ക്, പ്രത്യേകിച്ച് ഒ.ബി.സികൾക്കും ദലിതർക്കും ഒരു തരത്തിൽ ആശ്വാസമേകുകയാണ് ബി.ജെ.പി. തങ്ങളേക്കാൾ കൂടുതൽ പ്രശ്‌നങ്ങളനുഭവിക്കുന്ന ഒരു സാമൂഹിക വിഭാഗമാണ് മുസ്‌ലിങ്ങളിപ്പോൾ എന്ന് അവരോട് പറയാതെ പറയുന്നു. അഥവാ, ഭരണകൂടം ദലിതരോട് നിഷ്കരുണവും നിസ്സംഗതയോടെയും പെരുമാറുന്നുണ്ടെങ്കിലും, താരതമ്യേനെ അതിനേക്കാൾ ഭീകരമായ പീഡനങ്ങളും അടിച്ചമർത്തലും നേരിടുന്ന മറ്റൊരു വിഭാഗവുമുണ്ട്.

ദലിതർക്ക് നൽകുന്ന സന്ദേശം

ദലിതരുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികൾ, മിശ്രഭോജനം, പാർട്ടിയിലും സർക്കാർ സംവിധാനങ്ങളിലുള്ള ദലിത് നേതാക്കളുമായി സഹകരിക്കുക, എസ്‌സി/എസ്‌ടി നിയമത്തിലെന്നപോലെ അവരുടെ സമ്മർദ്ദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വഴങ്ങിക്കൊടുക്കുക, അല്ലെങ്കിൽ അംബേദ്കറെയോ ഝൽകാരി ബായിയെയോ ഉദാ ദേവിയെയോ പോലുള്ള ദലിത് ഐക്കണുകളെ ആഘോഷിക്കുക തുടങ്ങി വിവിധ ദലിത് പരിപാടികൾ ബി.ജെ.പി നടപ്പാക്കുന്നു. തികച്ചും പ്രതീകാത്മകമായ നാട്യങ്ങളിലൂടെ (ശുചീകരണ തൊഴിലാളികളുടെ കാൽ കഴുകുന്നത് പോലെയുള്ള) ബി.ജെ.പി ദലിതരിലേക്കെത്തുകയാണ്. എന്നാലതേസമയം, ഈ പ്രവർത്തികളൊന്നും ഹിന്ദു ജാതി സാമൂഹിക ക്രമത്തെ അസ്ഥിരപ്പെടുത്താതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. ദലിതർ തങ്ങളുടെ കൂട്ടത്തിലുണ്ടാകണമെന്ന് ബിജെപി തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്, പക്ഷേ ഹിന്ദു ജാതി സാമൂഹിക ക്രമത്തിൽ അവരുടെ സ്ഥാനത്തിന് മാറ്റമുണ്ടാകാതെ ആവണമെന്നുമാത്രം. ഹിന്ദു ജാതി ശ്രേണിയുടെ കീഴ്തട്ട് നിർണയിക്കപ്പെട്ട പോലെ, ദലിതർ അതേ ശ്രേണിയിൽ തന്നെ തുടരണം, പക്ഷേ കീഴെയായിരിക്കണമെന്നു മാത്രം.

ശുചീകരണ തൊഴിലാളികളുടെ പാദം കഴുകുന്ന നരേന്ദ്ര മോദി

ഹിന്ദു ജാതി സാമൂഹിക ക്രമത്തിൽ ദലിതരുടെ സ്ഥാനം പഴയതുതന്നെയാവുമ്പോഴും, ഇന്ത്യൻ സാമൂഹിക ശ്രേണിയിൽ മുസ്‌ലിങ്ങളേക്കാൾ ഉയർന്നു നിൽക്കുന്ന പുതിയൊരു ക്രമം ഇത്തരം പ്രവർത്തനങ്ങളിലൂടെ ബി.ജെ.പി ദലിതർക്ക് വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയുടെ സാമൂഹിക ക്രമത്തിലെ ദലിതരുടെയും മുസ്‌ലിങ്ങളുടെയും സ്ഥാനം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. 2006-ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ‘ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥ ദലിതരേക്കാൾ മോശമാണെ’ന്നാണ് മുസ്‌ലിം നേതാക്കൾ അഭിപ്രായപ്പെടുന്നത്. ഈ വാദത്തിന്റെ അടിസ്ഥാനത്തിൽ ‘മുസ്‌ലിംകൾക്ക് തൊഴിൽ സംവരണം’ ഏർപ്പെടുത്തുന്ന ഒരു ബിൽ കൊണ്ടുവരാൻ  സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ 2012-ൽ ഗവൺമെന്റിനോടാവശ്യപ്പെട്ടിരുന്നു. ഒരു NSSO റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ക്രിസ്റ്റഫെ ജാഫ്രലോട്ട്, കലൈയരസൻ എന്നിവരെഴുതുന്നു: “2017-18 ൽ മുസ്‌ലിംങ്ങൾക്കിടയിൽ ബിരുദം നേടിയ യുവാക്കളുടെ അനുപാതം വെറും 14 ശതമാനമാണ്. ദലിതരിൽ ഇത് 18 ശതമാനവും ഹിന്ദു ഒ.ബി.സികളിൽ ഇത് 25 ശതമാനവുമാണ്. പക്ഷെ, മേൽ ജാതി ഹിന്ദുക്കളിൽ ഇത് 37 ശതമാനമാണ്”.

ഇങ്ങനെ ഇന്ത്യൻ ഭരണകൂടം ദലിതർക്ക് ആശ്വാസം നൽകിയതായി തോന്നുന്നു. ബി.ജെ.പിയുടെ നിലനിൽപ്പാകട്ടെ ഇതിനെ ആശ്രയിച്ചുമാണ്.


(ഇന്ത്യാ ടുഡേ ഹിന്ദി മാഗസിന്റെ മുൻ മാനേജിംഗ് എഡിറ്ററാണ് ലേഖകൻ)

വിവർത്തനം: അംജദ് കരുനാഗപ്പള്ളി, കടപ്പാട്: ദി പ്രിന്റ്

ദിലീപ് മണ്ഡൽ

ഗ്രന്ഥകാരൻ, മുൻ ഇന്ത്യാ റ്റുഡേ ഹിന്ദി മാഗസിൻ മാനേജിങ് എഡിറ്റർ