Campus Alive

ഇന്ത്യൻ രാഷ്ട്രീയവും രണാത്മക ആശയങ്ങളും: അപര വിദ്വേഷമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ല്

(Combat-Concepts In Indian Politics: Understanding Democracy As Politics Of Enmity എന്ന തലക്കെട്ടിൽ പോളിസ് പ്രൊജക്ട് പ്രസിദ്ധീകരിച്ച ലേഖനം, ഒന്നാം ഭാഗം)


ഇന്ത്യൻ രാഷ്ട്രീയത്തെ മനസ്സിലാക്കാൻ വ്യത്യസ്തമായ ഒരു പുതിയ രീതിശാസ്ത്രം അവതരിപ്പിക്കുകയാണ് ഇവിടെ. രണാത്മക ആശയം (Combat concept) എന്ന പുതിയ രീതിശാസ്ത്രത്തിലൂടെ വിശകലനങ്ങളിൽ അദൃശ്യമാക്കപ്പെട്ട, എന്നാൽ ജീവിതത്തിലുടനീളം സർവ്വവ്യാപിയായി ചൂഴ്ന്നു നിൽക്കുന്ന രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖം നമുക്ക് കാണാൻ സാധിക്കും. ‘സ്വാധീനശക്തിയുള്ള’ നേതാക്കളാൽ നിർണയിക്കപ്പെട്ട കാലഘട്ടങ്ങൾ, അധികാരത്തിലിരുന്ന പാർട്ടികൾ, വ്യക്തികൾ തുടങ്ങിയവ തമ്മിലുള്ള കിടമത്സരങ്ങൾ എന്ന നിലക്കാണ് സാധാരണയായി നാം രാഷ്ട്രീയത്തെ മനസ്സിലാക്കാറുള്ളത്. അതുകൊണ്ടുതന്നെ, കോൺഗ്രസ്സും ബി.ജെ.പിയും, വാജ്‌പേയിയും മൻമോഹൻ സിങും, നെഹ്‌റു കാലഘട്ടവും മോദി യുഗവും തുടങ്ങിയ ദ്വന്ദങ്ങൾ ആണ് സാധാരണ ഗതിയിൽ രാഷ്ട്രീയം എന്നതിന്റെ  വിവക്ഷ. എന്നാൽ, പ്രത്യക്ഷ്യത്തിൽ പ്രതിയോഗികൾ എന്ന് തോന്നുന്നവർ തമ്മിലുള്ള, സ്പഷ്ടമായി കാണാൻ കഴിയാത്ത സമാനതകൾ കണ്ടെത്താൻ രണാത്മക ആശയത്തെ മുൻനിർത്തിയുള്ള വിശകലനത്തിലൂടെ സാധിക്കും. എതിർപക്ഷങ്ങൾ എന്ന് പൊതുവെ വിശ്വസിക്കുന്ന കക്ഷികൾ, നേതാക്കൾ, കാലഘട്ടങ്ങൾ എന്നിവർ ഒരേസ്വരത്തിൽ ശത്രുക്കൾ എന്ന് വിളിക്കുന്നത് ആരെയാണെന്ന് മനസ്സിലാക്കാനും അവയെ നിസ്സാരവത്കരിക്കുകയാണോ അതല്ല അവക്കെതിരെ കൃത്യമായി ആസൂത്രണം നടത്തുകയാണോ ചെയ്യുന്നതെന്നും ഇതിലൂടെ മനസിലാക്കാം. ‘The Algebra of Warfare-Welfare’ എന്ന എന്റെ പുസ്തകത്തിൽ ആദ്യമായി പരാമർശിക്കപ്പെട്ട ഈ ആശയം, യുദ്ധം-ക്ഷേമം (Warfare-Welfare) എന്ന അർത്ഥത്തിലുള്ള ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദു ആണെന്ന് ഞാൻ വാദിക്കുന്നു.

ആശയാത്മക ചരിത്രപഠനത്തിലെ  (Conceptual History/Begriffsgeschichte) പ്രഗൽഭനായ ജർമൻ ചിന്തകൻ റൈൻഹാർട് കൊസെല്ലക്കിന്റെ ‘asymmetrical counter-concept’ ഉം റെയ്മണ്ട് വില്യംസിന്റെ ‘keywords’ (1976) എന്ന പുസ്തകത്തെയും അടിസ്ഥാനപ്പെടുത്തി എന്താണ് രണാത്മക ആശയം എന്ന് ആദ്യം വിശദീകരിക്കാം.

റെയ്മണ്ട് വില്ല്യംസ്

എന്താണ് രണാത്മക രാഷ്ട്രീയം?

രാഷ്ട്രീയത്തെക്കാൾ ഏറെ സമൂഹം സംസ്കാരം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പഠനം നടത്തിയ കേംബ്രിഡ്ജ് സർവകലാശാലയിലെ നാടക വിഭാഗം  പ്രൊഫസ്സർ ആണ് റെയ്മണ്ട് വില്യംസ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ‘നാം ഒരേ ഭാഷ അല്ല സംസാരിക്കുന്നത്’ എന്നദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. ‘ദൈനംദിന ജീവിതത്തിൽ… നാം മറ്റുള്ളവരുമായി പങ്കിടുന്ന’ വാക്കുകളുടെ മാറുന്ന അർത്ഥതലങ്ങളും അദ്ദേഹത്തിന് പ്രധാനമായിരുന്നു. അത്തരം മാറ്റങ്ങളെ നിരീക്ഷിക്കുന്ന വേളയിൽ, പദോത്‌പത്തി-ഭാഷാശാസ്ത്രത്തേക്കാൾ അദ്ദേഹം നിഘണ്ടുവിന്റെ സാമൂഹികവും ചരിത്രപരവുമായ മാനങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുന്ന രീതിശാസ്ത്രമാണ് സ്വീകരിച്ചത്. നിലനിൽക്കുന്ന വാക്കുകളെ കുറിച്ച് മാത്രമുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ പക്ഷേ ‘കപട ദേശീയത’ ‘രാജ്യദ്രോഹി’ തുടങ്ങിയ പുതിയ വാക്കുകളെ കണക്കിൽ എടുത്തില്ല. ‘തീവ്രവാദം’ പോലുള്ള പഴയ വാക്കുകൾ പോലും അദ്ദേഹത്തിന്റെ രചനയിൽ ഉണ്ടായിരുന്നില്ല. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ വിഭാഗീയത സൃഷ്ടിക്കുന്ന രാഷ്ട്രീയമെന്ന യുദ്ധത്തേക്കാൾ അദ്ദേഹം ഊന്നൽ കൊടുത്തത് പരസ്പരാശ്രിതമായ ജീവിതത്തിനായിരുന്നു. അത് കൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിഘണ്ടുവിൽ പരസ്പര വൈരികളായ ആശയങ്ങളെ നമുക്ക് കാണാൻ കഴിയില്ല.

വില്ല്യംസിന്റെ പഠനങ്ങളോട് സാദൃശ്യമുള്ള രചനകൾ നടത്തിയ മറ്റൊരു യൂറോ കേന്ദ്രികൃത പണ്ഡിതനാണ് കൊസെല്ലേക്ക്. തന്റെ ‘Futures Past’ (1979) എന്ന കൃതിയിൽ Asymmetrical Counter-Concepts, Antithetical എന്നീ പദങ്ങൾ അദ്ദേഹം വികസിപ്പിച്ചു. ഇവിടെ ഞാൻ കൊസെല്ലേക്ക് വിശദീകരിക്കാത്ത, എന്നാൽ ഇയാൻ ഹണ്ടർ, മരിയ പിയ ലാറ തുടങ്ങിയ അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടർന്ന പണ്ഡിതർ ഉപയോഗിച്ച ‘രണാത്മക ആശയം’ എന്ന പദമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. രാഷ്ട്രീയത്തിലെ യുദ്ധമെന്നത് ഭാഷയിലെ യുദ്ധം കൂടിയാണ് എന്നാണ് രണാത്മക ആശയം എന്ന സങ്കല്പം അർത്ഥമാക്കുന്നത്; അതുകൊണ്ടുതന്നെ രണാത്മക ആശയം എന്നത് രണഭൂമിയിലെ ആയുധം കൂടിയാണ്. കാൾ ഷ്മിത്തിൽ നിന്നും സ്വാധീനം ഉൾകൊണ്ട് കൊസെല്ലേക്ക് വികസിപ്പിച്ചെടുത്ത രാഷ്ട്രീയത്തെകുറിച്ചുള്ള ആശയമാണ് രണാത്മക ആശയം എന്ന് ഒറ്റവാക്കിൽ വേണമെങ്കിൽ പറയാം. കോസെല്ലെകിനു രാഷ്ട്രീയമെന്നത് കൂടിയാലോചനയെയും പൗരന്മാർക്ക് തതുല്യമായി വിഭവങ്ങൾ വീതിച്ചു കൊടുക്കുന്ന ക്ഷേമ രാഷ്ട്ര നിർമിതിയെയും കുറിക്കുന്ന പദമല്ല. മറിച്ച്, മിത്രത്തെയും ശത്രുവിനെയും വേർതിരിച്ചെടുക്കുന്ന, ആത്യന്തികമായി യുദ്ധത്തിൽ കലാശിക്കേണ്ട പ്രക്രിയയാണ് രാഷ്ട്രീയം. അതുകൊണ്ടുതന്നെ, കോസെല്ലെക്കിന്    സന്തോഷകരമായ പുരോഗതി അല്ല, സംഘർഷത്തിലും പ്രതിസന്ധിയിലും പ്രത്യക്ഷമാവുന്ന യുദ്ധമാണ് ആധുനികതയുടെ വിവക്ഷ.

റൈൻഹാർട് കൊസെല്ലെക്ക്

ഈയൊരു അർത്ഥത്തിൽ കോസെല്ലെക്കിനെ സംബന്ധിച്ചിടത്തോളം നാമകരണം സുപ്രധാനമാണ്. പരസ്പരവിരുദ്ധമായ പ്രയോഗങ്ങൾ എന്ന നിലക്ക് രണാത്മക ആശയങ്ങൾ അസാധാരണ ഘട്ടങ്ങളിൽ വൈരുധ്യങ്ങൾക്കതീതമായി ഐക്യം ഉണ്ടാക്കാനായി ഒരേ ദിശയിൽ മാത്രം ഉപയോഗിക്കുന്ന ആശയങ്ങളാണ്. പരസ്പര്യത്തിലല്ല, മറിച്ചു വൈരുധ്യത്തിലും അന്യോന്യതയിലുമാണ് അത് കുടികൊള്ളുന്നത്. ‘അവ രാഷ്ട്രീയവും സാമൂഹ്യവുമായ സംഘരൂപീകരണങ്ങളുടെ കേവല സൂചനകൾ മാത്രമല്ല ഘടകവും കൂടിയാണ്’. ‘രണഭൂമിയെന്ന അർത്ഥത്തിൽ രാഷ്ട്രീയവും രണാത്മക ആശയങ്ങളും തമ്മിലുള്ള ബന്ധത്തെ മുൻനിർത്തി, ശത്രുതയെ കുറിക്കുന്ന വാക്കുകൾ മാറി മറിഞ്ഞാലും ശത്രുതയുടെ ഘടനയും യുക്തിയും മാറില്ല എന്ന് കോസെല്ലേക്ക് വ്യക്തമാക്കുന്നു. ഗ്രീക്കുകാരും-കാടന്മാരും, ക്രിസ്ത്യാനികളും-അവിശ്വാസികളും, മാനവികതയും-അമാനവികതയും എന്നിങ്ങനെ മൂന്ന് സെറ്റ് രണാത്മക ആശയങ്ങളുടെ ആശയപരവും ചരിത്രപരവും ആയ സൂക്ഷ്മ പരിശോധനയിലൂടെ ‘അപരനെ അസാധുവാക്കുക’ എന്നത് രാഷ്ട്രീയത്തിന്റെ മൗലികമായ രൂപത്തിൽ ഉള്ളടങ്ങിയിരിക്കുന്നു എന്ന് കോസെല്ലേക്ക് വ്യക്തമാക്കുന്നു.

ഇന്ത്യൻ രാഷ്ട്രീയവും രണാത്മക ആശയവും

ചരിത്രപരമായി എപ്രകാരമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ രണാത്മക ആശയം പ്രവർത്തിച്ചതെന്നും രണാത്മക ആശയം ഉന്നം വെച്ച സമൂഹങ്ങളുടെയും വ്യക്തികളുടെയും പ്രതികരണങ്ങൾ എപ്രകാരമാണെന്നും ഇനി ചർച്ച ചെയ്യാം.

കൊളോണിയൽ കാലവും കൊളോണിയലാനന്തര കാലവും എന്നിങ്ങനെ രണ്ട് ഘട്ടങ്ങൾ ആയി തിരിച്ചാണ് പൊതുവ നാം ഇന്ത്യൻ രാഷ്ട്രീയത്തെ മനസ്സിലാക്കാൻ ശ്രമിക്കാറുള്ളത്. 1947-നു ശേഷമുള്ള കാലത്തെ വീണ്ടും പല ഉപവിഭാഗങ്ങൾ ആയി തരം തിരിച്ചിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രം നെഹ്റുവിയൻ കാലമെന്നും നെഹ്‌റുവിനു ശേഷമുള്ള കാലമെന്നും നാം വായിക്കുന്നു. മറ്റൊരു പൊതു വിഭജനം അധികാരത്തിൽ ഉണ്ടായിരുന്നിട്ടുള്ള കക്ഷികളെ അടിസ്ഥാനപ്പെടുത്തിയാണ്; കോൺഗ്രസ് യുഗം, ജനതാ പാർട്ടി കാലഘട്ടം, ബിജെപി യുഗം എന്നിങ്ങനെ.

ഈയൊരു കീഴ് വഴക്കം ലംഘിച്ചു കൊണ്ട് രണാത്മക ആശയം നേതാക്കളും പാർട്ടികളും കാലഘട്ടങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾക്കപ്പുറം അവ തമ്മിലുള്ള സാദൃശ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു. അത്തരമൊരു വായന കാലഘട്ടങ്ങൾ തമ്മിലും, കക്ഷി രാഷ്ട്രീയങ്ങൾ തമ്മിലും നേതാക്കൾ തമ്മിലും നിലനിൽക്കുന്ന  ഉപരിപ്ലവമായ വ്യത്യാസങ്ങളെ അല്ല അഭിസംബോധന ചെയ്യുന്നത്. അതിനേക്കാൾ പ്രാധാന്യം അർഹിക്കുന്ന, അവരുടെ പ്രകടമായ കിടമത്സരത്തിനപ്പുറം അവരെ തമ്മിൽ ഒരുമിപ്പിക്കുന്ന, ശത്രു എന്ന ആശയാത്മകമായ രാഷ്ട്രീയത്തിലേക്ക് രണാത്മക ആശയം വിരൽ ചൂണ്ടുന്നു. മറ്റൊരർത്ഥത്തിൽ, ഇരു കൂട്ടരും ശത്രുപക്ഷമായി കരുതുന്ന അല്ലെങ്കിൽ വിദ്വേഷം  വെച്ച് പുലർത്തുന്ന വിഷയങ്ങൾ എന്തെല്ലാം ആണെന്ന് രണാത്മക ആശയം പരിശോധിക്കുന്നു.

തീവ്രവാദികളും അർബൻ നക്സലുകളും

9/11-ന് ശേഷം രണാത്മക ആശയം എന്ന അർത്ഥത്തിൽ ‘തീവ്രവാദം’ ഇന്ത്യൻ രാഷ്ട്രീയത്തെ, സ്വാധീനിക്കുന്ന ഒരു സുപ്രധാന ഘടകമാണ്. സർവ്വസമ്മതമായ ഒരു നിർവചനം ഇല്ലെങ്കിലും അതിന്റെ രണോത്സുക പ്രകൃതം രാഷ്ട്രീയത്തിൽ തെളിഞ്ഞു കാണുകയും ‘ഇസ്‌ലാമിക തീവ്രവാദം’ എന്നതിന്റെ വിവക്ഷയെ കുറിച്ച് അഭിപ്രായൈക്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. തീവ്രവാദം ഒരു ആഗോള വിഷയമാക്കാൻ ഇന്ത്യ പലവട്ടം ശ്രമിച്ചിട്ടുണ്ട്. 1996-ലും പിന്നീട് 2006-ലും  ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ അന്തർദേശിയ തീവ്രവാദം എന്ന പേരിൽ ഒരു സംയുക്തസമ്മേളനം നടത്താൻ ഇന്ത്യ നിർദ്ദേശിക്കുകയുണ്ടായി; നരേന്ദ്ര മോദിയുടെ പ്രസ്താവനകളിലും ഈ നിലയിൽ തീവ്രവാദം പലവുരു കടന്നു വരുന്നതായി കാണാൻ കഴിയും. 9/11 നു ശേഷം, ഗുജറാത്ത് മുഖ്യമന്ത്രി ആവുന്നതിനു മുൻപ്, ഒരു ടിവി അഭിമുഖത്തിൽ തീവ്രവാദം ഇസ്‌ലാമിന്റെ അന്തർലീനമായ സ്വഭാവമാണെന്നും 1400 കൊല്ലമായി (പ്രവാചകന്റെ കാലം മുതൽ) ലോകം അത് അനുഭവിക്കുകയാണെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. കൃത്യമായും തീവ്രവാദത്തെ കുറിച്ച് ഇത്തരം ധാരണ വെച്ചുപുലർത്തുന്നതുകൊണ്ടാണ് – തീവ്രവാദ ആക്രമണം നടത്തിയതിനു  ജയിലിലടക്കപ്പെടുകയും “മുസ്‌ലിങ്ങൾക്ക് മേലെ ബോംബാക്രമണം നടത്താൻ പദ്ധതിയിട്ടു” എന്ന് കുറ്റാരോപിതയുമായ – സാധ്വി പ്രഗ്യ എന്ന ഹിന്ദു സന്യാസിനി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും ജെ.എൻ.യു വിദ്യാർത്ഥികളായ ഷർജീൽ ഇമാമും ഉമർ ഖാലിദും തീവ്രവാദ ആരോപണത്തിന്റെ പേരിൽ അന്യായമായി ജയിലിൽ കഴിയുന്നതും.

കൊളോണിയൽ കാലഘട്ടത്തിൽ, ബ്രിട്ടീഷുകാർക്കെതിരെ അക്രമം നടത്തിയ ഇന്ത്യക്കാർ ‘തീവ്രവാദികളായിരുന്നു’. പക്ഷെ, ഇന്ത്യൻ പാഠ പുസ്തകങ്ങളിൽ അവർ ‘വിപ്ലവാത്മക തീവ്രവാദികളാണ്’. 1908-ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിക്കാൻ മുസഫർപൂരിൽ ബോംബെറിഞ്ഞ ഖുദിറാം ബോസും പ്രഫുൽ ചക്കിയും ബ്രിട്ടീഷുകാർക്ക് ‘തീവ്രവാദികൾ’ ആയിരിക്കെ ഇന്ത്യക്കാർക്ക് അവർ ‘രക്തസാക്ഷികളും’ ‘സ്വാതന്ത്ര്യ സമര സേനാനികളും’ ആണ്. നിയമ നിർമാണത്തിലും ദേശത്തിന്റെ ശത്രുക്കളെ നിർണയിക്കുന്നതിലും ബ്രിട്ടീഷ് കൊളോണിയൽ സർക്കാരും സ്വാതന്ത്ര്യ ഇന്ത്യയും ഈയൊരു വിഭജനം തുടർന്നു എന്നു പക്ഷെ തെറ്റിദ്ധരിക്കരുത്. ബ്രിട്ടീഷുകാർ ‘തീവ്രവാദികൾ’ എന്ന് മുദ്ര കുത്തപ്പെട്ടവർ സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം മഹാന്മാരായി പരിണമിച്ചുവെങ്കിലും ആരാണ് ശത്രു, ആരാണ് മിത്രം എന്നതിന്റെ വിവക്ഷ രണ്ടു കാലഘട്ടത്തിലും സമാനമായി നിലനിൽക്കുകയാണ് ഉണ്ടായത്. ‘Gentlemanly Terrorists’ എന്ന പുസ്തകത്തിൽ ദുർബ ഘോഷ് ബ്രിട്ടീഷ് നിയമങ്ങൾ കരിനിയമങ്ങൾ ആണ് എന്ന് പറഞ്ഞു നിലവിളി കൂട്ടിയ ദേശീയ നേതാക്കൾ പിന്നീട് 1948-ലെ വെസ്റ്റ് ബംഗാൾ സെക്യൂരിറ്റി ആക്ട് പോലെയുള്ള കരിനിയമങ്ങൾ സ്വതന്ത്ര്യ ഇന്ത്യയിൽ നടപ്പിൽ വരുത്തിയതിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

1975-ൽ ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും എതിരാളികളെ തുറങ്കിലടക്കുകയും ചെയ്തു. ആർ.എസ്.എസ് പക്ഷപാതിയായ കവിത നരാവണേ ‘Great Betrayal’ എന്ന പുസ്തകത്തിൽ ഇന്ദിര ഗാന്ധിയെ ഹിറ്റ്ലറിനോട് സമീകരിച്ചു കൊണ്ട് അടിയന്തരാവസ്ഥ കാലത്തിനെ ‘തീവ്രവാദ – ഏകാധിപത്യ കാലഘട്ടം’ എന്നു വിശേഷിപ്പിക്കുന്നുണ്ട്. ‘സാധാരണക്കാരുടെ ഹൃദയങ്ങളിൽ ഭീതി ജനിപ്പിക്കുകയും വിരൽ അനക്കാൻ പോലും ആവാത്ത വിധം എതിരാളികളെ അമർച്ച ചെയ്യാനുമാണ്’ ഇന്ത്യയുടെ ചാര സംഘടന ആയ ‘Research and Analysis Wing (RAW)’ ഉം ‘സി.ആർ.പി.എഫ്’ പോലുള്ള അർദ്ധ സൈനിക വിഭാഗങ്ങളും രൂപീകരിച്ചത് എന്നും നരാവണേ വിമർശിക്കുന്നു. നരാവണേയുടെ പുസ്തകത്തെ പ്രകീർത്തിച്ചു കൊണ്ട് അതിനെഴുതിയ ആമുഖത്തിൽ ‘ഏകപക്ഷീയമായ അധികാരം കയ്യാളുകയും നിയമവാഴ്ചയെ അട്ടിമറിക്കുന്നതുമായ സർക്കാരിനെതിരെ’ എഴുത്തുകാരിക്ക് സമാനമായി വിമർശനമുന്നയിച്ച അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വാജ്പേയീ, രണ്ടു ദശകങ്ങൾക്ക് ശേഷം പ്രധാനമന്ത്രിയായപ്പോൾ നിലനിന്നിരുന്ന എല്ലാ നിയമങ്ങളെയും തോൽപ്പിക്കും വിധം ഏകപക്ഷീയമായ The Prevention of Terrorism Act എന്ന കരിനിയമം നടപ്പിലാക്കുന്നതിൽ കാർമികത്വം വഹിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.  മുസ്‌ലിംകളല്ലാത്ത തീവ്രവാദികൾക്കെല്ലാം മാവോയിസ്റ്റ്/ഇടതുപക്ഷം, അർബൻ നക്സൽ, ടുകടെ ടുകടെ ഗ്യാങ് തുടങ്ങി വ്യത്യസ്തമായ രണാത്മക ആശയങ്ങൾ നൽകികൊണ്ട് തീവ്രവാദി എന്നതിന്റെ അടിസ്ഥാനഗുണവിശേഷം മുസ്‌ലിം ആവുക  എന്ന സ്ഥിതിവിശേഷത്തെ രൂഢമൂലമാക്കി എടുത്തു ഇന്ത്യൻ രാഷ്ട്രീയം.

ഇസ്‌ലാമിനെ തീവ്രവാദത്തിന്റെ സ്രോതസ്സായി പരിഗണിക്കുന്നതിലൂടെ സാമാന്യവത്കരിക്കപ്പെടുന്ന ഇസ്‌ലാമിക തീവ്രവാദം എന്ന സംജ്ഞ പക്ഷെ ഇസ്‌ലാമിനെക്കാൾ പൗരാണികമായ മറ്റൊരു സ്രോതസ്സിനെ ഖണ്ഡിക്കുന്നു. മോദിക്കും അദ്ദേഹത്തിന്റെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിനും ചാണക്യൻ ഒരു മാതൃകാ ഋഷിയാണ്. തീവ്രവാദത്തിന്റെ ആദ്യകാല സൈദ്ധാന്തികനായ ചാണക്യനെ 2021-ൽ ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പ്രഭാഷണത്തിൽ മോദി ഗുരു എന്ന അർത്ഥത്തിൽ ഒരു മാതൃകയായാണ് പരിചയപ്പെടുത്തിയത്. അർത്ഥശാസ്ത്രത്തിൽ ഒരു രാഷ്ട്രത്തിന്റെ സ്വാഭാവിക ആവശ്യങ്ങളെ കുറിച്ച് പറയുന്ന ഇടത്തിൽ ചാണക്യൻ ലക്ഷ്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്; മാർഗത്തിനല്ല. മാക്യവെല്ലിയുടെ പൂർവികനായി മാക്സ് വെബ്ബർ മനസ്സിലാക്കുന്ന ചാണക്യനെ സംബന്ധിച്ചിടത്തോളം നൈതികതയെക്കാൾ സമ്പൂർണമായ അധികാരമാണ് പരമം. പ്രമുഖനായ ഒരു വ്യക്തിയെ വധിക്കാൻ നേർക്ക് നേരെയുള്ള യുദ്ധത്തേക്കാൾ ആയുധങ്ങളോ അഗ്നിയോ വിഷമോ ഉപയോഗിച്ച് കൊണ്ടുള്ള ഒളിപ്പോരാണ് അഭികാമ്യമായി ചാണക്യൻ കാണുന്നത്. ചാരന്മാർ, സ്ത്രീകൾ, ഉപജാപങ്ങൾ, അഭ്യൂഹങ്ങൾ എന്നിവ ഉപയോഗിക്കാൻ അദ്ദേഹം നിർദ്ദേശിക്കുന്നു. ഒപ്പം, രാക്ഷസ സർപ്പങ്ങളായും നരഭോജികളായ കടുവകളായും ചാരന്മാർ പ്രച്ഛന്നവേഷത്തിൽ ഇറങ്ങുകയും ശത്രുരാജ്യത്തെ രാജാവിനെ ചതിയിലൂടെയും വഞ്ചനയിലൂടെയും വശംവദനാക്കി നഗരാതിർത്തിക്കുള്ളിൽ നിന്നും പുറത്തേക്കു കൊണ്ടുവന്ന് കടന്നാക്രമിച്ചു വധിക്കണമെന്നും ചാണക്യൻ നിർദ്ദേശിക്കുന്നുണ്ട്.

കപട മതേതരത്വവും പ്രീണനവും

കപട മതേതരത്വം എന്ന ഹിന്ദു പദസൃഷ്ടി നിരന്തരം ആക്രോശിച്ചത് എൽ.കെ.അദ്വാനി ആയിരുന്നു. ബാബരി മസ്ജിദിന്റെ സ്ഥാനത്ത് ഒരു ഹൈന്ദവ ക്ഷേത്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി രഥയാത്ര നടത്തിയാണ് അദ്വാനി തന്റെ “ധർമ്മ് യുദ്ധ്” അഥവാ ധർമ്മ യുദ്ധം തുടങ്ങിയത്. അദ്ദേഹം നയിച്ച രഥ യാത്ര പോയ ഒരു ഇടത്തും ആക്രമണങ്ങൾ നടക്കാതിരുന്നിട്ടില്ല. കപട മതേതരത്വത്തിന്റെ മറ്റൊരു അർഥം ഇന്ത്യൻ ദേശരാഷ്ട്രം മുസ്‌ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും കൊടുക്കുന്ന പ്രീണനം ആണെന്നും അദ്ദേഹം പറയുന്നു. അഥവാ ഹൈന്ദവ വരേണ്യരല്ലാത്ത ആരെയും പ്രീണിപ്പിക്കുന്നത് കപട മതേതരത്വം ആണെന്ന് അദ്ദേഹം വരുത്തി തീർത്തു. അത്തരമൊരു വ്യഖ്യാനം നെഹ്‌റുവിനെ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയും ഹിന്ദുക്കളെ ഇരകളാക്കുകയും ചെയ്ത മതേതരവാദിയായി ചിത്രീകരിക്കുന്നു.

നെഹ്റുവിന്റെ കാലത്ത് പക്ഷേ ഇന്ത്യ ഔദ്യോഗികമായി മതേതര രാഷ്ട്രമായിരുന്നില്ല. നെഹ്‌റു അന്തരിച്ചു പിന്നീടും ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഭരണഘടനയിൽ മതേതരത്വം എന്ന വാക്ക് ഉൾച്ചേർത്തത്. നെഹ്റുവിയൻ കാലഘട്ടത്തിൽ മുസ്‌ലിങ്ങളേക്കാൾ കൂടുതൽ പ്രീണനം ലഭിച്ചത് ഹിന്ദുക്കൾക്കായിരുന്നു എന്നതാണ് കൂടുതൽ ശരി. നെഹ്‌റു പ്രധാനമന്ത്രി ആയിരിക്കെ ആണ് ആർ.എസ്.എസിന്റെ മേൽനോട്ടത്തിൽ ‘ജമ്മു ഹോളോകോസ്റ്റ്‌’ നടന്നത്. 1947 ഒക്ടോബറിൽ നടന്ന ആ വംശഹത്യയിൽ 2,37,000 മുസ്‌ലിങ്ങളാണ് കശാപ്പ് ചെയ്യപ്പെട്ടത്. “പോലീസ് ആക്ഷൻ” എന്നറിയപ്പെടുന്ന ഹൈദരാബാദിനെ ഇന്ത്യയുമായി ലയിപ്പിച്ച പട്ടാള നടപടിയിൽ 40,000-ൽ അധികം മുസ്‌ലിങ്ങളാണ് കൊല്ലപ്പെട്ടത്. നെഹ്റുവിയൻ മതേതരത്വത്തിന്റെ ഒത്താശയോട് കൂടിയാണ് 1949-ൽ ബാബരി മസ്ജിദിനകത്ത് നിയമവിരുദ്ധമായി വിഗ്രഹങ്ങൾ സ്ഥാപിച്ചത്. 1950-ൽ സോമനാഥ ക്ഷേത്രം നിർമ്മിക്കാൻ സഹായിച്ചതും “മതേതര” നെഹ്റുവായിരുന്നു. ചുരുക്കി പറഞ്ഞാൽ, മുസ്‌ലിം പ്രീണനത്തിന് യാതൊരു വിധത്തിലുമുള്ള തെളിവും ഹാജരാക്കാതെ ബി.ജെ.പി-ആർ.എസ്.എസ് കെട്ടിച്ചമച്ച ഒരു വ്യവഹാരം മാത്രമാണ് ‘കപട മതേതരത്വം’. 2006-ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ട് സാമ്പത്തിക രംഗത്തും വിദ്യാഭ്യാസത്തിലും ജോലി സാധ്യതകളിലും മുസ്‌ലിങ്ങൾ അനുഭവിക്കുന്ന അരികുവത്കരണം വെളിച്ചത്തു കൊണ്ടുവന്നിട്ടു പോലും മുസ്‌ലിം പ്രീണനം എന്ന വ്യവഹാരം ഇന്ത്യയിൽ ഇപ്പോഴും നിർബാധം തുടർന്ന് കൊണ്ടേയിരിക്കുന്നു. അമ്പരപ്പിക്കും വിധം വളച്ചൊടിച്ചു കൊണ്ട് ആർ.എസ്.എസിന്റെ മുഖപത്രമായ ഓർഗനൈസർ സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ ‘ഹിന്ദുക്കളെ അധീനപ്പെടുത്താനുള്ള ശ്രമമായി ചിത്രീകരിച്ചത്’ എപ്രകാരമാണെന്ന് മറ്റൊരിടത്തു ഞാൻ എഴുതിയിട്ടുണ്ട്.

(തുടരും)


വിവർത്തനം: ബിലാൽ ഇബ്നു ശാഹുൽ

ഇര്‍ഫാന്‍ അഹ്മദ്‌