Campus Alive

അറബി സാഹിത്യവും ആഫ്രിക്കൻ അപരത്വവും

പാൻ-ആഫ്രിക്കൻ, അറബ് വീക്ഷണങ്ങൾക്കുപരിയായി ഇസ്‌ലാമിനെ മുൻനിർത്തി ‘ആഫ്രേബ്യ’ എന്ന വിശാല ഭൂമികയെക്കുറിച്ചുള്ള ചിന്തകൾ 1992 കളിലാണ് അലി മസ്റൂഇ അവതരിപ്പിക്കുന്നത്. ഫ്രാൻസ് ആഫ്രിക്കയുമായുള്ള അവരുടെ ബന്ധങ്ങളെ മുൻനിർത്തി യൂറാഫ്രിക്ക എന്ന ആശയത്തെ കൊണ്ടുവന്നിരുന്നെന്നും, നമ്മൾ അറബ് ലോകവും ആഫ്രിക്കയുമായുള്ള ചരിത്ര-രാഷ്ട്രീയ ബന്ധങ്ങളെ മുൻ നിർത്തി ആഫ്രേബ്യ എന്ന ആശയം അവതരിപ്പിക്കണമെന്നുമായിരുന്നു അദ്ധേഹം പറഞ്ഞത്.

എന്റെ നിരീക്ഷണത്തിൽ ആഫ്രേബ്യ എന്നത് അറബികൾക്കും ആഫ്രിക്കൻ ജനതക്കും വലിയ സാധ്യതകൾ നൽകുന്നുണ്ട്. സ്വദേശത്തെ ദീർഘകാല ഇസ്‌ലാമിക ഭരണം മുതൽ അപകോളനീകരണ സമരങ്ങളുടെയും മുതലാളിത്ത വിരുദ്ധ പ്രക്ഷോഭങ്ങളുടെയും പുനർവായന ആഫ്രിക്കൻ ജനതക്ക് സാധ്യമാകുമ്പോൾ, അറബികൾക്ക് അവരുടെ ദീർഘമായ ചരിത്രത്തിന്റെ വിശകലനവും ഭാഷയുടെയും കലാവിഷ്കാരങ്ങളുടെയും പുനരവലോകനത്തിനുള്ള സാഹചര്യം കൂടിയാണ്. ആഫ്രോ അറബ്കളും പൗരസ്ത്വ അടിമത്വവുമെല്ലാം ചരിത്രത്തിന്റെ വലിയൊരു ഭാഗമായ അറബ് ലോകത്തിലെ വംശ-സ്വത്വ സംവാദങ്ങളെ ആധുനിക അറബി സാഹിത്യത്തിനകത്ത് അന്വേഷിക്കുന്ന പഠനങ്ങളിലാണ് ഞാൻ. കഴിഞ്ഞ വർഷം ടുണീഷ്യയിലെ La Maison Du Roman (The House of Novel) അവരുടെ രണ്ടാം അറബിക് നോവൽ കോൺഫറൻസ് സംഘടിപ്പിച്ചിരുന്നു.  ‘Black skin issues’ എന്നായിരുന്നു നിരവധി നിരൂപകരും നോവലിസ്റ്റുകളും പങ്കെടുത്ത ആ പരിപാടിയുടെ പ്രമേയം. കറുത്തവരുടെ പ്രശ്നങ്ങൾ (Black issues) എന്നോ ആഫ്രോ അറബ് പ്രതിസന്ധികളെന്നതിനോ പകരം ഈയൊരു പ്രയോഗം എനിക്ക് വളരെ അത്ഭുതകരമായി തോന്നി.

അറബുകൾ അവരുടെ വെസ്റ്റേൺ അധ്യാപകരെപ്പോലെത്തന്നെ ബ്ലാക് ഇഷ്യൂകളും ബ്ലാക് വംശീയതയും ചർച്ച ചെയ്യുന്നത് തൊലിനിറത്തിലും സൗന്ദര്യ സങ്കൽപങ്ങളിലും ദൃശ്യ പ്രതിനിധാനങ്ങളിലും അധിഷ്ഠിതമായാണ്. ഒരർത്ഥത്തിൽ അവർക്കുള്ളിലെതന്നെ വംശീയ ഉത്കണ്ഠ അവതരിപ്പിക്കുകയാണിവർ ചെയ്യുന്നത്. ഉപരിസൂചിത വിഷയങ്ങളിലൊരുക്കിയുള്ള ഈ ചർച്ച ബ്ലാക് വിരുദ്ധതയുടെ രാഷ്ട്രീയ-സാമൂഹിക യാഥാർത്ഥ്യങ്ങളെ നിഷേധിക്കുന്നതായി മാറുന്നു. ഇന്ന് നോർത്തിലെയും ഈസ്റ്റിലെയും ആഫ്രിക്കൻ ജനത അറബുകൾക്ക് വിരുദ്ധമെന്നോണമാണ് അവരുടെ ‘ആഫ്രിക്കൻ സ്വത്വ’ത്തെ ഉൾക്കൊള്ളുന്നത്. ചരിത്രപരമായ ഒരു ബന്ധത്തെ വിഛേദിക്കുന്നതിന് കാരണമായി അവർ ആരോപിക്കുന്നത് അറബ് വംശീയതയും നിഷേധ രാഷ്ട്രീയവുമാണ്.

വംശം, വംശീയത, അടിമത്വം, ആഫ്രിക്ക തുടങ്ങിയ സംവാദാത്മക വിഷയങ്ങളിൽ കോൺഫറൻസിന്റെ ഇടപെടലുകളുടെ ഭാഷയും രീതിയുമെല്ലാം നിരാശാജനകമായിരുന്നു. ‘ബ്ലാക് സ്കിൻ ഇഷ്യൂസ്’ എന്ന പ്രശ്നകരമായ ഒരു പ്രയോഗത്തിന് സർഗാത്മകമായൊരു സൂക്ഷ്മത കൊണ്ടുവരാൻ പോലും അറബെഴുത്തുകാർക്ക് കഴിഞ്ഞതില്ല. ‘കറുത്ത വർണ്ണക്കാരുടെ പ്രശ്നങ്ങളെ’ന്നത് രൂപകഭാഷയോ അതല്ലെങ്കിൽ കേവലം മനുഷ്യാവകാശ പ്രശ്നമോ മാത്രമായാണവർ കണ്ടത്. ആത്മ വിമർശനങ്ങൾക്കോ നിലവിലുപയോഗിക്കുന്ന ഭാഷാരീതിയെ അട്ടിമറിക്കേണ്ടതിന്റെയോ ആവശ്യങ്ങളെ കണ്ടെത്തുന്നതിനുള്ള ഒരിടം അവരവിടെ സൃഷ്ടിച്ചില്ല. വടക്ക് കിഴക്കൻ ആഫ്രിക്കയിൽ നിന്നുൾപ്പെടെയുള്ള അറബ് എഴുത്തുകൾ ആഫ്രിക്കയെ അപരവത്കരിക്കുന്നുണ്ട്. ഫ്രാൻസ് നിർമ്മിക്കുകയും, ശേഷം അറബ് ദേശീയതയോടെ ഉയർന്ന് വരികയും ചെയ്ത ‘സാങ്കൽപിക അറബ് ലോക’മെന്നതിലുപരി സമീപഭൂഖണ്ഡത്തെ അവർക്കുൾക്കൊള്ളാനാവുന്നില്ല.

ത്വാരിഖ് ത്വയ്യിബ്

കോൺഫറൻസിനിടെയുള്ള ഒരഭിമുഖത്തിൽ സുഡാനി-ഈജിപ്ത്യൻ എഴുത്തുകാരനായ ത്വാരിഖ് ത്വയ്യിബ് പറയുന്നുണ്ട്: “നമ്മളിപ്പോഴും കറുത്ത വർഗക്കാരെ മുൻ ധാരണകളോടെയാണ് സമീപിക്കുന്നത്. പ്രത്യേകിച്ച് സിനിമകളിലെല്ലാം അവരെപ്പോഴും അടിമത്വ സ്വഭാവമുള്ള തൊഴിലിടങ്ങളിലേക്ക് മാത്രം നിശ്ചയിക്കപ്പെടുന്നു”. ഒരു ബ്ലാക് അറബ് എഴുത്തുകാരനിൽ നിന്നു തന്നെ നമ്മൾ-അവർ എന്ന ദ്വന്ദപരികൽപന വന്നത് അത്ഭുതകരമാണ്. സൽവ ബക്ർ (ഈജിപ്ത്), ഹാമർ സൈദ, മൻസൂർ അൽ സുവൈം (സുഡാൻ), ഹാജി ജാബിർ (എറിട്രിയ) തുടങ്ങിയ പ്രതിഭകളായ ബ്ലാക് എഴുത്തുകാർ സന്നിഹിതരായിരിക്കെയാണ് ഈ പ്രയോഗമെന്നതും ശ്രദ്ധേയമാണ്.

മുഖ്യഭാഷകനായ ലബനീസ് എഴുത്തുകാരൻ ഇല്യാസ് ഖൂരിയുടെ പ്രസ്താവനയാണ് മറ്റൊന്ന്. ‘നാമെല്ലാം അടിച്ചമർത്തലുകൾക്ക് അടിമപ്പെട്ടതിനാൽ, അടിമത്വം അവസാനിച്ചിട്ടില്ല’ എന്നാണദ്ധേഹം പറഞ്ഞത്. കറുത്തവരോടുള്ള വംശീയ വിരുദ്ധത, പൗരസ്ത്യ അടിമത്വ സമസ്യകൾ തുടങ്ങിയ വിശേഷ പ്രശ്നങ്ങളിലേക്കു നോക്കാതെ സർവ്വ സമരങ്ങളെയും സമാനവത്കരിക്കുകയാണ് ഈ പ്രസ്താവന.

കറുത്തവരുടെ അനുഭവങ്ങളെക്കുറിച്ചെഴുതുന്നതിലും അവരുടെ ആഖ്യാനങ്ങളിലും കഥാപാത്ര രൂപീകരണത്തിലുമെല്ലാം കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ബ്ലാക് അറബ് എഴുത്തുകാർ മികച്ച് നിന്നിട്ടുണ്ട്. ‘ബ്ലാക് റെറ്റർ, വൈറ്റ് റീഡർ’ എന്നൊരു പാനൽ കറുത്തവനെക്കുറിച്ചുള്ള അറബ് നിർണ്ണിത ബോധങ്ങൾ എങ്ങനെ വംശോച്ഛാടനോപാധിയായി വർത്തിക്കുന്നുവെന്നും അതുവഴി അറബികൾ വെളുത്തവരാണെന്ന ധാരണയെ നിശ്ചയിക്കുന്നുവെന്നും വ്യക്തമായിരുന്നു.

മോണകരീം

കോൺഫറൻസിലേക്ക് ക്ഷണിക്കപ്പെട്ടവരിലധികവും കറുത്തവരോ കറുത്തവരെ കേന്ദ്രകഥാപാത്രമാക്കി നോവലെഴുതിയവരോ ആയിരുന്നു. ബ്ലാക് അറബ്സ് , ആഫ്രിക്കൻ കുടിയേറ്റക്കാർ, അസീറിയനുകൾ, യസീദികൾ, അറബ് ജൂതർ തുടങ്ങിയ ന്യൂനപക്ഷങ്ങളെ മുൻ നിർത്തിയുള്ള രചനാ നിർവഹണം സമകാലിക അറബ് സാഹിത്യത്തിൽ ഒരു പൊതു പ്രവണതയായി മാറിയതിന്റെ അനുരണനം കൂടിയാണത്. ഇറാഖ് യുദ്ധാനന്തരം അറബ് മേഖലയിലേക്കുള്ള സ്വത്വ രാഷ്ട്രീയത്തിന്റെ കടന്നുവരവ്, തങ്ങളുടെ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യപ്പെടാനും വെസ്റ്റേൺ അക്കാഡമിക്സിനും എൻ.ജി.ഓകൾക്കും റഫറൻസായി വർത്തിക്കാനുമുള്ള വലിയൊരു സാധ്യതയായി ഉപരിസൂചിത വിഭാഗങ്ങളെക്കുറിച്ചെഴുതുന്നതിൽ അറബ് എഴുത്തുകാർ കണ്ടിരുന്നു. റിയാഹിയുടെ നോവലായ ഗൊറില്ല, ദ സ്കാൽപെൽ, അലി മുഖ്‌രിയുടെ ബ്ലാക്ടേസ്റ്റ്, ബ്ലാക് സ്‌മെൽ, സമീഹ ഖുറൈസിന്റെ പിസ്താച്ചിയോ ഉബൈദ്, നജ്‌വ ബിൻ ഷ്ത്വ് വാനിന്റെ സ്ലേവ്പെൻസ് പോലോത്ത സമകാലിക രചനകളിലുള്ള പ്രതിലോമകരവും വംശീയവുമായ പ്രതിനിധാനങ്ങളെ നിഷേധിക്കാനുള്ളൊരു മികച്ച ഇടമാകും ഈ കോൺഫറൻസെന്ന് ബ്ലാക് സ്റ്റഡീസിൽ ഇടപഴകുന്ന ഒരറബ് സ്കോളറെന്ന നിലയിൽ ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇത്തരം വംശീയ ചിന്തകൾ മാഞ്ഞു പോകാത്തിടത്തോളം ആഫ്രേബ്യ ഒരു സ്വപ്നം മാത്രമായിരിക്കും

വിവർത്തനം: ബിശ്ർ ഇസ്മാഈൽ

മോണകരീം