Campus Alive

നിരീക്ഷണത്തിന്റെ രാഷ്ട്രീയവും വിമോചക സാഹിത്യങ്ങളും

 

Power reaches into the very grain of individuals, touches their bodies and inserts itself into their actions and attitudes, their discourses, learning processes and everyday lives

(Foucault, 1980)

മനുഷ്യവംശത്തിന്റെ ചരിത്ര പരിണാമങ്ങളിൽ, ചൂഷണത്തിനും ദുരിതത്തിനും ഇരകളായി കഴിയേണ്ടിവരുന്ന അടിത്തട്ടിലെ മനുഷ്യർക്ക് “മനുഷ്യൻ” എന്ന സങ്കൽപ്പത്തിൽ ഇനിയും ഇടം കിട്ടിയിട്ടില്ല. അസമത്വത്തിന്റെ നിയമം സൃഷ്ടിച്ച ഏതാനും ചിലർക്കു വേണ്ടി സ്വത്വവും സ്വാതന്ത്ര്യവും അന്യവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ, ആഗ്രഹങ്ങളും അഭിലാഷങ്ങളും സാധ്യമാക്കാൻ അധ്വാനിക്കുന്ന പച്ച മനുഷ്യ നിർവചനത്തിൽ ഉൾപ്പെടുത്തുന്നതിൽ എന്ത് അർത്ഥമാണുള്ളത്. അധികാരത്തിന്റെ നിരീക്ഷണങ്ങൾക്കും നിയന്ത്രണങ്ങൾക്കും മുമ്പിൽ താനൊരു പൗരനാണെന്നു  പോലും പറയാൻ കഴിയാതെ നിരീക്ഷണ(Surveillance) രാഷട്രീയത്തിന്റെ സ്വാർത്ഥ താത്പര്യങ്ങർക്കിടയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർ. കൊളോണിയൽ കാലങ്ങൾക്കിപ്പുറം, ആധുനിക ദേശരാഷ്‌ട്ര സങ്കല്പത്തിലും ഈ വിലയില്ലാത്ത അടിമകൾ ഭരണകൂട നിർമിതിയിൽ നിന്ന് എത്രയോ വിദൂരമാണ്. വളരെ ലളിതമായി പറഞ്ഞാൽ സാമ്പ്രദായിക അടിമവ്യവസ്ഥക്ക് പകരം, ആധുനിക ജനാധിപത്യത്തിന്റെ ഉപോത്പന്നങ്ങളായി പുതിയ കാലത്തെ അടിമകൾ സൃഷ്ടിക്കപ്പെട്ടു എന്ന് സാരം.

18-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇംഗ്ലീഷ് തത്ത്വചിന്തകനും സാമൂഹിക സൈദ്ധാന്തികനുമായ ജെറമി ബൻദാം (Jeremy Bantham) രൂപകൽപ്പന ചെയ്ത ഒരു തരം സ്ഥാപന കെട്ടിടവും, നിയന്ത്രണ സംവിധാനവുമാണ് ‘പാൻ ഒപ്റ്റിക്കോൺ’ (Panopticon) എന്നത്. ചുറ്റുംതിരിയുന്ന ഒരു കണ്ണ് എന്നതാണ് അത് അർത്ഥമാക്കുന്നത്. രാജ്യവാഴ്ചയുടെ അശാസ്ത്രീയവും ഭീതിപ്പെടുത്തുന്നതുമായ തടങ്കൽ പാളയങ്ങൾക്കു പകരം പുരോഗമന ആധുനിക ജനാധിപത്യ രാഷ്ട്രത്തിന് വ്യത്യസ്തമായൊരു നിരീക്ഷണ സംവിധാനം ആവശ്യമായിരുന്നു. ഈ അധികാരത്തിന്റെ നൈതികാവശ്യകതയാണ് പാൻ ഒപ്റ്റിക്കോൺ എന്ന നിയന്ത്രണ സംവിധാനത്തിലേക്ക് ബൻദാമിനെ എത്തിച്ചത്. പാൻ ഒപ്റ്റിക്കോൺ ശക്തവും നൂതനവുമായ ആന്തരികവത്കരണം വാഗ്ദാനം ചെയ്തു. നാലുപാടും കെട്ടിടങ്ങൾ, നടുവിൽ ഒരു നിരീക്ഷണ ഗോപുരം; ഈ സെൻട്രൽ ടവറിനുള്ളിൽ നിന്ന് അഭ്യന്തര നിവാസികളെ കൃത്യമായി നിരീക്ഷിക്കാൻ ഈ ആധുനികഘടന സഹായിച്ചു. നിരന്തരമായ നിരീക്ഷണം ഒരു നിയന്ത്രണ സംവിധാനമായി പ്രവർത്തിച്ചു. അതിലൂടെ താൻ എപ്പോഴും നിരീക്ഷിക്കപ്പെടുന്നു എന്ന ബോധം ആന്തരികവാസികളിൽ സൃഷ്ടിക്കപ്പെട്ടു. ഒരൊറ്റ ഗാർഡിന് എല്ലാ അന്തേവാസികളുടെയും സെല്ലുകൾ ഒരേ സമയം നിരീക്ഷിക്കുക എന്നത്, ശാരീരികമായി അസാധ്യമാണെങ്കിലും അതിന്റെ സംവിധാനം/ഘടന തങ്ങൾ എപ്പോഴും നിരീക്ഷിക്കപ്പെടുന്നു എന്ന ബോധം തടവുകാരിൽ സൃഷ്ടിക്കാൻ ഉതകുന്നതായിരുന്നു.

ഫ്രഞ്ച് ബുദ്ധിജീവിയും നിരുപകനുമായ മിഷേൽ ഫൂക്കോ (Michel Foucault) ഇതിനെ വളരെ വിശദമായി അവതരിപ്പിക്കുന്നുണ്ട്. ജയിൽ വ്യവസ്ഥിതിയിലുള്ളവർ മാത്രമല്ല, എല്ലാ പൗരന്മാരുടെയും ദൈനംദിന ജീവിതത്തിലേക്ക് വ്യാപിക്കുന്ന സാമൂഹിക നിയന്ത്രണത്തിന്റെ പ്രതീകമായി പാൻ ഒപ്റ്റിക്കോൺ എന്ന ആശയത്തെ വിസ്താരമായി അവതരിപ്പിച്ചു. പൗരന്മാർക്ക് അധികാര ഗോപുരത്തിന്റെ നിരീക്ഷണങ്ങൾക്കു കുറുകെ സഞ്ചരിക്കാൻ സാധിക്കില്ലന്നും, അധികാരം എപ്പോഴും പൗരന്മാരെ ആന്തരികവത്കരിക്കുന്നു എന്നുമുള്ള വിശാല അർത്ഥങ്ങൾ ഫൂക്കോ അതിന് നൽകി. അധികാരത്തിന്റെ സ്വഭാവത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “അത് വ്യക്തിയുടെ സസൂക്ഷ്മ തലത്തിലേക്ക് വരെ എത്തുന്നു, അവരുടെ ശരീരത്തിൽ സപർശിക്കുന്നു, അവരുടെ പ്രവർത്തനങ്ങളിലും മനോഭാവങ്ങളിലും അവരുടെ വ്യവഹാരങ്ങളിലും പഠന പ്രക്രിയയിലും ദൈനംദിന ജീവിതത്തിലും വരെ അത് ഇടപെടുന്നു”എന്നാണ്.

ഫൂക്കോ പറഞ്ഞുവെച്ച സാമൂഹിക നിയന്ത്രണമാണ് ആധുനിക ജനാധിപത്യ സമൂഹത്തിന്റെ വേവലാതികൾ. സ്വന്തം അഭിപ്രായങ്ങളും, വീക്ഷണങ്ങളും, ചിന്തകളും, ചിന്തേതര പ്രവർത്തനങ്ങളും വിദൂര ദിക്കുകളിൽ നിന്ന് പകർത്തിയെടുക്കുന്ന സാമൂഹ്യ യാഥാർത്ഥ്യത്തിന്റെ നടുവിലാണ് നാം നിലകൊള്ളുന്നത്. സ്വാതന്ത്ര്യവും മറ്റു അവകാശങ്ങളുമെല്ലാം ഇവിടെ നിലനിൽക്കുന്നുവെങ്കിലും അവകൾ ഇതിന് പുറത്ത് നിന്ന് കലഹിക്കുന്ന ജനാധിപത്യ ഉൽപന്നങ്ങൾ മാത്രമാണ്. നിരന്തരം നിരീക്ഷിക്കപ്പെടുന്ന ഒരാൾ, തന്റെ ഏറ്റവും സ്വകാര്യമായ ചിന്തകൾ പോലും ഒരു പക്ഷേ മറ്റൊരാൾക്ക് അറിയാൻ കഴിയുന്ന അവസ്ഥയിൽ ജീവിക്കാൻ വിധിക്കപ്പെടുന്നു. ആ ജീവിതങ്ങളെ പ്രായോഗികതലത്തിൽ വ്യാഖ്യാനിക്കുമ്പോൾ പുതിയ കാലത്തെ വിലയില്ലാത്ത അടിമകളെ ലളിതമായി മനസ്സിലാക്കാൻ നമുക്ക് സാധിക്കും. അധികാരത്തോട് ഭയക്രാന്തനായി മാറി നിൽക്കാതെ നിർഭയത്വത്തോടെ സത്യം പറയാൻ കഴിയാത്ത ഒരു സമൂഹത്തെ സ്വതന്ത്ര സമൂഹമായി നിർവചിക്കുന്നതിൽ വലിയ അർത്ഥമില്ല. ആർത്തിയുടെയും സ്വാർത്ഥതയുടെയും അധികാര മുഖത്തു നോക്കി, ഒട്ടും ഭയപ്പെടാതെ സത്യം പറയാനുള്ള ധീരത കൈവരിക്കുന്നിടത്താണ് താനൊരു പൗരനായി പ്രതിനിധീകരിക്കാനുള്ള പ്രാപ്തി നേടുന്നത്. മാർക്സ് കർതൃത്വം (ഏജൻസി) എന്ന പദത്താലാണ് ആ വിമോചിത നിമിഷത്തെ സൂചിപ്പിക്കുന്നത്. തൊഴിലാളി വർഗ്ഗത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് മാർക്സ് അത് ഉപയോഗിച്ചത്. മുതലാളിത്വ പ്രത്യയശാസ്ത്രത്തിൽ നിന്ന് കർതൃത്വം നേടി സ്വയം തന്റെ ജീവിത സാഹചര്യങ്ങളെ നിർണയിക്കാൻ സാധിക്കുമ്പോഴാണ് അവർ ജനാധിപത്യം, അർഹിക്കുന്ന ഒരു വർഗ്ഗമാകുന്നത് എന്നാണ് മാർക്സ് പറഞ്ഞത്. അവിടെയാണ് മാർക്സ് കണ്ട ജനാധിപത്യ സങ്കൽപ്പം സാർത്ഥകമാകുന്നതും.

സേച്ഛാധിപത്യത്തിന്റെ ഇരുണ്ട കാലങ്ങളെ വിശേഷിപ്പിക്കുന്ന രാവണൻ കോട്ട (Labyrinth) യുടെ പണിപ്പുരയിലാണ് ആധുനിക ജനാധിപത്യ അധികാരികൾ. അതിൽ ചിലരെ പാർശ്വവത്കരിക്കേണ്ടതും, മറ്റു ചിലരെ പതിത്വവൽക്കരിക്കേണ്ടതും ഭരണകൂടത്തിന്റെ ആവശ്യമാണ്. 1980 ലാണ് ഇറ്റാലിയൻ ഫിലോസഫറായ ഉംബർട്ടോ എക്കോയുടെ (Umberto eco)യുടെ ‘The Name of the Rose’ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. അതിൽ അദ്ദേഹം ലാബറിൻന്ത് എന്ന വാക്ക് ഒരുപാട് തവണ ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല സ്വേച്ഛാധിപത്യത്തെ കറിച്ച് വെള്ളക്കടലാസിൽ എഴുതപ്പെട്ടതിൽ ഏറ്റവും നല്ല കൃതി എന്ന് പുസ്തകത്തിന്റെ മുഖവിലാസം നമ്മോട് പറയുന്നുണ്ട്.

സമഗ്രാധിപത്യത്തിന്റെ മുഖംമൂടി വലിച്ചുകീറുന്ന ഒട്ടനേകം സാഹിതീയ ഇടപെടലുകൾ ചരിത്രം പരതിയാൽ നമുക്ക് കണ്ടെത്താൻ സാധിക്കും. അവകളിൽ പ്രധാനപ്പെട്ട ഒന്നാണ് 1949 ൽ പ്രസിദ്ധീകരിക്കപ്പെട്ട ജോർജ് ഓർവലിന്റെ 1984 എന്ന കൃതി. സ്റ്റേറ്റ് ഓപറേഷൻ, മീഡിയ കൺട്രോൾ തുടങ്ങിയ ഫാസിസ്റ്റ് ക്രമീകരണ ആയുധങ്ങളെ ഓർവൽ ഇതിൽ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. പാർട്ടിയുടെ സർവ്വവ്യാപിയായ കണ്ണുകളിൽ(Telescreens) നിരാശനായ പാർട്ടിയുടെ താഴ്ന്ന റാങ്കുകാരനായ വിൻസ്റ്റൺ സ്മിത്തിന്റെയും അതിന്റെ അശുഭ ഭരണാധികാരിയായ ബിഗ് ബ്രദറിന്റെയും ആഖ്യാന പ്രത്യാഖ്യാനങ്ങളാണ് ഓർവൽ ഇതിലുടെ പങ്കുവെക്കുന്നത്. ബിഗ് ബ്രദർ തന്റെ അധികാരം വെച്ച് ആളുകളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും നിയന്ത്രിക്കുന്നു. രാഷ്ട്രീയ കലാപത്തെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമിത്തിനൊടുവിൽ “ന്യൂ സ്പീക്ക്” എന്ന സംജ്ഞ രൂപപ്പെടുന്നു. വിമതമെന്നു കരുതുന്ന കാര്യങ്ങൾ ചിന്തിക്കുന്നത് പോലും നിയമവിരുദ്ധമായി അവതരിപ്പിക്കപ്പെടുന്നു. പ്രജനനത്തിനാവശ്യമല്ലാത്ത ലൈംഗികത നിരോധിക്കപ്പെടുന്നു. ഇതെല്ലാമാണ് ഓഷ്യാനയിലെ ഭരണീയ വിശേഷങ്ങൾ. ഇതിനിടയിൽ നായകൻ വിൻസ്റ്റൺ സ്മിത്ത് തന്റെ രഹസ്യചിന്തകളുടെ ഒരു ഡയറിയിലൂടെ പാർട്ടിക്കെതിരെ സൂക്ഷ്മമായ ഒരു കലാപം ആരംഭിക്കുന്നു. സ്മിത്ത് ഒരിക്കൽ ഡയറിയിൽ ഇങ്ങനെ കുറിച്ചുവെച്ചു; “Down with Big Brother”, വിമത ചിന്തകൾ പോലും നിരോധിക്കപ്പെട്ട അവിടെ ഇത് വലിയ കുറ്റമായി ഗണിക്കപ്പെട്ടു. കാരണം സാർവത്രികമായി അവിടെ പാർട്ടി മാത്രമായിരുന്നു ശരി. അവിടെയും നിരീക്ഷണ രാഷ്ട്രീയത്തിന് വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. ടെലിസ്ക്രീനുകൾ അധികാരത്തിന്റെ നിരീക്ഷണ ഗോപുരം പോലെ അവർക്കിടയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു. അവകളെ കബളിപ്പിച്ച് ജീവിക്കുന്നതിൽ അവർ നിസ്സഹായരായി. എന്നുവെച്ചാൽ സ്വതന്ത്ര്യ ആവിഷ്കാരവും സ്വതന്ത്ര്യ ചിന്തയുമില്ലാത്ത, കേൾക്കാൻ മാത്രം പഠിപ്പിക്കപ്പെട്ട ആധുനിക അടിമകളാക്കി ആ സമൂഹത്തെ മാറ്റപ്പെട്ടു എന്നർത്ഥം.

ഏകാധിപത്യ ഭരണകൂടത്തെയും അതിന്റെ പ്രായോഗിക രാഷ്ട്രീയത്തെയും വിമർശനാത്മകമായി സമീപ്പിക്കുന്ന ഓർവലിന്റെ മറ്റൊരു കൃതിയാണ് “Animal Farm: A Fairy Story”  മൃഗങ്ങൾക്ക് തുല്യതയും, സ്വാതന്ത്ര്യവും സന്തുഷ്ടജീവിതവും സാധ്യമാകുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ ഒരു കൂട്ടം കാർഷിക മൃഗങ്ങൾ തങ്ങളുടെ യജമാനനായ മനുഷ്യ കർഷകനെതിരെ മത്സരിക്കുന്നതാണ് കൃതിയുടെ ഇതിവൃത്തം. നോവലിൽ നെപ്പോളിയൻ എന്ന കാൽപനിക കഥാപാത്രത്തെ സ്റ്റാലിന്റെ പ്രതിരൂപമായാണ് ഓർവൽ അവതരിപ്പിക്കുന്നത്. അധികാരം പിടിക്കാൻ വേണ്ടി സ്റ്റാലിൻ മഹത്തായ ആശയങ്ങളെ വഞ്ചിച്ചതും, രാഷ്ട്രീയ സ്ഥാപനങ്ങളെ തകർത്തെറിഞ്ഞതും കൃതി കൃത്യമായി വിലയിരുത്തുന്നുണ്ട്. സോവിയറ്റ് റഷ്യ സോഷ്യലിസ്റ്റ് ആശയങ്ങളോട് കാണിച്ച വിശ്വാസ വഞ്ചനക്കെതിരെ എഴുതപ്പെട്ട മറ്റൊരു കൃതിയാണ് അർതർ കൊയ്സ്റ്റലറുടെ “Darkness at Noon” എന്ന പുസ്തകം. പ്രസ്തുത പുസ്തകത്തിൽ സ്റ്റാലിനെ സൂചിപ്പിക്കുന്നത് നമ്പർ വൺ എന്നാണ്.

അധികാര വർഗ്ഗത്തിന്റെ ഏകാധിപത്യ പ്രവണതകളോട് ക്രിയാത്മകവും വിമർശനാത്മകവുമായ രീതിയിൽ പ്രതികരിച്ച അൽബേനിയൻ എഴുത്തുകാരനാണ് ഇസ്മാഈൽ കദേരെ, തന്റെ “The Palace of dreams” എന്ന പുസ്തകത്തിലൂടെ അൽബേനിയൻ ജനതയെ നാളെയുടെ സ്വാതന്ത്ര്യ സ്വപ്നങ്ങളിലേക്ക് മിഴിനീട്ടാൻ അദ്ദേഹം പഠിപ്പിച്ചു. 1975 ൽ പ്രസിദ്ധീകരിക്കപ്പെട്ട കൊളമ്പിയൻ സാഹിത്യകാരനായ ഗബ്രിയേൽ ഗാർസിയ മാർക്കോസിന്റെ “The Autumn of the Patriarch” എന്ന പുസ്തകവും പ്രത്യാഖ്യാന സാഹിത്യങ്ങളിലെ മുഖ്യമായ ഒന്നാണ്. അതിൽ അദ്ദേഹം തന്റെ സാങ്കൽപ്പിക സ്വേച്ഛാധിപതിയെ അടിസ്ഥാനമാക്കിയിട്ടുള്ളത് മാതൃരാജ്യത്തിലെ സർവ്വാധിപതി ഗുസ്താവൊ റോജസ് പിനില, സ്പെയിനിലെ ഫ്രാൻസിസ്കോ ഫ്രാങ്കോ, വെനസ്വേലയിലെ വിസെന്റ് ഗോമസ് എന്നിവരെയാണ്. ഫ്രാങ്കോയുടെ ക്രൂര വംശാധിപത്യ ഭരണകാലത്താണ് മാർക്കോസ് ഈ നോവൽ രചിക്കുന്നത്. 1969ൽ പ്രസിദ്ധീകരിക്കപ്പെട്ട “Conversation in the Cathedral” എന്ന പുസ്തകവും വിമോചക സാഹിത്യത്തിന്റെ മറ്റൊരു ആവിഷ്കാരമാണ്. സ്വേച്ഛാധിപത്യത്തിനു കീഴിൽ വിറളികൊള്ളുന്ന പെറുവിന്റെ ചിത്രീകരണമാണ് കൃതി സാക്ഷ്യപ്പെടുത്തുന്നത്. ഭരണകൂട വിമർശനങ്ങളാൽ നാടുകടത്തപ്പെട്ട പരാഗ്വേ എഴുത്തുകാരനാണ് അഗസറ്റോ റോ ബാസ്റ്റോസ്. അദ്ദേഹത്തിന്റെ ചരിത്ര നോവലാണ് “I am the Supreme” എന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ “പരമോന്നതൻ” എന്ന് സ്വയം വിശേഷിപ്പിച്ച പരാഗ്വേ ഏകാധിപതി ജോസ് ഗാസ്‌പർ റോഡ്രിഗസിന്റെ ഭരണ വിശേഷങ്ങളാണ് കൃതി പങ്കുവെക്കുന്നത്.

സാദിഖ് ചെട്ടിയാംകിണർ