Campus Alive

വിമോചനത്തിന്റെ ജ്ഞാനശാസ്ത്ര അതിരുകൾ

ഹാമിദ് ദബാഷിയുടെ ചിന്തകൾ ക്രിട്ടിക്കൽ തിയറി എന്ന തത്വചിന്താ പരിസരത്ത് നിന്നും ഉരുത്തിരിയുന്നതാണ്. യൂറോപ്യൻ പ്രബുദ്ധതയെയും (Enlightenment),  അതിൽ പിറവിയെടുത്ത ആധുനികതയെയും,  നവമുതലാളിത്ത സമൂഹങ്ങളുടെ ഘടനയെയും വിമർശന വിധേയമാക്കി കൊണ്ട് പുതു മാർക്സിയൻ പരിപേക്ഷ്യം മുന്നോട്ടു വച്ച ഫ്രാങ്ക്ഫർട് സ്കൂളിന്റെ വഴിയേ, ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തെയും, അതിന്റെ ഉത്തുങ്ക രാഷ്ട്രീയ സ്വരൂപമായി രൂപപ്പെട്ട വിപ്ലവാനന്തര ഇറാനിയൻ ദേശരാഷ്ട്രത്തെയും നിരൂപണ വിധേയമാക്കാനാണ് ദബാഷി തന്റെ ‘ഇസ്‌ലാമിക് ലിബറേഷൻ തിയോളജി’യിൽ ശ്രമിക്കുന്നത്. പ്രത്യയശാസ്ത്രത്തിന്റെ അന്ത്യത്തെ അനിവാര്യമാക്കുന്ന ചരിത്ര മുഹൂർത്തത്തെ അടയാളപ്പെടുത്താനും, ബദലായി, വിമോചന ദൈവശാസ്ത്രത്തിന്റെ പിറവിയെടുക്കുന്ന ശുഭസൂചനകൾക്ക് ചെവിയോർക്കാനും പുസ്തകം ഉത്ബോധിപ്പിക്കുന്നു.

എന്താണ് ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ അന്ത്യം എന്നത്  കൊണ്ട് ഗ്രന്ഥകാരൻ അർത്ഥമാക്കുന്നത്? അത് വിശദീകരിക്കാൻ പരമ്പരാഗത മതസമൂഹത്തിന്റെ വർഗ്ഗീകരണത്തിലെ ഇസ്‌ലാമിൽ നിന്നും അത് പ്രത്യയശാസ്ത്രമായി രൂപാന്തരപ്പെട്ടതിന്റെ ചരിത്രം വിശദീകരിക്കേണ്ടതുണ്ട്. അതാവട്ടെ യൂറോപ്യൻ പ്രബുദ്ധതയുടെ ചരിത്രവുമായി ഇഴ ചേർന്ന് കിടക്കുന്നു. കാന്റ് നിരീക്ഷിക്കുന്ന രീതിയിൽ, ‘അത് (Enlightenment) നമ്മുടെ യുക്തിചിന്ത പ്രമാണങ്ങൾക്ക് മേൽ സ്വാതന്ത്രം പ്രഖ്യാപിച്ച’ സംഭവമായിരുന്നോ? ചോദ്യം ആരൊക്ക ആ ‘നമ്മിൽ’ ഉൾപ്പെട്ടു എന്നതാണ്! വെള്ളക്കാരല്ലാത്ത ജനതകളെ സംബന്ധിച്ച് ആധുനികത എന്നത് വ്യക്തമായും കൊളോണിയൽ ആധുനികതയായിരുന്നു. അധിനിവേശത്തിന്റെ കയ്പ്പുനീരുമായി ബന്ധപ്പെട്ടു മാത്രമേ ലോകത്തിലെ വലിയ ശതമാനത്തിന് ആധുനികത ഓർത്തെടുക്കാൻ കഴിയുകയുള്ളു. ‘സ്വാതന്ത്ര്യ പ്രഖ്യാപനം’ എന്ന ആശയത്തിന് തീർത്തും എതിരനുഭവം. സ്വന്തം ആവാസ ഇടങ്ങളിലേക്ക്, നാട്ടിലേക്ക്, ജീവിതരീതികളിലേക്ക് അതിക്രമിച്ചു കടന്നു കയറിയ പടിഞ്ഞാറൻ ആക്രമകാരികളെ മാറ്റി നിർത്തി അവർക്ക് ആധുനികതയുടെ ചരിത്രം രചിക്കുക സാധ്യമല്ല. ആ അതിക്രമങ്ങൾക്കെതിരെയുള്ള പോർനിലങ്ങളിൽ വച്ചാണ്, ഇസ്‌ലാം ഒരു പ്രത്യയശാസ്ത്ര രൂപമാർജ്ജിക്കുന്നത്. അങ്ങനെ ഇസ്‌ലാമും പടിഞ്ഞാറും പരസ്പരം ദ്വന്ദങ്ങളായി അരങ്ങിൽ നിറഞ്ഞു. ഒന്ന് മറ്റൊന്നിന് പ്രതിബിംബമായി പരസ്പര വളർച്ചക്ക് ഊർജമായി.

ഹാമിദ് ദബാഷി

ജമാലുദ്ദീൻ അഫ്‌ഘാനിയിൽ ആരംഭിക്കുന്ന ഇസ്‌ലാമിക പ്രത്യയശാസ്ത്രം അങ്ങനെ പടിഞ്ഞാറിനെതിരെ തദ്ദേശീയ ജനത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനുള്ള ഇന്ധനമായി ഇസ്‌ലാമിനെ മാറ്റുകയായിരുന്നു. പിന്നീട് മുഹമ്മദ്‌ അബ്ദു മുതൽ മൗദൂദിയും അലി ശരീഅത്തിയും വരെയുള്ള ചിന്തകർ ഇതേ ആഖ്യാനത്തിലേക്ക് ഇസ്‌ലാമിക ചിന്തയെ പ്രത്യയശാസ്ത്രമായി കുടിയിരുത്തി. ഈ രൂപപ്പെടലിൽ സംഭവിച്ച പ്രതിലോമകരമായ ഘടകങ്ങൾ ഏറെയുണ്ട്. ഇസ്‌ലാം അതിന്റെ സാർവലൗകികതയിൽ നിന്നും വഴുതി, പടിഞ്ഞാറിനെതിരിൽ വംശീയവും ദേശീയവുമായി സങ്കുചിതമാക്കപ്പെട്ട സ്ഥിതിവിശേഷമാണ് പ്രധാനപ്പെട്ടത്. എന്നിരുന്നാലും തദ്ദേശീയരുടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക് മൂല്യവത്തായ സംഭാവന അത് വഴി ഇസ്‌ലാമിക പ്രത്യയശാസ്ത്രം പ്രദാനം ചെയ്തു എന്നത് നിഷേധിക്കാനാവില്ല. എന്നാൽ മാറിയ ലോക സാഹചര്യത്തിൽ ആ ചരിത്ര ദൗത്യം കേവലം ചരിത്രമായി കഴിഞ്ഞിരിക്കേ, വഴിയടഞ്ഞ നിലയിലല്ലേ അത് നിലയുറപ്പിക്കുന്നത്?

പടിഞ്ഞാറ് എന്ന കല്പിത ആശയവുമായി, അതിന്റെ പതനവുമായി,  ബന്ധപ്പെടുത്തിയാൽ മാത്രമേ ഇത് മനസിലാക്കാൻ കഴിയൂ. ആഗോളവത്കരിച്ച ഇന്നത്തെ ലോകം, ഇസ്‌ലാമും പടിഞ്ഞാറും  പോലെയുള്ള ദ്വന്ദങ്ങളിലേക്ക് വ്യാഖ്യാനിച്ചു വിശദീകരിക്കാൻ കഴിയുന്ന ഘടനയിലല്ല ഇന്ന് നിലനിൽക്കുന്നത്. മൂലധനം എന്നത് കൊളോണിയൽ കാലഘട്ടത്തിലേത് പോലെ പടിഞ്ഞാറ് എന്ന ഒറ്റ പ്രദേശവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്നില്ല. അത് അമൂർത്തമായി,  വികേന്ദ്രീകൃതമായി ലോകമെമ്പാടും ഒഴുകി പരന്നു കിടക്കുന്നു. മുൻപ് നിലനിന്നിരുന്ന മട്ടിലുള്ള പടിഞ്ഞാറ് എന്ന കേന്ദ്രവും, കോളനിവത്കരിക്കപ്പെട്ട അതിന്റ അതിരുകളും, കലഹരണപ്പെട്ടിരിക്കുന്നു. കേന്ദ്രവും അതിരുകളും കൂടിക്കുഴഞ്ഞു,  കേന്ദ്രത്തിൽ തന്നെ അതിരുകളും,  അതിരുകളിൽ കേന്ദ്രവും രൂപം കൊണ്ടു. ‘സംസ്കാരങ്ങളുടെ സംഘട്ടനം’ പോലെയുള്ള വ്യാജ സിദ്ധാന്തങ്ങൾ ഈ യാഥാർഥ്യത്തെ മറയ്ക്കാനും ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാനുമുള്ള വൃഥാ വ്യായാമങ്ങളത്രെ! ചിലരെയെങ്കിലും വഞ്ചിതരാക്കി പൊയ്‌പ്പോയ കാലത്തിന്റെ രൂപകങ്ങളിൽ തളച്ചിടാൻ അതിന് കഴിഞ്ഞേക്കാം എന്ന് മാത്രം. ചരിത്രപരമായി ഇസ്‌ലാമിക പ്രത്യയശാസ്ത്രം പടിഞ്ഞാറിനെതിരെ രൂപം കൊണ്ടത്  കൊണ്ട് തന്നെ, പടിഞ്ഞാറിന്റെ പതനത്തോടെ ആ പ്രതിബിംബത്തിന് ചരിത്രപ്രസക്തി നഷ്ടമായിരിക്കുന്നു. അത്തരം തിരിച്ചറിവുകളെ റദ്ദ് ചെയ്തു മുന്നോട്ട് പോവാനുള്ള ഏത് ശ്രമവും മാറിയ കാലത്തോടുള്ള നീതിപൂർവകമായ ഇടപെടൽ അസാധ്യമാക്കുന്നു.

താരീഖ് റമദാൻ & അബ്ദുൽ കരീം സൊറോഷ്

വർത്തമാനകാല മുസ്‌ലിം ബുദ്ധിജീവികളായ അബ്ദുൽ കരീം സോറോഷിനെയും, താരിഖ് റമദാനെയും ഈ അടിത്തറയിൽ ഗ്രന്ഥകാരൻ നിശിത വിമർശനങ്ങൾക്ക് വിധേയമാക്കുന്നു. ജ്ഞാനതത്വപരമായി തകർന്നു കഴിഞ്ഞ ഈ പടിഞ്ഞാർ എന്ന ആശയത്തോട്, കാലം തെറ്റി വന്നവരെ പോലെ, സംവദിക്കാൻ ശ്രമിച്ചു കൊണ്ട് ഇരുവരും ഉപയോഗ ക്ഷമത അവസാനിച്ചു കഴിഞ്ഞ ചിന്തകളെ പുനരുജ്ജീവിപ്പിക്കാൻ വൃഥാ യത്നിക്കുന്നു. ഈ ചിന്താരീതി തന്നെയാണ് അതിന്റെ എതിർദിശയിൽ ഏറ്റവും അശ്ലീലമായ തലം ഉത്പാദിപ്പിക്കുന്നത്. ദബാഷിയുടെ ഭാഷയിൽ ‘നേറ്റീവ് ഇൻഫോർമേഴ്സ്’ ആയ അയാൻ ഹിർസി അലി മുതലായവരിലാണത്. പടിഞ്ഞാറിന്റെ പുരോഗതിക്കും പ്രബുദ്ധതയ്ക്കും എതിരിൽ ‘പഴഞ്ചൻ’ ഇസ്‌ലാമിനെ പ്രതിഷ്ഠിച്ചു കൊണ്ട് രണ്ടാമത്തെ കൂട്ടർ ഭാവനാവിലാസിതമായ അനുഭവക്കുറിപ്പുകൾ എഴുതുന്നു എന്നത് മാത്രമാണ് വ്യത്യാസം. മുസ്‌ലിം ലോകത്തെ സെക്കുലർ ബുദ്ധിജീവികളോടും ദബാഷി കലഹിക്കുന്നുണ്ട്. അവർ യൂറോപ്യൻ പ്രബുദ്ധത്തോട് സ്വീകരിക്കുന്ന വിമർശനരഹിതമായ ആശ്രിതത്വത്തിന്റെ പേരിലാണത്. പ്രബുദ്ധതയുടെ (enlightenment) വംശീയമായ ഉള്ളടക്കത്തെ പരിഗണിക്കാതെ അവരും എത്തിച്ചേരുന്നത് ചർവിതചർവ്വണമായ ഇസ്‌ലാം – പടിഞ്ഞാറ് എന്ന പരികല്പനയിൽ തന്നെ.

ഇറാനിലെ മതമേലധികാരികളുടെ ഭരണത്തെ വിമർശിക്കുമ്പോൾ ഒരു പടി കൂടെ കടന്നു ശിയീസത്തിന്റെ സവിശേഷമായ വിപ്ലവ ശേഷിയേയും അതിലുൾച്ചേർന്ന വൈരുദ്ധ്യത്തെയും കാണേണ്ടി വരുന്നു. ഗ്രന്ഥകാരൻ ശിയീസത്തെ ഇസ്‌ലാമിന്റെ തന്നെ ഉൾക്കാമ്പ് എന്ന രീതിയിലാണ്, മറിച്ച്, അതിന്റെ ദൈവശാസ്ത്ര വ്യത്യാസങ്ങളുടെ മണ്ഡലത്തിലല്ല പരിഗണിക്കുന്നത് എന്ന് കാണണം. നമുക്കറിയാം, കർബലയും, അതിന്റെ ദുരന്തപര്യവസായിയായ അനുഭവ ചരിത്രവും,  പീഡനാനുഭവ സ്മരണകളുമാണ് ശിയീയിസത്തിന്റെ കാതൽ. അത് സ്വയമേവ അധികാരത്തിനെതിരായ കലാപത്തിന്റെ മൂല്യമാണ്. അതോടൊപ്പം, അതിന്റെ മൂല്യത്തെ നിലനിർത്തിയതാകട്ടെ അതിന്റെ പരാജയവുമാണ് (കർബല). വിജയിക്കുക വഴി പരാജയപ്പെടുന്ന, പരാജയത്തിൽ വിജയിക്കുന്ന അനിതരസാധാരണമായ ഒരു വൈരുദ്ധ്യം അങ്ങനെ ശിയീസത്തിന്റെ സത്താപരമായ സവിശേഷതയാണ്. അത് നിരന്തരമായ പ്രതിരോധത്തിന്റെ മതമാണ്. വിജയത്തിലൂടെ ആ വിപ്ലവമൂല്യങ്ങൾ നഷ്ടമായി, ഒരു അധികാരക്രമത്തിനുള്ളിൽ ഞെരിഞ്ഞമർന്ന് പരാജയമേറ്റു വാങ്ങുകയെന്ന ശിയീസത്തിന്റെ സ്വഭാവ സവിശേഷതയുടെ ചരിത്ര ആവിഷ്കാരമായി വിപ്ലവ-വിപ്ലവാനന്തര ഇറാൻ അടയാളപ്പെടുത്തപ്പെടുന്നു. പടിഞ്ഞാറ് എന്ന കാല്പനികമായ എതിരാളിയോട് പോരടിക്കുന്ന, ഭൂതകാലത്തിൽ അഭിരമിക്കുന്ന ഒരു ഏകാധിപത്യ മതഭരണകൂടമായി ഇറാനിയൻ ഭരണകൂടം അധഃപതിച്ചിരിക്കുന്നു.

ശിയീസത്തിൽ കാതലായുള്ള ഈ വൈരുദ്ധ്യം സുന്നി ഇസ്‌ലാമിലും ദർശിക്കാനാവും. പ്രതിരോധത്തിന്റെ മക്ക കാലഘട്ടവും, സമൂഹ നിർമിതിയുടെ മദീന കാലഘട്ടവും വ്യാഖ്യാന മണ്ഡലത്തിൽ സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങളെ ഈ പ്രതലത്തിൽ വായിക്കേണ്ടി വരും. ഈ ബോധ്യത്തിൽ നിന്നും വേണം മുന്നോട്ട് ദൃഷ്ടി പായിക്കേണ്ടത്. പടിഞ്ഞാറ്-ഇസ്‌ലാം എന്ന കേവലതകളുടെ തകർച്ച ചരിത്രത്തിന്റെ അന്ത്യമല്ല! പ്രത്യയശാസ്ത്രത്തിന്റെ അന്ത്യം, ഇസ്‌ലാം എന്ന മതത്തിന്റെ ദാർശനിക പ്രസക്തി നഷ്ടപ്പെടുത്തുന്നുമില്ല. ഇസ്‌ലാം അതിന്റെ പൂർവ്വകാല സാർവലൗകിക  സ്വഭാവും, ഐഹിക പ്രധാനമായ കാഴ്ചപ്പാടുകളെയും പുനരുജ്ജീവിപ്പിച്ചേക്കാം. ആ മാറ്റത്തിന്റെ ദിശയെ സംബന്ധിച്ചു ചില സൂചനകൾ മാത്രമേ ദൃശ്യമായി തുടങ്ങിയിട്ടുള്ളൂ. പ്രത്യയശാസ്ത്രത്തിന് അതീതമായി മതനീതിയിൽ അധിഷ്ടിതമായ ഒരു കാഴ്ചപ്പാടാണ് വർത്തമാന കാലത്തെ അമൂർത്ത സാഹചര്യങ്ങളെ നേരിടുവാൻ വേണ്ടത്. അത്തരത്തിലുള്ള ഇസ്‌ലാമിക വിമോചനനീതിയുടെ സാരാംശം ഉയർത്തിപിടിച്ച ഉത്തമ പ്രതീകമായി ഗ്രന്ഥകാരൻ കാണുന്നത് മാൽകം എക്‌സിനെയാണ്.

ഉഗ്രമായ ഒരു ചതുപ്പിലെന്ന പോലെ,  അത്യന്തം സങ്കീർണമായ സാഹചര്യങ്ങളിലേക്ക് ആണ്ടു പോവുന്ന ഇന്നത്തെ മുസ്‌ലിം രാഷ്ട്രീയത്തെ വീണ്ടെടുക്കാൻ കെൽപ്പുള്ള വിപ്ലവവീര്യമാണ് മാൽക്കം എക്സിന്റെ ജീവിതം. ദ്വന്ദ നിർമിതിയിലൂടെ ഓറിയന്റലിസ്റ്റ് ജ്ഞാന പദ്ധതികൾ തളച്ചിട്ട നമ്മുടെ ബോധ്യങ്ങളെ തന്റെ ഹ്രസ്വവും തീക്ഷ്ണവുമായ ജീവിതത്തിലൂടെ ഈ കറുത്ത നായകൻ അതിലംഘിക്കുന്നു. പടിഞ്ഞാറ് എന്ന പുരോഗതിയുടെ വ്യാജമായ മറയുടെ ഉള്ളിൽ നിന്ന് തന്നെയാണ് അദ്ദേഹം ഉയർന്നു വരുന്നത് എന്നത് ശ്രദ്ധിക്കുക. സാമ്രാജ്യം അതിനുള്ളിൽ തന്നെ ഇങ്ങനെ നീതി നിഷേധിക്കപ്പെട്ട ജനത്തെ സൃഷ്ടിക്കുന്നു എന്നതും ഇസ്‌ലാം–പടിഞ്ഞാർ എന്ന വിരുദ്ധോക്തി വാദത്തിന്റെ അർത്ഥശൂന്യത വെളിപ്പെടുത്തേണ്ടതാണ്. പ്രത്യയശാസ്ത്രത്തിന്റെ അതിരുകൾ എത്ര നേർത്തതും പൊള്ളയുമാണെന്ന് അത് ആണയിടുന്നു. പടിഞ്ഞാറിനെതിരെ രൂപം കൊണ്ട ആ പ്രത്യയശാസ്ത്രത്തെ പോലെ പ്രതിവംശീയവാദിയായി തന്നെയാണ് മാൽകം എക്സ് എന്ന ചിന്തകനും ഉദയം കൊണ്ടത്. എന്നാൽ അത്തരം ചില രൂപപ്പെടലുകളിൽ ഉറച്ചു പോയ ഒരാളായിരുന്നില്ല എന്നതാണ് മാൽകം എക്സിന്റെ പ്രസക്തി. സാഹചര്യങ്ങളോട് സത്യസന്ധമായി ഇടപെടുക വഴി സ്വയം നവീകരിക്കുന്ന ആ ധീഷണ, സാമ്രാജ്യത്തിന്റെ ഹൃദയഭൂമിയിൽ  നിന്നും അതിരുകളിലേക്ക് യാത്ര ചെയ്യുകയും, ഇസ്‌ലാമിനെ പുൽകി, വ്യാജമായ മറകൾക്ക് അപ്പുറവും ഇപ്പുറവും ഉള്ള സകല മർദ്ദിദർക്കും ഒരേ പോലെ സാധ്യമാവേണ്ട ഒരു വിമോചന നീതിയുടെ ലോകഘടനയെ കാംക്ഷിക്കുകയും ചെയ്തു.

മാറുന്ന പുതിയ കാലത്തിലെ ഇസ്‌ലാം,  അതിന്റെ ചരിത്രവഴിയിൽ രൂപപ്പെട്ട പ്രത്യയശാസ്ത്ര പുറന്തോടുകൾ അഴിച്ചു വച്ച്, മാൽക്കം എക്‌സിനെ പോലുള്ളവർ തിരി കൊളുത്തിയ മതനീതിയിലേക്ക് ചുവട് വെക്കണം എന്നാണ് ഗ്രന്ഥകാരൻ വാദിക്കുന്നത്. അതിനായി സാർവലൗകികത മുഖമുദ്രയാക്കിയ ഇസ്‌ലാമിന്റെ സാംസ്കാരിക പാരമ്പര്യം പുനരുജ്ജീവിപ്പിക്കുന്ന, ബഹുസ്വരമായ മറ്റു പാരമ്പര്യങ്ങളെ സഹയാത്രികരാക്കുന്ന നിലപാടുകൾ വേണം. അധികാരത്തെ സമ്പൂർണമായി കൈയ്യടക്കാനുള്ള  പ്രലോഭനങ്ങളെ  മറികടക്കണം. ‘അപര’ത്തെ നീതിയുടെ അടിസ്ഥാനമാക്കി ലവിനാസ് മുന്നോട്ടു വച്ച ചിന്തകളെ സാംശീകരിക്കുന്ന ഒരു പുതിയ വായനയിലൂടെ ജ്ഞാന ഘടനകളെ ഉല്ലംഘിച്ച് സ്വാതന്ത്യം പ്രാപിക്കണം.

Islamic liberation theology പുറത്തിറങ്ങി ഒരു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്ന വേളയിലാണ് ഒരു മലയാള പരിഭാഷ വരുന്നത്. തീർച്ചയായും ലോകസാഹചര്യങ്ങൾ പിന്നെയും മാറിയിട്ടുണ്ട്. പക്ഷെ പുതിയ സാഹചര്യങ്ങളിലും പുസ്തകത്തിന്റെ പ്രസക്തി വർധിച്ചിട്ടേയുള്ളൂ. സത്യസന്ധമായ നിലപാടുകൾ കാംക്ഷിക്കുന്ന ഏതൊരാൾക്കും വൈജ്ഞാനിക ദിശാബോധം നൽകാൻ ശേഷിയുള്ള ഒരു പുസ്തകം തന്നെയാണ് അദർ ബുക്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഹാമിദ് ദബാഷിയുടെ തൂലിക പ്രസരിപ്പിക്കുന്ന വിമർശനബുദ്ധിയും, ധാർമിക രോഷവും, തത്വചിന്താ ബോധ്യങ്ങളും അവധാനതയോടെ പിന്തുർന്നു ചെല്ലാൻ വേണ്ട ഭാഷയും ബൗദ്ധിക നിലവാരവും പരിഭാഷയിൽ കൈമോശം വരാതെ സൂക്ഷിച്ചിട്ടുണ്ട് എന്നത് സന്തോഷം നൽകുന്നു.

ഹസീം മുഹമ്മദ്