Campus Alive

എന്തുകൊണ്ടാണ് അറബ് സിനിമ റിയലിസത്തോട് മുഖംതിരിക്കുന്നത്?

അറബ് സിനിമ: പുതിയ സൗന്ദര്യശാസ്ത്ര സമീപനങ്ങള്‍ – Part 3

 

ഇന്‍ഫര്‍മേഷന്‍ സിനിമകളെക്കുറിച്ചാണ് നമ്മള്‍ ഇതുവരെ ചര്‍ച്ച ചെയ്തത്. ഇനി എക്‌സ്പീരിയന്‍സ് സിനിമകളെക്കുറിച്ചും അവ എങ്ങനെയാണ് ചുരുള്‍ നിവര്‍ത്തപ്പെടുന്നത് (unfolding) എന്നുമാണ് നാമന്വേഷിക്കുന്നത്.

മുഹമ്മദ് സൂയിദ് എന്ന അറബ് സംവിധായകന്‍ മറച്ചുവെക്കപ്പെട്ട അനുഭവങ്ങളെയാണ് അന്വേഷിക്കുന്നത്. അതിലൂടെ Absurd ആയ ഇമേജുകളെയാണ് അദ്ദേഹം ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്‍ഫര്‍മേഷന്റെ തലത്തിലേക്ക് അദ്ദേഹത്തിന്റെ ഇമേജുകള്‍ സഞ്ചരിക്കുന്നില്ല. അദ്ദേഹത്തിന്റെ ഡോക്യുമെന്ററി അതിനുദാഹരണമാണ്. സിനിമ, പ്രണയം, ലബനാനിലെ ആഭ്യന്തരയുദ്ധം, സമാധാനം തുടങ്ങിയ വിഷയങ്ങളാണ് അത് സംസാരിക്കുന്നത്. ചുരുള്‍ നിവരലിന്റെ ചരിത്രത്തിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്.

എക്‌സ്പീരിയന്‍സിനെ നേരിട്ട് ഇമേജിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിന്റെ ആനന്ദങ്ങളാണ് സൂയിദിന്റെ സിനിമയില്‍ നമുക്ക് കാണാനാവുക. അദ്ദേഹത്തിന്റെ മൂന്നാമത്തെ സിനിമയായ Harb Ahliyal Civil War അന്വേഷിക്കുന്നത് സൂയിദിന്റെ സുഹൃത്തും ഛായാഗ്രഹനുമായിരുന്ന മുഹമ്മദ് ദൂയ്‌ബെസ്സിന്റെ നിഗൂഢമായ മരണത്തെയാണ്. എന്നാല്‍ സിനിമയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളെ വീണ്ടെടുക്കുന്നതായി നാം കാണുന്നില്ല. കാരണം ദൂയ്‌ബെസ്സ് ഒരിക്കലും സ്വന്തം ഫോട്ടോ എടുക്കുന്നതിനെ ഇഷ്ടപ്പെട്ടിട്ടില്ല. ദൂയ്‌ബെസ്സിനെ കാണാതായി അഞ്ചു മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ശരീരം അനാഥമായിക്കിടക്കുന്ന ഒരു കെട്ടിടത്തില്‍ വെച്ച് കണ്ടെടുക്കുന്നത്. പല്ലിന്റെ അടയാളം പരിശോധിച്ചതിന് ശേഷമാണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. അദ്ദേഹം സ്ഥിരമായി കാണിക്കാറുണ്ടായിരുന്ന രണ്ട് ദന്ത ഡോക്ടര്‍മാരെ സൂയിദ് സമീപിക്കുകയുണ്ടായി. അവരെ സൂയിദ് ഇന്റര്‍വ്യൂ ചെയ്തു. ദൂയിബസ്സിന്റെ മരണകാരണം അന്വേഷിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ദന്തഡോക്ടര്‍മാര്‍ പറഞ്ഞത് ലബനാന്‍ ജനതയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ദന്തരോഗങ്ങള്‍ നേരിടുന്നത് എന്നാണ്. അവരെ സംബന്ധിച്ചിടത്തോളം മാനസിക സമ്മര്‍ദ്ദമാണ് അതിന് കാരണം. യുദ്ധാനനന്തരമാണ് അതിന് തീവ്രത കൂടിയത് എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ സൂയിദ് ചെയ്യുന്നത് അനുഭവത്തില്‍ നിന്ന് നേരിട്ട് ഇമേജുകളെ ചുരുള്‍ നിവര്‍ത്തുക എന്ന പ്രക്രിയയാണ്. ഇവിടെ ആഭ്യന്തര യുദ്ധത്തിന്റെ ചരിത്രത്തെ മനസ്സിലാക്കിത്തരുന്ന ഇന്‍ഫര്‍മേഷന്‍ സിനിമകളുടെ രീതികളല്ല പിന്തുടരപ്പെടുന്നത്. മറിച്ച് പല്ല് രോഗങ്ങള്‍ പോലുള്ള ഓരോ ഇവന്റുകളെക്കുറിച്ചും അനന്തമായി സംസാരിക്കുകയാണ് ചെയ്യുന്നത്. അതുപോലെ അല്‍-ഖിയാം എന്ന ഇസ്രയേലി ജയിലിനെക്കുറിച്ച ഡോക്യുമെന്ററിയും ഇന്‍ഫര്‍മേഷന്‍ രീതികളില്‍ നിന്ന് മാറി സഞ്ചരിക്കുന്നതായി കാണാം. നിങ്ങള്‍ക്കൊരിക്കലും ജയിലിലെ പീഢനങ്ങളെക്കുറിച്ചും ഏകാന്ത തടവുകളെക്കുറിച്ചും ആ ഡോക്യുമെന്ററിയില്‍ നിന്ന് ഒരു വിവരവും ലഭിക്കുകയില്ല. ജയില്‍ മോചിതരായ ആറ് ലബനാന്‍കാരുടെ വളരെ ലളിതമായ സംസാരങ്ങളിലൂടെയാണ് അല്‍-ഖിയാം ജയിലിനെക്കുറിച്ച് സിനിമ കാണുന്നവന്‍ മനസ്സിലാക്കുന്നത്. ഖിയാമിന്റെ വിഷയം ഒരിക്കലും മനുഷ്യത്വ വിരുദ്ധവും അനീതിയുക്തവുമായ ജയില്‍ ജീവിതങ്ങളല്ല. മറിച്ച് ജയിലിലാകുമ്പോഴും വളരെ സാധാരണമായി ജീവിതത്തെ ആവിഷ്‌കരിക്കുന്ന മനുഷ്യരാണ് സിനിമയിലുടനീളം നമ്മോട് സംവദിക്കുന്നത്. അവരുടെ സര്‍ഗാത്മകതകളാണ് അവിടെ ചുരുള്‍ നിവര്‍ത്തപ്പെടുന്നത്. എന്നാല്‍ കാണി ഈ ജീവിതങ്ങളെ ഒരുപക്ഷെ സൂക്ഷമമായി ശ്രദ്ധിക്കുന്നുണ്ടാകില്ല. ഇന്‍ഫര്‍മേഷന്‍ സിനിമയല്ലാത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അങ്ങനെ വളരെ സാവധാനം എങ്ങനെയാണ് തങ്ങള്‍ ചെറുത്തുനില്‍പ്പ് സാധ്യമാക്കിയത് എന്ന് ജയില്‍വാസികള്‍ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. പരസ്പരം സംസാരിക്കാന്‍ പോലും അനുവാദമില്ലാതിരുന്ന അവര്‍ വളരെ രഹസ്യമായി എങ്ങനെയാണ് പ്രവര്‍ത്തിച്ചു വന്നത് എന്ന് നമുക്ക് മനസ്സിലാവുകയും ചെയ്യുന്നു. ഒന്നുമില്ലായ്മയില്‍ നിന്നാണ് അവര്‍ തങ്ങള്‍ക്ക് വേണ്ട വസ്തുക്കള്‍ (സൂചി, ടൂത്ത്ബ്രഷ് തുടങ്ങിയവ) നിര്‍മ്മിച്ചിരുന്നത്.

ജോലിയെടുക്കുന്നതും എഴുതുന്നതുമെല്ലാം തടയുക എന്നതാണ് തങ്ങളുടെ ഇരകളെ അപമാനവീകരിക്കുന്നതിന്റെ ഭാഗമായി വേട്ടക്കാര്‍ ചെയ്യുന്നത്. എന്നാല്‍ തങ്ങളുടെ അടിച്ചമര്‍ത്തലില്‍ നിന്നും ഖിയാമിലെ തടവുകാര്‍ മോചിതരാകുന്നത് എഴുതാനും പരസ്പരം വിനിമയം നടത്താനും ആരംഭിക്കുന്നതിലൂടെയാണ്. തങ്ങളുടെ മാനവികത അങ്ങനെയാണ് അവര്‍ വീണ്ടെടുക്കുന്നത്. അവരുടെ എഴുത്ത് യഥാര്‍ത്ഥത്തില്‍ ഇന്‍ഫര്‍മേഷനാണ്. വളരെ തീവ്രമായ എക്‌സ്പീരിയന്‍സില്‍ നിന്നാണ് അവ ചുരുള്‍ നിവര്‍ത്തപ്പെടുന്നത്. അവരെ സംബന്ധിച്ചിടത്തോളം എഴുത്തും നിര്‍മ്മാണവുമെല്ലാം വളരെ തീവ്രമായ ചുരുള്‍ നിവര്‍ത്തലുകളെ സാധ്യമാക്കുന്ന പെര്‍ഫോമാറ്റീവ് പ്രവര്‍ത്തനങ്ങളാണ്. അപ്പോള്‍ അവരുടെ എക്‌സ്പീരിയന്‍സില്‍ നിന്നാണ് ഇന്‍ഫര്‍മേഷനും ഇമേജുകളുമെല്ലാം ഉണ്ടാകുന്നത്. അവരുടെ ജീവിതത്തെക്കുറിച്ച ചിത്രമാണ് അതിലൂടെ നമുക്ക് ലഭിക്കുന്നത്.

പരീക്ഷണങ്ങളിലൂടെ നിര്‍മ്മിച്ച വസ്തുക്കളെക്കുറിച്ച് സംസാരിക്കുമ്പോഴും അവര്‍ നമ്മുടെ മനസ്സിലേക്ക് ഇട്ടുതരുന്ന ചോദ്യമിതാണ്: ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നിമിത്തമെന്താണ്? സിനിമയുടെ അവസാനമാണ് അവര്‍ നിര്‍മ്മിച്ച വസ്തുക്കളുടെ കലാപരതയെക്കുറിച്ച് നമ്മള്‍ മനസ്സിലാക്കുന്നത്. ജീവിതവും പ്രണയവും നിര്‍മ്മാണവും ഒരു സന്ദര്‍ഭത്തില്‍ ആവിഷ്‌കരിക്കപ്പെടുന്ന നിത്യാനന്ദങ്ങളാണെന്ന് അങ്ങനെ നമുക്ക് മനസ്സിലാകുന്നു. ഇമേജുകളായി അവ നമുക്ക് മുമ്പില്‍ ചുരുള്‍ നിവരുമ്പോള്‍ ഇന്‍ഫര്‍മേഷന്റെ തലത്തില്‍ അവക്ക് അര്‍ത്ഥങ്ങളൊന്നും തന്നെ സംഭവിക്കുന്നില്ല എന്ന് നാമറിയുന്നു.

ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിക്കുകയും പരസ്പരം കൈമാറുകയും ചെയ്യുന്ന വസ്തുക്കളുടെ പ്രത്യേകത അവ പ്രണയത്തിന്റെയും അതിജീവനത്തിന്റെയും അടയാളങ്ങളാണ് എന്നതാണ്. ഒരു ചരിത്രശേഖരം എന്ന ഇന്‍ഫര്‍മേഷന്‍ ആയിട്ടല്ല അവ നിലനില്‍ക്കുന്നത്. മറിച്ച് അനന്തമായ ചുരുള്‍നിവരലുകളാണ് അവ സാധ്യമാക്കുന്നത്.

മറ്റൊരു അറബ് സംവിധായകനായ യൂസ്രി നസ്‌റല്ലയുടെ നാലര മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന ബാബ് അല്‍ ശംസ്‌ന ദ ഡൂര്‍ ടു ദ സണ്‍ എന്ന സിനിമ നഖബ ദുരന്തത്തെക്കുറിച്ചാണ് പറയുന്നത്. അമ്പത് വര്‍ഷത്തോളം പിറകോട്ടാണ് സിനിമ സഞ്ചരിക്കുന്നത്. എന്നാല്‍ മിക്ക പ്രേക്ഷകരും പ്രതീക്ഷിച്ച പോലെ വളരെ വൈകാരികമായി കഥ പറഞ്ഞുപോകുന്ന ഇന്‍ഫര്‍മേഷന്‍ രീതിയിലല്ല സിനിമ മുന്നോട്ടു പോകുന്നത്. മറിച്ച് അനന്തതയും അനുഭവത്തിന്റെ അപരിചിതത്വവും പേറിക്കൊണ്ടാണ്.

എങ്ങനെയാണ് ഇവന്റുകള്‍ ഭൂതത്തിന്റെ അനന്തതയില്‍ നിന്ന് ‘അര്‍ത്ഥവത്തായ’ ആഖ്യാനങ്ങളായി വര്‍ത്തമാനത്തില്‍ നമ്മുടെ സമീപമെത്തുന്നത് എന്ന ചോദ്യം പ്രസക്തമാണെന്ന് തോന്നുന്നു. സമകാലിക അറബ് സിനിമകളെല്ലാം ഇത്തരത്തില്‍ അനന്തതയുടെ ചുരുള്‍ നിവരലുകളെയാണ് സാധ്യമാക്കുന്നത്. ദുരിതങ്ങളും ദുരന്തങ്ങളും നിറഞ്ഞ ഇമേജുകള്‍ അവ സൃഷ്ടിക്കുന്നില്ല. മറിച്ച്, അനുഭവങ്ങളെ സമ്പന്നമാക്കുന്ന അനന്തതകളാണ് ഇമേജുകളായി അവ പരിവര്‍ത്തിപ്പിക്കുന്നത്.   (അവസാനിച്ചു)

 

വിവ: സഅദ് സല്‍മി (salmisaad@gmail.com)

ലോറ മാര്‍ക്‌സ്