Campus Alive

നൊമാഡുകളുടെ സിനിമാന്വേഷണങ്ങള്‍

ലോറ മാര്‍ക്‌സിന്റെ സിനിമാ പഠനങ്ങളുടെ തുടര്‍ച്ച

ദൈവം വസ്തുക്കളെ സൃഷ്ടിച്ചപ്പോള്‍ അവയോരോന്നിനും അവന്‍ പങ്കാളികളെയും സൃഷ്ടിക്കുകയുണ്ടായി. അപ്പോള്‍ ബുദ്ധി പറഞ്ഞു: ‘ഞാന്‍ സിറിയയിലേക്ക് പോവുകയാണ്’; അപ്പോള്‍ കലഹം പറഞ്ഞു, ‘അങ്ങനെയാണെങ്കില്‍ ഞാന്‍ നിന്റെ കൂടെ വരുന്നു’. അപ്പോള്‍ ഫലസമൃദ്ധി പറഞ്ഞു, ‘ഞാന്‍ ഈജിപ്തിലേക്ക് പോവുന്നു’; ഉടന്‍തന്നെ മാനഹാനി പറഞ്ഞു, ‘ഞാന്‍ നിന്റെ കൂടെ വരുന്നുണ്ട്.’ അപ്പോള്‍ ഞെരുക്കം പറഞ്ഞു, ‘ഞാന്‍ മരുഭൂമിയിലേക്ക് പോവുകയാണ്; ‘ അതുകേട്ടപ്പോള്‍ സുഖാരോഗ്യം പറഞ്ഞു, ‘ഞാന്‍ നിന്റെ കൂടെ വരുന്നു’.

പൂര്‍വ്വ ഇസ്‌ലാമിക നാടോടികളുടെ സങ്കീര്‍ത്തനങ്ങള്‍ (മുഅല്ലഖാത്ത്) വെറുതെ തുടങ്ങുന്നവയല്ല. വിനാശങ്ങളിലേക്ക് സൂക്ഷിച്ച് നോക്കാനുള്ള ആഹ്വാനമാണവ. ഇംറുല്‍ ഖയ്‌സിന്റെ സങ്കീര്‍ത്തനം നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അത് തുടങ്ങുന്നത് ഇങ്ങനെയാണ്: ‘നിര്‍ത്തൂ, സുഹൃത്തുക്കളേ… നമുക്ക് കരയാം, പ്രണയത്തെയും ദേശത്തെയും ഓര്‍ത്തുകൊണ്ട്.’ സങ്കീര്‍ത്തനങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല. അവ പെട്ടെന്ന് മുറിഞ്ഞുപോവുകയാണ് ചെയ്യുന്നത്.

നാടോടികളുടെ സങ്കീര്‍ത്തനങ്ങള്‍ സമയത്തെ ഒരു പ്രത്യേക രീതിയിലാണ് മനസ്സിലാക്കുന്നത്. കഥയുടെ അര്‍ത്ഥത്തെ അവര്‍ മനസ്സിലാക്കുന്ന രീതികളിലും പ്രത്യേകതകളുണ്ട്. അവ നമ്മോട് പറയുന്നത് മരുഭൂമിയില്‍ പ്രയോജനവാദം (Teleology) നിലനില്‍ക്കുന്നില്ല എന്നതാണ്. പൊടിക്കാറ്റ് അടയാളങ്ങളെയും സമയത്തെയും ഓര്‍മ്മയെയുമെല്ലാം മായ്ച്ചു കളയുന്നുണ്ട്. മനുഷ്യന്റെ മനസ്സിലാക്കലുകളുടെയും ഓര്‍മ്മകളുടെയും പരിമിതികളെയാണ് മരുഭൂമി നമുക്ക് കാണിച്ചുതരുന്നത്. മരുഭൂമി ഒരിക്കലും ശൂന്യമായി നിലനില്‍ക്കുന്നില്ല. എന്നാല്‍ മരുഭൂമിയിലെ കാറ്റ്, മണല്‍ക്കൂനകള്‍, മരുപ്പച്ചകള്‍, ചെടികള്‍ എന്നിവയെല്ലാം സൂക്ഷമമായി ശ്രദ്ധിക്കുന്നവര്‍ക്ക് മാത്രമേ അതിലൂടെ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതുപോലെ മരുഭൂമി ഒരു കുഴപ്പം പിടിച്ച സംഗതിയൊന്നുമല്ല. അമൂര്‍ത്തമായ ക്രമത്തെയല്ല അത് പ്രതിനിധാനം ചെയ്യുന്നത്. അനുഭവപരമായ സാന്നിധ്യത്തെയാണ് അത് നമ്മളില്‍ നിന്ന് തേടുന്നത്.

ഞാനിവിടെ മരുഭൂമിയുടെ അനിശ്ചിതത്വത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും നൊമാഡിസത്തിന്റെ സാധ്യതകളെക്കുറിച്ചും എഴുതുന്നുണ്ടെങ്കിലും എന്റെ ചിന്തകളെ നിര്‍ണ്ണയിക്കുന്നത് ലൗകിക ജീവിതത്തിന്റെ സുരക്ഷയും ഭൗമരാഷ്ട്രീയവുമൊക്കെയാണ്. അപ്പോള്‍ മറ്റൊരുത്തന്റെ ഭൗമിക ഇടത്തിലേക്ക് നോക്കി അത് തുറന്നുതരുന്ന സാധ്യതകളെ\സാധ്യതയില്ലായ്മകളെ അന്വേഷിക്കാന്‍ മാത്രമേ എനിക്ക് കഴിയുകയുള്ളൂ. ദെല്യൂസും ഗുത്താരിയും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് പോലെ ശാന്തമായ ഇടം എന്നത് എപ്പോഴും അസ്ഥിരവും അശാന്തവുമായ ഇടവുമായി ബന്ധപ്പെട്ട് മാത്രമേ നിലനില്‍ക്കുകയുള്ളൂ. മരുഭൂമിയില്‍ അക്കാഷ്യ മരങ്ങളും കുറ്റിച്ചെടികളുമെല്ലാം അതിന്റെ ചില്ലകളെ വിസ്തരിച്ചു കൊണ്ട് വലിയ കാറ്റുകളില്‍ നിന്ന് മണ്ണിനെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ ഇതര ചെടികള്‍ക്കും സുഗമമായി വളരാന്‍ സാധിക്കുന്നു. മരുഭൂമി ഒരിക്കലും ശാന്തമായ ഇടമല്ല. കാരണം ശാന്തത എന്നത് മരുഭൂമിയെ സംബന്ധിച്ചിടത്തോളം മരണമാണ്. നിര്‍ദ്ദയമായ മരുഭൂമി എന്നത് അതിനുപുറത്ത് ജീവിക്കുന്നവന്റെ വെറും ഫാന്റസി മാത്രമാണ്. മരുഭൂമിയില്‍ ജീവിക്കാനാവശ്യമായ തൊഴിലുകളില്‍ നാടോടികള്‍ ഏര്‍പ്പെടാറുണ്ട്. അവിടെ നിലനില്‍ക്കുന്ന ശാന്തതയെയും അസ്ഥിരതയെയും (ജീവിതത്തെയും മരണത്തെയും) വേര്‍തിരിക്കുക പ്രയാസമാണ്.ദെല്യൂസും ഗുത്താരിയും എഴുതുന്നത് മണ്ണ്, മഞ്ഞ്, സമുദ്രം എന്നിവയില്‍ നിന്ന് ജ്ഞാനവും ഉപജീവനും കണ്ടെത്തുന്ന നൊമാഡിക്ക് ജനതയെക്കുറിച്ചാണ്. ഞാനിവിടെ മരുഭൂമിയെ കാല്‍പ്പനികവല്‍ക്കരിച്ച തത്വചിന്തകരെ തിരുത്തുകയല്ല ചെയ്യുന്നത്. മറിച്ച് അവര്‍ തുറന്നുതന്ന ചിന്തകളെ അടിസ്ഥാനപ്പെടുത്തി മരുഭൂമിയിലെ ജീവിതത്തിന്റെ അടയാളങ്ങളെ തേടുകയാണ് ചെയ്യുന്നത്. കൂടാതെ മരുഭൂമികള്‍ പ്രധാന പ്രമേയങ്ങളായി വരുന്ന അറബ് സ്വതന്ത്ര സിനിമകളെ വായിക്കാനുള്ള ശ്രമവും ഞാന്‍ നടത്തുന്നുണ്ട്. സ്വതന്ത്ര സിനിമകള്‍ എന്നത് വികസിച്ചു കൊണ്ടിരിക്കുന്ന ഒരു സിനിമാറ്റിക്ക് പ്രാക്ടീസായിട്ടാണ് മനസ്സിലാക്കേണ്ടത്. സിനിമക്കും മീഡിയ വ്യവസായങ്ങള്‍ക്കും പുറത്താണ് അതിന്റെ സ്ഥാനം. ഇവന്റുകളുടെ ഉപരിതലങ്ങളിലാണ് അവ നിലകൊള്ളുന്നത്. ഞാനിവിടെ പരിചയപ്പെടുത്തുന്ന സിനിമാക്കാരും വീഡിയോ നിര്‍മ്മാതാക്കളുമെല്ലാം നൊമാഡിക്ക് ചിന്തകരാണ്. അവരുടെ പ്രാക്ടീസ് അറബ് ലോകത്തിന്റെ മെറ്റീരിയലായ ജീവിത യാഥാര്‍ത്ഥ്യങ്ങളെയാണ് അവര്‍ അഭിമുഖീകരിക്കുന്നത്.

ഈ പഠനത്തില്‍ പ്രധാനമായും ഞാനന്വേഷിക്കുന്നത് അറബ് ലോകത്തെ മരുഭൂമികളെയാണ്: അറേബ്യന്‍ മരുഭൂമി, അറേബ്യന്‍ ഉപദ്വീപിലെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന റുബല്‍ ഖലി, സിറിയന്‍ മരുഭൂമി, സഹാറ, ലിബിയന്‍, നുബിയന്‍ മരുഭൂമികള്‍ തുടങ്ങിയ മരുഭൂമികള്‍ സ്ഥിര സാന്നിധ്യങ്ങളായ സിനിമകളെക്കുറിച്ചാണ് പ്രധാനമായും ഈ പഠനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. മരുഭൂമിയുടെ സിനിമകള്‍ സങ്കീര്‍ത്തനങ്ങളെ (മുഅല്ലഖാത്ത്)യാണ് പ്രതിനിധീകരിക്കുന്നത്. അഥവാ, നൊമാഡിക്കും പ്രയോജനവാദപരമല്ലാത്തതുമായ (non-teleological) ജീവിതത്തെയാണ് അവ ആവിഷ്‌കരിക്കുന്നത്. മുഅല്ലഖാത്തിന്റെ കാലം മുതല്‍ മരുഭൂമിയോടുള്ള അറബ് ജനതകളുടെ സാമൂഹ്യബന്ധത്തില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഇസ്‌ലാം സ്ഥാപിച്ച ഏകത ഗോത്ര ഐക്യത്തെ മറികടക്കുകയും നഗരവല്‍ക്കരണവും കുടിയേറ്റവും സാധ്യമാക്കുകയും ചെയ്തിട്ടുണ്ട്. നൊമാഡിക്ക് ആയ ലോകവീക്ഷണത്തിന് പകരം ഗോത്രജീവിതത്തിന്റെ സാധ്യതകളെയെല്ലാം മറികടക്കുന്ന നൈതിക ഭാവനകളാണ് ഇസ്‌ലാം അവതരിപ്പിച്ചത്. അപ്പോള്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം മരുഭൂമി എന്നത് ഓണ്ടോളജിക്കലായ അസാധ്യതയെയാണ്. മാത്രവുമല്ല, പ്രാദേശിക അതിര്‍ത്തിക്ക് പുറത്തേക്ക് അറബികളെ കൊണ്ടുപോവുകയാണ് പാന്‍ അറബിസമൊക്കെ ചെയ്തിട്ടുള്ളത്. അപ്പോള്‍ വര്‍ഷങ്ങളോളമായി മരുഭൂമിയെ\മരുഭൂമിയലെ സമാന്തര ജീവിതങ്ങളെ അവഗണിക്കുന്ന സാമൂഹ്യബന്ധങ്ങളാണ് അറബികള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുള്ളത്. അസ്ഥിരമായ ഇടങ്ങള്‍ക്ക് പകരം രേഖീയമായ ജീവിതത്തിന്റെ സാധ്യതകളെയാണ് അവരന്വേഷിച്ചത്.

അതിനാല്‍ തന്നെ മരുഭൂമിയെ പ്രധാനപ്പെട്ട ഇടമാക്കി നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ ഒന്നുകില്‍ ഖേദപൂര്‍വ്വവും എന്നാല്‍ അനിവാര്യമായ മടക്കത്തെ സൂചിപ്പിക്കുന്നതുമായിരിക്കും. അല്ലെങ്കില്‍ ചരിത്രപരമായ വിശ്രുതിയെയോ സമയേതരമായ ഫാന്റസിയെയോ ആവിഷ്‌കരിക്കുന്നവയായിരിക്കും. മരുഭൂമിയെക്കുറിച്ച് മാത്രം പറയുന്ന അറബ് സിനിമകള്‍ ഒന്നും തന്നെയില്ല. അറബ് മരുഭൂമികളില്‍ ചിത്രീകരിക്കപ്പെടുന്ന മിക്ക സിനിമകളും പുറത്തുനിന്നാണ് (പ്രത്യേകിച്ചും യൂറോപ്പ് പോലുള്ള ഇടങ്ങളില്‍ നിന്ന്) അവയെ സമീപിക്കുന്നത്. ടാര്‍മഷിയിലാണ് (Asphalt) മരുഭൂമി സിനിമകള്‍ ആവിഷ്‌കരിക്കപ്പെടുന്നത്. മരുഭൂമിയെ വിഷ്വലുകളില്‍ അകറ്റുന്ന സിനിമാ പ്രാക്ടീസുകളാണ് ഇങ്ങനെ തുറന്ന റോഡുകളിലേക്ക് ചേക്കേറാന്‍ നൊമാഡുകളെ പ്രേരിപ്പിക്കുന്നത്. പ്രയോജനവാദപരമല്ലാത്ത സിനിമകളാണ് അവര്‍ നിര്‍മ്മിക്കുന്നത്. അറബ് റോഡ് സിനിമ എന്ന് നമുക്കതിനെ വിളിക്കാവുന്നതാണ്.

(തുടരും)

ലോറ മാര്‍ക്‌സ്