Campus Alive

ചിത്രവും ചരിത്രവും: ഭാവിയിലേക്ക് ചുരുളഴിക്കുന്ന ബെൻ ചിത്രങ്ങൾ

ശാന്തപുരം അൽ ജാമിയയിൽ വെച്ചു നടന്ന എസ്.ഐ.ഒ, ജി.ഐ.ഒ ക്യാംപസ് കോൺഫറൻസിന്റെ അനുബന്ധമായി സജ്ജീകരിച്ച എക്സിബിഷനിൽ വെച്ചാണ് ബെൻ ചിത്രങ്ങളെ ആദ്യമായി പരിചയപ്പെടുന്നത്. പ്രതിരോധ രാഷ്ട്രീയത്തിന്റെ കലാത്മകമായ ആവിഷ്‌കാര രൂപകങ്ങളുടെ അകത്തു നിന്നു കൊണ്ടുള്ള ആസ്വാദനമാണ് എക്സിബിഷനിൽ കാഴ്ച്ചക്കാരന് നൽകുന്നത്. ഈ സാഹചര്യത്തിൽ നിന്ന് ബെൻ ചിത്രങ്ങൾ നല്‍കുന്ന
രാഷ്‌ട്രീയവും സൗന്ദര്യശാസ്ത്രപരവുമായ ആലോചനകളാണ്‌ ഇവിടെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ചുരുളുകളായി മറഞ്ഞു കിടക്കുന്ന അനന്തതയിൽ(infinite)നിന്ന് എങ്ങനെയാണ് ഇമേജുകൾ പ്രോജക്ട് ചെയ്യപ്പെടുന്നത് എന്നതിനെ കുറിച്ച് ദെല്യൂസ് ഒരു അന്വേഷണം നടത്തുന്നുണ്ട്. അനന്തതയിൽ നിന്നും നേരിട്ട് ഇമേജുകൾ സംവേദനസാധ്യമാകുന്നു എന്നാണ് ദെല്യൂസിന്റെ ഭാഷ്യം. ദെല്യൂസിന്റെ ഇൻഫിനിറ്റ്,ഇമേജ്  എന്നീ പാളികൾക്കിടയിൽ മറ്റൊരു പാളിയെ ലോറ മാക്സ് കണ്ടു മുട്ടുന്നുണ്ട്. അവർ അതിനെ ഇൻഫർമേഷൻ എന്നാണ് വിളിക്കുന്നത് വസ്തുക്കളുടെ ദൃശ്യമായ പ്രതലത്തെയാണ്(manifest) ഇമേജ് സൂചിപ്പിക്കുന്നത്, ഇൻഫിനിറ്റ് അതിന്റെ അദൃശ്യമായ(latent) ചുരുളുകളെയും.ഈ രണ്ടിനും ഇടയിൽ രണ്ടിന്റെ ഗുണങ്ങളും ഉൾച്ചേർന്നതാണ് ഇൻഫർമേഷൻ എന്ന മധ്യവർത്തി. യാഥാർഥ്യ ലോകത്ത് നിന്നുള്ള ഏതൊരു സംവേദനവും അനന്തതയിൽ നിന്നുള്ള ചുരളഴിക്കലുകളാണ്(unfolding).

എല്ലാ ചുരുളഴിക്കലുകൾക്കും ഒരു ഉള്‍പ്രേരകം(desire) ആവശ്യമാണ്. അതിനെ സംബന്ധിച്ച് ആവശ്യമായതിനെ മാത്രമേ അത് ഇമേജുകളായി പ്രതിഫലിപ്പിക്കുന്നുള്ളൂ. അത് കൊണ്ട് അനന്തതയിൽ നിന്നും ദൃശ്യവൽക്കരിക്കപ്പെടുന്നവ(actualize)  ഈ ഉള്‍പ്രേരകത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. അത് കൊണ്ട് തന്നെ അനന്തതയിൽ നിന്നുള്ള ചുരുളഴിക്കലുകളെ നിർണ്ണയിക്കുന്ന ഒരു അധികാര രൂപമായി ഈ ഉള്‍പ്രേരകം വർത്തിക്കുന്നുണ്ട്. ഈ അധികാര രൂപമാണ് ഇൻഫർമേഷനേയും അതിലൂടെയുള്ള ഇമേജിന്റെ പ്രോജെക്ടിങ്ങിനേയും നിർണ്ണയിക്കുന്നത്(information is a quantitative unfolding from infinite that presides our perception). ആധുനിക കലാ-സൗന്ദര്യശാസ്ത്ര വിഭാവനകളെ കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ദെല്യൂസും ലോറ മാക്സും ഇതിലൂടെ നടത്തുന്നത്.

ആധുനിക ചരിത്രരചനയിലെ അധികാര ബന്ധങ്ങളെ കുറിച്ചും ഇത്തരത്തിലുള്ള ഒരു നിരീക്ഷണം സാധ്യമാണെന്ന് തോന്നുന്നു. ഭൂതകാലത്തിലെ അനുഭവ തലങ്ങളിൽ(infinite) നിന്നുള്ള ചുരുളഴിക്കലുകളാണ് ഓരോ ചരിത്രരചനയും(information) . ഈ ചരിത്ര രചനകളാണ്‌ ചരിത്രത്തെ കുറിച്ചുള്ള സങ്കൽപ്പനങ്ങളെ നിർണ്ണയിക്കുന്നത്. ഇവിടെ അനന്തതയില്‍(Infinite) നിന്നും വൃത്താന്തത്തിലേക്കുള്ള(Information) ചുരുളഴിക്കല്‍(Unfolding) എന്നത് ചരിത്രകാരന്റെ ഉള്‍പ്രേരകത്തെ(Desire) ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അനന്തതയുടെ ചുരുളുകളിൽ നിന്നുള്ള ദൃശ്യതയെയും അദൃശ്യതയെയും നിർണ്ണയിക്കുന്നത് അദ്ദേഹമാണ്. ചരിത്രകാരന്റെ സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലമാണ് അദ്ദേഹത്തിന്റെ ചുരുളഴിക്കലുകളുടെ സ്വഭാവത്തെ നിർണ്ണയിക്കുന്നത്. കൃത്യമായ അധികാര ബന്ധങ്ങളുടെ കർതൃത്വത്തിൽ നിന്നുകൊണ്ടുള്ള അനന്തതയിൽ നിന്നുള്ള ചുരുളഴിക്കലുകളാണ് ചരിത്ര രചനയെയും അതിലൂടെ ദൃശ്യമാവുന്ന  ചരിത്ര വ്യവഹാരങ്ങളെയും(image) നിർണ്ണയിക്കുന്നത്.

പറഞ്ഞു വരുന്നത് ബെൻ ചിത്രങ്ങളെ കുറിച്ചാണ്. ചരിത്രത്തിന്റെ ചുരുളുകളിൽ നിന്ന് പ്രത്യേക അധീശത്വ അധികാര രൂപങ്ങൾ ചുരുളഴിച്ചെടുത്ത ചരിത്ര നിർമ്മിതികളെയാണ് ബെൻ ചിത്രങ്ങൾ വെല്ലുവിളിക്കുന്നത്. എസ് ഐ ഒ – ജി ഐ ഒ ക്യാമ്പസ് കോൺഫറൻസിനോട് അനുബന്ധമായി നടത്തിയ എക്സിബിഷനിലാണ് ആദ്യമായി ബെൻ ചിത്രങ്ങൾ നേരിട്ട് കാണുന്നത്. ചിത്രകലയിൽ തൽപ്പരനായ തിരുവനന്തപുരം സ്വദേശിയായ ബെൻ ജെ ആന്ത്രയോസ് ആണ് ചിത്രകാരൻ.

മുൻപ് സൂചിപ്പിച്ചത് പോലെ, ചരിത്രത്തിന്റെ ചുരുളുകളിൽ നിന്നും അടിച്ചമർത്തപ്പെട്ട ഭൂരിപക്ഷം വരുന്ന ഒരു കൂട്ടം കീഴാള ജനതയുടെ ചെറുത്തു നിൽപ്പിനെയും പ്രതിരോധത്തെയും അദൃശ്യമാക്കുന്ന തരത്തിലായിരുന്നു കേരളത്തിന്റെ അധീശ ചരിത്ര രചന.ഇത്തരം ചരിത്ര രചനകൾ തന്നെയാണ് ആധുനിക കേരളീയ ഇമേജുകളെ പ്രതിഫലിപ്പിച്ചതും. കേരളീയ ചരിത്രത്തെ അനാവരണം ചെയ്തത് സവർണ അധീശത്വ ശക്തികൾ ആണെന്നതാണ് ഇതിന് കാരണം. കേരളത്തിന്റെ ഇങ്ങനെയുള്ള അധികാര ബന്ധങ്ങളിലൂടെ ചുരുളഴിഞ്ഞ ചരിത്രപരതയാണ് കേരളതിന്റെ ആധുനികതയെ നിർണ്ണയിച്ചതും.

സവർണ ബ്രഹ്മണിക്കൽ അധികാര ബന്ധങ്ങൾക്ക് കീഴിൽ അടിച്ചമർത്തപ്പെട്ട അജ്ഞരായ ജനവിഭാഗമാണ് കേരളത്തിന്റെ ഭൂരിപക്ഷം വരുന്ന ദളിതരും ക്രിസ്ത്യരും മാപിളമാരുമെന്നാണ് ഇത്തരം മുഖ്യധാരാ അധീശ ചരിത്ര നിർമ്മിതികൾ അവതരിപ്പിക്കുന്നത്. ചരിത്ര രചനയുടെ ഒരു സവിശേഷ  ഘട്ടത്തിലുള്ള പ്രത്യേക രീതിയിലുള്ള അധികാര പ്രയോഗമാണ് ഇങ്ങനെ ചരിത്രത്തെ അവതരിപ്പിക്കുന്നത്. ചരിത്രരചനയുടെ ഇത്തരം അധികാര സ്ഥാനങ്ങളിലേക്കുള്ള കീഴാള ജനവിഭാഗത്തിന്റെ കടന്നുവരവാണ് സമകാലീന ചരിത്രരചനയിൽ നീതിയുക്തവും വിപ്ലവാത്മവുമായ ചുരുളഴിക്കൽ സാധ്യമാക്കിയത്. അനന്തതയിൽ നിന്നുള്ള ചുരുളഴിക്കലിന്റെ ഈയൊരു അധികാര മാറ്റത്തിൽ കടന്ന് വന്ന ദളിത്-കീഴാള “അഭിലാഷങ്ങൾ”( desire)  അതിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിന്റെ യാഥാർത്ഥവും നീതിയുക്തവുമായ ചരിത്രപരതയെ മാറ്റി പണിയുകയാണ് ചെയ്തത്.

ഇവിടെയാണ് ബെൻ ചിത്രങ്ങളുടെ സാധ്യത കിടക്കുന്നത്. മുൻപ് സൂചിപ്പിച്ചത് പോലെ കേരളീയ അധീശ ചരിത്രരചനയിലെ പ്രോജക്ടിങ്ങുകളെ ചരിത്രരചനയുടെ അതേ അധികാര രൂപത്തെ ക്രിയാത്മകമായി ഉപയോഗിച്ചു കൊണ്ട് ബെൻ ചിത്രങ്ങൾ വെല്ലുവിളിക്കുന്നത്.

ലിഖിത രൂപത്തിലുള്ള രേഖീയമായ ചരിത്ര രചനയേക്കാൾ വിശാലമായ സാധ്യതയാണ് ചിത്രകലയുടെ ആവിഷ്കാരത്തിലൂടെ ചുരുളഴുക്കലിന്റെ(Unfolding) അധികാര രൂപത്തെ ഉപയോഗിച്ചു കൊണ്ട് ബെൻ ചിത്രങ്ങൾ യഥാർത്ഥത്തിൽ തുറന്നിടുന്നത്. അധീശത്വത്തിന്റെയും ജാതി മേല്‍ക്കോയ്മയുടെയും അധികാര രൂപങ്ങളെ സംരക്ഷിച്ചു നിര്‍ത്തുവാന്‍ വേണ്ടിയാണ് ആധികാരിക ചരിത്രാഖ്യാനങ്ങള്‍ മുന്‍കഴിഞ്ഞ സംഭവങ്ങളില്‍(Event) പലതിനെയും അദൃശ്യമാക്കുന്നത്(invisible). ഈയൊരു സാഹചര്യത്തിലാണ് അധീശത്വ ചരിത്രരചനയുടെ വരേണ്യ ചട്ടക്കൂടുകളിൽ നിന്നുള്ള വിമോചനമെന്ന അർത്ഥത്തിലുള്ള ദൃശ്യമാക്കലുകൾ ചിത്രകലയുടെ അന്തർലീനമായ അധികാര രൂപമുപയോഗിച്ച് ബെന്‍ ആവിഷ്‌കരിക്കുന്നത്.

അത് കൊണ്ട് തന്നെ ബെൻ ചിത്രങ്ങൾ ഒരു പ്രതിചരിത്ര നിർമ്മിതി എന്നതിനോടൊപ്പം തന്നെ അധീശ ചരിത്ര വ്യവഹാരങ്ങളോടുള്ള ദളിത്-കീഴാള പക്ഷത്തു നിന്നുള്ള പ്രതിരോധത്തിന്റ രാഷ്ട്രീയവും ഉയർത്തുന്നുണ്ട്.ബെൻ ജെ അന്ത്രയോസിന്റെ വ്യത്യസ്തങ്ങളായ രചനകൾ വർത്തമാനത്തിന്റെ സങ്കീർണ്ണതകളോട് ഇത്തരത്തിൽ സർഗാത്മകമായി ഇടപെടുന്നുണ്ട്.

ശീല

കാലങ്ങളോളം സവർണ്ണ ആധിപത്യ സിദ്ധാന്തങ്ങൾക്ക് കീഴിൽ ശരീരം മറക്കാൻ പോലുമുള്ള അവകാശ നിഷേധം ഏറ്റുവാങ്ങിയ കീഴാള സ്ത്രീയെ സംബന്ധിച്ചുള്ള ‘ഇര’ സങ്കല്പങ്ങളെക്കാൾ, അവളിലെ സ്വന്തം കര്‍തൃത്വത്തെ നിര്‍ണ്ണയിക്കാന്‍ ശേഷിയുള്ള സ്വത്വത്തെയും അവകാശ ധ്വംസനങ്ങളോട് അരനൂറ്റാണ്ടോളം നടത്തിയ പോരാട്ടങ്ങളെയും ബെൻ രചനകളിൽ ഒന്നായ ‘ശീല’ അനാവരണം ചെയ്യുന്നുണ്ട്. കീഴാള സ്ത്രീയുടെ സ്വത്വ രൂപീകരണത്തിൽ മതങ്ങൾ വഹിച്ച പങ്കിനെയും ഇത് അടയാളപ്പെടുത്തുന്നു. വിമോചനത്തെ പറ്റിയുള്ള സമകാലീന മതേതര സങ്കല്പനങ്ങളെയും ഇത് പ്രതിസന്ധിയിലാക്കുന്നു.

കറുപ്പ്‌

സവർണാധിപത്യത്തിന്റെ അധികാര സംരക്ഷണം സാധ്യമാക്കികൊണ്ടുള്ള ചരിത്ര രചനകളുടെ നിർമ്മിതിയായ കേരളീയാധുനിക സങ്കല്പനങ്ങളെയാണ് ‘കറുപ്പ്’ എന്ന ചിത്രം വെല്ലുവിളിക്കുന്നത്. ബുദ്ധ-ജൈന പരമ്പര്യങ്ങളോടുള്ള ഭൂത കാലത്തിലെ ഹിംസാത്മകമായ ധ്വംസനങ്ങളെയും കീഴാളന്റെ അടിമത്വത്തെയും അതിലൂടെ നിർമിച്ചെടുത്ത ബ്രാഹ്മണ മേധാവിത്വത്തിന്റെ കൊളോണിയൽ ശക്തികളോടുള്ള അവിശുദ്ധ ബന്ധങ്ങളെയും അദൃശ്യമാക്കി കൊണ്ടുള്ള ചരിത്ര രചനകളുടെ കേരളീയതയെ കുറിച്ചുള്ള ഇമേജുകളുടെ യാഥാർഥ്യത്തെ ആസ്വാദകന്‌ മുൻപിൽ തുറന്നിടുന്നു.

ദേശീയതക്ക് തന്നെ വെല്ലുവിളിയായി കൊണ്ടാണ് മലബാർ മാപ്പിള സമരങ്ങളെയും മാപ്പിള ‘മതഭ്രാന്തന്മാരെയും’ ഇത്തരം അധീശത്വ ചരിത്ര രചനകൾ പലപ്പോഴും അനാവരണം ചെയ്തിട്ടുള്ളത്. മാപ്പിളമാരെ കുറിച്ചുള്ള ഇമേജുകൾ ദൃശ്യമാക്കുന്ന(Visible) ഇത്തരം അധികാര പ്രയോഗങ്ങളെ ബെൻ ‘മലബാറി’ എന്ന ചിത്രത്തിലൂടെ സമർഥമായി മറികടക്കുന്നു. സവർണ്ണ മേധാവികളുടെ അധികാര സംരക്ഷണത്തിനായി ബ്രിട്ടീഷ് ശക്തികളുമായുള്ള യോജിപ്പിനെതിരായ മലബാർ  മാപ്പിളപോരാട്ടങ്ങളെയും ഈ ചിത്രം അനാവരണം ചെയ്തെടുക്കുന്നു.

മലബാറി

കേരളീയ ഭൂതകാലത്തിന്റെ അനന്തതയിൽ നിന്നും മറച്ചു വെക്കപ്പെട്ട കീഴാളരുടെയും വ്യത്യസ്ത മത മിഷണറിമാരുടെയും പുരോഗമന പരമായ ഇടപെടലുകളെയും ഇത്തരം അദൃശ്യമാക്കലുകൾ വർത്തമാനത്തിലും സാധ്യമാക്കിയ സങ്കീർണ്ണമായ അധികാര ബന്ധങ്ങളെയും കല്ല്, ഇടം,പഞ്ചമി, ഫാനാറ്റിക് തുടങ്ങിയ ബെൻ ചിത്ര-രചനകൾ  തുറന്നു കാട്ടുന്നു.

ചരിത്ര രചനയുടെ ചുരുളഴിക്കലുകളുടെ ഇത്തരം അധികാര രൂപങ്ങളും ചിത്ര രചനയിലെ അധികാര പ്രയോഗങ്ങളുമാണ് ബെൻ ചിത്രങ്ങളെ കൂടുതൽ സങ്കീർണമായ ആസ്വാദനത്തിന് പ്രാപ്തമാക്കുന്നതും ചിത്ര കലയെ ചരിത്ര കലയായി പരിവർത്തിപ്പിക്കുന്നതും.

ബെന്‍.ജെ.ആന്ത്രയോസ്‌

മൻഷാദ് മനാസ്

കുറ്റ്യാടി ഇബ്നു ഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി