Campus Alive

അറബ് സിനിമകളുടെ ഹൈവേ സഞ്ചാരങ്ങള്‍

അറബ് സിനിമ: പുതിയ സൗന്ദര്യശാസ്ത്ര സമീപനങ്ങള്‍: ഭാഗം 5

ഒരു ഡോക്യുമെന്ററി എന്ന നിലക്ക് Baghdad On\Off മനോഹരമാണ്. അതില്‍ ഉപയോഗിച്ചിരിക്കുന്ന ഛായാഗ്രഹണവും ഇമേജും സൗണ്ട് എഡിറ്റിംഗുമെല്ലാം ചേര്‍ന്ന് സബ്ജക്റ്റുകളെ നന്നായി തന്നെ സല്‍ക്കരിക്കുന്നുണ്ട്. ഇനി ഒരു മെറ്റാ-ഡോക്യുമെന്ററി എന്ന നിലക്ക് അത് കാണുമ്പോഴും സവിശേഷമായ ഇമേജുകളാണ് ചുരുള്‍ നിവരുന്നതായി നാം കാണുന്നത്. സത്യമായി നാം ഇവിടെ മനസ്സിലാക്കുന്നതെല്ലാം ഫിക്ഷനായാണ് നിലനില്‍ക്കുന്നത്. അഥവാ, ഫിക്ഷനിലൂടെയാണ് നാം സത്യത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. അതേസമയം അറബ് ലോകത്ത് ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ സിനിമ കൂടിയാണിത്. നിര്‍മ്മിക്കപ്പെട്ട വര്‍ഷത്തില്‍ തന്നെ ബെയ്‌റൂത്തില്‍ ഒഴികെയുള്ള എല്ലാ ഫിലിം ഫെസ്റ്റിവെലുകളിലും സിനിമ നിരാകരിക്കപ്പെടുകയാണുണ്ടായത്. പാരീസിലെ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഡു മോണ്ടെ അറബെ’ പോലും അത് പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായില്ല. ബെയ്‌റൂത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സന്ദര്‍ഭത്തില്‍ കാണികള്‍ സിനിമയുടെ ആര്‍ട്ടിനെ അവഗണിക്കുകയും അമേരിക്കന്‍ അനുകൂലവും സദ്ദാം വിരുദ്ധവുമായ അതിന്റെ ഉള്ളടക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയുമായിരുന്നു ചെയ്തത്.

സിനിമയിലുടനീളം നൊമാഡ് ജ്ഞാനശാസ്ത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇറാഖി ജനതയെപ്പോലെത്തന്നെ കണ്‍മുമ്പിലുള്ള മെറ്റീരിയലിനെ വളരെ പെട്ടെന്ന് തന്നെ ഉപയോഗിക്കുകയാണ് സിനിമയും ചെയ്യുന്നത്. സംവിധായകനായ സല്‍മാന്റെ ഓഡിയോവിഷ്വല്‍ മൊണ്ടാഷിനെക്കുറിച്ച ആഴത്തിലുള്ള അറിവാണ് അത് സാധ്യമാക്കുന്നതെന്ന് തോന്നുന്നു. ഉദാഹരണത്തിന് തേനീച്ചക്കൂട്ടങ്ങളുടെ കാതടപ്പിക്കുന്ന മൂളലുകളോടു കൂടി ഒരു രംഗം സിനിമയില്‍ കാണാം. ആയുധങ്ങള്‍ സൂക്ഷിക്കുന്ന ഒരു പെട്ടിക്ക് മുകളിലൂടെ അവ സഞ്ചരിക്കുന്നതായി കാണാം. എന്നാല്‍ ആ രംഗത്തെക്കുറിച്ച് കൂടുതലായി നമ്മള്‍ മനസ്സിലാക്കുന്നത് തേനീച്ചകളെ വളര്‍ത്തുന്ന ആളിലേക്ക് ക്യാമറ തിരിയുമ്പോഴാണ്. അയാള്‍ പറയുന്നത് ഉപയോഗിച്ച് കഴിഞ്ഞ റോക്കറ്റ് ഷെല്ലുകളില്‍ തേനീച്ചകള്‍ക്ക് നന്നായി കൂടുകൂട്ടാന്‍ കഴിയുമെന്നാണ്.

എന്തുകൊണ്ടായിരിക്കും മരുഭൂമി ഹൈവേക്ക് വഴിമാറുന്നത്?

ഇതൊരു സങ്കീര്‍ണ്ണമായ ചോദ്യമാണ്. ഈ ചോദ്യത്തിലൊരു ഭാഗം അഭിമുഖീകരിക്കുന്നത് ആറാം നൂറ്റാണ്ട് മുതല്‍ ആരംഭിച്ച ഇസ്‌ലാമിലെ നാഗരിക പ്രവണതകളെയാണ്. എന്നാല്‍ ഇക്കാലത്ത് ഒരു വായനക്കാരന് ഈ ചോദ്യത്തിനുത്തരമായി എണ്ണ എന്ന് ഒറ്റവാക്കില്‍ മറുപടി പറയാന്‍ സാധിക്കും. നൊമാഡിക്ക്-ബദവി ഭാഷ തന്നെ വെല്ലുവിളിക്കപ്പെടുന്നത് മരുഭൂമിയിലെ എണ്ണയുടെ കണ്ടുപിടിത്തത്തോടെയാണ്. എന്നാല്‍ മരുഭൂമിയുടെ ഈ മാറ്റത്തിന് മുഖ്യമായ കാരണം കൊളോണിയലിസമോ വിദേശ മൂലധനത്തിന്റെ ഒഴുക്കോ അല്ല. നൊമാഡിക്ക് ജീവിതത്തിന്റെ തകര്‍ച്ചക്കും പുതിയൊരു അസ്ഫാള്‍ട്ട് നൊമാഡിസത്തിന്റെ ആവിര്‍ഭാവത്തിനും കാരണം പ്രാദേശികതയെ പൊതുവായതിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്ന പരസ്പര വിനിമയങ്ങളുടെ നിലനില്‍പ്പ് തന്നെയാണ്.

നൊമാഡുകള്‍ ഒരിക്കലും വില്‍ക്കാന്‍ അനുവദിക്കാത്ത ഒരേയൊരു കാര്യം അവരുടെ ഒട്ടകമാണ്. മരുഭൂമിയിലെ അവരുടെ കപ്പലാണല്ലോ അത്. പരസ്പര വിനിമയത്തിനുള്ള ഒരു മാധ്യമം എന്ന നിലക്ക് മാത്രമല്ല നൊമാഡുകള്‍ ഒട്ടകത്തെ കാണുന്നത്. മറിച്ച് ജീവിതത്തിന്റെ ആയിത്തീരലുകളെ സാധ്യമാക്കുന്ന ഒരു അനുഭവമായിട്ടാണ്. ഒട്ടകമാണ് നൊമാഡിക് ജീവിതത്തിന് അടിത്തറ നല്‍കുന്നത്. ബദവികള്‍ ഏറ്റവും അവസാനം വില്‍ക്കുന്ന സമ്പത്തും അതുതന്നെയാണ്. അബ്ദെല്‍റഹ്മാനെ മുനീഫിന്റെ നോവലായ cities of salt അമേരിക്കന്‍ കമ്പനിയില്‍ ജോലിക്ക് പോകുന്ന സൗദി ബദവികളുടെ ജീവിതങ്ങളെയാണ് ആവിഷ്‌കരിക്കുന്നത്. എണ്ണപ്പണിക്കാരാണ് അവര്‍. അവര്‍ സന്തോഷത്തോടെ തന്നെയാണ് തങ്ങളുടെ ഒട്ടകങ്ങളെ വില്‍ക്കുന്നത്. കാരണം എണ്ണപ്പണിക്കാരായ അവര്‍ക്ക് ഒട്ടകങ്ങളുടെ ആവശ്യം വരുന്നില്ലല്ലോ. എന്നാല്‍ ഒട്ടകങ്ങളെ വില്‍ക്കുക എന്നതിനര്‍ത്ഥം തങ്ങളുടെ നൊമാഡിക്ക് സ്വത്വത്തെ കൈയ്യൊഴിഞ്ഞു കൊണ്ട് എണ്ണക്കമ്പനി പ്രതിനിധീകരിക്കുന്ന അമൂര്‍ത്തമയായ മൂല്യങ്ങളെ സ്വീകരിക്കുക എന്നതാണ്.

മരുഭൂമിയിലെ ഓയിലിന്റെ കണ്ടുപിടിത്തത്തോടു കൂടി ഒരു ഗ്ലോബല്‍ എക്കോണമിയായി വികസിക്കാന്‍ അറബ് ലോകത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ ദേശീയ അതിര്‍ത്തികളെയും പൈപ്പ്‌ലൈനുകളെയുമെല്ലാം മുന്‍നിര്‍ത്തി അറബ് മേഖലകളിലുടനീളം സജീവമായി നിലനിന്നിരുന്ന യുദ്ധങ്ങളെയും സംഘര്‍ഷങ്ങളെയും കുറിച്ചെല്ലാം നമുക്കറിയാം. പറഞ്ഞുവരുന്നത് ഭൗമരാഷ്ട്രീയം മരുഭൂമിയിലേക്ക് വന്നതിനെക്കുറിച്ചാണ്. അതേസമയം സൗദി ക്ഷേമരാഷ്ട്രം വരുന്നതിനും 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന നൊമാഡുകളുടെ സ്വയം പര്യാപ്തതയെക്കുറിച്ച് ഇബ്‌നു ഖല്‍ദൂന്‍ എഴുതിയിട്ടുണ്ട്.

എണ്ണയുല്‍പ്പാദന രാഷ്ട്രങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി അറബ് ജനതയുടെ ജീവിതനിലവാരം നന്നായി ഇടിഞ്ഞിട്ടുണ്ട്. വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഇപ്പോള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈയടുത്തായി ചില പുതിയ വര്‍ക്കുകള്‍ എന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി. ഒരു സിനിമ എന്ന നിലക്ക് അത്ര നല്ല വര്‍ക്കൊന്നുമല്ലെങ്കിലും സാമൂഹികശാസ്ത്രപരമായി അവ മികച്ചുനില്‍ക്കുന്നുണ്ട്. രണ്ട് തീമുകളാണ് ആ വര്‍ക്കുകളില്‍ മുഴച്ച് നില്‍ക്കുന്നത്: പദവികള്‍ക്ക് കോട്ടം തട്ടാതെ നിലനിര്‍ത്തുമ്പോഴുണ്ടാകുന്ന ജീവിതച്ചെലവിന്റെ വര്‍ധനവും ഹൈവേകളിലൂടെ വാഹനമോടിക്കാനുള്ള നൊമാഡുകളുടെ ആഗ്രഹവുമാണ് അവയില്‍ നമുക്ക് സജീവമായി കാണാന്‍ കഴിയുന്നത്. ശരീല അബ്ദുല്ലയുടെ crazy drivers (2002) എന്ന വീഡിയോ വര്‍ക്ക് അമിതവേഗതയില്‍ ഹൈവേയിലൂടെ വാഹനമോടിക്കാനുള്ള സ്ത്രീകളുടെ ആഗ്രഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അതുപോലെ തന്റെ കാറിനും ഭാര്യക്കുമിടയില്‍ ഏത് തിരഞ്ഞെടുക്കണം എന്ന സന്നിഗ്ധതയാണ് The Car or the Wife (2000) എന്ന റെഹാബ് ഒമര്‍ അതീഖിന്റെ സിനിമ പറയാന്‍ ശ്രമിക്കുന്നത്. മറ്റൊരു ഡോക്യുമെന്ററിയാണ് സൈനബ് അല്‍ അശൂര്‍ സംവിധാനം ചെയ്ത All That Glitters is Not Gold (2000). പൊങ്ങച്ചമാണ് അതിലെ വിഷയം. പുതിയ മൊബൈല്‍ ഫോണുകളും പുതിയ കാറുകളും വാങ്ങാനായി ബാങ്കില്‍ നിന്നും നിരന്തരം കടംവാങ്ങുന്ന ഏതാനും ചെറുപ്പക്കാരുടെ ജീവിതമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. യു. എ. ഇയില്‍ നിന്നുള്ള ഹാനി എല്‍ ശിബാനിയുടെ A Warm Winter Night എന്ന മറ്റൊരു സിനിമ പറയുന്നത് രണ്ട് നിരാശ ദമ്പതികള്‍ നടത്തുന്ന യാത്രയെക്കുറിച്ചാണ്. യാത്രയിലാണ് അവര്‍ പ്രണയത്തെ കണ്ടെത്തുന്നത്.

Abdullah Al Junaibi

മരുഭൂമിയിലെ ആത്മഹത്യകള്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വളരെ അടുത്ത കാലത്തുണ്ടായ പ്രതിഭാസമാണ്. കടബാധ്യതകളെ അഭിമുഖീകരിക്കാന്‍ കഴിയാത്തവര്‍ മരുഭൂമികളിലേക്ക് വേഗത്തില്‍ കാറോടിച്ചു വരുന്ന കാഴ്ച അറബ് നാടുകളില്‍ സജീവമാണ്. എന്നിട്ട് കാറുകളുപേക്ഷിച്ച് കൊണ്ട് മരിക്കുന്നത് വരെ മരുഭൂമിയിലുടെ നടക്കുകയാണ് അവര്‍ ചെയ്യുക. അബ്ദുല്ല അല്‍ ജുനൈബി യു. എ. ഇയിലെ ഷാര്‍ജ സാറ്റലൈറ്റ് ചാനലിന് വേണ്ടി ചെയ്ത ഡോക്യുമെന്ററിയിലൂടെ (when) അത്തരം മനുഷ്യരെക്കുറിച്ചാണ് പറയുന്നത്. അതില്‍ ഒരിടത്ത് മരുഭൂമിയില്‍ സ്വന്തം ഖബര്‍ കുഴിക്കുന്ന ഒരാളെ നമുക്ക് കാണാം. സ്വന്തം ജീവിതശൈലിയുടെ ഫലമായി വരുത്തിവെച്ച കടങ്ങളും ബാധ്യതകളും തീര്‍ക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയാണ് അയാളെ മരുഭൂമിയിലെത്തിക്കുന്നത്. ‘എന്റെ അയല്‍വാസികള്‍ക്ക് എല്ലാവരും ലാന്റ് ക്രൂയിസര്‍ ഉണ്ട്. എന്നാല്‍ എനിക്ക് മാക്‌സിമ മാത്രമേയുള്ളൂ’ എന്നാണ് അയാള്‍ പരിതപ്പിക്കുന്നത്. എന്നാല്‍ പിന്നീട് ആ ഉദ്യമത്തില്‍ നിന്ന് അയാള്‍ പിന്തിരിയുകയും ഖബര്‍ മണ്ണിട്ട് മൂടുകയുമാണ് ചെയ്യുന്നത്.

ലെബനാനില്‍ ഡ്രൈവിംഗ് എന്നത് വളരെ സജീവമായ ഒരു വിഷയമാണ്. Rounds (2001) എന്ന സിനിമയിലെ ഒരു കഥാപാത്രം പറയുന്നുണ്ട്: ‘യുദ്ധകാലത്ത് വണ്ടിയോടിക്കുക എന്നത് മരുഭൂമിയിലൂടെ വണ്ടിയോടിക്കുന്നതിന് തുല്യമാണ്. കാരണം യുദ്ധകാലത്ത് നഗരങ്ങളെല്ലാം നിര്‍ജീവമായിരിക്കും. ആ സന്ദര്‍ഭം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഞാന്‍ വണ്ടിയോടിക്കാറുള്ളത്. ഒരു ഫാന്റത്തെപ്പോലെ ഞാന്‍ കുതിക്കുകയാണ് ചെയ്യാറുള്ളത്.’ Rounds (2001) മുഴുവനായും കാറില്‍ തന്നെയാണ് എടുത്തിട്ടുള്ളത്. കാറില്‍ നിന്നും കാറിലേക്കുമുള്ള കാഴ്ചകളല്ലാതെ അതിലൊന്നുമില്ല. കാറിന് പുറത്തുള്ള ലോകമെല്ലാം അവിടെ അപ്രസക്തമാണ്. രേഖീയ ജീവിതത്തിന്റെയും ലൗകികതയുടെയും അസ്വാതന്ത്ര്യത്തെക്കുറിച്ചും നൊമാഡിക്ക് ജീവിതത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുമാണ് സിനിമ സംസാരിക്കുന്നത്.

ലോറ മാര്‍ക്‌സ്