Campus Alive

പോസ്റ്റ് സെക്കുലര്‍ ലോകബോധവും പുതിയ ജ്ഞാനമണ്ഡലങ്ങളുടെ സാധ്യതകളും

ജ്ഞാനോദയാനന്തര കാലഘട്ടത്തിലെ ശാസ്ത്രത്തിന്റെയും ശാസ്ത്രീയ ചിന്തയുടെയും വികാസത്തെയും കുറിച്ച് ചെറിയ തരത്തില്‍ പ്രദിപാദിച്ചുകൊണ്ടാണ് ഞാന്‍ ആരംഭിക്കുന്നത്. ചര്‍ച്ചും തത്വചിന്തകരും തമ്മിലുണ്ടായിട്ടുള്ള വലിയ തരത്തിലുള്ള ആശയ സംഘര്‍ഷങ്ങളിലൂടെയാണ് ആധുനിക ശാസ്ത്രം രൂപം പ്രാപിച്ചത്. വസ്തുവിന്റെ മേലുള്ള അടിസ്ഥാനപരമായ വിശ്വാസം, നിലനില്‍ക്കുന്ന എല്ലാം ഭൗതികമായുള്ളതാണെന്നും ലോകത്തിലെ എല്ലാ പ്രതിഭാസങ്ങളും വസ്തുവധിഷ്ഠിതമായ കാരണങ്ങള്‍ കൊണ്ട് വ്യാഖ്യാനിക്കാമെന്നുമുള്ളതാണ് ശാസ്ത്രീയം. അതിനാല്‍ തന്നെ അതിഭൗതിമായ എല്ലാ വസ്തുക്കളുടെ മേലുള്ള വിശ്വാസവും ശാസ്ത്രീയമല്ലാത്തതായി വ്യാഖ്യാനിക്കപ്പെടാന്‍ തുടങ്ങി.

ഇത്തരമൊരു സത്താപരമായ സമീപനമാണ്‌ ആധുനിക ജ്ഞാനശാസ്ത്രത്തെ നിര്‍മ്മിച്ചെടുത്തത്. ഇത്തരം ജ്ഞാനശാസ്ത്രങ്ങള്‍ ശാസ്ത്രീയമായ പരീക്ഷണ-നിരീക്ഷണങ്ങളെ അറിവിന്റെ ആധാരമായി കണക്കാക്കി. ക്ലാസിക്കല്‍ രീതിയിലുള്ള ന്വൂട്ടോണിയന്‍ ലോകവീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈയൊരു തത്വം രൂപം കൊള്ളുന്നത്. ഭൗതികമായതും, ജൈവികമായതും, മാനസികമായതും, സാമൂഹികമായതുമായ എല്ലാ പ്രതിഭാസങ്ങളും അടിസ്ഥാനപരമായി വസ്തുവിനെ കേന്ദ്രീകരിച്ചാണ് നിലനില്‍ക്കുന്നതെന്നും അവയെയെല്ലാം തന്നെ വ്യത്യസ്തങ്ങളായ ഉപ-ശാഖകളായി വിഘടിപ്പിച്ച് പഠനവിധേയമാക്കാമെന്നുമാണ് അത് പറഞ്ഞുകൊണ്ടിരിക്കുന്നത്. അത്തരം പഠനമേഘലകളിലെല്ലാം തന്നെ സമയം-കാലം എന്നിവ ഓരോ വസ്തുവിന്റെയും സവിശേഷതകളനുസതിച്ച് മാറിക്കൊണ്ടിരിക്കുന്നുണ്ടെന്നും പ്രകൃതി നിയമങ്ങളാണ് ഇത്തരം ചലനങ്ങളെ നിര്‍ണ്ണയിക്കുന്നതെന്നും വരുന്നു. അതിനാല്‍ തന്നെ ജൈവികമായുണ്ടാകുന്ന രാസ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ച് മനുഷ്യ സ്വഭാവത്തെ പോലും പഠനവിധേയമാക്കാമെന്ന് അവര്‍ പറയുന്നു.ഇത്തരമൊരു ഉപകരണ ലോകവീക്ഷണത്തിന്റെ സ്വാഭാവിക ഫലമാണ് റിഡക്ഷനിസം.എല്ലാ ശാസ്ത്രങ്ങളുടെയും നിയമങ്ങളും സിദ്ധാന്തങ്ങളും ഭൗതികശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും നിയമങ്ങളെ മുന്‍നിര്‍ത്തി വായിക്കാമെന്നാണ് ജ്ഞാനശാസ്ത്ര റിഡക്ഷനിസ്റ്റുകള്‍ വാദിക്കുന്നത്. സങ്കീര്‍ണ്ണമായ എല്ലാ ഘടനകളെയും അതിലടങ്ങിയിരിക്കുന്ന വസ്തുക്കളുടെ ആകെത്തുകയായി മനസ്സിലാക്കുകയും അതിനാല്‍ തന്നെ പൊതു സ്വഭാവം എന്നത് എല്ലാ വസ്തുക്കളുടെയും വൈയക്തികമായ സ്വഭാവത്തിന്റെ ആകെത്തുകയായി മനസ്സിലാക്കപ്പെടുകയും ചെയ്തു.

അഗസ്റ്റെ കോംടെ

മറ്റൊരു പ്രധാനപ്പെട്ട തത്വമാണ് നിര്‍ണ്ണയനവാദം(Determinism). ബോധവും ധാര്‍മ്മികതയുമടക്കം എല്ലാ അവസ്ഥകയെും നേരത്തേ തന്നെ നിലവിലുള്ള കാരണങ്ങളാണ് പൂര്‍ണ്ണമായും നിര്‍ണ്ണയിക്കുന്നത് എന്നാണവര്‍ വാദിക്കുന്നത്. ഏത് സാഹചര്യത്തെയും പറ്റിയുള്ള പൂര്‍ണ്ണമായ ജ്ഞാനം അതിന്റെ ഭാവിയെ പറ്റിയുള്ള തെറ്റാത്ത അറിവിന്റെ സാധ്യത കൂടി തുറന്നു നല്‍കുന്നതിനാല്‍ ലോകം പൂര്‍ണ്ണമായും യുക്തിഭദ്രമാണെന്നാണ് നിര്‍ണ്ണയനവാദികള്‍ വിശ്വസിക്കുന്നത്. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കഴിഞ്ഞുപോയ അവസ്ഥയുടെ ഫലമാണെന്നും അടുത്ത ഘട്ടത്തിന്റെ കാരണമാണെന്നും വരുന്നു. ചുറ്റും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശക്തികളെ പറ്റിയും ഘടകങ്ങളുടെ സ്ഥാനത്തെ പറ്റിയും ഏതൊരു നിമിഷത്തിലും മനസ്സിന് കൃത്യതയുണ്ടെങ്കില്‍ അതിന് എല്ലാ വസ്തുക്കളുടെയും ഭൂതകാലത്തെയും ഭാവിയെയും പറ്റി കൃത്യമായ ധാരണയുണ്ടാകും എന്നവര്‍കരുതുന്നു.

എല്ലാ കാര്യങ്ങളെയും അനുഭവപരമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞാല്‍ പുറത്തുനിന്നുമുള്ള അറിവിന്റെ ആവശ്യം വരുന്നില്ല. അഗസ്റ്റെ കോംടെയുടെ പോസിറ്റിവിസം ഇന്ദ്രിയജ്ഞാനത്തെ മനുഷ്യന്റെ അറിവുല്‍പാദനത്തിനുള്ള ഏക മാര്‍ഗ്ഗമായി കാണുന്നു. അതിനാല്‍ തന്നെ ഇന്ദ്രിയജ്ഞാനമല്ലാത്ത മറ്റൊരു ഇടം അറിവിനില്ലാതാവുന്നു.

പോസിറ്റിവിസം അഭിമുഖീകരിച്ച വിമര്‍ശനങ്ങള്‍ യുക്തിഭദ്രമായ ആലോചനകള്‍ക്ക് സാധ്യത നല്‍കുന്ന യുക്ത്യധിഷ്ഠിത പോസിറ്റിവിസത്തിലേക്കാണ് നയിച്ചത്. ഇപ്പോള്‍ യുക്തിഭദ്രമായോ ഇന്ദ്രിയാധിഷ്ഠിതമായോ നിര്‍ണ്ണയിക്കപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമാണ് അര്‍ഥം ഉണ്ടാകുന്നുള്ളൂ.

അതിഭൗതികതയും മതവും മതവിജ്ഞാനങ്ങളുമാണ് ന്യൂനീകരണ വാദത്തിന്റെയും നിര്‍ണ്ണയനവാദത്തിന്റെയും പോസിറ്റീവിസത്തിന്റെയും പ്രധാന ഇര. ശാസ്ത്രം പുനരുല്‍പാദിപ്പിക്കപ്പെടാന്‍ കഴിയുന്ന പൊതു  വിവരത്തിൽ (public data) നിന്നാണ് ആരംഭിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കുമേല്‍ സിദ്ധാന്തങ്ങള്‍ രൂപപ്പെടുകയും അതിനെ പ്രായോഗിക വത്കരിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഇവിടെ മതവിശ്വാസങ്ങള്‍ അംഗീകരിക്കപ്പെടുന്നില്ല. കാരണം അത്തരം പൊതുവിവരം,  പരീക്ഷണ-നിരീക്ഷണങ്ങള്‍, നിഗമനരൂപീകരണം എന്നിവയൊന്നും മതവിശ്വാസത്തില്‍ കാണാന്‍ കഴിയില്ല. ശാസ്ത്രം മാത്രമാണ് വസ്തുനിഷ്ഠവും തെളിയിക്കാവുന്നതും സാർവ്വലൌകികവും പുരോഗമനപരവും. മറ്റൊരു വശത്ത് മതജ്ഞാനം വ്യക്ത്യധിഷ്ഠിതവും അടഞ്ഞതും വിമര്‍ശനാതീതവും മാറ്റമില്ലാത്തതുമായി വരുന്നു.

ജ്ഞാനശാസ്ത്രത്തിലെ പുതിയ ശബ്ദങ്ങള്‍

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ക്വാണ്ടം തിയറിയാണ് ഇത്തരം വിശ്വാസങ്ങളെ ആദ്യമായി പരിക്കേല്‍പ്പിക്കുന്നത്. ക്വാണ്ടം തിയറി സൂക്ഷ്മതലത്തില്‍ ഉണ്ടാവുന്ന പ്രതിഭാസത്തെയാണ് മുന്നോട്ട് വെക്കുന്നത്. ക്ലാസിക്കല്‍ മെക്കാനിസങ്ങളില്‍ എല്ലാ വസ്തുക്കളെയും ആറ്റത്തിലേക്ക് വിഘടിപ്പിച്ചെടുക്കാന്‍ കഴിയും. ആറ്റങ്ങളാവട്ടെ കേന്ദ്രത്തില്‍ ന്യൂക്ലിയസും ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണ്‍സും അടങ്ങിയതാണ് എന്നും വിശദീകരിക്കപ്പെട്ടു. എന്നാല്‍ പരമ്പരാഗത ഭൗതികശാസ്ത്രത്തിന് ന്യൂക്ലിയസിന് ചുറ്റുമുള്ള ഇലക്ട്രോണിന്റെ കറക്കത്തെ വിശദീകരിക്കാന് കഴിഞ്ഞില്ലെന്ന് പില്‍ക്കാല ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. കാരണം പരമ്പരാഗത മോഡലനുസരിച്ചാണെങ്കിൽ (Bohr model) ഇലക്ട്രോണുകള്‍ക്ക് അതിന്റെ ഊര്‍ജം നഷ്ടമാവുകയും ന്യൂക്ലിയസിലേക്ക് മറിഞ്ഞുവീഴുകയും ചെയ്യും.

ഇലക്ട്രോണ്‍ ഒരു പദാര്ത്ഥം എന്നതിനേക്കാള് ന്യൂക്ലിയസിന്റെ ചുറ്റുമായുള്ളഒരു തരംഗസമാനമാണെന്ന് ക്വാണ്ടം സൈദ്ധാന്തികര്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ ന്യൂക്ലിയസിന് ചുറ്റും കറങ്ങുന്ന ഒന്ന് എന്നതല്ല, മറിച്ച് ന്യൂക്ലിയസിന് ചുറ്റും മേഘം കണക്കേ വിരിഞ്ഞു നില്‍ക്കുകയാണത്. യഥാര്‍ഥത്തില്‍ ഇലക്ട്രോണ്‍ പദാർത്ഥമോ അല്ലെങ്കില്‍ തരംഗമോ അല്ലെന്നും എന്താണത് എന്ന് കൃത്യമായി മനസ്സിലാക്കുക സാധ്യമല്ലെന്നും ക്വാണ്ടം തിയറിസ്റ്റുകള് വാദിക്കുകയും അതി ശാസ്ത്രീയമായി അംഗീകരിക്കപ്പെടുകയും ചെയ്തു. ഭൗതികലോകത്തെ പറ്റിയുള്ള പഴയ കാഴ്ച്ചപ്പാടുകള്‍ ലോകത്തിന്റെ ഭൗതികശാസ്ത്രത്തെ വിവരിക്കുന്നതിലുണ്ടായിത്തീര്‍ന്ന അമിതമായ ലളിതവത്കരണം ആണെന്നാണ് യഥാര്‍ഥത്തില്‍ ക്വാണ്ടം സൈദ്ധാന്തികര്‍ കണ്ടെത്തിയത്.

ക്വാണ്ടം തിയറി പോസിറ്റിവിസ്റ്റ് തത്വചിന്തയുടെ അടിത്തറയെ ഇല്ലാതാക്കി എന്നതാണ് ഇവിടെ സംഭവിക്കുന്നത്. കാരണം ലോകം നമ്മുടെ നിരീക്ഷണങ്ങള്ക്ക് വഴങ്ങുന്നതല്ല എന്നാണ് ക്വാണ്ടം തിയറി തെളിയിക്കുന്നത്. നമ്മുടെ കയ്യിലുള്ള ഭൗതികമായ മാര്‍ഗ്ഗങ്ങളുപയോഗപ്പെടുത്തി നമുക്ക് നിരീക്ഷിച്ച് മനസ്സിലാക്കാന് കഴിയുന്നതിന് പുറത്താണ് യഥാര്‍ഥത്തില്‍ ലോകമെന്ന് ഇവിടെ തെളിയുന്നു.

ഈയൊരു പുതിയ കാഴ്ച്ചപ്പാട് സാമൂഹിക ശാസ്ത്രത്തെ പ്രത്യേകമായി ബാധിച്ചിട്ടുണ്ട്. മനുഷ്യനും ഭൗതികതയും വ്യത്യസ്ത വീക്ഷണങ്ങളിലൂടെ മനസ്സിലാക്കപ്പെടണമെന്നും വസ്തുക്കളെ പഠിക്കുന്ന രീതിയില്‍ മനുഷ്യനെ മനസ്സിലാക്കാന്‍ കഴിയില്ലെന്നും വന്നു. യാന്ത്രികമായും ന്യൂനീകരിച്ചും,കാര്യകാരണ ബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയും പഠനവിധേയമാക്കേണ്ടുന്ന യന്ത്രങ്ങളല്ല മനുഷ്യനും മനുഷ്യ സമൂഹവുമെന്ന് തിരിച്ചറിഞ്ഞു. ഈയൊരു തിരിച്ചറിവ് ശാസ്ത്രത്തെ മനസ്സിലാക്കുന്നതിലും സ്വാധീനങ്ങള് ചെലുത്തിയിട്ടുണ്ട്. പറയപ്പെടുന്നതുപോലെയുള്ള വസ്തു നിഷ്ഠത ശാസ്ത്രത്തിനും അവകാശപ്പെടുക സാധ്യമല്ല എന്ന് നിരീക്ഷിക്കപ്പെട്ടു. വിവരങ്ങളെന്നത് സ്വതന്ത്രമായി നിലനിൽക്കുന്നതല്ലെന്നും അവ സൈദ്ധാന്തിക ഭാരങ്ങള് വഹിക്കുന്നവയാണ് എന്നും, സിദ്ധാന്തങ്ങള് തന്നെ കേവല നിരീക്ഷണ പരീക്ഷണങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല രൂപപ്പെടുന്നത് മറിച്ച് സർഗാത്മക ഭാവനക്കും മുൻ മാതൃകകൾക്കും അതിൽ പങ്കുണ്ട് എന്നും വാദങ്ങളുയർന്നുവന്നു.

ഇങ്ങനെയൊക്കെയാണെങ്കില്‍ മതത്തെയും മതത്തെ കേന്ദ്രീകരിച്ചുള്ള സിദ്ധാന്തങ്ങളെയും എങ്ങനെയാണ് യുക്തിഭദ്രമായി ഒഴിവാക്കാന്‍ കഴിയുക? മിഷേല്‍ പോളന്‍യി(Michael Polanyi) എന്ന ഹംഗേറിയന്‍ ചിന്തകന്‍ മതാധിഷ്ഠിത അറിവുള്‍പ്പെടെ എല്ലാ തരത്തിലുമുള്ള അറിവിനെയും ഉള്‍ക്കൊള്ളുന്ന യോജിച്ച രീതിശാസ്ത്രമാണHarmony of method ഉയര്‍ന്നുവരുന്നത് എന്ന് നിരീക്ഷിക്കുന്നു.

സാമൂഹിക ശാസ്ത്രത്തില്‍ ഇസ്‌ലാമിന്റെ സാധ്യത

മൂല്യാധിഷ്ഠിതവും യുക്തിഭദ്രവുമായ സാമൂഹിക ചിന്ത അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണതകള്‍ കാലങ്ങളായി തഴയപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക സാമൂഹിക ചിന്തയുടെ അല്ലെങ്കില്‍ സാമൂഹിക ചിന്തയുടെ ഇസ്‌ലാമീകരണത്തെ പറ്റിയുള്ള സ്വപ്‌നങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്നുണ്ട്. അനുഭവാധിഷ്ഠിത അറിവിന്റെ പ്രാധാന്യത്തെ ഇസ്‌ലാമിക സാമൂഹിക ചിന്ത ഒരിക്കലും തള്ളിക്കളയുന്നില്ല. മറിച്ച് അനുഭവജ്ഞാനം(Empiricism) അറിവുല്‍പാദനത്തിന്റെ ഒരു മാര്‍ഗ്ഗം മാത്രമാണ്. യുക്തിയും ദിവ്യബോധനവും(വഹിയ്യ്) ആണ് മറ്റു പ്രധാനപ്പെട്ട വഴികള്‍.

മിഷേല്‍ പോളന്‍യി

ഇസ്‌ലാമിക തത്വശാസ്ത്രം മനുഷ്യ ജീവിതത്തെ സമഗ്രമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. മറ്റെല്ലാ ആധുനിക ജ്ഞാനശാസ്ത്ര പാരമ്പര്യങ്ങളെയും പോലെ അത് എല്ലാ ഭൗതിക-സാമൂഹിക പ്രതിഭാസങ്ങളെയും ചെറുഘടകങ്ങളായി വിഭജിച്ച് പഠനവിധേയമാക്കാന്‍ ശ്രമിക്കുന്നില്ല. ഇസ്‌ലാം മനുഷ്യനെ ഭൗതിക ജീവി എന്നതിനോടൊപ്പം തന്നെ സാമൂഹിക-വൈകാരിക-ആത്മീയ സാന്നിധ്യമായും മനസ്സിലാക്കുന്നു.

ഇസ്‌ലാമിക സാമൂഹിക ചിന്ത, മൂല്യങ്ങളെ ഒരിക്കലും മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നില്ല.അത് മൂല്യാധിഷ്ഠിതവും ഇസ്‌ലാമിക ലോക വീക്ഷണമാണ് അടിത്തറയെന്ന പ്രഖ്യാപിത തത്വത്തെ അടിസ്ഥാനപ്പെടുത്തി മുന്നോട്ട് പോകുന്നതുമാണ്. മനുഷ്യനെ ഉപകരണമായി കണക്കാക്കുന്നതിനു പകരം ഭൗതിക ശരീരത്തോടൊപ്പം തന്നെ ആത്മീയതയും അതിഭൗതികതയും ഉള്‍ക്കൊള്ളുന്ന ചിന്താവിഷയിയായി മനുഷ്യനെ പരിഗണിക്കുന്നു.

പാശ്ചാത്യ ചിന്തയിലെ ജ്ഞാനശാസ്ത്രപരമായി നിര്‍ണ്ണയിക്കപ്പെട്ട ഉണ്‍മ എന്നതില്‍ നിന്നും വിഭിന്നമായി ഉണ്മാപരമായി നിര്‍ണ്ണയിക്കപ്പെട്ട ജ്ഞാനശാസ്ത്രമാണ് ഇസ്‌ലാമിന്റേത് എന്ന് തുര്‍ക്കിഷ് പ്രധാനമന്ത്രിയായിരുന്ന അഹ്മദ് ദാവൂദ് ഒഗ്‌ലു മനോഹരമായി പറഞ്ഞുവെക്കുന്നുണ്ട്. യുക്തി-ശാസ്ത്രം-പുരോഗതി എന്നീ ത്രയങ്ങള്‍ക്കുള്ള പരമമായ ആധികാരികതയാണ് പാശ്ചാത്യചിന്തയെ സാധ്യമാക്കുന്നതെന്ന് അദ്ദേഹം വാദിക്കുന്നു. ഇത്തരം സ്വയം നിര്‍ണ്ണയനങ്ങള്‍ ചരിത്രപരമായ എല്ലാ ശാസ്ത്രീയ വികാസങ്ങളെയും പുരോഗതികളെയും പൗരസ്ത്യ നാഗരികതയിലെ ഏകാത്മകമായ ജ്ഞാനവീക്ഷണത്തിലേക്ക് ചുരുക്കുന്നു.

അഹ്മദ് ദാവൂദൊഗ്‌ലു

പൗരസ്ത്യ നാഗരികതയില്‍ നിന്നും വ്യത്യസ്തമായി ഇസ്‌ലാമിക നാഗരികത മതവിജ്ഞാനങ്ങളെ സാമൂഹിക സ്ഥാപനങ്ങളില്‍ നിന്നും മാറി ഖുര്‍ആനെന്ന ആധികാരിക ഗ്രന്ഥത്തിലേക്ക് ചേര്‍ത്തുവെക്കുന്നു. അതിനാല്‍ തന്നെ മതവിജ്ഞാനത്തെ സാമൂഹിക-രാഷ്ട്രീയ, സാമൂഹിക-സാമ്പത്തിക അധികാര ശൃംഖലയുടെ ഉപാധിയാകുന്നതിൽ നിന്നും അതിനെ തടയുകയും ചെയ്യുന്നു. ഇവിടെ ദിവ്യത്വം അവകാശപ്പെടുകയും സാമൂഹിക സ്ഥാപനങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്ന ആത്മനിഷ്ഠമായ അറിവല്ല, പകരം വസ്തുനിഷ്ഠമായ ഭാഷാ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ദിവ്യബോധനം വിശകലനം ചെയ്യപ്പെടുന്നത്. അതിനാല്‍ തന്നെ ഇസ്‌ലാമിക നാഗരികതയില്‍ മതജ്ഞാനം ശാസ്ത്രീയ വിരുദ്ധമാവുകയോ ശാസ്ത്രീയ ജ്ഞാനം മതവിരുദ്ധമാവുകയോ ചെയ്യുന്നില്ല.

അറിവിനെയും വിദ്യാഭ്യാസത്തെയും പറ്റിയുള്ള ഇസ്‌ലാമിക നാഗരികതയുടെ വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ അറിവിന്റെ ഒരൊറ്റ സങ്കേതത്തെ മാത്രം മനസ്സിലാക്കുന്നതിന് പകരം വ്യത്യസ്ത തരത്തിലുള്ള അറിവിന്റെ സ്രോതസ്സുകളെ കണ്ടെത്താനും അവയുടെ പരസ്പര സങ്കലനത്തിലൂടെ ലോകത്തെ മനസ്സിലാക്കാനും മനുഷ്യനെ പ്രാപ്തമാക്കുന്നുണ്ട് എന്ന് ഒഗ്‌ലു അഭിപ്രായപ്പെടുന്നു. പ്രശ്‌നവത്കൃതമായ സമീപനങ്ങളെ മറികടക്കാന്‍ ഇസ്‌ലാമിക നാഗരികതക്ക് വ്യത്യസ്ത മേഘലകളില്‍ പാണ്ഡിത്യമുള്ള നേതൃത്വത്തെ ആവശ്യമുണ്ട്.

ഇസ്‌ലാമിക സാമൂഹിക ശാസ്ത്രജ്ഞന്റെ ചുമതലകള്‍

അനുഭവപരതയുടെ കെട്ടുപാടുകളില്‍ നിന്നുള്ള പുറത്തുചാട്ടം ഒരു ഇസ്‌ലാമിക സാമൂഹിക ശാസ്ത്രജ്ഞനെ സാമൂഹിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. അത് പഠനത്തെ കൂടുതല്‍ ശക്തമായ ഒന്നാക്കി തീര്‍ക്കുകയും സാമൂഹിക പഠനം കൂടുതല്‍ അര്‍ഥവത്താക്കുകയും ചെയ്യും.

യഥാര്‍ഥ ഇസ്‌ലാമിക മാനം കൈവരിക്കണമെങ്കില്‍ ഇസ്‌ലാമിക സാമൂഹിക ചിന്തകര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

പഠനത്തിനായുള്ള രീതികള്‍(Methodology) ആവിഷ്‌കരിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. അനുഭവജ്ഞാനവും യുക്തിയും ദൈവികബോധനവും എങ്ങനെയാണ് സന്തുലിതമായി ക്രമീകരിക്കുകയും അതിലൂടെ ഏറ്റവും മികച്ച ഫലം രൂപപ്പെടുത്തുകയും ചെയ്യേണ്ടത് എന്നത് ഇപ്പോഴും നമുക്ക് കൃത്യതയില്ലാത്ത കാര്യമാണ്. മുസ്‌ലിം സാമൂഹിക ചിന്തകര്‍ രീതിശാസ്ത്രത്തെ പറ്റിയുള്ള അടിസ്ഥാനപരമായ അന്വേഷണങ്ങള് നടത്തുകയും പരമ്പരാഗത അനുഭവാത്മക രീതിശാസ്ത്രങ്ങളില്‍ നിന്നും മാറി മനുഷ്യജീവിതത്തെ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കാന് കഴിയുന്ന കുറ്റമറ്റ രീതിശാസ്ത്രം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.

രണ്ടാമതായി ചെയ്യേണ്ടുന്നത് സിദ്ധാന്ത രൂപീകരണമാണ്. ആധുനിക സാമൂഹിക ശാസ്ത്രം കൃത്യമായി രൂപപ്പെടുത്തപ്പെട്ട സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിലനില്‍ക്കുന്നത്. സോഷ്യോളജിയിലെ ഫങ്ഷണലിസവും സംഘര്‍ഷ(Conflict) സിദ്ധാന്തവും, രാഷ്ട്രീയമീമാംസയിലെയും ചരിത്രത്തിലെയും സോഷ്യല്‍ ഡാര്‍വിനിസം, സൈക്കോളജിയിലെ സൈക്കോഅനാലിസിസ് എന്നിവയാണ് ഓരോ മേഘലകളിലെയും അടിസ്ഥാന സിദ്ധാന്തങ്ങള്‍. ഇസ്‌ലാമികമായ സാമൂഹിക ചിന്തയുടെ ഉയര്‍ച്ചക്ക് ഇത്തരം സിദ്ധാന്തങ്ങള്‍ വെല്ലുവിളിക്കപ്പെടുകയും പുതിയ സിദ്ധാന്തങ്ങള്‍ രൂപപ്പെടുകയും വേണം.

മനുഷ്യ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരത്തിനായി മഹത്തായ ആശയങ്ങള്‍ രൂപപ്പെടുത്തുക എന്നതാണ് മൂന്നാമത്തെ ദൗത്യം. ഇസ്‌ലാമിക സാമൂഹിക ചിന്തയുടെ പ്രായോഗികതയാണ് ഈ ഘട്ടത്തില്‍ നടക്കേണ്ടത്.

 

 

(ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയുടെ പുതിയ അമീറായി തിരഞ്ഞെടുക്കപ്പെട്ട സയ്യിദ് സാദത്തുള്ള ഹുസൈനി ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമാണ്. രണ്ട് പ്രാവശ്യം എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന അദ്ദേഹം കുറ്റ്യാടി ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവതരിപ്പിച്ച പ്രബന്ധം.)

സയ്യിദ് സാദത്തുള്ള ഹുസൈനി