Campus Alive

ഐഡന്ററ്റി കാര്‍ഡില്ലാത്തവരുടെ ഐഡന്ററ്റി എന്താണ്?

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ദിലീഷ് പോത്തന്റെ രണ്ടാമത്തെ സിനിമയാണ്. മലയാള സിനിമയിലെ പുതിയ കാഴ്ചകളെ ഈ സിനിമ മുന്നോട്ട് വെക്കുന്നു. സിനിമ കണ്ടുകൊണ്ടിരി
ക്കുമ്പോള്‍ തോന്നിയ ചില ആലോചനകള്‍ നിങ്ങളുമായി പങ്കുവെക്കാന്‍ ശ്രമിക്കുകയാണ്. സിനിമ മുന്നോട്ട് വെക്കുന്ന രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ രണ്ട് ജാതിക്കാരുടെ കല്ല്യാണവും മറ്റൊന്ന് ഐഡന്റിറ്റി കാര്‍ഡില്ലാത്ത ഐഡന്റിറ്റികളെയും കുറിച്ചാണ്. ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്ത പലതരത്തിലുള്ള സിനിമകളെയും നമുക്ക് കാണാന്‍ കഴിയും. ഇതില്‍ കമല്‍ കെ.എം സംവിധാനം ചെയ്ത ഐഡി എന്ന സിനിമയില്‍ പരാമര്‍ശിക്കുന്നത് പോലെ നോര്‍ത്തീസ്റ്റിലെ ആളുകള്‍ അനുഭവിക്കുന്നത് പോലെയുള്ള ഐഡന്റിറ്റിയെക്കുറിച്ച അന്വേഷങ്ങളുടെ ഒരു തുടര്‍ച്ച എന്ന നിലയില്‍ ഈ സിനിമയെ കാണുമ്പോള്‍ ഈ സിനിമക്ക് വല്ലാതൊന്നും മുന്നോട്ട്‌പോകാന്‍ സാധിച്ചിട്ടില്ല എന്ന് കാണാന്‍ സാധിക്കും. മോഷ്ടിക്കുക എന്നത് മനുഷ്യന്റെ നിലനില്‍പിന്റെ അടിസ്ഥാന പ്രശ്‌നമായി മാറുകയും, മോഷ്ടാവിനോട് മോഷ്ടിക്കപ്പെട്ടവനുണ്ടാകുന്ന ദേഷ്യം പോലീസ് എന്ന വലിയ മോഷണ ശൃംഖലയുടെ അടുത്തെത്തുമ്പോള്‍ അത് മോഷ്ടിക്കപ്പെട്ടവനും മോഷ്ടാവും തമ്മിലുള്ള ബന്ധമായി മാറുകയും ചെയ്യുന്നു. ഇവിടെ പ്രസാദ് ഈഴവ കുടുംബത്തില്‍ ജനിച്ച ആളാണെന്ന് നമുക്ക് നല്‍കുന്ന ചിഹ്നം ശ്രീ നാരായണ ഗുരുവിലൂടെയാണ്. ഇങ്ങനെ സിനിമകളില്‍ മലയാളിയുടെ സാമൂഹിക ചിഹ്നങ്ങളെ കൊണ്ടുവരികയും എന്നാല്‍ മോഷ്ടാവിന്റെ പേര് പ്രസാദ് എന്നാവുകയും സ്വന്തമായി തിരിച്ചറിയല്‍ കാര്‍ഡോ കുടുംബമോ ഇല്ലാതെ വിശദീകരണങ്ങളില്ലാത്ത ആള്‍കൂട്ടങ്ങളാക്കി മാറ്റപ്പെടുകയും ചെയ്യുന്നു. ഇവിടെയാണ് മലയാളിയുടെ സിനിമാ ആസ്വാദനത്തിന്റെയും പൊതുഭാവനയുടെയും ഇടങ്ങള്‍ നിലനില്‍ക്കുന്നത്. വ്യത്യസ്ത ഐഡന്ററ്റികളെ കുറിച്ച് സിനിമയെ മുന്‍നിര്‍ത്തി എങ്ങനെ സംസാരിക്കാം എന്നാണ് ഞാന്‍ ആലോചിക്കുന്നത്.

thondimuthalum-driksakshiyum.jpg.image.784.410തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഭരണകൂടത്തിന്റെ തന്നെ ഭാഷയാവുന്നതും അതിലൂടെ പോലീസ് സംവിധാനത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളും സിനിമ പറയാന്‍ ശ്രമിക്കുമ്പോഴും സിനിമ എത്തിപ്പെടുന്നത് അധീശഭാവനയില്‍ തന്നെയാണ്. സമൂഹത്തിലെ അധികാര ശ്രേണീബന്ധങ്ങളെ ഭരണകൂടത്തിന്റെ സംവിധാനത്തിലേക്ക് തള്ളിവിട്ട് ഭരണകൂടം എന്ന മാര്‍ക്‌സിയന്‍ ഭൂതത്തെ പുറത്തേക്ക് വിടുന്ന ഒരു നവ ഇടതുഭാവന തന്നെയാണ് ഈ സിനിമ. ഫഹദ് ഫാസില്‍ എന്ന നടനിലൂടെ ഐഡന്റിറ്റി ഇല്ലാത്തവന്റെ ഐഡന്റിറ്റിയുടെ പ്രതിസന്ധി സിനിമക്ക് മറികടക്കാന്‍ സാധിച്ചിട്ടില്ല. ആള്‍കൂട്ടത്തിലേക്ക് പലമുഖങ്ങളിലൂടെപ്രവേശിച്ച് ഐഡന്റിറ്റി ഇല്ലാതെ മാറാന്‍ കഴിയുന്ന അപ്രസക്തനായ കഥാപാത്രമായി പ്രസാദിനെ മാറ്റിയത് സിനിമ തിയേറ്ററില്‍ തന്നെ ഉപേക്ഷിച്ച് പോരാന്‍ തോന്നാത്ത വിധം നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നു.

not in my name കാമ്പയിനിലെ പ്രശ്‌നം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ജാതിപരമായ പ്രിവിലേജുകളെയെല്ലാം ഒളിച്ച് വെച്ച്‌കൊണ്ട്, കൃത്യമായ ഫോക്കസില്ലാതെയാണ് ആ കാമ്പയിന്‍ നടത്തപ്പെട്ടത്. കൃത്യമായ ഐഡന്റിഫിക്കേഷനില്ലാതെ, ഹ്യൂമന്‍ എന്ന വളരെ ലിബറലായ ഒരു ലൊക്കേഷനിലേക്ക് ചേര്‍ത്ത്‌വെച്ച്‌ കൊണ്ടാണ് ആ ക്യാമ്പയിന്‍ മുന്നോട്ട് പോയത്. ആ ക്യാമ്പയിനെപ്പോലെത്തന്നെ പേരുകളില്ലാതെ, പ്രത്യേക അധികാരങ്ങളില്ലാതെ തെരുവില്‍ ആള്‍കൂട്ടത്തിനാല്‍ കൊല്ലപ്പെടുന്ന ആളുകളെ പ്രതിനിധീകരിക്കാന്‍ ഈ സിനിമക്ക് കഴിയില്ല. അത് തന്നെയാണ് മലയാള സിനിമയുടെ എക്കാലത്തെയും പ്രതിസന്ധി. നന്ദി പ്രഖ്യാപിക്കുന്നതിലൂടെ പ്രസാദ് എന്ന കഥാപാത്രം അറിയാതെ ഒരു ഐഡന്റിറ്റിയിലേക്ക്‌
പ്രവേശിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ചാപ്പാ കുരിശ് സിനിമയിലെ അന്‍സാരി എന്ന കഥാപാത്രം അവസാനമിരുന്ന് ബിരിയാണി കഴിക്കുന്നത് പോലെയുള്ള സാമൂഹിക യാഥാര്‍ത്ഥ്യത്തിലേക്ക് പ്രസാദിന് പ്രത്യക്ഷപ്പെടേണ്ടി വരും. ആള്‍ക്കൂട്ടം എന്ന മറ ഉപയോഗിച്ച് കൊണ്ടാണ് മേല്‍ജാതി ഹിന്ദു രാഷ്ട്രീയം മുസ്‌ലിംകളുടെയും ദലിതരുടെയും ആദിവാസികളുടെയും മേല്‍ നിരന്തരമായി വയലന്‍സ് ഉല്‍പ്പാദിപ്പിച്ച് കൊണ്ടിരിക്കുന്നത്. ആള്‍കൂട്ടം എന്ന ഈ സാമൂഹിക സൃഷ്ടി ഭരണകൂടത്തിലൂടെ ആഭ്യന്തര കൊളോണിയലിസമാണ് ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

wഈ സിനിമ കാണാതെ പോകുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് സിനിമക്കുള്ളില്‍ നിന്ന് കൊണ്ട്തന്നെ നമുക്ക് കാണാന്‍ കഴിയണം. താനൂരില്‍ നടന്ന പോലീസ് വയലന്‍സിനിടയില്‍ നിങ്ങളിങ്ങനെ പെറ്റ് കൂട്ടുകയാണോ എന്ന ചോദ്യം ഒരു മുസ്‌ലിം ഉമ്മയോട് പോലീസ് ചോദിക്കുന്നുണ്ട്. ഇത് പോലീസിന്റെ പ്രശ്‌നമല്ല. പോലീസിന് എവിടെ നിന്നാണ് അങ്ങനെയൊരു ചോദ്യം പഠിപ്പിച്ച് കൊടുത്തത് എന്നതിനെ കുറിച്ച് ആലോചിച്ചാല്‍ മാത്രമേ പോലീസ് സ്‌റ്റേഷന്‍ എന്നത് കളവിനും അതിക്രമത്തിനുമപ്പുറത്ത് ജാതീയവും വംശീയവും ആയ നോട്ടങ്ങളും വാക്കുകളുമുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ചെറിയൊരു പതിപ്പാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നാം എത്തിച്ചേരുകയുള്ളൂ. പോലീസ് സ്‌റ്റേഷനില്‍ നിന്ന് നാം അനുഭവിക്കുന്ന ശാരീരികമായ അതിക്രമങ്ങള്‍, സാമൂഹികമായ അധികാര ബന്ധത്തിലൂടെ നിലനിര്‍ത്തുന്നതാണെന്ന് നമുക്ക് മനസ്സിലാകും.

തിരക്കഥക്കുള്ളിലെ തിരക്കഥ

2017 ആദ്യവാരത്തില്‍ കണ്ണൂരില്‍ വെച്ച് കശ്മീരില്‍ നടക്കുന്ന സൈനിക അതിക്രമങ്ങള്‍ക്കെതിരെ ഒരു പ്രതിഷേധ സംഗമം നടന്നിരുന്നു. അതില്‍ പങ്കെടുത്ത എന്റെ രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തത് സിനിമയില്‍ എ.എസ്‌ഐ ആയി അഭിനയിച്ച ശിവദാസ മേനോന്‍ ആണ്. യു.എ.പി.എ ചുമത്തട്ടെ എന്നാണ് അയാള്‍ അന്ന് അവരോട് ചോദിച്ചത്. അയാളാണ് സിനിമക്കുള്ളില്‍ വന്നിട്ട് ഒരു പോലീസ് വേഷം ചെയ്ത് പോകുന്നത്. വളരെ കൃത്യമായി ഐഡന്റിറ്റി നോക്കിത്തന്നെയാണ് അയാള്‍ അവരോട് പെരുമാറിയിട്ടുള്ളത്. ഇങ്ങനെ മുസ് ലിമിനെ കാണുമ്പോഴേക്ക് യു.എ.പി.എ ചുമത്തട്ടെ എന്നൊക്കെ ചോദിക്കുന്ന പോലീസുകാരാണ് പോലീസ് വയലന്‍സിനെതിരെയുള്ള ഒരു സിനിമയില്‍ അഭിനയിക്കുന്നത് എന്നതാണ് രസകരമായ വസ്തുത. അപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട എന്റെ സുഹൃത്തുക്കള്‍ തിയറ്ററിലിരുന്ന് സിനിമ കാണുമ്പോള്‍ അവര്‍ക്കൊരിക്കലും അവരനുഭവിച്ച വയലന്‍സിനെ മറന്ന് കൊണ്ട് ആ സിനിമ ആസ്വദിക്കാന്‍ കഴിയില്ല. ഇപ്പോഴുമവര്‍ ആ കേസിന്റെ പേരില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇങ്ങനെ എല്ലാ തരത്തിലുമുള്ള വയലന്‍സും മുസ് ലിംകളുടെ മേല്‍ നടപ്പിലാക്കുന്ന ഒരു പോലീസുകാരന്‍ ഈ സിനിമയുടെ ഭാഗമാകുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. സിനിമ അങ്ങനെ നിഷ്‌കളങ്കമായി സംഭവിക്കുന്നതൊന്നുമല്ലല്ലോ. അത്‌പോലെ അറസ്റ്റ് ചെയ്യപ്പെട്ട എന്റെ സുഹൃത്തിനെ പ്രേമലേഖനം എന്ന സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ വിളിച്ച സമയത്തും പോലീസ് ഇടപെട്ട് അത് തടയുകയുണ്ടായി. അവന്‍ എറണാകുളത്തേക്ക് പോകാനിരിക്കുമ്പോഴാണ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് വിളി വരുന്നത്. പോലീസ് പറഞ്ഞത് നീ എറണാകുളത്തേക്ക് പോവുകയാണെങ്കില്‍ ഞങ്ങള്‍ നിന്റെ വീട്ടിലേക്ക് പൊയ്‌ക്കോളാം എന്നാണ്. ഇങ്ങനെ എല്ലാ തരത്തിലും പോലീസ് അവനെ വേട്ടയാടുകയാണ് ചെയ്യുന്നത്. അതേസമയം പോലീസിന്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ അവന്‍ മനുഷ്യാവകാശ കമ്മീഷനില്‍ കേസ് കൊടുത്തെങ്കിലും പോലീസ് കോടതിയില്‍ ഹാജരാകാത്തതിനാല്‍ കേസ് നീണ്ടുപോവുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള അനുഭവങ്ങളും വായനകളും കൂടി ഉള്‍ക്കൊള്ളുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ സിനിമ പൂര്‍ണ്ണമാകുന്നത്. കാരണം നമ്മുടെ മേല്‍ വയലന്‍സ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരാള്‍ സിനിമയില്‍ വന്ന് നില്‍ക്കുമ്പോള്‍ സിനിമ ആസ്വദിക്കാന്‍ നമുക്കൊരിക്കലും കഴിയുകയില്ല. അപ്പോള്‍ സിനിമയെ ഒരു ആസ്വാദന കലയായി എങ്ങനെയാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുക?

ഹാഷിര്‍ കെ മുഹമ്മദ്‌