Campus Alive

ഇബ്‌നു അറബിയുടെ ഖയാലും അറൈവല്‍ എന്ന കാണാത്ത സിനിമയും

പേഴ്‌സണലായ ഒരനുഭവത്തില്‍ നിന്ന് തുടങ്ങാം. ഈയടുത്ത കാലത്താണ് സൂഫി ലിറ്ററേച്ചറുകളെ കുറിച്ചുളള ഒരു ഡയലോഗില്‍ പങ്കെടുക്കാന്‍ ഇടയായത്. ഇമാം ഗസ്സാലി, ഇബ്‌നു അറബി, ജലാലുദ്ദീന്‍ റൂമി, മിര്‍ ദമാദ് തുടങ്ങിയ സൂഫി ശൈഖുമാരുടെ സാഹിത്യ ലോകത്തെ കുറിച്ചുളള ചര്‍ച്ചയില്‍ ഒരു ഫ്രണ്ട് ഇബ്‌നു അറബി (റ) യുടെ കണ്‍സപ്റ്റിലെ സൃഷ്ടാവ് എന്ന സങ്കല്‍പത്തെ കുറിച്ച് പുതിയൊരു തിയറി അവതരിപ്പിക്കാന്‍ ശ്രമിച്ചു. തിയറി ഇങ്ങനെയായിരുന്നു, ഇബ്‌നു അറബി അദ്ദേഹത്തിന്റെ കിതാബുകളിലും മറ്റു എന്‍ഗേജ്‌മെന്റ്റുകളിലും ‘അല്ലാഹു’ എന്ന പദം വളരെ റെയര്‍ ആയി മാത്രമേ ഉപയോഗിച്ചിട്ടുളളൂ. കൂടുതല്‍ ഇടങ്ങളിലും ‘അല്‍ ഹഖ്’ (absolute reality) എന്ന പദമാണ് ഉപയോഗിച്ചത്. അതിന് അദ്ദേഹം തിയറൈസ് ചെയ്തത് ഇങ്ങനെയാണ്. ‘ഇമാം ഗസ്സാലി (റ) എല്ലാം പറയുന്നത് കാണാം, (ഇഹ്യാ ഉലൂമുദ്ദീന്‍) നിസ്‌കാരത്തിലെ അത്തഹിയ്യാത്തില്‍ ‘അസ്സലാമു അലയ്ക’ (നബിയേ നിങ്ങളുടെ മേല്‍ റബ്ബിന്റെ രക്ഷ ഉണ്ടാവട്ടെ) എന്ന് പറയുമ്പോള്‍ പ്രവാചകനെ മനസ്സിലേക്ക് കൊണ്ടുവരണമെന്ന്. ചിത്രമല്ലെങ്കിലും മുഹമ്മദ് എന്ന് പറയുന്ന ഒരു ബീയിംഗിനെ മനസ്സില്‍ കൊണ്ടു വന്നാല്‍ മാത്രമേ നിസ്‌കാരം സ്വഹീഹാവുകയുളളു. അതുപോലെ ഇബ്‌നു അറബി (റ) യുടെ കണ്‍സപ്റ്റില്‍ ‘അല്ലാഹ്’ എന്ന പദം സൃഷ്ടാവിന്റെ ബീയിംഗിനുളള ഇസ്മാണെന്ന്, അതായത് അലമാണെന്ന് (proper noun) ഒരാള്‍ വിശ്വസിച്ച് ഉച്ചരിക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ beingness നെ മനസ്സിലേക്ക് കൊണ്ടുവരണം. അല്ലാത്തപക്ഷം, ആ വ്യക്തി സൃഷ്ടാവിനോട് നീതി ചെയ്യുന്നില്ല. അവന്‍ ‘എപിസ്റ്റമോളജിക്കലി മുനാഫിഖ്’ ആണ്. കാരണം ഒരു പദം ഉച്ചരിക്കുകയും അതേ സമയം മറ്റൊന്ന് മനസ്സില്‍ കരുതുകയും ചെയ്താല്‍, അത് അവന്റെ ‘ഇഅതികാദി’ (വിശ്വാസം) നോട് യോജിക്കുകയില്ല, അത് നിഫാഖ് (വഞ്ചന) ആണ്. അപ്പോള്‍ മുനാഫിഖ് ആകാതിരിക്കാന്‍ (സൃഷ്ടാവിനോട് നീതി ചെയ്യാന്‍) ‘അല്ലാഹു’ എന്ന പദത്തെ യഥാര്‍ത്ഥ സൃഷ്ടാവിന്റെ ‘ദാത്തി’ (ഉണ്മ) ലേക്ക് സൂചിപ്പിക്കുന്ന ‘നകിറയായ ഇസ്മ്’ (noun) ആയി കണ്ടാല്‍ മതി. എന്നാല്‍ സൃഷ്ടാവിനെ അങ്ങിനെ പറയുന്നതിനേക്കാള്‍ കൂടുതല്‍ inclusivity ‘അല്‍ ഹഖ്’ (absoulute reality) എന്ന പദത്തിനുണ്ട്. കാരണം ‘അല്ലാഹു’ എന്ന noun സൃഷ്ടാക്കളില്‍ വെച്ച് ഒരു പ്രത്യേക സൃഷ്ടാവിലേക്കാണ് സൂചിപ്പിക്കുന്നത്, എന്നാല്‍ ‘അല്‍ ഹഖ്’ എന്ന പദം reality കളില്‍ വെച്ച് പ്രത്യേകമായ ഒരു reality യിലേക്കാണ് സൂചിപ്പിക്കുന്നത്. ഇത് noun ന്റെ inclusivity വര്‍ദ്ധിപ്പിക്കുകയും അത് വഴി സൃഷ്ടാവിന്റെ ‘ജലാലിയ്യത്ത്’ ഉയര്‍ത്തി കാട്ടുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ഇബ്‌നു അറബി അദ്ദേഹത്തിന്റെ സൃഷ്ടാവിനോട് നീതി ചെയ്യുകയായിരുന്നു.” അതിന് (തിയറിക്ക്) അദ്ദേഹം ‘discursive justice’ എന്ന് പേരിടുകയും ചെയ്തു. ഇത്രയും ‘മാരകമായ തിയറൈസേഷന്‍’ കേട്ട് ഞെട്ടിത്തരിച്ചിരിക്കുന്ന ആളുകളുടെ മുന്നിലേക്ക് ഒരു കിതാബ് ഓതിയ കുട്ടി (മോല്യാര് കുട്ടി) ‘തഫ്‌സീറു ഇബ്‌നി അറബി’ (മുഹ്യുദ്ദീന്‍ ഇബ്‌നു അറബി (റ) യുടേതാണെന്ന് ഉറപ്പ് വരുത്തിയത്) യുമായി വന്നിട്ട് അതിന്റെ ആദ്യ സൂറതായ ‘സൂറതുല്‍ ഫാതിഹ’ യുടെ ആദ്യ വരിയായ ‘ബിസ്മില്ലാഹി’ യുടെ ‘അല്ലാഹി’ എന്ന പദത്തിന്റെ തഫ്‌സീറെടുത്ത് കാണിച്ചു. അതിലിങ്ങനെ എഴുതിയിരിക്കുന്നു ‘ഇസ്മുന്‍ ലി ദാതിന്‍’ (ഉണ്മയെ സൂചിപ്പിക്കുന്ന proper noun). ഈയൊരൊറ്റ വരി ആദ്യം പറഞ്ഞ വ്യക്തി തിയറൈസ് ചെയ്ത മുഴുവന്‍ കണ്‍സപ്റ്റുകളെയും വളരെ സിംപിളായി ഇല്ലാതാക്കി.

ഇപ്പോള്‍ ഇങ്ങനെയൊരു ആര്‍ട്ടിക്കിള്‍ എഴുതാന്‍ കാരണം Campus Alive ല്‍ അല്‍പം മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ട ‘Arrival ന്റെ സമയവും ഇബ്‌നു അറബിയുടെ ഖയാലും: വില്ലെനോവിന്റെ സിനിമാ പരീക്ഷണങ്ങളെക്കുറിച്ച്’ എന്ന ആര്‍ട്ടിക്കിളിനോടുളള എന്റെ ചില അഭിപ്രായങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ്. യഥാര്‍ത്ഥത്തില്‍ ഇതൊരു criticism അല്ല, കാരണം തുടക്കത്തില്‍ ലേഖകന്‍ സെക്കണ്ടറി റീഡിങ്ങിന്റെ പരിമിതികളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കൃത്യമായി ബോധ്യമുളളത് കൊണ്ടു തന്നെ ചില സംശയങ്ങളും അന്വേഷണങ്ങളും പങ്കുവെക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വളരെ ജെന്യൂവിനായി തന്നെ പറയുന്നുണ്ട്. അതിനാല്‍ ഈ ആര്‍ട്ടിക്കിളില്‍ അല്‍പം വിയോജിപ്പുകളൊക്കെ ഉണ്ടെങ്കിലും അതെല്ലാം ലേഖകന്റെ ആര്‍ട്ടിക്കിളിനെ ഡെവലപ് ചെയ്യാനുളള ഒരു ശ്രമം ആയിട്ടാണ് മനസ്സിലാക്കേണ്ടത്. Roman Jakobson ന്റെയൊക്കെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് ആ ആര്‍ട്ടിക്കിളിന്റെ ഒരു translation മാത്രമാണ്. ഇത്രയും ഗ്യാപ് കഴിഞ്ഞ് ഇതെഴുതാനുളള കാരണം ഈയടുത്താണ് ആ ആര്‍ട്ടിക്കിള്‍ ശ്രദ്ധിക്കാന്‍ ഇടയായത് എന്നതാണ്. അതിനാല്‍ ഈ ആര്‍ട്ടിക്കിള്‍ എഴുതാന്‍ എന്നെ പ്രചോദിപ്പിച്ച ലേഖകനോട് ആദ്യമായി എന്റെ നന്ദി അറിയിക്കുന്നു.

ArrivalInk

യഥാര്‍ത്ഥത്തില്‍ ഇബ്‌നു അറബി (റ) തങ്ങളെ സിനിമയുമായി റിലേറ്റ് ചെയ്ത് സംസാരിക്കുന്നതിലാണ് എന്റെ ബേസിക്കായ വിമര്‍ശം.  എന്നാല്‍, നാല് വര്‍ഷത്തോളമായി ഒരു സിനിമയും കാണാത്ത എനിക്ക് ആ സിനിമയില്‍ ലേഖകന്‍ അപ്ലൈ ചെയ്യുന്ന ഇബ്‌നു അറബിയുടെ ഫിലോസഫിയെ criticize ചെയ്യാന്‍ അര്‍ഹതയില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതുപോലെ തന്നെ ഇബ്‌നു അറബിയെ പോലുളള ഒരു epochal scholar (ഇബ്‌നു ഹജറുല്‍ ഹൈതമി (റ) യുടെ ഭാഷയില്‍ ‘അഅ്‌ലമു സ്സമാന്‍’) നെ കുറിച്ച് പൂര്‍ണ്ണമായ ധാരണയില്ലാത്തത് കൊണ്ട് അതിനെ വിശദീകരിക്കാനും ഞാന്‍ മുതിരുന്നില്ല. മറിച്ച് സിനിമക്കും ഇബ്‌നു അറബിക്കും ഇടയില്‍ ലേഖകന്‍ ക്രിയേറ്റ് ചെയ്യുന്ന ‘അവക്കിടയിലെ നിസ്ബ’ (relation) യെയാണ് ഞാന്‍ പ്രശ്‌നവല്‍ക്കരിക്കുന്നത്. ഞാന്‍ ‘പരിചയിച്ചിട്ടുളള ‘ ചില അറിവുകള്‍ വെച്ച് അവയെ ഞാന്‍ വായിക്കാന്‍ ശ്രമിക്കുകയാണിവിടെ ചെയ്യുന്നത്. അതിനാല്‍ തന്നെ ലേഖകന്‍ പറഞ്ഞ പോലെ അതിന്റെ പരിമിതികളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഞാനും ബോധവാനാണ്.

സമയത്തിന്റെ non-linear ആയ സ്വഭാവത്തെ മുന്‍നിര്‍ത്തിയാണ് Arrival എന്ന സിനിമയില്‍ ലേഖകന്‍ ഇബ്‌നു അറബിയുടെ temporality യെയും, spatiality യെയും കുറിച്ചുളള സങ്കല്‍പങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം സമയം എന്നത് രണ്ട് തലത്തിലാണ് നിലനില്‍ക്കുന്നത്. ഒന്ന്, ഭാവി, ഭൂതം, വര്‍ത്തമാനം എന്ന തരത്തിലുളള ഡിഫറന്‍സിയേഷനുകളുളള ഒരു becoming (നിരന്തരം ട്രാന്‍സ്‌ഫോം ആയിക്കൊണ്ടിരിക്കുന്ന ഒന്ന്) എന്ന നിലയില്‍. രണ്ട്, സമയത്തെ അതിന്റെ totality യില്‍ ഒരു യാഥാര്‍ത്യമായി മനസ്സിലാക്കി ഭാവി, ഭൂതം, വര്‍ത്തമാനം തുടങ്ങിയ ആറ്റോമിക്കായ വിഭജനങ്ങളെ പൂര്‍ണ്ണമായി നെഗേറ്റ് ചെയ്ത് മാര്‍ട്ടിന്‍ ഹെയ്ഡഗ്ഗറൊക്കെ പറഞ്ഞ പോലെ അതിനെ ഒരു മാനസിക വികാരമായി മനസ്സിലാക്കുക എന്ന നിലയില്‍. ആദ്യത്തേത് സ്ഥൂലപ്രാപഞ്ചിക (macrocosmic) മായ ഒരു വ്യൂ പോയന്റില്‍ നിന്നും രണ്ടാമത്തത് സൂക്ഷമപ്രാപഞ്ചിക (microcosmic) മായ ഒരു വ്യൂ പോയന്റില്‍ നിന്നുമാണ്. ഈ രണ്ട് കാഴ്ചപ്പാടുകളും ഒരേ സമയം സാധ്യമാകുന്നത് seeying with two eyes എന്ന ഒരു ഉസൂല്‍ (methodology) ഇബ്‌നു അറബി ഉപയോഗിക്കുന്നത് കൊണ്ടാണ്. അതായത്, ഖയാല്‍ (വിധേയത്വ ചിന്ത) അഖ്ല്‍ (യുക്തി ഉപയോഗിച്ചുളള ചിന്ത) എന്നിവയെ ഒരേ സമയത്താണ് വസ്തുക്കളുടെ കോണ്‍ഫിഗറേഷന്‍ മനസ്സിലാക്കാന്‍ ഇബ്‌നു അറബി ഉപയോഗിക്കുന്നത്.

ഇവിടെയാണ് ലേഖകന്‍ അവതരിപ്പിക്കുന്ന ഖയാലുമായി ഞാന്‍ മനസ്സിലാക്കിയിട്ടുളള ഖയാല്‍ ഭിന്നമാകുന്നത്. ലേഖകന്റെ ആര്‍ട്ടിക്കിളില്‍ ഖയാല്‍ എന്നതിനെ imagination (സങ്കല്‍പം എന്നൊക്കെ ഭാഷാന്തരം ചെയ്യാമെന്ന് തോന്നുന്നു) ആയിട്ടാണ് അവതരിപ്പിച്ചിട്ടുളളത്. എന്നാല്‍ ഞാന്‍ മനസ്സിലാക്കിയിടത്തോളം ഖയാല്‍ എന്നത് ഇബ്‌നു അറബി പ്രയോഗിച്ചിട്ടുളളത് മനുഷ്യര്‍ക്ക് അവരുടെ sensory knowledge നുമപ്പുറമുളളവയെ അംഗീകരിച്ചു നല്‍കാനുളള എബിലിറ്റി കൈവരുന്ന ഒരു state of being ആയിട്ടാണ്. കാരണം, ഖുര്‍ആനിന്റെ meta-physical ആയ അര്‍ത്ഥങ്ങളെ കണ്ടെത്തുന്ന സ്ഥലങ്ങളിലും, അല്ലാഹുവിന്റെ അതീന്ദ്രിയ (transcendental) വും, സമീപസ്ത (immanent) വുമായ വുജൂദിനെ അംഗീകരിക്കുന്നിടത്തുമാണ് ഇബ്‌നു അറബി ആ ഒരു ഉസൂലിനെ കൊണ്ടുവരുന്നത്. അതായത് ഭൗതികമായതിനെ റീസണ്‍ കൊണ്ടും ട്രാന്‍സ്-റീസണലായതിനെ ഖയാല്‍ കൊണ്ടും മനസ്സിലാക്കാനാണ്, അല്ലാതെ തളളിക്കളയാനല്ല ഇബ്‌നു അറബി പറയുന്നത്. imagination എന്ന രൂപത്തില്‍ മനസ്സിലാക്കിയത് കൊണ്ടാണ് ലേഖകന് ‘അതേസമയം തന്നെ ഖയാല്‍ റിയലുമാണ് എന്നാണ് ഇബ്‌നു അറബി പറയുന്നത്’ എന്ന് പറയേണ്ടി വരുന്നത്. ഇവിടെ ‘അതേസമയം’ എന്ന പദത്തെ പ്രശ്‌നവല്‍ക്കരിക്കണമെന്ന് തോന്നുന്നു. അതായത് real ഉം ഇബ്‌നു അറബി പറഞ്ഞ ഖയാലും തമ്മില്‍ യോജിക്കില്ല എന്ന ഒരു മുന്‍ധാരണയുടെ ഇബ്‌നു അറബിയിലൂടെ തന്നെയുളള change നെയാണ് ആ പദം സൂചിപ്പിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങിനെയെരു മുന്‍ധാരണ വരാന്‍ കാരണം ഖയാലിനെ imagination, dream എന്നൊക്കെയുളള കോമണ്‍ അര്‍ത്ഥങ്ങളെക്കൊണ്ട് മനസ്സിലാക്കിയത് കൊണ്ടാണ്. അതിനാല്‍ തന്നെ ചിത്രം വരക്കുമ്പോഴുണ്ടാകുന്ന imagination നും portrait റ്റും തമ്മിലുളള റിലേഷനെ സൂചിപ്പിക്കുന്ന ഉദാഹരണം ഖയാല്‍ എന്ന സങ്കല്‍പത്തെ വിശദീകരിക്കാന്‍ അപര്യാപ്തമാണ്. മാത്രമല്ല അത് അപ്രസക്തവുമാണ് എന്നാണ് എനിക്ക് തോന്നുന്നത്. മറിച്ച് ഒരു idealistic philosophy യുടെ ഉദാഹരണമായിട്ടാണ് അതിന് വര്‍ക്ക് ചെയ്യാന്‍ കഴിയുക. അല്ലെങ്കില്‍ aesthetics ലെ മനസ്സും ഒഴിഞ്ഞ ക്യാന്‍വാസും തമ്മിലുളള infinitely possible ആയ റിലേഷനെ സൂചിപ്പിക്കാനും ആവാം.

ArrivalShip

അടുത്തതായി ലേഖകന്‍ എഴുതിയ ‘ഇബ്‌നു അറബി പറയുന്നത് സെന്‍സിബിളായ ഫോമുകളെ റിയലായി മനസ്സിലാക്കുന്നത് ശിര്‍ക്കാണ് എന്നാണ്.’ എന്ന വരിയെ പരിശോധിക്കാം. ഇബ്‌നു അറബി ഫുതൂഹാതില്‍ പറയുന്നത് ഇങ്ങനെയാണ്:

‘ഫമന്‍ ഖാല ബില്‍ ഇശ്ഫാഇ കാന മുശ്‌രികാ
വമന്‍ ഖാല ബില്‍ ഇഫ്‌റാദി കാന മുവഹ്ഹിദാ.’
(സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും independent ആയ നിലനില്‍പിലൂടെയുളള duality യെ അംഗീകരിക്കുന്നവന്‍ മുശ് രികാണ്.
അവയുടെ single existence നെ അംഗീകരിക്കുന്നവനാണ് മുവഹ്ഹിദ് (monothiest) ആകുന്നത്)

‘വഹ്ദതുല്‍ വുജൂദ്’ (Eric Winkel എല്ലാം പറയുന്നത് അങ്ങിനെയൊരു ഐഡിയ ഇബ്‌നു അറബി (റ) അവതരിപ്പിച്ചിട്ടില്ലെന്നാണ്) എന്ന കണ്‍സപ്റ്റാണ് അതിന്റെ അടിസ്ഥാനം. അത് ontological ആയ ഒരു ഫിലോസഫിക്കല്‍ വസ്തുതയാണ്. ontological logic പ്രകാരം being എന്നത് ഒന്നേ പാടുളളൂ. എന്നാല്‍ സൃഷ്ടാവ്, സൃഷ്ടി തുടങ്ങിയ വ്യത്യസ്തതകള്‍ ഇതേ ontological വസ്തുതകളുടെ epistemological വിശകലനമാണ്. epistemological ആയി നോക്കുമ്പോള്‍ being ന് രണ്ട് വശങ്ങള്‍ (aspects) ഉണ്ട്. ഒന്ന് ഫിനോമിനല്‍ ലോകത്തിന് അതീതമായി നില്‍ക്കുന്ന transcendental ആയ being ആണ്. മറ്റേത്, multiplicity യെ പ്രതിഫലിപ്പിക്കുന്ന സൃഷ്ടി എന്ന ഫിനോമിനയും. എന്നാല്‍ ഒരു സൃഷ്ടിക്ക് ഒരു atomic second പോലും being ല്‍ നിന്ന് സ്വതന്ത്രമായി നിലനില്‍ക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് അള്‍ട്ടിമേറ്റായ ഒരര്‍ത്ഥത്തില്‍ being എന്ന സ്ഥാനം സൃഷ്ടികള്‍ക്ക് നല്‍കല്‍ സാധ്യമല്ല. ഈ നിലക്ക് (ontologically) രണ്ട് being കള്‍ സ്വതന്ത്രമായി ഉണ്ട് എന്ന് പറയല്‍ ‘ശിര്‍ക്കാ’ണെന്നാണ് ഇബ്‌നു അറബി പറയുന്നത്. ontological ഉം epistemological ഉം ആയ സങ്കല്‍പത്തെ കുറിച്ച് ഇബ്‌നു അറബി ഫുതൂഹാതില്‍ പറയുന്നുണ്ട്:

‘ഫല്‍ ഹഖു ഐനുല്‍ അബ്ദി ലൈസ സിവാഹു
വല്‍ ഹഖു ഗൈറുല്‍ അബ്ദി ലസ്ത തറാഹു.’
(being എന്നത് തന്നെയാണ് അടിമയുടെ സത്ത. അല്ലാതെ മറ്റൊന്നല്ല.
എന്നാല്‍ being എന്നത് അബ്ദ് അല്ല താനും. നീ അതിനെ കാണുന്നില്ല.)

ഇവിടെ ആദ്യത്തെ വരി ontology യെയും രണ്ടാമത്തെ് വരി epistemology യെയുമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് ലേഖകന്‍ മറ്റൊരു പാരഗ്രാഫില്‍ പറയുന്ന ‘സ്വപ്നം എന്നാല്‍ സ്വപ്നം കാണുന്ന ആളല്ല. എന്നാല്‍ സ്വപ്നം കാണുന്ന ആളില്ലാതെ സ്വപ്നത്തിന് നിലനില്‍പ്പുമില്ല. അത് പോലെ സൃഷ്ടി എന്ന imagination സൃഷ്ടാവ് എന്ന ഒന്നല്ല. എന്നാല്‍ സൃഷ്ടാവില്ലാതെ സൃഷ്ടികള്‍ക്ക് നിലനില്‍ക്കാനും സാധിക്കില്ല’ എന്ന് സ്വപ്നത്തെ മുന്‍നിര്‍ത്തി അവതരിപ്പിക്കുന്നതില്‍ നിന്ന് വ്യത്യസ്ഥമാണ്. കാരണം ontology യും epistemology യും തമ്മിലുളള റിലേഷന്‍ സത്തയുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ സൃഷ്ടാവും സൃഷ്ടിയും തമ്മിലുളള ഇമാജിനലായ ബന്ധം ഒരു existential relation മാത്രമാണ്. അതിനാല്‍ തന്നെ ലേഖകന്‍ പറയുന്ന പോലെ ഇബ്‌നു അറബി (റ) ഫിനോമിനലായ ഫോമുകളുടെ അര്‍ത്ഥത്തെ പൂര്‍ണ്ണമായി നെഗേറ്റ് ചെയ്ത് സംസാരിക്കുന്നില്ല. അതുകൊണ്ടു തന്നെ ‘മനുഷ്യര്‍ ഉറക്കത്തിലാണ്. മരണപ്പെടുമ്പോഴാണ് അവരെഴുന്നേല്‍ക്കുന്നത്’ എന്ന പ്രവാചകവചനത്തെ കുറിച്ച് ഇബ്‌നു അറബി നല്‍കുന്ന സ്വപ്നം എന്ന നിലക്കുളള വ്യാഖ്യാനം അതിന്റെ കേവല അര്‍ത്ഥമായ imaginary സെന്‍സില്‍ കാണാന്‍ സാധിക്കുകയില്ല.

പിന്നീട് നേരത്തെ സൈറ്റ് ചെയ്ത സ്വപ്നത്തെയും സ്വപ്നം കാണുന്ന ആളെയും മുന്‍നിര്‍ത്തി imagination ഉം reaility യും തമ്മിലുളള ലേഖകന്‍ അവതരിപ്പിച്ച റിലേഷന്‍ ‘നാമും നമ്മള്‍ ജീവിക്കുന്ന ലോകവും ദൈവമല്ലെങ്കിലും ദൈവത്തെ ആശ്രയിച്ചാണ് അവ നിലനില്‍ക്കുന്നത്. ദൈവമില്ലാതെ അതിന് നിലനില്‍പ്പില്ല. നെഗറ്റീവ് തിയോളജി എന്നാണ് ഇബ്‌നു അറബി അതിനെ വിളിക്കുന്നത്.’ എന്ന രീതിയില്‍ കണ്‍ക്ലൂഡ് ചെയ്യുന്നുണ്ട്. ഇവിടെ ഒരു ചെറിയ പ്രശ്‌നത്തെ ഞാന്‍ കണ്ടെത്തുന്നുണ്ട്. നെഗറ്റീവ് തിയോളജി എന്നാല്‍ എന്ത് എന്ന മനസ്സിലാക്കലാണ് ആ പ്രശ്‌നം. ഇല്‍മുല്‍ കലാം പ്രകാരം, അല്ലാഹു എന്താണെന്ന് അതിന്റെ സ്വിഫതുകളോട് കൂടെ കൃത്യമായി ഡിഫൈന്‍ ചെയ്യല്‍ ഒരിക്കലും സാധ്യമല്ല. അത്തരത്തിലുളള ശ്രമം എപ്പൊഴും ലിമിറ്റഡ് ആയിരിക്കും. കാരണം വാക്കുകള്‍ക്ക് എന്നല്ല ഒരു മീഡിയത്തിനും അല്ലാഹുവിനെ അവന്റെ (സഅദിയ്യ ശെയ്ഖ് പറയുന്ന ജെന്‍ഡേഡ് ലാംഗ്വേജ്) സമ്പൂര്‍ണ്ണതയില്‍ ആവിഷ്‌കരിക്കാന്‍ സാധ്യമല്ല. എന്നാല്‍ അതിനുളള ഒരു പരിഹാരം ആണ് നെഗറ്റീവ് തിയോളജി (ഇംഗ്ലീഷ് ട്രാന്‍സലേഷനില്‍). അതായത്, അല്ലാഹു എന്താണെന്ന് ഡിഫൈന്‍ ചെയ്യുന്നതിനു പകരം അവന്‍ എന്തല്ല എന്ന് ഡിഫൈന്‍ ചെയ്യുന്നു. അത് നിലനില്‍ക്കുന്ന ഭാഷകള്‍ കൊണ്ടും, ഗ്രാമ്മറുകള്‍ കൊണ്ടും, സ്ട്രക്ചറുകള്‍ കൊണ്ടും സാധ്യമാണ്. അത് അല്ലാഹുവിനെ കുറിച്ച് ഒരു ബോധം ക്രിയേറ്റ് ചെയ്യാന്‍ ക്രിയേഷനുകളെ സഹായിക്കുന്നു. ഇതിനെ കുറിച്ച് ഇബ്‌നു അറബിയും പറയുന്നുണ്ട്. അല്ലാഹു എങ്ങിനെയാണ് തന്റെ സൃഷ്ടികള്‍ക്ക് തന്നെ അറിയിച്ച് കൊടുക്കുന്നത് (self disclose) എന്ന ചോദ്യത്തെ ചര്‍ച്ച ചെയ്യുന്നിടത്താണ് ഇബ്‌നു അറബി അത് പറയുന്നത്. ഇബ്‌നു അറബി പറയുന്നു രണ്ട് രൂപത്തിലാണ് അല്ലാഹു സ്വയം അറിയിച്ച് കൊടുക്കുന്നത്. ശേഷം അതിലൊന്നിനെ ഇങ്ങനെയാണ് വിശദീകരിക്കുന്നത്, അല്ലാഹു അവന്റെ un-disclosibility (അറിയിക്കാന്‍ സാധിക്കായ്മ) യെ disclose (അറിയിച്ചു കൊടുക്കുക) ചെയ്യുന്നു. അതായത് അല്ലാഹു അവന്‍ primary sense കള്‍ കൊണ്ട് മനസ്സിലാക്കാനോ, ആവിഷ്‌കരിക്കാനോ കഴിയാത്ത ഒന്നാണെന്ന് മനസ്സിലാക്കി കൊടുക്കുന്നു. പക്ഷെ, ലേഖകന്‍ അതിനെ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചിട്ടുളളത്. മാത്രമല്ല അതിന്റെ അടിസ്ഥാനത്തിലാണ് ലേഖകന്‍ Arrival നെ ഇബ്‌നു അറബിയുടെ spatio-temporal സങ്കല്‍പ്പങ്ങളുമായി റിലേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്.

download

യൂസുഫ് നബി (അ) യുടെ ചരിത്രത്തെ മുന്‍നിര്‍ത്തി ഇബ്‌നു അറബിയിലൂടെ ലേഖകന്‍ ഫ്രെയിം ചെയ്യുന്ന ‘യൂസുഫ് നബിയുടെ സ്വപ്നവും യാഥാര്‍ത്ഥ്യവും ഇമാജിനല്‍ ലോകത്ത് സംഭവിക്കുന്നതാണ്. അതിനാല്‍ തന്നെ യാഥാര്‍ത്ഥ്യം, സ്വപ്നം എന്നിങ്ങനെ അവയെ വേര്‍തിരിക്കാനാവില്ല. യൂസുഫ് നബി ഒരു സ്വപ്നത്തില്‍ നിന്ന് മറ്റൊരു സ്വപ്നത്തിലേക്ക് യാത്ര ചെയ്യുകയാണ്’ എന്ന ആര്‍ഗ്യുമെന്റ് അതിന്റെ totality യില്‍ മറ്റൊന്നാണ്. പ്രവാചകന്‍ പറയുന്നത് പോലെയാണെങ്കില്‍ ലേഖകന്‍ അവതരിപ്പിച്ച ആ ആര്‍ഗ്യുമെന്റിന്റെ അര്‍ത്ഥം സ്വപ്നത്തിനകത്താണ് യൂസുഫ് നബി ജീവിക്കുന്നതെന്നും മരണശേഷം അത് real ആകുമെന്നുമാണ്. എന്നാല്‍ മരണ ശേഷം സ്വപ്നം എന്ന ഒന്നില്‍ നിന്ന് മനുഷ്യര്‍ക്ക് എസ്‌കേപ് ചെയ്യാന്‍ സാധിക്കുമോ? സാധിക്കില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ മാത്രമല്ല ഖിയാമത് നാള്‍ വരെയുളള (അതിനപ്പുറവും) എല്ലാം ontological അസാന്നിദ്ധ്യങ്ങളാണ്. മാത്രമല്ല, അങ്ങിനെ നോക്കുമ്പോള്‍ പ്രവാചകന്‍ പറഞ്ഞത് ഈ സന്ദര്‍ഭത്തില്‍ തെറ്റുകയും ചെയ്യും. അത് impossible ആണ്. അതിനാല്‍ പ്രവാചകനും ഇബ്‌നു അറബിക്കും പ്രോബ്ലം ഇല്ലാത്ത രീതിയില്‍ ഇതിനെ രണ്ട് രൂപത്തിലാണ് ഡീല്‍ ചെയ്യാന്‍ സാധിക്കുക. ഒന്ന്, ontology – epistemology എന്ന സങ്കല്‍പ്പത്തിലൂടെ (binary അല്ല) ആ ചരിത്രത്തെ imaginary – real എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക. രണ്ട്, പ്രവാചകന്‍, ലേഖകന്‍ ഖിയാസാക്കാന്‍ ശ്രമിച്ച ഒരു ഹിസ്‌റ്റോറിക്കല്‍ സെന്‍സിലല്ല ‘സ്വപ്നം’ എന്ന് പറഞ്ഞത്. ഞാന്‍ കാണുന്ന ഈ രണ്ട് സാധ്യതകളും ലേഖകന്‍ അവിടെ ഇവന്റ്റുകളെ അവതരിപ്പിച്ച രൂപത്തോട് യോജിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നില്ല.

പിന്നീട്, യൂസുഫ് നബി കണ്ട സ്വപ്നവും പിന്നീട് നടന്ന (അതിനെ തുടര്‍ന്ന്) സംഭവങ്ങളും ഒരൊറ്റ ഇവന്റാണെന്നും, സ്വപ്നവും അതിന്റെ പ്രയോഗവും ഒരേ ഇവന്റിന്റെ വ്യത്യസ്ത മാനിഫെസ്റ്റേഷനുകളാണെന്നും, അഥവാ അത് ഇമാജിനല്‍ ലോകത്താണ് സംഭവിക്കുന്നത് എന്നും ലേഖകന്‍ പറഞ്ഞ് വെക്കുന്നുണ്ട്. ‘അഥവാ’ എന്ന പദം ഉപയോഗിച്ചതിലൂടെ ഒരേ ഇവന്റ് എന്നാല്‍ ഒരേ ഇമാജിനല്‍ ലോകത്താണ് നടക്കുന്നത് എന്നാണ് ലേഖകന്‍ ഉദ്ദേശിക്കുന്നത് എന്നാണ് എന്റെ പ്രാഥമിക വായനയില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ ഒരേ ഇവന്റ് എന്നത് എങ്ങിനെയാണ് ഒരേ ഇമാജിനറി വേള്‍ഡ് എന്ന അര്‍ത്ഥത്തിലാകുന്നത്? ഇവന്റിനെ temporal ആയിട്ടാണോ അവിടെ മനസ്സിലാക്കപ്പെടുന്നത്? ഇവന്റ് എന്നാല്‍ time ലും space ലും നടക്കുന്ന സംഭവങ്ങളുടെ പിന്നിലുളള, time നും space നും അപ്പുറം നില്‍ക്കുന്ന ഒരു വിധി (ഖളാ’) അല്ലെ? ഒരേ ഇവന്റിന്റെ വ്യത്യസ്ത മാനിഫെസ്റ്റേഷനുകള്‍ ഒരേ ഇമാജിനല്‍ വേള്‍ഡില്‍ തന്നെ സംഭവിക്കേണ്ടതുണ്ടോ? അങ്ങിനെയാണെങ്കില്‍ അല്ലാഹു അല്ലാത്ത എല്ലാം non-existent ആയതിനാല്‍ തന്നെ വ്യത്യസ്ത imaginary ലോകങ്ങള്‍ എന്ന് ontologically തന്നെ സ്പ്ലിറ്റ് ചെയ്യേണ്ടി വരില്ലേ? അത് പോസിബിള്‍ ആണോ? എന്നിങ്ങനെയുളള ലേഖകന്റെ ആര്‍ട്ടിക്കിള്‍ കൈകാര്യം ചെയ്യാത്ത എന്നാല്‍ കൈകാര്യം ചെയ്യാന്‍ നിര്‍ബന്ധിതമാകുന്ന ചില ചോദ്യങ്ങള്‍ എനിക്ക് ലേഖകനോട് ചോദിക്കേണ്ടി വരുന്നു.

മരണാനന്തര ജീവിതവുമായി സിനിമയെ റിലേറ്റ് ചെയ്യുന്നിടത്ത് ഇബ്‌നു അറബിയെ ക്വോട്ട് ചെയ്ത് ‘മരണാനന്തര ജീവിതം എന്നത് ഭാവിയില്‍ മാത്രമല്ല നില നില്‍ക്കുന്നത്, മറിച്ച് റിയാലിറ്റിയുടെ വേറൊരു തലത്തില്‍ അതിപ്പൊഴും സജീവമാണ്’ എന്നും അതുപോലെ തന്നെ മുല്ല സദ്‌റയെ ക്വോട്ട് ചെയ്ത് ‘ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന എല്ലാം മരണാനന്തര ജീവിതത്തിലെ റിയാലിറ്റികളുടെ റിഫ്‌ലക്ഷനുകളാണ്’ എന്നും ലേഖകന്‍ പറയുന്നുണ്ട്. ഇവിടെ ഞാന്‍ മനസ്സിലാക്കുന്നത് അവയെ മുന്‍നിര്‍ത്തി ലേഖകന്‍ മനസ്സിലാക്കുന്നത് മരണാനന്തര ജീവിതം റിയലും അനുഭവ ജീവിതം ഇമാജിനറിയും ആണെന്നാണ്. അല്ലെങ്കില്‍ തീര്‍ച്ചയായും അങ്ങനെയൊരു സൂചന ആ ലൈനുകളിലുണ്ട്. എന്നാല്‍ അതിനോട് എനിക്ക് വിയോജിപ്പുകളുണ്ട്. കാരണം, അല്ലാഹു അല്ലാത്തതെല്ലാം എല്ലാ കാലത്തും അല്ലെങ്കില്‍ കാലത്തിനപ്പുറവും ഇപ്പുറവുമെല്ലാം ontologically non-existent ആണ്. അതായത്, അവയൊന്നും ഒരിക്കലും reality കള്‍ ആകുന്നില്ല, മറിച്ച് reflection മാത്രമേ ആകുന്നുളളൂ. അതിനാല്‍ മനുഷ്യര്‍ മാത്രമല്ല, അനുഭവ ജീവിതവും ഖബര്‍ ജീവിതവും ഉയിര്‍ത്തെഴുന്നേല്‍പും മഹ്ശറയും സ്വര്‍ഗ്ഗവും നരകവും വരെ ontologically imaginary യും epistemologically real ഉം ആണ്. അവിടെ മരണാനന്തര ജീവിതം, അനുഭവ ജീവിതം എന്നിടത്ത് real – imaginary എന്ന സ്പ്ലിറ്റ് ഒന്നും ഇല്ല. ഇനി ലേഖകന്‍ ഏതര്‍ത്ഥത്തിലാണ് ഇവിടെ ‘റിയാലിറ്റി’ എന്നുപയോഗിച്ചത്? ഞാന്‍ മനസ്സിലാക്കുന്നത് ആ ‘റിയാലിറ്റി’യും possible ആകണമെങ്കില്‍ അതിനെ ആദ്യം പറഞ്ഞ epistemological തലത്തിലൂടെ കാണണം എന്നാണ്.

arrival-759

ഇനി imagination നെ കുറിച്ച് പറയുന്ന പാരഗ്രാഫില്‍ Arrival ല്‍ ലൂയിസ് ബാങ്ക്‌സ് നടത്തുന്ന non-linear ആയ സഞ്ചാരം ഇബ്‌നു അറബി പറയുന്നത് പോലെ റീസണ്‍/റെവലേഷന്‍, transcendence/immanence തുടങ്ങിയ വിഭജനങ്ങളെ ഡിസറപ്റ്റ് ചെയ്യുന്നതായി കാണാം എന്ന് ലേഖകന്‍ പറയുന്നുണ്ട്. ഇവിടെ ഞാന്‍ ഉന്നയിക്കുന്ന ചോദ്യം വളരെ സിംപിളാണ്. ഇബ്‌നു അറബി അങ്ങിനെ പറഞ്ഞിട്ടുണ്ടോ? ഞാന്‍ മനസ്സിലാക്കുന്നത് ഇബ്‌നു അറബി അത്തരം ബൈനറികളെ നെഗേറ്റ് ചെയ്തിട്ടില്ല എന്നാണ്. മറിച്ച് ആ ബൈനറികള്‍ക്കകത്തുളള വസ്തുക്കളെ എങ്ങിനെ ഒന്നിപ്പിക്കാം എന്നാണ് ചിന്തിച്ചത് എന്നാണ്. അപ്പോള്‍ disrupt എന്ന പദം എത്രത്തോളം meaning creative ആണെന്ന് സംശയമാണ്. ഇനി, അതല്ല ബൈനറി എന്ന ഐഡിയയെ മാത്രം അതിന്റെ സ്വന്തം existence ല്‍ എടുക്കുകയാണെങ്കില്‍ അവയെ രണ്ടിനെയും ഒന്നിപ്പിക്കാനാണ് ശ്രമിച്ചതെങ്കിലും, ഒരു ബൈനറി എന്ന ലെവലില്‍ നിന്ന് അവയെ എസ്‌കേപ് ചെയ്യാന്‍ സഹായിക്കുന്നതിനാല്‍ disrupt എന്ന പദം ചെറിയ രൂപത്തില്‍ un-problematic ആകുന്നുണ്ട്. അതാണ് ലേഖകന്‍ ഉദ്ദേശിച്ചത് എന്നാണ് ശേഷമുളള ‘ഇമാജിനലായ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കുന്നതോടൊപ്പം തന്നെ ഇമ്മനന്റ്റായ ആക്ടും അവര്‍ നടത്തുന്നുണ്ട്’ എന്ന വരിയും കൂടി ഇതിനോട് കൂട്ടി വായിച്ച് ഞാന്‍ മനസ്സിലാക്കുന്നത്.

അവസാനമായി ഒരനുഭവം കൂടി പറഞ്ഞത് അവസാനിപ്പിക്കാം. ഈയടുത്ത് ഒരു ഫോണ്‍ സംഭാഷണത്തില്‍ ഇബ്‌നു അറബിയെയും, ഇമാം ഗസ്സാലിയെയും പോലുളള ശൈഖുമാരുടെ ടെക്സ്റ്റുകള്‍ വായിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇടയായപ്പോള്‍ എന്റെ ഒരു സുഹൃത്ത് ഇമാം ഗസ്സാലിയുടെ ഇഹ്‌യ വായിക്കാന്‍ അലി ബാഖവി ഉസ്താദിനടുത്ത് പോയപ്പോള്‍ ഉണ്ടായ ഒരനുഭവം എന്നോട് പങ്ക് വെച്ചത് വളരെ സ്‌ട്രൈകിംഗ് ആയി തോന്നി. ഉസ്താദിനോട് ഇഹ് യ ഓതിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അവനോട് ‘മോനിപ്പോള്‍ അതൊന്നും ഓതാന്‍ ആയിട്ടില്ല. കുറച്ച് കൂടി കഴിഞ്ഞിട്ട് നമുക്കോതാം’എന്നാണ് പറഞ്ഞത്. ഉസ്താദില്‍ നിന്ന് കിട്ടിയ നസീഹത്തിന്റെ വെളിച്ചത്തില്‍ അവനെന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഇബ്‌നു അറബിയെ പോയിട്ട് ഇമാം ഗസ്സാലിയെ വായിക്കാന്‍ പോലും നമ്മള്‍ വളര്‍ന്നിട്ടില്ല. കാരണം ഇസ്‌ലാമിന്റെ മിസ്റ്റിക് പാരമ്പര്യത്തില്‍ വായന എന്നത് കേവലം ഒരു ടെക്സ്റ്റ് റെപ്രസന്റ്‌ ചെയ്യുന്നതിനെ മനസ്സിലാക്കലല്ല. മറിച്ച് വളരെ embodied ആയ becoming പ്രോസസ്സാണത്. അപ്പോള്‍ ഇബ്‌നു അറബിയുടേയും ഇമാം ഗസ്സാലിയുടേയും ടെക്സ്റ്റുകള്‍ വായിക്കുമ്പോള്‍ നാം അത് ആയിത്തീരണമെങ്കില്‍ ഇനിയും ഒരുപാട് അറിയേണ്ടിയിരിക്കുന്നു. നമ്മളിപ്പൊഴും അത് പോയിട്ട് അതിന്റെ അടുത്ത് പോലും എത്തിയിട്ടില്ല.’ തീര്‍ത്തും ഒരു പ്രത്യേക മനസ്സിലാക്കലിന്റെ അടിസ്ഥാനത്തിലുളള  ഒരു നിലപാടായിരുന്നു അത്.

അന്‍വര്‍ ഹനീഫ