Campus Alive

Arrival ന്റെ സമയവും ഇബ്‌നു അറബിയുടെ ഖയാലും: വില്ലെനോവിന്റെ സിനിമാ പരീക്ഷണങ്ങളെക്കുറിച്ച്

Arrival എന്ന സിനിമയെക്കുറിച്ച് എഴുതുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ പറയാം. കോഴിക്കോട്ടെ സിനിമാ തല്‍പരരായ സുഹൃത്തുക്കളില്‍ നിന്നാണ് ഞാനാദ്യം ഈ സിനിമയെക്കുറിച്ച് കേള്‍ക്കുന്നത്. കേട്ടപ്പോള്‍ തന്നെ നല്ല രസം തോന്നിയതിനാല്‍ ഒന്ന് കണ്ട് കളയാമെന്ന് വെച്ചു. അന്ന് രാത്രി തന്നെ ഉറക്കമിളച്ച് കാണുകയും ചെയ്തു. പ്രതീക്ഷിച്ച പോലെത്തന്നെ ഒന്നും മനസ്സിലായില്ല. അതിനാല്‍ തന്നെ പതിവ് തെറ്റിക്കാതെ വിക്കിപ്പീഡിയയെ ആശ്രയിച്ച് കൊണ്ട് പ്ലോട്ടൊക്കെ മനസ്സിലാക്കി വെക്കുകയും ഒന്നുകൂടെ കാണുകയും ചെയ്തു. അപ്പോഴാണ് ചില കാര്യങ്ങളൊക്കെ പങ്ക് വെക്കണമെന്ന് തോന്നിയത്.

ഈ കുറിപ്പിലൂടെ ഞാന്‍ ശ്രമിക്കുന്നത് സമയവും കാലവുമായി ബന്ധപ്പെട്ട് ഇബ്‌നു അറബി മുന്നോട്ട് വെക്കുന്ന ചില ഐഡിയകളെ മുന്‍നിര്‍ത്തി സിനിമയെ കാണാനുള്ള ചെറിയ ശ്രമം മാത്രമാണ്. ഇംഗ്ലീഷില്‍ ലഭ്യമായിട്ടുള്ള പുസ്തകങ്ങളില്‍ നിന്നും പഠനങ്ങളില്‍ നിന്നുമാണ് ഞാന്‍ ഇബ്‌നു അറബിയെ മനസ്സിലാക്കാന്‍ ഇന്നോളം ശ്രമിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ എന്റെ ചില സംശയങ്ങളും അന്വേഷണങ്ങളും പങ്ക്‌വെക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അതിന്റെ പരിമിതികളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും എനിക്ക് നല്ല ബോധ്യമുണ്ട്. ചിലപ്പോള്‍ സിനിമയെക്കാള്‍ കൂടുതല്‍ ഇബ്‌നു അറബിയെക്കുറിച്ച് തന്നെ കൂടുതല്‍ എഴുതേണ്ടി വന്നേക്കാം. അതിനാല്‍ ഈ കുറിപ്പ് വായിക്കുന്നതിന് മുമ്പ് സിനിമ കാണുന്നത് നന്നാകും എന്നാണ് എനിക്ക് തോന്നുന്നത്.

Arrival എന്ന സിനിമ ശരിക്കും സമയത്തെക്കുറിച്ചാണ് നമ്മോട് സംവദിക്കുന്നത്. അതിനാല്‍ തന്നെ സിനിമയെക്കാള്‍ കൂടുതല്‍ ഈ സബ്ജക്ടിനെക്കുറിച്ച് എഴുതാനാണ് ഞാനുദ്ദേശിക്കുന്നത്. സിനിമയില്‍ സമയത്തെ ട്രീറ്റ് ചെയ്തിരിക്കുന്നത് നോണ്‍ലീനിയര്‍ ആയാണ്. പ്രോട്ടഗോണിസ്റ്റായ ലൂയിസ് ബാങ്ക്‌സ് ( അമി ആഡംസ്) താന്‍ ‘ഭാവി’യില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന സംഭവങ്ങളെ മുന്‍കൂട്ടി കാണുകയാണ് ചെയ്യുന്നത്. ഭൂമിയിലെത്തിയ ഏലിയന്‍സിനോട് സംസാരിക്കാനും അവരുടെ ഭാഷ മനസ്സിലാക്കാനും എന്തിനാണവര്‍ ഭൂമിയിലെത്തിയത് എന്ന് ചോദിച്ചറിയാനുമാണ് യു.എസ് ആര്‍മി ട്രാന്‍സ്‌ലേറ്ററായ ലൂയിസിനെ നിയോഗിക്കുന്നത്. അങ്ങനെ അവര്‍ ഏലിയന്‍സിന്റെ ഭാഷ മനസ്സിലാക്കുകയും അവരുമായുള്ള കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കുകയും ചെയ്യുന്നുന്നുണ്ട്.

download
ഡെനിസ് വില്യെനോവ്‌

Prisoners, Enemy തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ഡെനിസ് വില്ലെനോവാണ്‌ ആണ് ഈ സിനിമ ചെയ്തിരിക്കുന്നത്. ടെഡ് ചിയാന്‍ഗിന്റെ story of your life എന്ന ഷോര്‍ട്ട് സ്‌റ്റോറിയുടെ അഡാപ്‌റ്റേഷനാണ് ഈ സിനിമ. കഥയിലുടനീളം വ്യത്യസ്തങ്ങളായ എഴുത്ത് ശൈലികളും ടെന്‍സുകളും ഉപയോഗിച്ചാണ് സമയത്തിന്റെയും കാലത്തിന്റെയും നോണ്‍ലീനിയറായ സ്വഭാവത്തെ ചിത്രീകരിച്ചിരിക്കുന്നതെങ്കില്‍ സിനിമയിലത് തന്റെ ജീവിതത്തിലും അല്ലാതെയും പല കാലങ്ങളില്‍ സംഭവിക്കുന്നതായി ലൂയിസ് കാണുന്ന സ്വപ്‌നങ്ങളിലൂടെയാണ്. ഇവിടെയാണ് സമയത്തെയും കാലത്തെയും കുറിച്ച ഇബ്‌നു അറബിയുടെ ചിന്തകളെ മുന്‍നിര്‍ത്തി സിനിമയെ വായിക്കാന്‍ ഞാന്‍ ശ്രമിക്കുന്നത്.

ഇബ്‌നു അറബിയുടെ പ്രധാനപ്പെട്ട കണ്‍സപ്റ്റുകളിലൊന്ന് ഖയാല്‍ എന്ന പദമാണ്. Imagination, Imaginational faculty, creative Imagination എന്നൊക്കെയാണ് വില്യം ചിറ്റിക്കും എറിക് വിംഗിളും ഹെന്റി കോര്‍ബിനുമൊക്കെ ഖയാല്‍ എന്ന പദത്തെ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഖയാലിന്റെ ലോകം ഇമാജിനേഷനുകളുടേതാണ്. സ്വപ്‌നങ്ങളും നിര്‍മ്മിക്കപ്പെടുന്നത് ഇമാജിനേഷനുകളിലൂടെയാണ്. അതേസമയം തന്നെ ഖയാല്‍ റിയലുമാണ് എന്നാണ് ഇബ്‌നു അറബി പറയുന്നത്. അഥവാ, സ്വപ്‌നങ്ങളില്‍ മാത്രമല്ല, സാധാരണ ജീവിതത്തിലും നാം ജീവിക്കുന്നത് ഇമാജിനലായ ലോകത്താണ്. ഇബ്‌നു അറബി പറയുന്നത് സ്വപ്‌നങ്ങള്‍ നമ്മുടെ existence നെക്കുറിച്ച തിരിച്ചറിവ് നമുക്ക് നല്‍കുന്നുണ്ടെന്നാണ്. അതായത് സ്വപ്‌നത്തിലൂടെയാണ് ഇമാജിനേഷനേയും മെറ്റീരിയലായ ലോകത്തിന് പുറത്തുള്ള സ്‌പേസിനെയും നാം മനസ്സിലാക്കുന്നത്.

 

ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം ഇമാജിനലായ ലോകം മനുഷ്യാനുഭവത്തെ മുഴുവനായും ഉള്‍ക്കൊള്ളുന്നുണ്ട്. അത് ഫിസിക്കലായ യാഥാര്‍ത്ഥ്യങ്ങളെയും മെറ്റാഫിസിക്കലായ യാഥാര്‍ത്ഥ്യങ്ങളെയും വഹിക്കുന്നുണ്ട്. ഉദാഹരണത്തിന് നമ്മളൊരു ചിത്രം വരക്കുമ്പോള്‍ നമ്മുടെ ഇമാജിനേഷനുകള്‍ അതിനെ സ്വാധീനിക്കുന്നുണ്ട്. ഇവിടെ നാം ചെയ്യുന്നത് പ്രകടമായ രൂപങ്ങള്‍ കൊണ്ട് നിഗൂഢമായ ആശയങ്ങളെയും കണ്‍സപ്റ്റുകളെയും വികാരങ്ങളെയും രൂപപ്പെടുത്തുകയാണ്. ഒരു ചിത്രം വരച്ച് തീരുമ്പോള്‍ അതാണ് സംഭവിക്കുന്നത്. അഥവാ, നമ്മുടെ ഇമാജിനല്‍ ഫാക്കല്‍റ്റി ചെയ്യുന്നത് മെറ്റാഫിസിക്കലായ ആശയങ്ങള്‍ക്കും അര്‍ത്ഥങ്ങള്‍ക്കും പ്രകടമായ രൂപം നല്‍കുകയാണ്. എന്നാല്‍ റിയാലിറ്റി ഇതിന് പുറത്താണ് നിലനില്‍ക്കുന്നത്. ഇബ്‌നു അറബി പറയുന്നത് സെന്‍സിബിളായ ഫോമുകളെ റിയലായി മനസ്സിലാക്കുന്നത് ശിര്‍ക്കാണ് എന്നാണ്. ‘ മനുഷ്യര്‍ ഉറങ്ങുകയാണ്. അവര്‍ മരണപ്പെടുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ അവരെഴുന്നേല്‍ക്കുന്നത്’ എന്ന പ്രവാചക വചനത്തെ മുന്‍നിര്‍ത്തിയാണ് ഇബ്‌നു അറബി ഇവിടെ ഫിനോമിനലായ ഫോമുകളുടെ അര്‍ത്ഥരാഹിത്യത്തെക്കുറിച്ച് സംസാരിക്കുന്നത്.

നമ്മുടെ സെല്‍ഫ് ഇമാജിനേഷനും സ്വപ്‌നത്തിനകത്തെ സ്വപ്‌നവുമാണെന്ന് ഇബ്‌നു അറബി സൂചിപ്പിക്കുന്നുണ്ട്. അഥവാ, നമ്മളും നമ്മുടെ ഇമാജിനലായ ലോകവും സ്വതന്ത്രമായ ലോകമല്ല. അബ്‌സലൂട്ട് റിയാലിറ്റി (അല്ലാഹുവെ അബ്‌സല്യൂട്ട് റിയാലിറ്റി എന്നാണ് ഇബ്‌നു അറബി വിശേഷിപ്പിക്കുന്നത്.) യെ ആശ്രയിച്ചാണ് അത് നിലനില്‍ക്കുന്നത്. കുറച്ച് കൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍, സ്വപ്‌നവും സ്വപ്‌നം കാണുന്നവനും തമ്മിലുള്ള ബന്ധം പോലെയാണ് ഇമാജിനേഷനും റിയാലിറ്റിയും തമ്മിലുള്ള ബന്ധം. സ്വപ്‌നം ഒരിക്കലും സ്വപ്‌നം കാണുന്നവനല്ല. എന്നാല്‍ സ്വപ്‌നം കാണുന്ന ഒരാളില്ലാതെ സ്വപ്‌നത്തിന് നിലനില്‍പ്പില്ല. അത്‌പോലെ നാമും നമ്മള്‍ ജീവിക്കുന്ന ലോകവും ദൈവമല്ലെങ്കിലും ദൈവത്തെ ആശ്രയിച്ചാണ് അവ നിലനില്‍ക്കുന്നത്. ദൈവമില്ലാതെ അതിന് നിലനില്‍പ്പില്ല. നെഗറ്റീവ് തിയോളജി എന്നാണ് ഇബ്‌നു അറബി ഇതിനെ വിളിക്കുന്നത്.

Chiang,_Ted_(Villarrubia)_(cropped)
ടെഡ് ചിയാംഗ്‌

‘മനുഷ്യര്‍ ഉറക്കത്തിലാണ്. മരണപ്പെടുമ്പോഴാണ് അവരെഴുന്നേല്‍ക്കുന്നത്’ എന്ന പ്രവാചക വചനത്തെ മുന്‍നിര്‍ത്തി ഇബ്‌നു അറബി പറയുന്നത് നോക്കൂ: ” ഈ ലോകത്ത് മനുഷ്യന്‍ അനുഭവിക്കുന്നതും മനസ്സിലാക്കുന്നതുമെല്ലാം സ്വപ്‌നമാണ് എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ പ്രവാചക വചനം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. അതിനാല്‍ തന്നെ മനുഷ്യന്റെ അനുഭവങ്ങള്‍ അനന്തമായ വ്യാഖ്യാന സാധ്യതകളുള്ളവയാണ്”. അഥവാ, സ്വപ്‌നം നമുക്ക് നല്‍കുന്ന അനുഭവങ്ങളും ഇമേജുകളും ഇവന്റുകളും വ്യാഖ്യാനിക്കപ്പെടുന്നതിലൂടെയാണ് അവയുടെ ഉത്ഭവവും പ്രാധാന്യവും മനസ്സിലാക്കാന്‍ സാധിക്കുക. മിസ്റ്റിക്കലായ ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ് Arrivalലെ പ്രോട്ടഗോണിസ്റ്റായ ലൂയിസ് നമ്മോട് പറയുന്നത്. തന്റെ ജീവിതത്തില്‍ വരാന്‍ പോകുന്ന ഇവന്റുകളെയെല്ലാം മുന്നില്‍ കണ്ട് കൊണ്ട് അവര്‍ നടത്തുന്ന ഇമ്മനന്റായ ആക്ടിലൂടെയാണ് അവരത് സാധ്യമാക്കുന്നത്. എത്രത്തോളമെന്നാല്‍ തനിക്ക് ‘ഭാവി’യില്‍ ജനിക്കാനിരിക്കുന്ന പെണ്‍കുട്ടി കാന്‍സര്‍ ബാധിച്ച് മരണപ്പെടും എന്നറിഞ്ഞിട്ടും അവര്‍ വിവാഹിതരാവുകയും കുഞ്ഞിനെ വളര്‍ത്തുകയും ചെയ്യുന്നുണ്ട്. അത്‌കൊണ്ട് തന്നെ മിസ്റ്റിക്കല്‍ ആക്ട് എന്നാണ് ഞാനതിനെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. തന്റെ സ്വപ്നത്തെ മെറ്റീരിയല്‍ റെലമില്‍ നിന്ന് കൊണ്ട് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇബ്‌നു അറബി തഅ്‌വീല്‍ എന്ന വാക്കാണ് വ്യാഖ്യാനം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നത്. ഉത്ഭവത്തിലേക്ക് മടങ്ങുക എന്നാണതിനര്‍ത്ഥം. ഇബ്‌നു അറബി പറയുന്നത് ഈ ലോകവും അതിലുള്ളതുമെല്ലാം അല്ലാഹുവിന്റെ റിഫ്‌ളക്ഷനുകളാണ് എന്നാണ്. Arrival സിനിമ മൊത്തത്തില്‍ ലൂയിസിന്റെ പ്രൊജക്ഷനുകളാണ് എന്നത് പോലെ നമ്മുടെ ഇമാജിനല്‍ ലോകം എന്നത് യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്റെ തജല്ലിയാത്തുകളാണ്.

ഇനി നമുക്ക് യൂസുഫ് നബിയുടെ കഥയുടെ ഖുര്‍ആനിക വിവരണത്തിന്റെ ഇബ്‌നു അറബിയുടെ വ്യാഖ്യാനം വായിക്കാന്‍ ശ്രമിക്കാം. ഇമാജിനേഷനെയും വ്യാഖ്യാനത്തെയും കുറിച്ച തന്റെ കണ്‍സപ്റ്റിനെ വിശദീകരിക്കാന്‍ വേണ്ടിയാണ് ഇബ്‌നു അറബി യൂസുഫ് നബിയെക്കുറിച്ച ഖുര്‍ആനിക വിവരണത്തെ വ്യാഖ്യാനിക്കുന്നത്. കഥയിതാണ്:’ചെറിയ കുട്ടിയായിരുന്ന സമയത്ത് സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും തന്നെ സുജൂദ് ചെയ്യുന്നതായി യൂസുഫ് നബി സ്വപ്‌നം കണ്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈജിപ്തിലെ രാജാവായ സമയത്ത് പന്ത്രണ്ട് സഹോദരന്‍മാരും യൂസുഫ് നബിയുടെ അടുക്കല്‍ ഭക്ഷണത്തിനായി എത്തുകയുണ്ടായി. അന്നവരുടെ നാട്ടില്‍ കൊടുംക്ഷാമമായിരുന്നു. അപ്പോള്‍ യൂസുഫ് നബി പറയുകയുണ്ടായി: “വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്കുണ്ടായ സ്വപ്‌നത്തിന്റെ വ്യാഖ്യാനമിതാണ്. ദൈവമത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു”. ഇബ്‌നു അറബി പറയുന്നത് യൂസുഫ് നബി കണ്ടു എന്ന് പറയുന്ന സ്വപ്‌നവും അതിന്റെ യാഥാര്‍ത്ഥ്യവും ഒരേ ഇവന്റാണ് എന്നാണ്. വ്യത്യസ്ത രീതികളിലും ഭാവങ്ങളിലുമാണ് അവ മാനിഫെസ്റ്റ് ചെയ്യപ്പെടുന്നത് എന്ന് മാത്രം. അഥവാ, യൂസുഫ് നബിയുടെ സ്വപ്‌നവും യാഥാര്‍ത്ഥ്യവും ഇമാജിനല്‍ ലോകത്ത് സംഭവിക്കുന്നതാണ്. അതിനാല്‍ തന്നെ യാഥാര്‍ത്ഥ്യം, സ്വപ്‌നം എന്നിങ്ങനെ അവയെ വേര്‍തിരിക്കാനാവില്ല. ജീവിതം ഒരു സ്വപ്‌നമാണ് എന്ന പ്രവാചക വചനത്തെ മുന്‍നിര്‍ത്തിയാണ് ഇവിടെ ഇബ്‌നു അറബി സംസാരിക്കുന്നത്. അദ്ദേഹം പറയുന്നത് യൂസുഫ് നബി ഒരു സ്വപ്‌നത്തില്‍ നിന്ന് അടുത്ത സ്വപ്‌നത്തിലേക്ക് യാത്ര ചെയ്യുകയാണ് എന്നാണ്. അതിനാല്‍ തന്നെ സഹോദരന്‍മാര്‍ യൂസുഫ് നബിയുടെ അടുക്കല്‍ ഭക്ഷണത്തിനായി സമീപിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയല്ല ചെയ്യുന്നത്. മറിച്ച്, അടുത്ത സ്വപ്‌നത്തിലേക്ക് കടക്കുകയാണ് യൂസുഫ് നബി അവിടെ ചെയ്യുന്നത്. Arrival ല്‍ ലൂയിസും ഇങ്ങനെ സ്വപ്‌നങ്ങളില്‍ നിന്ന് സ്വപ്‌നങ്ങളിലേക്ക് വ്യാഖ്യാനങ്ങളിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുന്നത്. കഷ്ഫിനെക്കുറിച്ചും വഹ്ദത്തുല്‍ വുജൂദിനെക്കുറിച്ചും വിശദീകരിക്കുന്നിടത്ത് ഇസുത്സു ( The concept and reality of existence) ഇത്തരത്തില്‍ ഫിനോമിനലായ ഫോമുകളുടെ non-existent ആയ അവസ്ഥയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.

 

സമയത്തെക്കുറിച്ചും കാലത്തെക്കുറിച്ചുമുള്ള രേഖീയമായ നമ്മുടെ തീര്‍പ്പുവെക്കലുകളെയെല്ലാം സിനിമ തകിടം മറിക്കുന്നുണ്ട്. കാരണം, സിനിമയില്‍ വര്‍ത്തമാനം, ഭൂതം, ഭാവി എന്നിവയെല്ലാം പരസ്പരം ഇഴപിരിഞ്ഞാണ് കിടക്കുന്നത്. പല കാലങ്ങളിലൂടെയും ലൂയിസ് ഒരേസമയം സഞ്ചരിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്. ഖുര്‍ആനും രേഖീയമല്ലാതെയാണ് സമയത്തെക്കുറിച്ച് സംസാരിക്കുന്നത്: “അല്ലാഹുവിനടുക്കല്‍ ഒരു ദിവസം എന്നത് ആയിരം വര്‍ഷങ്ങള്‍ക്ക് തുല്യമാണ്” എന്ന് ഖുര്‍ആന്‍ പറയുന്നു. പുനരുത്ഥാന നാളില്‍ മനുഷ്യരെ ചോദ്യം ചെയ്യുമ്പോള്‍ എത്ര വര്‍ഷമാണ് നിങ്ങള്‍ ഭൂമിയില്‍ ജീവിച്ചതെന്ന് അവര്‍ ചോദിക്കപ്പെടുമെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അപ്പോഴവര്‍ പറയുക തങ്ങള്‍ ഒരു ദിവസമോ അതില്‍ കുറഞ്ഞ സമയമോ ആണ് ഭൂമിയില്‍ ചെലവഴിച്ചത് എന്നാണ്. അപ്പോഴല്ലാഹു പറയുമത്രെ: ‘ കുറഞ്ഞ സമയം മാത്രമാണ് നിങ്ങള്‍ ഭൂമിയില്‍ ജീവിച്ചത്. പക്ഷെ, നിങ്ങളറിയുന്നില്ല’. റിയാലിറ്റിയുടെ അനശ്വരതയെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. കാരണം റിയാലിറ്റി നിലനില്‍ക്കുന്നത് സമയത്തിനും കാലത്തിനും പുറത്താണ്. അതേസമയം സമയം എന്നത് സ്വപ്‌നലോകത്തിന്റെ ഒരു പ്രധാനപ്പെട്ട ഘടകമാണ്. നമ്മള്‍ സ്വപ്‌നം കാണുമ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് നാം അകലുകയും സമയം കൂടുതല്‍ തീവ്രമാവുകയുമാണ് ചെയ്യുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യത്തിലേക്ക് എഴുന്നേല്‍ക്കുന്നതോടെ സ്വപ്‌നത്തോടൊപ്പം സമയവും ഇല്ലാതാവുകയാണ് ചെയ്യുന്നത്. അത്‌കൊണ്ടാണ് മരണത്തിന് ശേഷം ജീവിതം ഒരു സ്വപ്‌നം പോലെ അനുഭവപ്പെടുമെന്ന് ഖുര്‍ആന്‍ പറയുന്നത്.

Arrival സിനിമയും ഇത്തരത്തില്‍ സ്വപ്‌നത്തെയും യാഥാര്‍ത്ഥ്യത്തെയും കുറിച്ച അപ്പോകാലിപ്റ്റിക്കായ കണ്‍സപ്റ്റുകളാണ് മുന്നോട്ട് വെക്കുന്നത്. അതിനാല്‍ തന്നെയാണ് സിനിമയില്‍ സ്വപ്‌നമേത്, യാഥാര്‍ത്ഥ്യമേത് എന്ന് തിരിച്ചറിയാന്‍ നമ്മള്‍ പ്രയാസപ്പെടുന്നത്. സമയത്തിന്റെ ഈ രേഖീയമല്ലാത്ത അവസ്ഥയെ കാണിക്കാന്‍ വേണ്ടിയാണെന്ന് തോന്നുന്നു poetic ആയ വിഷ്വല്‍ ബ്യൂട്ടിയും മ്യൂസിക്കല്‍ കട്ട്‌സും ചേര്‍ത്ത് മനോഹരമായാണ് ഓരോ ഷോട്ടും എടുത്തിരിക്കുന്നത്.

മരണാനന്തര ജീവിതത്തെക്കുറിച്ച ഇബ്‌നു അറബിയുടെ കണ്‍സപ്റ്റുകളിലേക്ക് കൂടി സിനിമ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം മരണാനന്തര ജീവിതം എന്നത് ഭാവിയില്‍ മാത്രമല്ല നിലനില്‍ക്കുന്നത്. മറിച്ച്, റിയാലിറ്റിയുടെ വേറൊരു തലത്തില്‍ അതിപ്പോഴും സജീവമാണ്. അഥവാ, മരണാനന്തര ജീവിതവും ദൈനംദിന ജീവിതവും തമ്മിലുള്ള ബന്ധം സ്വപ്‌നവും സ്വപ്‌നത്തിനകത്തെ സ്വപ്‌നവും തമ്മിലുള്ള ബന്ധം പോലെയാണ്. ഇബ്‌നു അറബി സ്‌കൂളിലെ ഒരു പ്രധാനപ്പെട്ട ഫിലോസഫറും മിസ്റ്റിക്കുമായ മുല്ലാ സദ്‌റയും അതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. മുല്ലാ സദ്‌റ പറയുന്നത് നാം ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന എല്ലാം മരണാനന്തര ജീവിതത്തിലെ റിയാലിറ്റികളുടെ റിഫ്‌ളക്ഷനുകളാണ് എന്നാണ്. അഥവാ, മെറ്റീരിയലായ റെലം എന്നത് സ്വപ്‌നത്തിനകത്തെ വേറൊരു സ്വപ്‌നമാണ്.

 

ഇനി നമുക്ക് പ്രണയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇബ്‌നു അറബിയുടെ സൃഷ്ടിപ്പിനെക്കുറിച്ച ആലോചനകളെ മുന്‍നിര്‍ത്തി Arrival നെ കണ്ട് നോക്കാം. ഇബ്‌നു അറബി പറയുന്നത് റിയലിന്റെ അറിയപ്പെടാനുള്ള ആഗ്രഹമാണ് ഈ ലോകത്തിന് existence നല്‍കിയത് എന്നാണ്. ‘ ഞാനൊരു ഒളിച്ച് വെക്കപ്പെട്ട നിധിയായിരുന്നു. ഞാന്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചു. അതിനാല്‍ ഞാന്‍ ഈ ലോകം സൃഷ്ടിച്ചു’ എന്ന ഖുദ്‌സിയായ ഹദീസ് വചനത്തെ മുന്‍നിര്‍ത്തിയാണ് ഇബ്‌നു അറബി ഇവിടെ സൃഷ്ടിപ്പിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് സംസാരിക്കുന്നത്. അലസ്തു ബിറബ്ബിക്കും ( ഞാന്‍ നിങ്ങളുടെ ദൈവമല്ലയോ) എന്ന മാനവരാശിയെയെല്ലാം വിളിച്ച് ചേര്‍ത്ത് അല്ലാഹു ചോദിച്ച ചോദ്യമാണ് സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ബന്ധത്തെ നിര്‍ണ്ണയിക്കുന്നത്. തൗഹീദിന്റെ വളരെ മൗലികമായ ഈ യാഥാര്‍ത്ഥ്യത്തെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് പ്രവാചകന്‍മാര്‍ ആഗതരായിട്ടുള്ളത്. സിനിമയില്‍ വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും ലൂയിസ് ‘ഭാവി’യിലേക്ക് സഞ്ചരിക്കുകയാണ് ചെയ്യുന്നത്. Radical self-lessness എന്നൊക്കെ വിശേഷിപ്പിക്കാന്‍ സാധിക്കുന്ന മിസ്റ്റിക്കല്‍ ആക്ടാണത്. ലോകത്തോടും മാനവരാശിയോടുമുള്ള പ്രണയമാണ് അവര്‍ക്ക് self-less existence സാധ്യമാക്കുന്നത്. പ്രണയമില്ലായിരുന്നില്ലെങ്കില്‍ ഈ ലോകത്തിന്റെ സൃഷ്ടിപ്പ് സാധ്യമാകുമായിരുന്നില്ല എന്നത് പോലെത്തന്നെ ലൂയിസിന്റെ വിവിധ കാലങ്ങളിലൂടെയുള്ള നോണ്‍ലീനിയറായ സഞ്ചാരവും സാധ്യമാകുമായിരുന്നില്ല.

download (1)
അമി ആഡംസ്‌

ഇനി ഇമാജിനേഷനെക്കുറിച്ചും റീസണെക്കുറിച്ചും ചില കാര്യങ്ങള്‍ പറയാമെന്ന് തോന്നുന്നു. ഇബ്‌നു അറബി റീസണെ വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്. അഖ്‌ല് എന്നാണ് റീസണ് അറബിയില്‍ പറയുക. കെട്ടുക എന്നര്‍ത്ഥമുള്ള അഖല എന്ന വാക്കില്‍ നിന്നാണ് അത് വരുന്നത്. ആ അര്‍ത്ഥത്തില്‍ റീസണ്‍ കാര്യങ്ങളെ മനസ്സിലാക്കാനും ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാനും നമ്മെ സഹായിക്കുന്ന മാധ്യമമാണ്. എന്നാല്‍ റിയാലിറ്റിയെ മനസ്സിലാക്കാന്‍ റീസണ്‍ ഒരിക്കലും പര്യാപ്തമല്ല എന്നാണ് ഇബ്‌നു അറബി പറയുന്നത്. മാത്രമല്ല, സെല്‍ഫ്‌\അദര്‍ എന്ന ബൈനറിക്ക് പുറത്തേക്ക് കടക്കാന്‍ അതിന് പലപ്പോഴും കഴിയാറില്ല. അഥവാ, റിലേഷണാലിറ്റിയാണ് റീസണെ നിര്‍ണ്ണയിക്കുന്നത്. അതേസമയം ഇബ്‌നു അറബി പറയുന്നത് റീസണും ഇമാജിനേഷനും സത്യത്തെ മനസ്സിലാക്കാന്‍ അനിവാര്യമാണ് എന്നാണ്. Seeing with two eyes എന്നാണ് ഇബ്‌നു അറബി അതിനെ വിശേഷിപ്പിക്കുന്നത്. അഥവാ, റീസണ്‍, ഇമാജിനേഷന്‍ എന്ന ഈ രണ്ട് കണ്ണുകളിലൂടെയാണ് ലോകത്തിന്റെ മെറ്റാഫിസിക്കലായ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നമുക്ക് ബോധ്യപ്പെടുക. Arrival ല്‍ ലൂയിസ് നടത്തുന്ന നോണ്‍ലീനിയറായ സഞ്ചാരം ഇത്തരത്തില്‍ റീസണ്‍\റെവലേഷന്‍, Transcendence\Immanence തുടങ്ങിയ വിഭജനങ്ങളെയെല്ലാം ഡിസ്‌റപ്റ്റ് ചെയ്യുന്നതായി കാണാം. കാരണം, ഇമാജിനലായ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കുന്നതോടൊപ്പം തന്നെ ഇമ്മനന്റായ ആക്ടും അവര്‍ നടത്തുന്നുണ്ട്. ഞാന്‍ നേരത്തെ സൂചിപ്പിച്ച മിസ്റ്റിക്കലായ ഈ റാഡിക്കല്‍ ആക്ട് സാധ്യമാകുന്നത് റീസണ്‍\ഇമാജിനേഷന്‍ എന്ന ബൈനറിക്ക് പുറത്ത് നില്‍ക്കാന്‍ ലൂയിസിന് സാധ്യമാകുന്നത് കൊണ്ടാണ്.

സിനിമയെക്കുറിച്ച് ചില കാര്യങ്ങള്‍ കൂടി പറഞ്ഞ്‌കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാമെന്ന് തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇബ്‌നു അറബിയെക്കുറിച്ച് കൂടുതല്‍ വായിക്കാനും അറിയാനും ഈ സിനിമ പ്രേരിപ്പിച്ചിട്ടുണ്ട്. വില്ലെനോവിനോട് ഞാനതിന് കടപ്പാട് രേഖപ്പെടുത്തുകയാണ്. വില്ലെനോവ്‌ എനിക്കിപ്പോഴും പിടുത്തം കിട്ടാത്ത ഡയറക്ടറാണ്. പോളിടെക്‌നിക്, പ്രിസണേര്‍സ്, സികാരിയോ, എനിമി, ഇന്‍സെന്‍ഡീസ് തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകളെല്ലാം എന്നെ സംബന്ധിച്ചിടത്തോളം കാഴ്ചയുടെ ഒരു പുതിയ അനുഭവമായിരുന്നു. ഹോളിവുഡിന്റെ പതിവ് ഫോര്‍മാറ്റുകളില്‍ നിന്ന്‌ ചെറിയ രീതില്‍ തെന്നിമാറാനുള്ള ശ്രമം അദ്ദേഹം എപ്പോഴും നടത്താറുണ്ട്. അറൈവല്‍ എന്ന സിനിമയും അത്തരമൊരു റിസ്‌കെടുക്കുന്നുണ്ട്. കാരണം, ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ രേഖിയമായി മനസ്സിലാക്കപ്പെടുകയും അനുഭവിക്കുന്നു എന്ന് പറയുന്നതുമായ സമയത്തെയും കാലത്തെയും കുറിച്ച മിസ്റ്റിക്കലായ വേറൊരു ഡയമെന്‍ഷ്യനാണ് ലൂയിസ് എന്ന പ്രോട്ടഗോണിസ്റ്റിന്റെ ജീവിതത്തിലൂടെ വില്ലെനോവ്‌ നല്‍കിയിരിക്കുന്നത്. ഈ ഡയമെന്‍ഷ്യനാണ് ഇബ്‌നു അറബിയുടെ ഖയാല്‍ എന്ന ഐഡിയയുമായി സിനിമയെ ചേര്‍ത്തി നിര്‍ത്തി വായിക്കാന്‍ ശ്രമിക്കാന്‍ എനിക്ക് പ്രേരണയായത്. ഒരുപാട് തവണ ഞാനീ സിനിമ കണ്ടിട്ടുണ്ട്. ഓരോ തവണ കാണുമ്പോഴും ഇബ്‌നു അറബിയെ വായിക്കുന്നത് പോലെയുള്ള അനുഭവമാണ് എനിക്കുണ്ടായിട്ടുള്ളത്.

 

Reference

1) Abu Madyan and Ibn ‘Arabi

* This article first appeared in Muhyiddin Ibn ‘Arabi – A Commemorative Volume, 1993.
http://www.ibnarabisociety.org/articles/abumadyan.html

2) Michael Sells ,APOPHASIS IN PLOTINUS: A CRITICAL APPROACH

3)Ali Balci, Knowledge, Repetition and Power in Ibn al-‘Arabi’s Thought:

Some Preliminary Comments on Methodology

4) Yannis Toussulis, Sufism and the Way of Blame: Hidden Sources of a Sacred Psychology

5) Halligan, The Creative Imagination of the Sufi Mystic, Ibn ‘Arabi

6) Four texts of Ibn Arabi on the creative self-manifestaion of the divine names

7) James W. Morris, Ibn ‘Arabi’s ‘Esotericism’: The Problem of Spiritual Authority

8) QAISER SHAHZAD, Ibn ‘Arabi’s Contribution to the Ethics of Divine Names

9) Eric Winkel, Futuhath

10) william chithick, Heir to the Prophet

11) Izutzu, The concept and Reality of Existence

12) Ian Almond, Sufism and deconstruction

13) SYED RIZWAN ZAMIR, ‘Tafsir al-Qur’an bi’l Qur’an’: The Hermeneutics of Imitation and ‘Adab’ in Ibn ‘Arabi’s Interpretation of the Qur’an

14) Ian Almond, Ibn Arabi and Derrida on Perplexity

15) Claude Addas, The voyage of no return

16) Henry Corbin, Alone with Alone: Creative Imagination in Ibn Arabi