Campus Alive

റിയലിസത്തിന്റെ ജാതി: മലയാളസിനിമയിലെ പുത്തന്‍ ”ദലിത്” ദൃശ്യതയുടെ പ്രശ്‌നങ്ങള്‍

കമേര്‍സ്യല്‍, ആര്‍ട്ട് എന്ന വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ നാം പോപ്പുലര്‍ സിനിമകളെ മനസ്സിലാക്കുന്നത് കൂടുതല്‍ ആളുകള്‍ കാണുന്ന ഒന്നായാണ്. എന്നാല്‍ പോപ്പുലര്‍ കള്‍ച്ചറിന് വേറെയും ചില ഡയമെന്‍ഷ്യനുകളുണ്ട്. വലിയൊരു മാസിനെയൊക്കെ നിയന്ത്രിക്കുന്ന ഒരധികാരത്തെപ്പോലെയാണ് തീയഡോര്‍ അഡോണോയെപ്പോലുള്ളവരൊക്കെ (Theodor W. Adorno)  പോപ്പുലര്‍ ആര്‍ട്ടിനെ മനസ്സിലാക്കിയിരുന്നത്. മാര്‍ക്‌സിസ്റ്റ് വീക്ഷണ പ്രകാരം പോപ്പുലര്‍ ആര്‍ട്ട് എന്നത് മുകളില്‍ നിന്ന് ചില ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു അധികാര രൂപമാണ്. അഥവാ, യാതൊരു ഏജന്‍സിയും ഇല്ലാത്ത ആളുകള്‍ ആസ്വദിക്കുന്ന, കച്ചവടത്തെ മാത്രം ലക്ഷ്യം വെക്കുന്ന ഒന്നായാണ് പോപ്പുലര്‍ ആര്‍ട്ട് ഇവിടെ മനസ്സിലാക്കപ്പെടുന്നത്. അതേസമയം പോപ്പുലര്‍ ആര്‍ട്ടുമായും പോപ്പുലര്‍ സംഗീതവുമായൊക്കെ ബന്ധപ്പെട്ട് വന്നിട്ടുള്ള പഠനങ്ങള്‍ ഓഡിയന്‍സിന് സവിശേഷമായ ഏജന്‍സിയൊക്കെ നല്‍കുന്നുണ്ട്. spectatorship മായി ബന്ധപ്പെട്ട് വന്നിട്ടുള്ള പഠനങ്ങള്‍ അവയില്‍ പ്രധാനമാണ്. അത്പ്രകാരം സിനിമ കാണുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് പലതരത്തിലുള്ള പ്രേക്ഷകത്വങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. ഈ പ്രേക്ഷകത്വങ്ങള്‍ക്ക് ഒരു ചരിത്രമുണ്ട്.

അത്‌പോലെ സിനിമാ വിമര്‍ശന മേഖലയുടെ ചില പരിമിതികളെക്കുറിച്ച് ഈ സന്ദര്‍ഭത്തില്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. പലപ്പോഴും സിനിമയുടെ കഥയുമായോ അല്ലെങ്കില്‍ പ്രമേയവുമായോ ബന്ധപ്പെട്ടാണ് സിനിമാ വിമര്‍ശനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നത്. അത് പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കാരണം വളരെ ചെറിയൊരു വിഭാഗം വരുന്ന ബുദ്ധിജീവികള്‍ ആളുകള്‍ക്ക് സിനിമയുടെ രാഷ്ട്രീയ വശങ്ങളെക്കുറിച്ചൊക്കെ പറഞ്ഞ് കൊടുക്കുന്ന രീതിയാണ് മുമ്പുണ്ടായിരുന്നത്. അതില്‍ നിന്നൊക്കെ മാറി ഐഡന്റിറ്റി പൊളിറ്റിക്‌സിന്റെയൊക്കെ വികാസത്തിന്റെ ഭാഗമായി പല ഡൈമന്‍ഷ്യനുകളുള്ള അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പരമ്പരാഗതമായ വിമര്‍ശനരീതികളുടെ പ്രശ്‌നങ്ങള്‍ കാണുന്നതിന് പകരം നമ്മളിപ്പോള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങളില്‍ തന്നെ പ്രശ്‌നങ്ങളുണ്ടോ എന്ന് അന്വേഷിക്കുന്നതായിരിക്കും കൂടുതല്‍ സൃഷ്ടിപരം എന്നാണെനിക്ക് തോന്നുന്നത്.

13260821_607662129410856_996202151_n

സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങള്‍, ആഖ്യാന സങ്കേതങ്ങള്‍, സിനിമാറ്റിക് ഫോമുകള്‍ തുടങ്ങിയവയിലെ പ്രശ്‌നങ്ങളെയൊന്നും നാം പലപ്പോഴും അഭിമുഖീകരിക്കാറില്ല. അത്‌പോലെ പ്രശ്‌നവല്‍ക്കരിക്കേണ്ട ഒന്നാണ് സിനിമ കാണുന്ന ആളുകളെക്കുറിച്ച നമ്മുടെ ധാരണകള്‍. എന്താണ് ഈ പോപ്പുലര്‍ ഓഡിയന്‍സ് എന്നതിനെക്കുറിച്ച് നാം സൂക്ഷമമായി ആലോചിക്കേണ്ടതുണ്ട്. അത് പലപ്പോഴും സമൂഹത്തിലെ താഴെത്തട്ടിലുള്ളവരായിരിക്കും. സിനിമയെ അവരെങ്ങനെയാണ് സമീപിക്കുന്നത്?, എന്തൊക്കെയാണ് സിനിമയില്‍ നിന്ന് അവരാഗ്രഹിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളെയെല്ലാം നാം അഭിമുഖീകരിക്കേണ്ടതുണ്ട്. പലപ്പോഴും ഇമോഷന്‍, ഡിസയര്‍ തുടങ്ങിയ വിഷയങ്ങളൊന്നും നാം ചര്‍ച്ച ചെയ്യാറില്ല. ഉദാഹരണത്തിന് ഫാന്‍സിനെ നാം കാണുന്നത് ഒരു ബോധവുമില്ലാത്ത, ചില നടിമാരെയോ നടന്‍മാരെയോ അമിതമായി സ്‌നേഹിക്കുന്ന ഏജന്‍സിയില്ലാത്തവരായാണ്. എന്നാല്‍ ഈ ഫാന്‍സും സിനിമയെ നിര്‍മ്മിക്കുന്ന കര്‍തൃത്വമുള്ളവരാണ് എന്ന് നിരീക്ഷിക്കുന്ന പഠനങ്ങള്‍ പുറത്ത് വരുന്നുണ്ട്. അപ്പോള്‍ ഞാന്‍ പറഞ്ഞ് വരുന്നത് സിനിമ നമ്മള്‍ കാണുമ്പോള്‍ ഇങ്ങനെ പല തരത്തിലുള്ള ‘ഡയലോഗുകളെ’ തിരിച്ചറിയേണ്ടതുണ്ട് എന്നാണ്.

പോപ്പുലര്‍ സിനിമയുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ നാമിവിടെ ഓര്‍ക്കേണ്ടതുണ്ട്. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ അഡോണോയെപ്പോലുള്ളവരൊക്കെ പോപ്പുലര്‍ കള്‍ച്ചറിനെ മോശമായാണ് കാണുന്നത്. ഇടത്പക്ഷ ലോജിക്കിനകത്തും മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുന്നതിനെ സ്വീകരിക്കുന്ന ആള്‍ക്കാരായാണ് കാണികളെയും കേള്‍വിക്കാരെയും മനസ്സിലാക്കുന്നത്. അതേസമയം പോപ്പുലര്‍ കള്‍ച്ചറിന്റെ പ്രത്യേകത എന്നത് ഇങ്ങനെ ഏകപക്ഷീയമായ അധികാരമൊന്നും ഇല്ല എന്നതാണ്. സ്റ്റുവര്‍ട്ട് ഹാള്‍ പോപ്പുലര്‍ കള്‍ച്ചറിനെ വിശേഷിപ്പിക്കുന്നത് തന്നെ contested terrain എന്നാണ്. അഥവാ ആധിപത്യം ചെലുത്തുന്ന ആശയങ്ങളും അതിനെ ചെറുക്കുന്ന ആശയങ്ങളും പരസ്പരം കലഹിക്കുന്ന ഒരിടമായാണ് പോപ്പുലര്‍ കള്‍ച്ചറിനെ കാണേണ്ടത് എന്നാണദ്ദേഹം പറയുന്നത്. പല തരത്തിലുള്ള ആശയങ്ങള്‍ അതിനകത്തുണ്ടാകും. സവര്‍ണ്ണ സംസ്‌കാരം, ദലിത് സംസ്‌കാരം എന്നിങ്ങനെ പോപ്പുലര്‍ കള്‍ച്ചറിനെ ഒരൊറ്റ രീതിയില്‍ കാണാന്‍ കഴിയില്ല. കാരണം ഇതിനകത്ത് തന്നെ അധീശ ആശയങ്ങളും അവയെ ചോദ്യം ചെയ്യുന്ന ആശയങ്ങളും ഉണ്ടാകാം. ഈ ചോദ്യം ചെയ്യുന്ന ആശയങ്ങള്‍ ചിലപ്പോള്‍ ദലിത് വിമര്‍ശനത്തില്‍ നിന്ന് വരുന്നതാകാം. എന്നാല്‍ അതിന്റെ ലോജിക് സവര്‍ണ്ണ ലോജിക്കാകാം. ഇങ്ങനെ വളരെ സങ്കീര്‍ണ്ണമായ രീതിയിലാണ് പോപ്പുലര്‍ കള്‍ച്ചര്‍ ഡിസ്‌കോര്‍സുകള്‍ ഇപ്പോള്‍ നടക്കുന്നത്.

പോപ്പുലര്‍ കള്‍ച്ചറിനകത്തെ അധികാരത്തെയും അധീശത്വത്തെയുമെല്ലാം അസ്ഥിരപ്പെടുത്തുന്ന സാന്നിധ്യങ്ങളായാണ് കബാലി, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളെല്ലാം പൊതുവെ മനസ്സിലാക്കപ്പെടുന്നത്. എന്നാല്‍ ഇതിനകത്തെ പല പ്രശ്‌നങ്ങളും നമ്മള്‍ ചര്‍ച്ച ചെയ്‌തോ എന്ന് ആലോചിക്കേണ്ടതുണ്ട്. അത് പോലെ വിനായകന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചപ്പോഴും നമ്മളെല്ലാം ഏറെ സന്തോഷിക്കുകയുണ്ടായി. എന്നാല്‍ ഇവയോടെല്ലാമുള്ള ഇനിയുള്ള നമ്മുടെ സമീപനം കുറച്ച് കൂടി ക്രിട്ടിക്കലാവേണ്ടതുണ്ട് എന്നാണ് ഞാന്‍ പറയുന്നത്. ഉദാഹരണത്തിന് കബാലി എന്ന സിനിമയിലെ ദലിത് സാന്നിധ്യത്തെയും കീഴാള രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തെയും നാം ആഘോഷിക്കുകയുണ്ടായി. ആ സിനിമയുടെ രാഷ്ട്രീയമായ ശരിയെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്തത്. അതേ സമയം ധാരാളം രജനി ഫാന്‍സ് ഈ സിനിമ കണ്ടിട്ടുണ്ട്. അവര്‍ ഈ സിനിമയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തെ നമുക്ക് അവഗണിക്കാന്‍ കഴിയുമോ? കാരണം ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഫാന്‍സ് എന്നത് സിനിമയുമായി ബന്ധപ്പെട്ട വളരെ ലെജിറ്റിമേറ്റായ ഒരു അധികാരമാണ്. അവര്‍ സിനിമയുമായി ഇടപെടുന്ന ഒരു വിഭാഗമാണ്. അപ്പോള്‍ അവരെന്താണ് സിനിമയില്‍ നിന്ന് ആഗ്രഹിക്കുന്നത് എന്ന ചോദ്യം വളരെ പ്രധാനമാണ്.

കബാലിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉയര്‍ന്ന് വന്ന ഒരു പ്രധാന വാദം എന്നത് ഈ സിനിമ ഫാന്‍സ് പ്രതീക്ഷിക്കുന്നതല്ല മുന്നോട്ട് വെച്ചതെന്നും അത് പൊളിറ്റിക്കലായ വേറൊരു സംഗതിയാണെന്നുമാണ്. ഇവിടെ ഫാന്‍സിനെ അവഗണിക്കുന്ന ഒരു സമീപനമാണ് നാം കാണുന്നത്. രജനി ഫാന്‍സ് മിക്കവാറും സമൂഹത്തിലെ താഴെക്കിടയിലുള്ളവരായിരിക്കും. അപ്പോള്‍ കബാലി ആ ഫാന്‍സിന് പറ്റിയ സിനിമയല്ല എന്നും പൊളിറ്റിക്കലായി ബോധമുള്ള ആളുകള്‍ കാണേണ്ട സിനിമയാണ് എന്നുമാണ് അത്തരം ചര്‍ച്ചകള്‍ പറയുന്നത്. ഇതിനകത്തെ ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

kabali-poster-2

പോപ്പുലര്‍ സിനിമ പ്രദാനം ചെയ്യുന്ന കാര്യങ്ങളെ അഡോണോയെപ്പോലെ പ്രശ്‌നമായി കാണണോ?, അതല്ല സിനിമയില്‍ നിന്ന് ആളുകള്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങള്‍ക്കും സാധ്യതകളില്ലേ? തുടങ്ങിയ ചോദ്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. കമ്മട്ടിപ്പാടവുമായി ബന്ധപ്പെട്ട എന്റെ നിരീക്ഷണങ്ങള്‍ ഞാന്‍ മുമ്പ് എഴുതിയിരുന്നതാണ്. ജാതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മലയാള സിനിമ അഡ്രസ്സ് ചെയ്ത് തുടങ്ങിയിരിക്കുന്നു എന്ന തരത്തിലുള്ള വാദങ്ങളാണ് ആ സിനിമയുമായി ബന്ധപ്പെട്ട് പലരും മുന്നോട്ട് വെച്ചത്. തീര്‍ച്ചയായും ജാതിയെ മലയാള സിനിമ അഭിമുഖീകരിക്കുന്നു എന്നത് സന്തോഷം തരുന്ന കാര്യം തന്നെയാണ്. എന്നാല്‍, ആ മാറ്റം എന്താണ് എന്നുള്ളത് നാം അന്വേഷിക്കേണ്ടതുണ്ട്.

പല സമയത്തും സിനിമകള്‍ക്ക് ഒരുപോലെ നിലനില്‍ക്കാന്‍ കഴിയില്ല. മാത്രമല്ല, പല രീതികളിലും സിനിമകള്‍ മാറാന്‍ ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന് വെസ്‌റ്റേണ്‍ സിനിമകള്‍ക്ക് വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചൊക്കെ പറയുന്ന ചില പഠനങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ക്ലൗഡിയ ഗോര്‍ബ്മാന്റെ (Claudia Gorbman) ബാഗ്രൗണ്ട് മ്യൂസിക്കിനെക്കുറിച്ച് പറയുന്ന ഒരു നിരീക്ഷണമുണ്ട്. സിനിമകളില്‍ റെഡ് ഇന്ത്യക്കാര്‍ക്ക് കൈവരുന്ന ദൃശ്യതയെക്കുറിച്ച് അവര്‍ പറയുന്നുണ്ട്. എന്നാല്‍ വെളുത്ത ഒരു ഹീറോയെ എതിര്‍ നിര്‍ത്തിക്കൊണ്ടാണ് ഈ ദൃശ്യത സാധ്യമാകുന്നത്. കമ്മട്ടിപ്പാടം പോലെയുള്ള സിനിമകളിലും അത്തരമൊരു പ്രതിസന്ധി കാണുന്നുണ്ട്. കമ്മട്ടിപ്പാടത്തിലെ നായകനായ ദുല്‍ഖര്‍ വളരെ നോര്‍മ്മലായ ഒരു ഫിഗറായാണ് സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത്. വംശീയമായി അതില്‍ അടയാളപ്പെടുത്തപ്പെടുന്നത് ദലിത് കഥാപാത്രങ്ങളെയാണ്. ഇത്  ഇന്ത്യന്‍ സിനിമയുടെ ഒരു പൊതുവായ പ്രത്യേകതയാണ്. നമുക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റുന്ന മാര്‍ക്ക് ദലിതര്‍ക്കും ആദിവാസികള്‍ക്കും എപ്പോഴും  സിനിമ നല്‍കാറുണ്ട്. അതേസമയം ദുല്‍ഖറിനെപ്പോലെയുള്ള കഥാപാത്രങ്ങള്‍ക്ക് വളരെ സ്വാതന്ത്ര്യത്തോടെ തന്നെ സിനിമയില്‍ ദൃശ്യത കൈവരിക്കാന്‍ സാധിക്കും. അവരുടെ കഥാപാത്രങ്ങള്‍ക്ക് fluidity ഉണ്ടാകും. എന്നാല്‍ ദലിത് കഥാപാത്രങ്ങള്‍ അവരെക്കുറിച്ച സ്റ്റീരിയോടൈപ്പുകള്‍ക്ക് പുറത്തേക്ക് വരുന്നുണ്ടോ എന്നതാണ് ചോദ്യം.

മലയാളത്തിലെ മിക്ക സംവിധായകര്‍ക്കും ജെയിംസ് ബാല്‍ഡ്‌വിനൊക്കെ പറയുന്ന പോലെ ഒരു guilt complex ഉണ്ടാകുന്നുണ്ട്. സോഷ്യല്‍ മീഡിയകളൊക്കെ അതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അങ്ങനെയാണ് പൊളിറ്റിക്കല്‍ ആക്ടിവിസത്തിന്റെ ഭാഗമായി സിനിമയിലും സോഷ്യല്‍ മീഡിയകളിലുമൊക്കെ ഇടപെടുന്ന സംവിധായകരുണ്ടാകുന്നത്. ഈ കുറ്റബോധമാണ് ജാതിയെ ഒക്കെ അഡ്രസ്സ് ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ അവരുടെ സിനിമകളിലൊന്നും ദലിതരെ കുറിച്ച സ്റ്റീരിയോടൈപ്പുകളല്ലാതെ വേറെ തരത്തിലുള്ള ദലിതരൊന്നും വരുന്നില്ല. പ്രത്യേകമായി എടുത്ത് മാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത ദലിതര്‍ എന്ത് കൊണ്ടാണ് മലയാള സിനിമയില്‍ വരാത്തത്? അധ്യാപകര്‍, ഐ.എ.എസ് ഓഫീസര്‍ എന്നിങ്ങനെയുള്ള നോര്‍മ്മലായ കഥാപാത്രങ്ങളായൊന്നും ദലിതരെ നമുക്ക് കാണാന്‍ സാധിക്കുന്നില്ല. നോര്‍മ്മലായ കഥാപാത്രങ്ങളെല്ലാം മിക്കപ്പോഴും സവര്‍ണ്ണരോ വെളുത്ത ശരീരമുള്ളവരോ ആണ്. കമ്മട്ടിപ്പാടത്തിലും പി.കെ രതീഷൊക്കെ സൂചിപ്പിച്ചത് പോലെ അതിദലിതത്വം കാണിക്കാനായി ഉന്തിയ പല്ലും കറുത്ത ശരീരവുമൊക്കെയുള്ളവരായാണ് ദലിതര്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ജാതിയെക്കുറിച്ച ഈ ലിബറല്‍ സ്പീച്ചിനെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്ന ചോദ്യം വളരെ പ്രസക്തമാണ് എന്നാണ് എനിക്ക് തോന്നുന്നത്.

rr2

രാജീവ് രവിയുടെ ഇന്റര്‍വ്യൂ എല്ലാം ശ്രദ്ധിച്ച് നോക്കിയാല്‍ ജാതിയെക്കുറിച്ച ഈ ലിബറല്‍ സ്പീച്ചിന്റെ അംശങ്ങള്‍ കാണാന്‍ സാധിക്കും. താന്‍ ജനിച്ച് വളര്‍ന്ന സ്ഥലത്ത് പുലയരെ കണ്ടിരുന്നതിന്റെ നൊസ്റ്റാള്‍ജിയയൊക്കെ അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. ഈയൊരു നൊസ്റ്റാള്‍ജിയ നിറഞ്ഞ നോട്ടമാണ് കമ്മട്ടിപ്പാടത്തിലും നമ്മള്‍ കാണുന്നത്. വിനായകന്‍ എന്ന നടന്റെ സാന്നിധ്യം പലതും അട്ടിമറിക്കുന്നുണ്ടെങ്കിലും എന്ത് കൊണ്ടാണ് ഒരു സവിശേഷ തരത്തിലുള്ള ശരീര നിര്‍മ്മിതി ദലിതര്‍ക്ക് മലയാള സിനിമ നല്‍കുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കലാഭവന്‍ മണിയുടെ കാര്യത്തിലും ഈ പ്രശ്‌നം വളരെ പ്രകടമാണ്. ശാരീരികമായും സാമൂഹികമായും എന്തൊക്കെയോ തരത്തിലുള്ള കുറവുകളുള്ള കഥാപാത്രങ്ങളായാണ് കലാഭവന്‍ മണി അടക്കമുള്ളവരെ മലയാള സിനിമ ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍ പിന്നീട് പോലീസ് ഓഫീസറായെല്ലാം കലാഭവന്‍ മണി വരുന്നുണ്ട്. അത്തരം റോളുകള്‍ വിനായകന് ലഭിക്കുമോ എന്നത് കൂടി നാം ആലോചിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. കാരണം, വിനായകനെ ദലിതരെ കുറിച്ച് പൊതുവെ മനസ്സിലാക്കി വെച്ചിട്ടുള്ള രീതിയിലാണ് സിനിമകളില്‍ കാണിക്കപ്പെടുന്നത്. മലയാളികള്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍ തന്നെയാണ് വിനായകന് ലഭിക്കുന്നതും. ജയില്‍പ്പുള്ളിയായോ ഗുണ്ടയായോ അല്ലാതെ പോലീസ് ഓഫീസറായോ ഐ.എ.എസ് ഓഫീസറായോ നമുക്ക് മലയാള സിനിമകളില്‍ വിനായകനെ കാണാന്‍ കഴിയുമോ എന്ന് കൂടി അന്വേഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

ജാതിയുടെ ലിബറലായ അപ്രോച്ചിനെക്കുറിച്ച് എനിക്ക് ഓര്‍മ്മ വരുന്ന മറ്റൊരു സിനിമ സെല്ലുലോയ്ഡാണ്. സെല്ലുലോയ്ഡിനെക്കുറിച്ച് പറയുന്നത് ജാതി അഡ്രസ്സ് ചെയ്യുന്ന സിനിമയാണെന്നാണ്. അപ്പോള്‍ ജാതി എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു പ്രമേയമായി മാറുകയാണ് ഇവിടെ ചെയ്യുന്നത്. മലയാളി പ്രേക്ഷകരും മീഡിയയും പി.കെ റോസിയക്കുറിച്ച് ധാരാളമായി ചര്‍ച്ച ചെയ്യുന്നു. സെല്ലുലോയ്ഡിന്റെ പ്രത്യേകത എന്നത് അതില്‍ ജാതിയെ ചുമക്കുന്നത് പി.കെ റോസിയാണ് എന്നതാണ്. മിക്ക സിനിമകളിലും ജാതിക്ക് ദൃശ്യത കൈവരുന്നുണ്ടെങ്കിലും ആ ജാതി കൊണ്ടുവെക്കുന്നത് ദലിത് ശരീരങ്ങളുടെ പുറത്താണ്. കമ്മട്ടിപ്പാടത്തിലും ജാതിയെ ചുമക്കുന്നത് വിനായകനോ മണികണ്ഢനോ ഒക്കെയാണ്. സെല്ലുലോയ്ഡിലും ജാതിയെ കാണിക്കുമ്പോള്‍ റോസിയെയാണ് കാണിക്കുന്നത്.നിങ്ങള്‍ക്കിപ്പോഴും ജാതിചിന്ത ഉണ്ടല്ലോ എന്ന് സവര്‍ണ്ണ വിഭാഗങ്ങളോട് സിനിമ പറയുകയും ചെയ്യുന്നുണ്ട്. ജാതിക്കെതിരെ ലിബറലായ പുരോഗമന ആശയങ്ങള്‍ ഇത്തരം സിനിമകള്‍ മുന്നോട്ട് വെക്കുമ്പോള്‍ തന്നെ ജാതിയെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളായി അവതരിപ്പിക്കപ്പെടുന്നത് പി.കെ റോസിയും വിനായകനും മണികണ്ഢനുമൊക്കെയാണ്. ഇവിടെ നാം മനസ്സിലാക്കേണ്ടത് മലയാള സിനിമ അതിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുന്നില്ല എന്നതാണ്. അത്‌കൊണ്ട് തന്നെ ഫോമിന്റെ കാര്യത്തില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുമില്ല.

image18

ഇനി നമുക്ക് റിയലിസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് തോന്നുന്നു. ദലിതരെക്കുറിച്ച സിനിമകളെല്ലാം ഭയങ്കര റിയലിസ്റ്റിക്കായിരിക്കും എന്നാണ് പറയപ്പെടുന്നത്. വിനായകന്റെ ഇന്റര്‍വ്യൂ തന്നെ ടി.വിയില്‍ വരുമ്പോള്‍ പച്ചയായ മനുഷ്യന്‍ പച്ചയായ കാര്യങ്ങള്‍ സംസാരിക്കുന്നു എന്ന രീതിയിലാണ് ആളുകള്‍ അതിനെ കാണുന്നത്. തന്ത്രപരമായി സംസാരിക്കുന്ന വിനായകനെ ആരും കാണാന്‍ ശ്രമിക്കുന്നില്ല. ദലിതരും ആദിവാസികളും നിഷ്‌കളങ്കരായ മനുഷ്യരാണന്നും അവരെപ്പോഴും ജീവിതം ഇങ്ങനെ പച്ചയായി പറഞ്ഞ് കൊണ്ടിരിക്കുന്നവരുമാണ് എന്ന രീതിയിലാണ് ആളുകള്‍ അതിനെ കാണുന്നത്. നേരെ മറിച്ച് വിനായകന്റെ ഒരു തന്ത്രമായിട്ട് അദ്ദേഹത്തിന്റെ സംസാരത്തെ കണ്ടുകൂടേ എന്നാണ് ഞാന്‍ ചോദിക്കുന്നത്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയെക്കുറിച്ച വിമര്‍ശനത്തില്‍ റിയലിസത്തെക്കുറിച്ച് എസ്.സഞ്ജീവ് പറഞ്ഞ ഒരു കാര്യമുണ്ട്. അതായത് ടി.വി ചന്ദ്രന്റെ സിനിമകളിലെല്ലാം കാലവും സമയവുമെല്ലാം പല രീതികളില്‍ തിരിച്ചും മറിച്ചുമെല്ലാം കാണിക്കപ്പെടുന്നുണ്ട്. പക്ഷെ, പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമ വന്നപ്പോള്‍ യാഥാര്‍ത്ഥ്യം കാണിക്കുന്ന സിനിമ എന്ന രീതിയിലേക്ക് അത് മാറി. അഥവാ, മുസ്‌ലിം സമുദായത്തെ ചിത്രീകരിക്കുമ്പോള്‍ സിനിമ റിയലിസ്റ്റിക്കാകേണ്ടതുണ്ട്, മറ്റ് തരത്തിലുള്ള സിനിമാറ്റിക്ക് ഫോമുകളൊന്നും മുസ്‌ലിം സമുദായത്തെ റെപ്പ്രസന്റ് ചെയ്യാന്‍ പര്യാപ്തമല്ല എന്നൊക്കെയുള്ള വാദങ്ങളാണ് അതിനെക്കുറിച്ച് വന്നത്. മാന്‍ഹോള്‍ എന്ന സിനിമയെക്കുറിച്ചും ഇങ്ങനെ റിയലിസ്റ്റിക്കാണ് എന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടവരെക്കുറിച്ചുള്ള സിനിമകളെല്ലാം ഇങ്ങനെ റിയലിസ്റ്റിക്കാവുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ഈ റിയലിസം വഴി ഒരുതരത്തില്‍ രക്ഷപ്പെടുന്നത് സിനിമാറ്റിക്ക് ടെക്‌നിക്കും ക്യാമറയുമാണെന്ന് തോന്നുന്നു. കാരണം മലയാള സിനിമയിലെ വെളുത്ത കഥാപാത്രങ്ങളെയെല്ലാം ഉണ്ടാക്കിയത് ക്യാമറയും കൂടി ചേര്‍ന്നാണ്. ആ ക്യാമറയെ നമ്മള്‍ കാണുന്നില്ല. ക്യാമറ ഇങ്ങനെ വെറുതെ ഒരിടത്ത് വെച്ചിട്ട് റിയലിസം കാണിക്കുന്ന പരിപാടിയാണ് മലയാള സിനിമയില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് സിനിമാറ്റിക്ക് ടെക്‌നിക്കിലേക്കും സിനിമയുടെ ചരിത്രത്തിലേക്കും കൂടി പോപ്പുലര്‍ സിനിമയുടെ വളര്‍ച്ചയെ കാണുക എന്നത് കൂടി നാം ആലോചിക്കേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

9246d53a14f659a22fb79fb5e4c4be37_pt_xl

മലയാള സിനിമയില്‍ ഓരോ സമുദായങ്ങളെയും റെപ്രസന്റ് ചെയ്യുന്ന രീതിക്ക് വന്നിട്ടുള്ള വ്യത്യാസങ്ങളെ നമ്മള്‍ സൂക്ഷമമായി പരിശോധിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ ജാതിയുടെയും കറുപ്പിന്റെയും ദൃശ്യതയെ വളരെ പോസിറ്റീവായിട്ടല്ല ഞാന്‍ കാണുന്നത്. ചില സാധ്യതകള്‍ അവ നല്‍കുന്നുണ്ടെങ്കിലും ഒരുപാട് പ്രതിസന്ധികള്‍ അവക്കുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അഥവാ, രാഷ്ട്രീയമായി മാത്രം പോപ്പുലര്‍ സിനിമകളെ സമീപിക്കാന്‍ കഴിയില്ല. മറിച്ച്, ഇമോഷന്‍, എന്റര്‍ടെയ്ന്‍മെന്റ് എന്നിവയെക്കൂടി നാം പരിഗണിക്കേണ്ടതുണ്ട്.

ആര്‍ട്ടിനെക്കുറിച്ച എന്റെ ചില നിരീക്ഷണങ്ങള്‍ കൂടി പങ്ക് വെച്ച്‌കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഒരു സോഷ്യല്‍ ഗ്രൂപ്പിനെ കല ഭൗതികമായി പ്രതിനിധീകരിക്കും എന്ന നിരീക്ഷണം ശരിയല്ല. സോഷ്യല്‍ ഗ്രൂപ്പും ആര്‍ട്ടുമായി അങ്ങനെ നേരിട്ടുള്ള ഒരു ബന്ധമല്ല ഉള്ളത്. ഒരു സോഷ്യല്‍ ഗ്രൂപ്പ് ഒന്നിച്ച് വന്നിട്ട് അവരുടെ ആശയത്തെ ഒരു ആര്‍ട്ടായി രൂപപ്പെടുത്തുകയല്ല ചെയ്യുന്നത്. ഒരു ആര്‍ട്ട് ഫോമിന്റെ ഭാഗമായി മാറുന്നതോട് കൂടി സ്വയം ഒരു ഗ്രൂപ്പായി തിരിച്ചറിയുകയാണ് ചെയ്യുന്നത് എന്ന രീതിയില്‍ സൈമണ്‍ ഫ്രിത്ത് പറയുന്ന ഒരു കാര്യമുണ്ട്. അപ്പോള്‍ കള്‍ച്ചറല്‍ ആക്ടിവിറ്റിയിലൂടെയാണ് കമ്മ്യൂണിറ്റികള്‍ സ്വയം തിരിച്ചറിയുന്നത്. എന്നാല്‍ സോഷ്യല്‍ ഗ്രൂപ്പിനെയും കള്‍ച്ചറിനെയും ആര്‍ട്ടിനെയും നേരിട്ട് ബന്ധപ്പെടുത്തുകയാണ് നമ്മള്‍ ചെയ്യുന്നത്. പക്ഷെ, അങ്ങനെയൊരു സംഗതി സാധ്യമല്ല. അതേസമയം കള്‍ച്ചറല്‍ ആക്ടിവിറ്റിയായിരിക്കാം ഐഡന്റിറ്റീസിനെയും കമ്മ്യൂണിറ്റീസിനെയും നിലവില്‍ കൊണ്ട് വരുന്നത്. അപ്പോള്‍ പോപ്പുലര്‍ ആര്‍ട്ടിനെ നമ്മള്‍ കുറച്ച് കൂടി സങ്കീര്‍ണ്ണമായി മനസ്സിലാക്കേണ്ടതുണ്ട്. റെപ്രസന്റേഷനെക്കുറിച്ച് മാത്രമല്ലാതെ സിനിമയുടെ ഫോം എങ്ങനെയാണ് ജാതിയെ അഭിമുഖീകരിക്കുന്നത്, എങ്ങനെയാണ് മതത്തിന്റെ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നത്, ദലിത് എന്ന വിഷയത്തെ എങ്ങനെയാണ് അഭിമുഖീകരിക്കുന്നത് തുടങ്ങിയ സൂക്ഷമമായ വിഷയങ്ങളിലേക്ക് കൂടി സിനിമാ വിമര്‍ശനങ്ങള്‍ പോകേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

എ എസ് അജിത് കുമാര്‍