Campus Alive

ഉള്‍കണ്ണ് കൊണ്ട് കാണേണ്ട കവിതകള്‍: അബ്ബാസ് കൈറോസ്തമിയുടെ കവിതകളെക്കുറിച്ച് ഒരാസ്വാദനം

ക്യാമറ കൊണ്ട് ഒരു നിമിഷത്തെ സസൂക്ഷമം ഒപ്പിയെടുത്ത ചലിച്ചിത്രകാരനാണ് അബ്ബാസ് കൈറോസ്തമി. ഇറാനിയന്‍ ചലച്ചിത്രരംഗത്തെ അതികായനായിരുന്ന അബ്ബാസ് നമ്മോട് വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടില്ല. ചലച്ചിത്രം എന്ന മാധ്യമത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച്, സഅദിയും റൂമിയും ഹാഫിസും കഥകളും കവിതകളുമായി പരാവര്‍ത്തനം ചെയ്ത ഒരു ദേശത്തിന്റെ, എന്നാല്‍ അതിലപ്പുറം സര്‍വദേശത്തിന്റെയും, സംസ്‌കാരങ്ങള്‍, മൊഴികള്‍, നിശബ്ദമായ നിദര്‍ശനങ്ങള്‍ എന്നിവ നമുക്കു മുന്‍പില്‍ തുറന്നിട്ട അബ്ബാസിന്റെ ഒരു കവിതാ സമാഹാരമാണ് ഈ പുസ്തകപരിചയത്തില്‍ അവതരിപ്പിക്കുന്നത്.

1889658

പേനയാകട്ടെ, ക്യാമറയാകട്ടെ, ക്യാന്‍വാസാകട്ടെ – അബ്ബാസിനെല്ലാം ഒരു പോലെയാണ്. ജീവിതം രചനകളില്‍ പരാവര്‍ത്തനം ചെയ്യപ്പെടുന്നത് കഥാതന്തുക്കളായിട്ടാണ് (plot). ഒരു കവിതയില്‍ സൂക്ഷമമായി നോക്കിയാല്‍ പ്‌ളോട്ട് നിലനില്‍ക്കുന്നത് കാണാം. പെയിന്റിംഗില്‍ നിശ്ചലചിത്രത്തെപ്പോലെ ഒരു ജീവിതം, അതായത് വലിയൊരു പ്‌ളോട്ട്, ഫ്രീസ് ചെയ്യപ്പെട്ടിരിക്കുന്നു. സിനിമയോ, നോവലോ, ചെറുകഥകളോ വിസ്തൃതമായ ആഖ്യാനങ്ങളാണെങ്കിലും, അവയുടെ വിജയം പ്‌ളോട്ടുകളായി മാറിത്തീര്‍ന്ന ജീവിതത്തിന്റെ ഓരോ നിമിഷത്തെയും അവയുടെ സൂക്ഷമമായ അര്‍ത്ഥത്തെ ഉള്‍ച്ചേര്‍ത്തു കൊണ്ട് ഫ്രീസ് ചെയ്യുന്നതിലാണ്. അതായത് ഒരു കവിതയില്‍, ഒരു കഥയില്‍, ഒരു സിനിമയില്‍ നൈമിഷികതയുടെ അടയാളങ്ങളായി ഫ്രീസ് ചെയ്യപ്പെട്ട നിരവധി കവിതകള്‍. കൈറോസ്തമിയുടെ കലയെ മനസ്സിലാക്കാനുള്ള പ്രേക്ഷണത്തിന്റെയും വായനയുടെയും ഒരു ചട്ടക്കൂട്‌ അതാണ്.

കൈറോസ്തമിയുടെ ഹിജ്‌റ 1384-ല്‍ പ്രസിദ്ധീകരിച്ച കവിതാസമാഹാരമാണ് കര്‍കേ ദര്‍ കമീന്‍. ‘കാത്തിരിക്കുന്ന ചെന്നായി’ (A Wolf Lying in Wait) എന്ന തലക്കെട്ടില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് കരീം എമാമിയും മൈക്കല്‍ ബേഡും. ഒരു ദ്വിഭാഷ എഡിഷനായി 2005-ല്‍ പുസ്തകം പുറത്തിറങ്ങി. കൈറോസ്തമിയുടെ ചലച്ചിത്രം പോലെ കവിതാസമാഹാരവും മലയാളി വായനക്കാര്‍ക്ക് സുപരിചിതമാണ്. അദ്ദേഹത്തിന്റെ മരണശേഷമുള്ള എഡിഷനില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഈ സമാഹാരത്തിലെ ചില കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. സി.എസ് വെങ്കിടേശ്വരനായിരുന്നു മൂന്നു വരികളില്‍ അടക്കം ചെയ്ത ജീവിതദര്‍ശനം പേറുന്ന കവിതകളെ അന്ന് മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയത്.

The_Wind_Will_Carry_Us_poster

വെറുതെ കണ്ടു കളയാനുള്ളതല്ല കൈറോസ്തമിയുടെ ഓരോ ഷോട്ടും എന്ന നിരീക്ഷണം അദ്ദേഹത്തിന്റെ ചലച്ചിത്രത്തെക്കുറിച്ച് നിലവിലുണ്ട്. ഈ സമാഹാരം ഒരു ചലച്ചിത്രമാണെങ്കില്‍ ഓരോ കവിതയും ഒരു ഷോട്ടാണ്. കവിതകള്‍ ചേര്‍ത്തു വെക്കുമ്പോള്‍ ത്രില്ലടിപ്പിക്കുന്ന സിനിമ കണ്ട പ്രതീതിയല്ല ഉണ്ടാകുന്നത്. ആഴമേറിയ ജീവിതദര്‍ശനങ്ങളുടെ ശകലിതമായ ചെറുഖണ്ഡങ്ങളിലൂടെ കയറിയിറങ്ങിയ പ്രതീതിയാണുണ്ടാകുന്നത്. മഹാനായ ഒരു ചിത്രകാരന്റെ പ്രദര്‍ശനം നടക്കുന്ന ആര്‍ട് ഗാലറി സന്ദര്‍ശനം പോലെ. ആംഗലേയ സാഹിത്യത്തില്‍ ആധുനികതക്ക് ബീജാവാപം നല്‍കിയ എഴുത്തുകാരില്‍ അഗ്രഗണ്യനായ ടി.എസ് എലിയട് ഭാവുകത്വത്തെക്കുറിച്ച് പറയുന്ന ഒരു വിഖ്യാത ശൈലിയുണ്ട്. ‘ഭാവുകത്വങ്ങളുടെ ഏകീകരണം’ (Unification of sensibility). പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് ഇംഗ്ലീഷ് കവിതകള്‍ ചിന്തകളെ തൊട്ടറിയാവുന്ന വിധം അനുഭവങ്ങളായി പരാവര്‍ത്തനം ചെയ്തിരുന്നു. പൂവിടര്‍ന്നു എന്നു പറയുമ്പോള്‍ വായിക്കുന്നവര്‍ക്ക് സുഗന്ധം ഉണ്ടായിരുന്നു. കവിതയില്‍ പൂവ് മെറ്റഫറായിരുന്നു. ഉദാത്തമായ ചിന്തകളെ പേറുന്ന വാഹനമായിരുന്നു അത്. നമ്മെക്കൊണ്ട് ചിന്തിപ്പിക്കാന്‍ അനുക്ഷണം കവിതയ്ക്ക് കഴിഞ്ഞു. പില്‍ക്കാലത്ത് അതിന് മാറ്റം വന്നു. ചിന്തയും അനുഭവങ്ങളും തമ്മില്‍ ചേര്‍ച്ചക്കേട് ഉണ്ടായി (dissociation of sensibility).

കൈറോസ്തമിയുടെ രചനകളില്‍ സംവേദനങ്ങളുടെ ഭാവുകത്വത്തിന്റെയും ഏകീകരണം സംഭവിക്കുന്നുണ്ട്. അതല്ല ഇവിടെ വിഷയം. അതിനോടൊപ്പം തന്നെ, കലാരൂപങ്ങളുടെയും (art forms) വിഭാഗങ്ങളുടെയും (genre) ഏകീകരണവും അദ്ദേഹത്തില്‍ സംഭവിക്കുന്നു. അതായത് ഓരോ ചലച്ചിത്രവും കവിതയാണ്, ഓരോ കവിതയും ചലച്ചിത്രമാണ്, ഓരോ ഫ്രയിമും ക്യാന്‍വാസാണ്. ഓരോ ക്യാന്‍വാസും കവിത എഴുതാനുള്ള കടലാസാണ്.

മറ്റെന്തിനാക്കാളുമധികം ഈ കവിതാ സമാഹാരത്തില്‍ എന്നെ ആകര്‍ഷിച്ചത് അതിലെ പരിഹാസവും സാമൂഹികവിമര്‍ശനവുമാണ്.

‘In congregational prayers
A worshipper was noticed
Whose movements were not
In line with the rest.’

കൂട്ടപ്രാര്‍ത്ഥനയില്‍
ഒരാളുടെ ചലനങ്ങള്‍
മറ്റുള്ളവര്‍ക്കൊപ്പമല്ല.
അയാള്‍ ശ്രദ്ധിക്കപ്പെടുന്നു.

ZM7i-ഇത് കാഴ്ചവട്ടത്ത് കൊണ്ടുവരുന്ന ഇമേജുണ്ട്. കണിശമായ അച്ചടക്കത്തോടും ഏകതാനതയോടും യോജിക്കാനാവാത്ത ഒരു പ്രാര്‍ത്ഥനക്കാരന്‍. ആള്‍ക്കൂട്ടത്തില്‍ നിന്ന് വ്യത്യസ്തമാകുന്നവനാണ് ശ്രദ്ധേയന്‍ എന്നതാണ് കവിതയുടെ മൗലികസാരം. എന്നാല്‍ സാമൂഹികവും ദാര്‍ശനികവുമായ ഒരാശയം അവതരിപ്പിക്കുന്നതിനപ്പുറം സമകാലീന ഇറാനിലെ രാഷ്ട്രീയ അവസ്ഥയെക്കൂടി കവിത പ്രകാശിപ്പിക്കുന്നുണ്ട്. അതായത്, ‘was noticed’ എന്നതില്‍ പ്രാര്‍ത്ഥന ചെയ്യുന്നവനെ ശരിക്കും ശ്രദ്ധിക്കുന്നതാരാണ് എന്ന ചോദ്യമുണ്ട്. പെട്ടന്ന് കിട്ടുന്ന ഉത്തരം ‘was noticed by people’ എന്നതാണ്. ആളുകള്‍ ശ്രദ്ധിക്കുന്നു, ലോകം ശ്രദ്ധിക്കുന്നു, അതു കൊണ്ട് ശ്രദ്ധേയനാകുന്നു. മറ്റൊന്ന് എല്ലാം കാണുന്ന ദൈവം കാണുന്നു എന്ന രണ്ടാം വായനം. ‘നിന്നെ ഞാന്‍ ശരിയാക്കിത്തരാം’ എന്ന നോട്ടം; പക്ഷെ വ്യത്സ്തനാകുന്ന തന്റെ പടപ്പിനോടുള്ള സ്‌നേഹാര്‍ദ്രമായ നോട്ടം. പക്ഷെ, ഇസ്‌ലാമിക വിപ്ലവത്തിനു ശേഷം പ്രതീക്ഷയോടെ പിടഞ്ഞെഴുന്നേറ്റ ഒരു രാഷ്ട്രത്തില്‍ സ്‌തോഭജനകമായ സെന്‍സര്‍ഷിപ്പ് നിയമങ്ങളും, പൗരാവകാശങ്ങള്‍ അടിച്ചമര്‍ത്തുന്ന വിധത്തില്‍ ഭരണകൂട നിയന്ത്രണങ്ങളും, അടിച്ചമര്‍ത്തലുകളും, സംശയങ്ങളും നിലവില്‍ വന്ന ഒരു സാഹചര്യം, അഹ്മദി നജാദിന്റെ ഭരണകാലത്ത് ഈ അടിച്ചമര്‍ത്തലുകള്‍ കൊടുമ്പരി കൊണ്ട മറ്റൊരു സാഹചര്യം. തന്റെ സഹപ്രവര്‍ത്തകരായ മഹ്മര്‍ ഗൊബാദി, ജാഫര്‍ പനാഹി തുടങ്ങിയവര്‍ ബഹിഷ്‌കൃതരാകുകയോ വീട്ടു തടങ്കലിലടക്കപ്പെടുകയോ ചെയ്ത സാഹചര്യം. അതു കൊണ്ട്, മറ്റുള്ളവരെപ്പോലെ ഭരണകൂടത്തിന്റെ തിട്ടൂരങ്ങള്‍ അനുസരിക്കാത്തവരെ ഭരണകൂടം നിരീക്ഷിക്കുന്നുണ്ട് എന്നതുമാകാം കവിതയുടെ സാരം.

2eea80c832088cb23c784caf0907a15c

ഓര്‍വെല്ലിന്റെ 1984-ലെ പ്പോലെ എല്ലാം കാണുന്ന, നിയന്ത്രിക്കുന്ന (big brother is watching you) ഭരണകൂടത്തെയാകാം കവിത സൂചിപ്പിക്കുന്നത്. അതു കൊണ്ട് സെന്‍സര്‍ഷിപ്പും, വീട്ടുതടങ്കലും നേരിടുന്ന തന്റെ സഹപ്രവര്‍ത്തകര്‍ക്കുള്ള വാക്കു കൊണ്ടുള്ള സമ്മാനമാകാം ഈ കവിത. ഒപ്പം സേച്ഛാധിപത്യത്തിന്റെ കാലത്തുള്ള ശരിയായ കലയുടെ സവഭാവമെന്താകണം എന്ന് അവരെ ഓര്‍മപ്പെടുത്തുകയുമാകണം കൈറോസ്തമി ചെയ്യുന്നത്. പല അടരുകളായി ആശയത്തെ പടര്‍ത്തുകയും പിടിനല്‍കാത്ത വിധം നിഗൂഡമാക്കുകയും ചെയ്യുന്ന ഏര്‍പ്പാടാകണം എന്ന ഓര്‍മപ്പെടുത്തല്‍. നിസ്‌കാരത്തില്‍ ചലനങ്ങള്‍ മറ്റുള്ളവരോടൊപ്പം ചേര്‍ക്കുമ്പോഴും, എവിടെയോ ഒരു വിച്ഛേദനം. വല്യേട്ടന് അത് പെട്ടന്ന് പിടികിട്ടില്ല.

പേര്‍ഷ്യന്‍ മിസ്റ്റിസിസത്തിന്റെ മുഴുവന്‍ ചാരുതയും ഒപ്പിയെടുക്കുന്ന കവിതകളും സമാഹാരത്തിലുണ്ട്. സഅദിയുടെയും, ഹാഫിസിന്റെയും, റൂമിയുടെയുമെല്ലാം ആശിസ്സുകള്‍ അവരുടെ അനുകര്‍ത്താവായ അബ്ബാസിനും ലഭിച്ചിട്ടുണ്ട് എന്ന് സാരം. ഈ കവിത നോക്കൂ:

‘I was given a drink of water
By the Hidden hand of Providence
It was not so refreshing.’

എല്ലാം നല്‍കുന്നവന്റെ
അദൃശ്യമായ കരങ്ങള്‍
എനിക്കും നല്‍കി
ഒരിറുക്ക് വെള്ളം
പക്ഷേ അതത്ര ഉന്‍മേഷദായകമായിരുന്നില്ല.

ZMxcl

ഇസ്‌ലാമിക പാരമ്പര്യത്തിലെ പ്രാര്‍ത്ഥനയെ ശരിയായി അടയാളപ്പെടുത്തുന്ന വരികളാണിത്. ജീവിതം തന്നെ വലിയൊരു ഉദവിയാണ്. ഒപ്പം നിരാശയുമാണ്. ജോലി ചോദിക്കുന്നവന് ഉള്ള ജോലി പോയി എന്ന വാര്‍ത്തയായിരിക്കും പ്രത്യുത്തരമായി ലഭിക്കുക. നിരാശയും ക്ലേശവുമാണ് ജീവിതത്തിന്റെ സാരം. പക്ഷെ പ്രാര്‍ത്ഥനയെ അത് അര്‍ത്ഥശൂന്യമാക്കുന്നില്ല. നമുക്ക് നല്ലതെന്ത് എന്ന ആത്മനിഷ്ഠമായ വിചാരത്തില്‍ നിന്നാണ് നാം ചോദിക്കുന്നത്. എന്നാല്‍ നന്‍മയും തിന്‍മയും അറിയാവുന്നവന്റെ കാലദേശങ്ങള്‍ക്കതീതമായ ഉത്തരം നമ്മുടെ ലളിതവും സങ്കുചിതവുമായ വിചാരലോകം കൊണ്ട് അളന്നെടുക്കാവുന്നതിലും അപ്പുറമാണ്. ജീവിതത്തിന്റെ സ്‌ത്രോതസ്സ് വെള്ളമാണല്ലോ. ഇസ്‌ലാമിക പാരമ്പര്യത്തില്‍ ജ്ഞാനത്തെ സൂചിപ്പിക്കുന്നതും വെള്ളമാണ്. മൂസ ഖിള്‌റിനെ കാണുന്നത്, ജലസ്‌ത്രോതസ്സുകളുടെ അരികില്‍ വെച്ചാണ്. വെള്ളം ജ്ഞാനമാകയാല്‍ ജ്ഞാനമില്ലാത്തവന്‍ മണ്ണു കൊണ്ട് തയമ്മം ചെയ്യട്ടെ, അഥവാ ഭൗമജീവിതത്തില്‍ തൃപ്തിയടയട്ടെ, തഖ്‌ലീദ് ചെയ്യട്ടെ എന്ന് ശൈഖുല്‍ അക്ബര്‍ ഇബ്‌നു അറബി. ജ്ഞാനത്തിന് രുചിയൊന്നും ഉണ്ടാകില്ല. അത് നമ്മെ ക്ഷീണിപ്പിക്കും. പക്ഷെ എല്ലാം നല്‍കുന്നവന്റെ ആരും കാണാത്ത കൈകളാല്‍ നല്‍കപ്പെട്ടതാണത്. അതാണതിന്റെ ആശ്വാസം.

മറ്റൊരു കവിത:
‘With you I suffer
Alone with myself
I am in fear
Where is my non-self’

‘നിന്നോടൊപ്പമാണെങ്കില്‍
ഞാന്‍ വലഞ്ഞതു തന്നെ.
ഒറ്റക്കാണെങ്കില്‍
പേടിയും.
പക്ഷെ അതല്ലാത്ത
എന്ത് സ്വത്വമാണെനിക്ക്.’

ദിവ്യസമാഗമത്തെ പ്രണയം കൊണ്ട് സൂചിപ്പിക്കുന്ന മിസ്റ്റിക്കല്‍ ഭാവനയാണ് ഇവിടെയുള്ളത്. പ്രണയം യാതനയും വേദനയുമാണ്. എന്നാല്‍ വേര്‍പാട് നല്‍കുന്ന ഭീതി അതിനേക്കാള്‍ അസഹനീയമാണ്. പക്ഷെ പ്രണയവും ഏകാന്തയുമല്ലാത്ത മറ്റൊരു ആത്മാനുഭവവും നമുക്കില്ല. രണ്ടാമത്തെ കവിതയുടെ തുടര്‍ച്ചയായി വായിച്ചാല്‍ ദാഹം ശമിപ്പിക്കുന്ന, വിരസമായ ജലസ്‌ത്രോതസ്സ് പ്രണയമെന്ന ജ്ഞാനമാണ്. അത് വേണ്ടെന്ന് വെക്കാം. ഭൂമിയിലെ ഓരോ നിമിഷവും പേടിച്ച് കഴിച്ചു കൂട്ടാം.

Like_Someone_in_Love_2D_dvd

അപ്പോള്‍ അബ്ബാസ് ജീവിതത്തെ എങ്ങിനെയാണ് സമീപിക്കുന്നത് എന്ന് ചോദിക്കാം. ദിവ്യസമാഗമം എന്ന പ്രണയം, പ്രണയമെന്ന വേദന എപ്പോഴും ഉണ്‍മയോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നതിന് അനുഗ്രഹീതരായ കലാകാരന്‍മാരുടെ വഴിയേതാണ്? കലാസൃഷ്ടിയിലാണ് അവരുടെ ആശ്വാസം. അതവരെ പൂര്‍ണ്ണമാക്കുന്നു.

The labor union
At last failed to notice
The spider’s weaving labour.

ഓരോ മഹത്തായ കലയും നെയ്‌തെടുത്ത വലയാണ്. ഒരേ സമയം ദുര്‍ബലവും (ഖുര്‍ആനിക രൂപകം), എന്നാല്‍ ആത്മരക്ഷാദായകവുമാണ് എട്ട്കാലിയുടെ വല. എട്ടുകാലിയുടെ വലയാണ് പ്രവാചകനെയും അനുയായി അബൂബക്കറിനെയും രഹസ്യപാലായന വേളയില്‍ സഹായിച്ചതെന്ന് ഇസ്‌ലാമിക പാരമ്പര്യം. പക്ഷെ വെറുതെ, പുറം കണ്ണു കൊണ്ടല്ല, ഉള്‍ക്കണ്ണു കൊണ്ട് തന്നെ കാണണം, അതിന്റെ ഭംഗിയും സാരവും മനസ്സിലാക്കുന്നതിന്. ഓരോ കലയും ഈ മഹത്തായ കൃതിയും അതാവശ്യപ്പെടുന്നുണ്ട്.

 

ഷമീര്‍ കെ എസ്‌