(അസമിൽ ബിജെപി ഗവൺമെന്റ് ‘ ശൈശവവിവാഹ’ത്തിനെതിരെയെന്ന പേരിൽ ആയിരകണക്കിന് മുസ്‌ലിം ചെറുപ്പക്കാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രസവത്തിനു ആശുപത്രികളിൽ പോവാൻ മടിച്ച് വീടുകളിൽ നിന്ന് രക്തം വാർന്ന് മുസ്‌ലിം സ്ത്രീകൾ ഗുരുതരാവസ്ഥയിൽ ആവുന്നെന്ന് റിപ്പോർട്ടുകൾ വരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ലീഗൽ വിംഗ് എപിസിആർ അസമിൽ സന്ദർശിച്ചു തയ്യാറാക്കിയ റിപ്പോർട്ട്. ആശുപത്രി രേഖകൾ ഉപയോഗിച്ചാണ് വ്യാപക അറസ്റ്റ് നടന്നതെന്ന് റിപ്പോർട്ട് കണ്ടെത്തുന്നു.)
വസ്തുതകൾ
2019 – 2020 ൽ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേ-5 പുറത്തുവിട്ട റിപ്പോർട്ടിനെ തുടർന്ന് 2023 ജനുവരി 23 നാണ് ശൈശവ വിവാഹങ്ങൾ തടയാൻ അസം സർക്കാർ കാബിനറ്റ് തീരുമാനമെടുക്കുന്നത്. സർവേ പ്രകാരം 20-24 വയസ്സിനിടയിലുള്ള അസമിലെ 31.8 ശതമാനം സ്ത്രീകളും 18 വയസ്സ് തികയുന്നതിന് മുമ്പ് വിവാഹിതരായവരാണ്. അതോടൊപ്പം ശൈശവ വിവാഹങ്ങളുടെ ഫലമായുണ്ടാകുന്ന കൗമാര ഗർഭധാരണത്തിൽ 16.8 ശതമാനവും അസമിലെ സ്ത്രീകളാണെന്ന് അസം മുഖ്യമന്ത്രി പ്രസ്താവിച്ചു.
തൽഫലമായി, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (2012), ബാല വിവാഹ നിരോധന നിയമം (2006) തുടങ്ങീ ആക്റ്റുകളനുസരിച്ച് അസം പോലീസ് വിവാഹത്തിലേർപ്പെട്ട ഭർത്താക്കന്മാർ, മരുമക്കൾ, പിതാക്കൻമാർ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ബന്ധുക്കൾ, ഖാദിമാർ, പുരോഹിതർ എന്നിവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യാൻ തുടങ്ങി. നിലവിൽ, സംസ്ഥാനത്തുടനീളം 4,000 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3,000 ത്തോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
നിലവിലെ ശൈശവ വിവാഹങ്ങൾക്കെതിരെയുള്ള അസം ഗവൺമെന്റിന്റെ അടിച്ചമർത്തലിൽ, പ്രധാനമായും രണ്ട് ശിക്ഷാ നിയമങ്ങൾ ഉൾപ്പെടുന്നു:
1. ബാല വിവാഹ നിരോധന നിയമം (2006)
2. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്ന നിയമം. (പോക്സോ)
14 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്മാർക്കെതിരെ പോക്സോ ചുമത്തിയും 14 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം ചെയ്യുന്നവർക്കെതിരെ പ്രിവൻഷൻ ഓഫ് ചൈൽഡ് മാരേജ് ആക്റ്റ് പ്രകാരവും കേസെടുക്കുമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. 2012ലെ പോക്സോ നിയമം, പ്രായപൂർത്തിയാകാത്തവരും മുതിർന്നവരും തമ്മിലുള്ള ലൈംഗികബന്ധം കുറ്റകരമാക്കുന്നു. പ്രായപൂർത്തിയാകാത്തവരുടെ സമ്മതം സാധുതയുള്ളതായി നിയമം അംഗീകരിക്കുന്നില്ല. പോക്സോ പ്രകാരമുള്ള ലൈംഗികാതിക്രമം ജാമ്യം ലഭിക്കാത്തതും തിരിച്ചറിയാവുന്നതുമായ (cognizable) കുറ്റമാണ്. അതായത് വാറണ്ടില്ലാതെ തന്നെ പോലീസിന് അറസ്റ്റ് ചെയ്യാം. അതിനാൽ, 14 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടുന്ന ബാലവിവാഹങ്ങളിൽ ലൈംഗികാതിക്രമം നടക്കുന്നതായി അനുമാനിക്കപ്പെടുന്നു. ബാലവിവാഹ നിരോധന ആക്റ്റ് പ്രകാരം ശൈശവ വിവാഹം നിയമവിരുദ്ധമാണെങ്കിലും അവ അസാധുവായി കണക്കാക്കുന്നില്ല. പകരം, വിവാഹം അസാധുവായി പ്രഖ്യാപിക്കാൻ പ്രായപൂർത്തിയാകാത്തയാൾ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിൽ, അവ അസാധുവാകും. സ്ത്രീകളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായമായി 18 വയസ്സും പുരുഷൻമാർക്ക് 21 വയസ്സുമാണ് നിയമം അനുശാസിക്കുന്നത്. ഈ നിയമപ്രകാരം ബാലവിവാഹത്തിലേർപെടുന്നവർക്ക് രണ്ട് വർഷം വരെ നീണ്ടുനിൽക്കുന്ന കഠിന തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്തപ്പെടുന്നതാണ്. ശൈശവവിവാഹം നടത്തുകയോ നയിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും ഈ ശിക്ഷ ബാധകമാവും. കൂടാതെ വിവാഹം നടന്നിട്ടില്ലെന്ന് തെളിയിക്കുന്നില്ലെങ്കിൽ മേൽ പറഞ്ഞ ശിക്ഷ ലഭിക്കുന്നതായിരിക്കും.
ആശാ പ്രവർത്തകരും ഗ്രാമപഞ്ചായത്ത് തലവന്മാരും ചോർത്തി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസമിൽ കേസെടുത്തിരിക്കുന്നത്. 2023 ജനുവരി 23 ന് നടന്ന കാബിനറ്റ് യോഗം അംഗീകരിച്ചതിന് അനുസൃതമായി, ബാലവിവാഹ നിരോധന ആക്റ്റിലെ സെക്ഷൻ 16 പ്രകാരം അസം ഗവർണർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ ചൈൽഡ് മാരേജ് പ്രിവൻഷൻ ഓഫീസർമാരായി നിയമിച്ചു. ഇത് വിവാഹിതരായ സ്ത്രീകൾക്കിടയിൽ ഭയം സൃഷ്ടിക്കുകയും, പ്രത്യേകിച്ച് ഗർഭകാലത്ത് ലഭിച്ചിരുന്ന ആരോഗ്യ പരിരക്ഷയും സൗകര്യവും ഒഴിവാക്കാൻ പോലും അവരെ പ്രേരിപ്പിക്കുകയും ചെയ്തു.
ദുബ്രി, ബാർപേട്ട, മൊസുലി തുടങ്ങിയ ജില്ലകളിലെ പ്രദേശവാസികൾ പറഞ്ഞതനുസരിച്ച്, ഡി കെ ബസു സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാർ (1997), എ.ഐ.ആർ.എസ്.സി 610, അർണേഷ് കുമാർ വേഴ്സസ് സ്റ്റേറ്റ് ഓഫ് ബീഹാർ (2014) എന്നിവയിലെ സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളുടെ വ്യക്തമായ ലംഘനമാണ് അസം പോലീസ് പിന്തുടരുന്ന അറസ്റ്റും നടപടിക്രമങ്ങളും എന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, അറസ്റ്റിനിടെ വിവാഹം, മെഡിക്കൽ, ഐഡന്റിഫിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പോലീസ് പിടിച്ചെടുക്കുകയും, ശൂന്യമായ പേപ്പറിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തു.
അസം മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രകാരം അറസ്റ്റിലായ എല്ലാ പ്രതികളെയും തടവിലാക്കുന്നതിനും, വരും മാസങ്ങളിലെ കൂടുതൽ അറസ്റ്റിൻ്റെ സാധ്യതയും കണക്കിലെടുത്ത്, സംസ്ഥാന സർക്കാർ ഗോൾപാറയിലെ ട്രാൻസിറ്റ് ക്യാമ്പും സിൽച്ചാറിൽ ഒരു സ്റ്റേഡിയവും രണ്ട് ട്രാൻസിറ്റ് ജയിലുകളാക്കി മാറ്റി. ഇതിനോടകം തന്നെ എൻ.ആർ.സി, ഡി-വോട്ടർ കാറ്റഗറൈസേഷൻ, കുടിയൊഴിപ്പിക്കൽ തുടങ്ങി അസമിൽ പ്രചാരത്തിലുള്ള പ്രശ്നങ്ങളിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്കിടയിൽ സമീപകാല അടിച്ചമർത്തലും അറസ്റ്റും ആശങ്കയും ഭയവും വർദ്ധിപ്പിച്ചിട്ടുണ്ട്.
സാക്ഷ്യങ്ങൾ
(ജില്ല: ഗുവാഹത്തി)
സൊണാലി ബീഗം :
2022 മാർച്ച് 23നാണ് പ്രായപൂർത്തിയാകാത്ത സൊണാലി ബീഗം സിദ്ദിഖ് അലിയെ വിവാഹം ചെയ്യുന്നത്. എന്നാൽ, 2023 ഫെബ്രുവരി 2ന് അർദ്ധരാത്രി ഹതിഗാവ് പോലിസ് സ്റ്റേഷനിൽ നിന്നുള്ള പോലിസ് ഉദ്യോഗസ്ഥർ സൊണാലി ബീഗത്തിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും ഭർത്താവ് സിദ്ദിഖ് അലിയെ ചോദ്യം ചെയ്യാനെന്ന വ്യാജേന പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. കൂടാതെ, സൊണാലിയുടെ ഗർഭധാരണവുമായി ബന്ധപ്പെട്ട മെഡിക്കൽ പേപ്പറുകളും അവർ കൊണ്ടുപോയി. എന്തിനാണ് ഭർത്താവിനെ കൊണ്ടുപോകുന്നതെന്നവർ ചോദിച്ചപ്പോൾ, രാവിലെ സ്റ്റേഷനിൽ വന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ കാണാൻ പറഞ്ഞു. രാവിലെ ഹതിഗാവ് സ്റ്റേഷനിൽ എത്തിയ അവർക്ക് ഭർത്താവ് ഉൾപ്പെടെ ആരെയും കാണാൻ അനുവാദം ലഭിച്ചില്ല. ഭർത്താവിനെ ഗുവാഹത്തി ജില്ലാ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് ഓഫീസർമാരിൽ ഒരാൾ പറഞ്ഞു. ആരോപണങ്ങളെക്കുറിച്ചും എഫ്.ഐ.ആറിൻ്റെ പകർപ്പിനെക്കുറിച്ചും ചോദിച്ചെങ്കിലും ഒന്നും നൽകാൻ പോലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ല. ബാലവിവാഹത്തിൻ്റെ പേരിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് വാക്കാൽ അറിയിക്കുക മാത്രമാണ് ചെയ്തത്. ഉടൻ തന്നെ അവർ ഗുവാഹത്തി ജില്ലാ കോടതിയിലേക്ക് പോയെങ്കിലും ഭർത്താവിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഗുവാഹത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗോൾപാറ ജയിലിലേക്ക് മാറ്റുകയാണുണ്ടായത്.
സൊണാലി പറയുന്നു:
“മജിസ്‌ട്രേറ്റ് കോടതിയിൽ, ഒരു മൊഴി നൽകാൻ ഞാൻ നിർബന്ധിതയായി, അതിപ്രകാരമാണ് രേഖപ്പെടുത്തിയത്; “ഞാൻ എന്റെ ഭർത്താവിനെ സന്തോഷത്തോടെയാണ് വിവാഹം ചെയ്തത്. സ്വന്തം ഇഷ്ടപ്രകാരം, യാതൊരു നിർബന്ധവുമില്ലാതെ”. അതിനുശേഷം എന്നോട് പേപ്പറുകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടെങ്കിലും റെക്കോർഡ് ചെയ്ത കാര്യങ്ങൾ വായിക്കാൻ ബഹുമാനപ്പെട്ട കോടതി എന്നെ അനുവദിച്ചില്ല. കൂടാതെ, രണ്ട് പേപ്പറുകളിൽ ഒപ്പിടാൻ എന്നെ നിർബന്ധിച്ചു. ബഹുമാനപ്പെട്ട കോടതിയാവട്ടെ അഭിഭാഷകരെയൊന്നും നിയമിച്ചതുമില്ല”. തുടർന്ന് തന്റെ ഭർത്താവിനെ മോചിപ്പിക്കണമെന്ന് മജിസ്‌ട്രേറ്റിനോട് അപേക്ഷിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്തെങ്കിലും കോടതി കൃത്യമായ ശ്രദ്ധ നൽകിയില്ല. കോടതിയിൽ നിന്ന് പോലും എഫ്.ഐ.ആറിൻ്റെ പകർപ്പോ മറ്റ് രേഖകളോ നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഏറെ ദാരിദ്രം നിറഞ്ഞ കുടുബത്തിൽ വളർന്ന സോണാലിക്ക് വിവാഹാനന്തരം കുടുബ പിന്തുണയും നഷ്ടമായി. അഭിഭാഷകനായ ജുനൈദ് ഖാലിദിൽ നിന്നും, സമാനമായ രീതിയിൽ നടപടിക്രമങ്ങൾ നേരിട്ട അയൽവാസികളിൽ നിന്നുമാണ് കുറഞ്ഞ സഹായമെങ്കിലും ലഭിച്ചത്.
(ജില്ല: ദുബ് രി )
2020ലെ നീതി ആയോഗ് റിപ്പോർട്ട് പ്രകാരം അസമിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകളിലൊന്നായാണ് ധുബ്രി ജില്ലയെ കണക്കാക്കുന്നത്. ഭൂരിഭാഗം ബാലവിവാഹം റിപ്പോർട്ട് ചെയ്യപ്പെടുന്നതും ഈ ജില്ലയിൽ നിന്നു തന്നെ. അസം പോലീസ് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ ആകെ എണ്ണം യഥാക്രമം 370 ഉം 135 ഉം ആണ്. പോലീസ് രാത്രി വൈകിയും അറിയിപ്പൊന്നും നൽകാതെയുമാണ് ഇവിടെ നിന്ന് ആളുകളെ അറസ്റ്റ് ചെയ്യുന്നതെന്ന് ജനങ്ങൾ പറയുന്നു.
അൻവർ ഹുസൈൻ :
1973-ലെ ക്രിമിനൽ പ്രൊസീജിയർ കോഡ് സെക്ഷൻ 41 എ പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് തന്റെ മകൻ മുഫിജുൽ ഹുസൈനെ തേടി പോലീസ് എത്തിയതെന്ന് അൻവർ ഹുസൈൻ്റെ ഭാര്യ മയൂരി ബീവി പറയുന്നു. മകൻ ഇവിടെ താമസിക്കുന്നില്ലെന്നാണ് പോലീസിനെ അറിയിച്ചത്. എന്നാൽ അത് കേൾക്കുകയോ തൻ്റെ ഭർത്താവിനെ കൊണ്ടുപോവുകയോ ചെയ്തില്ല. മറിച്ച്, മകന്റെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുക്കുകയാണുണ്ടായത്. അറസ്റ്റിന്റെ കാരണങ്ങളൊന്നും തന്നെ അറിയിച്ചതുമില്ല. മകന്റെ വിവാഹത്തെ സംബന്ധിച്ച് എങ്ങനെയാണ് പോലിസ് അറിഞ്ഞതെന്ന് അന്വേഷിച്ചപ്പോൾ, ഗ്രാമപഞ്ചായത്ത് തലവൻ സൂക്ഷിച്ച വിവരം ചോർത്തിയതാണെന്ന് അയൽവാസികളിൽ ഒരാൾ അറിയിച്ചു. പ്രദേശത്തെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പോരായ്മകൾ അവരുടെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
സുർമാൻ അലി :
തൻ്റെ ഭാര്യക്ക് 17 വയസ്സുള്ളപ്പോഴാണ് സുർമാൻ അലി 2022 ൽ വിവാഹം ചെയ്യുന്നത്. നിക്കാഹ് മാത്രം നടത്തുമെന്നും പെൺകുട്ടിക്ക് പ്രായപൂർത്തിയായാൽ മാത്രമേ അവളെ ഭർത്താവിനൊപ്പം അയക്കൂ എന്നതുമായിരുന്നു കരാർ. അതു വരെ അവൾ മാതാപിതാക്കളോടൊപ്പം താമസിക്കും. എന്നാൽ അതിനു മുമ്പ് തന്നെ അവളുടെ ഭർത്താവ് സുർമാൻ അലിയെ ശൈശവ വിവാഹ നിരോധന നിയമ (2006) പ്രകാരം അറസ്റ്റ് ചെയ്തു. നിയമം അനുശാസിക്കുന്ന ഒരു അറിയിപ്പും അദ്ദേഹത്തിന് അയച്ചിരുന്നില്ല എന്നത് ഇവിടെയും പ്രകടമാണ്. അറസ്റ്റിന് ശേഷം ഭയത്തിലും ഭീഷണിയിലുമാണ് ഭാര്യ കഴിഞ്ഞുകൂടുന്നത്.
എസ് കെ അബ്ദുല്ല :
2023 ഫെബ്രുവരി 9 നാണ് ദുബ്രി ജില്ലയിലെ പോലീസ് സ്റ്റേഷനിൽ ശാഹിനുദ്ദീൻ അഹമ്മദിൻ്റെ പരാതിയിൽ ഫായിസുൽ ഹഖിനെതിരെ FIR രേഖപ്പെടുത്തുന്നത്. ഫായിസുൽ ഹഖ് 2017ൽ 17 വയസ്സുള്ള തൻ്റെ മകളെ (ഫരീദ പർവീൻ) വിവാഹത്തിന് നിർബന്ധിച്ചു എന്നാണ് FIR ൽ പറയുന്നത്. ഇതിനെ തുടർന്ന് പ്രൈമറി അധ്യാപകനായ ഫായിസുൽ ഹഖിനെ രാത്രി 1:30 നാണ് പോലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോകുന്നത്. ഇരയായ പെൺകുട്ടി പ്രായപൂർത്തിയാകാതെയാണ് വിവാഹം ചെയ്തതെന്ന ഗ്രാമവാസികളുടെ മൊഴിയും FIR ലുണ്ട്.
കുറ്റാരോപിതനായ സഹോദരനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ്, രേഖകൾ പരിശോധിച്ചപ്പോൾ ഫായിസുൽ ഹഖിന്റെ മകൾക്കും വിവാഹസമയത്ത് പ്രായം തികഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് അബ്ദുള്ള പറയുന്നു. അറസ്റ്റിന്റെ കാരണം പോലീസ് വെളിപ്പെടുത്തിയിട്ടില്ലെന്നും എല്ലാ രേഖകളും പിടിച്ചെടുത്തതായും മകൾ പറഞ്ഞു. FIR ൻ്റെ പകർപ്പോ എന്തെല്ലാം കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന വിവരമോ അവർക്ക് നൽകിയിട്ടില്ല. ജില്ലയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഗോൽപാറ ഡിറ്റെൻഷൻ സെൻ്ററിലേക്കാണ് ഫായിസുൽ ഹഖിനെ കൊണ്ടുപോയത്. സമാനമായ രീതിയിൽ തന്റെ ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്യുമോ എന്ന ഭയത്തിലാണ് ഫരീദ പർവിൻ.
ജില്ല: ബർപേട്ട
നബീബുറഹ്മാൻ :
നബീബുറഹ്മാൻ്റെ ഭാര്യ പറയുന്നു;
“2023 ഫെബ്രുവരി 2 ന് അർദ്ധരാത്രിയിൽ കോൽക്കേഷ്യ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യാനെന്ന വ്യാജേന ഭർത്താവ് നബീബുറഹ്മാനെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയിൽ എന്റെ ഭർത്താവ് ഉടൻ മടങ്ങിവരുമെന്ന് ഉറപ്പുനൽകുകയല്ലാതെ മറ്റൊന്നും പറഞ്ഞില്ല. പോലീസുകാർ വളരെ മോശമായി പെരുമാറുകയും ആരെയെങ്കിലും അറിയിച്ചാൽ എന്റെ കുടുംബത്തിലെ എല്ലാവരെയും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു”. നിർഭാഗ്യവശാൽ, അവരുടെ ഭർത്താവ് മടങ്ങിവന്നതുമില്ല.
ഭർത്താവിനെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിലേക്ക് പോയ അവരോട് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ ഒന്നും തന്നെ പറയാൻ തയ്യാറായില്ല. എന്നാൽ ബാല വിവാഹ നിരോധന നിയമപ്രകാരം തൻ്റെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി അവർ എങ്ങനെയോ അറിഞ്ഞു. പിന്നീട് കോൽക്കേഷ്യയിലെ തന്നെ പോലീസ് ഉദ്യോഗസ്ഥർ നബീബുറഹ്മാൻ്റ ഭാര്യ പിതാവ് അബ്ദുൽ മജീദിനോട് പോലീസ് സ്റ്റേഷനിൽ വന്ന് നബീബുർ റഹ്മാനെ അവിടെ നിന്ന് തിരികെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ, പോലീസ് സ്റ്റേഷനിലേക്ക് പോയ പിതാവും മടങ്ങി വന്നില്ല. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിലേക്ക് പോയപ്പോൾ ഇയാളെ മോചിപ്പിക്കാനാകില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ശൈശവവിവാഹത്തിൻ്റെ പേരിൽ തന്നെയാണ് അദ്ദേഹത്തെയും കസ്റ്റഡിയിലെടുത്തത്.
നബീബുറഹ്മാൻ്റെ ഭാര്യ തുടർന്നു പറയുന്നു;
” എന്റെ പിതാവിനെ വിട്ടയക്കണമെന്ന് ഞാൻ പോലീസ് ഉദ്യോഗസ്ഥനോട് അപേക്ഷിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്തു. അദ്ദേഹം വൃദ്ധനാണെന്ന് ഞാൻ പറഞ്ഞെങ്കിലും അവർ കേട്ടില്ല. അവർ വളരെ മോശമായി പെരുമാറുകയും എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഞാൻ FIR ൻ്റെ കോപ്പി ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ പോലീസ് തയ്യാറായില്ല. എന്റെ പിതാവും ഭർത്താവും ദിവസക്കൂലിക്കാരാണ്, ഞാൻ ഏഴുമാസം ഗർഭിണിയാണ്, ഞാൻ പൂർണ്ണമായും ഇവരെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്റെ പിതാവിന്റെയും ഭർത്താവിന്റെയും അന്യായമായ അറസ്റ്റും മറ്റും കാരണം ശരിയായ വൈദ്യചികിത്സ പോലും ലഭിക്കാത്ത അവസ്ഥയാണ് “.
ഡി-വോട്ടർ കാറ്റഗറിയിൽ ഇതിനോടകം ഇവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഈ നടപടിക്രമങ്ങളും നിലവിലെ സാഹചര്യം കൂടുതൽ വഷളാക്കിയിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതുണ്ട്.
മൊയ്നുദ്ദീൻ :
ഏഴ് മാസം മുമ്പാണ് 20 വയസ്സുള്ള മൊയ്നുദ്ദീൻ 18 വയസ്സ് പ്രായമുള്ള യുവതിയെ വിവാഹം ചെയ്യുന്നത്. അവരിപ്പോൾ ഗർഭിണിയാണ്. ആശാ പ്രവർത്തകർ തന്റെ പ്രായത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയെന്നാണ് അവർ പറയുന്നത്. നിരന്തരം വെള്ളപ്പൊക്കമുണ്ടാകുന്നതിനാൽ കുടിയൊഴുപ്പിക്കൽ സാധ്യതയുള്ള പ്രദേശത്താണിവർ താമസിക്കുന്നത്. അതുമാത്രമല്ല എൻ.ആർ.സി അനുമതി നൽകിയിട്ടും അവരെ ഡി-വോട്ടർ കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ജില്ല: മാജുലി
അഭിഭാഷകനായ മസൂദ് പറഞ്ഞതനുസരിച്ച്, 2023 ഫെബ്രുവരി മൂന്നാം തിയ്യതി അർദ്ധരാത്രിയിൽ 24 പേരെയാണ് ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ശൈശവ വിവാഹ നിരോധന നിയമത്തിലെ സെക്ഷൻ 9, 10, 11 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടാതെ പോക്സോ ചുമത്തുകയും ചെയ്തു. എന്നാൽ, ജില്ലാ കോടതിയിൽ ഹാജരാക്കിയപ്പോൾ എല്ലാവർക്കും ജാമ്യം ലഭിച്ചു.
നിരീക്ഷണങ്ങൾ
1. ഗർഭിണികളുടെ ആരോഗ്യസ്ഥിതി വഷളാകുന്നു
ശൈശവ വിവാഹത്തിനെതിരായ ഈ നീക്കങ്ങൾ പ്രധാനമായും ബാധിക്കുന്നത് ഗർഭിണികളായ സ്ത്രീകളെയാണ്. ശൈശവ വിവാഹത്തിന്റെ പേരിൽ ഭർത്താക്കന്മാരെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുമെന്ന ആശങ്കയാണ് ഇപ്പോഴവരെ അലട്ടുന്നത്. പ്രസവ തീയതി അടുത്തെത്തിയിട്ടും ആശാ പ്രവർത്തകരുടെ അടുത്തേക്ക് പോകാൻ അവർ മടിക്കുന്നു. ആശാ പ്രവർത്തകർ ജില്ല തിരിച്ചുള്ള ഗർഭിണികളുടെ വിവരങ്ങൾ ചോർത്തുകയോ പങ്കുവെക്കുകയോ ചെയ്തതാണ് അറസ്റ്റിനെ ഭയപ്പെടുത്താൻ കാരണമായത്. കുടുബത്തിൽ സമ്പാദിക്കുന്നവർ ജയിലിൽ കഴിയുന്ന സ്ത്രീകൾക്ക്, അവരുടെ കുട്ടികളെ പരിപാലിക്കുന്നതും ഗർഭസ്ഥ ശിശുക്കൾക്ക് പോഷകാഹാരം നൽകുന്നതും ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നു.
2. മുൻകാല പ്രാബല്യത്തിൽ നിയമം നടപ്പാക്കൽ.
കൗമാരക്കാരായ പെൺകുട്ടികളെ ബാധിക്കുന്ന ഒരു വിപത്താണ് ബാല വിവാഹം. ഈ പ്രശ്നം തടയാൻ കേന്ദ്ര സർക്കാർ ബാല വിവാഹ നിരോധന നിയമം 2006 ൽ നടപ്പാക്കി. എന്നിരുന്നാലും സാമൂഹിക മാറ്റം കൊണ്ടുവരാൻ കൂട്ട അറസ്റ്റുകളിലൂടെ സമൂലമായ മാറ്റം നടപ്പാക്കുന്നതിനുപകരം, സർക്കാർ വിവരങ്ങൾ പ്രചരിപ്പിക്കുകയും ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. ആളുകളെ ഈ പരിധിയിൽ ശിക്ഷിക്കുകയും കുറ്റവാളിയാക്കുകയും ചെയ്യുന്നത് അവരുടെ സാമൂഹികവും സാമ്പത്തികവുമായ നിലയെ ബാധിക്കുന്ന തരത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.
3. അറസ്റ്റ് സംബന്ധിച്ച സുപ്രീംകോടതി മാർഗനിർദേശങ്ങളുടെ വ്യക്തമായ ലംഘനം.
വ്യക്തികൾക്കെതിരെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ അറസ്റ്റ് തടയുന്നതിനായി ബഹുമാനപ്പെട്ട സുപ്രീം കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വി. പാസു പശ്ചിമ ബംഗാൾ (1997) നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശം സൂചിപ്പിക്കുന്നത്, അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന് വ്യക്തമായി അറിഞ്ഞിരിക്കണമെന്നും അറസ്റ്റിനുള്ള കാരണത്തെക്കുറിച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയെ അറിയിക്കണമെന്നും നിർദ്ദേശിക്കുന്നു. കുറ്റാരോപിതനെ അവന്റെ/അവളുടെ നിയമപരമായ പ്രാതിനിധ്യവകാശം അറിയിക്കാനും ഇത് പോലീസിനെ ബാധ്യസ്ഥമാക്കുന്നു.
4. ശക്തമായ പൗരസമൂഹത്തിന്റെ അഭാവം.
അസമിൽ ശക്തമായ പൗരസമൂഹത്തിന്റെ അഭാവം ഭരണകൂട ഭീകരതക്കെതിരെ പോരാടുന്നതിന് വലിയ വെല്ലുവിളി ഉയർത്തുന്നു. ശക്തമായ ഒരു സിവിൽ സൊസൈറ്റി ഇൻഫ്രാസ്ട്രക്ചർ ഇല്ലാതിരിക്കുകയും, ജനങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെയും അവബോധത്തിന്റെയും അഭാവം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യം ഭരണകൂട പ്രവർത്തനങ്ങൾക്കെതിരെയുള്ള ജനസംഘാടനത്തെ പ്രയാസമാക്കി. തൽഫലം, ചെറിയ പിന്തുണയോ സഹായമോ ഇല്ലാതെ, ദുരിതബാധിതരായ കമ്മ്യൂണിറ്റികൾ പലപ്പോഴും സ്വയം സംരക്ഷിക്കപ്പെടാൻ ബാധ്യസ്ഥരാവുന്നു. ഇത് ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ളവർക്കിടയിൽ വ്യാപകമായ പരാതികൾക്കും അന്യവൽക്കരണ ബോധത്തിനും കാരണമാവുകയും ചെയ്യുന്നു.
5. വിദഗ്ധ നിയമോപദേശം ഇല്ലാതിരിക്കൽ.
ജനങ്ങൾക്ക് വിദഗ്ധമായ നിയമസഹായം ലഭിക്കുന്നില്ലെങ്കിൽ വലിയ രീതിയിലുള്ള ചൂഷണത്തിനും ദുരുപയോഗത്തിനും ഇരയായി, നീതി ലഭ്യമാക്കുന്നതിൽ നിന്നും അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിന്നും അവർ തടയപ്പെടുകയും ചെയ്യും. അസമിൽ, അടിസ്ഥാന സൗകര്യങ്ങളുടെയും വിഭവങ്ങളുടെയും അഭാവം മൂലം ആളുകൾക്ക് നിയമ സേവനങ്ങൾ പോലും ലഭ്യമല്ലാത്ത ഗ്രാമീണ പ്രദേശങ്ങളിൽ ഇത് പ്രത്യേകിച്ചും രൂക്ഷമാണ്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് നീതി ലഭ്യമാവേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് സമീപകാല നടപടിക്രമങ്ങളും അടിച്ചമർത്തലുകളും ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.
6. ശക്തമായ സംഘങ്ങളുടെ അഭാവം.
ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അസമിൽ ശക്തമായ അസോസിയേഷനുകളുടെ അഭാവം സംസ്ഥാനത്തെ പ്രധാന വെല്ലുവിളിയാണ്. സംഘടിത ഗ്രൂപ്പുകളുടെ കുറവ് ആളുകൾക്ക് ഒത്തുചേരാനും സർക്കാരിനെതിരെ അവകാശങ്ങൾക്കായി ശബ്ദമുയർത്താനും പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രപരമായ പാർശ്വവൽക്കരണം സിവിൽ സമൂഹത്തിന് നിലനിൽക്കാനുള്ള വിഭവങ്ങൾ ഇല്ലാതാക്കി. കൂടാതെ, ശക്തവും സുസ്ഥിരവുമായ സംഘടന കെട്ടിപ്പടുക്കുന്നതിന് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അസ്ഥിരവുമാണ്. സമീപകാല സംഭവങ്ങളിൽ, ഒരു സംഘടിത വിഭാഗത്തിൽ നിന്നല്ല, മറിച്ച് ഒരുപോലെ ബാധിക്കപ്പെട്ടവരിൽ നിന്ന് മാത്രമാണ് ബാധിത കുടുംബങ്ങൾക്ക് പിന്തുണ ലഭിക്കുന്നത്. ഗുവാഹത്തിയിൽ പ്രവർത്തിക്കുന്ന അഭിഭാഷകൻ ജുനൈദ് ഖാലിദ് പ്രസ്താവിച്ചത് ഇങ്ങനെയാണ്; “സെൻസിറ്റീവായ സംസ്ഥാനമെന്ന നിലയിൽ അസമിൽ ശക്തമായ ഒരു പൗരസമൂഹമില്ല. എൻ.ആർ.സി, വ്യാപകമായ ഏറ്റുമുട്ടൽ, ഭരണകൂട അടിച്ചമർത്തൽ എന്നിവയുടെ അനന്തരഫലങ്ങൾ ആളുകൾ ഇതിനകം അനുഭവിക്കുന്നുമുണ്ട്. അതിനോടൊപ്പാമാണ് നിലവിലെ അറസ്റ്റുകളും മറ്റും. ഇവിടെ പ്രവർത്തിക്കുന്ന ആളുകൾ വ്യത്യസ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുമായി ബന്ധമുള്ളവരാണ്, അതുകൊണ്ടു തന്നെ അസമിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർ വളരെ കുറവുമാണ്.”
ഉപസംഹാരം
അസമിൽ നടന്നുകൊണ്ടിരിക്കുന്ന അറസ്റ്റും മറ്റ് സംഭവ വികാസങ്ങളും മുസ്‌ലിം ജനജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മരവിച്ചിരിക്കുന്ന ഭരണകൂടത്തിന് സ്വന്തം പൗരന്മാർക്ക്, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരും ദുരിതബാധിതരുമായവർക്ക് സംരക്ഷണം നൽകാൻ സാധിക്കുന്നില്ല എന്നതും കയ്പേറിയ സത്യമാണ്. ജീവിക്കുന്നതിനും സ്വന്തം ജീവിത പങ്കാളികളെ സംരക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ഭാര്യമാർ നെട്ടോട്ടമോടുകയാണ്. അസമിൽ അരങ്ങേറുന്ന അടിച്ചമർത്തലിനെക്കുറിച്ചുള്ള വസ്തുതാന്വേഷണ റിപ്പോർട്ട്, സംസ്ഥാനത്തെ ആശങ്കാകുലമായ സാഹചര്യത്തെ ആഴത്തിൽ വെളിപ്പെടുത്തുന്നുണ്ട്. അന്യായമായ, ഏകപക്ഷീയമായ അറസ്റ്റുകൾ, ദുർബല വിഭാഗങ്ങളെ ടാർഗെറ്റ് ചെയ്യൽ, ഗർഭിണികളുടെ ആരോഗ്യസ്ഥിതിയെ ബാധിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാകുന്നതായി സൂചിപ്പിക്കുന്നു. ഇത്തരം അന്യായമായ നടപടിക്രമങ്ങൾ അസമിലെ ജനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രത്യേകിച്ച്, സർക്കാരിന്റെ നടപടികളാൽ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ. കൃത്യമായ നടപടിക്രമങ്ങളുടെ ഇല്ലായ്മ നീതിയും സംരക്ഷണവും നിഷേധിക്കപ്പെടുന്നവരുടെ മനസ്സിൽ ഭയവും ഭീഷണിയും നിരന്തരം സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു.
വിവർത്തനം : അമീൻ നാസിഹ്