Campus Alive

അലയൻസ് ഫോർ സോഷ്യൽ ഡെമോക്രസിയുടെ രാഷ്ട്രീയം

(ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി ഇലക്ഷനോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് എച്ച്.സി.യു ഇറക്കിയ ലഘുലേഖകൾ)

(1)

ആത്മാഭിമാനവും സാമൂഹിക നീതിയും ഉയർത്തിപ്പിടിക്കുക.
ഇസ്ലാമോഫോബിയക്കെതിരെ പൊരുതുക
സാമൂഹിക ജനാധിപത്യ മുന്നണിയെ പിന്തുണക്കാം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി HCU വിലെ ഫ്രറ്റേണിറ്റി ഉൾപ്പടെയുള്ള മുസ്‌ലീം സംഘടനകൾ ക്യാമ്പസിൽ നിലനിൽപ്പിനായി പൊരുതിക്കൊണ്ടിരിക്കുകയാണ്. ക്യാമ്പസിലെ ആദ്യ മുസ്ലീം വിദ്യാർത്ഥി തലമുറക്ക് വലത് പക്ഷത്തിന്റെ ജാതീയമായ അടിച്ചമർത്തലുകളെ ചെറുത്ത് നിന്നും ഇടത് പക്ഷത്തിന്റെ രക്ഷക മനോഭാവത്തെ എതിർത്തും രാഷ്ട്രീയ കർതൃത്വം ഉന്നയിക്കാനായി ഒരു പാട് ത്യാഗങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. മുസ്ലീം രാഷ്ട്രീയ സംഘടനകൾ അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിനും അംബേദ്കറൈറ്റ് രാഷ്ട്രീയം ഉന്നയിക്കുന്നവരോടൊപ്പമാണ് എന്നും നൈതികമായി നിലയുറപ്പിച്ചിട്ടുള്ളത്.

രാഷ്ട്രീയ കർതൃത്വം സ്വയം ഉന്നയിക്കുന്ന മുസ്ലീം കക്ഷികളെ ഹിന്ദുത്വ ഫാസിസ്റ്റ് കക്ഷികളോട് ഉപമിക്കുന്ന പഴകിപ്പുളിച്ച ഇടത് വായ്ത്താരികൾ തൽപര കക്ഷികൾ ഇപ്പോഴും ഒരു ലജ്ജയുമില്ലാതെ പ്രചരിപ്പിക്കുന്നുണ്ട്. ദിനംപ്രതി വർധിക്കുന്ന ഇസ്ലാമോഫോബിയയോടൊപ്പം മുസ്ലീം രാഷ്ട്രീയ കക്ഷികൾക്കെതിരെ ഇടത് വലത് ഗ്രൂപ്പുകൾ പരത്തുന്ന കഥകളിലും ആശ്ചര്യമൊന്നും തോന്നില്ല. മുസ്ലീം രാഷ്ട്രീയ സാധ്യതയെ ചോദ്യം ചെയ്യാൻ അവർക്ക് വേണ്ടത് സ്വയം സംഘടിക്കാത്ത കർതൃത്വമില്ലാത്ത ലോയൽ മുസ്ലീംകളെയാണ്. ഇത്തരത്തിലുള്ള ആലോചനകളെ തന്നെ തകർക്കാൻ മുസ്ലീം രാഷ്ട്രീയ സംഘങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

രോഹിത് വെമുല മൂവ്മെന്റിനെതിരെ UDA വന്ന സമയത്ത് മുസ്ലീം സംഘടനകൾ അടിച്ചമർത്തപ്പെട്ടവരുടെ ഐക്യം മുന്നോട്ട് കൊണ്ട് പോകുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഫ്രറ്റേണിറ്റി മൂവ്മെന്റ് അടിച്ചമർത്തപ്പെട്ടവരുടെ രാഷ്ട്രീയത്തെ യാതൊരുവിധ വിട്ടുവീഴ്ച്ചക്കും സന്നദ്ധമാവാതെ മുന്നോട്ട് കൊണ്ട് പോകാൻ തീരുമാനിച്ചതാണ്. ഫാസിസ്റ്റ് ശക്തികൾക്കെതിരെ അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ സാമൂഹിക വിഭാവനകളുടെ കരുത്ത് തിരിച്ചറിഞ്ഞ ഇടത് സംഘങ്ങൾ ഇതിനെതിരെ “വിദ്യാർത്ഥി”കളുടെ ജാതിയുടെ ചോദ്യങ്ങളെ ഏറ്റെടുക്കാൻ വെറും ദുർബല വാദങ്ങളുമായി രംഗത്ത് വന്നു. അടിച്ചമർത്തപ്പെട്ടവരുടെ ഐക്യത്തെ തകർക്കാനുളള ഹീനമായ ശ്രമത്തിൽ
ചില സംഘടനകളെ കൂട്ടിപ്പിടിക്കാനും മുസ്ലീം സംഘടനകളെ ഒപ്പം കൂട്ടാതിരിക്കാനും അവർ സദാ ജാഗരൂകരായിരുന്നു. ഇതോടൊപ്പം മുസ്ലീം സംഘടനകൾക്കെതിരെ വിശേഷിച്ച് എസ്.ഐ. ഒ, ഫ്രറ്റേണിറ്റി പോലുളള സംഘടനകൾക്കെതിരെ ക്യാംപയിനുകൾ നടത്തുകയും ചെയ്തു. ദലിത്, ബഹുജൻ,ആദിവാസി, മുസ്ലീം കൂട്ടായ്മകളെ വ്യവസ്ഥാപിതമായി വിഭജിക്കാനുളള ശ്രമങ്ങൾ മാത്രമായിരുന്നു ഇതെല്ലാം.

ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രമല്ല സംസാരിക്കാനാഗ്രഹിക്കുന്നത് അരികുകളിൽ നിന്നുളള ശബ്ദങ്ങളെ കേൾക്കലും ഒപ്പം നിൽക്കലും ഞങ്ങളുടെ ബാധ്യതയാണെന്ന് തന്നെ ഞങ്ങൾ വിശ്വസിക്കുന്നു. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾ അവരുടെ അവകാശങ്ങൾ ഉന്നയിച്ച് കൊണ്ട് യാതൊരു വിട്ട് വീഴ്ചകൾക്കും തയ്യാറാവാതെ തന്നെ ജനാധിപത്യ പ്രസ്ഥാനങ്ങളോട് മുന്നണികൾ സാധ്യമാക്കണമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അത് കൊണ്ട് അധികാരശക്തികളുടെ അധികാരങ്ങളിൽ നിന്നും നമ്മുടെ രാഷ്ട്രീയ കർതൃത്വത്തെ തന്നെ നിഷേധിക്കുന്ന രക്ഷകാവതാരങ്ങളുടെ ആജ്ഞാ വലയങ്ങളെയും നിഷേധിക്കുന്ന ഇടമായാണ് സാമൂഹിക ജനാധിപത്യ മുന്നണിയെ ഞങ്ങൾ വിഭാവന ചെയ്യുന്നത്. അതിനാൽ സ്വാഭിമാനത്തെയും അന്തസ്സിനെയും അടിയറവ് വെക്കാതെ തന്നെ BSF,MSF,TSF,NSUI എന്നീ സംഘടനകളുമായി യോജിച്ച് ഫാസിസ്റ്റ് ശക്തികൾക്കെതിരെ മുന്നണി സാധ്യമാക്കിയിട്ടുണ്ട്.

ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇനി വെറുമൊരു വോട്ട് ബാങ്ക് ആയി നിലനിൽക്കില്ല എന്ന് തീരുമാനിച്ചു കഴിഞ്ഞതോടൊപ്പം തന്നെ മുസ്ലീം രാഷ്ട്രീയ നിലനിൽപ്പുകളെ അംഗീകരിക്കാത്ത ഫാസിസ്റ്റ് വിരുദ്ധ വ്യവഹാരങ്ങളെ ചോദ്യം ചെയ്തു കൊണ്ടേയിരിക്കുകയും ചെയ്യും. ഇന്ത്യയിൽ മുസ്ലീംകളില്ലാത്ത ഒരു മുന്നണിയെയും ആന്റിഫാസിസ്റ്റ് കൂട്ടായ്മയായി കണക്കാക്കാൻ കഴിയില്ല.ഞങ്ങൾ ഇവിടെ ഞങ്ങളുടെ ന്യായമായ രാഷ്ട്രീയ കതൃത്വത്തിന് വേണ്ടി നിലകൊള്ളുന്നതോടൊപ്പം തന്നെ ഞങ്ങളും ഞങ്ങളുടെ ദലിത് ബഹുജൻ സഹോദരങ്ങളോടും സംഘടനകളോടും ഒപ്പം എന്നും ഞങ്ങളുടെ ന്യായമായ സംഘടിക്കാനുള്ള അവകാശങ്ങൾ ഉന്നയിച്ച് നിലനിൽക്കുന്നതായിരിക്കും. അതോടൊപ്പം സാമൂഹിക നീതിയുടെയും നവ ജനാധിപത്യത്തിന്റെയും സ്വാഭിമാനത്തിന്റെയും സൂക്ഷ്മമായ പുതിയ തുറവികൾ സാധ്യമാക്കുകയും ചെയ്യും. ആയതിനാൽ ക്യാംപസിലെ എല്ലാ ജനവിഭാഗങ്ങളോടും സാമൂഹിക ജനാധിപത്യ മുന്നണിയെ പിന്തുണക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിലെ ഉൾക്കൊള്ളലുകൾ സാധ്യമാക്കുന്ന ഏക മുന്നണി സാമൂഹിക ജനാധിപത്യ മുന്നണിയാണ്.

(2)

മുസ്‌ലിംകളില്ലാത്ത പാനൽ ആന്റി ഫാസിസ്റ്റ് സഖ്യമല്ല !!

കോവിഡ് കാലത്തിന് ശേഷം ഹൈദരാബാദ് സർവ്വകലാശാല വീണ്ടും വിദ്യാർത്ഥി യൂണിയൻ ഓഫീസ് ആര് കൈയാളുമെന്ന് തീരുമാനിക്കാൻ പോളിങ്ങിലേക്ക് പോവുകയാണ്. ഇക്കൊല്ലത്തെ ഇലക്ഷനിൽ മുസ്ലീംകൾ പാനലുകളിൽ ഇല്ലാത്തത് സവിശേഷമായി അടയാളപ്പെടുത്തേണ്ടതാണ്. സ്കൂൾ ബോർഡ് മെമ്പർ ആവാനുള്ള ഇലക്ഷനിൽ പങ്കെടുക്കുന്നവർ ഇക്കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്കിലുമാണുള്ളത്.

എ.ബി.വി.പി പാനലിൽ മുസ്ലിംകൾ ഇല്ലാത്തത് അവരുടെ അജണ്ടയാണെന്ന് നമുക്ക് മനസ്സിലാക്കാം. എന്നാൽ മറ്റ് പാനലുകളിൽ മുസ്ലീംകൾ ഇല്ലാത്തത് കാര്യമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്. എസ്.എഫ്.ഐ സഖ്യ കക്ഷികൾ ഫാസിസ്റ്റ് ശക്തികൾ തോൽപ്പിക്കപ്പെടുന്നതിനെക്കുറിച്ചാണ് കാര്യമായി സംസാരിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ ASA-SFI-DSU പാനലിലെ 9 പേരിലും YISS ലെ 7 സ്ഥാനാർത്ഥികളിലും ഒരു മുസ്ലിം പോലുമില്ല. ഇവിടെ മന:പൂർവുമായ മുസ്ലീം സ്ഥാനാർത്ഥികളുടെ അഭാവവും മുസ്ലീമിന്റെ രാഷ്ട്രീയ ചോദ്യങ്ങളെ മന:പൂർവും കാണാതിരിക്കലും വഴി ഇവർ ലക്ഷ്യം വെക്കുന്നത് മൃദു ഹിന്ദുത്വത്തെ തലോടലും അവരുടെ വോട്ട് ബാങ്കുമാണ് എന്ന് കൃത്യമായി മനസ്സിലാക്കാം.

കഴിഞ്ഞ ഇലക്ഷനിലും മുസ്ലീം രാഷ്ട്രീയ സംഘടനകളെ വർഗീയമെന്ന് വിളിച്ച് അവരുടെ സഖ്യത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഒഴിവാക്കപ്പെട്ട സന്ദർഭത്തിൽ ഞങ്ങൾ ന്യായമായ രാഷ്ട്രീയ നിലനിൽപ്പ് സാധ്യമാക്കുകയും ഇസ്ലാമോഫോബിയയെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇക്കൊല്ലവും യാതൊരുവിധ രാഷ്ട്രീയ വിദ്യാഭ്യാസവുമില്ലാതെ SFI-ASA-DSU സഖ്യം മുസ്ലിം രാഷ്ട്രീയ സംഘടനകളെ ഒഴിവാക്കുകയാണുണ്ടായത്. ഇവരുടെ ആന്റി ഫാസിസ്റ്റ് അവകാശ വാദങ്ങൾ വെറും പൊള്ളയാണെന്നും ASA,DSU മായുള്ള സഖ്യം വെറും ജയം ലക്ഷ്യമാക്കി മാത്രമുള്ളതാണെന്നും മനസ്സിലാക്കാം.

ഇതൊരു പുതിയ കാര്യമല്ല. CAA ക്കെതിരെ ഉണ്ടാക്കിയ “HCU coordination committee” യുടെ ഭാഗമാവാൻ വിദ്യാർത്ഥി യൂണിയനും അതിന്റെ ഭാഗമായ സംഘടനകളും വിസമ്മതിച്ചതാണ് അത് പോലെ നജീബ് വിഷയത്തിലെ സമര പരിപാടികളിൽ മുസ്ലീം സംഘടനകളുടെ ഒപ്പം നിൽക്കാനും അവർ വിസമ്മതിച്ചതാണ്. മുസ്ലീംകൾ പശുവിന്റെ പേരിൽ കൊല്ലപ്പെട്ടപ്പോഴും മുസ്ലീംകളുടെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചപ്പോഴും ഹിജാബ് വിഷയത്തിലും “ഗോലി മാരോ സാലോൻ കോ” എന്ന വിദ്വേഷ മുദ്രാവാക്യം മുസ്ലീംകൾക്കെതിരെ മുഴങ്ങിയപ്പോഴും വ്യക്തമാകുന്ന യാഥാർത്ഥ്യം, മുസ്ലീംകൾക്ക് ഇനി ഇരകളായും വോട്ട് ബാങ്ക് ആവാനും കഴിയില്ല എന്ന സത്യമാണ്. മുസ്ലീംകളെ പൗരന്മാരല്ലാതാക്കുന്നതിനെതിരെയുള്ള മറുപടിയായിരുന്നു ആന്റി സി.എ.എ മൂവ്മെന്റിന് ശേഷം കാമ്പസിൽ വന്ന ഒഴിവാക്കപ്പെട്ട മുസ്ലീം സംഘടനകളുടെ സഖ്യം.

ഈ പറയപ്പെടുന്ന ആന്റി ഫാസിസ്റ്റ് സഖ്യം മുസ്ലീം രാഷ്ട്രീയ ശബ്ദങ്ങളെ കേൾക്കാനോ ഒപ്പം നിൽക്കാനോ സന്നദ്ധമല്ല എന്നത് ASA-SFI-DSU പാനലിൽ ഒരു മുസ്ലീമിനെ പോലും സ്ഥാനാർത്ഥിയാക്കാത്തതിൽ നിന്ന് വ്യക്തമാണ്. പുറത്ത് പോകുന്ന വിദ്യാർത്ഥി യൂണിയനും മുസ്ലീം പ്രാതിനിധ്യത്തിൽ ഒന്നുമില്ലായ്മയാണെന്ന് പ്രതിഫലിപ്പിച്ചിരുന്നു. സുക്കൂൻ സംഘടനാ സമിതിയിൽ ഒറ്റ മുസ്ലീം പോലുമുണ്ടായിരുന്നില്ല. ഇവർക്കാവശ്യമുള്ള മുസ്ലീം ആരെയും ചോദ്യം ചെയ്യാത്ത സംഘടിക്കാത്ത മുസ്ലിമാണ്. ഈ ധാരണകളെ പൊളിക്കാൻ രാഷ്ട്രീയ കർതൃത്വമുള മുസ്ലീംകൾ സംഘടിച്ചേ പറ്റൂ. വർഗം, വർണ്ണം, ജെൻഡർ, സെക്ഷ്വാലിറ്റി പോലുള്ള നിരവധി രാഷ്ട്രീയ ചോദ്യങ്ങൾക്ക് സാധുത കിട്ടുന്ന ഈ സന്ദർഭത്തിൽ എന്ത് കൊണ്ട് ഇപ്പോഴും മുസ്ലിമിന്റെ രാഷ്ട്രീയ ചോദ്യങ്ങൾ സാമൂഹിക തൊട്ട് കൂടായ്മ നേരിടുന്നു ?
എന്ത് കൊണ്ട് ആന്റി ഫാസിസ്റ്റ് സഖ്യത്തിന് ഇതൊരു പ്രശ്നമാവുന്നില്ല ? മുസ്ലീം ചോദ്യങ്ങൾ ജനാധിപത്യത്തിന്റെയും ഉൾക്കൊളളലുകളുടെയും ചോദ്യം എന്ത് കൊണ്ടാവുന്നില്ല ?

ഞങ്ങൾ മുൻപ് പറഞ്ഞത് ഇനിയും പറയാനാഗ്രഹിക്കുകയാണ്. ‘നിങ്ങൾ ഒരു ചുവട് മുസ്ലീംകളിൽ നിന്നകലുമ്പോൾ നിങ്ങൾ ഒരു ചുവട് ഫാസിസത്തിലേക്ക് അടുക്കുന്നു’

വിവർത്തനം : നസീഫ് പൊന്നാനി