Campus Alive

വംശഹത്യാ പഠനങ്ങൾക്കൊരു ആമുഖം

പത്ര പ്രവർത്തകയായ രേവതി ലോൽ തന്റെ ‘അനാട്ടമി ഓഫ് ഹേറ്റ്’ എന്ന പുസ്തകം തുടങ്ങുന്നത് 2002 ഫെബ്രുവരി 28-ന് നരോധപാട്യയിൽ നടന്നൊരു സംഭവം വിവരിച്ചാണ്. ​ഗോധ്ര സംഭവത്തിനുശേഷം പൊട്ടിപ്പുറപ്പെട്ട മുസ്‌ലിം വിരുദ്ധ വംശഹത്യയിൽ വിശ്വസ്തനായ തന്റെ അയൽവാസി ജയ് ഭവാനിയുടെ വീടിന്റെ ടെറസിനു മുകളിൽ അഭയം തേടിയതാണ് മാജിദ്. ജയ് ഭവാനിയുടെ വീടിന്റെ തൊട്ടുപിറകിലുള്ള അമ്പലത്തിലാണ് തന്റെ കുഞ്ഞുങ്ങളേയും, ഭാര്യയേയും അമ്മായി അമ്മയേയും സുരക്ഷിതമായി പൂട്ടിയിട്ടുള്ളത്. കുറച്ചു കഴിഞ്ഞപ്പോൾ ജയ്ഭവാനി മാജിദിനോട്, “മാജിദ് ഭായ് താങ്കളും കുടുംബവും വിശന്നിരിക്കുകയാണ്, താങ്കളുടെ കയ്യിലുള്ള വലിയ പാത്രങ്ങൾ എനിക്കു തരൂ, ഞാൻ നിങ്ങൾക്ക് ഖാദി കിച്ചടി (Kadhi khichdi) ഉണ്ടാക്കിത്തരാം” എന്നു പറഞ്ഞതും, “ഖാദി കിച്ചടിയോ… അത് ശവമടക്കിന്റെ സമയത്തുണ്ടാക്കുന്നതല്ലേ…” എന്നായിരുന്നു ഒരു ഞെട്ടലോടെ മാജിദ് ചോദിച്ചത്. “അതെ നിങ്ങളെല്ലാവരുമിന്ന് കൊല്ലപ്പെടാൻ പോകുകയാണ്” എന്നായിരുന്നു ജയ്ഭവാനിയുടെ മറുപടി. അവിടെ നിന്ന് തന്റെ കുടുംബത്തോടൊപ്പം ഓടി രക്ഷപ്പെടുന്നതിനിടയിൽ മാജിദിന് നഷ്ടപ്പെട്ടത് ഭാര്യയും കുഞ്ഞുങ്ങളും അമ്മായി അമ്മയുമടക്കം തന്റെ കുടുംബത്തിലെ എട്ടു പേരെയാണ്. ദിനേന കാണുന്ന, പരസ്പരമിടപഴകുന്ന ആളുകൾ  തന്റെ സുഹൃത്തിന്റെ, അയൽവാസിയുടെ ജീവനെടുക്കാനും മാനഭം​ഗപ്പെടുത്താനുമുള്ള മാനസികാവസ്ഥയിലേക്ക്  എത്തുന്നത് നിരന്തരമായ സാമൂഹിക പ്രക്രിയയിലൂടെയാണ്.

ചരിത്ര സന്ദർഭങ്ങൾ അനുകൂലമാകുമ്പോൾ ആവർത്തിക്കപ്പെടുന്ന ഒന്നാണ് വംശഹത്യ. വംശഹത്യയെ അതിജീവിച്ചവരുടെ ഐഡന്റിറ്റിയിൽ മാറ്റം വരുത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങളെന്ന നിലക്കാണ് ആധുനിക വംശഹത്യകൾ മുമ്പുണ്ടായിരുന്നതിൽ നിന്നു വ്യത്യസ്തമാകുന്നതെന്നാണ്  ഡാനിയൽ ഫെയർസ്റ്റെയ്ൻ പറയുന്നത്. സാമൂഹികബന്ധങ്ങളിൽ പല രീതിയിൽ മാറ്റം വരുത്തിയാണ് ഇത് സാധ്യമാക്കുന്നത്. വംശഹത്യക്ക് വളരെ  വലിയ അളവിൽ തന്നെ സാമൂഹികമാറ്റം  കൊണ്ടു വരാൻ  കഴിഞ്ഞിട്ടുണ്ടെന്നും, അത് പൊട്ടിപ്പുറപ്പെടുന്നതിന്റെ വളരെ  മുമ്പ് തന്നെ ആരംഭിക്കുന്നതും ഇരകളെ തുടച്ചു നീക്കിയതിനുശേഷവും കുറേ കാലം നിലനിൽക്കുകയും ചെയ്യുന്നതാണെന്നാണ് അദ്ദേഹം പറയുന്നത്[1]. വംശഹത്യയുടെ നിയമപരമായ നിർവചനത്തിൽ നിന്ന് വ്യത്യസ്തമായി, വംശഹത്യ എന്നത് ഒരു സാമൂഹിക പ്രക്രിയയാണ് എന്ന ആശയം മരണത്തോടും മറ്റു ദാരുണമായ   സംഭവങ്ങളോടും കൂടുതൽ വിശാലമായ വിശകലന രീതി അനുവർത്തിക്കാൻ ചരിത്രകാരന്മാരെയും സാമൂഹ്യശാസ്ത്രജ്ഞരേയും പ്രേരിപ്പിക്കുന്നുണ്ട്.

ഇന്ത്യയിൽ മുസ്‌ലിങ്ങൾക്കെതിരായ വംശഹത്യാ സാഹചര്യം രൂപപ്പെട്ടിട്ടുണ്ടെന്നും, ഇനി വരാനിരിക്കുന്നത് കൂട്ടക്കൊലയുടെ ഘട്ടമാണെന്നും നിലവിലുള്ളത് പീഢനത്തിന്റെ (Persecution) ഘട്ടമാണെന്നുമാണ് ​ഗ്രി​ഗറി സ്റ്റാന്റണെപ്പോലുള്ള വംശഹത്യാ പണ്ഡിതർ പറയുന്നത്. നിലവിൽ സ്റ്റാന്റന്റെ നേതൃത്വത്തിലും ഇന്റർ അമേരിക്കൻ മുസ്‌ലിം കൗൺസിലും ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ പുറത്തുവിട്ടുണ്ട്[2]. 2022-23-ൽ ഏറ്റവും കൂടുതൽ കൂട്ടക്കൊലകൾക്ക് സാധ്യമുള്ള രാജ്യങ്ങളിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് Skjodt Center for the Prevention of Genocide at the United States Holocaust Memorial Museum വും Dickey Center for International Understanding at Dartmouth College ഉം കൂടി സംയുക്തമായി നടത്തുന്ന Early Warning Project ന്റെ ഭാ​ഗമായി പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു[3].

വംശഹത്യയെക്കുറിച്ച കേവല നിയമ ചർച്ചക്കപ്പുറത്ത് അതിനെ ഒരു സാമൂഹിക പ്രക്രിയയെന്ന നിലക്ക് കാണാനാണ് ഈ കുറിപ്പു കൊണ്ടുദ്ദേശിക്കുന്നത്.  വംശഹത്യക്കുള്ള നിയമപരമായ നിർവ്വചനം വളരെ ചുരുങ്ങിയതാണ്. അതായത് നിയമം വംശഹത്യ എന്ന കുറ്റകൃത്യത്തെ നിർവ്വചിക്കുകയും അതിന് ശിക്ഷ നൽകണമെന്നനുശാസിക്കുകയും ചെയ്യുമ്പോൾ വംശഹത്യയെക്കുറിച്ചു ഗവേഷണം നടത്തുന്ന സാമൂഹ്യശാസ്ത്ര‍‍ജ്ഞരുടെ മേഖല വിശാലമാണ്. വംശഹത്യ തടയുന്നതിനും അതിന് ശിക്ഷ ഉറപ്പുവരുത്തുന്നതിനുമായി ഐക്യരാഷ്ട്ര സഭ 1948-ൽ കൊണ്ടു വന്ന കരാറിലെ രണ്ടും മൂന്നും വകുപ്പുകൾ വംശഹത്യയെ നിർവ്വചിക്കുന്നുണ്ട്. രാഷ്ട്രീയ സാമൂഹിക വിഭാഗങ്ങളെ നിർവ്വചനത്തിൽ ഉൾപ്പെടുത്തിയാൽ ഭൂരിപക്ഷ രാജ്യങ്ങളും ഈ കൺവെൻഷൻ അംഗീകരിക്കില്ല എന്നതിനാൽ ഇത്തരം വിഭാഗങ്ങളെ നിർവ്വചനത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. രാഷ്ട്രീയമായുള്ള അസ്ഥിരതയും സംഘർഷവും ഉള്ള  രാജ്യങ്ങൾ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്താരാഷ്ട്ര സമൂഹം ഇടപെടുമോ എന്ന ഭയമായിരുന്നു ഈ ഒഴിവാക്കലിനു പിന്നിൽ. എന്നാൽ വംശീയ സ്വഭാവമുള്ളതോ സ്വേഛാധിപത്യ രീതിയിലുള്ളതോ ആയ ഭരണകൂടങ്ങൾക്ക് സാംസ്കാരികവും മതപരവുമായ വ്യതിരിക്തതയുള്ളവർക്ക് നേരെയുള്ള ആക്രമണങ്ങളെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായോ ആഗോള തീവ്രവാദവുമായോ കൂട്ടിക്കെട്ടിയാൽ ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ അത്തരം ഭരണകൂടങ്ങൾക്കു സാധിക്കുമെന്നതിന്റെ തെളിവാണ് ശ്രീലങ്കയിലെ തമിഴർക്കെതിരെ നടന്ന വംശഹത്യാ ശ്രമങ്ങൾ. 2001 സെപ്റ്റംബർ പതിനൊന്നിന് ശേഷമുണ്ടായ ആഗോള ഭീഗര വിരുദ്ധ യുദ്ധം ഇന്ത്യയിലെ ഹിന്ദുത്വഭരണകൂടം അടക്കമുള്ള ഭരണകൂടങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി കൊടുത്തു.

വംശഹത്യാ രാഷ്ട്രീയവും  അനുകൂല പൊതുബോധവും

സമൂഹം പരമ്പരാഗതമായി കൊണ്ടു നടക്കുന്ന മൂല്യസങ്കൽപ്പത്തിൽ നിന്നും വംശഹത്യാ രാഷ്ട്രീയത്തിനനുകൂലമായ  മാറ്റം പെട്ടെന്നുണ്ടാവുന്നതല്ല, മറിച്ച് ധാർമ്മിക സങ്കൽപ്പങ്ങളെ മാറ്റി മറിച്ചും അത് തുടർന്നു കൊണ്ടുപോകുന്നതിലൂടെയുമാണ് പഴയ മൂല്യങ്ങളിൽ നിന്ന് പുതിയതിലേക്ക് മാറുന്നത്. അക്രമവുമായി ബന്ധപ്പെട്ടുള്ള ധാർമ്മികതയെ, പ്രത്യേകിച്ചും അപമാനവീകരിക്കപ്പെട്ട ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടുള്ള ധാർമ്മിക സങ്കൽപ്പങ്ങളെ, വളരെ ശ്രമകരമായി തന്നെ ഭരണകൂടം തിരുത്തുന്നു. വംശഹത്യാ രാഷ്ട്രീയത്തിന്റെ കേന്ദ്രപ്രമേയമായ സമുദായം നിലനിൽപ്പു ഭീഷണി നേരിടുന്നു എന്ന പ്രചരണമാണ് അതിന്റെ മുഖ്യഘടകം. അനിശ്ചിതത്വത്തിൽ നിന്നും, വിക്റ്റിം ഗ്രൂപ്പിനെ ഉപയോഗിച്ച് ഭാവനയിൽ കാണുന്ന ഭീഷണിയിൽ നിന്നുമാണ് ഈ ഭീഷണി ഉണ്ടാകുന്നത്. ഇന്ത്യയിൽ ഹിന്ദു നാസികളുടെ “ഹിന്ദു ഖത്റേ മേം!” (ഹിന്ദു അപകടത്തിലാണ്) എന്ന മുദ്രാവാക്യം ഇതിനോടു കൂട്ടിവായിക്കേണ്ടതാണ്. വംശഹത്യക്കു മുമ്പുള്ള ലിഞ്ചിങും, ആൾക്കൂട്ടം നടത്തുന്നതടക്കമുള്ള വംശഹത്യക്കു മുമ്പുള്ള അക്രമങ്ങളും സ്വീകാര്യമെന്ന നിലക്കല്ല മറിച്ച് അത്യാവശ്യമെന്ന നിലക്കാണ് ചെയ്യുന്നത്. മനുഷ്യത്വത്തിലുള്ള വിശ്വാസം എത്രമാത്രം വിലകുറഞ്ഞു എന്നുകാണിക്കാനായുള്ള First slap ആയാണ് ജീൻ ആമെറി ഇത്തരം അക്രമണങ്ങളെ വിശേഷിപ്പിച്ചത്[4]. ഇന്ത്യയിൽ മുസ്‌ലിങ്ങൾക്കെതിരെ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളും ​ഗോ രക്ഷകരുടെ കർതൃത്വത്തിൽ നടക്കുന്ന കൊലപാതകങ്ങളുമെല്ലാം അവർക്കെതിരായ ആക്രമണങ്ങളെ സ്വാഭാവികവൽക്കരിച്ച് വംശഹത്യക്കനുകൂലമായൊരു ധാർമ്മിക ബോധമുണ്ടാക്കുന്നതിനും കൂടിയാണ്. ഭരണകൂടങ്ങൾ മാത്രമല്ല ഔദ്യോഗികമല്ലാത്ത ബന്ധങ്ങളും ചിലപ്പോൾ വംശഹത്യാ രാഷ്ട്രീയത്തിന്റെ ഉറവിടങ്ങളാകാറുണ്ട്.

വംശഹത്യാ രാഷ്ട്രീയക്കാർ സ്വകാര്യ ഇടങ്ങളിലെ ബന്ധങ്ങളെല്ലാം തന്നെ അക്രമത്തിലൂടെയും, ഇരകളെ സമൂഹത്തിൽ കളങ്കിതരായി ചിത്രീകരിക്കുന്നതിലൂടെയും തങ്ങൾക്കനുകൂലമാക്കി മാറ്റുന്നു. പുതിയ കാലത്ത് സംഘ്പരിവാർ വാട്ട്സാപ്പ് ​ഗ്രൂപ്പുകളടക്കമുള്ള സോഷ്യൽ മീഡിയകളിലൂടെ സ്വകാര്യ ഇടത്തേക്ക് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നത് കാണാം. വംശഹത്യാ സ്റ്റേറ്റുകൾ പലപ്പോഴും സ്വകാര്യ ഇടത്തേക്ക് വളരെ സൂക്ഷ്മമായി തന്നെ ഇടിച്ചു കേറുന്നു. നിലനിൽക്കുന്ന സാമൂഹിക സൗ​ഹാർദ്ദങ്ങളെ തകർക്കുക എന്നത് വംശഹത്യക്ക് അനിവാര്യമാണ്. തങ്ങൾക്ക് ഭീഷണിയാണെന്നു കരുതപ്പെടുന്ന ജനസമൂഹങ്ങളെ അധികാര കേന്ദ്രീകരണത്തിലൂടെ തുടച്ചു നീക്കാനുള്ള ശ്രമങ്ങളെ നമുക്ക് വംശഹത്യക്ക് പശ്ചാത്തലമൊരുക്കുന്ന പ്രവൃത്തിയായി കണക്കാക്കാം. അക്രമത്തിലൂടെയും ധാർമ്മിക തകർച്ചയിലൂടെയുമാണ് റാഡിക്കലൈസേഷൻ സംഭവിക്കുന്നത്. അത്തരം സാഹചര്യങ്ങളി‍ൽ പലവ്യക്തികളും പരമ്പരാഗത മൂല്യങ്ങൾക്കും പുതിയധാർമ്മിക തകർച്ചക്കുമിടയിലൊരു ബാലൻസ് നടത്താൻ ശ്രമിക്കുന്നു. റുവാണ്ടയിൽ വംശഹത്യക്കു മുമ്പ് കൊലപാതകം മോശം പ്രവൃത്തിയാണെന്നായിരുന്നു പൊതുധാർമ്മികത. എന്നാൽ വംശഹത്യാകാലത്ത് അത് മാറി. ബോസ്നിയൻ വംശഹത്യാകാലത്ത് സിവിലിയൻമാരെ കൊല ചെയ്തതിനുള്ള ന്യായീകരണം അവർ സായുധ സംഘമാണെന്ന ആരോപണമായിരുന്നു (Militarization of killing). നിലവിൽ ഇന്ത്യയിലെ സ്ഥിതിയും ഇത്തരത്തിലുള്ളതാണ്  ആഗോള ഭീകരവാദവുമായും ദേശദ്രോഹവുമായുമെല്ലാം മുസ്‌ലിംകളെ കൂട്ടിച്ചേർത്ത് മുസ്‌ലിംകൾക്കെതിരായ അക്രമത്തെ ധാർമ്മികമായി ന്യായീകരിക്കുക എന്നത് സംഘ്പരിവാറിന് എളുപ്പത്തിൽ സാധിക്കുന്നുണ്ട്. ഗ്രാമങ്ങൾശുദ്ധീകരിക്കുക’ എന്ന പ്രക്രിയയുടെ ഭാഗമായിട്ടായിരുന്നു ബോസ്നിയയിൽ സിവിലിയൻമാരെ അരുംകൊലചെയ്തത്. ഹോളോകോസ്റ്റിന്റെ സമയത്ത് ജൂതന്മാർ സായുധ സംഘങ്ങളുണ്ടാക്കുന്നു എന്നതായിരുന്നു ആരോപണം അക്രമ പ്രവൃത്തികൾ അജ്ഞതയിൽ നിന്നും അത്യാർത്തിയിൽ നിന്നുമാണ് ഉണ്ടാകുന്നത് എന്ന് വിശ്വസിക്കുന്ന ബുദ്ധിസത്തിന്റെ മൂല്യങ്ങളും വർഗ്ഗശത്രുവിനെതിരെയും പ്രതിവിപ്ലവകാരികൾക്കെതിരെയും ആവശ്യത്തിൽ കൂടുതലുള്ള പ്രതികാരം ചെയ്യുക എന്ന ഖമര്റൂഷ് ഭരണകൂടത്തിന്റെ മൂല്യങ്ങളും തമ്മിലുണ്ടായിരുന്ന മൂല്യ സംഘർഷങ്ങളേയും ആളുകൾക്കുണ്ടായ മാനസിക സംഘർഷങ്ങളേയും മറികടക്കാൻ (Cognitive dissonance) ഇരകളെ ഭീഷണിയായും കൊലപാതകത്തെ പ്രതിരോധമായും ചിത്രീകരിച്ചു വ്യാപകമായി സാമൂഹികമായി ഭയം ഉൽപ്പാദിപ്പിക്കുകയാണ് കമ്പോഡിയയിൽ ചെയ്തത് [5].

ഒരുസംഘത്തിന് തങ്ങളുടെ ആധിപത്യമോ, മറ്റെന്തെങ്കിലും പ്രിവലേജുകളോ, പദവിയോ നഷ്ടപ്പെടുമ്പോൾ ആ സമൂഹത്തിന് പ്രതിസന്ധിയുണ്ടെന്ന് വരുത്തി ആ സമൂഹത്തിന് മൊത്തത്തിൽ ധാർമ്മിക മൂല്യമില്ലാതാക്കാൻ വംശഹത്യാ രാഷ്ട്രീയക്കാർ ശ്രമിക്കുന്നു. ഇത്തരം സാമൂഹിക പ്രതിഭാസങ്ങൾ തീവ്ര ആശയങ്ങൾ കൊണ്ടും നയങ്ങൾ കൊണ്ടുമാണ് അഭിമുഖീകരിക്കപ്പെടുക.

ഇരയാക്കപ്പെടുന്ന സമൂഹത്തിനു നേരെ പ്രോപഗണ്ടയിൽ അധിഷ്ഠിതമായ പദ്ധതിയിലൂടെയാണ്  ഇതിനെ വംശഹത്യാ രാഷ്ട്രീയക്കാർ നേരിടുന്നത്. ഇന്ത്യയിൽ ഹിന്ദു എന്ന കളക്റ്റീവ് ഐഡന്റിറ്റി തന്നെ രൂപപ്പെട്ടത് സവർണ്ണർക്ക് തങ്ങൾ ന്യൂനപക്ഷമാകുമോ എന്ന ഭയത്തിൽ നിന്നാണ്.  മുസ്‌ലിംകളുമായി വർ​ഗ്ഗീയ കലാപമുണ്ടാകുമ്പോൾ മാത്രമാണ് ഹിന്ദു ഐക്യപ്പെടുന്നത് എന്ന് അംബേദ്കർ എഴുതിയത് ഇവിടെ പ്രസക്തമാണ്. ഇരകളെ ബലിയാടാക്കിക്കൊണ്ടുള്ള പ്രചരണങ്ങളിലൂടെയാണ് വംശഹത്യാ രാഷ്ട്രീയം തങ്ങളുടെ കേന്ദ്രപ്രമേയമായ സമുദായങ്ങളെ ഏകീകരിക്കുക. മുസ്‌ലിം എന്ന അപര ഭീഷണി ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ സംഘ്പരിവാറിന്റെ വംശഹത്യാ രാഷ്ട്രീയം വികസിക്കുന്നത്. എന്നാൽ ഇത്തരം രാഷ്ട്രീയത്തിന് പാകപ്പെടുന്ന വ്യക്തികൾ എപ്പോഴും അക്രമത്തെക്കുറിച്ച്, തങ്ങളുടെ സമുദായം അപമാനിക്കപ്പെടുന്നു എന്നൊക്കെ ചിന്തിച്ച് തങ്ങളുടെ അഹന്തക്ക് എപ്പോഴും മുറിവേറ്റു കൊണ്ടിരിക്കുന്ന (Narcisstic wound) മാനസികമായി ദുർബലരായ ആളുകളായിരിക്കും. ഇങ്ങനെ സമൂഹത്തെ ക്രമീകരിക്കുന്നവർ തന്നെ സമൂഹത്തെ മൂല്യബോധത്തേയും നിർമ്മിച്ച് തങ്ങൾക്കനുകൂലമായൊരു സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുന്നു.

സാമൂഹികമാറ്റത്തിനുള്ള തങ്ങളുടെ ആഗ്രഹം പ്രകടിപ്പിച്ചാണ് അവരിങ്ങനെ ശ്രമിക്കുന്നത്. വംശഹത്യാ കുറ്റവാളികളുടെ ഇത്തരം ആദർശ പോരാളികൾ ആനുപാതികമല്ലാത്ത തരത്തിൽ അധികാരം നഷ്ടപ്പെട്ടവരോ അല്ലെങ്കിൽ തങ്ങൾക്കൊരുപാട് നഷ്ടം സംഭവിച്ചുവെന്ന് വിശ്വസിക്കുന്ന സാമൂഹിക വിഭാഗത്തിൽ നിന്നുള്ളവരോ ആയിരിക്കും. തങ്ങൾ ന്യൂനപക്ഷമാകും എന്ന ഭീതിയിൽ സവർണ്ണർ ഉണ്ടാക്കിയ ഐഡന്റിറ്റിയാണ് ഈ ഹിന്ദു സോഷ്യൽ ഫോർമേഷൻ എന്നു മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലോ. ഇങ്ങനെയുണ്ടാകുന്ന കൂട്ടായ പ്രതിസന്ധി തീവ്ര ആശയങ്ങളുമായി ചേർന്നു വംശഹത്യാ സാഹചര്യങ്ങളുടെ ഉൽഭവത്തിന് കാരണമാകുന്നു. ഔട്ട്ഗ്രൂപ്പിനെ ഭീഷണിയായും തടസ്സമായും അവതരിപ്പിച്ചു അധികാര കേന്ദ്രീകരണവും ആ ഗ്രൂപ്പിനെതിരായ ആക്രമണവും ന്യായീകരിക്കപ്പെടുന്നു. അധികാര പങ്കാളിത്തം, ന്യൂനപക്ഷാവകാശങ്ങൾ, സാമൂഹിക നീതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, തുടങ്ങിയ  അനിഷ്ടകരമായ ഉപാധികൾ അടിച്ചേൽപ്പിച്ചാൽ തങ്ങളുടെ നിലനിൽപ്പ് അപകടത്തിലായി എന്ന രീതിയിലുള്ള ആഖ്യാനങ്ങളാണ് ഇത്തരക്കാർ രൂപപ്പെടുത്തുക.

പൗര സമൂഹത്തിന്റെ സൈനികവത്കരണം

പൗര സമൂഹത്തിന്റെ സൈനികവത്കരണം വംശഹത്യാ പശ്ചാത്തലമൊരുക്കുന്നതിൽ നല്ല പങ്കുവഹിക്കുന്നുണ്ട്. റുവാണ്ടയിൽ, സമൂഹത്തിന്റെ ഈ സൈനികവൽക്കരണം ആയിരുന്നു സിവിൽ ഡിഫൻസ് പ്രോഗ്രാമിൽ (1990-ൽ ആരംഭിച്ചത്). ഗ്രാമങ്ങളിൽ സിവിലിയൻ സംഘങ്ങളെ ആയുധമണിയിക്കുകയും, സിവിലിയൻ സെക്യൂരിറ്റി പട്രോളിം​ഗും (അമറോണ്ടോ), ചെറിയ ആയുധങ്ങൾ വിതരണം ചെയ്യുന്നതിൽ അഡ്മിനിസ്ട്രേറ്റർമാരും, ആയുധ വിതരണവും ആരംഭിച്ചു. സൈന്യവും വിപുലീകരിച്ചു, Interahamwe പോലുള്ള ഗ്രൂപ്പുകളേയും  അർദ്ധസൈനികവിഭാഗങ്ങളേയും രൂപീകരിച്ചു. ഇന്ത്യയിൽ സംഘ്പരിവാറിന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന ആയുധ പരിശീലനങ്ങളും, ത്രിശൂല വിതരണവും ഷൂട്ടിങ് പരിശീലനങ്ങളും ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്. രണ്ടായിരത്തി ഇരുപതിലെ ഡൽഹി കലാപത്തിൽ വ്യാപകമായി തോക്കുകളും മറ്റു ആധുനിക ആയുധങ്ങളുമുപയോഗിച്ചതും ഇതിനോടു കൂട്ടി വായിക്കേണ്ടതുണ്ട്. അഗ്നിവീർ എന്ന പേരിൽ സംഘ്പരിവാർ നടപ്പിലാക്കാനുദ്ദേശിക്കുന്ന രണ്ടര വർഷത്തെ സൈനിക പരിശീലനം ഇങ്ങനെ  തങ്ങൾക്കനുകൂലമായി  സിവിലിയൻമാരെ ആയുധമണിയിക്കുന്നതിനു വേണ്ടിയയായിരുന്നു. പട്ടാളക്കാരോ സാധാരണക്കാരോ നടത്തുന്ന കൂട്ടമായ അക്രമത്തിന്റെ തയ്യാറെടുപ്പ് ഘട്ടം കൂടിയാണ് സൈനികവൽക്കരണം. സൈനികവൽക്കരണം അക്രമത്തിലെ പങ്കാളിത്തവും അക്രമത്തിന്റെ ലക്ഷ്യങ്ങളും വികസിപ്പിക്കുന്നു; സാമൂഹിക നിയന്ത്രണത്തിന്റെ മാനദണ്ഡങ്ങളിലെയും സാമൂഹിക സ്ഥാപനങ്ങളിലേയും മാറ്റത്തെ അത് പ്രതിനിധീകരിക്കുന്നു .

ടാർഗറ്റ് ഗ്രൂപ്പിനെതിരായ അക്രമങ്ങൾക്കനുകൂലമായി ധാർമ്മിക ബോധമുണ്ടാക്കുന്നതിൽ മുൻവിധിയിൽ അധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങൾ സഹായിക്കുന്നു. ചരിത്രപരമായ ഓർമ്മകളും സമകാലിക വിഷയങ്ങളും ഔട്ട് ഗ്രൂപ്പുകൾ ഇൻഗ്രൂപ്പുകൾക്ക് ഒരു ഭീഷണിയാണെന്നു വരുത്തിത്തീർക്കാൻ ഇത്തരം സംഘങ്ങൾ ശ്രമിക്കാറുണ്ട്. ഇന്ത്യയിലെ സംഘ്പരിവാർ ചരിത്രം കാവിവത്കരിക്കാനും അതുവഴി മുസ്‌ലിംകൾക്കെതിരായ വെറുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്.

ഇൻഗ്രൂപ്പുകൾ തമ്മിലുളള അടുപ്പവും ഔട്ട്ഗ്രൂപ്പുകളെ ഒഴിവാക്കലും ഇൻ​ഗ്രൂപ്പുകളെ തീവ്ര ചിന്താ​ഗതിക്കാരായി മാറ്റുന്നതിന് സഹായിക്കുന്നു. ഗ്രൂപ്പുകൾ തമ്മിലുള്ള സഹവർത്തിത്വത്തെ ഇല്ലാതാക്കുന്നതാണ് ഇത്. ശത്രുക്കളെ ആദ്യം മാർക്ക് ചെയ്ത് സാമൂഹികമായി അകറ്റി പിന്നീട് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. വിക്റ്റിം ഗ്രൂപ്പുകൾ നിയമത്തിന്റേയും സാധുതയുടേയും മങ്ങിയതും അവ്യക്തമായതുമായ ഇടത്തിലാണ് നിലകൊള്ളുന്നത്. ഹിജാബ് നിരോധനം, ഗോരക്ഷാ ആക്രമണങ്ങൾ, മത പരിവർത്തന നിരോധന നിയമങ്ങൾ, ബുൾഡോസർ രാജ് തുടങ്ങിയ കാര്യങ്ങളെല്ലാം ഇങ്ങനെ നിയമ സാങ്കേതികത്വത്തിന്റെ മങ്ങിയ ഇടത്തിലാണ് നിലനിൽക്കുന്നത്. ടാർഗറ്റ് ഗ്രൂപ്പുകളെ  മാനവികതയുടെ ശത്രുക്കളെന്ന (hostishumani) രീതിയിൽ നിർവ്വചിച്ചു പൊതുമൂല്യത്തിൽ നിന്ന് വ്യതിചലിച്ചവരെന്നു മുദ്രകുത്തുന്നത് അവരിലുള്ള വ്യക്തികളോടുള്ള ബന്ധങ്ങളെപ്പോലും  ബാധിക്കുന്നു. അങ്ങനെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നവർ അകറ്റപ്പെടുകയും ചെയ്യുന്നു.

റാഡിക്കലൈസേഷൻ

അപര സമൂഹത്തോടുള്ള അക്രമം നിരന്തരമുൽപ്പാദിപ്പിച്ച് അവരോടുള്ള സമൂഹത്തിന്റെ ധാർമ്മികതയെ തകർക്കുന്ന പ്രക്രിയയാണ് വംശഹത്യയുടെ പേരിലുളള റാഡിക്കലൈസേഷൻ. എല്ലാ സ്റ്റേറ്റുകളും തങ്ങളുടെ രാഷ്ട്രീയ ഭൂപടത്തിന്റെ അതിരുകൾ നിശ്ചയിക്കുമ്പോൾ വംശഹത്യാ പ്രത്യയശാസ്ത്രം മുന്നോട്ടു വെക്കുന്ന രാഷ്ട്രങ്ങൾ വ്യക്തികളെ അവരുടെ ഐഡന്റിറ്റിയുടെ പേരിൽ തന്നെ അതിരുകൾ നിശ്ചയിക്കുന്നു. ഇരകളാക്കപ്പെടുന്ന സമുദായത്തെ തങ്ങളുടെ നിലനിൽപ്പിനു ഭീഷണിയായി അവതരിപ്പിച്ചിട്ടാണ് സമൂഹത്തിൽ നിലനിന്നിരുന്ന ധാർമ്മിക ബോധത്തെ തങ്ങളുടേതായ അതിജീവന വ്യവഹാരങ്ങളിലൂടെ (Survival Discourse) വംശഹത്യാ രാഷ്ട്രീയക്കാർ മറിച്ചിടുന്നത്. അക്രമത്തിന് സാധൂകരണം നൽകുന്ന, സാമൂഹ്യബന്ധങ്ങളെ തകർക്കുന്നതിനു പ്രേരണ നൽകുന്ന ചർച്ചകളേയുേം പ്രവൃത്തികളേയും നമുക്ക് വംശഹത്യാ രാഷ്ട്രീയക്കാരുടെ അതിജീവന വ്യവഹാരം (survival discourse) എന്ന് വിളിക്കാം. മൂല്യങ്ങളുടെ റാഡിക്കലൈസേഷൻ പ്രത്യയശാസ്ത്രത്തിലും പ്രോപഗണ്ടയിലും നടക്കുമ്പോൾ യഥാർത്ഥ വയലൻസ് എന്നത് ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് അതിവേഗം വ്യാപിക്കുന്നു.

ഇരകളെ അപമാനവീകരിക്കുന്നതിലൂടെയും അവർക്കു നേരെയുള്ള അക്രമത്തിന് പൊതുസമ്മതി നേടുന്നതിലൂടെയുമാണ് ഇത്തരം റാഡിക്കലൈസേഷനു കളമൊരുക്കുന്നത്. മുസ്‌ലിങ്ങളെ പന്നികളോട് ഉപമിക്കുന്ന സോഷ്യൽ മീഡിയകളിലെ കമന്റുകളും സി.എ.എ സമരകാലത്ത് ആസ്സാം മുസ്‌ലിംകളെ ചിതലുകളോടുപമിച്ചതും നാം കണ്ടതാണല്ലോ. ഇരകൾക്കു നേരെയുള്ള സ്റ്റേറ്റിന്റെ അക്രമത്തിൽതന്നെ നമുക്ക് അവരുടെ ഡീഗ്രേഡിംഗ് സ്റ്റാറ്റസ് വ്യക്തമായി ദർശിക്കാവുന്നതാണ്. ഇത്തരത്തിൽ നിർണ്ണിത ഗ്രൂപ്പുകൾക്കെതിരെ നിരന്തരമായ സാമൂഹിക ബഹിഷ്കരണവും അക്രമവും ഇരകളെ പൊളിറ്റിക്കൽ കമ്മ്യൂണിറ്റിയിൽ നിന്നു തന്നെ പുറന്തള്ളണമെന്ന സന്ദേശം നൽകുന്നു.

നിയമവാഴ്ച ഉറപ്പാക്കാൻ വേണ്ടി സ്റ്റേറ്റ് ബലം പ്രയോഗിക്കുന്നു എന്ന പരമ്പരാഗത സങ്കൽപ്പത്തിൽ നിന്നു മാറി വംശഹത്യാ സ്റ്റേറ്റിൽ സിവിലിയൻമാർക്കു നേരെയുള്ള അക്രമം സ്വീകാര്യവും പ്രാധാന്യമർഹിക്കുന്നതുമായി മാറുന്നു. ഇരകളുടെ സമുദായത്തെ മൊത്തത്തിൽ ക്രിമിനലുകളായി ചിത്രീകരിക്കപ്പെടുകയും ആ സമുദായത്തിൽ പിറക്കുന്നതു തന്നെ സാധാരണത്വത്തിൽ നിന്നുള്ള വ്യതിചലനമായി മാറുകയും ചെയ്യുന്നു. പൗരാവകാശത്തിന്റെ പൂർണ്ണതയിൽ നിന്നൊരു സമുദായത്തെ പുറന്തള്ളി ആ സമൂഹത്തിനു നേരെ നിയമപരമായ ബലപ്രയോ​ഗത്തിന്റെ  വ്യാപ്തി കൂട്ടുകയും ചെയ്യുക എന്നതാണ് ക്രിമിനൽവൽകരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

തീവ്ര ആശയങ്ങൾ യഥാർത്ഥ വയലൻസ് ഉണ്ടാകുന്നതിനു മുന്നോടിയായി തന്നെ അക്രമത്തിനു ആധികാരികത നൽകുകയോ അത് അത്യാവശ്യമാണെന്ന ബോധമുൽപ്പാദിപ്പിക്കുകയോ, ചിലപ്പോൾ വലിയ വലിയ അക്രമ പ്രവർത്തനങ്ങളുടെ കൂടെത്തന്നെ ആളുകളെ സംഘടിപ്പിക്കുന്നതിനുള്ള ഒരു തത്വമെന്ന നിലക്കും, ജനങ്ങളെ ഇരകൾക്കു നേരെയുള്ള അക്രമങ്ങൾക്കു നേരെ ധാർമ്മികമായി  നിസ്സംഗത പാലിക്കാനുള്ള പ്രേരണയെന്ന നിലക്കും വർത്തിക്കുന്നു. വംശഹത്യാ രാഷ്ട്രീയക്കാരുടെ അതിജീവന വ്യവഹാരങ്ങൾ വംശഹത്യാ പ്രത്യയശാസ്ത്രത്തിന്റെ കേന്ദ്രബിന്ദുവാണ്. ഉഫരസമൂഹത്തിന്റെ ഉന്മൂലനം സ്വയം പ്രതിരോധമെന്ന നിലക്കാണ് ചിത്രീകരിക്കപ്പെടുക. വംശഹത്യാരാഷ്ട്രീയക്കാർ ഭരണകൂടമായി  മാറുമ്പോൾ അക്രമത്തെ സ്ഥാപനവത്കരിക്കുകയാണ് ചെയ്യുന്നത്.

വംശഹത്യാ രാഷ്ട്രീയക്കാർ സങ്കീർണ്ണവും വൈവിധ്യവുമുള്ളതുമായ സ്വത്വത്തെ ലളിതവും ഏകമുഖവുമാക്കിത്തീർക്കുന്നു. ഹുതു വംശീയവാദികൾ മറ്റെല്ലാ വൈവിധ്യങ്ങളേയും നിരാകരിച്ച് ഹുതു എന്ന വംശ സ്വത്വത്തെ വികസിപ്പിക്കുകയും ഏതെല്ലാം വൈവിധ്യങ്ങളുണ്ടായാലും ഇരകളെ ടുട്സി എന്ന സ്വത്വത്തിലേക്ക് ചുരുക്കുകയാണ് റുവാണ്ടയിൽ ചെയ്തത്. സമാനമായ രീതിയിലോ അതിനേക്കാൾ തീവ്രമായ രീതിയിലോ ആണ് ഹിന്ദു ഏകീകരണവും മുസ്‌ലിം അപരവത്കരണവും ഇന്ത്യയിൽ നടക്കുന്നതെന്ന് കാണാം. കുറ്റവാളികളുടെ സ്വത്വം ഇങ്ങനെ സ്ഥിരീകരിക്കപ്പെടുന്നതിലൂടെ ഇരകളുടെ അപമാനവീകരണം നടക്കും, അതായത് അവരുടെ സെൽഫ് ഇരകളുടെ സ്പേസ് നിഷേധിച്ചു കൊണ്ട്  വികസിപ്പിക്കുന്നു. വംശഹത്യക്കുപകരിക്കുന്ന  സ്വത്വം ഘനീഭവിക്കുകയും മറ്റു സ്വത്വങ്ങളേക്കാൾ രാഷ്ട്രീയ സാമൂഹിക മാനം അതിനു കൈവരികയും ചെയ്യുന്നുവെന്നു മാത്രമല്ല ഈ സ്വത്വം മരണവും ജീവിതവും തീരുമാനിക്കപ്പെടുന്ന ഒന്നായി മാറുകയും ചെയ്യുന്നു. ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്ന പല കുറ്റവാളികളും ഇരകളുമായി വ്യക്തിപരമായി ബന്ധമുള്ളവരാണെങ്കിലും ഇത്തരം വംശഹത്യാ സമയത്ത് അത്തരം സംഗതികളെ വിസ്മരിക്കും. ഇന്റർപേഴ്സണൽ അംനീഷ്യ എന്നാണ് ഇതിനെ വിളിക്കപ്പെടുന്നത്.ഇത്തരം ഇന്റർപേഴ്സണൽ അംനീഷ്യ സാമൂഹികഅവബോധത്തെ സങ്കുചിതമാക്കുന്ന (Narrowing of awareness) വിശാലമായ സാമൂഹികപ്രക്രിയയുടെ ഭാഗമാണ്. വംശഹത്യാസമയത്ത് ഇത്തരം അവബോധം വളരെ വലിയ അളവിൽ ചുരുങ്ങി തീവ്രമാകുകയും ഇരകളും വംശഹത്യാരാഷ്ട്രീയത്തിന്റെ കേന്ദ്രപ്രമേയമായ സമൂഹവും തമ്മിലുള്ള മാനുഷികമായ ഗ്യാപ്പ് വളരെ വലുതാകുകയും ചെയ്യുന്നു.

ഞങ്ങൾ അവർ എന്നീ ദ്വന്ദങ്ങൾ എല്ലാ സമൂഹങ്ങളിലുമുണ്ട്. ഗ്രൂപ്പ് മെമ്പർഷിപ്പിന് അതിന്റേതായ നിയമങ്ങളുമുണ്ടാകും. അതിനാൽ തന്നെ ഞങ്ങളും നിങ്ങളുമെന്നതിനെ ധാർമ്മിക നിയമങ്ങളുമായി കൂട്ടിച്ചേർത്ത് ഇരകളെ ചാപ്പകുത്തുന്ന രീതിയാണ് വംശഹത്യാ രാഷ്ട്രീയത്തിൽ നമുക്ക് ദർശിക്കാൻ കഴിയുന്നത്. പ്രത്യക്ഷമായ ആഹ്വാനങ്ങളിലൂടെയും സാമൂഹികവത്കരണത്തിന്റേയും അടിച്ചേൽപ്പിക്കുന്നതിന്റേതുമായ സ്ഥാപനങ്ങളിലൂടെയും (പോലീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ) ഈ മാനുഷികമായ ഗ്യാപ്പ് നേതാക്കൾ വർദ്ധിപ്പിക്കുന്നു. സാമൂഹിക അവബോധത്തെ വളരെ സങ്കുചിതമായി മാറ്റിത്തീർക്കുമ്പോൾ തന്നെ ഇരകളെ ശത്രുവായി ചിത്രീകരിക്കുന്ന പ്രക്രിയയും ഒരുമിച്ചു നടക്കുന്നു (Hostile framing). ഇതുമായി ബന്ധപ്പെട്ട് ആരോൺ ബെക്ക് വികസിപ്പിച്ചെടുത്ത Hostile framing theory പറയുന്നത് വാർപ്പ് മാതൃകകൾ സൃഷ്ടിക്കുന്നതിലൂടെയും (Stereotyping), ചാപ്പയടിക്കലിലൂടെയും നെഗറ്റീവ് സ്വഭാവ സവിശേഷതകൾ ഔട്ട്-ഗ്രൂപ്പുകളുമായി ബന്ധപ്പെടുത്തുന്നുവെന്നാണ്. മോശം പ്രവർത്തികൾ ചെയ്യുന്നവർ, വൃത്തിഹീനം, വിശ്വസിക്കാൻ കൊള്ളാത്തവർ തുടങ്ങിയ സ്വഭാവവിശേഷങ്ങളാണ് ഇത്തരം പ്രക്രിയക്കുപയോഗിക്കുന്നത്. ഇരകളെ പൊതുസമൂഹത്തിന്റെ ശത്രുവായി ചിത്രീകരിക്കുന്നതിലൂടെയും, അവർക്ക് അടിസ്ഥാനപരമായി പ്രതിലോമകരമായ സ്വാഭാവ സവിശേഷതകൾ (Essential negative characteristics) കൽപ്പിച്ചു കൊടുക്കുന്നതിലൂടെയാണ് വിക്റ്റിം ഗ്രൂപ്പിനെ മോശമായി ചിത്രീകരിക്കുക, എന്നു മാത്രമല്ല വിക്റ്റിം ഗ്രൂപ്പിന്റെ നിഷ്ക്രിയത്വം പോലും ഗൂഢാലോചനയായി ചിത്രീകരിക്കപ്പെടുന്നു. സാമൂഹിക അവബോധത്തെ വളരെ സങ്കുചിതമാക്കുന്നതോടൊപ്പം, ഇരകളെ ശത്രുവായി ചിത്രീകരിക്കുന്നതോടു കൂടി ഇരകളെ സമൂഹത്തിന്റെ ധാർമ്മിക പരിസരത്തിന്റെ പുറത്തു പ്രതിഷ്ഠിക്കാൻ വംശഹത്യാ രാഷ്ട്രീയക്കാർക്ക് കഴിയുന്നു. വംശഹത്യാ രാഷ്ട്രീയം അതിന്റെ പ്രചാരകരെ വ്യക്തിതലത്തിൽ എപ്രകാരമാണ് സ്വാധീനിക്കുന്നതെന്നു കൂടി വിശകലനം ചെയ്യേണ്ടതുണ്ട്. ദൈർഘ്യം ഭയന്ന് ഈ കുറിപ്പ് അതുമായി ബന്ധപ്പെട്ട്  ആഴത്തിലുള്ള വിശകലനത്തിലേക്ക് പോകുന്നില്ല. ഒറ്റപ്പെടാതിരിക്കാനും, അതിജീവനത്തിന്റെ ശ്രമമായും തങ്ങളൊന്നാണ് എന്ന തരത്തിലുള്ള ഒരു ആത്മ നിഷ്ഠമായ ആശ്വാസം ലഭിക്കാനും (Metaphysical Comfort), മറ്റു സ്വാർത്ഥ താത്പര്യങ്ങൾക്കായും ജനങ്ങൾ ഇത്തരം വംശഹത്യാ രാഷ്‌ട്രീയ സംഘങ്ങളോടൊപ്പം ചേരാറുണ്ട്. സ്ഥാപനവത്കരിക്കപ്പെട്ട വിവേചനങ്ങളിലൂടെ ഇരകളുടെ ഗ്രൂപ്പിനെ പൊതു ശത്രുവായി ചിത്രീകരിക്കുന്ന പ്രവർത്തികൾ വംശഹത്യാ രാഷ്ട്രീയക്കാർ പൊതുയിടങ്ങളിൽ പല രീതിയിൽ അനുവർത്തിക്കുന്നു. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ബന്ധങ്ങളിൽ ഇരകൾക്കു മേൽ വിലക്കുകൾ അടിച്ചേൽപ്പിക്കുക എന്നതാണ് ജുഡീഷ്യറിയും നിയമം നടപ്പിലാക്കുന്ന സ്റ്റേറ്റിന്റെ മറ്റു സംവിധാനങ്ങളും ചെയ്യുന്നത്. അവിടെ ഇരകൾക്കു മേൽ വയലൻസ് പരസ്യമായി നടക്കുന്നു, മാത്രമല്ല അത് ശക്തവുമായിരിക്കും. അതേ സമയം കസ്റ്റഡി മരണങ്ങൾ, പോലീസ് പീഢനങ്ങൾ തുടങ്ങി സാധാരണയായി രഹസ്യമായി സംഭവിക്കുന്ന വയലൻസിന്റെ വാർത്തകൾ  പരസ്യമാക്കപ്പെടുന്നതോടെ ഇത്തരം സ്റ്റിഗ്മ അടിച്ചേൽപ്പിക്കപ്പെട്ട ഇരകളുടെ മേലുള്ള അക്രമം സ്വീകാര്യമാണ് എന്ന തരത്തിലുള്ള സന്ദേശമാണിത് നൽകുന്നത്.

സ്വകാര്യ ഇടങ്ങളിൽ സാമൂഹിക ബന്ധങ്ങൾ തകരാൻ ഇടയാക്കപ്പെടുന്നു, ഇരകളുടെ  ഗ്രൂപ്പിനെ ക്രിമിനലുകളായി കരുതപ്പെടുകയും വിവിധ ഗ്രൂപ്പുകളിലെ  തമ്മിലുള്ള സഹകരണം  ഇല്ലാതാകുകയും ചെയ്യുന്നു. അധികാരവും സ്വാധീനവുമുള്ളിടങ്ങളിൽ നിന്ന് ഇരകൾ പുറന്തള്ളപ്പെടുന്നത് അവരെ കൂടുതൽ പ്രാന്തവത്കരിക്കാനും കുറ്റവാളികളും വിക്റ്റിം ഗ്രൂപ്പുകളും തമ്മിലുള്ള അന്തരത്തെ വർദ്ധിപ്പിക്കുന്നതിനും ഇടയാക്കുന്നു. രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ ഇരകളുടെ സമൂഹത്തെ പരമാവധി ബഹിഷ്കരിച്ചു വിവിധ ​ഗ്രൂപ്പുകൾ തമ്മിലുള്ള സാമ്പത്തിക വിനിമയങ്ങളെ വംശഹത്യാ രാഷ്ട്രീയക്കാർ തടയുന്നു. ഇന്ത്യയിൽ പലയിടങ്ങളിലും മുസ്‌ലിം കച്ചവടക്കാരെ ബഹിഷ്കരിക്കുന്നതും കേരളത്തിൽ ഈയിടെ നടന്ന ഹലാൽ ഭക്ഷണ വിരുദ്ധ ക്യാമ്പയിനും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. സ്വത്വപരമായ പുറന്തള്ളലും അതിന്റെ രാഷ്ട്രീയവത്കരണവും വംശഹത്യാ രാഷ്ട്രീയക്കാർ ഭാവനയിൽ കാണുന്ന ഭീഷണിക്കുള്ള ആദ്യ പ്രതികരണമായേക്കാം. എന്നാൽ തങ്ങളുടെ അതിജീവിനത്തിന് ഇത്തരം ഭീഷണികൾ അത്യപകടമായി തോന്നിയാൽ കൂടുതൽ തീവ്രമായ അക്രമങ്ങൾ അവർക്ക് ആവശ്യമായി വരും. സുരക്ഷ നൽകുക എന്ന ഭരണകൂട ഉത്തരവാദിത്വത്തിന്റെ ഒരു വികാസമെന്ന നിലക്ക് അതി തീവ്രമായ അക്രമങ്ങൾ വംശഹത്യാ സാഹചര്യങ്ങളിൽ നോർമലൈസ് ചെയ്യപ്പെടുന്നു.

നാട്ടിലെ സുരക്ഷക്കായി ഭരണകൂടങ്ങൾ സാധാരണയായി ബലം പ്രയോഗിക്കാറുണ്ടെങ്കിലും വംശഹത്യാ സ്റ്റേറ്റുകൾ പ്രത്യേകിച്ചും ഇരകൾക്കെതിരെ യാതൊരു നിയന്ത്രണങ്ങളൊന്നുമില്ലാതെ അതിക്രമങ്ങൾ പ്രവർത്തിക്കുമെന്നു മാത്രമല്ല പൊതുബോധം ഇതിനു തികച്ചും അനുകൂലമായിരിക്കുകയും ചെയ്യും. ലക്ഷ്യം നേടിയെടുക്കാൻ ആരുടേയും ജീവനെടുക്കാമെന്ന യൂട്ടിലിറ്റേറിയൻ ചിന്താ​ഗതിയാണ് വംശഹത്യാ ഭരണകൂടങ്ങളുടെ അന്തർധാരയായി വർത്തിക്കുന്നത്. കളപറിക്കുമ്പോൾ മുഴുവനായും പറിച്ചു കളയുക എന്നതായിരുന്നു ഖമർറൂഷ് ഭരണകൂടത്തിന്റെ പ്രചാരണം. ശവശരീരങ്ങൾ നെൽപ്പാടങ്ങൾക്ക് വളമാക്കി ഈ യൂട്ടിലിറ്റേറിയൻ ചിന്താ​ഗതി അവർ പ്രാവർത്തികമാക്കി. ശവശരീരങ്ങളിൽ നിന്ന് പല്ലുകൾ പറിച്ചെടുത്തായിരുന്നു നാസികൾ ഈ ലാഭചിന്ത നടപ്പിലാക്കിയത്. എന്നാൽ ഇത്തരക്കാരേക്കാൾ ഭീകരമായ മനോ​ഗതി വെച്ചു പുലർത്തുന്നവരാണ് നമ്മുടെ നാട്ടിലെ ഹിന്ദുനാസികൾ. കുറച്ചു മുമ്പ് മുസ്‌ലിം സ്ത്രീ ശരീരങ്ങളെ ഖബറുകളിൽ നിന്ന് പുറത്തെടുത്ത് ബലാത്സം​ഗം ചെയ്യണമെന്ന് ഒരു ഹിന്ദുത്വ നേതാവ് പ്രസം​ഗിച്ചത് വാർത്തയായിരുന്നുവല്ലോ.

ഇരകൾക്കെതിരെ നിരന്തരം കുറ്റകൃത്യങ്ങളുൽപ്പാദിപ്പിക്കുന്ന സ്ഥാപനമാണ് വംശഹത്യാ രാഷ്ട്രം. മുകളിൽ സൂചിപ്പിച്ച പോലെ ഇരകളെ പരമാവധി മുഖ്യധാരയിൽ നിന്ന് ഓരങ്ങളിലേക്ക് തള്ളി നീക്കുക എന്നതാണ് വംശഹത്യാ ഭരണകൂടങ്ങൾ ചെയ്യുന്നത്. ബുൾഡോസർ രാജ് മുതൽ ശൈശവ വിവാഹങ്ങൾക്കെതിരെ എന്ന പേരിൽ ആസ്സമിലിപ്പോൾ നടപ്പിലാക്കുന്ന പോലീസ് നടപടികളടക്കമുള്ള ഭരണകൂട ചെയ്തികൾ ഇത്തരത്തിലുള്ളതാണ്. വംശഹത്യാ ഭരണകൂടത്തിന്റെ ഇത്തരം കാഴ്ചപ്പാടുകളെ നിരാകരിക്കുന്നവർ സാധാരണത്തേതിൽ നിന്നു വ്യതിചലിച്ചവരായി കണക്കാക്കപ്പെടുന്നു. ഇത്തരം ഭരണകൂടങ്ങൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ എതിർക്കുന്നവർ രാഷ്ട്രത്തെ എതിർക്കുന്നവരായാണ് കണക്കാക്കപ്പെടുന്നത്. കുറ്റവാളികൾക്ക് പരിരക്ഷയും വംശഹത്യയെ അതിജീവിച്ചവർക്ക് സാമൂഹികമരണവും വിധിക്കുന്ന ഒന്നാണ് വംശഹത്യാ രാഷ്ട്രീയം. അക്രമവാസന കുറഞ്ഞവർ പോലും മാറിയ പരിതസ്ഥിതിയിൽ വംശഹത്യയിൽ പങ്കാളികളാകുന്നുവെന്നാണ് ആന്റേഴ്സൺ പറയുന്നത്.

വംശഹത്യയിലെ കുറ്റവാളികളും ഇരയാക്കപ്പടുന്ന ആളുകളും തമ്മിൽ അധികാരത്തിന്റെ കാര്യത്തിൽ അന്തരമുണ്ട്. ഹിംസയെ സ്ഥാപനവത്കരിക്കുന്നതിലൂടെയാണ് വംശഹത്യാ ഭരണകൂടങ്ങൾ ഇത്തരം അന്തരങ്ങൾ സൃഷ്ടിക്കുന്നത്. കുറ്റവാളികളെ മഹത്വവത്കരിക്കുന്നതിലൂടെയും ഇരകളെ ചെറുതായി കാണുന്നതിലൂടെയും പൊതുസമൂഹത്തിന് ഇത്തരം ക്രൂരകൃത്യങ്ങൾക്ക് വിധേയമാകുന്നവരോട് യാതൊരു തരത്തിലുമുള്ള അനുഭാവമുണ്ടാകാത്ത തരത്തിൽ ധാർമ്മികമായ അകൽച്ച (Moral distancing) ഭരണകൂടം ഇത്തരം അധികാര വ്യത്യാസത്തിലൂടെ ഉണ്ടാക്കുന്നു.

സഹതാപമെന്ന വികാരത്തെ മറികടന്ന് ക്രൂരതകൾ അനുവർത്തിക്കാനുള്ള നിശ്ചയദാർഢ്യം വംശഹത്യാ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് തങ്ങൾ ആദരവർഹിക്കുന്ന വ്യക്തികളായി തോന്നുകയും കഠിനഹൃദയരാകുക എന്നത് തെറ്റല്ല മറിച്ച് അനിവാര്യമാണെന്ന ബോധം നൽകുകയും ചെയ്യന്നു.

വംശഹത്യയെ അതിലെ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ, വൈദഗ്ദ്ധ്യമുള്ളവരാ‍ൽ നയിക്കപ്പെടുന്ന വംശഹത്യയെന്നും (Specialized Genocide), ജനകീയ പങ്കാളിത്തമുള്ള വംശഹത്യയെന്നും (Participatory Genocide)  വേർതിരിക്കാവുന്നതാണ്. ആദ്യത്തേതിൽ കൊലയിൽ ആളുകളുടെ വ്യക്തിഗതമായ പങ്കാളിത്തം പലപ്പോഴും താരതമ്യേന കുറവായിരിക്കും സ്പെഷ്യലിസ്റ്റുകളായ ആളുകളായിരിക്കും മിക്കവാറും ഇത്തരം കൊലയിൽ പങ്കെടുക്കുന്നതെന്നു മാത്രമല്ല  (ബ്യൂറോക്രാറ്റുകളും കൊലയിലും മറ്റു കുറ്റകൃത്യങ്ങളിലും പ്രത്യേക പരിശീലനം ലഭിച്ചവരുമായിരിക്കും അവർ) പൊതുജനങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ വിവരമുണ്ടായിരിക്കില്ല. ഇരകൾ പീഢിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് ധാരണയില്ലാത്തവരാണ് പൊതുജനങ്ങൾ എന്ന് ഇതിനർത്ഥമില്ല. എന്നാൽ പൊതുജനദ‍ൃഷ്ടിയിൽ നിന്ന് പുറത്തായിരിക്കും ഇത്തരം കൊലകൾ. ഇരകളാക്കപ്പെടുന്ന സമൂഹം പൊതുവിൽ ഇൻഗ്രൂപ്പിൻെ നിലനിൽപ്പിനു ഭീഷണിയായി ചിത്രീകരിക്കപ്പെടുമ്പോൾ തന്നെ specialized genocide കൊല്ലുന്നതിനെ സാധൂകരിക്കുന്ന മൂല്യങ്ങൾ സെലക്റ്റീവായാണ് പ്രചരിപ്പിക്കുക. ഹോളോകോസ്റ്റ്, നമീബിയയിൽ ജർമ്മൻ കൊളോണിയലിസ്റ്റുകൾ നടത്തിയ ഹെറേറോ വംശഹത്യ, ബോസ്നിയൻ വംശഹത്യയൊക്കെ (സിവിലിയൻ പങ്കാളിത്തത്തിലുള്ള ഏറ്റക്കുറച്ചിലുണ്ടെങ്കിലും) ഇത്തരത്തിലുള്ളതാണ്.

‍എന്നാൽ ജനകീയ പങ്കാളിത്തമുള്ള  വംശഹത്യയിൽ ജനകീയ പങ്കാളിത്തം  വ്യാപകവും അത്തരം പങ്കാളിത്തം വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെടുകയും കൊലകൾ പരസ്യമായി തന്നെ നടക്കുകയും ചെയ്യുന്നു. വംശഹത്യയെ  സാധൂകരിക്കുന്ന മൂല്യങ്ങൾ വ്യാപകമായി പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. 1994-ലെ റുവാണ്ടൻ വംശഹത്യയും  1988 ബുറുണ്ടിയിലെ വംശഹത്യയും ഇതിനുദാഹരണങ്ങളാണ്. ചിലതൊക്കെ തരംതിരിക്കലിന് അനുയോജ്യമാകണമെന്നില്ല (കമ്പോഡിയൻ വംശഹത്യയും ഇതിന് ഉദാഹരണമാണ്). നാസി വംശഹത്യയിൽ ജർമ്മൻ‍കാരും ഓസ്ട്രിയക്കാരുമായ 2003500  പേർ പങ്കെടുത്തെന്നാണ് കണക്ക് (രണ്ടു ലക്ഷം ആണുങ്ങൾ, മുവ്വായിരത്തി അഞ്ഞൂറ് പെണ്ണുങ്ങൾ). വംശഹത്യാ രാഷ്ട്രീയത്തിന് വ്യക്തികളെ പാകപ്പെടുത്തുന്ന, ഭരണകൂടസ്ഥാപനങ്ങൾ പ്രചരിപ്പിക്കുന്ന പല മൂല്യങ്ങളുണ്ട്. വംശീയ പ്രത്യയശാസ്ത്രത്തോടുള്ള വിധേയത്വം, കൂറ്, സ്ഥൈര്യം, ത്യാ​ഗം, അടിയന്തിര സാഹചര്യങ്ങളിൽ എന്തിനും തയ്യാറായി നിൽക്കണമെന്ന ബോധം തുടങ്ങിയവയൊക്കെ ഇതുമായി ബന്ധപ്പെട്ടതാണ്.

അക്രമത്തെ സഹായിക്കുന്ന ഭരണകൂടസ്ഥാപനങ്ങൾ (Structures Facilitating violence)

പൗരത്വം പിൻവലിക്കുക, തടഞ്ഞുവെക്കുക, തൊഴിൽ, ഭൂമി വാങ്ങൽ, രാഷ്ട്രത്തിനുള്ളിൽ തുടരാനുള്ള അവകാശം തുടങ്ങിയ മറ്റ് പല നിയമപരമായ അവകാശങ്ങളിൽ നിന്നും ഇരകളെ ഒഴിവാക്കുന്ന രീതിയാണ് വംശഹത്യാസ്റ്റേറ്റുകൾ അനുവർത്തിക്കുന്നത്. ഇതാണ് മ്യാൻമറിലെ റോഹിങ്ക്യൻ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവസ്ഥ. അവരെ പൂർണ്ണ പൗരന്മാരായി അംഗീകരിക്കുന്നില്ലെന്നു മാത്രമല്ല എന്നാൽ “ബംഗാളികൾ” എന്ന് ലേബൽ ചെയ്തിട്ടു പൗരത്വത്തിൽ നിന്നു പരിപൂർണ്ണമായി ഒഴിവാക്കിയിരിക്കുന്നു, പൗരത്വ പട്ടികയും ആസ്സാമിലെ തടങ്കൽ പാളയങ്ങളും ഇതിനോടു കൂട്ടിവായിക്കേണ്ടതാണ്. രാഷ്ട്രീയ ജീവിതത്തിലെ പങ്കാളിത്തത്തിൽ നിന്ന് ഇരകളുടെ ഗ്രൂപ്പുകളെ നിയമത്തിന് നേരിട്ട് ഒഴിവാക്കാം. രാഷ്ട്രീയ അധികാരത്തിൽ നിന്നും, ഉദ്യോ​ഗതലങ്ങളിൽ നിന്നുംഅവരെ തടയുക, എന്നതും സാമ്പത്തിക അവസരങ്ങളിൽ (ഭൂമിയുടെ ഉടമസ്ഥാവകാശം നിരോധിക്കുന്നതിലൂടെ, പ്രത്യേക നികുതികൾ ഈടാക്കുന്നതിലൂടെ, മുൻഗണനാ തൊഴിൽ ക്വാട്ടകൾ മുതലായവ) അവരെ നിയന്ത്രിക്കുക എന്നതാണ്. ഇന്ത്യയിലെ ഭരണകക്ഷിക്ക് ഒരു മുസ്‌ലിം എം.പിയോ, എം.എൽ.എയോ ഇല്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ വിവിധ തരത്തിലുളള ജിഹാദാരോപണങ്ങൾ ഇതിനുദാഹരണമാണ്. ലാന്റ് ജിഹാദ്, യു.പി.എസ്.സി ജിഹാദ്, ബിസിനസ്സ് ജിഹാദ്, ലവ് ജിഹാദ്, തുടങ്ങിയ ആരോപണങ്ങളിലൂടെ തങ്ങളുടെ വംശഹത്യാ അജണ്ട ആഗോള ഭീകരവാദ വിരുദ്ധ അജണ്ടക്കൊപ്പം കൂട്ടിവെച്ച്  സംഘ്പരിവാർ അവരുടെ വംശഹത്യാ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നത്.

സാമൂഹിക വിഭാഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ തകർക്കൽ സ്വകാര്യ ഇടങ്ങളിലേക്ക്    വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വംശഹത്യാ സ്റ്റേറ്റുകൾ പലപ്പോഴും ഇരകളുടെ ഗ്രൂപ്പും പൊതുസമൂഹവും തമ്മിലുള്ള സാഹോദര്യത്തെ നിയന്ത്രിക്കുന്നു (ഉദാഹരണത്തിന് നാസി ജർമ്മനിയിലെ ന്യൂറംബർഗ് നിയമങ്ങൾ, യുപിയിലെ ലവ് ജിഹാദ് വിരുദ്ധ ഓർഡിനൻസ്, പോലെയുള്ള വിവിധ സാമൂഹിക വിഭാഗങ്ങൾ തമ്മിലുള്ള വൈൈവാഹിക-പ്രണയ ബന്ധങ്ങളെ തടയുന്ന നിയമങ്ങൾ). ഇരകളുടെ ഗ്രൂപ്പിനെതിരെയുള്ള പീഢനങ്ങൾ ശക്തിപ്പെടുത്താൻ നിയമം മാറ്റുന്നതിനുമപ്പുറം, നിയമങ്ങളുടെ നോൺ അപ്ലിക്കേഷൻ ബെക്കർ എന്ന, അഥവാ “കുറ്റകൃത്യങ്ങളുടെ പരമ്പരാഗതവൽക്കരണം” എന്ന് വിളിക്കപ്പെടുന്നതിലേക്ക് നയിച്ചേക്കാം[6]. ഇന്ത്യയിൽ ​ഗോരക്ഷകരായ ക്രിമിനലുകളാൽ നടത്തപ്പെടുന്ന കൊലകൾ എടുത്തു നോക്കിയാൽ ഈ നോൺ അപ്ലിക്കേഷൻ തികച്ചും ദൃശ്യമാകും. നിയമ പണ്ഡിതയായ ജെന്നിഫർ ബാലിന്റ് വാദിക്കുന്നത്, കൊലപാതകം സാധൂകരിക്കാൻ നിയമം ഒരിക്കലും നേരിട്ട് ഉപയോഗിക്കുകയല്ലെങ്കിലും വംശഹത്യാ നടപടികൾക്ക് നിയമപരമായ സാധുത നൽകുന്നു എന്നുമാണ്[7]. പലപ്പോഴും  സാമ്പ്രദായിക നീതിന്യായ വ്യവസ്ഥയിൽ ദ്വന്ദാവസ്ഥ (dual state) ഉണ്ടായിരിക്കുമെന്നാണ് അവർ പറയുന്നത്. അത്തരമൊരവസ്ഥയിൽ ഇത്തരം ജുഡീഷ്യൽ സ്ഥാപനങ്ങൾ നിയമ തത്വങ്ങളുടെ സ്ഥിരത, നിയമപരമായ ശ്രേണി അവ തമ്മിലുള്ള രജ്ഞിപ്പിന്റേയും ഭാഷയിൽ നീതി പ്രവർത്തിക്കുമ്പോൾ തന്നെ ഭരണകൂടത്തിന്റെ നിയമവിരുദ്ധമായ ഈ പ്രത്യേക അവകാശത്തിനൊപ്പം നീങ്ങുകയും ചെയ്യുന്നു. വംശഹത്യാ നടപടികൾ പലപ്പോഴും ഭരണകൂടം പ്രത്യക്ഷമായി ചെയ്യുന്നതോ പറയുന്നതോ ആകില്ല മറിച്ച് മിക്കപ്പോഴും പരോക്ഷമായ നടപടികൾ കൊണ്ടുമാകാമെന്നാണ് അവർ പറയുന്നത്.

ചുരുക്കത്തിൽ വംശഹത്യാ രാഷ്ട്രീയമെന്നത് നിരന്തരമായ ആസൂത്രണത്തിലൂടെയും പ്രോപ​ഗണ്ടകളിലൂടെയും, വൈവിധ്യങ്ങളായ പ്രവർത്തനങ്ങളിലൂടെയും നടപ്പിലാക്കപ്പെടുന്ന ഒന്നാണ്. കേവലമായ സൗഹൃദാഹ്വാനങ്ങൾ കൊണ്ടോ, ​ഗാന്ധിയൻ രീതിയിലുള്ള കേവല സാമുദായിക സൗഹാർദ്ദ വാചാടോപങ്ങൾ കൊണ്ടോ നേരിടാൻ കഴിയുന്ന ഒന്നല്ല അത്. മറിച്ച് കൃത്യമായ പഠനനിരീക്ഷണങ്ങളിലൂടെയുണ്ടാകുന്ന കൗണ്ടർ സ്ട്രാറ്റജികളിലൂടെയും അത് നടപ്പിലാക്കുന്നതിലൂടെയുമാണ് ഇത്തരം ഹിംസാത്മക പ്രത്യയശാസ്ത്രങ്ങളെ നേരിടേണ്ടി വരിക. പലപ്പോഴും സാമ്പ്രദായിക രാഷ്ട്രീയ പദാവലികളിൽ നിന്നും, നടപ്പുരീതികളിൽ നിന്നും വ്യത്യസ്തമായ ശൈലികൾ ഇത്തരം വംശഹത്യാ രാഷ്ട്രീയത്തിന്റെ ഇരകൾ അനുവർത്തിക്കേണ്ടതായി വരും. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് അത്തരത്തിലുള്ള അതിജീവന സ്ട്രാറ്റജികളുണ്ടോ എന്ന് സമുദായ നേതൃത്വങ്ങൾ സ്വയം വിചാരണ നടത്തേണ്ടതുണ്ട്.

[1]Daniel Feirstein Genocide as a social process, chapter 01, Page 01.

[2]https://www.genocidewatch.com/single-post/dr-stanton-notes-early-warning-signs-of-genocide-in-india , https://iamc.com/iamc-report-genocide-convention-persecution-of-muslims-in-india/

[3]https://www.ushmm.org/genocide-prevention/blog/countries-at-risk-for-mass-killing-2022-23

[4]Amery, At the Mind’s Limits

[5]Kjell Anderson, Perpetrating Genocide, A Criminological Account page 19

[6]Carson, “The Conventionalization of Early Factory Crime” Page 39

[7] Balint, Genocide, state crime and the Law, 42

അഡ്വ. അബ്ദുല്‍ കബീര്‍