Campus Alive

ബാബരി: നീതിയാണ് പരിഹാരം

(എസ്.ഐ.ഒ – സോളിഡാരിറ്റി ബഹുജന സംഗമം മുന്നോട്ട് വെക്കുന്ന പ്രമേയം)

ബാബരി മസ്‍ജിദുമായി ബന്ധപ്പെട്ട് കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി നടക്കുന്ന സംഘ്പരിവാര്‍ പദ്ധതികളുടെ പൂര്‍ത്തീകരണമാണ് സുപ്രീംകോടതി വിധിയോടെ സംഭവിച്ചിരിക്കുന്നത്. ബാബരി പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ചതും പള്ളി തകര്‍ത്തതും കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ച കോടതി, വസ്തുതകള്‍ക്ക് പകരമായി മിത്തുകളെ വിശ്വാസമായി തീര്‍പ്പു കല്‍പ്പിച്ച്, ബാബരിയുടെ ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. നിരവധി പൊരുത്തക്കേടുകള്‍ നിറഞ്ഞതാണ് ഈ വിധി. വിശ്വാസത്തില്‍ ഇടപെടുന്നില്ല എന്ന് പറഞ്ഞ കോടതി അവസാനം മിത്തിലൂന്നിയ വിശ്വാസത്തെ അംഗീകരിച്ചാണ് വിധി പ്രസ്താവിച്ചത്. ഇത് ഇന്ത്യന്‍ നീതി വ്യവസ്ഥയെയും ഭരണഘടനയെയും ദുര്‍ബലപെടുത്തുന്ന നടപടിയാണെന്ന് നിയമ വിദഗ്‍ദര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. മുസ്‍ലീങ്ങള്‍ക്ക് നഷ്ടപരിഹാരമെന്ന നിലയില്‍ അഞ്ച് ഏക്കര്‍ സ്ഥലം കോടതി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് അനീതിയാണെന്നും കേവലം ഭൂമിക്ക് വേണ്ടിയല്ല, ബാബരിയുടെ പുനസ്ഥാപനത്തിന് വേണ്ടിയാണ് പൊരുതിയതെന്നും മുസ്‍ലിം സമുദായം ഒന്നടങ്കം പ്രഖ്യാപിച്ചു കഴിഞ്ഞു. പള്ളി പൊളിച്ചത് കുറ്റകൃത്യമാണ് എന്ന് സുപ്രീം കോടതി പറയുമ്പോഴും 27 വര്‍ഷം കഴിഞ്ഞിട്ടും പ്രമുഖരായ സംഘപരിവാര്‍, ബിജെപി നേതാക്കള്‍ പ്രതികളായ കേസില്‍ ക്രിമിനല്‍ നടപടികള്‍ നീതിയുക്തമായി നടന്നിട്ടില്ല. ബാബരി മസ്‍ജിദ് തകര്‍ത്ത കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ ഭരണകൂടം അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ഇതിനോടൊപ്പം, വിധിയെ മുന്‍നിര്‍ത്തി അടിയന്തരാവസ്ഥക്ക് തുല്യമായ പ്രതീതിയൊരുക്കി ജനാധിപത്യ പ്രതിഷേധങ്ങളെ പോലും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ വിവേചനപരമായ നടപടികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ട് പോകുകയാണ്. ബാബരി കേസില്‍ പ്രതികരിച്ച പ്രവാസികളായ മുസ്‍ലിം ചെറുപ്പക്കാരുടെ പേരില്‍ 153 A ചാര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്തത് കേരള പോലീസാണ്. അതേസമയം കേന്ദ്ര മന്ത്രിയും സംഘ്‍പരിവാര്‍ നേതാക്കളും കോടതി വിധിയെയും ഭരണകൂട സംവിധാനങ്ങളെയും വെല്ലുവിളിക്കുന്ന തരത്തില്‍ പ്രതികരണങ്ങള്‍ നടത്തിയിട്ടും അതിനെതിരായ പരാതികളില്‍ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവുന്നില്ല. വിധിയോട് ഒരു വിഭാഗത്തില്‍ നിന്നും മാത്രമുയര്‍ന്നു വരുന്ന ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന പോലീസ് നടപടികള്‍ തുറന്ന മുസ്‍ലിം വിവേചനമാണ്. ഇത്തരം നിയമാതീതമായ ഇടപെടലുകളില്‍ നിന്ന് പോലീസ് പിന്മാറേണ്ടതുണ്ട്. ഇതൊരു ‘പോലീസ് സ്റ്റേറ്റ്’ അല്ലെന്ന ബോധം അവരെ നിയന്ത്രിക്കുന്ന ഭരണകൂടത്തിനും ഉണ്ടാകണമെന്ന് ഈ സമ്മേളനം ഉണര്‍ത്തുന്നു.

വിധിയുമായി ബന്ധപ്പെട്ട് തന്നെ സമൂഹത്തിന്റെ വ്യത്യസ്ത കോണുകളിൽ നിന്നുയർന്ന് വരുന്ന സംയമന-സമാധാന ആഹ്വാനങ്ങൾ മുസ്‍ലിം സമുദായത്തിലെ നീതിക്ക് വേണ്ടിയുള്ള ശബ്ദങ്ങളെ രാഷ്ട്രീയമായി നിയന്ത്രിക്കുന്നതും അനീതിക്ക് ചരിത്രപരമായി കൂട്ട് നിൽക്കുന്നതുമാണ്. ഇത്തരം ഒത്ത് തീർപ്പ് സമീപനങ്ങൾ മുസ്‍ലിം സമുദായവുമായി ബന്ധപ്പെട്ട് ഭാവിയിൽ വരാൻ സാധ്യതയുള്ള നിയമ വിധികളുടെ സ്വഭാവത്തെ നിർണ്ണയിക്കുന്നതിനും സമുദായത്തിന് നേരെ തുടർന്ന് വരുന്ന ഹിംസകൾക്ക് മൗനാനുവാദം നൽകുന്നതിനുമാണ് കാരണമായിത്തീരുക. ഒരു വിഭാഗത്തിന്റെ അവകാശങ്ങളെ മാത്രം ഹനിച്ചു കൊണ്ട് ഉയർത്തപ്പെടുന്ന നിർബന്ധിത സമാധാന ശ്രമങ്ങൾ സംഘ് പരിവാറിന്റെ തന്നെ രാഷ്ട്രീയാധുമാണെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് നീതി മാത്രമാണ് പരിഹാരമെന്ന മുദ്രവാക്യത്തിലേക്ക് എത്തിച്ചേരാൻ മുഴുവൻ പൗരസമൂഹവും തയ്യാറാകേണ്ടതുണ്ട്.

ആയതിനാൽ, ബാബരി വിഷയത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന നീതി നിഷേധങ്ങള്‍ പ്രശ്‌ന പരിഹാരമെന്ന രീതിയില്‍ അടിച്ചേല്‍പിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ തന്നെ വിശ്വാസ്യതയെയാണ് ദുര്‍ബലപ്പെടുത്തുക. അതുകൊണ്ട്, മുസ്‍ലിം സമുദായത്തിന്റെ ആത്മാഭിമാനത്തിനെ മുഖവിലക്കെടുക്കാതെ, ഏകപക്ഷീയമായി പ്രഖ്യാപിക്കപ്പെട്ട ഈ വിധി പുന പരിശോധിക്കണമെന്നും സമ്പൂര്‍ണ നീതി നടപ്പാക്കണമെന്നും ഈ സമ്മേളനം കോടതിയോടും സര്‍ക്കാറിനോടും ആവശ്യപ്പെടുന്നു. അതോടൊപ്പം തന്നെ മുസ്‍ലിം സമൂഹത്തോടുള്ള നീതി നിഷേധത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ മുഴുവന്‍ ജനാധിപത്യ സമൂഹത്തോടും ഈ സമ്മേളനം ആവശ്യപെടുന്നു.

campusadmin