Campus Alive

കാമ്പസുകളിലെ ഇസ്‍ലാമോഫോബിയ: സ്ഥാപനവത്‍കൃത വിവേചനങ്ങളും സെലക്ടീവ് മറവികളും

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജസ്റ്റിസ് ഫോർ ഹാഷ്ടാഗിനു ശേഷം പൂരിപ്പിക്കുന്നത് മദ്രാസ് ഐ.ഐ.ടിയില്‍ സ്ഥാപനവത്‍കൃത കൊലപാതകത്തിന് ഇരയായ ഫാത്തിമ ലത്തീഫിന്റെ പേരാണ്. ആരും അറിയാതെ ഒതുങ്ങേണ്ടിയിരുന്ന സംഭവം ഇന്ന് എല്ലാവരും ചർച്ച ചെയ്യുന്ന അവസ്ഥയിൽ എത്തിച്ചതിൽ മാധ്യമങ്ങൾക്കും സാമൂഹ്യമാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. വിരോധാഭാസം എന്തെന്നാൽ ജീവനോടുള്ള അനാദരവ് കാട്ടിയതിന്റെ പേരിൽ ഞാനും നിങ്ങളും കുറ്റപ്പെടുത്തേണ്ടിയിരുന്ന ഫാത്തിമ ഇന്ന് എന്റെയും നിങ്ങളുടെയും സ്വപനങ്ങളിൽ വന്ന് നമ്മെ പഴിചാരുകയാണ്. ‘ഫാത്തിമ എന്ന പേര് പ്രശ്നമായ ‘ ഐ.ഐ.ടി മദ്രാസ് പോലൊരു പൊതുകാമ്പസിലെ ഹോസ്റ്റൽ മുറി ജീവനൊടുക്കാനായി ഫാത്തിമ തിരഞ്ഞെടുത്തതിൽ നിന്നാണ് പ്രശ്നം മറ്റൊരു തലത്തിലേക്ക് ഉയരുന്നത്. ഇതരനാടുകളിലെ ‘പ്രെസ്റ്റീജിയസ്’ പൊതുകാമ്പസുകളിലേക്ക് മക്കളെ പറഞ്ഞയക്കാന്‍ മനക്കട്ടിയില്ലാത്തതിന്റെ പേരിൽ തന്റെ മക്കളിലാരും മറ്റൊരു ഫാത്തിമയാകരുതെന്ന് കരുതി അവരെ കൌൺസിലിംഗ് സെന്ററുകളിലേക്ക് ഓടിക്കിതച്ച്‌ പറഞ്ഞയക്കുന്ന മാതാപിതാക്കളോട് അത് പ്രയോഗശൂന്യമാണെന്ന് പറയേണ്ടി വരും. കാരണം ഫാത്തിമയുടെ ആത്മഹത്യ ഒരു തിരഞ്ഞെടുപ്പായിരുന്നില്ല, നിവൃത്തിയില്ലായ്മയായിരുന്നു.

വെറുപ്പിന്റെയും ഇസ്‍ലാമോഫോബിയയുടെയും ദുർഗന്ധം വീശുന്ന ഇടങ്ങളിൽ ഇത്തരം കൂട്ടുകാർക്ക് ശുദ്ധവായു സമ്മാനിക്കുന്നത് മരണമാകുമ്പോൾ, അവരത് തേടി പോകുന്നതിൽ എത്ര നാൾ നമ്മുക്ക് കുറ്റം പറയാൻ പറ്റും? അതുകൊണ്ട് തന്നെയാണ് കാമ്പസുകളിൽ നിലവിലുള്ള വിവേചനത്തിനും അനീതിക്കുമെതിരെയുള്ള മുദ്രാവാക്യങ്ങൾ പരിഹാരമാകുന്നത്. ഇന്നിവിടെയില്ലാത്ത ഫാത്തിമയ്ക്കും രോഹിത്തിനുമൊക്കെ നീതിതേടിയുള്ള പോരാട്ടങ്ങൾ നമ്മുക്കൊക്കെ വേണ്ടിയുള്ള പോരാട്ടമാകുന്നത്. അതിനാൽ ഫാത്തിമ ഒരു തട്ടമിടാത്ത മുസ്‍ലിം ആയിരുന്നതിനാൽ ഇതിനെ ഫാത്തിമയുടെ മതത്തിനെതിരായുള്ള ആയുധമായി പരിഗണിക്കാൻ കഴിയില്ലെന്ന വാദം പൊളിയുന്നു. കുറച്ചു കൂടി വ്യക്തമാക്കി പറഞ്ഞാൽ ഫാത്തിമയുടെ വ്യക്തിജീവിതമോ ഐ.ഐ.ടി കാമ്പസ് പരിസരമോ പ്രസക്തമല്ലാതാവുന്നു. ആത്മഹത്യക്ക് പിന്നിൽ മാനസികസങ്കർഷമാണെന്നും, സാമൂഹ്യ ഇടപെടലുകളുടെ കുറവാണെന്നുമൊക്കെയുള്ള (ആത്മഹത്യ ചെയ്യാൻ തിരഞ്ഞെടുത്ത ”നവംബർ എട്ടാം” തിയതിയെ ചുറ്റിപറ്റി കഥകൾ മെനയുന്ന കൂട്ടർവരെയുണ്ട്) വാദങ്ങളിലേക്ക് വിഷയത്തെ ഒതുക്കാമെന്നത് വ്യാമോഹമാണ്.

ഫാത്തിമയുടെ മരണത്തേക്കാൾ അവൾക്ക് ജീവിക്കാൻ സാധിക്കാൻ പറ്റാതിരുന്ന സാമൂഹികസഹാചര്യത്തെ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. രോഹിത്തിന്റെയും ഫാത്തിമയുടെയുമൊക്കെ ആത്മഹത്യ കുറിപ്പുകൾ പ്രതിധ്വനിക്കുന്നത് ക്യാമ്പസിനകത്തെ ജാതീയ, ഇസ്‍ലാമോഫോബിക് രാഷ്ട്രീയത്തെ ആണെങ്കിലും ഇത്തരം കുറിപ്പുകൾ സൃഷ്ടിക്കേണ്ടത് അവയ്‍ക്കെതിരെ ഉയരുന്ന സഹോദര്യത്തിന്റെ രാഷ്ട്രീയമാണ്. അതിന് ഞാനും നിങ്ങളും എന്റെയും നിങ്ങളുടെയും ഇടങ്ങളിലേക്ക് തിരിച്ചുചെന്ന് നമ്മുക്ക് ചുറ്റും നടക്കുന്നതിനെ കൃത്യമായി വായിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഡൽഹി യൂണിവേഴ്‍സിറ്റിയിലെ സൗഹൃദവലയങ്ങളിൽ വിഷയം ചർച്ചക്കിട്ടപ്പോൾ – കമ്മ്യൂണനലാക്കി മാറ്റി വിഷയങ്ങളെ ചുരുക്കാതിരുന്നു കൂടെ? അതാവുമ്പോൾ ആർക്കും പ്രശ്നമില്ലല്ലോ തുടങ്ങിയ മറുചോദ്യങ്ങളാണ് ഉയര്‍ന്നുവന്നത്.

അപ്പോൾ സാമുദായികമായി ചിന്തിക്കുന്നതാണ് പ്രശ്നം. അല്ലാതെ, സാമുദായികമായി ചിന്തിക്കുന്നത് പ്രശ്നവത്ക്കരിക്കുന്നതല്ല പ്രശ്നം. ഇനി ഇതിലും രസകരമായിട്ടുള്ള കാര്യം, ആർക്കാണ് പ്രശ്‍നം എന്നുള്ളതാണ്. പുതുമയുള്ളതല്ലെങ്കിലും പറയാതിരിക്കാൻ വയ്യാത്തത് ലിബറൽ സഖാക്കളുടെ ഇരട്ടത്താപ്പാണ്. ചെങ്കോട്ടകളല്ലാത്തതിനാൽ ആധിപത്യം സാധിക്കാത്ത ഡല്‍ഹി യൂണിവേഴ്‍സിറ്റി പോലൊരു കാമ്പസ്സിലും ഇത്തരം വിഷയങ്ങളിലെ പൊതു ഇടങ്ങളിലുള്ള വക്താക്കൾ ഞങ്ങൾ മാത്രമാണെന്ന് സ്വയം വിശ്വാസിക്കുന്നവരുടെ അഹങ്കാരത്തിനു ഒരു കുറവുമില്ല. ഫാത്തിമയുടെ വിഷയത്തെ അക്കാദമിക് മാനഭംഗമായും പീഡനമായും ചുരുക്കാൻ ആരാണ് ഈ കൂട്ടർക്ക് അധികാരം നൽകിയതെന്ന് പല കോണുകളിൽ നിന്നെന്നപോലെ തന്നെ ഡൽഹി യൂണിവേഴ്‍സിറ്റിയിലും ചോദ്യം ചെയ്തു തുടങ്ങി. എല്ലാത്തിനെയും പ്രശ്നവത്കരിച്ചു കാണുന്നതിന്റെ പ്രശ്നമാണെന്നും മഞ്ഞപിത്തം ബാധിച്ചവന്റെ ഉപമയും എടുത്തുവരുന്നവരോട് വിഷയങ്ങളെ വ്യാഖാനിക്കാനിക്കുന്നതിൽ തിരഞ്ഞെടുപ്പുകളെ നിശ്ചയിക്കാനുള്ള അധികാരം എപ്പോഴാണ് ഈ കൂട്ടർക്ക് തീറെഴുതി കൊടുത്തതെന്ന മറുചോദ്യം തന്നെയാണ് ഉത്തരം. ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള ഡി.യുവിൽ നടന്ന സംയുക്ത സമരപോരാട്ടത്തിൽ നിന്ന് പിന്മാറുന്നതിന് മറ്റു മുസ്‍ലിം സംഘടനകളുടെ സാന്നിധ്യമാണ് കാരണമെന്ന് പറയാതെ പറയുകയാണ് സഖാക്കള്‍ ചെയ്‍തത്. മുസ്‍ലിം കർതൃത്വത്തിൽ നിന്നും വിമർശന സ്വരങ്ങൾ ഉയർന്ന് വരുമ്പോൾ മാത്രം സാമുദായികത പോലുള്ള ഹിന്ദുത്വ രാഷ്ട്രീയ പരികൽപനകൾ ആവർത്തിക്കുകയും കാമ്പസ് വിവേചനങ്ങളിലെ മുസ്‍ലിം അനുഭവങ്ങളെ മാത്രം മാനസിക സംഘർഷങ്ങളുടെയും ‘മാനവികത’യുടെയും പട്ടികയിൽ ഉൾപ്പെടുത്തി സെലക്ടീവായി മറക്കുന്നതും ഇടതുപക്ഷ വിദ്യാർഥി രാഷ്ട്രീയം ആന്തരികവത്കരിച്ച ഇസ്‍ലാമോഫോബിയയുടെ പ്രകടമായ രൂപങ്ങൾ മാത്രമാണ്. വിവിധ കാമ്പസുകളിലായി നടന്ന ആത്മഹത്യകളൊക്കെയും (ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ) സംഭവിച്ചത് ദലിത്‌ – മുസ്‍ലിം ന്യൂനപക്ഷവിഭാഗങ്ങളിൽ നിന്നാണെന്നത് സ്വാഭാവികതായി കണ്ട് ഇസ്‍ലാമോഫോബിക്‌ വിഷയങ്ങളെ ആ പേരിൽ അഡ്രസ്സ് ചെയ്യാതിരിക്കുന്നത് ഇനിയും നിഷ്കളങ്കതയായി പരിഗണാനാവില്ല.

കുറെ അധികം  ആലോചിച്ചതിന് ശേഷമാണ് ഈ അനുഭവമെഴുതാന്‍ ധൈര്യം കിട്ടിയത്.  വ്യക്തിപരമായി എനിക്ക് നേരിട്ട കാമ്പസ് അനുഭവങ്ങള്‍ മുന്നില്‍ വെക്കുമ്പോള്‍ മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാർഥിയായിരുന്ന ഫാത്തിമ ലത്തീഫ് ആത്മഹത്യ എന്ന മാർഗ്ഗം തിരഞ്ഞെടുത്തതിൽ അത്ഭുതം തോന്നിയില്ല. പറയപ്പെടുന്ന മതേതര കാമ്പസിലെ സൗഹൃദ വലയങ്ങളിൽ വിള്ളൽ ഉണ്ടാകുമോ എന്ന ഭയമാണ് ഇതിൽ നിന്ന് ഇത്രയും നാൾ തടഞ്ഞത്. പക്ഷേ ഇസ്‍ലാം മതവിശ്വാസികളെ ആരെയും വിശ്വസിക്കരുത് എന്ന്, എപ്പോഴും കണ്ടാൽ ചിരിക്കാറുള്ള ഒരു സുഹൃത്തിൽ നിന്ന് അയച്ച മെസേജ് കണ്ടപ്പോൾ ഇത്തരം കപട സൗഹൃദങ്ങൾക്ക് വേണ്ടി പേന അനക്കാതിരിക്കുന്നത് വിഡ്ഢിത്തമാണെന്ന് ബോധ്യപ്പെട്ടു.

ഡൽഹി യൂണിവേഴ്സിറ്റിയിലെ രാംജാസ് കോളേജിലെ ക്ലാസ് മുറിയിൽ അഭിപ്രായങ്ങൾ (ചോദ്യങ്ങൾ) അധ്യാപകനു കേൾക്കാൻ പാകത്തിന് രണ്ടുതവണ ആവർത്തിക്കേണ്ടി വന്നതിൽ പ്രശ്നം തോന്നിയിരുന്നില്ല. പിന്നീട് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ നീളുന്ന വെള്ളിയാഴ്ച ക്ലാസ്സിൽ ജുമുഅ നമസ്കാരത്തിനു പോകുന്ന കുട്ടികളെ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടതിൽ പിന്നെ ക്ലാസ് മുറിയിൽ എല്ലാവരുടെയും മുന്നിൽ എഴുന്നേറ്റു നിർത്തി വൈകിയെത്തുന്നതിന്റെ പേരിൽ ശാസിക്കപെട്ട അനുഭവമുണ്ടായി. ക്ലാസ് മുറിയിലേക്ക് അധ്യാപകൻ കടന്നു വരുമ്പോൾ ആരും എഴുന്നേൽക്കേണ്ടതില്ലെന്നും വൈകിയെത്തുന്നവർക്ക് ക്ലാസിൽ കയറാൻ അനുവാദം വേണ്ടതില്ലെന്ന് പഠിപ്പിച്ച അധ്യാപകൻ രണ്ട് ദിവസമായി മാത്രം ക്ലാസ് അറ്റൻഡ് ചെയ്തു തുടങ്ങിയ (അതും കൃത്യസമയത്ത്) എന്നെ വഴക്കു പറഞ്ഞത് എന്തിനാണെന്ന് മനസ്സിലായില്ല. ആളു മാറിയതാവാം എന്ന് അന്ന് കരുതിയെങ്കിലും തട്ടമിട്ട് വരുന്ന ഏക വിദ്യാർഥിയെ അങ്ങനെ മാറി പോകാനുള്ള സാധ്യത വളരെ കുറവാണെന്ന് പിന്നീട് ആലോചിച്ചപ്പോൾ മനസ്സിലായി.  ക്ലാസിലെ വിദ്യാർഥികളുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ‘ജയ് ശ്രീറാം’ ഒരു സ്വാഭാവികതയായും കശ്മീർ വിഷയം ചർച്ചയ്ക്കിട്ട ഒരുപറ്റം വിദ്യാർഥികൾ ‘ആന്റി നാഷണൽ പാകിസ്ഥാനികളായതും’ സെൻട്രൽ കാമ്പസ് സമ്മാനിച്ച ‘മധുരിക്കുന്ന’ ഓർമ്മകളാണ്.

താഴ്ന്നജാതിക്കാരിയായതിനാൽ തന്റെ കയ്യിൽ നിന്ന് റൂംമേറ്റ് ചായ വാങ്ങി കുടിക്കാത്തത് ശ്രദ്ധയിൽപ്പെട്ട് മറ്റൊരു മുറിയിലേക്ക് മാറേണ്ടി വന്ന ഒരു സുഹൃത്ത് ഇന്നലെയും വിളിച്ചിരുന്നു. ഉത്തരേന്ത്യൻ സ്വഭാവമാണിതെന്ന് വിശ്വസിക്കുന്ന കൂട്ടുകാരോട് മറ്റൊരു സുഹൃത്ത് വിളിച്ച കഥ പറയാം. ഞങ്ങൾ ആറു മുസ്‍ലിം വിദ്യാർഥിനികൾ മാത്രം താമസിക്കുന്ന മുറിയിൽ വരാറുള്ള ആ സുഹൃത്തിനെ തന്റെ കാമ്പസിലെ സീനിയർ മലയാളി അവിടെ പോകേണ്ടതില്ലെന്ന് ഉപദേശിച്ചിരുന്നു. അവർ നിന്നെ മതം മാറ്റും എന്ന് പറഞ്ഞു കൊടുത്ത ചേട്ടനോട് പക്ഷേ സലാം പറഞ്ഞ ആ സുന്ദരി ഇന്നും ഞങ്ങൾക്കിടയിലെ നിത്യ സന്ദർശകയാണെന്നത് പ്രതീക്ഷയാണ്.
ഇന്റെർണൽ മാർക്ക്സ് എന്ന സ്ഥിരം ആയുധത്തിന് ഇരയായ (മറ്റൊരു പ്രയോഗം കണ്ടെത്തും വരേക്കും) സഹപാഠികൾ മിക്കവരും സയൻസ് കോഴ്സ് ചെയ്യുന്നവരാണ്. വ്യക്തമായ ഒരു കാരണവുമില്ലാതെ മാർക്ക്‌ കുറക്കുന്ന അധ്യാപകർ വിരളമൊന്നുമല്ല. മറ്റു വിദ്യാർഥികൾക്കൊക്കെ 2-3 മിനുറ്റ് കൊണ്ട് അവസാനിച്ച വൈവ ടെസ്റ്റ്‌ തനിക്ക് മാത്രം 15 മിനിറ്റില്‍ അധികം ദൈർഘ്യമെടുത്തതിന്റെ രാഷ്ട്രീയത്തിന് മുന്നിൽ നിസ്സഹായയതിൽ അവളിന്ന് ദുഖിതയാണ്. എന്നാൽ വിവേചനങ്ങളെ അഡ്രസ് ചെയ്യാതിരിക്കുന്നത് ഒരു പ്രിവിലേജായി കാണുന്ന ഡി.യു പോലൊരു വരേണ്യ കാമ്പസിൽ ഇത്തരം അനുഭവങ്ങളുടെ രാഷ്ട്രീയത്തെ മനസിലാക്കുന്ന കൂട്ടുകാരുള്ളത് തന്നെ വലിയ വിജയമായിട്ടാണ് മനസ്സിലാക്കുന്നത്. അക്കാദമിക് വർഷാരംഭ സമയത്ത് ക്ലാസ്സ്‌ ലീഡറെ നിയമിക്കുന്ന വേളയിൽ താല്പര്യമുള്ളവരോട് സ്വയം മുന്നോട്ടു വരാൻ ആവശ്യപ്പെട്ടപ്പോൾ എഴുന്നേറ്റു നിന്ന രണ്ടു പേരിൽ നിന്ന് അദ്ധ്യാപകൻ ഒരാളെ വിരൽ ചൂണ്ടി ‘ഇയാളു മതി ‘ എന്ന് പറഞ്ഞതോടെ ആ കുട്ടിയായി പിന്നീടുള്ള രണ്ട് വർഷത്തെ നേതാവ്. ജനാധിപത്യ തിരഞ്ഞെടുപ്പുകളെ കുറിച്ചും നിയമനങ്ങളിലെ വേർതിരിവുകളെ കുറച്ചും അതിനെ സധൈര്യം നേരിടണമെന്നും മാസങ്ങൾക്ക് ശേഷമാണ് അദ്ധ്യാപകൻ പഠിപ്പിച്ചു തന്നതെന്നതിനാൽ അന്ന് ലീഡർ തിരഞ്ഞെടുപ്പിൽ അദ്ദേഹം എന്തിന്റെ അടിസ്ഥാനത്തിലാണ് ആ കുട്ടിയെ നിയമിച്ചതെന്ന് ചോദിക്കാൻ തട്ടമിട്ട എന്റെ ചങ്ങാതിക്ക് സാധിച്ചില്ല.

തീർത്തും മനുഷ്യത്വരഹിതമായ ടൈംടേബിൾ തുടരുന്ന കാമ്പസുകളിൽ (12 മുതൽ-വൈകിട്ട് 4 മണി വരെയൊക്കെ തുടർച്ചയായി ക്ലാസുകൾ) നമസ്കരിക്കാൻ ഇടവേള ചോദിച്ച അധ്യാപികയുടെ പ്രതികരണമെന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ദിവാലി – ഹോളി -ഓണം
എന്നീ ആഘോഷങ്ങൾ (മാത്രം) സെക്കുലറായി തുടരുന്ന പല കാമ്പസുകളിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ല.

ക്ലാസിൽ റെഗുലർ അല്ലാത്ത ഒരു വിദ്യാർഥി എന്ന നിലയിൽ ഇത്തരം അനുഭവങ്ങൾ വച്ച് ആകെമൊത്തം കാമ്പസിന് വിലയിരുത്തുന്നത് നീതി അല്ലല്ലോ എന്ന ചിന്തയും പലപ്പോഴും സുഹൃത്തുക്കൾക്കിടയിൽ ഈ വിഷയം ചർച്ചയ്ക്ക് ഇടുന്നതിൽ നിന്ന് തടഞ്ഞിരുന്നു. (അല്ലെങ്കിലും നീതിയും സമാധാനവും ഉറപ്പു വരുത്തേണ്ടത് ഇന്ന് ചില സംഘങ്ങളുടെ മാത്രം ഉത്തരവാദിത്വമാണല്ലോ). എന്നാൽ ഭീകര അനുഭവങ്ങൾക്കായുള്ള കാത്തിരിപ്പായി ഈ നിശബ്ദത പരിണമിക്കുമോ എന്ന ആശങ്കയാണ് മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഇത്തരം അനുഭവങ്ങൾ സ്വാഭാവികതയായി ഉൾക്കൊള്ളാൻ പഠിച്ചു വന്ന സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ.

OFTEN WE NEED TO UNLEARN THINGS IN ORDER TO LEARN BETTER THINGS

(ഡല്‍ഹി യൂണിവേഴ്‍സിറ്റിയിലെ രാംജാസ് കോളേജ് വിദ്യാര്‍ഥിയാണ് റാനിയ സുലൈഖ)

റാനിയ സുലൈഖ