Campus Alive

നീതിയുടെയും ജനാധിപത്യത്തിന്റെയും 5 ഏക്കർ ശവപറമ്പ്

ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്കിടയിൽ നീതിയും പ്രതീക്ഷയും കൊണ്ടു വരുന്നതിൽ പരാജയപ്പെട്ടെങ്കിലും അയോദ്ധ്യ വിധി പ്രഖ്യാപനം ഇപ്പോഴും വളരെ വിവാദമായി തന്നെ നിലകൊള്ളുകയാണ്.

ആദ്യമേ ചില കാര്യങ്ങൾ വ്യക്തമാക്കിയ ശേഷം തുടങ്ങാം. രാജ്യത്തെ നിയമമനുസരിക്കുന്ന, സമാധാന പ്രിയനായ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ മറ്റെല്ലാവരെയും പോലെ സുപ്രീം കോടതി വിധിയെ ഈ എഴുത്തുകാരൻ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒരു സൂക്ഷ്മ സംവാദകൻ എന്ന നിലയിൽ സ്വീകാര്യം എന്നാൽ വിധിയെ സമ്മതിക്കുന്നതിനു തുല്യമല്ല എന്നും ഈ എഴുത്തുകാരൻ വിശ്വസിക്കുന്നു.

ഒരു പക്ഷെ ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും കലുഷിതവും അതോടൊപ്പം തന്നെ പ്രധാനപ്പെട്ടതുമായ, മതപരവും നിയമപരവുമായ തർക്കവിഷയമാണ് ബാബരി മസ്‍ജിദ് വിവാദം. ഈയൊരു വിധി സംബന്ധിച്ച വാഗ്‍ദാനങ്ങൾക്കനുസരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പുകൾ നടക്കുകയും വിജയിക്കുകയും പരാജയപ്പെടുകയും ചെയ്‌തു. പൊതുവായ ധാരണകൾ സൃഷടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്‍തു. ഈയൊരു തീരുമാനം സംബന്ധിച്ച പരിസമാപ്തിയുടെ ധാരണയില്ലായ്മ മൂലം ഇന്ത്യക്കാർ വീണ്ടും വീണ്ടും രാഷ്ട്രീയ കൗശലങ്ങൾക്ക് ഇരകളായി. ശനിയാഴ്‌ച, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, എസ്.എ ബോബ്ടെ, ഡോ. എ.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൻ, എസ്.എ നസീർ എന്നിവരടങ്ങിയ ബെഞ്ച് ഈ വിവാദങ്ങൾക്ക് ഒടുവിൽ പര്യവസാനം കുറിച്ചു.

ബാബരി കേസിലെ മൂന്ന് കക്ഷികൾക്കിടയിൽ (രാം ലല്ല, നിർമോഹി അഖദ, സുന്നി വഖഫ് ബോർഡ്) തർക്കമഭൂമി വിതരണം ചെയ്യണമെന്ന 2010 ലെ അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം അസാധുവാക്കിയ പരമോന്നത കോടതി, 2.7 ഏക്കറോളം വരുന്ന തർക്കഭൂമി രാമക്ഷേത്രം പണിയുന്നതിനായുള്ള സർക്കാർ ട്രസ്റ്റിന് നൽകണമെന്നും, പകരം സുന്നി വഖഫ് ബോർഡിന് പള്ളി പണിയുന്നതിനായി പ്രത്യേകമായി 5 ഏക്കർ സ്ഥലം നൽകണമെന്നും വിധിക്കുകയായിരുന്നു. ആശയക്കുഴപ്പത്തിന്റെയും വിവാദങ്ങളുടെയും വീരഗാഥകൾക്ക് വിജയകരമായ ഒരു അന്ത്യം കുറിച്ചെങ്കിലും, നീതി സ്ഥാപിക്കാൻ ആ വിധിക്കായില്ല എന്ന് തന്നെ പറയേണ്ടി വരും.

രക്തത്തിന്റെയും ഭയത്തിന്റെയും വിദ്വേഷത്തിന്റെയും പാതകളിലൂടെ സഞ്ചരിച്ചാണ് ഇപ്പോൾ ഈ വിധി പുറത്തുവന്നത്. ഒരു ദശാബ്ദം നീണ്ടു നിന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരണത്തിനൊടുവിലാണ് ഈ വിശ്വാസ കാര്യവുമായി ബന്ധപ്പെട്ട മന്ദിർ – മസ്ജിദ‌് സർക്കസ് കളിയിൽ ജുഡീഷ്യറിക്ക് ഇടപെടേണ്ടി വന്നത്. 1992ൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‍പേയുടെ എല്ലാവിധ പിന്തുണയോടെ ബി.ജെ.പിയുടെ അതികായന്മാരായ എൽ.കെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹർ ജോഷി, നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ നിയമത്തേയും, നീതിന്യായ വ്യവസ്ഥയെയും നോക്കുകുത്തിയാക്കിയാണ് ബാബരി മസ്‍ജിദ് നിലംപരിശാക്കിയത്.

വിദ്വേഷ രാഷ്ട്രീയത്തിലൂടെയുള്ള വിഭജനത്തിന്‍റെയും ആധിപത്യത്തിന്റെയും ലജ്ജയില്ലാത്ത ഈ പ്രവൃത്തി കൃത്യമായ ഒരു അജണ്ട മനസ്സിൽ കണ്ടുകൊണ്ടാണ് നടത്തപ്പെട്ടിട്ടുള്ളത്. സാമുദായിക വോട്ടു ബാങ്ക് ഏകീകരിക്കുക, ന്യൂനപക്ഷങ്ങളെയും സ്വതന്ത്ര ചിന്തകരെയും ഭയപ്പെടുത്തിക്കൊണ്ട് അനീതികൾക്കെതിരെ നിശബ്ദരാക്കുക, അല്ലാത്ത പക്ഷം അവരെ തടവിലടക്കുകയും പൗരത്വം നിഷേധിക്കുകയും കൊലപ്പെടുത്താൻ പോലും മുതിരുക എന്നീ അജണ്ടകളെ മുന്‍നിര്‍ത്തിയാണ് നടത്തപ്പെട്ടത്. നമുക്ക് ഇന്നത്തെ ഇന്ത്യയിൽ കാണുവാൻ സാധിക്കുന്ന മതാടിസ്ഥാനത്തിലുള്ള വിഭജനം, അപരവത്കരണം, ഭയാന്തരീക്ഷം തുടങ്ങിയവയാണ് ആ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങൾ.

സാമുദായിക പാർട്ടികളേയും ശക്തികളെയും അകറ്റി നിർത്തിക്കൊണ്ട് സുപ്രീം കോടതി ഒരു പക്ഷെ ഈയൊരു വിധിയിലൂടെ സമാധാനംകൊണ്ടു വന്നിരിക്കാം. തർക്ക ഭൂമിയിൽ മഹത്തായ രാമ മന്ദിരത്തേക്കാൾ കുറഞ്ഞതൊന്നും തങ്ങൾ ലക്ഷ്യം വെക്കുന്നില്ലെന്ന് തങ്ങളുടെ നിരന്തരമായ യുദ്ധാഹ്വാനത്തിലൂടെയും ഭയപ്പെടുത്തലുകളിലൂടെയും ‘അവർ’ എല്ലായ്പ്പോഴും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

പക്ഷേ, വിധി എങ്ങാനും തങ്ങളുടെ വിശ്വാസങ്ങൾക്ക് അനുകൂലമായി വന്നാല്‍ തങ്ങൾക്ക് എന്തു സംഭവിക്കുമെന്ന സാധാരണ പൗരന്മാരുടെ ഭയത്തെ കുറക്കുന്നതൊന്നും കോടതി ചെയ്തിരുന്നില്ല. 1992ലെ കലാപത്തിൽ കൊല്ലപ്പെട്ട ആയിരങ്ങളുടെ വേദനയെ ലഘൂകരിക്കാൻ കോടതി യാതൊന്നും ചെയ്‌തില്ല. ഭരണഘടന ഉറപ്പു നൽകുന്ന സ്വാതന്ത്രവും സുരക്ഷയും പൗരന്മാർക്ക് ഉറപ്പു വരുത്തുവാനും കോടതിക്ക് സാധിച്ചില്ല. ഹിന്ദു മതക്കാർക്ക് പ്രാധാന്യമുള്ള അല്ലെങ്കിൽ ഇസ്‍ലാമികേതരമായ ആൾപാർപ്പില്ലാത്തയിടത്താണ് പള്ളി പണിഞ്ഞിരുന്നതെന്ന വാദം എല്ലായ്‍പ്പോയും തർക്കങ്ങളിലേക്ക് വഴിതെളിച്ചിരുന്നു. എന്നിട്ടും തർക്കമുള്ള സ്ഥലത്തെ ‘സാധ്യതകളുടെ സന്തുലിതാവസ്ഥ’ (balance of probabilities) ‘വിശ്വാസത്തോടുള്ള ആദരവ്’ (deference to faith) എന്നെല്ലാമാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.

ക്ഷേത്രത്തിന്റെ വിഷയത്തില്‍ നിലപാടെടുത്തപോലെ, ഇനി ഒരു മസ്‍ജിദും തകര്‍ക്കപ്പെടില്ലെന്നും ഒരു മനുഷ്യജീവനും ബലികഴിക്കപ്പെടില്ലെന്നും കോടതിക്ക് ഉറപ്പുവരുത്താനാവുമോ? ബാബരി മസ്‍ജിദ് അന്യായമായി തകര്‍ത്ത അക്രമികളെ, അന്നത്തെ നേത്യത്വത്തെ ശിക്ഷിക്കാനാവുമോ?

ന്യൂനപക്ഷങ്ങളുടെ വിശ്വാസഘടനയെ ഉന്മൂലനം ചെയ്യുന്നതിനെ പ്രതിരോധിക്കാൻ ഭാവിയിൽ സുപ്രീം കോടതിക്ക് സാധിക്കുമോ? ഈ എഴുത്തുകാരന്റെ ഉമ്മയടക്കം ഒരുപാട് ഉമ്മമാര്‍ സർക്കാറിനെതിരെ ശബ്ദിക്കരുതെന്നും സുപ്രീം കോടതി വിധിയിൽ നിരാശ പ്രകടിപ്പിച്ചു കൊണ്ട് എഴുതരുതെന്നും മക്കളോട് ഉണർത്തിക്കൊണ്ടിരിക്കുകയാണ്. ഈ വലിയ ജനതയുടെ ഭയത്തെ ലഘൂകരിക്കാൻ കോടതി എന്തെങ്കിലും നടപടികൾ കൈ കൊള്ളുമോ?

വിമർശനാതീതരായ, നിയമങ്ങൾക്കതീതരായ, മൂല്യമോ മനുഷ്യത്വമോ ഇല്ലാത്ത  ‘അവരിൽ’ നിന്നും സുപ്രീം കോടതി സ്വയം വേർപിരിഞ്ഞു പോകുമോ? വിദ്വേഷ രാഷ്ട്രീയത്തെ പ്രതിരോധിക്കുവാനുള്ള നിര്‍ദേശങ്ങളൊന്നും തന്നെ വിധിയിൽ കോടതി പ്രസ്താവിക്കുന്നില്ല. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ ഒരധ്യായത്തെ കോടതി ശാസനക്കു പോലും വിധേയമാക്കിയിട്ടില്ല. മറിച്ച് അതിലുണ്ടായിരുന്നത് ഒരു ഒളിസന്ദേശം മാത്രമായിരുന്നു. ‘അവർക്കത്’  ചെയ്യാം, ശേഷം നിരർഥകമായ ഒരഞ്ചേക്കർ ഭൂമി നൽകുകയോ എടുക്കുകയോ ചെയ്ത് അവർക്കതിൽ നിന്ന് രക്ഷപ്പെടുകയുമാവാം.

ബാബരി മസ്‍ജിദിന്റെ യഥാർത്ഥ ധ്വംസകരായ രാഷ്ട്രീയ സ്വയം സേവക് സംഘുമായി ബന്ധമുള്ള തീവ്ര ഹിന്ദു സംഘടനയായ എ.ഐ.എ.പി (ഓൾ ഇന്ത്യ അഖാറ പരിഷദ്), വിശ്വ ഹിന്ദു പരിഷത് എന്നിവർ ഒരിക്കൽ രാമക്ഷേത്രം പണിതു എന്നു വിശ്വസിക്കപ്പെടുന്ന വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള പള്ളികളും മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയും ലഭിക്കാൻ ഇനിയൊരു പ്രസ്ഥാനം ആരംഭിച്ചാൽ കോടതി അതിൽ ഇടപെടുമോ എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്.

അടുത്ത തവണ ഒരു അദ്വാനിയോ വാജ്‍പേയിയോ യോഗിയോ മറ്റൊരു പള്ളിയിലേക്കോ അല്ലെങ്കിൽ കോടതി അനുവദിച്ച അഞ്ചേക്കറിൽ നിർമിച്ച പള്ളിയിലേക്കോ ഒരു രഥയാത്ര പദ്ധതിയിട്ടാൽ കോടതി അവരെ തടയുമോ?

ഇനി കോടതി അങ്ങനെയൊന്നും ചെയ്യുന്നില്ലെങ്കിൽ ഈ തീരുമാനവും വിധിയുമെല്ലാം വർഗീയവിദ്വേഷത്തിന്റെ ഒരു കാറ്റു കൊണ്ട് തകർക്കാനാവുന്ന സമാധാനത്തിന്റെ പൊള്ളയായ ഒരു വൃക്ഷമാണ്. ഇതൊരിക്കലും ആര് 2.7 ഏക്കർ ഭൂമി നേടുമെന്നതിനക്കുറിച്ചോ ആര് അഞ്ചേക്കർ ഭൂമിനേടുമെന്നതിനെക്കുറിച്ചോ ഉള്ള തർക്കമായിരുന്നില്ല. മറിച്ച്, ഇന്ത്യയിലെ വിദ്വേഷ രാഷ്ട്രീയത്തെയും വർഗീയ പ്രസ്ഥാനങ്ങളെയും പ്രതിരോധിക്കാനുള്ളതായിരുന്നു.  ചരിത്രപരമായ തെറ്റിനെ തിരുത്തുവാനുള്ളതായിരുന്നു. വിശ്വാസവാഴ്‍ചക്കുമേൽ നിയമവാഴ്‍ച്ച സ്ഥാപിക്കുന്നതിനെ സംബന്ധിച്ചായിരുന്നു. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ശക്തമായ തീരുമാനങ്ങൾ ഉണ്ടാവുന്ന രാജ്യത്തിന്റെ പ്രതീക്ഷകളെ കുറിച്ചായിരുന്നു. അത് നീതിയെക്കുറിച്ചുള്ളതായിരുന്നു.

എന്തു കൊണ്ടായിരുന്നു ആ ധ്വസനം ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ വൃണപ്പെടുത്തിയത് എന്നതിനെക്കുറിച്ചായിരുന്നു

ആ 5 ഏക്കർ ഭൂമി ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളുടെ ശവപ്പറമ്പല്ലാതെ മറ്റൊന്നുമല്ല. ഇനി തകർന്നു വീഴുന്ന ഓരോ പള്ളികൾക്ക് പകരവും 5 ഏക്കർ ദാനം നൽകാൻ അവർക്ക് കഴിയും. മരിച്ചു വീഴുന്ന ഓരോരുത്തർക്ക് ആറടി വീതവും. ഇന്നിത് നീതിയാവാത്ത പോലെ അന്നും അത് നീതിയാവില്ല.

(അലിഗഡ് യൂണിവേഴ്‌സിറ്റി എഞ്ചിനിയറിങ്ങ് വിദ്യാര്‍ഥിയാണ് അന്‍സബ് ആമിര്‍ ഖാന്‍)

കടപ്പാട് – മഖ്ത്തൂബ് മീഡിയ

അൻസബ് ആമിർ ഖാൻ