Campus Alive

ബാബരി വിധികളും മുസ്‌ലിം പ്രതികരണങ്ങളിലെ പ്രതീക്ഷയും

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പലഘട്ടങ്ങളിലായി കോടതികളിൽ നിന്ന് ഉണ്ടായിട്ടുള്ള വിധികളോടുള്ള മുസ്‌ലിം പ്രതികരണങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ മുസ്‌ലിംകൾ ജുഡീഷ്യറിയെ ഏത് രീതിയിൽ മനസ്സിലാക്കാൻ തുടങ്ങി എന്നും, അതിനെ ഏത് ഭാഷയിൽ കൈകാര്യം ചെയ്തു തുടങ്ങിയിട്ടുണ്ട് എന്നും തിരിച്ചറിയാൻ പ്രസ്തുത പ്രതികരണങ്ങളെ നിരീക്ഷിച്ചാൽ കണ്ടെത്താൻ കഴിയും. ചില പ്രതികരണങ്ങൾ ഇവയായിരുന്നു;

Betrayal Upon Betrayal – Court Ruling is injustice – Fraternity

Judicial System has become a shovel of Sangh state- MSF

Some are more equal before law – SSF

Collapse of Indian Judicial System – Jama’ate Islami

Judicial Karseva – WPI

Hindutva Justice – SIO/Solidarity

Verdict is Pre planned, like Pre-planned demolition – campus front.

ബാബരി വിധികളോട് മുസ്‌ലിംകൾ നടത്തിയിട്ടുള്ള പ്രതികരണങ്ങളിൽ “പ്രതീക്ഷിച്ച വിധി” എന്ന പരാമർശം ധാരാളമായി കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് മോഡി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ബാബരിയുമായി ബന്ധപ്പെട്ട കോടതി വിധികളോട് ആ സ്വഭാവത്തിലുള്ള പ്രതികരണങ്ങൾ കൂടുതലായി വന്നിട്ടുമുണ്ട്. “സംഘപരിവാർ രാജ്യം ഭരിക്കുമ്പോൾ കോടതികളിൽ നിന്നും പ്രതീക്ഷിക്കുന്ന വിധി” എന്ന സ്വഭാവത്തിൽ ആണ് അത്തരം പ്രതികരണങ്ങളിൽ അധികവും കാണാൻ സാധിക്കുക.

ഇന്ത്യൻ ദേശീയതയുടെ രൂപീകരണ ശേഷം, ജനാധിപത്യ രാഷ്ട്രീയത്തിന്റെയും – മത – മതേതര രാഷ്ട്രീയത്തിന്റെയും സംയോജനത്തിലൂടെ മുന്നോട്ട് പോയ ഇന്ത്യയിലെ മുസ്‌ലിംകൾ,  ഭരണഘടനയും അതിനെ സംരക്ഷിക്കുമെന്ന് കരുതുന്ന ജുഡീഷ്യറിയെയും ഒരു പ്രതീക്ഷാമേഖലയായി ഉന്നയിക്കാറുണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടനയോടുള്ള കൂറും, ജനാധിപത്യ പ്രക്രിയയിലുളള വിശ്വാസവും, നീതിന്യായ വ്യവസ്ഥയിലുള്ള പ്രതീക്ഷയും സവിശേഷമായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുക എന്ന പ്രത്യേക ഉത്തരവാദിത്തം മുസ്‌ലിംകളുടെ മേലിൽ നിർബന്ധമാണ് എന്നത് അതിന്റ  ഒരു കാരണമായിരുന്നു. ആ നിലപാടിലേക്ക് എത്തിച്ച ഒരുപാട് ഘടകങ്ങൾ ചരിത്രപരമായി തന്നെ കാണാൻ സാധിക്കും.

ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രികൂടിയായിരുന്ന സർദാർ വല്ലഭായി പട്ടേൽ ഭരണഘടനാ അസംബ്ലി ഡിബേറ്റിൽ നടത്തിയ ഒരു സംസാരത്തിൽ സൂചിപ്പിച്ച ഒരു കാര്യമുണ്ട്. കുറച്ചു ദീർഘമായ സംസാരത്തിനിടെ പട്ടേൽ പറഞ്ഞത് ഇപ്രകാരമായിരുന്നു;

“You have got a separate State and remember, you are the people who were responsible for it, and not those who remain in Pakistan. You led the agitation. You got.it. What is it that you want now ? I don’t understand. In the majority Hindu provinces YOU, the minorities, you led the agitation…”  (നിങ്ങൾക്ക് ഒരു പ്രത്യേക സ്റ്റേറ്റ് ലഭിച്ചിട്ടുണ്ട് എന്ന് നിങ്ങൾ ഓർക്കണം, നിങ്ങളാണ് അതിന്റെ ഉത്തരവാദികൾ, അല്ലാതെ ഇപ്പോൾ  പാക്കിസ്ഥാനിൽ ഉള്ളവരല്ല, നിങ്ങൾക്ക് അത് ലഭിച്ചിട്ടുണ്ട്, ഇനിയിപ്പോൾ നിങ്ങൾക്കെന്താണ് വേണ്ടത്? എനിക്ക് മനസ്സിലാകുന്നില്ല. ഹിന്ദു ഭൂരിപക്ഷ പ്രവിശ്യയിൽ നിങ്ങൾ ന്യൂനപക്ഷങ്ങൾ അതിനുവേണ്ടി സമരം നടത്തി…”)

ന്യൂനപക്ഷങ്ങൾക്കുള്ള സെപ്പറേറ്റ് ഇലക്ട്രേറ്റിനെകുറിച്ചും മറ്റു പ്രത്യേക  അവകാശങ്ങളെക്കുറിച്ചും ചർച്ചകൾ നടന്ന ഭരണഘടനാ അസംബ്ലിയിലെ സംവാദത്തിനിടയിലാണ് പട്ടേലിന്റെ പ്രസ്തുത സംസാരം നടക്കുന്നത് എന്നോർക്കണം. ഇന്ത്യൻ ദേശീയതയെ നിർണയിക്കുന്നതിൽ പാക്കിസ്ഥാന്റെ രൂപീകരണം ഉണ്ടാക്കിയിട്ടുള്ള പങ്കിനെക്കുറിച്ചും, ദേശീയമായ ഭാവനയിൽ നിന്ന് വ്യത്യാസപ്പെട്ട് നിൽക്കുന്ന ഘടകമായി മുസ്‌ലിം മാറുന്നത് എങ്ങനെയാണ് എന്നുമൊക്ക അനവധി പഠനങ്ങൾ വന്നിട്ടുണ്ട്. പട്ടേലിന്റെ മുകളിൽ സൂചിപ്പിച്ച സംസാരത്തിൽ നിന്ന് മനസിലാകുന്നതും അതാണ്. ഇവിടെ ഹിന്ദു ഭൂരിപക്ഷ പ്രവിശ്യയിൽ പാക്കിസ്ഥാന് വേണ്ടി സമരം ചെയ്ത ന്യൂനപക്ഷമായ നിങ്ങളാണ് ഉത്തരവാദികൾ എന്നാണല്ലോ അതിലെ പരാമർശം. പാക്കിസ്ഥാന് ശേഷം മറ്റൊരു ദേശീയ സ്വത്വമായി പരിണമിച്ച ഇന്ത്യൻ ദേശീയതക്കകത്ത് മുസ്‌ലിംകൾ സാങ്കേതികമായിതന്നെ ന്യൂനപക്ഷം ആണ് എന്നത് കൊണ്ട് തന്നെ, പ്രത്യേക അവകാശങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ വാദങ്ങൾ വീണ്ടും ഉണ്ടാകും എന്നത് അതിന്റെ സ്വാഭാവികതയായിരുന്നു. അതിനെ പട്ടേൽ നേരിട്ട രീതിയാണ് മുകളിൽ സൂചിപ്പിച്ചത്. പട്ടേലിൽ നിന്ന് പ്രതീക്ഷിച്ച പ്രതികരണം എന്ന നിലയിൽ ആയിരിക്കും ഒരുപക്ഷെ അന്നത്തെ അസംബ്ലിയിലെ മുസ്‌ലിം പ്രതിനിധികൾ അതിനെക്കുറിച്ച് മനസിലാക്കിയിട്ടുണ്ടാകുക എന്ന് ഞാൻ കരുതുന്നു. കാരണം വിഭജനവുമായി ബന്ധപ്പെട്ട കോലാഹലങ്ങളാണ് ഇന്ത്യൻ ദേശീയതയുടെ അഖണ്ഡതയ്ക്ക് വലിയ പരിക്ക് ഉണ്ടാക്കിയത് എന്നും, സ്വാതന്ത്രത്തിന്റെ ഉദയാസ്തമയങ്ങൾക്ക് ചോരയുടെ നിറം നൽകിയത് എന്നുമൊക്കെ സ്കൂൾ സിലബസുകൾ പഠിപ്പിക്കുന്ന അധ്യാപകരിൽ നിന്ന് ധാരാളമായി കേട്ടിട്ടുണ്ട്. അങ്ങനെ ഒരു കാഴ്ചപ്പാട് ഇന്ത്യൻ ജനപ്രിയ ദേശീയതാ ആഖ്യാനങ്ങളിൽ വിഭജനത്തെ മുൻനിർത്തി പിന്നീട് ഉണ്ടാകണമെങ്കിൽ, ആ കാലഘട്ടത്തിൽ ഇന്ത്യയിലെ മുസ്‌ലിം ജനപ്രതിനിധികൾ വ്യാപകമായി കുറ്റപ്പെടുത്തപ്പെട്ടത് എത്രത്തോളമായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു.

സർദാർ വല്ലഭായ് പട്ടേൽ

വിഭജനാനന്തരം ഇന്ത്യയിൽ അവശേഷിച്ച മുസ്‌ലിംകളുടെ,  സാമൂഹിക ജീവിതവും അനുഭവങ്ങളും ഇതിനോട് ചേർത്ത് വായിക്കണം. കൊളോണിയലാനന്തരമുള്ള ഇന്ത്യയുടെ സാമൂഹിക/രാഷ്ട്രീയ ഘടനയിൽ  മുസ്‌ലിംകളുടെ രാഷ്ട്രീയ സാംസ്‌കാരിക പ്രാതിനിധ്യം എന്താകും എന്നും, അത് എങ്ങനെ മുന്നോട്ട് പോകും എന്നുമുള്ള മൗലികമായ ചോദ്യങ്ങൾ ഉൽപാദിപ്പിച്ച ആശങ്കൾ ആയിരുന്നു പാക്കിസ്ഥാനെ രൂപപ്പെടുത്തിയത്. വിഭജനത്തിന്റെ കാരണങ്ങളെ കുറിച്ചുള്ള അനവധി വിശകലനങ്ങൾ നിലനിൽക്കുമ്പോൾ മൗലികമായ ഈ കാരണത്തെ നിഷേധിക്കാൻ കഴിയില്ല. അതായത് പാക്കിസ്ഥാൻ ഉണ്ടാകുന്നത് തന്നെ,  മുസ്‌ലിംകളുടെ സ്വയംനിർണ്ണയാവകാശത്തിന്റെയും, സാമൂഹിക സമത്വത്തിന്റെയും,  അവകാശ ബോധത്തിന്റെയും ഭാഗമായ രാഷ്ട്രീയ മുറവിളികളുടെ അനന്തരഫലമായിട്ട് കൂടിയായിരുന്നു. വിഭജനത്തോടെ പാക്കിസ്ഥാനിലേക്ക് പോയ മുസ്‌ലിംകളെയും (‘വിഘടനവാദികൾ’) ഇന്ത്യയിൽ ബാക്കിയായ, അല്ലെങ്കിൽ പാക്കിസ്ഥാനിലേക്ക് പല കാരണങ്ങൾ കൊണ്ട് പോകാൻ സാധിക്കാത്ത/പോകാൻ തീരുമാനിക്കാത്ത മുസ്‌ലിംകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഭാവനയാണ് ഇന്ത്യൻ ദേശീയതയെ തന്നെ നിർണയിച്ച പ്രധാന ഘടകം.

ഇന്ത്യയിൽ പിന്നീടുണ്ടായ മുസ്‌ലിംകളുടെ സാമൂഹികാവസ്ഥയെ നിർണയിക്കുന്ന അനവധി കാര്യങ്ങളെക്കൂടി ഇതിനോടൊപ്പം മനസ്സിലാക്കേണ്ടതുണ്ട്. ഭരണരംഗങ്ങളിലെയും ഭരണകൂട സ്ഥാപനങ്ങളിലെയും  വിവേചനം, സാമൂഹിക ജീവിതത്തിലെ അരക്ഷിതാവസ്ഥ, എല്ലാ ഓരോ പതിറ്റാണ്ടിലും ഭരണകൂടങ്ങളുടെ ഒത്താശയോടെ  സംഭവിച്ചുകൊണ്ടിരിക്കുന്ന വംശഹത്യകൾ, മുസ്‌ലിം സ്വത്വവും അടയാളങ്ങളും നോക്കി നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദു ആൾക്കൂട്ടത്തിന്റെ കൊലപാതകങ്ങൾ, ഭീകരവാദ വിരുദ്ധ പോരാട്ടമെന്ന പേരിൽ മുസ്‌ലിംകൾ നേരിടുന്ന ഭരണകൂട വേട്ടകളും പോലീസ് നടപടികളും, വിദ്യാഭ്യാസ സംവിധാനങ്ങളിലെ ദുർബലമായ സാന്നിധ്യം, പൗരത്വത്തിന്റെ പ്രതിസന്ധികൾ, സാംസ്കാരിക സംരംഭങ്ങളും, മാധ്യമ സംവിധാനങ്ങളും, മറ്റു ജനപ്രിയ വ്യവഹാരങ്ങളും മുസ്‌ലിംകളെകുറിച്ച് നിരന്തരം ഉല്പാദിപ്പിക്കുന്ന വികലമായ കാഴ്ചപ്പാടുകൾ, തുടങ്ങി അനവധി നിരവധി പ്രശ്നമണ്ഡലങ്ങളുടെ ഇടയിലുള്ള ജീവിതത്തെയാണ് മുസ്‌ലിം സമൂഹം പിന്നീട്  നയിച്ചുകൊണ്ടിരുന്നത് എന്ന വസ്തുത ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്.

ബാബരി: മുസ്‌ലിം പ്രതികരണങ്ങളിലെ സാധ്യതകൾ

ബാബരി വിധികളോടുള്ള മുസ്‌ലിം പ്രതികരണങ്ങളെ രൂപപ്പെടുത്തുന്നത്,  നിയമവ്യവസ്ഥയിലെ സംഘപരിവാർ സ്വാധീനം എന്ന ഘടകം മാത്രമാണ് എന്ന് കരുതുന്നില്ല. മറിച്ച് ഇന്ത്യൻ ദേശീയതയിൽ നിന്ന് മുസ്‌ലിംകൾക്ക് എന്തൊക്കെ പ്രതീക്ഷിക്കാം എന്ന അനുഭവചരിത്രത്തിന്റെ പിൻബലം കൂടി അതിനുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്. സംഘപരിവാറല്ലാത്ത രാഷ്ട്രീയ രൂപങ്ങൾക്ക് ഇന്ത്യയിലെ സാങ്കേതികമായ അധികാരരാഷ്ട്രീയം നേടാൻ ഹിന്ദുഭൂരിപക്ഷ ബോധത്തിനൊപ്പം നിൽക്കണം എന്ന യാഥാർത്ഥ്യം മുസ്‌ലിംകൾക്ക് അറിയാത്ത കാര്യവുമല്ല. അതുപോലെ തന്നെ മുസ്‌ലിം അനുഭവങ്ങളെ സംഘപരിവാറിൽ മാത്രം കേന്ദ്രീകരിച്ച് വായിക്കാനും സാധിക്കില്ല. ജുഡീഷ്യറിയിൽ നിന്ന് മുസ്‌ലിംകൾക്കുണ്ടായിട്ടുള്ള അനുഭവങ്ങൾ സംഘപരിവാർ അധികാരത്തിൽ ഉള്ളപ്പോൾ കൂടുതൽ പ്രശ്നകരമാണ് എങ്കിലും സംഘപരിവാറിതര ഭരണകൂടങ്ങളുടെ സന്ദർഭത്തിൽ വലിയ വ്യത്യാസങ്ങൾ ഉള്ളതായി കാണാൻ സാധിക്കില്ല. ബാബരി മസ്ജിദ് തകർക്കപ്പെടുന്നത് തന്നെ കോൺഗ്രസ്സിന്റെ അധികാര സമയത്ത് ആയിരുന്നു എന്നത് മറക്കാൻ സാധിക്കുന്ന കാര്യമല്ല. മുസ്‌ലിംകളുടെ സാമൂഹിക പിന്നോക്കാവസ്ഥയ്ക്കും, ഭരണകൂടവേട്ടയ്ക്കും, വിവേചനങ്ങൾക്കും കാരണമായ ധാരാളം നടപടികൾ കോൺഗ്രസ്സ് നേതൃത്വം കൊടുത്ത ഭരണകൂടങ്ങളുടെ കീഴിൽ സംഭവിച്ച കാര്യങ്ങൾ ആയിരുന്നു. “ഞങ്ങളാണ് ഭരിച്ചിരുന്നതെങ്കിൽ ജുഡീഷ്യറിക്ക് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല” എന്ന രാഷ്ട്രീയ കക്ഷികളുടെ സമീപകാലത്തെ വാദങ്ങൾ ഇന്ത്യൻ ജുഡീഷ്യറി രാഷ്ട്രീയരഹിതമായ ഒരിടമല്ല എന്ന വസ്തുതയെ വീണ്ടും തുറന്നുകാണിക്കുന്നതാണ്.

മാത്രവുമല്ല ഏറ്റവും നന്നായി ഹിന്ദു ബോധത്തെ തൃപ്തിപ്പെടുത്തുന്നവർക്കുള്ളതാണ് ഇന്ത്യയിലെ അധികാര രാഷ്ട്രീയം എന്ന യാഥാർഥ്യം കൂടുതൽ ശക്തിപ്രാപിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുമുണ്ട്. അത്കൊണ്ട് പ്രസ്തുത നിയമവ്യവസ്ഥയിലുള്ള വിശ്വാസത്തെ കേന്ദ്രീകരിച്ചുമാത്രം, പ്രത്യേകിച്ച് ബാബരി വിധികളുടെ കൂടി പശ്ചാത്തലത്തിൽ,  മുസ്‌ലിം രാഷ്ട്രീയ പ്രതീക്ഷകൾ മുന്നോട്ട് പോകും എന്ന് കരുതുന്നില്ല. പ്രത്യേകിച്ച് പൗരത്വ പ്രക്ഷോഭാനന്തരമുള്ള ബാബരി വിധികൾ എന്ന ഒരു ഘടകം കൂടി അതിനുണ്ട്. പൗരത്വ പ്രക്ഷോഭത്തെ ഭരണകൂടം നേരിട്ട രീതിയും, പ്രക്ഷോഭ സന്ദർഭത്തിൽ തന്നെ നടന്ന  കൊലപാതകങ്ങളും, പിന്നീട് സംഭവിച്ച ഡൽഹി വംശഹത്യയും, തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന അന്യായമായ ഭരണകൂട വേട്ടയും മുന്നിൽ നിൽക്കുമ്പോൾ ആണ് ബാബരി വിധികൾ കൂടി ഉണ്ടാകുന്നത്. അത്കൊണ്ട് തന്നെ ബാബരി വിധിയോടുള്ള മുസ്‌ലിം പ്രതികരണങ്ങളെ പൗരത്വ പ്രക്ഷോഭവും അനുബന്ധ സംഭവങ്ങളും കൂടി സ്വാധീനിച്ചിട്ടുണ്ട് എന്ന് കണക്കാക്കാനും സാധിക്കും.

ബാബരി വിധികൾ അനീതിയാണ് എന്ന് ലളിതമായി തന്നെ മനസ്സിലാക്കപ്പെടുമ്പോഴും ഇന്ത്യൻ ദേശീയതയുടെ അഖണ്ഡതയ്ക്ക് ഇളക്കം തട്ടിക്കുന്ന പ്രതികരണങ്ങൾ മുസ്‌ലിംകൾ നടത്തുമോ എന്ന് പൊതുസമൂഹം ഉറ്റുനോക്കാറുണ്ടായിരുന്നു. അത്കൊണ്ട് തന്നെ സംയമനം പാലിക്കുക എന്നും, അല്ലെങ്കിൽ മത സൗഹാർദ്ദം കാത്തുസൂക്ഷിക്കുക എന്നുമുള്ള അടിക്കുറിപ്പോടുകൂടിയ മുസ്‌ലിം പ്രതികരണങ്ങൾ ധാരാളമായി വന്നിട്ടുണ്ട്. അത്തരം അടിക്കുറപ്പുകൾ ഉണ്ടാകുന്നത് മുസ്‌ലിംകൾ സാമൂഹിക ഐക്യദാർഢ്യത്തിന്റെയും,  സിവിൽ പൊളിറ്റിക്സിന്റെയും ഇടങ്ങളിൽ കൂടുതൽ സജീവമാണ് എന്ന കാരണം കൊണ്ട് ഉണ്ടാകുന്നത് കൂടിയാണ്. അതുമല്ലെങ്കിൽ മുസ്‌ലിം പ്രതികരണങ്ങൾ ആണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത് എന്ന ഒരു വ്യാഖ്യാനത്തെ മറികടക്കാനുള്ള ജാഗ്രതയുടെ ഭാഗമായൊക്കെ അതിനെ മനസിലാക്കാം. അപ്പോൾ തന്നെയും ഇന്ത്യയിലെ മുന്നണി രാഷ്ട്രീയവും മുഖ്യധാരാ ലിബറൽ ഫാഷിസ്റ്റ് വിരുദ്ധ വ്യവഹാരങ്ങളും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ വിമർശനത്തിന്റെ ശൈലി മുസ്‌ലിംകൾ സ്വീകരിച്ചിരുന്നില്ല എന്ന് നിരീക്ഷിക്കാൻ സാധിക്കും. പ്രത്യേകിച്ച് ജുഡീഷ്യറി എന്തെങ്കിലും ഒരു വിധി പ്രസ്താവന നടത്തിയാൽ, പിന്നെ അതാണ് അംഗീകരിക്കപ്പെടേണ്ട തത്വം എന്നും, അതിനെ വെല്ലുവിളിക്കുന്ന മറുചോദ്യങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്, എന്നും കരുതപ്പെടുന്ന ഇന്ത്യയിലാണ് മുസ്‌ലിംകൾ പ്രസ്തുത പ്രതികരണങ്ങൾ നടത്തിയിട്ടുള്ളത് എന്ന് ഓർക്കണം.

മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഭാവിയെ നിർണയിക്കുന്ന പല സ്വഭാവത്തിലുള്ള  സാധ്യതകളിലേക്കുള്ള വഴിയാണ് മുസ്‌ലിം പ്രതികരണങ്ങളിലൂടെ  തുറക്കപ്പെടുന്നത് എന്ന് ഞാൻ മനസിലാക്കുന്നു. അതിൽ പ്രധാനപ്പെട്ട ഒരു കാര്യം, രാഷ്ട്രീയ പ്രതികരണങ്ങളെക്കുറിച്ചുള്ള മുഖ്യധാരാ പദാവലികളെ കടമെടുക്കാതെ,  അല്ലെങ്കിൽ മുസ്‌ലിംകൾ ഉപയോഗിച്ചാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് കരുതപ്പെടുന്ന പൊതുബോധത്തെ തൃപ്തിപെടുത്താൻ നിൽക്കാതെയുള്ള തുറന്ന വിമർശനമായിരുന്നു മുസ്‌ലിംകൾ സ്വീകരിച്ചത് എന്നുള്ളതാണ്. പൗരത്വ പ്രക്ഷോഭത്തിന്റെ സാമൂഹിക ഐക്യദാർഢ്യങ്ങളെ നിലനിർത്താൻ അല്ലാഹു അക്ബർ, ലാഇലാഹ ഇല്ലല്ലാഹ് പോലുള്ള മുദ്രാവാക്യങ്ങൾ ഒഴിവാക്കപ്പെടണം എന്ന മതേതര ആകുലതകൾ സൃഷ്ടിച്ച സംവാദം നടന്നത് പോലും സമീപകാലത്തായിരുന്നല്ലോ. അതിൽ മുസ്‌ലിം സംഘടനകൾ പ്രക്ഷോഭത്തിന്റെ ഭാവിയെ പരിഗണിച്ചുകൊണ്ട് തന്ത്രപരമായ സമീപനങ്ങൾ കൈകൊള്ളുകയും ചെയ്തിരുന്നു. എന്നാൽ ബാബരി വിധിയിലെ പ്രതികരണങ്ങളിലേക്ക് വരുമ്പോൾ അത് നേർക്കുനേരെ നീതിന്യായ വ്യവസ്ഥയെ കടന്നാക്രമിക്കുന്ന ശൈലിയിലേക്ക് വികസിച്ചതായി കാണാൻ സാധിക്കും. ഇതിലേക്ക് നയിക്കാനായുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ബാബരി മസ്ജിദിന്റെ തന്നെ തകർച്ചയോടെ ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയ അവബോധങ്ങളിൽ ഉണ്ടായ ഗതിമാറ്റമാണ്. (ബാബരി മസ്ജിദിന്റെ തകർച്ചമാത്രമാണ് മുസ്‌ലിം രാഷ്ട്രീയത്തിന്റെ നിർണായക സന്ധി എന്ന വാദമല്ല ഞാൻ ഉന്നയിക്കുന്നത്. അതല്ലാത്ത ചരിത്രവും മുസ്‌ലിംകൾക്ക് ഇന്ത്യയിൽ ഉണ്ട് എന്ന് കൂട്ടത്തിൽ സൂചിപ്പിക്കുന്നു. അത് പിന്നീട് വ്യക്തമാക്കാം).

മറ്റൊന്ന് പൗരത്വ പ്രക്ഷോഭം മുന്നോട്ട് വെച്ച മുസ്‌ലിം രാഷ്ട്രീയ ഭാഷയെക്കുറിച്ചുള്ള തുറന്ന സംവാദങ്ങളാണ്. ചുരുക്കത്തിൽ പൗരത്വ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ഭാഷ എന്താകണം എന്ന മതേതര സന്ദേഹങ്ങൾക്ക് ബാബരി വിധിയോടുള്ള പ്രതികരണങ്ങളിലൂടെ മുസ്‌ലിംകൾ തന്നെ മറുപടി കൊടുത്തു എന്ന് വേണം മനസിലാക്കാൻ. (ഇത് പറയുമ്പോൾ, ഒരു പ്രക്ഷോഭത്തിൽ വിളിക്കേണ്ട മുദ്രവാക്യങ്ങളുടെ സ്വഭാവത്തെയും, കോടതി വിധികളോടുള്ള പ്രതികരണങ്ങളുടെ സ്വഭാവത്തെയും സമീകരിച്ചുകൊണ്ട് ഒരു വാദത്തെ സ്ഥാപിക്കാൻ ശ്രമിക്കുന്നു എന്ന് കരുതപ്പെടാൻ സാധ്യതയുണ്ട്. കേവലമായ സമീകരണത്തിനപ്പുറമുള്ള ആഴമേറിയ രാഷ്ട്രീയാർത്ഥങ്ങൾ ബാബരി വിധിയോടുള്ള പ്രതികരണങ്ങൾക്ക് ഉണ്ട് എന്ന് തന്നെയാണ് ഞാൻ  മനസ്സിലാക്കുന്നത്) ഇന്ത്യൻ ജനാധിപത്യ പ്രക്രിയകളുടെയും ഭരണഘടനയുടെയും അടിത്തറ സംരക്ഷിക്കുന്ന കോടതി വ്യവഹാരങ്ങളുടെ വിധി പ്രസ്താവനകളെ ഹിന്ദുത്വ നീതി, ജുഡീഷ്യൽ കർസേവ, പ്രീ പ്ലാൻഡ് വെർഡിക്റ്റ്, collapse of Indian judicial system, judicial system has become a shovel of Sanghi state എന്നൊക്ക മുസ്‌ലിം സംഘടനകൾ വിശേഷിപ്പിക്കാൻ തീരുമാനിക്കുന്നത്,  തെരുവിലെ അല്ലാഹു അക്ബർ, ലാഇലാഹ ഇല്ലല്ലാഹ് വിളികളെക്കാളും കൂടുതൽ ആലോചനയോടെ തന്നെ മുസ്‌ലിംകൾ നിർവ്വഹിച്ച കാര്യമാകും എന്ന മനസ്സിലാക്കലിൽ നിന്നാണ് പ്രസ്തുത നിരീക്ഷണം പ്രസക്തമാകുന്നത് എന്ന് കരുതുന്നു.

കൂടുതൽ വിശകലനം ആവശ്യമായ മറ്റനേകം കാര്യങ്ങൾ ബാബരി വിധിയോടുള്ള മുസ്‌ലിം പ്രതികരണങ്ങളെ അടിസ്ഥാനമാക്കി നടത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ബാബരി മസ്ജിദ് വിധികളുടെയും പൗരത്വ പ്രക്ഷോഭത്തിന്റെ ഭാവിയേയും അടിസ്ഥാനമാക്കി മുസ്‌ലിം രാഷ്ട്രീയത്തിന്റെ ആലോചനകളെ എങ്ങനെ  മുന്നോട്ട് കൊണ്ട് പോകാം എന്നത് അതിൽ പ്രധാനപ്പെട്ടതാണ്. ബാബരി വിധികളോടുള്ള മതേതര പ്രതികരണങ്ങൾ ചർച്ച ചെയ്യപ്പെടേണ്ട മറ്റൊരു കാര്യമാണ്. അതുപോലെ തന്നെ മുസ്‌ലിം രാഷ്ട്രീയത്തിന്റെയും ഇന്ത്യയിലെ മുസ്‌ലിം അനുഭവങ്ങളുടെയും, മുസ്‌ലിം പ്രക്ഷോഭങ്ങളുടെയും ഭാവി “മുഖ്യധാരാ ഫാഷിസ്റ്റ് വിരുദ്ധ വ്യവഹാരങ്ങളെ” എങ്ങനെ സമീപിക്കും എന്നത് മറ്റൊരു ആലോചനാമേഖല കൂടിയാണ്.

(തുടരും)

ലദീദ ഫർസാന

സ്റ്റുഡന്റ് ലീഡർ
ജാമിഅ മില്ലിയ്യ, ഡൽഹി