Campus Alive

യു.എ.ഇ പിന്തുണക്കുന്ന ‘ഇസ്‌ലാമുകൾ’

രാഷ്‌ട്രീയവും, മതവും പരസ്പരം വ്യത്യാസപെട്ടതാണെന്ന് നമ്മൾ വിചാരിക്കുമ്പോഴും,  പ്രയോഗത്തിൽ രണ്ടും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളാണ്. പ്രത്യേകിച്ച്, പല മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലും. ഇതിൽ ഒന്നിനെ മനസിലാക്കേണ്ടത് മറ്റൊന്നിനെ മനസിലാക്കുന്നതിന് അനിവാര്യവുമാണ്. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ, ഇസ്‌ലാമിന്റെ (വ്യാഖ്യാന) മേഖലകളുടെ ചലനാത്മകതയെ മനസിലാക്കുക എന്നത്,  അവിടത്തെ വിശാലമായ അധികാര/രാഷ്ട്രീയ സാഹചര്യങ്ങളെ മനസിലാക്കുന്നതുമായി ബന്ധമുള്ള കാര്യവുമാണ്. അതിനർത്ഥം അവിടെ രാഷ്ട്രീയം മതത്തെയും മതം രാഷ്ട്രീയത്തെയും ആത്യന്തികമായി  നിർണയിക്കുന്നുണ്ട് എന്നല്ല. പകരം, അവിടെ മതവും രാഷ്ട്രീയവും രണ്ടിന്റെയും ആപേക്ഷികമായ ശക്തിക്കനുസരിച്ച് ചില പ്രത്യേക ചരിത്ര ഘട്ടങ്ങളിൽ, പരസ്പരം പല സ്വഭാവത്തിൽ സ്വാധീനിക്കുന്നുണ്ട് എന്നാണ്. ഇസ്‌ലാമിന്റെ വ്യാഖ്യാനമേഖല, വ്യത്യസ്ത ഉപമേഖലകളായും ചിന്താധാരകളായും അഭിപ്രായങ്ങളായും നിലനിൽക്കുന്ന വൈവിധ്യമാർന്ന ഒരിടമാണ്. സമീപകാലത്ത്, ഈ രംഗത്ത് രാഷ്ട്രീയം (Activism-Quietism) പാരമ്പര്യം (Traditionalism-Salafism-Progressivism) എന്ന രീതിയിൽ, വ്യത്യസ്തതയുടെ  രണ്ട് പ്രധാന അച്ചുതണ്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഈ രണ്ട് ധാരകളുടെയും സംയോജന മാതൃകകളെ വ്യത്യസ്ത പണ്ഡിതന്മാർ പല നാടുകളിലും, പല ചരിത്രഘട്ടങ്ങളിലും സ്വീകരിച്ചിട്ടുള്ളതുമാണ്. അതുപോലെ തന്നെ, ആശയപരവും രാഷ്ട്രീയവുമായ കാരണങ്ങൾകൊണ്ട് വിവിധ ഭരണാധികാരികൾ വ്യത്യസ്ത സാഹചര്യങ്ങളിൽ, ഏതെങ്കിലും പ്രത്യേക വ്യാഖ്യാനങ്ങളെയും,  ധാരകളെയും സ്വീകരിക്കുകയും, പിന്തുണക്കുകയും  ചെയ്യാറുമുണ്ട്.

ഒരു സാമൂഹികശാസ്ത്ര വിദ്യാർത്ഥി എന്നനിലയിൽ എന്റെ പ്രാഥമിക പരിഗണന എന്തെന്നാൽ, ഈ വ്യത്യസ്ത പണ്ഡിതന്മാരുടെ രാഷ്ട്രീയ താല്പര്യങ്ങളെ ആഴത്തിൽ മനസിലാക്കാനുള്ള ഒരു സൈദ്ധാന്തിക ചട്ടക്കൂട് രൂപപ്പെടുത്തുക എന്നതാണ്,  എന്റെ എം എ പ്രബന്ധം സമർപ്പിക്കുന്നതോടെ ഞാൻ ഈ ഉദ്യമം അവസാനിപ്പിക്കുകയും ചെയ്യും. തുടർന്ന് എന്റെ ഊന്നൽ, വ്യത്യസ്ത വൈജ്ഞാനിക സ്ഥാപനങ്ങളെക്കുറിച്ചുള്ള ചില കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിലായിരിക്കും. എന്റെ എം എ തീസിസ്, ഖത്തറും തുർക്കിയും മറ്റു രാജ്യങ്ങളും സ്പോൺസർ ചെയ്യുന്ന പണ്ഡിതന്മാരെ അഭിസംബോധന ചെയ്യുന്നത്കൊണ്ട് തന്നെ, ഈ ലേഖനത്തിൽ ഞാൻ കൂടുതൽ ഊന്നൽ കൊടുക്കുന്നത്, യു.എ.ഇ സ്പോൺസർ ചെയ്യുന്ന “നവ സൂഫി പാരമ്പര്യവാദത്തിന്റെയും” “പാരമ്പര്യ വിരുദ്ധ പുരോഗമനവാദികളുടെയും” പണ്ഡിത ശൃംഖലകളെക്കുറിച്ച് ചർച്ച ചെയ്യാനാണ്. ഈ അടുത്ത് നടന്ന യു.എ.ഇ ഇസ്രായേൽ ഉടമ്പടിയിലുള്ള ഈ മേഖലയിലെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പങ്കിനെകുറിച്ചുള്ള സൂക്ഷ്മമായ ചില സംവാദങ്ങൾക്ക് ഈ ലേഖനം വഴിതുറക്കും എന്നും ഞാൻ പ്രതീക്ഷിക്കുന്നു.

ഒരു പ്രധാനപ്പെട്ട കുറിപ്പ്

ഈ എഴുത്തിനെക്കുറിച്ചുള്ള ഏതെങ്കിലും വിധത്തിലുള്ള തെറ്റിദ്ധാരണകൾ  ഒഴിവാക്കപ്പെടാനുള്ള ബൗദ്ധികമായ ‘മുന്നറിയിപ്പ്’ എന്നനിലയിൽ ഞാൻ ചില കാര്യങ്ങൾ ഊന്നിപ്പറയുകയാണ്. ഏതെങ്കിലും ഒരു പ്രത്യേക വൈജ്ഞാനിക വ്യവഹാരത്തിന്റെ ശൃംഖലക്ക് ലഭിക്കുന്ന ഭരണകൂട പിന്തുണയെ മുൻനിർത്തി, പ്രസ്തുത വ്യവഹാരത്തെ പിന്തുടരുന്ന എല്ലാ പണ്ഡിതന്മാരും ഭരണകൂടത്തിന്റെ സാമ്പത്തിക സഹായം നേടുന്നവർ ആണെന്നോ അല്ലെങ്കിൽ ഭരണകൂടത്തിന്റെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാകുമെന്നോ അർത്ഥമാക്കേണ്ടതില്ല. അത്തരം പണ്ഡിതന്മാരുടെ ശൃംഖലകൾക്കുള്ള ഭരണകൂട പിന്തുണയിലൂടെ, അതിൽ അവശേഷിക്കുന്നവരുടെ വൈജ്ഞാനിക പ്രവർത്തനങ്ങളെയും വ്യവഹാരങ്ങളെയും നയിക്കാനും നിയന്ത്രിക്കാനും ശ്രമമുണ്ടാകുമെങ്കിലും, പ്രസ്തുത പണ്ഡിന്മാരുടെ നിലപാടുകളെയും, പ്രവർത്തനങ്ങളെയും ഒരിക്കലും ഭരണകൂട പദ്ധതികളിലേക്ക് മാത്രം ചുരുക്കുകയും ചെയ്യരുത് എന്നും കൂട്ടിച്ചേർക്കേണ്ടതുണ്ട്. അതിനപ്പുറം, ഓരോ പണ്ഡിതന്മാരും,  ഭരണകൂടത്തെ ഏതളവിൽ ആശ്രയിക്കാമെന്നും, അവരുടെ മേലെയുള്ള ഭരണകൂട സ്വാധീനത്തിന്റെ സാധ്യത എത്രത്തോളമുണ്ട് എന്നും ഒരാൾ  ബോധവാനായിരിക്കുകയാണ് വേണ്ടത്. മാത്രവുമല്ല, യു.എ.ഇ സ്പോൺസർ ചെയ്യുന്ന സൂഫികളുടെയും പുരോഗമനവാദികളുടെയും ഗ്രൂപ്പുകൾ മാത്രമല്ല അത്തരം സ്വാധീനത്തിലുള്ളത് എന്നും മനസിലാക്കേണ്ടതുണ്ട്. ചില പ്രത്യേക ഭരണകൂടങ്ങൾ പിന്തുണക്കുന്നതും, വ്യത്യസ്‌ത വ്യവഹാരങ്ങളെ സ്വീകരിച്ചിട്ടുള്ളതുമായ മറ്റു ഗ്രൂപ്പുകളെയും (ഉദാ. സലഫികളെയും ഇഖ്‌വാനികളെയും) അവരുടെ അനുഭവങ്ങളെ രൂപപ്പെടുത്തുന്ന  ബലതന്ത്രങ്ങളെക്കുറിച്ചും, ഈ ലേഖനത്തിൽ ഞാൻ ചർച്ച ചെയ്യുന്ന വിഷയവുമായി താരതമ്യപ്പെടുത്താവുന്നതാണ്. ‘പിന്തുണ’ (sponsorship ) എന്നത് കൊണ്ട് ഞാൻ ഇവിടെ അർത്ഥമാക്കുന്നത് ഇതാണ്; അതായത്, ഒരാളുടെ കാഴ്ചപ്പാടിനെ പിന്തുണക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക ഔദ്യോഗിക പദവികൾ ഭരണകൂടങ്ങൾ നൽകുന്നതും, സ്ഥാപനവൽക്കരണങ്ങൾക്ക് വേണ്ടിയുള്ള സാങ്കേതിക/പ്രതീകാത്മക അംഗീകാരങ്ങളും പിന്തുണകളും നൽകുന്നതും തൊഴിലവസരങ്ങൾക്കുള്ള വേദികൾ നൽകുന്നതുമൊക്കെ അതിൽ പെടും എന്നാണ് അവസാനമായി സൂചിപ്പിക്കാനുള്ളത്.

യു.എ.ഇയുടെ മതനയം

യു.എ.ഇയുടെ മത നയത്തിൽ ഒരു മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 2002 ൽ യൂസുഫുൽ ഖറദാവിയെ “ഇസ്‌ലാമിക വ്യക്തിത്വ” ത്തിനുള്ള അവാർഡ് നൽകി ആദരിച്ച യു.എ.ഇ, പതിനഞ്ച് വർഷത്തിന് ശേഷം അദ്ദേഹത്തെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി. ഈ കാലയളവിൽ നടന്ന രണ്ട് സുപ്രധാന സംഭവങ്ങൾ ഇസ്‌ലാമിനോടുള്ള യു.എ.ഇയുടെ നയത്തെ സ്വാധീനിച്ചിട്ടുണ്ട്; ഒന്ന്,  സെപ്റ്റംബർ പതിനൊന്നും മറ്റൊന്ന് “അറബ് വസന്തവും”. 2001 ആയപ്പോൾ തന്നെ യുഎഇയുടെ പ്രാദേശിക സുരക്ഷ യു.എ.സ്സിനെ ആശ്രയിച്ചു തുടങ്ങിയിരുന്നു. 9/11 ന് ശേഷം, “അധികാര സഖ്യകക്ഷികൾ” എന്നതിനപ്പുറം ഭീകരതയുടെ ഉറവിടമായിട്ടാണ് അമേരിക്ക ഗൾഫിനെ കാണാൻ തുടങ്ങിയത്. അതിന്റെ ഭാഗമായി, നാടകീയമായ ചില തീവ്രവാദ വിരുദ്ധ നടപടികളും  ജനാധിപത്യവൽക്കരണത്തിനുള്ള നടപടികളും സ്വീകരിക്കാൻ അമേരിക്ക ഗൾഫ് രാജ്യങ്ങളിൽ കടുത്ത സമ്മർദ്ദം ചെലുത്തി. പള്ളികളിൽ ഇമാമുമാർ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നത് തടയുകയും, അതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. അത് ലംഘിക്കുന്നവർക്കെതിരെ നടപടികളുമെടുത്തു. ഇഖ്‌വാനിന്റെ യുഎഇ വിഭാഗമായ അൽ-ഇസ്‌ലാഹ് തങ്ങളുടെ രാഷ്ട്രീയ ഇടപെടലുകൾ നിർത്തിവെക്കാനും ഇഖ്‌വാനുമായുള്ള അന്താരാഷ്ട്ര ബന്ധം ഉപേക്ഷിക്കാനും തയ്യാറാകാതിരുന്ന സാഹചര്യത്തിൽ യു.എ.ഇ ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നടപടിക്ക് വിധേയമായിരുന്നു.

യു എസ് ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്ന മിതവാദ ഇസ്‌ലാമിനെ കുറിച്ചും, അതിന്റെ ഭാഗമായി പിന്തുണക്കേണ്ട നെറ്റ്‌വർക്കുകളെക്കുറിച്ചും സൂചിപ്പിക്കുന്ന റാൻഡ് റിപ്പോർട്ട് (Rand Report – യു എസ് ഗവണ്മെന്റിന്റെ ദേശസുരക്ഷയെയും വികസനത്തെയും മുൻനിർത്തിയുള്ള ഏജൻസി) പ്രകാരമുള്ള യുഎസിന്റെ നയത്തിലേക്ക്, തിരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ആണെങ്കിലും യുഎഇ ഒടുവിൽ നിലയുറപ്പിച്ചു. അറബ് വസന്തത്തോടനുബന്ധിച്ച് അൽ ഇസ്‌ലാഹുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഇസ്‌ലാമിസ്റ്റുകളും,  ലിബറൽ ബുദ്ധിജീവികളും ജനാധിപത്യവൽക്കരണം ആവശ്യപ്പെട്ടുകൊണ്ട്, യുഎഇ പ്രസിഡന്റിനും, സുപ്രീം കൗൺസിൽ ഭരണാധികാരികൾക്കും ഒരു നിവേദനം നൽകി. അതേസമയം തന്നെ ഈജിപ്റ്റിലും തുനീഷ്യയിലും ഇഖ്‌വാൻ അധികാരത്തിലെത്തിയത് യുഎഇയെ ഞെട്ടിക്കുകയും ചെയ്തു. എങ്കിലും ഇഖ്‌വാനെ നേരിടുകയെന്ന ലക്ഷ്യത്തിൽ നിന്നും പിന്മാറാനോ,  മേഖലയിലെ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വിജയത്തെ തടയുന്നതിനുള്ള നടപടികളിൽ നിന്നും മാറിനിൽക്കാനോ ഉള്ള ഒരു ശ്രമവും യുഎഇയും അവർ പിന്തുണക്കുന്ന പണ്ഡിതന്മാരും സ്വീകരിച്ചില്ല.

പാരമ്പര്യത്തിന്റെ തന്നെ രണ്ട് വിപരീത ദിശയിൽ നിലകൊണ്ടിട്ടുള്ള രണ്ട് മുസ്‌ലിം വ്യവഹാരങ്ങളെ തന്നെയാണ്, (അതായത് നവ പാരമ്പര്യവാദത്തെയും – പാരമ്പര്യവിരുദ്ധ പുരോഗമനവാദത്തെയും) യുഎഇ സ്പോൺസർ ചെയ്യുന്നത്, എന്നത് ഒരു വിരോധാഭാസവുമാണ്; യഥാർത്ഥത്തിൽ ഇവ രണ്ടും പരസ്പരം ശ്രമിക്കുന്നതാകട്ടെ, ഒന്നിന്റെ മതപരമായ അധികാരത്തെ നിരാകരിക്കുന്നതിന് വേണ്ടിയും. എന്നാൽ, യുഎഇയെ ശക്തമായി എതിർക്കുന്ന ആക്ടിവിസ്റ്റ് മുസ്‌ലിം വ്യവഹാരങ്ങളോടുള്ള ശത്രുതയാണ്, ഈ രണ്ട് വ്യവഹാരങ്ങളെയും പരസ്പരം ഒന്നിപ്പിക്കുന്ന ഘടകം. ഇത്തരത്തിൽ പരസ്പരവിരുദ്ധമായ ഗ്രൂപ്പുകളെ യുഎഇ പിന്തുണക്കുന്നതിലൂടെ വ്യക്തമാകുന്നത് ഈ വ്യവഹാരങ്ങളോട്, തങ്ങളുടെ മതനയത്തതിന് ആശയപരമായ ഒരു കടപ്പാടും ഇല്ല എന്ന യാഥാർഥ്യമാണ്. ആക്ടിവിസ്റ്റ് മുസ്‌ലിം വ്യവഹാരങ്ങൾക്കും “അറബ് വസന്തത്തിനും” എതിരെ, തങ്ങൾ നടത്തികൊണ്ടിരിക്കുന്ന പോരാട്ടത്തിന് വേണ്ടിയുള്ള ഒരു ഉപകരണം മാത്രമായിട്ടും, അല്ലെങ്കിൽ തങ്ങളുടെ അന്തരാഷ്ട്ര താല്പര്യങ്ങളുടെ പ്രചാരണങ്ങളെ മുൻനിർത്തിയുമാണ് യുഎഇയുടെ പ്രസ്തുത മതനയം എന്ന് വ്യക്തമാണ്. യുഎഇ കേന്ദ്രീകരിച്ചുള്ള പ്രസ്തുത പണ്ഡിത സ്ഥാപനങ്ങളുടെ ചരിത്രത്തെക്കുറിച്ചും, അവർ എങ്ങനെയാണ് യുഎഇയുടെ അജണ്ടകളിൽ പ്രസക്തമാകുന്നത് എന്നതിനെ സംബന്ധിച്ചും ചർച്ച ചെയ്യാനാണ് ഇനിയുള്ള ഭാഗത്ത് ഞാൻ ശ്രമിക്കുന്നത്.

നവ പാരമ്പര്യവാദ/സൂഫി ശൃംഖലകൾ

നവ-പാരമ്പര്യ സൂഫി ശൃംഖലയെയാണ് യുഎഇ ഏറ്റവും കൂടുതൽ സ്പോൺസർ ചെയ്യുന്നതെന്ന് തന്നെ പറയാൻ സാധിക്കും. കർമശാസ്ത്രത്തിന്റെ (ഫിഖ്ഹ്) പരമ്പരാഗതമായ നാല് ധാരകളിൽ ഏതെങ്കിലുമൊരു ധാരയെ പിൻപറ്റുന്നതിലും,  ദൈവശാസ്ത്രപരമായ രണ്ട് ധാരകളിൽ (അഖീദ) ഏതെങ്കിലുമൊന്നിൽ ചേർന്നുനിൽക്കുന്നതിലും സൂഫിസം പരിശീലിക്കുന്നതിലുമാണ് നവ-പാരമ്പര്യവാദ വ്യവഹാരം പ്രധാനമായും ഊന്നൽ നൽകുന്നത്. അതിനായി, അവർ തങ്ങളെ അഹ്‌ലു സുന്നതു വൽ-ജമാഅഃയുടെ (സുന്നി ഇസ്‌ലാം) യഥാർത്ഥ പ്രതിനിധികളായി കണക്കാക്കുന്നു. കൂടാതെ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ തുടർച്ച മുറിഞ്ഞുപോകാതെയുള്ള കണ്ണി തങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതായും അവർ കണക്കാക്കുന്നു. നവ പാരമ്പര്യവാദമെന്ന നിലയിൽ അതിന് സമാന്തരമായ മറ്റൊരു വിഭാഗം അറബി ലോകത്ത് ഇല്ലാത്തതിനാൽ സാധാരണയായി അറബി സംസാരിക്കുന്ന ലോകത്ത് അവർ “സൂഫികൾ” എന്നാണ് കണക്കാക്കപ്പെടുന്നത്. ബാഅ’ലവീ ത്വരീഖത്തിലുള്ള യമനിൽ നിന്നുള്ള സൂഫീ പണ്ഡിതൻ അൽ-ഹബീബ് അലി അൽ ജിഫ്‌രിയും, ധാരാളമായി ആദരിക്കപ്പെടുന്ന മൗറിത്താനിയൻ സൂഫീ പണ്ഡിതൻ അബ്ദുള്ള ബിൻ ബയ്യാഹും, യുഎസിൽ 2008 ൽ ഉണ്ടായ സൈതൂന കോളേജിന്റെ സ്ഥാപകൻ ഹംസ യൂസുഫും, ലിബിയയിലെ പണ്ഡിതനും, രാഷ്ട്രീയക്കാരനും, 2011-2016 കാലഘട്ടത്തിൽ ലിബിയയുടെ യുഎഇ അംബാസിഡറുമായിരുന്ന, ആരിഫ് അലി നായെദ് തുടങ്ങിയവരാണ് യുഎഇ പിന്തുണക്കുന്ന നവ പാരമ്പര്യ വാദത്തിലെ ഏറ്റവുമധികം ശ്രദ്ധേയമായ വ്യക്തിത്വങ്ങൾ.

ശെയ്ഖ് ഹംസ യൂസുഫ്, ബിൻ ബയ്യാഹ്

2002 ൽ യുഎഇയിലെ മത-നീതിന്യായ മന്ത്രാലയത്തിന്റെ സാമ്പത്തിക സംഭാവനയിലൂടെ സംഘടിപ്പിക്കപ്പെട്ട, അലി അൽ ജിഫ്‌രിയുടെ പ്രഭാഷണ പര്യടനങ്ങൾ മുതൽ ചേർന്ന് കിടക്കുന്ന ബന്ധമാണ് നവ -പാരമ്പര്യവാദികളും യുഎഇ ഭരണാധികാരികളും തമ്മിലുള്ളതെന്ന് കണ്ടെത്താൻ സാധിക്കും. 2004 ൽ പ്രവാചകന്റെ ജന്മദിനാഘോഷങ്ങൾക്ക് വലിയതോതിൽ സൂഫി സംഘങ്ങൾ യുഎഇയിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ നിന്നും, സിറിയയിലെ ഏറെ ആദരിക്കപ്പെടുന്ന പണ്ഡിതനായിരുന്ന, പരേതനായ റമദാൻ അൽ ബൂത്വിയെയും, യമനിലെ ബാഅ’ലവി ത്വരീഖത്തിലെ അറിയപ്പെടുന്ന പണ്ഡിതനായ ഒമർ ബിൻ ഹാഫിസിനെയും ആ വർഷത്തെ ഇസ്‌ലാമിക വ്യക്തിത്വത്തിനുള്ള അവാർഡ് നൽകാൻ യുഎഇ തെരഞ്ഞെടുത്തിരുന്നു. 2005 ആയപ്പോൾ തബാഹ് ഫൗണ്ടേഷൻ എന്നപേരിൽ നവ-പാരമ്പര്യവാദ പണ്ഡിതന്മാർക്ക് വേണ്ടി യുഎഇയിൽ വളരെ വേഗത്തിൽ തന്നെ ഒരു സ്ഥാപനം ആരംഭിച്ചു. ഹബീബ് അൽ – ജിഫ്‌രിയുടെ നേതൃത്വത്തിലുള്ള തബാഹ് ഫൗണ്ടേഷൻ വളരെ വേഗം തന്നെ മുസ്‌ലിം പൊതുമണ്ഡലത്തിലെ ശബ്ദമായിത്തീർന്നു. 2006 ലെ ഡാനിഷ് കാർട്ടൂൺ വിവാദത്തിന് ശേഷം, തബാഹ് പ്രതിനിധികൾ ഡെന്മാർക്ക് സന്ദർശിക്കുകയും, ഡെന്മാർക്കിലെ യുവാക്കൾക്ക് ഇസ്‌ലാമിനെ കുറിച്ച് വിവരിച്ചുകൊടുക്കാൻ യുഎഇയിലേക്ക് ക്ഷണിക്കുകയും ചെയ്തു. (Litaʿārafū – “അതിനാൽ നിങ്ങൾ പരസ്പരം അറിയാൻ”,  എന്നപേരിലാണ് ആ സംരംഭം അറിയപ്പെടുന്നത്).

ഷെയ്ഖ് ഹബീബ് അലി അൽ അൽജിഫ്‌രി

തബാഹ് ഫൗണ്ടേഷന്റെ മുൻകൈയിൽ യുഎഇയിൽ 2006 – 2008 കാലഘട്ടത്തിൽ നടന്ന,  വളരെ അധികം ശ്രദ്ധിക്കപ്പെട്ട അൽ-മഹാബ അവാർഡും അതിന്റെ ഭാഗമായ ആഘോഷങ്ങളും, ആ സമയത്തെ മുസ്‌ലിം ലോകത്തെ വളരെ പ്രധാനപെട്ട സാംസ്‌കാരിക സമ്മേളനങ്ങൾ ആയിരുന്നു. മുസ്‌ലിം ലോകത്തെ പ്രസിദ്ധരായ കലാകാരന്മാരും, പൊതുവ്യക്തിത്വങ്ങളും അതിൽ പങ്കെടുത്തിരുന്നു. നവ പാരമ്പര്യവാദ പണ്ഡിതന്മാരിൽ ഉൾപ്പെടുന്ന ഷെയ്ഖ് ബിൻ ബയ്യാഹിനെ പോലുള്ളവർ ആയിരുന്നു അതിന്റ രക്ഷാധികാരികൾ എന്ന് കൂട്ടിച്ചേർക്കേണ്ടതുണ്ട്. 2009 ൽ തബാഹ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ചുകൊണ്ട് ഷെയ്ഖ് അലി ജിഫ്‌രി, ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയായ അലി ഗോമയെയും, അൽ അസ്ഹറിലെ ഗ്രാൻഡ് ഷെയ്ഖ് ആയ മുഹമ്മദ്‌ തൻതാവിയെയും, അൽ അസ്ഹർ യൂണിവേഴ്സിറ്റി പ്രസിഡന്റും, 2010 മുതൽക്ക്, ഇപ്പോഴും അസ്ഹർ യൂണിവേഴ്സിറ്റിയിലെ ഗ്രാൻഡ് ശൈഖുമായ, അഹ്മദ് അൽ ത്വയ്യിബിനെയും സന്ദർശിച്ചിരുന്നു. അടുത്ത വർഷങ്ങളിൽ, പ്രത്യേകിച്ച് “അറബ് വസന്തത്തിനുശേഷം” അൽ-ജിഫ്‌രിയുടെ ഈജിപ്തിലുള്ള സന്ദർശനങ്ങൾ  വർദ്ധിച്ചു. പിന്നീട് അവിടെ തന്നെ തുടർന്ന അൽ-ജിഫ്‌രി ഈജിപ്ഷ്യൻ പൊതുമണ്ഡലത്തിലെ ഒരു പൊതു വ്യക്തിയായിത്തീരുകയും ചെയ്തു. 2010 ഒക്കെ ആയപ്പോൾ തബാഹിന്റെ സീനിയർ പണ്ഡിത കൗൺസിലിൽ അംഗമായിത്തീർന്ന അലി ഗോമയുമായുള്ള അൽ-ജിഫ്‌രിയുടെ ബന്ധവും അദ്ദേഹത്തിന്റെ വിദ്യാർത്ഥിയും ഈജിപ്തിലെ മുൻ സൈനിക മേധാവിയും, അട്ടിമറിക്ക് ശേഷമുള്ള പ്രസിഡന്റുമായ അബ്ദുൽ ഫത്താഹ് അൽ സീസിയുടെ മതകാര്യ ഉപദേശകനുമായ, അസ്ഹരി പണ്ഡിതൻ ഉസാമ അൽ അസ്ഹരിയുമായുള്ള അൽ-ജിഫ്‌രിയുടെ ബന്ധവും ശക്തിപ്പെട്ടു. ലിബിയയിൽ യുഎഇയുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്ന പിൽക്കാലത്ത് രാഷ്ട്രീയ നേതാവൊക്കെ ആയിത്തീർന്ന അറെഫ് അലി നായെദിന്റെ ചുമതലയിൽ 2009 ൽ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനം ‘കലാം റിസർച്ച് & മീഡിയ’ (കെആർഎം) എന്നപേരിൽ സ്ഥാപിക്കപ്പെട്ടു. ഇസ്‌ലാമിക ദൈവശാസ്ത്രത്തിലും തത്ത്വചിന്തയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രസിദ്ധീകരണങ്ങളും പ്രവർത്തനങ്ങളും നടത്തുന്ന കെ‌ആർ‌എം അതിന്റെ മുതിർന്ന, ഉപദേശക പണ്ഡിതന്മാരെ മുൻനിർത്തിക്കൊണ്ടുള്ള വിശാലമായ ഒരു നെറ്റ്‌വർക്കിലാണ് പ്രവർത്തിച്ചു പോകുന്നത്.

യുഎഇ കേന്ദ്രീകൃത പാരമ്പര്യവാദ സ്ഥാപനങ്ങൾ, Courtesy: The Mydan

2013 ജൂലൈയിൽ ഈജിപ്തിലെ അട്ടിമറിക്ക് ശേഷം, വിപ്ലവ വിരുദ്ധ പ്രവർത്തനങ്ങളെ ആശയപരമായി നിയമവിധേയമാക്കുന്ന, അതിന്റെ വിമതശബ്ദങ്ങളെ നിയമവിരുദ്ധമാക്കുന്ന (പ്രത്യകിച്ച് ഇഖ്‌വാനി, ജിഹാദിസ്റ്റ് വ്യവഹാരങ്ങളെ) പദ്ധതികളോടുകൂടിയ സ്ഥാപനങ്ങൾ യുഎഇ സ്ഥാപിച്ചു. അത്തരമൊരു ദൗത്യം തബാഹിന്റെ തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നുവെങ്കിലും, രാഷ്ട്രീയ പ്രവർത്തനങ്ങളെ നിയമവിരുദ്ധമാക്കുക, ഭരണാധികാരികളോടുള്ള അനുസരണത്തെ പ്രോത്സാഹിപ്പിക്കുക, ആധുനിക ഭരണകൂടങ്ങളുടെ ഇസ്‌ലാമികമായ നിയമസാധുതയെ പ്രോത്സാഹിപ്പിക്കുക, നീതിക്ക് പകരം സമാധാനത്തിന് മുൻഗണന നൽകുക, തുടങ്ങിയ കാര്യങ്ങൾ പുതിയ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്നത് യുഎഇ ശക്തമാക്കി.

2013 ൽ യുഎഇ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട നവ-പാരമ്പര്യവാദ സ്ഥാപനങ്ങളിലൊന്ന് ബിൻ ബയ്യാഹിന്റെ അധ്യക്ഷതയിൽ സ്ഥാപിച്ചു. (മുസ്‌ലിം സമൂഹങ്ങളിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫോറം – എഫ്.പി.പി.എം.എസ്). പ്രസ്തുത ഫോറം അതിന്റെ വാർഷിക കൺവെൻഷനുകളിലൂടെയും, അത് പുറത്തിറക്കുന്ന പുസ്തകങ്ങളിലൂടെയും, മാഗസിനുകളിലൂടെയും പല ആഗോള മുസ്‌ലിം – അമുസ്‌ലിം  പണ്ഡിതന്മാരുടെയും കേന്ദ്രമായി മാറുകയും, ആഗോള മുസ്‌ലിം വിഷയങ്ങളിൽ, പദ്ധതികളും, ഇടപെടലുകളും നടപ്പിലാക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ, നവ-പാരമ്പര്യവാദ വ്യവഹാരം അറബ് വസന്തത്തിന്റെ നിയമ-അസാധുതയിലായിരുന്നു കേന്ദ്രീകരിച്ചത്. സമൂഹങ്ങളുടെ സ്ഥിരതയെ ദുർബലപ്പെടുത്തുന്ന വിപ്ലവങ്ങളേക്കാൾ ആത്മീയ മാറ്റത്തിലൂടെ ക്രമേണയാണ് രാഷ്ട്രീയ പരിഷ്കരണം നടക്കേണ്ടത് എന്ന തങ്ങളുടെ വാദങ്ങളെ മുൻനിർത്തിയായിരുന്നു ഇടപെടൽ. യുഎഇയുടെ ഇസ്‌ലാമിനെകുറിച്ചുള്ള നയത്തിന്റെ കേന്ദ്ര സ്ഥാനത്തേക്ക് ബിൻ ബയ്യാഹ് അവരോധിക്കപ്പെട്ടത്കൊണ്ട് തന്നെ വളരെ വേഗത്തിൽ അദ്ദേഹം യുഎഇ ഫത്‌വ കൗൺസിലിന്റെ ചെയർമാനുമായിത്തീർന്നു. അത് ബിൻ ബയ്യാഹിന്റെ അധികാരവും, ഔദ്യോഗിക പദവിയും വർദ്ധിപ്പിച്ചു. യുഎഇയിലെ ഫത്‌വകളെ നിയന്ത്രിക്കുന്ന പ്രസ്തുത സംവിധാനം 2018 ലാണ് സ്ഥാപിക്കപ്പെട്ടത്. ഷെയ്ഖ് ഹംസ യൂസഫും ഈ കൗൺസിലിന്റെയും ഫോറത്തിന്റെയും ശ്രദ്ധേയമായ ഭാഗമായിരുന്നു. എഫ്.പി.പി.എം.എസിനും, അൽ-മുവത്ത സെന്ററിനും ശേഷമുള്ള ബിൻ ബയ്യാഹിന്റെ മൂന്നാമത്തെ ചവിട്ടു പടിയായിരുന്നു പ്രസ്തുത ഫത്‌വ കൗൺസിൽ. ഇത്തരം സംരംഭങ്ങൾക്കുള്ള സ്ഥാപനങ്ങളെ തങ്ങളുടെ പിന്തുണയുടെ ഭാഗമായി നൽകിയതിന് പുറമെ ഈ പണ്ഡിതന്മാരുടെ വ്യവഹാരങ്ങൾക്ക് മുസ്‌ലിം  ലോകത്ത് വലിയ സ്വീകാര്യത നേടിക്കൊടുക്കുന്നതിനാവശ്യമായ മാധ്യമപിന്തുണകളും യുഎഇ നൽകിയിട്ടുണ്ട്. (Al-Muvatta: യുഎഇയിലെ ഭാവി മതപണ്ഡിതന്മാരെയും, ഉദ്യോഗാർത്ഥികളേയും പഠിപ്പിച്ചെടുക്കുന്ന, പണ്ഡിതോചിതമായ വിജ്ഞാനങ്ങൾക്ക് പ്രചാരണം കൊടുക്കുന്ന 2016 ൽ സ്ഥാപിതമായ വൈജ്ഞാനിക സ്ഥാപനം).

(തുടരും)


Courtesy: The Maydan

മുഹമ്മദ് അമാഷ