Campus Alive

സവർണ്ണ സംവരണവും മുസ്‌ലിം വിരുദ്ധ വംശഹത്യകളും

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയ 1992-ൽ തന്നെയാണ് ബാബരി മസ്ജിദ് ഹിന്ദു തീവ്രവാദികൾ അതിക്രമിച്ചതും നശിപ്പിച്ചതും എന്നത് ചരിത്രത്തിലെ ഒരു യാദൃശ്ചികതയല്ല. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനുള്ള വി.പി സിംഗിന്റെ നേതൃത്ത്വത്തിലുള്ള ജനതാ ഗവൺമെന്റിന്റെ തീരുമാനവും പ്രസ്തുത തീരുമാനത്തിന് ഇന്ത്യയിലെ പിന്നോക്ക – ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് ലഭിച്ച പിന്തുണയും, അതിനെതിരായി, മണ്ഡൽ കമ്മീഷൻ നിലപാടുകൾക്കെതിരെ രാജ്യത്ത് അരങ്ങേറിയ ‘കമണ്ഡൽ’ പ്രക്ഷോഭ പരമ്പരകളും യഥാർത്ഥത്തിൽ ഇന്ത്യൻ ക്യാംമ്പസുകളെയും ഭരണ കേന്ദ്രങ്ങളെയും തെരുവുകളെയും കോടതികളെയും വിവിധ വിഭാഗങ്ങളുടെ താൽപര്യങ്ങൾ തമ്മിലുളള എറ്റുമുട്ടലിന്റെ വേദിയാക്കിയിരുന്നു. സംവരണത്തിന് അനുകൂലമായ സുപ്രീം കോടതി വിധിയോടെ ‘കമണ്ഡൽ’ പ്രസ്ഥാനം നിയമപരമായി പരാജയപ്പെട്ടു.

നിയമപരമായി പരാജയപ്പെട്ടു എന്നതിനു പുറമേ, മണ്ഡൽ അനുകൂല പക്ഷവും മണ്ഡൽ വിരുദ്ധ പക്ഷവും, അടിസ്ഥാന തലത്തിൽ തന്നെ മറച്ചുവയ്ക്കപ്പെട്ട ഇന്ത്യൻ ജാതി യാഥാർത്ഥ്യങ്ങളെ കൂടി അഭിമുഖീകരിക്കുന്നതായിരുന്നു. ഇന്ത്യയിലെ നിരവധിയായ അവർണ ജാതി സമൂഹങ്ങളും, മറ്റു പിന്നോക്ക വിഭാഗങ്ങളും വിദ്യാഭ്യാസ തലത്തിലും അധികാര – വിഭവ പങ്കാളിത്തത്തിലും നേരിടുന്ന വിവേചനങ്ങളും ഇന്ത്യയിലെ സമ്പത്തും അധികാരവും വളരെ ചെറിയ ഒരു ന്യൂനപക്ഷ സവർണ വിഭാഗത്തിന്റെ, അധീനതയിൽ ആണെന്ന വസ്തുതയായിരുന്നു അതിലൊന്ന്. കൂടാതെ അംബേദ്കറും ഫൂലെയും പെരിയാറും പ്രതിനിധീകരിക്കുന്ന ദലിത് വൈജ്ഞാനിക ധാരകൾക്ക് കൈവന്ന പ്രാധാന്യവും എല്ലാം തന്നെ ബ്രാഹ്മണിസത്തിന്റെ, ജാതി വ്യവസ്ഥയുടെ അടിസ്ഥാന പ്രകൃതത്തെ സൂക്ഷ്മമായി പ്രതിനിധാനം ചെയ്യുന്നതായിരുന്നു. ഒരേ സമയം അവ ജാതി ഇന്ത്യയുടെ വിവേചനത്തിൽ അധിഷ്ഠിതമായ സാമൂഹ്യ ക്രമത്തെ ചോദ്യം ചെയ്യുന്നതും അതോടൊപ്പം തന്നെ ‘ഹിന്ദു ഐക്യം’ എന്ന വ്യാജത്തെ തള്ളികളയുന്നതുമായിരുന്നു.

ചരിത്രപരമായി പരിശോധിക്കുമ്പോൾ തൊട്ടുകൂടാത്തവരായി കരുതപ്പെട്ടിരുന്ന അനേകം കോടി അവർണർ ‘ഹിന്ദു’ ആകുന്നത് ജനാധിപത്യ തിരഞ്ഞെടുപ്പ് ഭരണ വ്യവസ്ഥയിൽ പിന്തുണക്കുന്നവരുടേയും അനുകൂലിക്കുന്നവരുടെയും സംഖ്യാപരമായ മേൽകൈ ഒരു പ്രധാന ഘടകമായി ആവശ്യമായത് മുതലാണ് എന്ന് കാണാൻ കഴിയും. അത്തരത്തിൽ ഭരണപരമായ മേൽകൈ ലഭിക്കുന്നതിന് ഇന്ത്യയിൽ ബഹുഭൂരിപക്ഷം വരുന്ന അവർണ പിന്തുണ അനിവാര്യമായ ഘട്ടത്തിലാണ് മണ്ഡൽ വിരുദ്ധ/അനുകൂല പ്രക്ഷോഭങ്ങൾ രംഗത്ത് വരുന്നത്. ഇവിടെ ഇന്ത്യൻ സമൂഹത്തിൽ അധികാരത്തിന്റെയും വിഭവങ്ങളുടെയും വിതരണം നീതി പൂർണമല്ലെന്നും പ്രാതിനിധ്യാവകാശങ്ങളിലൂടെ അവ നീതിയുക്തമാക്കണമെന്നും വാദിച്ച അവർണ്ണരുടെയും ന്യൂനപക്ഷങ്ങളുടെയും സംവരണാനുകൂല ധാരയായിരുന്നു ഒരു വശത്ത്. മറു വശത്ത് അധികാരത്തിന്റെയും വിഭവത്തിന്റെയും വികേന്ദ്രീകരണമോ വിദ്യാഭ്യാസ അവകാശമോ മറ്റു അവകാശങ്ങളോ പ്രത്യേകമായി ഒരു വിഭാഗത്തിനും അനുവദിക്കാൻ സമ്മതിക്കില്ലെന്നും ഇന്ത്യൻ സമൂഹത്തിൽ വിവേചനം ഇല്ലെന്നും നിലപാടെടുത്ത, ജാതി വ്യവസ്ഥയുടെയും ബ്രാഹ്മണ്യത്തിന്റെയും സ്വാഭാവിക ഗുണഭോക്താക്കളായ സവർണ വിഭാഗങ്ങുടെ സംവരണ വിരുദ്ധ ധാരയും. ഈ രണ്ട് ധാരകളും വളരെ വ്യക്തമായി രണ്ടായിപിരിഞ്ഞ ഒരു ചരിത്ര ഘട്ടത്തിനാണ് മണ്ഡൽ വിരുദ്ധ പ്രക്ഷോഭകാലം സാക്ഷ്യം വഹിച്ചത്. അത്തരമൊരു ഘട്ടത്തിൽ, ഇന്ത്യയിൽ ബഹുഭൂരിപക്ഷം വരുന്ന അവർണ്ണ ജനത, അംബേദ്ക്കർ ദലിത് ജനതയുടെ സാമൂഹിക സ്വത്വ സ്ഥാനത്തെ നിർവചിച്ചതു പോലെ, “we are not a part But a part” എന്ന, അഥവാ “ഞങ്ങൾ ഹിന്ദു മതത്തിന്റെ ഭാഗമല്ല, മറിച്ച് ഞങ്ങൾ സ്വയമേവ ഒരു വിഭാഗമാണ്” എന്ന നിലപാടിലേക്ക് ദലിത് ബഹുജന വിഭാഗങ്ങൾ ഉയരുകയായിരുന്നു. ഈ ഘട്ടത്തിൽ ആണ് 1992 ഡിസംബർ 6-ാം തിയ്യതി ബാബരി മസ്ജിദ് ഹിന്ദു തീവ്രവാദികൾ ആക്രമിക്കുന്നതും നശിപ്പിക്കുന്നതും.

photo by Samuel Bourne

മണ്ഡൽ അനുകൂല – വിരുദ്ധ പ്രക്ഷോഭങ്ങൾ ഇന്ത്യൻ സമൂഹത്തിലെ സ്വത്വ സമവാക്യങ്ങൾ പുനർനിർവ്വചിക്കുകയും അതുവഴി രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുകയും ചെയ്ത അതേ 1990-കളിൽ, “ഇന്ത്യയിൽ ഒരു ഹിന്ദൂ ഭൂരിപക്ഷ ഭരണമുണ്ടായാൽ ഇന്ത്യയെ സംബന്ധിച്ച് അതൊരു ദുരന്തമായിരിക്കും” എന്ന് ഇന്ത്യയെ ബോധവൽക്കരിക്കാൻ ശ്രമിച്ച അംബേദ്ക്കറുടെ സമൃതി ദിനമായ ഡിസംബർ 6-ാം തിയ്യതി തന്നെ, ബാബരി മസ്ജിദ് ആക്രമിച്ചതിലൂടെ ഇന്ത്യയിലെ ബഹുജനങ്ങൾക്ക്, വിശിഷ്യാ ആഭ്യന്തര ശത്രുക്കളിൽ ഒന്നാമനായി ആർ.എസ്.എസ് തലവനായിരുന്ന ഗോൾവാൾക്കർ എണ്ണിയ മുസ്‌ലിം സമൂഹത്തിന് കൃത്യമായ ഒരു വംശീയ ഉന്മൂലന ഭീഷണി ആയിരുന്നു ആർ.എസ്.എസ് അടക്കമുള്ള ഹിന്ദൂ ഭീകര പ്രസ്ഥാനങ്ങൾ നൽകിയത്. അതോടൊപ്പം തന്നെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ സവിശേഷ സാഹചര്യത്തിൽ, സംവരണാനുകൂല ചേരിയിലേക്കും അതുവഴി സവർണാധിപത്യ വിരുദ്ധ ധാരയിലേക്കും ഒരുക്കിയ ദലിത് വിഭാഗങ്ങളെ, രാമൻ എന്ന എറെ ജനകീയമായ ബിംബത്തെ, രാമക്ഷേത്ര അനുകൂല പ്രസ്ഥാനത്തിലൂടെ, വീണ്ടും ബ്രാഹ്മണ്യ ചേരിയിലേക്കും അതുവഴി ബഹുജനങ്ങളെ വീണ്ടും സവർണാധിപത്യത്തിനു കീഴിലേക്കും കൊണ്ടുവരാനുള്ള സാധ്യതകൾ വർദ്ധിച്ചു.

ബ്രാഹ്മണ്യത്തിനു ഇന്ത്യയിലെ വിവിധ ജാതി വിഭാഗങ്ങളെ ഒന്നിപ്പിക്കണമെങ്കിൽ കേവലം ഹിന്ദു എന്ന ഒരു കുടക്കീഴിൽ അവരെ അണിനിരത്തിയാൽ മാത്രം പോരാ. മറിച്ച് പ്രസ്തുത ഹിന്ദു എന്ന സ്വത്വം വംശീയമായ ഉന്മൂലനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും സ്വത്വപരമായ അത്തരമൊരു പ്രതിസന്ധിയെ മറികടക്കാൻ ശക്തനായ ഒരു നേതാവിനു കീഴിൽ അണിനിരക്കുകയും വേണം എന്ന അതിജീവന തന്ത്രം ജാതി ഹിന്ദുക്കൾ മനസിലാക്കുകയും അപ്രകാരം പ്രവർത്തിക്കുകയും ചെയ്യണമായിരുന്നു. അതിനു വേണ്ടി ഒരു അപര സ്വത്വത്തെ ശത്രു ആയി പ്രതിഷ്ഠിക്കേണ്ടത് അനിവാര്യമായിരുന്നു. ഇന്ത്യയിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഇസ്‌ലാമോഫോബിയയെ കൂടുതൽ ഫലപ്രദമായും ശക്തമായും പ്രചോദിപ്പിക്കുക എന്നതായിരുന്നു ബ്രാഹ്മണ്യം അതിനു തിരഞ്ഞെടുത്ത മാർഗ്ഗം. രാമനു വേണ്ടി രാമൻ ജന്മമെടുത്തു എന്നു പറയപ്പെടുന്ന സ്ഥാനത്ത് ഒരു ക്ഷേത്രം പണിയുന്നതിനു മുസ്‌ലിം സമൂഹം ഒരു തടസമാണെന്നും രാമ ക്ഷേത്രം തകർത്താണ് ബാബരി മസ്ജിദ് നിർമ്മിച്ചത് എന്നും മുസ്‌ലിങ്ങളായ ഭരണാധികാരികളുടെ ഭരണകാലത്ത് അമ്പലങ്ങൾ നിരന്തരം കൊള്ളയടിക്കപ്പെടുകയായിരുന്നു എന്ന തരത്തിൽ, മധ്യകാലഘട്ടത്തിലെ മുസ്‌ലിം ഭരണാധികാരികളുടെ ഭരണഘട്ടത്തെയും അതുവഴി സമകാലീന മുസ്‌ലിം സമൂഹത്തെയും പൈശാചികവൽക്കരിക്കുന്നതിൽ, ഇന്ത്യയിലെ മുസ്‌ലിം സമൂഹം എതുനിമിഷവും തങ്ങളുടെ ‘ഭീകര’ സ്വത്വം കൈവരിക്കാൻ ശക്തരാണെന്നും അവരുടെ ലക്ഷ്യം ഹിന്ദു വംശീയ ഉന്മൂലനമാണെന്നും, അത്തരത്തിൽ ഗോൾവാൾക്കർ പറഞ്ഞതു പോലെ മുസ്‌ലിം സമൂഹം ഒരു ആഭ്യന്തര ശത്രുവാണെന്നുമുള്ള ശക്തമായ ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടു. അതുവഴി ഇസ്ലാമോഫോബിയ കൂടുതൽ ഉത്തേജിപ്പിക്കുന്നതിൽ ബ്രാഹ്മണ്യ ശക്തികൾ വിജയിച്ചു. ആ വിജയം ആണ് ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷം ഇന്ത്യയിൽ ഉടനീളം അരങ്ങേറിയ മുസ്‌ലിം വംശഹത്യയിലൂടെ കാണപ്പെട്ടത്.

ചരിത്രത്തിൽ നിലനിന്നിട്ടുള്ള എതൊരു വംശീയ പ്രത്യയശാസ്ത്രവും ഫോബിയയെ മറികടക്കാൻ സമൂഹത്തിനു മുന്നിൽ വച്ച ഉത്തരം പ്രസ്തുത വിഭാഗത്തിന്റെ വംശീയമായ ഉന്മൂലനവും പുറന്തള്ളലുമാണ്. ഇന്ത്യയിൽ, സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന ബ്രാഹ്മണാധിപത്യത്തിനു കീഴിൽ ഇന്ത്യയിലെ ബഹുജനങ്ങളും, ബ്രിട്ടീഷ് കാലഘട്ടത്തിൽ തന്നെ മുസ്‌ലിങ്ങളും നേരിട്ടത് വംശീയ കൂട്ടകൊലകളുടെയും അപരവൽക്കരണത്തിന്റെയും നീണ്ട ചരിത്രങ്ങളാണ്. പുതുതായി രൂപം കൊള്ളുന്ന ഇന്ത്യ എന്ന ദേശ രാഷ്ട്ര സംവിധാനത്തിൽ, അത്തരത്തിലുള്ള വംശീയ ഉന്മൂലന ഭീഷണിയും അപരവൽക്കരണവും തടയുവാനും രാഷ്ട്രീയപരമായും അധികാരപരമായും വിദ്യഭ്യാസപരമായും അത്തരത്തിലുള്ള പ്രതിസന്ധികളെ മറികടക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സംവരണം എന്ന പ്രാതിനിധ്യാവകാശം നിലവിൽ വരുന്നത്. അത്തരം പ്രാതിനിധ്യാവകാശങ്ങൾ അതിഭീകരമായ വിവേചനവും അപരവൽക്കരണവും അനുഭവിച്ചിരുന്ന ഇന്ത്യയിലെ അനേകം ജാതി -സാമുദായിക – ഉപജാതി സമൂഹങ്ങൾക്ക് കൂടി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട, അഥവാ ഇന്ത്യ എന്ന ദേശ രാഷ്ട്രത്തിന്റെ ഭരണ വ്യവഹാരത്തെയും വിദ്യഭ്യാസ മേഖലയെയും കൂടുതൽ ബഹുജന പങ്കാളിത്തമുള്ള, കൂടുതൽ നീതിയുക്തമാക്കുന്നതായിരുന്നു മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്.

എന്നാൽ, അനീതിയെ ധാർമ്മികവൽക്കരിച്ച ഇന്ത്യൻ സമൂഹത്തിൽ, നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുൻനിറുത്തി വ്യവസ്ഥ ചെയ്യപ്പെട്ട സംവരണത്തെ അകമേയും പുറമേയും ആക്രമിക്കുക എന്നത് ഒരു സവർണ തന്ത്രമാണ്. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ഘട്ടത്തിൽ തന്നെ, 1951-ൽ State of Madras v/s Champakam Dorairajan എന്ന കേസിൽ സംവരണം തുല്യതക്കുള്ള അവകാശത്തെ ഹനിക്കുന്നതാണ് എന്ന് മദ്രാസ് ഹൈകോടതി വിധിച്ചിരുന്നു. പിന്നീടും പല ഘട്ടത്തിലും സംവരണത്തിന്റെ അടിസ്ഥാന തത്ത്വത്തെ റദ്ദു ചെയ്യുന്ന ധാരാളം നടപടികൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. അതിൽ എറ്റവും പ്രാധാന്യം അർഹിക്കുന്നത്, 2019-ൽ പാർലിമെന്റ് ഭരണഘടനയുടെ 124-ാം ഭേദഗതിയിലൂടെ പാസാക്കിയ സാമ്പത്തിക സംവരണമാണ്. ഇന്ത്യയിലെ എല്ലാ പ്രമുഖ – പ്രബല രാഷ്ട്രീയ കക്ഷികളുടെയും സമ്പൂർണ പിന്തുണയോടെ, പ്രാതിനിധ്യ രാഷ്ട്രീയത്തിന്റെ മുഴുവൻ അടിസ്ഥാനങ്ങളെയും അവകാശങ്ങളെയും അപഹരിക്കുന്ന വിധത്തിൽ ആണ് സവർണ സംവരണ നിയമം പ്രാബല്യത്തിൽ വന്നത്.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി, OBC വിഭാഗങ്ങൾക്ക് എക്സിക്യൂട്ടിവ് മേഖലയിലും ഉന്നത വിദ്യഭ്യാസ മേഖലയിലും മറ്റു ഗവൺമെന്റ് തസ്തികകളിലും 27% സംവരണം നൽകാനുള്ള ജനതാ ഗവൺമെന്റ് തീരുമാനം ഭരണഘടനാപരമാണെന്ന് വിധിച്ച സുപ്രധാനമായ Indra Swahney v/s Union of India കേസിൽ 50% ശതമാനത്തിൽ കൂടുതൽ സംവരണം നൽകാൻ ഭരണഘടന അനുവദിക്കുന്നില്ല എന്ന വിധി പ്രാബല്യത്തിൽ ഇരിക്കെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വ്യക്തികൾക്ക് 10% സംവരണം നൽകാനുള്ള തീരുമാനം, യഥാർത്ഥത്തിൽ, ഒ.ബി.സി, എസ്.ടി, എസ്.സി വിഭാഗങ്ങൾക്കുള്ള സംവരണാവകാശത്തെ അപഹരിക്കുന്നതാണ്. കാരണം സാമ്പത്തിക സംവരണത്തിന്റെ അഭാവത്തിൽ തന്നെ, ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളെയും ഉൾകൊള്ളുന്ന എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കെല്ലാം ചേർന്ന് 49% സംവരണം നിലവിലുണ്ട്. അതു കൊണ്ടു തന്നെ സവർണ വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10% സംവരണം നൽകണമെങ്കിൽ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ സംവരണം 49 ശതമാനത്തിൽ നിന്ന് 39 ശതമാനമായി കുറക്കേണ്ടി വരും. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ, പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ടു വന്ന ഒരു റിപ്പോർട്ട് പ്രകാരം സവർണ സംവരണ ക്വാട്ടയിൽ വളരെ ചുരുക്കം ആളുകളെ അപേക്ഷിച്ചിട്ടുള്ളൂ എന്നാണ്. വളരെ ഉദാരമായ മാനദണ്ഡങ്ങളാണ് സവർണ വിഭാഗത്തിലെ സംവരണീയർക്ക് നിശ്ചയിച്ചിട്ടുള്ളത്, എന്നിട്ടും അപേക്ഷകർ ഇല്ലെങ്കിൽ അതിന്റെ അർത്ഥം ഉദാരമായ ഇപ്പോഴത്തെ മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്ന സവർണർ പോലും വളരെ വിരളമാണ് എന്നാണ്. അപ്പോൾ കേവലം സംവരണാവകാശം മാത്രമല്ല, 49 ശതമാനത്തിൽ നിന്ന് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ സംവരണ തോത് കുറക്കുകയും അതുവഴി ഇപ്പോൾ തന്നെ എറെ പ്രതിസന്ധി നേരിടുന്ന പ്രാതിനിധ്യാവകാശങ്ങളെ വീണ്ടും കവർന്നുകൊണ്ട് പ്രസ്തുത വിഭാഗങ്ങളെ അധികാര, വിദ്യഭ്യാസ, വിഭവ രഹിതരാക്കുക എന്ന, സംവരണത്തെ അകത്തുനിന്ന് ആക്രമിക്കുക എന്ന സവർണ തന്ത്രം കൂടി സാമ്പത്തിക സംവരണത്തിൽ ഉണ്ട്.

സാമ്പത്തികമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടിയാണ് സവർണ സംവരണം ഏർപ്പെടുത്തിയതെന്ന വാദം, പ്രാതിനിധ്യാവകാശങ്ങളുടെ ചരിത്രപരതയെ വിസ്മൃതിയിലാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സവർണ തന്ത്രമാണ്. ചരിത്രപരമായി ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്താൽ വംശീയമായ ഹിംസക്ക് വിധേയരായി കൊണ്ടിരിക്കുന്നതും ബ്രാഹ്മണിക നിയമ സംഹിതകളുടെ പിന്തുണയോടെ അധികാര – വിദ്യഭ്യാസ – സാമ്പത്തിക പ്രാതിനിധ്യ അവകാശത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിരുന്നതുമായ അപര സ്വത്വങ്ങളെ അധികാരത്തിലും വിഭവത്തിലും പങ്കാളിയാക്കുന്നതിനും വംശീയ ഉന്മൂലനത്തിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിനു വേണ്ടിയും വിഭാവനം ചെയ്യപ്പെട്ട സംവരണാവകാശത്തിന്റെ മാനദണ്ഡം സാമ്പത്തികമാക്കുന്നതിലൂടെ സഹസ്രാബ്ദങ്ങളുടെ വംശീയ ഉന്മൂലന ചരിത്രത്തെയാണ് സവർണ ആധിപത്യ പ്രസ്ഥാനങ്ങൾ വിസ്മരിച്ചത്.

സ്വതന്ത്ര ഇന്ത്യയിൽ, സാമ്പത്തിക സംവരണം എന്നാശയം ആദ്യമായി മുന്നോട്ടുവച്ചത് ഇടതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു. മാത്രമല്ല, മുന്നോക്ക വിഭാഗങ്ങളിൽപ്പെട്ട പിന്നോക്കക്കാർക്ക് 10% സംവരണം എന്ന നിയമം ആദ്യമായി പ്രാബല്യത്തിൽ കൊണ്ടു വന്നതും സി.പി.എം നേതൃത്വം നൽകുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആയിരുന്നു. ഇത്തരത്തിൽ സവർണ താൽപര്യങ്ങളും സവർണ കുടിലതകളും ആന്തരികമായി പേറുന്ന ഒരു വിഭാഗമായതുകൊണ്ടാണ് ആദ്യകാല ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതൃത്വത്തെ അംബേദ്ക്കർ ബ്രാഹ്മണിക് ബോയ്സ് എന്ന് അഭിസംബോധന ചെയ്തത്.


ഭാഗം ഒന്ന്

മുഹമ്മദ് റാഷിദ്