Campus Alive

ഖുര്‍ആന്‍: വ്യാഖ്യാനശാസ്ത്ര ഇടപാടുകളും രാഷ്ട്രീയ ചോദ്യങ്ങളും

അലക്സാണ്ട്രിയയിലെ പുരാതന ലൈബ്രറിയുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് ചരിത്രം മുസ്ലിംകളെ കുറ്റവാളികളായാണ് വിലയിരുത്തുന്നത്. കഥയിതാണ്: ബൈസാന്റീന്‍ സാമ്രാജ്യത്വത്തില്‍ നിന്ന് ഈജിപ്തിനെ മോചിപ്പിച്ച അംറുബ്നുല്‍ ആസിനോട് ഒരു ക്രൈസ്തവ പുരോഹിതന്‍ അന്നവിടെയുണ്ടായിരുന്ന ലൈബ്രറി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഉടന്‍തന്നെ എന്താണ് ചെയ്യേണ്ടത് എന്നന്വേഷിച്ചു കൊണ്ട് അദ്ദേഹം ഖലീഫ ഉമറിന് കത്തെഴുതി. ഉമറിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെ അംഗീകരിക്കുന്ന പുസ്തകങ്ങളാണെങ്കില്‍ നമുക്കവ ആവശ്യമില്ല. ഇനി ഖുര്‍ആനിലെ ഉള്ളടക്കത്തോട് വിയോജിക്കുന്നവയാണെങ്കില്‍ കത്തിച്ചു കളഞ്ഞേക്കുക.’ ഉമറിന്റെ ഈ ആഹ്വാനത്തെ ഇസ്ലാമിക മതമൗലികവാദത്തിന്റെ മകുടോദാഹരണമായിട്ടാണ് ഓറിയന്റലിസ്റ്റുകള്‍ മനസ്സിലാക്കുന്നത്.അതേസമയം ഇസ്ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ പ്രചരിക്കും എന്ന ഭയം നിമിത്തം ഒട്ടുമിക്ക മുസ്ലിംകളും ഈ കഥയുടെ ആധികാരികതയെ ചോദ്യം ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെ ഞാന്‍ അന്വേഷിക്കുന്നത് മുസ്ലിംകള്‍ക്കിടയില്‍ ഖുര്‍ആനിനുള്ള സ്ഥാനത്തെയാണ്. ഒരു സാമൂഹ്യ-രാഷ്ട്രീയ ക്രമത്തിന്റെ അടിസ്ഥാനമായി ഖുര്‍ആന്റെ നൈതികമായ ഉള്ളടക്കങ്ങളെ വായിക്കാന്‍ സാധിക്കുമോ? ആ സാധ്യതയെയാണ് ഈ അധ്യായത്തില്‍ ഞാന്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്.

2

ആയത്തുല്ല ഖുമൈനി ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി: ‘ഖുര്‍ആനിലെ ഏതെങ്കിലും സൂക്തങ്ങളെക്കുറിച്ച് ഞാനെന്തെങ്കിലും പറയുകയാണെങ്കില്‍ അവയുടെ പരമമായ അര്‍ത്ഥത്തെയല്ല അത് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഞാന്‍ പറയുന്നത് ഒരു സാധ്യത മാത്രമാണ്. തീര്‍ച്ചപ്പെടുത്തലല്ല. ‘ഇതല്ലാത്ത വേറൊരു അര്‍ത്ഥവുമില്ല എന്ന് ഞാന്‍ ഒരിക്കലും പറയുകയില്ല’.

അര്‍ത്ഥത്തിന്റെ നിര്‍ണ്ണയത്തേക്കാള്‍ വ്യാഖ്യാനത്തിന്റെ സാധ്യതയാണ് ഖുര്‍ആന്‍ എന്ന ആശയത്തെ സ്വീകരിക്കുന്നവരും തള്ളുന്നവരും മുസ്ലിംകള്‍ക്കിടയില്‍ സജീവമാണ്. ചരിത്രപരമായി തന്നെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ അനന്തതയാണ് എന്നാണ് ചില മുസ്ലിംകള്‍ വിശ്വസിക്കുന്നത്. എന്നാല്‍ മറ്റുചിലരാകട്ടെ, നിര്‍ണ്ണിതമായ അര്‍ത്ഥം ഖുര്‍ആന്‍ നല്‍കണമെന്ന് വാദിക്കുന്നവരാണ്.

ഈ സംഘര്‍ഷം ഇല്ലാതാക്കുന്നതിനെക്കുറിച്ചാണ് അസ്മ ബര്‍ലാസ് എഴുതുന്നത്. വൈവിധ്യമാര്‍ന്ന ഖുര്‍ആന്‍ വായനകള്‍ സാധ്യമാണ് എന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ വ്യാഖ്യാനപരമായ ആപേക്ഷികതയെ (എല്ലാ ഖുര്‍ആന്‍ വായനകളും ശരിയാണ് എന്ന വാദം) അവര്‍ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. അഥവാ, ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെ അംഗീകരിക്കുമ്പോള്‍ തന്നെ ദൈവികസത്തയോട് അവ എതിരാകരുത് എന്ന് ബര്‍ലാസ് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം ഞാന്‍ പരിശോധിക്കുന്നത് ഇസ്ലാമിക രാഷ്ട്രീയക്രമത്തിന്റെ ദൈവശാസ്ത്രപരമായ സാധ്യതകളെക്കുറിച്ചാണ്. ‘ഖുര്‍ആനാണ് ഞങ്ങളുടെ ഭരണഘടന’ എന്ന മുദ്രാവാക്യത്തില്‍ അടങ്ങിയിരിക്കുന്നത് അത്തരം സാധ്യതകളെ മുന്‍നിര്‍ത്തിയുള്ള ആലോചനകളാണ്. ഖുര്‍ആനാണ് ഭരണഘടന എന്ന അവകാശവാദം വളരെ അര്‍ത്ഥവത്താണ്. കാരണം, ഒരു രാഷ്ട്രീയ സമുദായത്തെ നിര്‍മ്മിക്കുന്നത് ഭരണഘടനയാണ്. ഖുര്‍ആന്‍ ആ ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത് എന്ന് ഒരാള്‍ക്ക് വാദിക്കാവുന്നതാണ്. അപ്പോള്‍ ഖുര്‍ആന്‍ വായിക്കുന്നതിലൂടെ ഒരു സമുദായം രൂപപ്പെടുകയാണ് ചെയ്യുന്നത്. ഖുര്‍ആനാണ് ഈ സമുദായത്തിന്റെ രാഷ്ട്രീയപരമായ സാധ്യതകളെയും ഭരണനിര്‍വ്വഹണത്തെയും നിര്‍ണ്ണയിക്കുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഇസ്ലാമിക രാഷ്ട്രീയഘടനയുടെ അടിത്തറ ഖുര്‍ആനായിരിക്കണം. കാരണം, ഖുര്‍ആനെ മുന്‍നിര്‍ത്തി ഒരു രാഷ്ട്രം നിര്‍മ്മിക്കുമ്പോള്‍ മാത്രമേ അതിന്റെ ഇസ്ലാമിക സ്വഭാവത്തെ ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂ. മാത്രമല്ല, ഇസ്ലാമിക രാഷ്ട്രീയക്രമത്തിന്റെ ഭരണഘടനയായി ഖുര്‍ആന്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ ഖുര്‍ആന്‍ വ്യാഖ്യാനവും അര്‍ത്ഥത്തിന്റെ നിര്‍ണ്ണയവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളൂ. ഈ അധ്യായത്തില്‍ ഞാന്‍ പരിശോധിക്കുന്നത് ദൈവശാസ്ത്രപരമായ അടിത്തറകളില്ലാതെ എങ്ങനെ ഈ സംഘര്‍ഷത്തെ പരിഹരിക്കാം എന്നതാണ്.

3

ഖുര്‍ആന്‍ വായനയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു വെല്ലുവിളി ഒരിക്കലും ഭാഷാശാസ്ത്രപരമല്ല. ഇന്‍ഗ്രിഡ് മാറ്റ്സണ്‍ പറയുന്നതുപോലെ പ്രശ്നം ജ്ഞാനശാസ്ത്രപരമാണ്: ‘ഖുര്‍ആന്റെ ശരിയായ അര്‍ത്ഥത്തെ മനസ്സിലാക്കി എന്ന് എങ്ങനെയാണ് ഒരു മുസ്ലിമിന് ഉറപ്പുവരുത്താന്‍ കഴിയുക?’. ഖുര്‍ആന്‍ വായിക്കുക എന്നതിനര്‍ത്ഥം അരേഖീയമായ (non-linear) ഒരു ഗ്രന്ഥം വായിക്കുക എന്നതാണ്. അതത്ര എളുപ്പമുള്ള പണിയൊന്നുമല്ല. അതേസമയം എല്ലാ മനുഷ്യരെയും സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്ന ഒരു വഴികാട്ടിയായിട്ടാണ് ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത്. അതിലേക്ക് ഞാന്‍ പിന്നെ വരാം. ഇനി ഞാന്‍ ശ്രമിക്കുന്നത് ഖുര്‍ആനെ ഒരു രാഷ്ട്രീയക്രമത്തിന്റെ അടിത്തറയായി സമീപിക്കാനാണ്.

ഖുര്‍ആനിലെ 228ഓളം സൂക്തങ്ങള്‍ സാമൂഹ്യ-സാമ്പത്തിക-നിയമ ഇടപാടുകളുമായി ബന്ധപ്പെട്ടതാണ്. അതിനര്‍ത്ഥം കേവലമായ ഒരു മതഗ്രന്ഥമായി ഖുര്‍ആനെ മനസ്സിലാക്കാന്‍ കഴിയില്ല എന്നതാണ്. അതുകൊണ്ടാണ് ഒട്ടുമിക്ക മുസ്ലിംകളും ഖുര്‍ആനെ ഒരു ഭരണഘടനയായി മനസ്സിലാക്കുന്നത്.

ഖുര്‍ആനെ ഒരു രാഷ്ട്രീയക്രമത്തിന്റെ മാതൃകയായി കാണുന്ന നിരവധി ഇസ്ലാമിക പണ്ഡിതരുണ്ട്. താരീഖ് റമദാന്‍, ഫരീദ് ഇസ്ഹാഖ്, അബ്ദുല്‍ കരീം സോറോഷ്, റാശിദ് ഗനൂശി എന്നിവര്‍ ഉദാഹരണം. ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച ആലോചനകളാണ് ഇവരുടെ എഴുത്തുകളിലെല്ലാം പൊതുവായി കാണുന്ന സവിശേഷത. ഖുര്‍ആനെ ദൈവിക ഗ്രന്ഥമായി കാണുമ്പോള്‍ തന്നെ അതിന്റെ ചരിത്രപരതയെ കൃത്യമായി അടയാളപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്.

ഖുര്‍ആനെ ഒരു കേവലഗ്രന്ഥമായി മനസ്സിലാക്കുന്നവരെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്റെ ഭാഷാശാസ്ത്രപരമായ ഉള്ളടക്കം തന്നെ മതിയായതാണ്. അതേസമയം ഖുര്‍ആന്റെ ഭാഷാപരമായ ഉള്ളടക്കത്തെ അംഗീകരിക്കുകയും സാമൂഹ്യപശ്ചാത്തലങ്ങളെ അവഗണിക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗം പക്ഷെ, ആധുനിക ലോകത്ത് ഖുര്‍ആന്റെ സവിശേഷമായ സാധ്യതകളെ അംഗീകരിക്കുന്നവരാണ്. എന്നാല്‍ ഈ രണ്ട് വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ക്കനുസൃതമായി ഖുര്‍ആനെ വായിക്കണമെന്ന് വാദിക്കുന്ന വേറൊരു വിഭാഗം പണ്ഡിതരുമുണ്ട്. ഈ എല്ലാ വിഭാഗക്കാരുടെയും പൊതുവായ വെല്ലുവിളി ഖുര്‍ആന്റെ ബഹുമുഖമായ വ്യാഖ്യാനസാധ്യതകള്‍ തന്നെയാണ്.

ഗ്രന്ഥകാരന്റെ ഉദ്ദേശ്യത്തെ മനസ്സിലാക്കുക എന്നതാണ് വ്യാഖ്യാനത്തെ പരിമിതപ്പെടുത്താനുള്ള ഒരു പ്രധാന മാര്‍ഗ്ഗം. ഉദാഹരണത്തിന് ഒരു പ്രത്യേക നിയമത്തെ നിര്‍മ്മിക്കുന്ന നിയമവിശാരദന്‍മാരുടെ ഉദ്ദേശ്യത്തെ മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ്. എന്നാല്‍ ഫരീദ് ഇസ്ഹാഖ് സൂചിപ്പിക്കുന്നത് പോലെ ഗ്രന്ഥകര്‍ത്താവ് ദൈവമാകുമ്പോള്‍ ഈ പ്രക്രിയ പ്രയാസകരം തന്നെയാണ്. അതുകൊണ്ടാണ് ദൈവികവചനങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ ശാസ്ത്രീയമായ കാരണങ്ങളെ ചേര്‍ക്കുന്ന പ്രവണത വ്യാപകമാകുന്നത്. പന്നിമാംസവും മദ്യവും ആരോഗ്യത്തിന് ഹാനികരമായത് കൊണ്ടാണ് നിരോധിക്കപ്പെട്ടത് എന്ന വാദം ഉദാഹരണം. അതിനാല്‍ തന്നെ ഇത്തരം യുക്തികേന്ദ്രീകൃതമായ വായനകളിലൂടെ ഒരിക്കലും ഖുര്‍ആനെ മനസ്സിലാക്കാനോ ദൈവികതാല്‍പര്യങ്ങളെ ഉള്‍ക്കൊള്ളാനോ സാധ്യമല്ല. അപ്പോള്‍ ഖുര്‍ആന്റെ അനന്തമായ വ്യാഖ്യാന സാധ്യതകളുടെ പരിമിതിയെ മനസ്സിലാക്കിക്കൊണ്ടു തന്നെ അതിന്റെ നൈതികമായ താല്‍പര്യങ്ങളെ അന്വേഷിക്കുകയാണ് നാം ചെയ്യേണ്ടത്. ഖുര്‍ആനിക വ്യാഖ്യാനശാസ്ത്രം അത്തരമൊരു സാധ്യതയെ തുറന്നുവിടുന്നുണ്ട്.

4

ഖുര്‍ആനികമായ സങ്കല്‍പ്പങ്ങളെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനാണ് പ്രവാചക വചനങ്ങള്‍ നമ്മെ സഹായിക്കുന്നത്. എന്നാല്‍ ആധികാരികതയുമായി ബന്ധപ്പെട്ട് ഹദീസ് സാഹിത്യങ്ങള്‍ക്കും ചില പരിമിതികളുണ്ട്. വളരെ സവിശേഷമായ ഒരു ചരിത്രപശ്ചാത്തലത്തിലാണ് പ്രവാചകന്‍ നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ പുതിയ കാലത്ത് പ്രവാചക മാതൃകകളെ പിന്തുടരുമ്പോള്‍ യുക്തിയെ പരിഗണിക്കേണ്ടതായി വരും. പാശ്ചാത്യചിന്തയില്‍ ജ്ഞാനോദയത്തിന്റെ കാലത്താണ് യുക്തിക്ക് സവിശേഷമായ പ്രാധാന്യം ലഭിക്കുന്നത്. പാശ്ചാത്യര്‍ യുക്തിയെ വെളുത്ത പുരുഷന് മാത്രം സാധ്യമാകുന്ന ഒരു സാര്‍വ്വലൗകിക മൂല്യമായാണ് മനസ്സിലാക്കിയത്. അതുകൊണ്ടാണ് യൂറോപ്യരല്ലാത്തവര്‍ യുക്തിവിരുദ്ധരായി മുദ്രകുത്തപ്പെട്ടത്. എന്നാല്‍ യുക്തി എന്നത് ഒരിക്കലും സ്ഥിരമായി നിലനില്‍ക്കുന്ന സാര്‍വ്വലൗകിക മൂല്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ സാമൂഹ്യ പശ്ചാത്തലങ്ങളിലും അതിന് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും. ഖുര്‍ആന്‍-ഹദീസ് വ്യാഖ്യാനങ്ങളുടെ കാര്യവും അതുതന്നെയാണ്. എന്നാല്‍ ഓരോരുത്തരും അവരവരുടെ വ്യാഖ്യാനമാണ് ശരി എന്ന് വിശ്വസിക്കാന്‍ പാടില്ല. വ്യാഖ്യാനത്തിന്റെ പരിമിതിയെ നാം ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഉമ്മത്തിന്റെ പൊതുവായ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് നാം ഓരോ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലങ്ങളിലും ഖുര്‍ആനെ വായിക്കേണ്ടത്.

ഞാന്‍ പറഞ്ഞുവരുന്നത് ഖുര്‍ആനും മുസ്ലിം ഉമ്മയും തമ്മിലുള്ള ബന്ധം വളരെ സവിശേഷമാണ് എന്നാണ്. അഥവാ, മുസ്ലിം ഉമ്മയുടെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ വ്യാഖ്യാന ഇടപാടുകള്‍ അഭികാമ്യമല്ല എന്നര്‍ത്ഥം. അതേസമയം ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ ചരിത്രപരവും പശ്ചാത്തലപരവുമായ സ്വഭാവം അനിവാര്യമായും ഒരു സംഘര്‍ഷത്തെ സൃഷ്ടിക്കുന്നുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ചരിത്രപശ്ചാത്തലത്തിലേക്ക് ഖുര്‍ആനെ പരിമിതപ്പെടുത്താന്‍ സാധ്യമല്ല. വര്‍ത്തമാനത്തിലെ ഖുര്‍ആന്‍ വായനകള്‍ ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. രണ്ട് തരത്തില്‍ നമുക്ക് ഖുര്‍ആനെ സമീപിക്കാവുന്നതാണ്. ഒന്നാമത്തേത് ഖുര്‍ആന്റെ ചരിത്രസ്വഭാവത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള സമീപനമാണ്. അതുപ്രകാരം ഖുര്‍ആന്‍ അതിറങ്ങിയ കാലത്തെ ഒരു ഗ്രന്ഥമാണ്. അതിനാല്‍ തന്നെ അക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലങ്ങളെ മുന്‍നിര്‍ത്തിയാണ് ഖുര്‍ആനെ വായിക്കേണ്ടത്. രണ്ടാമത്തെ സമീപനമനുസരിച്ച് ഖുര്‍ആന്‍ ചരിത്രാതീതമായാണ് നിലനില്‍ക്കുന്നത്. അഥവാ, ഏതെങ്കിലും സമയത്തിലേക്കോ കാലത്തിലേക്കോ മാത്രം അനുയോജ്യമായ ഗ്രന്ഥമല്ലത്. മറിച്ച്, സാര്‍വ്വലൗകികമായ മൂല്യങ്ങളെയാണ് ഖുര്‍ആന്‍ വിളംബരം ചെയ്യുന്നത്.

ഖുര്‍ആനിനെ സംഘര്‍ഷബന്ധിതമല്ലാതെ വായിക്കുന്ന വേറൊരു രീതിയുണ്ട്. വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങള്‍ക്ക് പകരം ഖുര്‍ആനിനെ പൊതുവായ ഒരു അര്‍ത്ഥത്തില്‍ വായിക്കുന്ന സമീപനമാണിത്. അതിലൂടെ പരസ്പരം സംഘര്‍ഷങ്ങളില്ലാത്ത മുസ്ലിം ഉമ്മയുടെ സൃഷ്ടിപ്പ് കൂടി സാധ്യമാകുന്നുണ്ട്. പൊതുവായി എല്ലാവരും ഉള്‍ക്കൊള്ളേണ്ട മൂല്യങ്ങളെക്കുറിച്ചാണ് ഇവിടെ ഖുര്‍ആന്‍ സംസാരിക്കുന്നത്.

എന്നാല്‍ ഇവിടെ ഖുര്‍ആന്‍ അരാഷ്ട്രീയവല്‍ക്കരണത്തിന് വിധേയമാവുകയാണ് ചെയ്യുന്നത്. അതിലൂടെ ഇസ്ലാമും അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നുണ്ട്. അങ്ങനെയുള്ള ഒരു ഇസ്ലാമാണ് മുസ്ലിംകളും അമുസ്ലിംകളുമടങ്ങുന്ന ഇസ്ലാമോഫോബുകള്‍ തേടുന്നത്. അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഖുര്‍ആന് ഒരിക്കലും വായനക്കാരെ ചലിപ്പിക്കാന്‍ സാധ്യമല്ല. അത്തരമൊരു ഖുര്‍ആന് നൈതികതയെക്കുറിച്ച അധ്യാപനങ്ങള്‍ നല്‍കാന്‍ സാധ്യമല്ല.

ഖുര്‍ആനെ ഒരു ചക്രവാളമായാണ് മനസ്സിലാക്കേണ്ടത്. അതിനെ ലക്ഷ്യമാക്കി മുസ്ലിം ഉമ്മ നടന്നടുക്കുകയാണ് വേണ്ടത്. പ്രത്യേകം തിരഞ്ഞെടുത്ത ഏതാനും സൂക്തങ്ങളെ അടിസ്ഥാനമാക്കി ഒരു ഒരു ഇസ്ലാമിക ഭരണഘടന സ്ഥാപിച്ചെടുക്കേണ്ട ഉപകരണമായി ഖുര്‍ആനെ സമീപിക്കുന്നതില്‍ പരിമിതിയുണ്ട്. ചില സൂക്തങ്ങളെ മാത്രം പ്രാധാന്യപൂര്‍വ്വം കാണുന്ന രീതിയാണിത്. ഖുര്‍ആനിന്റെ സമ്പൂര്‍ണ്ണതയെയാണ് അത് വെല്ലുവിളിക്കുന്നത്.

അലി ശരീഅത്തിയെ സംബന്ധിച്ചിടത്തോളം മുസ്ലിം ഉമ്മ രക്തത്തിന്റെയും ഭൂമിയുടെയും അടിസ്ഥാനത്തിലല്ല പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത്. അതേസമയം ഖുര്‍ആന്‍ വായിക്കുന്ന സമുദായം എന്ന അര്‍ത്ഥത്തില്‍ മുസ്ലിംകള്‍ ഏകകമായ അസ്തിത്വമായാണ് നിലനില്‍ക്കുന്നത്. ഏത് തരത്തിലുള്ള ഖുര്‍ആന്‍ വായനയും വളരെ സ്വകാര്യമായി നടക്കുന്ന ഒന്നല്ല. വായന എന്നത് സാമൂഹികമായ ഒരേര്‍പ്പാടാണ്. കാരണം ഭാഷ എന്നതുതന്നെ ഒരു സാമൂഹിക സ്ഥാപനമാണ്. അപ്പോള്‍ ഒരു മുസ്ലിമാവുക എന്നതുതന്നെ മുസ്ലിം ഉമ്മയുമായുള്ള നിരന്തരമായ ഇടപാടാണ്. കാരണം ഒരു മുസ്ലിം വ്യക്തി എന്നത് ഒരിക്കലും പരമാധികാര സ്വഭാവത്തോടെ നിലനില്‍ക്കുന്ന ഒന്നല്ല. മറിച്ച്, ഒരു സമുദായത്തിന്റെ ഭാഗമാകുമ്പോഴാണ് അവന്റെ അസ്തിത്വം സാധ്യമാകുന്നത്. മാത്രമല്ല, അത് രാഷ്ട്രീയപരം കൂടിയാണ്.

ഒരു ഇസ്ലാമിക രാഷ്ട്രീയക്രമത്തെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ എന്നത് യഥാര്‍ത്ഥത്തില്‍ നൈതികതയെക്കുറിച്ച ഓര്‍മ്മപ്പെടുത്തലാണ്. സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ അധീശത്വങ്ങള്‍ക്കെതിരായ നിലനില്‍പ്പാണത് സാധ്യമാക്കുന്നത്. അതേസമയം ഖുര്‍ആന്‍ വായനകള്‍ക്ക് ഒരിക്കലും ഖുര്‍ആനോട് പൂര്‍ണ്ണമായ നീതി പുലര്‍ത്താന്‍ സാധ്യമല്ല. അതിനാല്‍ തന്നെ എല്ലാ വായനകളും ഭാഗികം മാത്രമാണ്. എന്നാല്‍ ഖുര്‍ആന്‍ വായന എന്ന പൊതുവായ ഘടകം മുസ്ലിം ഉമ്മക്ക് ഏകത്വവും പുതിയ സാധ്യതകളും നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ മുസ്ലിംകളെ ഭിന്നിപ്പിക്കുകയല്ല, മറിച്ച് പുതിയ ആകാശങ്ങള്‍ സാധ്യമാക്കുകയാണ് ചെയ്യുന്നത്.

മുസ്ലിംകള്‍ക്കിടയില്‍ ഖുര്‍ആനുള്ള സ്ഥാനമെന്താണെന്ന് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്ന സന്ദര്‍ഭമാണ് ഉമര്‍ (റ) അലക്സാണ്ട്രിയയിലെ റോയല്‍ ലൈബ്രറി കത്തിച്ച സംഭവം. ആ ലൈബ്രറി പ്രായോഗിക ജ്ഞാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അനുഭവവും പ്രയോഗവുമൊക്കെ സാധ്യമാക്കുന്നത് ഖുര്‍ആനാണ്. നൈതികതയെക്കുറിച്ച അധ്യാപനങ്ങള്‍ അവര്‍ക്ക് നല്‍കുന്നതും ഖുര്‍ആന്‍ തന്നെയാണ്.

സൽമാൻ സയ്യിദ്