Campus Alive

ബിനാലെ തീർത്ഥാടനവും കൊച്ചിയിലെ കൊതുകുകളും

വെള്ളമുള്ളിടത്തൊക്കെ കൊതുകുകളുണ്ടാകും. മറ്റൊരു തരത്തിൽ പറഞ്ഞാൽ കൊതുകിന് വിളയാനും വളരാനും വിളയാടാനും വെള്ളം വേണം. മുട്ടയിട്ട്, ചിപ്പിക്കുള്ളിലൊളിച്ച്, വിരിഞ്ഞ് പ്യൂപ്പകളായി, മീൻകുഞ്ഞുങ്ങൾക്കൊപ്പം നീന്തിതുടിച്ച് ചിറകും കൊമ്പും മുളച്ച് പറന്നുയർന്ന്, ചോര കുടിച്ച് തിമർത്ത് നടക്കും. അവസാനം അടി കൊണ്ടോ, ബാറ്റിന്റെ കറണ്ടടിച്ചോ, ആൾ ഔട്ട്-ഗുഡ് നൈറ്റ് ഇത്യാദികളുടെ മണമടിച്ചോ, കൊതുകുതിരിയുടെ പുകയടിച്ചോ, മുനിസിപ്പാലിറ്റിയുടെ മരുന്നടിച്ചോ ചത്തില്ലെങ്കിൽ പെണ്കൊതുകിന് 42 മുതൽ 50 വരെയും ആണ് കൊതുകിന് 8 മുതൽ 10 ദിവസം വരെയും ആണ് ആയുസ്സ്. അനോഫിലസ് (anopheles mosquito) കൊതുകുകൾ മലേറിയ പരത്തുന്നു. ഈഡിസ് (aedes mosquito) കൊതുകുകൾ ഡെങ്കു, ചിക്കുൻ ഗുനിയ, മഞ്ഞപ്പനി, ലിംഫാറ്റിക്ഫി ലാറിയാസിസ് (lymphatic filariasis) എന്നീ അസുഖങ്ങളും. ഗര്ഭിണികളായ കൊതുകുകൾക്കാണ് ഈ ശേഷിയുള്ളത്. ചുരുക്കത്തിൽ, എല്ലാ കൊതുകുകളും പ്രശ്നക്കാരല്ല എന്ന് സാരം.

കൊച്ചിയിൽ വെള്ളമുണ്ട്; എല്ലായിടത്തും. കടലും കായലും കനാലും കാനകളും. അതിൽ കെട്ടിക്കിടന്നും, ഒഴുകിയും, തിരകളും, ഓളങ്ങളും ആയി പല വെള്ളങ്ങൾ. വെള്ളങ്ങളിൽ വള്ളങ്ങളും, ബോട്ടുകളും, കപ്പലുകളും എന്നിങ്ങനെ ഇന്ത്യൻ നേവിയുടെ പടക്കപ്പലുകൾ വരെ ഉണ്ട്.

നേവിയുടെ കപ്പലുകൾക്കും കെട്ടിടങ്ങൾക്കും വെള്ളത്തിലെ ഇടങ്ങൾക്കും മുകളിലൂടെ പാവം കാക്കകൾക്ക് പോലും പറക്കാൻ കഴിയില്ല എന്ന് പറഞ്ഞു ഒരിക്കൽ ഒരു ഊബറുകാരൻ ചേട്ടൻ. വെണ്ടുരുത്തി പാലം കടക്കുമ്പോൾ ഒരു കൈ സ്റ്റീറിങ്ങിൽ വെച്ച് വലത്തോട്ട് ചൂണ്ടിയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കുറച്ച് കൊല്ലം മുൻപ്, ഒരു സ്ത്രീ കൈകുഞ്ഞിനെയും കൊണ്ട് മരിക്കാൻ വേണ്ടി ചാടിയതും ഇതേ പാലത്തിന്റെ മുകളിൽ നിന്ന് തന്നെ. അവരെ രക്ഷിക്കാൻ ഒരു നേവി ഉദ്യോഗസ്ഥനും സുഹൃത്തും പുറകെ ചാടി. സ്ത്രീ രക്ഷപ്പെട്ടുവെങ്കിലും ആ കുഞ്ഞിനെ രക്ഷിക്കാനായില്ല. ആ നേവി ഉദ്യോഗസ്ഥനെ പിന്നീടൊരിക്കലും ആരും കണ്ടതുമില്ല. ഇത് കൂട്ടിച്ചേർത്ത്കൂടെ ഉണ്ടായിരുന്ന കൊച്ചിക്കാരൻ സുഹൃത്താണ്.

കൊച്ചിയിൽ വെള്ളമുള്ളത് പോലെ ബിനാലെയും ഉണ്ട്. ബിനാലെ ആണെങ്കിലോ കൊച്ചിയിൽ ഉള്ളത് പോലെ ലോകത്തിലെ മറ്റ് പല നഗരങ്ങളിലും ഉണ്ട്. ചില ഇടങ്ങളിൽ അത് ട്രിനാലെ ആണ്. ബിനാലെ രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുമ്പോൾ ട്രിനാലെ മൂന്ന് വർഷത്തിൽ ഒരിക്കൽ എന്ന് വ്യത്യാസം. വെനീസ്, സൂറിച്ച്, സാവോ പോളോ, വിറ്റ്നി, ഷാർജ, ഇസ്താൻബൂൾ, ലിയോൺ, ഹവാന, ബെർലിൻ, സിഡ്നി, ലിവർപൂൾ, ഷാങ്ങ്ഹായ് എന്നിങ്ങനെ ആ പട്ടിക നീളുന്നു. അഞ്ച് വർഷത്തിൽ ഒരിക്കൽ കൂടുന്ന ഇടങ്ങളും ഉണ്ട് (ഡോക്യുമെന്റ, കാസ്സൽ, ജർമനി). ലോക നഗരങ്ങളിലാകെ കലക്കായി തീർത്ഥാടനം നടത്തുന്ന ആസ്വാദകരും കലാകാരും, ആർട്ട് കളക്ടർമാരും, ക്രിട്ടിക്കുകളും, മാധ്യമ പ്രവർത്തകരും കൂടി ഒരു കലാതീർത്ഥാടന ശൃംഖല തന്നെ സാധ്യമാക്കുന്നു. ഒരു മതവിശ്വാസിയുടെ അമ്പലങ്ങളിൽ നിന്ന് അമ്പലങ്ങളിലേക്കോ ദർഗ്ഗകളിൽ നിന്ന് ദർഗ്ഗകളിലേക്കോ യാത്ര ചെയ്യുന്ന പോലെ. കുറെ കൂടി വ്യത്യക്തമാക്കിയാൽ, ഉത്സവപ്പറമ്പുകളിൽ നിന്ന് അടുത്തതിലേക്ക് സമയവും കാലവും ദേശവും കണക്കുകൂട്ടി സഞ്ചരിക്കുന്ന ഒരു മേളക്കമ്പക്കാരനെ പോലെ, ഉറൂസുകളിൽ നിന്ന് ഉറൂസുകളിലേക്ക് സ്വലാത്തുകളുടെയും ദിക്റുകളുടെയും കണക്ക് തസ്ബീഹ് മാലകള്‍ക്ക്‌ വിട്ട് കൊടുത്ത് നീങ്ങുന്ന ഉന്മാദിയായ ദർവീഷിനെ പോലെ.

ഇതിനെല്ലാം അപ്പുറമാണ് കച്ചവത്തിന്റെ സാധ്യതകൾ. കോടികൾ മറിയുന്ന ബിസ്സ്നസ്സ് സ്പോട്ടുകൾ കൂടിയാണ് ഇത്തരം ഇടങ്ങൾ. കോർപ്പറേറ്റുകളെ സംബന്ധിച്ചും ബിനാലെ പ്രിയപ്പെട്ട വേദിയാകുന്നു (കൊച്ചി ബിനാലെ യുടെ സ്പോണ്സർമാരിലൂടെ വെറുതെ ഒന്ന് കണ്ണോടിക്കാം- ഡി.എൽ.എഫ്, ബി.എം.ഡബ്ലിയു, ടാറ്റ, റോയൽ എൻഫീൽഡ്, ഡി.സി ബുക്ക്സ്, ഇൻഡിഗോ എയർലൈൻസ്, ഗൂഗിൾ).

പല കലാകാരും ആസ്വാദകരും ആർട്ട് കളക്ടർമാരും ബിനാലെകളിൽ നിന്ന് ബിനാലെകളിലേക്ക് സിയാറത്ത് ചെയ്യുന്നത്, കലയിലെ പുതിയ പരീക്ഷണങ്ങളെയും കലാകാരെയും പരിചയപ്പെടാനും, ബന്ധങ്ങൾ ഉണ്ടാക്കാനും, ആർട്ട് വർക്കുകൾ വിലക്ക് വാങ്ങാനും, കച്ചവടത്തിന്റെ സാധ്യതകളെ മനസ്സിലാക്കാനും ഒക്കെയാണ്. അതിൽ വരാനിരിക്കുന്ന ബിനാലെകളുടെ ക്യൂറേറ്റർമാരും (ഒരു മ്യൂസിയത്തിന്റെയോ കാലശേഖരത്തിന്റെയോ സംരക്ഷകർ എന്നോ സൂക്ഷിപ്പുകാർ എന്നോ മലയാളത്തിൽ തർജ്ജമ ചെയ്യാം, അതെ അർത്ഥമുള്ള മലയാളം വാക്ക് കിട്ടാൻ പ്രയാസം) ഉണ്ടായേക്കാം. അവർ ഇവിടെ നിന്ന് ഇഷ്ടപ്പെട്ട സൃഷ്ടി തങ്ങളുടെ സ്വന്തം ബിനാലെയിലേക്ക് ക്ഷണിക്കുകയും ചെയ്തേക്കാം. ഒരു ബിനാലെയിലേക്ക് ഇൻസ്റ്റലേഷനുകൾ തിരഞ്ഞെടുക്കുന്നതിൽ പ്രധാന പങ്ക്ക്യൂ റേറ്ററുടേത് തന്നെ. അനിതാ ദുബെയാണ് (Anitha Dube) 2018 കൊച്ചി ബിനാലെയുടെ ക്യൂറേറ്റർ. അവർ പ്രസിദ്ധയായ കലാകാരിയും, കാലാതീർത്ഥാടകയും ആണ്. ഇത്തരം യാത്രകളിൽ ആയിരിക്കാം ദുബെ വിവിയൻ കക്കുരിയെയും (Vivian Kaccuri) ഈ യുവ കലാകാരിയുടെ കലയിലെ പുതിയ പരീക്ഷണങ്ങളെയും കണ്ടെത്തിയത്. ശബ്ദമാണ്, കക്കുരിയുടെ ആർട്ട് വർക്കുകളുടെ കാതൽ.

വിവിയന്‍ കക്കൂരി

ബ്രസീലിൽ ജനിച്ച് വളർന്ന് സ്ഥിരതാമസമാക്കിയ കക്കുരിക്ക് ബിനാലെക്കല്ലാതെയും കൊച്ചിയിലേക്ക് വരാം. കായിക്കാന്റെ കടയിലെ ബിരിയാണി തിന്നാൻ, വൈകുന്നേരങ്ങളിൽ ഫോർട്ട് കൊച്ചിയിൽ നിന്ന് എറണാകുളത്തേക്ക് സൂര്യൻ ബ്രോന്റെ (കൊച്ചിക്കാർ എല്ലാരേയും മച്ചാൻ, ബ്രോ എന്ന് അഭിസംബോധന ചെയ്യുന്നു എന്നല്ലോ വെപ്പ്) അസ്തമയം കണ്ട് കടവ് കടക്കാൻ, വൈപ്പിനിലേക്ക് ജങ്കാറിൽ പോകാൻ, ഡിസംബർ മാസത്തിൽ കാർണിവല് കാണാൻ (കക്കുരിയുടെ സ്വന്തം തട്ടകമായ റിയോ ഡി ജനീറോയിൽ ഇതിനേക്കാൾ പെരിയ കാർണിവൽ ഉണ്ടെങ്കിൽ കൂടി), പപ്പാനിയെ കത്തിക്കുന്നത് കണ്ട് അറബിക്കടലിൽ ഇറങ്ങി ഒരു കൊല്ലത്തെ പാപങ്ങൾ ഒഴുക്കി കളയുകയും ആകാം (കക്കുരി പാപിയാണെന്നല്ല പറഞ്ഞത്).

എന്നാൽ, ഇതിനൊന്നുമല്ല കക്കുരി ഇത്തവണ ബ്രസീലിൽ നിന്ന് വിമാനം കയറി വന്നത്. തലയും മനസ്സും നിറയെ കൊതുകുകളെയും കൊണ്ടാണവർ കൊച്ചിയിൽ കാലുകുത്തിയത്. പണ്ട്, മനസ്സും തലയും പള്ളയും നിറയെ കച്ചവടവും ആയി വാസ്കോ ഡ ഗാമ എന്ന പറങ്കി സായിപ്പ് കാപ്പാട് കടപ്പുറത്ത് കാലുകുത്തിയതാണ് ഏറ്റവും വലിയ കാലുകുത്തൽ എന്ന് ഇന്നും പി.എസ്.സി പുസ്തകങ്ങളും സർവ വിജ്ഞാന കോശവും ഒക്കെ ആവർത്തിച്ച് പറയുന്നു (അപ്പൊ അത് വരെ ഇവടുള്ളവർ കയ്യും കുത്തിയാണോ നടന്നിരുന്നത് എന്ന് ചോദിച്ച തമാശക്കാരന് സ്തുതി). സർക്കാർ ആപ്പീസിൽ കണക്ക് നോക്കാനും കൂട്ടാനും കിഴിക്കാനും മറ്റുള്ളവരുടെ കണക്ക് കൂട്ടലുകൾ തെറ്റിക്കാനും എന്തിനാണ് വാസ്കോ ഡ ഗാമ കാലുകുത്തിയ നാളും തീയതിയും കുത്തലിന്റെ ആംഗിളും ഒക്കെ അറിയുന്നത് എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. ജോലി വേണോ, ഉത്തരം ഇതാവണം. പി.എസ്.സി ഉ(ഊ)ത്തരങ്ങൾ എന്ന (കു)പ്രശസ്തമായ ഒരു സാമ്പ്രദായക ശ്രേണി തന്നെ നിലനിൽക്കുന്നുണ്ട്.

കൊച്ചി എന്ന് ചിന്തിക്കുമ്പോൾ കൊതുകുകളും വെള്ളക്കെട്ടും ഇല്ലാത്ത ഒരു പ്രദേശം സങ്കൽപ്പിക്കാൻ പ്രയാസമാണ്. കൊച്ചിയോടൊപ്പം ഡിഫോൾട്ട് ആയി കൊതുകുകൾ ഉണ്ട്. കൊച്ചിയിൽ എന്നല്ല മൂന്നാം ലോക രാഷ്ട്രങ്ങളിലെ ആളുകൾ തിങ്ങി പാർക്കുന്ന നഗരപ്രദേശങ്ങളിൽ എല്ലാം കൊതുകുകൾ ഉണ്ട്. അവർ പരത്തുന്ന രോഗങ്ങളും. സാധാരണക്കാരനായ ഒരു കൊച്ചിക്കാരന് (ആരാണ് സാധാരണക്കാരൻ എന്ന ചോദ്യം വലിയ ഒരു ചോദ്യമാണ്. അതുകൊണ്ടുതന്നെ ബിനാലെ കാണാത്ത, ബിനാലെക്ക് വേണ്ടി കാത്തിരിക്കാത്ത, ബിനാലെയിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച്‌ അറിയാൻ താൽപര്യമില്ലാത്ത/സമയമില്ലാത്ത കൊച്ചിക്കാരെയാണ് ഞാൻ ഇവിടെ സാധാരണക്കാർ എന്ന് ഉദ്ദേശിക്കുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. എന്നുവെച്ച് മറ്റുള്ളവർ അസാധാരക്കാർ ആണെന്നോ അല്ലെന്നോ പറയുന്നുമില്ല) ദേഷ്യമൊക്കെ കാണും. അങ്ങനെ സംഭവിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ? അറിയില്ല. പൂച്ചകളെ കൊണ്ട് പൊരുതി മുട്ടിയ നാട്ടിലേക്ക് പൂച്ചകളെയും തെളിച്ചു വരുന്നവരെ അന്നാട്ടുകാർ പിന്നെ എന്ത് ചെയ്യണം? (പൂച്ച പ്രേമികൾ പൊറുക്കുക).

പക്ഷെ, സാധാരണക്കാർക്ക് കക്കുരിയുടെ കൊതുകുകളെ അറിയില്ലല്ലോ. കക്കുരിയുടെ കൊതുകുകൾ കലയാണ്. കൊച്ചി ബിനാലെയുടെ (ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ) ഭാഗമായ വർക്ക് ഓഫ് ആർട്ട്. കലാ തീർത്ഥാടനത്തിന്റെ ഭാഗമായി സായിപ്പന്മാരും,അറബികളും, ചീനക്കാരും, പറങ്കികളും, ലന്തക്കാരും, ഗുജറാത്തികളും, ബംഗാളികളും, ആഫ്രിക്കക്കാരും, അമേരിക്കക്കാരും എന്നിങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ആളുകള്‍ ഇവിടേക്ക് ഹിജ്‌റ ചെയ്ത് എത്തുന്നു. അല്ലാത്തവരും ഉണ്ട്, ഇല്ല എന്നല്ല. കൊച്ചികാണാൻ വരുന്ന ഒരു മലപ്പുറത്തുകാരൻ ഫ്രീക്കന് ബിനാലെ കിടു ഫോട്ടോ എടുക്കാനുള്ള സ്‌പോട്ടാണ്. ചുമരുകളിലെ നിറങ്ങളും, ഗ്രഫിറ്റികളും, വ്യത്യസ്തരായ ജനങ്ങളും, അവരുടെ വസ്ത്ര ധാരണത്തിലെ വൈവിധ്യങ്ങളും, ഹെയർ സ്റ്റൈലും ഒക്കെ ബിനാലെയുടെ ആകർഷണങ്ങളാണ്. നൈജീരിയയിലെ ബെനിൻ യൂണിവേഴ്സിറ്റിയിൽ സ്രാവുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ജോൺ ഒകോങ്കോ ബിനാലെയിൽ വന്നത് കാമുകിയെ കാണാനാണ്. അവർ ആണെങ്കിലോ ബിനാലെയിലെ തിരക്കുള്ള ഒരു കലാകാരിയും. അതുകൊണ്ട് തന്നെ ജോൺ പലപ്പോഴും കൊച്ചിയിലെ ഫ്രീക്കന്മാരുമായി കമ്പനി അടിച്ച്, ബീഡി ഒക്കെ വലിച്ച് സമയം ചിലവഴിക്കുന്നു. അദ്ദേഹത്തിന് ബിനാലെ കാണാനൊന്നും വല്യ താല്പര്യമില്ല. മൂന്നാറ് കാണാൻ വന്ന ഒരു ജാപ്പനീസ് കുടുംബം ദിവസങ്ങളോളം ബിനാലെയിൽ ചിത്രങ്ങൾ വരച്ച് നടക്കുന്നു. കാഴ്ചകളിൽ എത്ര വ്യത്യസ്തതകളാണ്.

മൊസ്‌ക്വീറ്റോ ഷ്രൈന്‍

പറഞ്ഞ് വന്നത് കക്കുറിയുടെ കൊതുകുകളെ കുറിച്ചാണല്ലോ. വേറെയും ഉണ്ട് ഗുണങ്ങൾ, അവക്ക്. അവ കടിക്കില്ല, എച്ച്1 എൻ1ഓ മലേരിയയോ കൂടെ കൊണ്ട് നടക്കില്ല, പനി വരില്ല, വിറക്കില്ല, ആസ്പത്രിയിൽ പോകണ്ട, വരി കാത്ത് നിക്കണ്ട, തിക്കണ്ട, തിരക്കണ്ട, ഡോക്ടറെയോ കമ്പോണ്ടറെയോ കാണണ്ട, പാരാസിറ്റമോളും ആന്റി ബയോട്ടിക്കും തിന്നണ്ട. കാരണം, കക്കുരിയുടെ കൊതുകുകൾക്ക് ജീവനില്ല (എല്ലാ കലകൾക്കും ജീവനുണ്ടെന്നാണ് കലാകാരും ആസ്വാധകരും പറയുന്നത്. അങ്ങനെ എങ്കിൽ നിങ്ങളും എന്നോട് ക്ഷമിക്കുക).

എന്നാൽ, കക്കുരിയുടെ കൊതുകുകൾക്ക് ശബ്ദമുണ്ട്. സ്ഥിരമായി നമ്മളെ അസ്വസ്ഥപ്പെടുത്തുന്ന മൂളക്കങ്ങളോ (ഒറ്റക്ക്) ഗാനമേളകളോ (കൂട്ടമായി) അല്ല താനും. കോണ്ക്രീറ്റ് കട്ടകൾക്കുള്ളിൽ ഉറപ്പിച്ച സ്റ്റീരിയോയിൽ നിന്ന് പുറത്ത് വരുന്നത് സുന്ദരന്മാരും സുന്ദരികളും എന്നല്ല എല്ലാ ജെണ്ടറുകളിലും ഉള്ള കൊതുകുകളുടെ പ്രണയാർദ്ര സംഗീതമാണ്. കൊതുകുകളുടെ കാമകേളികൾക്കിടെ കക്കുരി ഒളിച്ച് കേട്ട ശബ്ദങ്ങളാണിവ. ഒളിച്ച് കേൾക്കുക മാത്രമല്ല, അവരത് അത്യാധുനിക ശബ്ദ സാങ്കേതികോപകരണങ്ങൾ കൊണ്ട് റെക്കോർഡ് ചെയ്ത് ബിനാലെ കലോത്സവത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തിരിക്കുന്നു. കൊതുകുകൾക്ക് പിന്നെ മൗലികവകാശങ്ങളും സ്വകാര്യതക്കുള്ള അവകാശങ്ങളും ഭരണഘടനാപരമായി തന്നെ ഇല്ലാത്തത് കൊണ്ട് ആർക്കും അതൊരു പ്രശ്‌നമല്ല താനും. ഏതോ സിനിമയിൽ ആരോ പറഞ്ഞ പോലെ കൊതുകുകൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ? ഭരണഘടനാ വാദികളും അവകാശസംരക്ഷകരും ആരും തന്നെ കൊതുകുകൾക്ക് വേണ്ടി ബിനാലെയോടോ കക്കുരിയോടോ നിയമയുദ്ധത്തിന് പോകുന്നും ഇല്ല.

സംഗതി ഇങ്ങനെ ഒക്കെ ആണെങ്കിലും പെപ്പർ ഹൌസ്(കൊച്ചി കായലിനോട് ചേർന്ന് ഫോർട്ട് കൊച്ചിയിൽ നിന്ന് മട്ടഞ്ചേരിയിലേക്കുള്ള റോഡിലാണ് പെപ്പർ ഹൌസ് സ്ഥിതി ചെയ്യുന്നത്. കായലിന്റെ ഓളങ്ങളും അതിൽ ഒഴുകി നടക്കുന്ന പായലും പ്ലാസ്റ്റിക്ക് കുപ്പികളും പെപ്പർ ഹൌസിന്റെ മതിൽകെട്ടിനെ തഴുകികൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ കൊതുകുകൾ ഏറെ ഉള്ള സ്ഥലം കൂടിയാണിത്. ബിനാലെയുടെ മറ്റു പല വേദികളും എന്ന പോലെ കൊളോണിയൽ കാലഘട്ടത്തിൽ നിർമ്മിച്ച ഒരു ഗുദാമാണ് ഈ കെട്ടിടം.

എന്നാൽ ഇന്ന് ഈ കെട്ടിടത്തിനകത്ത് ഒരു കഫേയും, ബൊട്ടീക്കും പിന്നെ ഒരു ലൈബ്രറിയും പ്രവർത്തിച്ച് പോരുന്നു. മാത്രമല്ല, ബിനാലെയുടെ റെസിഡൻഷ്യൽ ആർട്ട് പ്രോഗ്രാമിന്റെ കേന്ദ്രം കൂടി ആണ് ഇവിടം. ഈ പഴയ കെട്ടിടത്തിലെ No.75 എന്ന് മഞ്ഞ വട്ടത്തിൽ മര വാതിലിൽ രേഖപ്പെടുത്തിയിരിക്കുന്ന മുറിക്കും തന്റെ കലക്കും കക്കുരി ഇട്ടിരിക്കുന്ന പേര് മോസ്ക്വിറ്റോ ഷ്രയിന് എന്നാണ്. എന്ന് വെച്ചാൽ, കൊകുകളുടെ തീര്ഥാടനകേന്ദ്രം. ബിനാലെ കലാപ്രേമികളുടെ തീർത്ഥാടനകേന്ദ്രം, അവിടെ കൊതുകുകൾക്കായി ഒരു തീർത്ഥാടന കേന്ദ്രം. എലികൾക്കും, പുലികൾക്കും, കുരങ്ങാൻമാർക്കും, പാമ്പുകൾക്കും, ആമകൾക്കും എന്നിങ്ങനെ ഒരുപാട് അമ്പലങ്ങളുണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ. പക്ഷെ, കൊതുകുകളുടെ തീര്ഥാടനകേന്ദ്രം പുതിയൊരു ആശയം തന്നെ.

പെപ്പര്‍ ഹൗസ്, കൊച്ചി

രാജസ്ഥാനിലെ ദഷ്ഗോകെയിലാണ് എലികൾക്കായുള്ള അമ്പലം ഉള്ളത്, കർണിമഠ ടെമ്പിൾ. വിശ്വാസികൾ എലികൾക്ക് മധുരവും പലഹാരങ്ങളും ഒക്കെ കാണിക്കയായി സമർപ്പിക്കും. അവിടെയാണെങ്കിലോ ഒരുപാട് എലികൾ ഉണ്ട് താനും. ഉറുമ്പുകൾക്കുള്ള തീർത്ഥാടന കേന്ദ്രം അല്ലെങ്കിൽ കൂടി ഡൽഹിയിലെ ഫിറോസ് ഷാ കോട്ലയിൽ (വ്യാഴാഴ്ച ദിവസങ്ങളിൽ മാത്രം) അവക്ക് മധുരം നൽകുന്നത് ഒരു വിശ്വാസമാണ്. ഡൽഹിയിലെ അടിമ വംശരാജാക്കന്മാരുടെ കാലത്ത് ഫിറോസ് ഷാ തുഗ്ലക്കാണ് ഈ കോട്ട നിർമ്മിക്കാൻ ഉത്തരവിട്ടത്.

കക്കുരിയും തന്റെ തീർത്ഥാടന കേന്ദ്രത്തിലേക്ക് പ്രിയപ്പെട്ട കൊതുകുകളെ ആകർഷിക്കാൻ പൊടികൈകൾ ഒരുക്കിയിട്ടുണ്ട്. നീല നിറത്തിൽ കത്തിക്കൊണ്ടിരിക്കുന്ന UV ലൈറ്റുകളുടെ മങ്ങിയ വെളിച്ചത്തെയാണ് അവർ അതിനായി സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ കക്കുരിയുടെ കലാകേന്ദ്രത്തിലേക്ക്/ തീർത്ഥാടനകേന്ദ്രത്തിലേക്ക് കൊതുകുകൾ ആരും തന്നെ വരാറില്ല എന്നാണ് അവിടെ കാവൽ നിൽക്കാറുള്ള (വളണ്ടിയർ) സുഹൃത്തിന്റെ അഭിപ്രായം. കൊതുകുകളുടെ കടി കൊള്ളാത്തതിൽ അദ്ദേഹം സന്തുഷ്ടനാണ്. കൊച്ചിയിലെ സാധാരണക്കാരായ മനുഷ്യരെ പോലെ ഇവിടുത്തെ കൊതുകുകളും സാധാരണക്കാരായത് കൊണ്ടാണോ അങ്ങനെ സംഭവിക്കുന്നത്? കൊതുകുകളില്ലാത്ത കൊച്ചി ആലോചിക്കാൻ തന്നെ ബുദ്ധിമുട്ടാണ്‌. അത്രയും, ഇഴപിരിയാത്ത ബന്ധമുണ്ട്, കൊതുകുകൾക്ക് കൊച്ചിയുമായി. എന്നാൽ, ഇവിടെ കൊതുകുകളില്ലാത്ത ഇടം ഒരുപക്ഷേ, കക്കുരിയുടെ കൊതുകമ്പലമായിരിക്കും.

അങ്ങനെയെങ്കിൽ ഭീകരമായ alienation ആണ് കൊച്ചിയിലെ സാധാരണക്കാരായ കൊതുകുകളും ആളുകളും ബിനാലെയോട് ചെയ്തുകൊണ്ടിരിക്കുന്നത്. അതുവഴി കക്കുരിയോടും, കൊതുകുകളുടെ തീർത്ഥാടന കേന്ദ്രത്തോടും.

Possibilities for a Non-alienated life എന്നല്ലോ ബിനാലെയുടെ പ്രധാന മുദ്രാവാക്യം തന്നെ. അന്യതയിൽ നിന്ന് അന്യോന്യതയിലേക്ക് എന്നാണ് ബിനാലെയിലെ മലയാള ഭാഷാപണ്ഡിതർ അതിന് തർജ്ജമ കണ്ടെത്തിയത്. അവരുടെ ചില തർജ്ജമകൾ വായിച്ച ഒരു ജബൻ അതിലെ ചില ശകലങ്ങൾ പകർത്തി ആ കടലാസ് അടുത്തുള്ള ആയുർവേദശാലയിൽ കൊടുത്തപ്പോൾ വയറിളക്കത്തിനുള്ള മരുന്ന് ലഭിച്ചു എന്നും, രോഗം ബേധമായി എന്നും ഏതോ പാക്കരൻ പാടി നടക്കുന്നത് കേട്ടു (കടപ്പാട്, വൈക്കം മുഹമ്മദ് ബഷീർ).

എന്നാൽ, കക്കുരി തന്റെ കലയിലൂടെ (തീർത്ഥാടന കേന്ദ്രത്തിലൂടെ) പറയാൻ ശ്രമിക്കുന്നത് അന്യതയെ കുറിച്ചോ അന്യോന്യതയെ കുറിച്ചോ അല്ല. മറിച്ച് കൊതുകുകളെ പറ്റിയാണ്. കൊളോണിയൽ കാലഘട്ടത്തിൽ വെള്ളക്കാരെ സംബന്ധിച്ചിടത്തോളം കൊതുക് ഒരു ഭീകര ജീവിയായിരുന്നു എന്നാണ് കക്കുരിയുടെ വാദം.

ഇത്തരം ഒരു ആലോചനകൾക്ക് പിന്നിൽ ഒരു കഥയും ഉണ്ട്. ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് കക്കുറി സൗത്ത് ആഫ്രിക്കയിൽ എത്തുന്നു. വെളുത്ത വർഗക്കാരനായ ആ സുഹൃത്ത് കൊതുകുകടിയിൽ നിന്നും രക്ഷ നേടാൻ കക്കുറിക്ക് ഒഡോമോസ് പോലെയുള്ള എന്തോ മരുന്ന് നൽകി. രണ്ട് പേരും കൂടെ തെരുവുകളിലൂടെ നടക്കുമ്പോൾ പക്ഷെ കക്കുറി കാണുന്നത് ഈ ഓയിന്മെന്റ് ഒന്നും തേക്കാതെ നടക്കുന്ന പ്രാദേശികരായ കറുത്ത വർഗക്കാരെയാണ്.

ഈ ഒരു അനുഭവത്തെ മനസ്സിൽ വെച്ച് കൊളോണിയൽ ആഫ്രിക്കയെ ആണ് കക്കുരി തന്റെ സൃഷ്ടിക്ക് റഫറൻസ് ആയി എടുക്കുന്നത്. പ്രാദേശികരായ ആഫ്രിക്കയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, കൊതുക് അവരുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. അവരുണ്ടാക്കുന്ന രോഗങ്ങളും. കൊതുകിനോടും രോഗങ്ങളോടും മല്ലടിച്ചും സംവദിച്ചും അവർ ജീവിച്ച് പോന്നു. ഒരുപാട് മനുഷ്യരെ മലമ്പനിയും മറ്റും കൊണ്ട് പോയെങ്കിലും, പൂർവികരിലൂടെ കൈമാറി വന്ന അറിവുകളും മരുന്നുകളും പ്രാർത്ഥനകളും കൊണ്ടവർ പിടിച്ച് നിന്നു. വെള്ളക്കാർക്കാണെങ്കിൽ സ്ഥലവും കാലവും കാലാവസ്ഥയും കൊതുകുകളും (രോഗങ്ങളും) അപരിചിതമായിരുന്നു. അവർ അതിനെ പ്രാകൃതം (primitive) എന്ന് വിളിച്ചു. തോക്കുകളും പീരങ്കികളും കൊണ്ട് കൊതുകുകളെ തുരത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയ അവർക്ക് പേടിക്കുകയല്ലാതെ തരമില്ലായിരുന്നു. കൊതുകുകളുണ്ടാക്കിയ ഈ ഭയം കോളനിവൽക്കരണത്തിന്റെ വേഗത കുറച്ചു എന്ന് കക്കൂരി തന്റെ കലയിലൂടെ പറയുന്നു.

രണ്ടാം ലോക യുദ്ധത്തിൽ വെടി കൊണ്ട് മരിച്ചവരെക്കാൾ ഇരട്ടിയാണ് കൊതുകു കടി കൊണ്ട് മരിച്ച ഫ്രഞ്ച് -ബ്രിട്ടീഷ് പട്ടാളക്കാരുടെ എണ്ണം. മോസ്‌ക്വിറ്റോ എമ്പയർ (Mosquito Empires) എന്ന പുസ്തകത്തിൽ കൊളോണിയൽ കാലഘട്ടത്തിലെ കൊതുകുകളുടെ സ്വാധീനത്തെ കുറിച്ചാണ് ജെ.ആർ മെക്ക്നിയൽ (J.R MaCnial) സംസാരിക്കുന്നത്. ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കകളിലും കോളനികൾ വെട്ടിപ്പിടിക്കാൻ പ്രാദേശികരായ മനുഷ്യരുടെ പ്രതിരോധങ്ങളേക്കാൾ കൊതുകുകളെയാണ് യൂറോപ്യൻ ശക്തികൾക്ക് ഭയക്കേണ്ടി വന്നത്. സെവൻ ഇയേഴ്സ് വാറിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ ബ്രിട്ടീഷ് പട്ടാളക്കാർ രണ്ട് മാസം കൊണ്ട് ഹവാനയിൽ രോഗങ്ങൾ കൊണ്ട് മരണപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഹെയ്തിയൻ വിപ്ലവത്തിലും സ്പാനിഷ് അധിനിവേശത്തിനെതിരെ നടന്ന മറ്റു പോരാട്ടങ്ങളിലും പ്രാദേശിക ജനതക്ക് കൂടെ നിന്നത് കൊതുകുകളാണ്. ഇത്, ട്രോപ്പിക്കൽ മേഖലയിലെയും നോൺ ട്രോപ്പിക്കൽ മേഖലയിലെയും ജനങ്ങളുടെ ഇമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. Differential Immunity എന്നാണ് ജെ.ആർ മെക്ക്നിയൽ (Robert McNeill) ഈ വ്യത്യാസത്തെ വിളിക്കുന്നത്. ലാറ്റിൻ അമേരിക്കകളിലെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകങ്ങളായ സൈമൺ ബൊളിവറും (Simón Bolívar) റ്റൊസൈന്റ് ലോവേർച്വറും (Toussaint Louverture) വിപ്ലവത്തിനായി വർഷത്തിലെ മറ്റു കാലാവസ്ഥാകളേക്കാൾ കാത്തിരുന്നത് കൊതുകുകൾ ഏറെ ഉള്ള മഴക്കാലത്തെ ആയിരുന്നു. 1899 ലും 1900 കൊളോണിയൽ സിയേറ ലിയോണൽ (Sierra Leone) കൊതുകു നിവാരണത്തിനായി ബ്രിട്ടിഷുകാർ കണ്ടെത്തിയ മാർഗ്ഗം റെസിഡെൻഷ്യൽ സെഗ്ഗ്രഗേഷൻ(Residential segregation) ആയിരുന്നു. നഗരത്തെ രണ്ടായി തിരിച്ച് കൊതുകുകളിൽ നിന്നും മലേറിയ ബാധിതരായ പ്രാദേശികരിൽ നിന്നും കൊളോണിയൽ ഓഫീസർമാരെ സംരക്ഷിക്കൽ ആയിരുന്നു ലക്ഷ്യം. കൃത്യമായി വംശീയവും ഭൂമിശാസ്ത്രപരവും ആയി വേർത്തിരിച്ച് അവർ ഫ്രീ ടൌൺ പുനഃക്രമീകരിച്ചു. 17, 18, 19 നൂറ്റാണ്ടുകളിലെ അറ്റ്ലാന്റിക് ജിയോ പൊളിറ്റിക്‌സിനെ തന്നെ കൊതുകുകളും അവർ പരത്തുന്ന രോഗങ്ങളും നിർണ്ണയിച്ചു.

അങ്ങനെയെങ്കിൽ, ഒഡോമോസും(odomos) ഗുഡ്‌ നൈറ്റും ആൾ ഔട്ടും കറണ്ട് അടിക്കുന്ന ബാറ്റും UV ലൈറ്റുകളും ഉള്ള നവ കോളനീകരണത്തിന്റെ കാലത്ത് കൊതുകിനെ ദൈവമായി കാണേണ്ടതുണ്ട്. ആ കാഴ്ചയിൽ നിന്നാണ് മോസ്ക്വിറ്റോ ഷ്രയിൻ എന്ന ആശയത്തിലേക്ക് കക്കൂരി എത്തിച്ചേരുന്നത്. ഇത്രയൊക്കെ ശാസ്ത്രീയ പുരോഗതികൾ ഉണ്ടായിട്ടും കൊതുകുകളെ നശിപ്പിക്കാൻ ആധുനിക മനുഷ്യന്(അതെപ്പോഴും വെളുത്ത യൂറോപ്യൻ പുരുഷൻ തന്നെ) കഴിഞ്ഞില്ലല്ലോ എന്ന വിമർശനം വിശ്വാസികൾ മുന്നോട്ട് വെക്കാറുണ്ട്. ഇത് കൊതുകിന്റെ ദൈവ സാധ്യതകളെ ബലപ്പെടുത്തുന്നു. ആധുനിക ലോകത്തെ ഏറ്റവും ശക്തമായ പ്രിമിറ്റിവ് ദൈവ സങ്കല്പമായി നമുക്ക് കൊതുകിനെ കാണാം. അത് തന്നെയാണ് വിവിയൻ കക്കുരി തന്റെ ആർട്ട് വർക്കിലൂടെ പറഞ്ഞ് വെക്കുന്നതും.

സാധാരണക്കാരായ (വിശ്വാസികളായ) മനുഷ്യരും കൊതുകുകളും ബിനാലെയെയും അത് വഴി കക്കുരിയുടെ Mosquito shrine നേയും Alienate ചെയ്യുന്നുണ്ടെങ്കിലും കക്കൂരി തന്റെ കലയിലൂടെ വിമർശിക്കുന്നത് ആധുനിക മനുഷ്യനെയും ആധുനികതയെയും അത് സാധ്യമാക്കിയ കൊളോണിയൽ ചൂഷണങ്ങളെയും അധികാര വ്യവസ്ഥയെയും കൂടിയാണ്. അത് വഴി, അവർ സംസാരിക്കുന്നത് സാധാരണക്കാർക്ക് വേണ്ടിയും. അതിൽ കൊച്ചിയിലെ കൊതുകുകളും, മനുഷ്യരും, കള്ളന്മാരും, ലൈംഗിക തൊഴിലാളികളും, പോക്കറ്റടിക്കാരും, ഹിപ് ഹോപ് ഡാൻസർമാരും, ഭിക്ഷക്കാരും, ബിനാലെയിലെ തന്നെ വളണ്ടിയർമാരും, ശുചീകരണതൊഴിലാളികളും (ഭൂരിഭാഗവും തമിഴ് വേരുകളുള്ളവരാണ്), മത്സ്യത്തൊഴിലാളികളും, കള്ള്കുടിയന്മാരും, കഞ്ചാവ് വലിക്കാരും ഒക്കെ ഉൾപ്പെടുകയും ചെയ്യും.

ഈ അർത്ഥത്തിൽ Mosquito shrine എന്ന തീർത്ഥാടന കേന്ദ്രം പെപ്പർ ഹൌസ് പോലൊരു ഹെറിറ്റേജ് കെട്ടിടത്തിനകത്ത് തളച്ചിടേണ്ടതല്ല. മറിച്ച് അജ്മീർ ദർഗ പോലെയോ ഫിറോസ് ഷാ കോട്ല പോലെയോ സാധാരണക്കാർക്ക് സങ്കടം പറയാനും വെറുതെ വന്നിരിക്കാനും പാട്ട് പാടാനും ഒക്കെയുള്ള ഒരു ഇടമായി മാറേണ്ടതുണ്ട്. അതുവഴി, അന്യതയിൽ നിന്ന് അന്യോന്യതയിലേക്ക് എന്ന ബിനാലെ മുദ്രാവാക്യം ജനകീയമാവുകയും, അന്യതയിൽ നിന്ന് രക്ഷപ്പെട്ട് അതിന്റെ ശിഖിരങ്ങളിൽ പൂവണിയുകയും തേൻ നുകരാൻ പട്ടാമ്പൂച്ചികൾ വരികയും ചെയ്യും എന്ന് പ്രതീക്ഷിക്കാം.

കൊച്ചിയിലെ കൊതുകുകൾക്ക് കൊതുകുകളുടെ തീർത്ഥാനകേന്ദ്രത്തോടുള്ള പിണക്കത്തിന്റെ പിന്നിലുള്ള കൗതുകം തേടി ഈ ലേഖകൻ വിവിയൻ കക്കൂരിക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു മെസ്സേജ് അയച്ചു “എന്തുകൊണ്ടാണ് മോസ്‌ക്വിറ്റോ ഷ്റൈനിൽ കൊതുകുകളില്ലാത്തത്‌?”. അധികം വൈകാതെയുള്ള അവരുടെ മറുപടി രസകരമായിരുന്നു എന്റെ ശരീരത്തിൽ കൊതുക് കടിച്ചതിന്റെ പാടുകൾ ഇപ്പോഴും ഉണ്ട്. അവർ സ്വന്തം ശരീരത്തെ തന്നെ ഉത്തരമായി തന്നു. മോസ്‌ക്വിറ്റോ ഷ്റൈനിന്റെ പ്രൊഡക്ഷൻ നടക്കുന്ന സമയത്ത് കക്കുരിയും സഹായികളായ പ്രൊഡക്ഷൻ വളണ്ടിയേഴ്‌സും ഏറെ കൊതുക് കടി കൊണ്ടിട്ടുണ്ട്. പിന്നെ എപ്പോഴാണ് ഇവിടേക്ക് കൊതുകുകൾ വരാതായത്? എന്തുകൊണ്ടായിരിക്കും?

പല കാരണങ്ങൾ ഉണ്ടായേക്കാം. അത് രസകരമായ ഒരു കൗതുകമായി തന്നെ തുടരുന്നു. അല്ലെങ്കിലും എല്ലാ കൗതുകങ്ങൾക്കും ഉള്ള ഉത്തരങ്ങളും കാരണങ്ങളും കിട്ടിയാൽ ഈ ലോകം എന്ത് ബോറായിരിക്കും. കൗതുകങ്ങൾക്ക് കാരണങ്ങൾ കിട്ടാതിരിക്കുന്നിടത്തോളം അത്രസകരമായിരിക്കുകയും ചെയ്യും.

 

സുഹൈല്‍ അബ്ദുല്‍ ഹമീദ്‌