Campus Alive

കരികാലന്മാരുടെ കയ്യിലെ ഗ്രാഫിറ്റി സ്പ്രേകൾ.

2014 ആണ് പാ രഞ്ജിത്തിന്റെ ‘മദ്രാസ്’ എന്ന സിനിമ റിലീസ് ആകുന്നത്. വട ചെന്നൈലെ ഒരു ഹൌസിങ്ങ് ബോർഡ് കോളനിയിലെ ഒരു വലിയ ചുമരിന് വേണ്ടിയുള്ള ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും ആണ് സിനിമ. വട-ചെന്നൈ എന്നാൽ വടക്കൻ ചെന്നൈ. തമിഴ് സിനിമക്ക് വില്ലന്മാരെ സപ്ലൈ ചെയ്യുന്ന ഇടം. മലയാള സിനിമക്ക് മട്ടാഞ്ചേരി പോലെ. ജാതിയുടെ രാഷ്ട്രീയ അധികാരത്തെയാണ് പാ രഞ്ജിത്ത് ഒരു ചുമരിലൂടെ വരച്ച് കാട്ടിയത്. ഒരു രാഷ്ട്രീയ (ജാതി) നേതാവിന്റെ ചുമരിലെ ചിത്രം അവരോളം പോരാത്ത കുറച്ച് പയ്യന്മാർ മായ്ക്കുന്നതും പിന്നീടുള്ള കൊലപാതകവും കലഹങ്ങളും ഒക്കെ സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നു. കോളനിവാസികളെ സംബന്ധിച്ചിടത്തോളം ആ ചുമരിന്റെ മേലുള്ള അധികാരം സ്വന്തം രാഷ്ട്രീയ-സാമൂഹിക കാര്യങ്ങളിൽ മറ്റുള്ളവരുടെ കൈകടത്തലിന് നേരെ ഉള്ള പ്രതിരോധമാണ്. കോളനിക്ക് പുറത്തുള്ള അധികാരരൂപങ്ങളെ സംബന്ധിച്ചിടത്തോളം അത് കോളനിക്കാർക്ക് മേലെ ഉള്ള ജാതീയമായ അധികാരത്തിന്റെ പ്രതീകവും.

ഇനി നമുക്ക് 2019 ലെ പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിലേക്ക് വരാം. സരസ്വതീ പൂജയും, ഗണേശോത്സവവുമൊക്കെ എല്ലാവിധ ആചാരങ്ങളോടും ആഘോഷത്തോടും ആർഭാടത്തോടും കൂടി കൊണ്ടാടപ്പെടുന്ന മറ്റൊരു അക്കാദമിക് അഗ്രഹാരം. ഇവിടുത്തെ വിശുദ്ധമാക്കപ്പെട്ട ചുമരായ ചുമരൊക്കെ വർഷത്തിൽ ഒരിക്കൽ സരസ്വതീ പൂജക്ക് ഭസ്മം പൂശി പിന്നെയും പിന്നെയും പരിശുദ്ധിയുടെ എക്സ്പൈറി ഡേറ്റ് പുതുക്കി വരുന്നു. അന്നേ ദിവസം വഴിയിലൂടെ നടന്ന് പോകുന്നവരുടെ മേല് വരെ പരിശുദ്ധിയുടെ ഭസ്മക്കുറികൾ ചാർത്തിക്കൊടുക്കപ്പെടുന്നു. രാക്ഷസിയായ ഹോളികയെ കത്തിച്ചതിന്റെ ആഘോഷമായ ഹോളിയും ജഗജഗാന്തരം ഇവിടെ കൊണ്ടാടപ്പെടുന്നു. നിറങ്ങൾ എവിടെയും കാണാം. അപ്പൊ ഈ സർവകലാശാലക്ക് നിറം ഒരു പുതുമയല്ല. ഗണേശോത്സവത്തിനും ഉഗാദിക്കും(തെലുങ്ക് പുതു വർഷം) പൊങ്കലിനും ഒക്കെ പല ഇടങ്ങളിലും ചിത്രപ്പണികൾ നടക്കാറുണ്ട്. പോരാത്തതിന് ഓണവും പൂക്കളങ്ങളും എന്നിങ്ങനെ പല ഉത്സവങ്ങൾ. ഡിപ്പാർട്ട്മെന്റുകളുടെ ആഘോഷങ്ങളായ വാണിക്കോം പോലുള്ള പരിപാടികൾക്കും ഇവ്വിധം ചിത്രപ്പണികളും വാക്യപ്പണികളും പ്രത്യക്ഷപ്പെടാറുള്ളതും ഇവിടെ സർവ്വ സാധാരണം.

മേൽപ്പറയപ്പെട്ട ചുമരുകളിൽ ഈയിടക്കാണ് പതിവില്ലാത്ത ചില വാക്യങ്ങളും ചിത്രങ്ങളും ഒക്കെ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ചിത്രങ്ങൾ അംബേദ്ക്കറുടെയും പെരിയാറിന്റെയും രോഹിത് വെമുലയുടെയും ഒക്കെയാണ്. വാക്യങ്ങൾ ജയ് ഭീം എന്നും ജയ് പെരിയാർ എന്നും സ്മാഷ് ബ്രാഹ്മണിസം എന്നും. യൂണിവേഴ്സിറ്റി ചുമരുകളിലോ റോഡുകളിലോ എഴുത്തുകൾ പ്രത്യക്ഷപ്പെടുന്നത് ആദ്യമായല്ല എന്ന് പറഞ്ഞല്ലോ. പക്ഷെ ഇപ്രാവശ്യം പലരെയും അത് ചൊടിപ്പിച്ചു, വിശുദ്ധ ഗേഹങ്ങളിൽ ചൊറി പിടിപ്പിച്ചു.

ഈ പറഞ്ഞ ചിത്രങ്ങളോ വാക്യങ്ങളോ ഒന്നും തന്നെ ഇവിടത്തുകാർക്ക് പുതുമയല്ല. ഒരുപാട് തവണ ഈ കാട്ടിനുള്ളിൽ മുഴക്കത്തിൽ അത് വിളിച്ചും ഏറ്റ് വിളിച്ചും എല്ലാവരും കേട്ടിട്ടുമുണ്ട്. പക്ഷെ, പ്രശ്നം എവിടെയെന്ന് വെച്ചാൽ കേൾവിയും കാഴ്ച്ചയും ഒന്നല്ല എന്നുള്ളിടത്താണ്. ഒച്ചപ്പാടും ബഹളങ്ങളും പെട്ടന്ന് തീരും. പവിത്രമാക്കപ്പെട്ട ചുമകളിലെ ചിത്രപ്പണികൾ അങ്ങനെയല്ല. അതങ്ങനെ അവടെ കിടക്കും. വരച്ചവരും എഴുതിയവരും പോയി കാലം കുറെ കഴിഞ്ഞാലും ഉറച്ച് തന്നെ. കാഴ്ചക്ക് കേൾവിയെക്കാൾ ദൃശ്യതയുണ്ട്. നിമിഷനേരത്തെ ഒച്ചപ്പാടുകളേക്കാൾ പ്രശ്നമാണ് കാലാകാലം നിൽക്കുന്ന ചിത്രപ്പണികൾ. അത് കൊള്ളേണ്ടവരുടെ ആസനത്തിൽ തന്നെ കൊണ്ടു. കൊണ്ടവർക്ക് ഓക്കാനം വന്നു. പുളിച്ച സാമ്പാറിന്റെ മണം.

വൃത്തികേടായാണ് പലർക്കും ഈ പുതിയ പ്രതിഭാസം തോന്നിയത്. ചിലർക്കാണെങ്കിൽ ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. അപ്പൊ നമുക്കതിനെ മനോഹരമായൊരു വൃത്തികേടെന്ന് വിളിക്കാം.

മറ്റു പല സർവ്വകലാശാലകളെയും അപേക്ഷിച്ച് നോക്കുമ്പോൾ ഈ ശാലക്ക് ഒരു പ്രത്യേകതയുണ്ട്. ഒരു പ്രത്യേകതയല്ല, പല പ്രത്യേകതകളും ഉണ്ടാകുമല്ലോ. കാണുന്നവരുടെ നോട്ടത്തിനും കാഴ്ച്ചക്കും അനുസരിച്ച് അവക്ക് മാറ്റങ്ങൾ ഉണ്ടാകാം. ചിലർക്ക് പീത (മഞ്ഞ) പുഷ്പങ്ങളോടായിരിക്കാം താല്പര്യം. ഈ താല്പര്യം അധികമായും കണ്ട് വരുന്നത് രണ്ടാം വർഷ ബിരുധാനന്തര വിദ്യാർഥികളിലാണ്. ചുരുക്കം ചില ഗവേഷക വിദ്യാർത്ഥികളിലും ഈ പ്രതിഭാസം കണ്ട് വരുന്നു. എന്നാൽ, പറയാൻ ഉദ്ദേശിച്ച പ്രത്യേകത മറ്റൊന്നാണ്. മോദി ആശാൻ വീണ്ടാമതും ഭരണത്തിൽ ഏറാൻ പൂജാ കർമ്മങ്ങൾ വി.സി യുടെ നേതൃത്വത്തിൽ ഈ കൂത്തമ്പലത്തിൽ നടക്കുകയുണ്ടായി. മോദിയുടെ സ്വന്തം ആളായ പോണ്ടിച്ചേരി ഗവർണർ സർവകലാശാലക്ക് തലതൊട്ടപ്പൻ പോലെയാണ്. ഇത്രയും പവിത്രമായ ഒരു ഇടത്തിലെ ചുമരുകളെയാണ് ഏതൊക്കെയോ ‘അവരുകൾ’ ചേർന്ന് കരിവാരി തേച്ചത്.

പുതുതായി കാണപ്പെട്ട ഈ പ്രതിഭാസത്തോടുള്ള സർവ്വകലാശാലാ അന്തേവാസികളുടെ പ്രതികരണങ്ങൾ രസകരമായിരുന്നു.

“ജയ് ഭീം എന്നാൽ എന്താ ചേട്ടാ ? ‘ചോട്ടാ ഭീമിന്റെ’ ചേട്ടൻ വല്ലോം ആണോ” എന്ന നിഷ്കളങ്കമായ ചില ചോദ്യങ്ങൾ കേട്ടു. സംഗതി കുതുകികൾക്കൊരു ചർച്ചാവിഷയമാണ്. പക്ഷെ, നിഷ്കളങ്കമായത് കൊണ്ട് തന്നെ ”മൂപ്പരെ അച്ഛനാ” എന്നേ പറയാൻ നിർവ്വാഹമുണ്ടായുള്ളൂ.

”മനോഹമായ ഞങ്ങളുടെ ഹോസ്റ്റലിന്റെ ചുമരുകൾ നിങ്ങളുടെ രാഷ്ട്രീയം കൊണ്ട് വൃത്തികേടാക്കി” എന്നായിരുന്നു മറ്റൊരു പ്രതികരണം. ഇതിൽ സങ്കടമുണ്ട്, വൃത്തിയുള്ള (വെളുത്ത) ചുമരുകൾ വൃത്തികേടാക്കിയതിൽ ഉള്ള ദേഷ്യവും ഉണ്ട്. പാ രഞ്ജിത്തിന്റെ തന്നെ 2018ൽ പുറത്തിറങ്ങിയ കാല എന്ന സിനിമയിൽ നഗരത്തെ വൈറ്റ് വാഷ് അടിക്കാൻ സ്വയം കോൺട്രാക്ട് എടുത്തിരിക്കുന്ന ഹരി ദാദ, കാല സേട്ടിനോട് ചോദിക്കുന്നുണ്ട് “കാലാ, എന്ത് പേരാണ്ടോ ത്?”. ഹരി ദാദക്കും ഈ സങ്കടപ്പെട്ടപ്പെട്ട കുട്ടിയെ പോലെ വൈറ്റ് വാഷ് ചെയ്യപ്പെട്ട ഇടങ്ങളോടാണ് താല്പര്യം. ഹരി ദാദ വൈറ്റ് വാഷ് ചെയ്ത് നീക്കാൻ ആഗ്രഹിക്കുന്നത് ധാരാവി എന്ന ഭയങ്കരമായ ഒരു ചേരിയാണ്. അവിടെ താമസിക്കുന്നതാണെങ്കിലോ നഗരത്തെ ഭീതിയിൽ ആഴ്ത്തുന്ന ഭീകരന്മാരും. കാലാ സേട്ട് ആണ് അവരുടെ നേതാവ്. അപ്പൊ കാലാ സേട്ടിനെ പോലെ ചില ഭീകരന്മാർ ഇവിടെ ഈ മനോഹരമായ സര്വ്വകലാശാലയിലും ഉണ്ട്. അറിഞ്ഞോ അറിയാതെയോ ഈ പവിത്രമാക്കപ്പെട്ട സർവ്വകലാശാല നിലനിൽക്കുന്ന സ്ഥലത്തിന്റെ പേര് തന്നെ കാലാപ്പേട്ട് എന്നാണ്. കറുപ്പിന്റെ ഏരിയ എന്നർത്ഥം. മഞ്ഞ പൂക്കളേക്കാൾ അവർക്ക് താല്പര്യം ഹരി ദാദ സ്വപ്നം കണ്ട വെളുത്ത ചുമരുകളിൽ കരി വാരിത്തേക്കാനാണ്. ഉണങ്ങിയ മരങ്ങൾ ഉള്ളത് കൊണ്ട് കരി കണ്ടെത്താൻ ഈ ഭീകരന്മാർക്ക് വലിയ പ്രയാസമൊന്നുമില്ല.

മേൽപ്പറയപ്പെട്ട സങ്കടികളുടെയും ഹരിദാദന്റെയും ഒക്കെ വൃത്തിയും പരിശുദ്ധിയും ഈ ശാലയിലെ തമ്പുരാക്കന്മാർക്കും ഉണ്ട്. അവർക്ക് കരി ഇഷ്ടമല്ല. മറിച്ച് വെളുപ്പിനോടാണ് ഇസ്തം. പരിശുദ്ധമായ നെയ്യും, പാലും ഒക്കെ പോലെ പരിശുദ്ധമായ വെളുത്ത ചുമരുകൾ. കാലാ സേട്ടിന്റെ പോലെ ചിന്താഗതിയുള്ള ഭീകരന്മാർ കടൽ കടന്ന് വരുന്ന സിനിമകൾ കാണുന്നവരും പുസ്തങ്ങൾ വായിക്കുന്നവരും പാട്ടുകൾ കേൾക്കുന്നവരും ഒക്കെ ആണ്. രാജ്യാന്തര ബന്ധങ്ങൾ. അങ്ങനെ ഈ വിശുദ്ധ രാജ്യത്തിന് പുറത്തുള്ള ഭീകരരെയും കരിവാരിത്തേക്കൽ കാരേയും ശാസ്ത്രീയമായി പഠിക്കാതെ പട്ടു പാടുന്നവരെയും ഒക്കെ ഇവർക്ക് പരിചയമാണ്. ചില ശീലങ്ങൾ ഇങ്ങോട്ടും മറ്റു ചില കുരുത്തക്കേടുകൾ അങ്ങോട്ടും കൊടുത്ത് ഇത്തരം ബന്ധങ്ങൾ വളരുന്നു. അങ്ങനെയാണ് ചുമരുകൾ സ്പ്രേ അടിച്ച് വൃത്തികേടാക്കുന്ന പരിപാടി ഇവിടെ വരുന്നതും, ഭീകരർ വിശുദ്ധ ചുമരുകളെ അശുദ്ധമാക്കുന്നതും.

ഈ ചുമരുകളിൽ കാണപ്പെട്ടിട്ടുള്ള കരിവാരിത്തേക്കൽ ‘ഗ്രാഫിറ്റി’ എന്ന് പേരുള്ള ഒരു ചിത്രപ്പണിയാണെന്നാണ് ഈ വിഷയത്തിൽ അറിവുള്ള ചിലർ പറഞ്ഞ് കേട്ടത്. കലാകാരന്മാരിലെ തലതെറിച്ചവന്മാരാണത്രെ ഈ പണി ചെയ്യുന്നത്. ചിലർ അവരെ വിപ്ലവകാരികൾ എന്നും വിളിക്കാറുണ്ട്. മറ്റു രീതികളിൽ ഉള്ള ചിത്രപ്പണികളിൽ നിന്ന് ഗ്രാഫിറ്റിക്കുള്ള പ്രത്യേകത അതിന്റെ അജ്ഞാതാവസ്ഥയാണ്(anonymity). പണി പറ്റിച്ചവർക്ക് രസകരമായ ഒരു ആനന്ദം ഈ അവസ്ഥ പ്രധാനം ചെയ്യുന്നുണ്ടായേക്കാം.

2018 കൊച്ചി ബിനാലെ നടക്കുന്ന സമയത്ത് ബിനാലെയിലെ കടൽ കടന്ന് വന്ന കലാകാരന്മാരുടെ പല ആർട്ട് വർക്കുകളോളം തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു ‘ഗെസ്സ് ഹു'(guess who) വിന്റെ ഗ്രാഫിറ്റികൾ. മട്ടാഞ്ചേരിയിലെയും ഫോർട്ട് കൊച്ചിയിലെയും കണ്ണായ ചുമരുകളിലൊക്കെ അവരുടെ വർക്കുകൾ ഉണ്ട്. ഗെസ്സ് ഹു ആരാണെന്ന് ആർക്കും അറിയില്ല. അത് ഒരാളായിരിക്കും, പല ആളുകൾ ആയിരിക്കാം, ഒരു കൂട്ടായ്മ ആയിരിക്കാം. പക്ഷെ അവർ പൊതുജനങ്ങളോട് മറഞ്ഞിരുന്ന് സംവദിക്കുന്ന ഈ രീതി തന്നെയാണ് ഗ്രാഫിറ്റി എന്ന കലാരൂപത്തിന്റെ ഭംഗി.

‘ഗ്രാഫിറ്റി’ യുടെ ചരിത്രത്തിൽ തുടരുന്ന ഈ അജ്ഞാതവസ്ഥക്ക് ചില രാഷ്ട്രീയ കാരണങ്ങളും ഉണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏറ്റവും റാഡിക്കൽ ആയ ഒരു കലാരൂപമാണ് ഇത്. കലാകാരന്മാർക്കിടയിലെ ഗറില്ലകൾ എന്ന് വേണമെങ്കിൽ നമുക്ക് ഇവരെ വിളിക്കാം. ചുമരുകളിൽ കലാപം വരക്കുന്നവർ. അധികാരികളെ ചൊടിപ്പിക്കുന്ന തമാശകളും അടിച്ചമർത്തപ്പെട്ടവർക്ക് ആവേശം പകരുന്ന ആശയങ്ങളും കലാപത്തിനുള്ള ആഹ്വനങ്ങളും നാളെയെ കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ തന്നെ ഗ്രാഫിറ്റി കലാകാരന്മാർ ലോകത്തിന്റെ പല ഭാഗങ്ങളിൽ വരച്ചു വെച്ചിട്ടുണ്ട്.

സ്പ്രേ പെയിന്റ് ഉപയോഗിച്ച് നൊടിയിടയിൽ ഒരു ചുമരിൽ ആശയങ്ങൾ രേഖപ്പെടുത്തുന്നതാണ് രാഷ്ട്രീയമായ ഗ്രാഫിറ്റി വർക്കുകളുടെ രീതി. പൊതു ഇടങ്ങളെ ഉപയോഗപ്പെടുത്തി കലാകാരൻ ജനങ്ങളോട് നേരിട്ട് സംവദിക്കുകയാണ്. ഓരോ വാക്കും വരയും കുത്തിവരയും നിറവും മുദ്രാവാക്യങ്ങളും ഗ്രാഫിറ്റിയെ ഏറ്റവും ശക്തമായ ആവിഷ്കാര ആയുധമാക്കി മാറ്റുന്നു. മാത്രമല്ല മായ്ക്കപ്പെടാത്തിടത്തോളം കാലം അത് നിരന്തരം ജനങ്ങളെ സ്വാധീനിക്കുകയും അധികാര രൂപങ്ങളെ അസ്വസ്ഥപ്പെടുത്തുകയും ചെയ്ത് കൊണ്ടിരിക്കുന്നു.

LGBTQ കൂട്ടായ്മയായ സ്പെക്ട്ര (Spectra) യാണ് ഇതിന് മുൻപ് ക്യാമ്പസിൽ ചുമരെഴുത്തുകൊണ്ട് മോറൽ ബ്രാഹ്മണിസത്തോട് കലഹിച്ചത്. ജെണ്ടർ ഗേറ്റിനെ പല നിറങ്ങൾ കൊടുത്ത് കൊണ്ടവർ കളിയാക്കി വിട്ടു. ഒരു കാലത്ത് ഗേൾസ് ഹോസ്റ്റലിനും ബോയ്സ് ഹോസ്റ്റലിനും ഇടയിൽ നിലനിന്നിരുന്ന ഈ മോറൽ ചെക്ക് പോസ്റ്റ് രസകരമായ സമരങ്ങളിലൂടെ ഇവിടുത്തെ വിദ്യാർഥികൾ പൊളിച്ചിട്ടതാണ്. ക്യാമ്പസിലെ ആദ്യ പ്രൈഡ് മാർച്ച് ആരംഭിച്ചതും ഈ ഗേറ്റിൽ നിന്ന് തന്നെ. Spectra യുടെ ചുമരെഴുത്തുകൾ ഇന്നും നിലനിക്കുന്നുണ്ട്. പക്ഷെ കാലാസേട്ടുമാരുടെ ചിത്രങ്ങൾ പിറ്റേ ദിവസം തന്നെ വൈറ്റ് വാഷ് ചെയ്യപ്പെടുന്നു.

ചിത്രങ്ങൾ മായ്ക്കപ്പെട്ട നിലയിൽ

ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ ക്യാമ്പസിന്റെ നാനാ ഭാങ്ങളിലും ജയ് ഭീമും അംബേദ്കറും സ്മാഷ് ബ്രാഹ്മണിസവും പ്രത്യക്ഷപ്പെട്ടു. കാര്യം വിദ്യാർത്ഥികൾക്കിടയിൽ ചർച്ചയായി. സ്റ്റാറ്റസുകളും പോസ്റ്റുകളും അനുകൂലിച്ചും പ്രതികൂലിച്ചും വന്നു. അപ്പോഴാണ് ഒരു തലക്കൽ നിന്ന് സംസ്കാര സംരക്ഷകരുടെ വെളിപ്പുറപ്പാട് വരുന്നത്. ആർഷഭാരത സംസ്കാരത്തിന്റെ കാമ്പസിലെ പ്രചാരകർ. വെളുപ്പിക്കാൻ നടക്കുന്ന ഹരിദാദാമാർ. “സമൂഹത്തിലെ ചില കീടങ്ങൾ പരിശുദ്ധമായ ചുമരുകൾ അശുദ്ധമാക്കി” എന്നായിരുന്നു അവരുടെ പരാതി. കേട്ടപാതി കേൾക്കാത്ത പാതി ഒരു ബക്കറ്റും അതിൽ നിറയെ വെള്ള പെയിന്റും കൊണ്ട് സർവ്വകലാശാലാ അധികാരികൾ  പിറ്റേ ദിവസം തന്നെ പണി തുടങ്ങി. ശുദ്ധികലശം. ഓരോ മുക്കിലും മൂലയിലും കരിക്കറകൾ പുണ്യാഹം തെളിക്കപ്പെട്ടു. എല്ലായിടത്തും വെളുത്ത ചതുരപ്പെട്ടികൾ തെളിഞ്ഞ് നിന്നു.

ചിത്രം വീണ്ടും വരച്ചപ്പോൾ

പക്ഷെ വരച്ചവരുടെ പ്രതികരണവും രസകരമായിരുന്നു. മായ്ക്കപ്പെട്ട ചിത്രങ്ങൾ പിന്നെയും പ്രത്യക്ഷപ്പെട്ടു. കൂടുതൽ നിറത്തിൽ, കനത്തിൽ, വലുപ്പത്തിൽ. മങ്ങിയ-മുഷിഞ്ഞ ചുമരുകളിൽ വരച്ചതിനേക്കാൾ ഊക്കോടെ വെളുത്ത ചതുരപ്പെട്ടികളിൽ ചിത്രങ്ങളും  വാക്യങ്ങളും തെളിഞ്ഞ് വന്നു. എല്ലാതിനേക്കാളും അവരെ ചൊടിപ്പിച്ചത് സ്മാഷ് ബ്രാഹ്മണിസം എന്ന വാക്യമാണെന്ന് തോന്നുന്നു. പാവം ബ്രാഹ്മണർ എന്ത് ചെയ്തു എന്ന നിഷ്കു ലൈൻ. അധികാരികളും സംസ്കാര സംരക്ഷകരും കാലാസേട്ടുമാരോട് പരസ്യയുദ്ധത്തിലാണ്. കരികാലന്മാർ ഗ്രാഫിറ്റിയുടെ ഗറില്ലാ യുദ്ധമുറകൾ കൊണ്ട് അതിനെ നേരിടുന്നു. വൈറ്റ് വാഷിനെതിരെയുള്ള കരിയേറ് കലാപങ്ങൾ.മായ്ച്ച് ഗതികെട്ട് അവസാനം ‘സ്മാഷ് ബ്രാഹ്മണിസത്തിലെ’ സ്മാഷ് മാത്രം മായ്ക്കാൻ തുടങ്ങി. ബ്രാഹ്മണിസം ഇപ്പോഴും ഇളിച്ച് കാട്ടുന്നു.  കരികാലന്മാരുടെ കയ്യിലെ ഗ്രാഫിറ്റി സ്പ്രേകൾ അങ്ങനെ ഒടുങ്ങാനുള്ളതൊന്നുമല്ല എന്നാണ് തോന്നുന്നത്. വിശുദ്ധ ചുമരുകളെ അതിനിയും കരി പിടിപ്പിക്കും.

സുഹൈല്‍ അബ്ദുല്‍ ഹമീദ്‌