Campus Alive

രക്തസാക്ഷികളുടെ മയ്യിത്തുകൾ

75 വയസ്സിനുള്ളിൽ തിരിച്ചറിയാനാകാത്ത വിധം കത്തിയെരിഞ്ഞ, ബുള്ളറ്റുകൾ നിറഞ്ഞ, അനാഥമായ 235 ൽ അധികം കാശ്മീരികളുടെ മയ്യിത്തുകൾ അത്ത മുഹമ്മദ് ഖബറടക്കി. അതെ കുറിച്ച് ആരെയും ഭയക്കാതെ അദ്ദേഹം സംസാരിച്ച് കൊണ്ടിരുന്നു. ഖബർസ്ഥാനിൽ തന്നെയായി ഏകാന്തനായി അദ്ദേഹത്തിന്റെ ജീവിതം. 2016 ജനുവരി പതിനൊന്നിന് അദ്ദേഹം മരണപ്പെട്ടു.

അദ്ദേഹത്തെ കുറിച്ച് 2018 കൊച്ചി മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്ന സന്ന ഇർഷാദ് മറ്റുവിന്റെ  ‘ഗ്രേവ് ഡിഗ്ഗർ’ എന്ന 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇൻസ്റ്റലേഷന് സുഹൈൽ അബ്ദുൽ ഹമീദിന്റെ സ്വതന്ത്ര വിവർത്തനം.

മുഫ്തിയുടെ (മുഫ്തി സഈദ്) ഭരണകാലം. ഞാൻ റോഡിലൂടെ നടന്ന് പോവുകയായിരുന്നു. അപ്പോൾ, ഒരു വിദേശ പത്രപ്രവർത്തകൻ എന്നോട് ചോദിച്ചു.

“വിഭജിക്കപ്പെട്ട കശ്മീരിന്റെ രണ്ട് ഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡ് വീണ്ടും തുറക്കുന്നതിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?”

നിങ്ങളിത് ഗീലാനിയെയും മിർവാസിനെയും പോലുള്ള നേതാക്കളോട് ചോദിക്കൂ എന്ന് പറഞ്ഞു ഞാൻ. എനിക്ക് രക്തസാക്ഷികളെ കുറിച്ച് മാത്രമേ സംസാരിക്കാൻ കഴിയൂ. മറ്റൊന്നിനും എനിക്കാവില്ല.

“പക്ഷെ, എനിക്കത് നിങ്ങളിൽ നിന്നാണ് അറിയേണ്ടത്”

അയാൾ വീണ്ടും പറഞ്ഞു.

രക്തസാക്ഷികളായ രണ്ട് കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോവുകയായിരുന്നു ഞാൻ. ഒരാൾക്ക് നാലര വയസ്സ് മാത്രമാണ് പ്രായം, മറ്റേ ആൾക്ക് അഞ്ചും. ഞാൻ അയാളെ പിടിച്ച് മയ്യിത്തുകൾ കിടത്തിയിരിക്കുന്നതിന്റെ അടുത്തേക്ക് കൊണ്ട് പോയി

“ഇവരോട് ചോദിക്ക്, എന്നോട് ചോദിച്ച അതേ ചോദ്യം”

അത്ത മുഹമ്മദ്

യാ അള്ളാഹ്..

നിന്റെ സഹായം ദയവായി ഞങ്ങളിലേക്ക് അയക്കുക.

നിന്റെ സഹായം ദയവായി ഞങ്ങളിലേക്ക് അയക്കുക.

എൺപത് വർഷത്തോളമായി ഞങ്ങൾ തീരാ ദുരിതത്തിലാണ്.

യാ അല്ലാഹ്..

ഇനി

ഞങ്ങളൊന്ന് സൗര്യമായി ജീവിക്കട്ടെ (ഞങ്ങളെ സ്വാതന്ത്രരാക്കുക)

ഈ ക്രൂര ഭരണത്തിൽ നിന്നും ഞങ്ങളെ കര കയറ്റുക.

യാ അള്ളാഹ്..

ദയവായി നിന്റെ സഹായം ഞങ്ങളിലേക്ക് അയക്കുക.

നീ മാത്രമാണ് ഞങ്ങൾക്ക് അഭയം.

എത്ര പൂക്കളാണ് താഴ്‌വരയിൽ നിന്നും പിഴുതെടുത്തത്.

എത്ര പൂക്കളാണ് താഴ്‌വരയിൽ നിന്നും പിഴുതെടുത്തത്.

ഞങ്ങളുടെ പൂക്കൾക്ക് എന്ത് പറ്റി?

യാ അള്ളാഹ്..

എങ്ങനെയാണവ കൊല്ലപ്പെട്ടത്?

ചില രാത്രികളിൽ പത്ത് പേരെയൊക്കെയാണ് എനിക്ക് ഒരുമിച്ച് കിട്ടാറ് (രക്തസാക്ഷികൾ). ഒരു വലിയ കുഴി കുഴിച്ച് ഞാനവരെ അതിൽ കിടത്തും. രാവിലെ ഞാനവരെ വേർതിരിക്കും. ഓരോരുത്തരെയായി പിന്നെ ഖബറടക്കും.

 

യാ അള്ളാഹ്..

ഞങ്ങളെ അനുഗ്രഹിക്കുക..

അങ്ങയുടെ സഹായത്തിന്റെ കൈ ഞങ്ങൾക്ക് നേരെ നീട്ടുക.

 

ഈ രക്തസാക്ഷകളെ കാണുമ്പോൾ ഞാനെല്ലാം മറക്കുന്നു. അതേ സമയം, ഞാനെല്ലാം ഓർക്കുകയും ചെയ്യുന്നു. അപ്പോൾ എന്റെ വാർദ്ധക്യത്തെ കുറിച്ച് എനിക്ക് ഓർമ്മ വരികയേ ഇല്ല.

രക്തസാക്ഷികളെ കുറിച്ചുള്ള ഓർമ്മകൾ കത്തിയാളുന്ന തീ പോലെയാണ്. എന്റെ ഹൃദയത്തിനറിയാം.

രക്തസാക്ഷികളെ കുറിച്ചുള്ള ഓർമ്മകൾ കത്തിയാളുന്ന തീ പോലെയാണ്. എന്റെ ഹൃദയത്തിനറിയാം.

 

എങ്ങനെയാണെനിക്കൊരു ശമനം ലഭിക്കുക.

അവരെന്നെ പിന്നിൽ നിന്നും കുത്തിക്കൊണ്ടിരിക്കുകയാണ്.

എന്റെ ഹൃദയത്തിന് മാത്രമറിയാം.

എന്റെ പ്രിയപ്പെട്ട യുവത്വമേ,

 

എന്തിനാണ് നിങ്ങൾ വിഷമിക്കുന്നത്, അള്ളാഹു നിങ്ങളെ അവന്റെ സ്വർഗീയ പൂന്തോട്ടത്തിന്റെ അവകാശികൾ ആക്കിയിരിക്കുന്നു.

പ്രാണസങ്കടം കൊണ്ട് എനിക്കെന്റെ വസ്ത്രങ്ങളൊക്കെ പറിച്ചെറിയാൻ തോന്നുന്നു, തല മുതൽ കാല് വരെ.

 

എന്റെ ഹൃദയത്തിന് മാത്രമറിയാം.

രക്തസാക്ഷികളെ കുറിച്ചുള്ള ഓർമ്മകൾ കത്തിയാളുന്ന തീ പോലെയാണ്.

എന്റെ ഹൃദയത്തിന് മാത്രമറിയാം.

ഓ ഹബീബ്, അങ്ങ് കാത്തിരിപ്പിലാണ്.

പരിചരിക്കാനായി അങ്ങ് കാത്തിരിപ്പിലാണ്.

ഓ ഖാൻ, നിങ്ങൾ കാത്തിരിപ്പിലാണ്.

അവന്റെ ദീപ്തമായ മുഖം ഒന്ന് കാണാൻ.

ഈ രക്തസാക്ഷികളെയെല്ലാം കൊണ്ട് ഞാൻ കാത്തിരിപ്പിലാണ്.

പ്രിയപ്പെട്ട പ്രവാചകന്റെ ദീപ്തമായ മുഖമൊന്ന് കാണാൻ.

എന്റെ ഒരേ ഒരു ആഗ്രഹമതാണ് (യാ റസൂലള്ളാഹ്)

അങ്ങയുടെ മുഖം കാണിച്ച് എന്നെ ആദരിക്കണേ.

 

ജനങ്ങളെല്ലാം ഇപ്പോൾ എന്നെ പരസ്യമായി തന്നെ കുറ്റപ്പെടുത്തുന്നു.

എന്റെ ഹൃദയത്തിന് മാത്രമറിയാം.

എങ്ങനെയാണെന്റെ മുറിവുകൾ ഉണങ്ങുക.

അവരെന്നെ പിന്നിൽ നിന്നും കുത്തിക്കൊണ്ടിരിക്കുകയാണ്.

എന്റെ ഹൃദയത്തിന് മാത്രമറിയാം.

 

രക്തസാക്ഷികളെ കുറിച്ചുള്ള ഓർമ്മകൾ കത്തിയാളുന്ന തീ പോലെയാണ്.

 

യാ അള്ളാഹ്..

അങ്ങെയിൽ മാത്രമാണ് ഞങ്ങളുടെ പ്രതീക്ഷ

ഈ പീഡനങ്ങളിൽ നിന്ന്,

ഈ അനിശ്ചിതാവസ്ഥയിൽ നിന്നും ഞങ്ങളെ രക്ഷിക്കുക.

നീ മാത്രമാണ് പ്രതീക്ഷ,

ഈ ജീവിതത്തിൽ നിന്നൊന്ന് ഞങ്ങളെ കര കയറ്റുക.

അന്തസ്സോടും ആത്മാഭിമാനത്തോടും കൂടി ഞങ്ങളൊന്ന് ജീവിക്കട്ടെ.

യാ അള്ളാഹ്..

നീ മാത്രമാണ് ഞങ്ങളുടെ രക്ഷകൻ.

 

ഒരിക്കൽ ആറ് രക്തസാക്ഷികളുടെ മയ്യിത്താണ് അതിർത്തിയിൽ നിന്ന് ലഭിച്ചത്. അവരുടെ മുഖം കരിഞ്ഞ് പോയിരുന്നു. അഞ്ച് പേരെ തിരിച്ചറിയാൻ കഴിഞ്ഞു, പക്ഷെ ഒരാളെ ഒട്ടും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

ഈ ഒരു മയ്യിത്ത് ഒഴികെ, മറ്റ് അഞ്ച് മയ്യത്തുകളും ഞാൻ മറവ് ചെയ്തു.  ഏറെ നേരം ഞാൻ കാത്തിരുന്നു.

“മയ്യിത് മറവ് ചെയ്യാതെ, ഇങ്ങനെ സൂക്ഷിക്കാൻ പാടുണ്ടോ?” ഞാൻ ഒരു തിബറ്റൻ ആലിമിനോട് ചോദിച്ചു.

അദ്ദേഹം കഴിയും എന്ന് പറഞ്ഞു. മാത്രമല്ല, നാല് മയ്യിത്തുകൾ വരെ ഒരു ഖബറിൽ മറവ് ചെയ്യാം എന്നും അദ്ദേഹം എന്നോട് പറഞ്ഞു. അതും അനുവദനീയമാണ്.

പക്ഷെ, എനിക്കത് ചെയ്യാൻ ആകില്ല. ഞാൻ അവർക്കായി വ്യത്യസ്ത ഖബറുകൾ തന്നെ കുഴിച്ചു. അതിനായി ഒന്നോ അതിൽ അധികമോ ദിവസം എടുത്താൽ തന്നെയും.

ഞാൻ അവരുടെ മയ്യിത്തുകൾ വൃത്തിയാക്കി.

ചില ശരീരങ്ങൾ പുഴു അരിച്ചിട്ടുണ്ടാകുമായിരുന്നു. അതൊന്നും എന്നിൽ ഒരു ഭാവവ്യത്യാസവും വരുത്തിയില്ല.

മറ്റുള്ളവർക്ക് അതൊരു പ്രശ്നമായി തോന്നിയേക്കാം. പക്ഷെ, എനിക്കൊരിക്കലും അങ്ങനെ ആയിരുന്നില്ല.

ഞാൻ ആ തിരിച്ചറിയാൻ കഴിയാതിരുന്ന മയ്യിത്തും മറവ് ചെയ്തു. ഒന്നര മണിക്കൂറിന് ശേഷം കുറച്ച് ആളുകൾ വന്നു, ഞാൻ മറവ് ചെയ്ത ശരീരം അവരുടെ ബന്ധുവാണെന്ന് പറഞ്ഞു. “ഞാൻ മയ്യിത് മറവ് ചെയ്തു, നിങ്ങൾ അദ്ദേഹത്തിന്റെ പേര് പറയൂ” ഞാൻ അവരോട് പറഞ്ഞു.

അവർ മയ്യിത് പുറത്തെടുക്കാൻ നിർബന്ധം പിടിച്ചു. ഞാൻ തയ്യാറായില്ല. അവർ ഒരു തോക്കെടുത്ത് എനിക്ക് നേരെ ചൂണ്ടി, ബഹളമുണ്ടാക്കി.

“നിങ്ങൾ ഇങ്ങനെ പ്രശ്നം ഒന്നും ഉണ്ടാക്കേണ്ടതില്ല,

ഞാനും അത്ര ബലഹീനൻ ഒന്നും അല്ല.”

എന്നിട്ടും ഞാൻ അവർക്ക് വേണ്ടി ശരീരം പുറത്തെടുത്തു. മയ്യിത് കണ്ട ശേഷം അത് അവർ ഉദ്ദേശിച്ച ആളല്ല എന്നവർക്ക് മനസ്സിലായി. പിന്നെ എന്തിനാണ് നിങ്ങളെന്റെ സമയവും അധ്വാനവും വെറുതെ കളഞ്ഞത് എന്ന് ഞാൻ അവരോട് ചോദിച്ചു. അവർ എന്നോട് മാപ്പിരന്നുകൊണ്ട് കരയാൻ തുടങ്ങി.

കുറച്ച് സമയം കഴിഞ്ഞ് മറ്റൊരു കൂട്ടർ വന്നു. അവർക്കും മറവ് ചെയ്ത ശരീരം പുറത്തെടുക്കണമായിരുന്നു.

“നിങ്ങൾ പറയുന്നതിൽ വല്ല വസ്തുതയും ഉണ്ടെങ്കിൽ നിങ്ങൾ അദ്ദേഹത്തിന്റെ പേര് പറയൂ ”

മുന്നേ വന്നവരോട് പറഞ്ഞത് തന്നെ ഞാൻ അവരോട് ആവർത്തിച്ചു. മറവ് ചെയ്ത ഒരു മയ്യിത്ത് പിന്നെയും പിന്നെയും പുറത്തെടുക്കാനുള്ളതല്ല. അവർ വാശി പിടിച്ചു, എന്തിനാണ് മുൻപത്തെ തവണ നിങ്ങൾ പുറത്തെടുത്തത് എന്ന് എന്നെ ചോദ്യം ചെയ്തു.

ഒന്നര മണിക്കൂറിന് ശേഷം വൃദ്ധനായ ഒരു മനുഷ്യൻ വന്ന് അത് എന്റെ മകനാണ് എന്ന് പറഞ്ഞ് കരയാൻ തുടങ്ങി. അദ്ദേഹത്തോടും പേര് പറയാൻ ഞാൻ ആവശ്യപ്പെട്ടു. മറവ് ചെയ്ത ശരീരം പുറത്തെടുക്കാൻ കഴിയില്ലെന്നും പറഞ്ഞു. ഓരോ തവണ മയ്യിത് ഖബറിൽ നിന്ന് പുറത്തെടുക്കുമ്പോഴും വിചിത്രമായ ചില മാറ്റങ്ങൾ ആ ശരീരത്തിൽ ഞാൻ കണ്ടു. മറവ് ചെയ്ത ഉടനെ ഓരോ തവണയും അദ്ദേഹത്തെ സ്വർഗീയപൂന്തോട്ടത്തിലേക്ക് കൊണ്ടു പോയ പോലെ.

ആദ്യം മറവ് ചെയ്യുമ്പോൾ ഒട്ടും തിരിച്ചറിയാൻ കഴിയാത്ത പോലെ ആയിരുന്നു ആ ശരീരം. പിന്നീട് ഓരോ തവണ പുറത്തെടുക്കുമ്പോഴും ശരീരത്തിൽ മാറ്റങ്ങൾ സംഭവിച്ചിരുന്നു. വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന പോലെ, അദ്ദേഹത്തിന്റെ താടിയും കണ്ണും എല്ലാം വ്യക്തമായി ഞാൻ കണ്ടു. കരിഞ്ഞ് പോയതിന്റെ പാടുകളും മാഞ്ഞ് പോയിരുന്നു.

വൃദ്ധനായ ആ മനുഷ്യൻ എന്നോട് അപേക്ഷിച്ചു. ഞാൻ നിരസിച്ചപ്പോൾ “അന്ത്യനാളിൽ റസൂലിനോട് ഞാൻ പരാതി പറയും” എന്നദ്ദേഹം എന്നോട് പറഞ്ഞു. അവസാനം ആ വാക്കുകൾക്ക് മുന്നിൽ കീഴടങ്ങുകയല്ലാതെ എനിക്ക് വഴിയില്ലായിരുന്നു. ഞാൻ വീണ്ടും മയ്യിത്ത് പുറത്തെടുത്തു.

എന്നാൽ അദ്ദേഹവും പറഞ്ഞു ”എനിക്ക് ആൾ മാറി പോയി. ഇത് എന്റെ മകനല്ല”

ഞാൻ അദ്ദേഹത്തോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. ആ സമയമെല്ലാം ഞാൻ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

പിന്നീട് ഞാൻ ആ ഖബർ തുറക്കാൻ തയ്യാറായില്ല. പിന്നെയും ഒരുപാട് പേര് വന്നെങ്കിലും ഞാൻ കഴിയില്ല എന്ന് പറഞ്ഞു.

ആ മൂന്ന്  മണിക്കൂറിനുള്ളിൽ തുടർച്ചയായി ഞാൻ ആ ഖബർ തുറന്നു. ഓരോ തവണയും ആ മുഖം തെളിഞ്ഞ് വരുന്നത് ഞാൻ കണ്ടു.

എങ്ങനെയാണെന്ന് എനിക്കറിയില്ല. ഒരുപക്ഷെ അദ്ദേഹത്തെ സ്വർഗ്ഗത്തിലേക്കാണോ കൊണ്ടുപോയത്? പക്ഷെ, എന്നെ പോലെ ഒരു പാപി കാരണം അദ്ദേഹത്തിന് പിന്നെയും പിന്നെയും തിരികെ വരേണ്ടി വന്നു.

അത്തരത്തിൽ ഒരുപാട് സംഭവങ്ങൾ. വയസ്സായി. കുറെ ഒക്കെ ഞാൻ മറന്ന് പോയിരിക്കുന്നു. ഒരിക്കൽ പോലും ഒരു രക്‌തസാക്ഷിയുടെ ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ഞാൻ കണ്ടില്ല, അങ്ങനെ മറ്റൊന്നും. ആ ദിവസങ്ങളിൽ ഒരുപാട് പേർ എന്നെ തിരഞ്ഞ് വന്നു, തിരിച്ചറിയപ്പെടാത്ത ശരീരങ്ങൾ ഖബറടക്കാൻ.

‘’ഖാൻ സാബ്, ഖാൻ സാബ്’’

എന്ന് വിളിച്ച് ഒരുപാട് പേർ വന്നും പോയും കൊണ്ടിരുന്നു. പിന്നീട് ഇതെന്റെ ഏകാന്തമായ തൊഴിലായി മാറി.

അതിന് ശേഷം ആളുകളിൽ നിന്ന് പണം വാങ്ങി ഖബർസ്ഥാനിന് അടുത്തൊരു പള്ളി നിർമ്മിച്ചു.

വേറെ എന്താണ്..

വേറെ എന്താണ്..

വേറെ എന്താണ്..

(എനിക്ക് ചെയ്യാൻ കഴിയുക)

സന്ന ഇർഷാദ് മറ്റു

* Association of Parents of Disappeared Persons (APDP) and Jammu Kashmir Coalition of Civil Society (JKCCS) എന്നീ സംഘടനകളുടെ ഇത് വരെ കണ്ടെത്തിയ കണക്കുകൾ അനുസരിച്ച് 7000 ത്തിൽ അധികം തിരിച്ചറിയപ്പെടാത്ത ഖബറുകളാണ് കശ്‍മീരിലെ ബാരാമുള്ള , കുപ്‍വാര, ബന്ദിപ്പൂര, പൂഞ്ച്, രജൗരി എന്നീ ജില്ലകളിലായി ഉള്ളത്.

സന്ന ഇർഷാദ് മറ്റു