Campus Alive

പൗരത്വഭേദഗതി നിയമവും ദേശരാഷ്ട്രത്തിന്റെ പുറന്തള്ളൽ രാഷ്ട്രീയവും

നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റ് ഈയടുത്ത് അവര്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ലോക്സഭയിലും പിന്നീട് രാജ്യസഭയിലും പാസ്സാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമമായി പ്രാബല്യത്തില്‍ വരുകയും ചെയ്ത സിറ്റീസണ്‍ഷിപ്പ് അമന്‍ഡ്മെന്റ് ആക്റ്റു (സി.എ.എ)മായി ബന്ധപ്പെട്ട് അലീഗഢ് മുസ്ലിം സര്‍വകലാശാലയിലിൽ ആരംഭിക്കുകയും പിന്നീട് ജാമിഅ മില്ലിയ്യയിലേക്കും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ഇതരക്യാമ്പസുകളിലേക്കും വളരെ വേഗത്തില്‍ പടര്‍ന്ന പ്രതിഷേധങ്ങളും അതിനോടുള്ള സ്റ്റേറ്റിന്റെ വളരെ വയലന്റായ പ്രതികരണങ്ങളും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ ഒരു അപ്രഖ്യാപിത അടിയന്താരവസ്ഥയുടെ സാഹചര്യങ്ങളിലേക്ക് വഴുതിവീണുകൊണ്ടിരിക്കുകയാണ് എന്നതിന് അപകടകരമായ സൂചനകള്‍ നല്‍കുന്നുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും വിവേചനപരമെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നാണ് പൗരത്വ ഭേദഗതി നിയമം അഥവാ സി.എ.എ. എങ്കിലും ആ ഒരു മനസ്സിലാക്കലിനെ മറികടക്കാന്‍ കഴിയും വിധത്തിലുള്ള ന്യായീകരണങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും ഒരു നേരിയ ഇടം നല്‍കാൻ അതിന് സാധിക്കുന്നുണ്ട്. എന്നാല്‍, ഈ നിയമത്തിനെ കേവലം ഒരു കേന്ദ്ര സര്‍ക്കാറിന്റെ പോളിസി തലത്തിലുള്ള ഒരു പരാജയമായോ അല്ലെങ്കില്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുകൊണ്ടുള്ള കണ്ണില്‍ പൊടിയിടലായിട്ടോ അതുമല്ലെങ്കില്‍ ഇടതുപക്ഷ സൈദ്ധാന്തികരും ലിബറലുകളും ഉന്നയിക്കുന്നതുപോലെ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും ജനങ്ങളെ വഴിതിരിക്കാനുള്ള ഒരു കുതന്ത്രമായിട്ടോ മനസ്സിലാക്കുന്നത് വളരെ അപകടകരമായിട്ടുള്ള ഒരു ചിന്തയാണ്. മറിച്ച് ഇത് നിഷ്കളങ്കമായ മതേതര ഭാവനയുടെ പരിമിതി ആയി വേണം മനസ്സിലാക്കാന്‍. കാരണം, സംഘ്പരിവാറിന്, അഥവാ, ബി.ജെ.പിയുടെ മാതൃമുഖത്തിന്റെ അധികാരം നേടാനുള്ള ഉപകരണമല്ല മുസ്ലിം വിരുദ്ധത. മറിച്ച് മുസ്ലിം വിരുദ്ധതയെ ഒരു സ്റ്റേറ്റ് പോളിസി അല്ലെങ്കില്‍ പ്രൊജക്റ്റ് ആക്കി മാറ്റാനുള്ള ഉപകരണമാണ് അവര്‍ക്ക് അധികാരം. ഇതാണ് വിചാരധാരയും ദേശീയ പൗരത്വ രജിസ്റ്ററും (എന്‍.ആര്‍.സി) തമ്മിലുള്ള അന്തര്‍ധാര. സാമ്പത്തികപരാജയങ്ങള്‍ അവരുടെ കാര്യക്ഷമതയില്ലായ്മയും ക്രോണി ക്യാപിറ്റലിസം അവരുടെ കണ്‍വെന്‍ഷണൽ ഫണ്ട് ബൂസ്റ്റിങ്ങ് ടെക്നിക്കുമാണ്, അല്ലാതെ പരമ്പരാഗത മാര്‍ക്സിസ്റ്റ് വായനയുടെ പരിമിതിയില്‍ നിന്നുകൊണ്ട് സംഘ്പരിവാറിന്റെ വംശീയ പദ്ധതിയെ വായിക്കാന്‍ ശ്രമിക്കുന്നത് സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ആത്മഹത്യാപരമായ നീക്കമാണെന്ന് വേണം മനസ്സിലാക്കാന്‍. വംശീയ പദ്ധതികളുടെ ഭീകരത മനസ്സിലാക്കാന്‍ പലപ്പോഴും സാമ്പത്തികവായനകള്‍ സഹായിക്കണമെന്നില്ല. മാത്രമല്ല പലപ്പോഴും നേരെ തിരിച്ചാണ് സംഭവിക്കാറും. മോദി സര്‍ക്കാറിന്റെ ആദ്യ ഊഴത്തില്‍ പലപ്പോഴും നമ്പറുകളും ഡാറ്റകളും അവരെ ഏറെ സഹായിച്ചിട്ടുമുണ്ട് എന്ന കാര്യം ഇതിനോട് ചേര്‍ത്ത് വായിക്കണം. അത് കൊണ്ട് തന്നെ, സാമ്പത്തികപരാജയത്തില്‍ നിന്നുമുള്ള ശ്രദ്ധതിരിക്കൽ എന്ന രീതിയില്‍ ഇത്തരത്തിലുള്ള വംശീയ-വംശഹത്യാ പദ്ധതികളെ മനസ്സിലാക്കുന്നതിൽ നിന്നും അവരുടെ പ്രയോറിറ്റി ലിസ്റ്റില്‍ മുസ്ലിം-ആദിവാസി കമ്മ്യൂണിറ്റികള്‍ക്ക് അവര്‍ നല്‍കുന്ന പരിഗണന നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

അത്കൊണ്ട് തന്നെ ഇത്തരത്തില്‍ ഒരുപാട് പഴുതുകൾ നിറഞ്ഞ രീതികളെയും രീതിശാസ്ത്രങ്ങളെയും മാറ്റിനിര്‍ത്തിക്കൊണ്ട് സംഘ്പരിവാറിന്റെ സിദ്ധാന്തങ്ങളും രേഖകളും മനോഭാവങ്ങളും മെത്തഡോളജിയും തിരിച്ചറിഞ്ഞ് വേണം സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയെ മനസ്സിലാക്കാൻ. അങ്ങനെയുള്ള ഒരു മനസ്സിലാക്കലിലൂടെ മാത്രമേ ഇതു മൂന്നും ചേരുമ്പോള്‍ സാധ്യമാവുന്ന ഒരു വലിയ നവ-വംശഹത്യാ പദ്ധതിയുടെ ആഴം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. സി.എ.എയെ തുടര്‍ന്ന് രാജ്യമാകെ പ്രതിഷേധങ്ങള്‍ വ്യാപിച്ചപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ഡിസംബര്‍ ഇരുപത്തിരണ്ടിന് രാംലീല മൈതാനിയില്‍ വെച്ച് ‘ഇപ്പോള്‍’ ഒരു രാജ്യവ്യാപക എന്‍.ആര്‍.സി നടപ്പിലാക്കാന്‍ തന്റെ ഗവണ്‍മെന്റിന് യാതൊരു പദ്ധതിയും ഇല്ലെന്ന് വിളിച്ചുപറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ തിരഞ്ഞെടുക്കുപ്പെടുന്ന പദവിയില്‍ നിന്നുകൊണ്ട് പ്രധാനമന്ത്രി വിളിച്ചുപറയുന്നത് പച്ചക്കള്ളമാണെന്നതിന് മന്ത്രിസഭയിലെ രണ്ടാമനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ത പ്രസംഗങ്ങളിലെ വ്യക്തമായ സൂചനകളും വിളിച്ചുപറയലുകളും സാക്ഷി. മാത്രമല്ല, ജൂണ്‍ മാസം പാര്‍ലമെന്റിനെ അഭിമുഖീകരിച്ച രാഷ്ട്രപതിയുടെ പ്രസംഗത്തിലും ഇതിലേക്കുള്ള വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ നിഷേധവും ആഭ്യന്തരമന്ത്രിയുടെ വൈരുദ്ധ്യാത്മകമായ നിലപാടുകളും ഫലത്തില്‍ എന്‍.ആര്‍.സിയോടുള്ള കേന്ദ്രത്തിന്റെ നിലപാടിനെ ഒരു പുകമറയ്ക്കുള്ളിലാക്കാന്‍ സഹായിക്കുകയും അത് വഴി ഒരുപാട് സെന്‍ട്രിസ്റ്റ് ലിബറലുകളെ ആശയക്കുഴപ്പത്തിലകപ്പെടുത്തി എന്‍.ആര്‍സി-സി.എ.എ വിരുദ്ധ സമരചേരിയെ ആശയപ്രതിസന്ധിയിലാക്കാൻ സാധിക്കുകയും ചെയ്തു. അതേസമയം ഈ പ്രക്ഷോഭങ്ങള്‍ക്കെല്ലാമിടയിൽ തന്നെ പ്രധാനമന്ത്രി വിളിച്ച പബ്ലിക്ക് ക്യാബിനറ്റ് മീറ്റിങ്ങില്‍ എന്‍.പി.ആറിന് വേണ്ടിയുള്ള സൗകര്യ സജ്ജീകരണങ്ങള്‍ക്ക് പച്ചക്കൊടി കാണിച്ചുകൊണ്ട് രാജ്യവ്യാപകമായ ഈ വലിയ പ്രൊജക്റ്റിന്റെ ആദ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു.

എന്‍.പി.ആര്‍ അഥവാ ദേശീയ പൗരത്വ പട്ടിക എന്ന് പറയുന്നത് എന്‍.ആര്‍.സിയിലേക്കുള്ള ആദ്യപടിയായിട്ടുവേണം മനസ്സിലാക്കാന്‍. എന്‍.പി.ആര്‍ എന്ന 1955ല്‍ സിറ്റിസണ്‍ഷിപ്പ് ആക്ടില്‍ നിരുപദ്രവകാരിയായി കിടന്നിരുന്ന സംഭവം രണ്ടായിരത്തിമൂന്നില്‍ വാജ്പേയി സര്‍ക്കാറിന്റെ കാലത്ത് വന്നിട്ടുള്ള സിറ്റിസണ്‍ഷിപ്പ് (അമെന്‍ഡ്മെന്റ്) ആക്റ്റ് പ്രകാരം “Illegal migrant” എന്ന ക്ലോസോടു കൂടി എന്‍.ആര്‍.സി നടപ്പിലാക്കുന്നതിന്റെ ആദ്യ പടി, അഥവാ പ്രൈമറി എന്യൂമറേറ്ററി പ്രൊസസ് ആയിട്ടാണ് മനസ്സിലാക്കേണ്ടത്. എന്‍.ആര്‍.സി, എന്‍.പി.ആര്‍, സി.എ.എ എന്നിവയെ ഒറ്റ പദ്ധതിയായി ആയി മനസ്സിലാക്കുകയാണെങ്കില്‍ എന്‍.പി.ആര്‍ ആണ് ഇതില്‍ ഏറ്റവും നിര്‍ണ്ണായകമായതും എന്നാല്‍ തീരെ ചര്‍ച്ച ചെയ്യാതെ പോവുന്നതുമായ ഘടകം. കാരണം ഈ മൂന്നില്‍ ഫസ്റ്റ് ഹാന്‍ഡ് എന്യുമറേഷന്‍ നടക്കുന്നത് എന്‍.പി.ആറില്‍ മാത്രമാണ്, മറ്റ് രണ്ടും കേവല ഓഫീസ് വര്‍ക്കുകൾ മാത്രമാണ്, അതായത് എന്‍.പി.ആര്‍ നടന്നാല്‍ മാത്രമേ മറ്റു രണ്ടും പ്രായോഗികമായി നടപ്പാക്കാൻ സാധിക്കുകയുള്ളൂ. അത് കൊണ്ട് തന്നെ നിരുപദ്രവകാരിയായി കാണാന്‍ മാത്രം നിഷ്കളങ്കമല്ല എന്‍.പി.ആര്‍ എന്ന ബോധ്യം അത്യാവശ്യമാണ്.  ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സെന്‍സസ് വെബ്സൈറ്റ് പ്രകാരം എന്‍.പി.ആര്‍ എന്നാല്‍ “is a Register of usual residents of the country. It is being prepared at the local (Village/sub-Town), sub-District, District, State and National level under provisions of the Citizenship Act 1955 and the Citizenship (Registration of Citizens and issue of National Identity Cards) Rules, 2003”. എന്‍.പി.ആര്‍ എന്താണ് എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. രണ്ടായിരത്തിമൂന്നിലെ ഭേദഗതി പ്രകാരം  വിവര ശേഖരണത്തിന്റെ സൗകര്യാര്‍ത്ഥം വികേന്ദ്രീകരണത്തിലൂടെ പല തലങ്ങളിലായി (വില്ലേജ്, താലൂക്ക്, ജില്ല) വിഭജിച്ച് കൊണ്ടുള്ള ഒരു കൂട്ടം രജിസ്റ്ററുകളാണ് എന്‍.പി.ആറിന്റെ ആദ്യഘട്ടം. ശേഷം, ഇത്തരത്തിലുള്ള ലോക്കൽ രജിസ്റ്ററിന്റെ സഹായത്തോടെ ‘doubtful citizenship’ എന്നൊരു പുതിയ വിഭാഗം വരുകയും ഇതിന് ശേഷം വരുന്ന എന്‍.ആര്‍.സി വഴി ഇത്തരത്തില്‍ സംശയാസ്പദമായ പൌരന്മാരെ, അഥവാ മതിയായ രേഖകള്‍ സമര്‍പ്പിക്കാൻ കഴിയാത്തവരെ ഫോറീന്‍ ട്രിബ്യൂണലിലേക്കും ശേഷം അവിടെയും തൃപ്തികരമായ രേഖകളില്ലാത്തവരെ ഡിറ്റന്‍ഷൻ സെന്ററുകളിലേക്കുമയക്കുകയും ചെയ്യും. ഈ doubtful citizen എന്ന് മാര്‍ക്ക് ചെയ്യാനുള്ള അധികാരം എന്നത്  വളരെ അപകടകരമായ അധികാരമാണ്. ഒരാളുടെ ജീവിതമാണ് അല്ലെങ്കില്‍ ജീവന്‍ തന്നെയാണ് ഒരൊറ്റ മാര്‍ക്കിങ്ങിലൂടെ അപകടത്തിലാകുന്നത് (N.P.R ന്റെ കൃത്യമായ പ്രവർത്തനരീതിയോ doubtful citizen ആവുന്നതിന്റെ മാനദണ്ഡങ്ങളോ ഒന്നും സ്റ്റേറ്റ് ഇത് വരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും സാധാരണ സെന്‍സസ് പ്രവർത്തനങ്ങൾ ഇരുപത് മുതല്‍ മുപ്പത് ദിവസം വരെ സമയം പിടിക്കുമ്പോള്‍ ഇതിന് നാല് മാസം സമയമാണ് അനുവദിച്ച് നല്‍കിയിട്ടുള്ളത് എന്നതില്‍ നിന്നും ഇതിന്റെ വ്യത്യാസവും ഗൗരവവും നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ).

എന്‍.പി.ആര്‍ അഥവാ പോപുലേഷന്‍ റെജിസ്റ്ററിന്റെ ഒരേയൊരു ജോലി എന്നത് എന്‍.ആര്‍.സിക്ക് വേണ്ടുന്ന വിവരങ്ങൾ ശേഖരിക്കുക എന്നത് മാത്രമാണ്. അത് കൊണ്ട് തന്നെ എന്‍.പി.ആറിനെ സെന്‍സസുമായി ബന്ധപ്പെടുത്താനുള്ള ‘ നിഷ്കളങ്ക’ ശ്രമങ്ങളെല്ലാം തന്നെ വിമര്‍ശനാത്മകമായി മനസ്സിലാക്കുകയും കൃത്യമായി വേര്‍തിരിച്ച് കൊണ്ട് എന്‍.പി.ആറിനെ എന്‍.ആര്‍.സിയുമായി ബന്ധപ്പെടുത്തി തന്നെ വിമര്‍ശനപദ്ധതിയും പരിപാടികളും സാധ്യമാക്കേണ്ടതുണ്ട്.

വീടുകളില്‍ നിന്ന് ഡിറ്റന്‍ഷൻ സെന്ററുകളിലേക്ക്-ഭരണഘടന അനുവദിക്കുന്ന കോണ്‍സണ്‍ട്രേഷൻ ക്യാമ്പുകളോ?

ജാമിഅ മില്ലിയ്യ മീഡിയ ജേര്‍ണലിസം വിദ്യാര്‍ത്ഥിയും പൗരത്വ പ്രക്ഷോഭത്തിന്റെ വിദ്യാര്‍ത്ഥിനേതാവുമായ ഷഹീന്‍ അബ്ദുള്ള ആസ്സാമില്‍ N.R.C യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍  നടക്കുന്നതിനിടയില്‍ 2018ല്‍ അതുമായി ബന്ധപ്പെട്ട് ചെയ്തിട്ടുള്ള ഒരു ഡോക്യുമെന്ററിയാണ് In a state of doubt. ആസ്സാമിലെ N.R.C യുടെ പ്രകടഫലങ്ങളും പരിണിതിയും അന്വേഷിക്കുന്ന ഡോക്യുമെന്ററിയില്‍ ഡിറ്റന്‍ഷൻ ക്യാമ്പുകളുടെ ഭീകരാവസ്ഥ വളരെ കൃത്യമായിട്ട് കാണിക്കുന്നുണ്ട്. എന്നാല്‍ രാജ്യവ്യാപകമായി ഇത് നടപ്പിലാവുകയാണെങ്കില്‍  അടുത്ത  സെന്‍സസിൽ 150 കോടിയിലെത്തുമെന്ന് കരുതുന്നത്ര ജനസംഖ്യയുള്ള ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇതിന്റെ ഭീകരത നമുക്കൂഹിക്കാവുന്നതിലുമപ്പുറമായിരിക്കും. എങ്ങനെയാണ് ഒരു ദേശരാഷ്ട്രത്തിന് ഡിറ്റന്‍ഷെൻ സെന്ററുകളെ കുറിച്ച് ആലോചിക്കാന്‍ കഴിയുന്നത്? ദേശരാഷ്ട്രത്തിനപ്പുറത്ത് ഒരു മനുഷ്യന് എങ്ങനെയാണ് തനിക്ക് തുല്യനായ മറ്റൊരു മനുഷ്യനെ ഡിറ്റന്‍ഷൻ സെന്ററിലേക്കയക്കുന്നതിനെ ന്യായീകരിക്കാന്‍ കഴിയുന്നത്? ദേശരാഷ്ട്ര വ്യവസ്ഥിതിയുടെയും അതിന്റെ അനുബന്ധമായ നീതിന്യായ വ്യവസ്ഥയുടെയും നൈതികമായ പരാജയമാണിത്. ഒരു മാനുഷിക ചോദ്യത്തെ നൈതിക ചോദ്യമാക്കി മാറ്റുന്നതിന് പകരം നിയമ പരമായ ചോദ്യമായി (legal question) മാറ്റുമ്പോൾ ചോര്‍ന്നുപോകുന്നതെന്താണോ അതാണ് മനുഷ്യത്വം. “Offering hospitality is not only about being in power but about taking risks and becoming vulnerable. This is especially the case with issues that pertain to an increasingly globalized and interconnected world but where strictly enforced territorial borders raise the question as to whether there exists a right to hospitality and what this might look like” എന്ന് Hospitality and Islam എന്ന പഠനത്തില്‍ മോണാ സിദ്ദീഖി നിരീക്ഷിക്കിന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു മെറ്റാഫിസിക്കൽ കടമയുടെ സാധ്യത ദേശരാഷ്ട്ര വ്യവസ്ഥിതിയിലും അതിന്റെ നിയമവ്യവസ്ഥയിലും കാണാന്‍ സാധിക്കുകയില്ലെന്ന് മാത്രമല്ല, പലപ്പോഴും അധിനിവേശത്തിന് റബ്ബര്‍സ്റ്റാമ്പടിക്കുന്ന പണിയാണ് പലപ്പോഴും നിയമവ്യവസ്ഥ ചെയ്യുന്നത് എന്ന് കാശ്മീരുമായി ബന്ധപ്പെട്ട വിധികളില്‍നിന്നും ഉത്തരവുകളില്‍ നിന്നും  മനസ്സിലാക്കാവുന്നതാണ്. മാത്രമല്ല, ആസ്സാമിൽ N.R.C നടപ്പിലാക്കാന്‍ ഉത്തരവിട്ടത്  കോടതിയാണ് എന്ന കാര്യം കൂടെ ഇതോട് ചേര്‍ത്ത് വായിക്കണം.

ഇറ്റാലിയന്‍ തത്വചിന്തകനായ ജോര്‍ജിയോ അഗമ്പന്‍ പ്രാചീന റോമന്‍ നിയമങ്ങളിലെ ഹോമോസാസറുകളെ കുറിച്ച് എഴുതുന്നുണ്ട്. രാഷ്ട്രീയമായും സാമൂഹികമായും അവഗണിക്കപ്പെട്ട, പരിമിതമായി മാത്രം അവകാശങ്ങളുള്ള, നിയമപരമായി യാതൊരു പരിഗണനയുമില്ലാത്ത ഒരു കൂട്ടം ജനതയാണത്. നാസി കോണ്‍സണ്‍ട്രേഷൻ ക്യാമ്പുകളിലെ ജൂത ജീവിതങ്ങളുമായാണ്  അഗമ്പന്‍ ഇതിനെ ചേര്‍ത്ത് വായിക്കുന്നത്. പൗരന് അഥവാ സിറ്റിസണ് ഉളള യാതൊരു  അവകാശങ്ങളുമില്ലാത്ത, ഡെനിസണായി (Denizen) ആയിട്ടാണ് ജൂതരെ നാസി ജര്‍മനി പരിഗണിച്ചുപോന്നത്. അഥവാ, ഒരു പൗരന്റെ ജീവിതം രാഷ്ട്രീയപരമായി വിവക്ഷിക്കപ്പെടുകയും നിയമപരമായി സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കെ, അതേസമയം ഹോമോസാസര്‍ ആയിട്ടുള്ള ഒരാളെ നിയമപരമായ അവകാശങ്ങളോ രാഷ്ട്രീയപരമായ അധികാരങ്ങളോ ഇല്ലാതെ നഗ്നജീവിതത്തിലേക്ക്(Naked/bare life) തള്ളിവിടും എന്ന് അഗമ്പന്‍ നിരീക്ഷിക്കുന്നു. നിയമത്തിനും നീതിക്കും പുറത്തുള്ള ഈ ഇടത്തില്‍ യാതൊരു കുറ്റവും ചെയ്യാതെ തന്നെ ഹോമോ സാസര്‍ ആരാലും കൊല്ലപ്പെട്ടേക്കാം, യാതൊരു അവകാശവുമില്ലാത്തതിനാല്‍ തന്നെ “His death is less than a death and his life is less than a life!” എന്ന് അദ്ദേഹം പറഞ്ഞ് വെക്കുന്നു.

ഇത്തരത്തിലുള്ള ഒരു സാമൂഹികസാഹചര്യത്തിലേക്കുള്ള ഒരു കാറ്റലിസ്റ്റ് ആയിട്ടുകൂടി വേണം ഈ പറഞ്ഞ പൗരത്വ വിവേചനങ്ങളെ വായിക്കാന്‍. ഇതിന്റെ ആദ്യ പടി വിവേചനം ചെയ്യപ്പെടുന്ന മനുഷ്യരെ തുല്യരായ ഇടത്തില്‍ നിന്നെല്ലാം  തുല്യരല്ലാതാക്കുക എന്നതാണ്. കാശ്മീരില്‍ ഇത് പ്രാവര്‍ത്തികമാക്കുന്നതിന് നാം സാക്ഷിയാണ്. കാശ്മീരികളുടെ ജീവിതം എന്നത് ഒരു മെയ്ന്‍ലാന്‍ഡ് ഇന്ത്യൻ ജീവിതത്തിന് തുല്യമല്ല എന്ന തരത്തിലുള്ള ഒരു മെജോറിറ്റേറിയന്‍  പൊതുബോധം സൃഷ്ടിക്കപ്പെടുകയും അവരുടെ ജീവിതത്തിന്  ഒരു മെയ്ന്‍ലാന്‍ഡ് ഇന്ത്യൻ ജീവിതത്തിന്റെ വിലയില്ലായെന്ന് വരുത്തിത്തീര്‍ക്കുകയും അത് വഴി കാശ്മീരികളുടെ മരണം ഭൂരിപക്ഷസമ്മതിയോടു കൂടി സാധാരണമായ ഒന്നായി മാറുകയും ചെയ്തു. അവര്‍ കാശ്മീരികളാണെങ്കില്‍ അവര്‍ കൊല്ലപ്പെട്ടതിൽ വിഷമിക്കേണ്ട കാര്യമില്ല, അവര്‍ കൊല്ലപ്പെടേണ്ടവര്‍ തന്നെയാണ് എന്നതു വരെയെത്തി നില്‍ക്കുന്ന അപമാനവീകരിക്കലിന്റെ (dehumanizing process) ഒരു mainland extension project ആയിട്ട് നമുക്ക് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിലെ പല സംഭവവികാസങ്ങളെയും ഈ പൗരത്വ ഭേദഗതി നിയമങ്ങളെയും മനസ്സിലാക്കാം. അതായാത് നോര്‍മൽ അല്ലാത്ത അബ്നോര്‍മൽ ആയ  വിഷയികളാണ്(subject) മുസ്ലിംകള്‍ എന്ന് നിരന്തരമായ പരാമര്‍ശങ്ങളിലൂടെയും സാംസ്കാരികമായ നിർമ്മിതികളിലൂടെയും ഒരു പൊതുബോധമായി മാറ്റുക, അത് വഴി ഇത്തരത്തിലുള്ള അബ്നോര്‍മൽ സബ്ജക്ടുകളെ നിലയ്ക്കുനിര്‍ത്തേണ്ടതുണ്ടെന്നും അവര്‍ക്ക് taming/controlling ആവശ്യമാണെന്നും വരുത്തിത്തീര്‍ക്കുക, അവര്‍ക്ക് ചരിത്രപരമായി ലഭിച്ചിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ ഒരു ലിവറേജ് ആണെന്നും അത് കൊണ്ട്  അതില്ലാതാക്കാനുള്ള ശ്രമങ്ങളുണ്ടാവണമെന്നും പറഞ്ഞുനടക്കുകയും ചെയ്യുക; ഇത്തരത്തില്‍ ഒരു സമുദായത്തെ ഉന്നം വെച്ച് കൊണ്ട് സാമൂഹികവും സാംസ്കാരികവും മാനസികവുമായി അക്രമിക്കുകയും എന്നാല്‍ നിരന്തരമായ അപമാനവീകരിക്കലിലൂടെ ഈ അക്രമങ്ങളെയെല്ലാം സ്വാഭാവിക പ്രതികരണങ്ങളായി മനസ്സിലാക്കുകയും ചെയ്യുന്ന ഒരു സവിശേഷമായ, എന്നാല്‍ വളരെ അപകടകരമായ രാഷ്ട്രീയ സാഹചര്യത്തിലാണ് നാം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.

(തുടരും)

അഫീഫ് അഹ്മദ്