Campus Alive

ഷർജീൽ മുതൽ ഷർജീൽ വരെ: വിദ്യാർത്ഥി നേതൃത്വം വേട്ടയാടപ്പെടുമ്പോൾ

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ സമരനേതാക്കളെയും വിദ്യാർഥികളെയും കാണാനും ഐക്യദാർഢ്യമറിയിക്കാനും ഈ ലേഖകനടക്കം ഒരു സംഘം മലയാളികൾ കാമ്പസ് സന്ദർശിച്ചിരുന്നു. നൂറുകണക്കിന് പൊലീസ്- അർധസൈനിക വിഭാഗങ്ങളെ കാമ്പസിലെ ഓരോ കവാടത്തിന് സമീപത്തും വിന്യസിച്ച ആദ്യകാഴ്ച തന്നെ രാജ്യത്തിന്റെ ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള സർവകലാശാലയിൽ ഉയർന്ന പ്രക്ഷോഭത്തിന്റെ സാന്ദ്രത വെളിവാക്കുന്നതായിരുന്നു. രാജ്യതലസ്ഥാനത്തു നിന്നും ഉത്തർപ്രദേശ് ഭരണസിരാ കേന്ദ്രങ്ങളിൽ നിന്നും അകലെ നിൽക്കുന്ന കാമ്പസിന് മാധ്യമശ്രദ്ധ വളരെ കുറവായതിനാൽ സമരവാർത്തകൾ വളരെയധികമൊന്നും പുറംലോകമറിഞ്ഞിട്ടില്ലെന്ന് വിദ്യാർഥികൾ ഞങ്ങളുമായി പങ്കുവെച്ചു. ഹോസ്റ്റൽ മുറികളിൽ കയറി അടിച്ചോടിച്ചും ടിയർഗ്യാസും ഷെല്ലുകളും മുന്നറിയിപ്പില്ലാതെ ഉപയോഗിച്ചും അതിഭീകരമായ തേർവാഴ്ചയാണ് യോഗി ആദിത്യനാഥിന്റെ പൊലീസ് കാണിച്ചത്. എന്നാൽ അടിച്ചമർത്തലിന്റെ ആദ്യഘട്ടത്തെ ത്യാഗപൂർണമായി അതിജീവിച്ച് മുഖ്യകവാടമായ ബാബേ സയ്യിദിന്റെ സമീപത്ത് വിദ്യാർഥികൾ ഇപ്പോഴും സമരം തുടരുകയാണ്. ലാത്തിക്കും ടിയർഗ്യാസിനും സമരവീര്യത്തെ കെടുത്താൻ സാധ്യമല്ലെന്ന് മനസിലാക്കിയതിനാലാവണം, വിദ്യാർഥി നേതാക്കൾക്കെതിരെ അതിഗുരുതര വകുപ്പുകൾ ചാർത്തി കേസെടുത്ത് വേട്ടയാടി സമരത്തിന്റെ വേരറുക്കാനുള്ള തന്ത്രമാണ് യോഗി പൊലീസ് നടപ്പിലാക്കുന്നത്. വിദ്യാർഥികളും പ്രദേശവാസികളുമടക്കം ആറായിരം പേർക്കെതിരെ ഇതിനകം കേസെടുക്കുകയും 31 പേരെ അറസ്റ്റിലാക്കുകയും ചെയ്തിട്ടുണ്ട്. 13 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതിൽ പല വിദ്യാർഥി നേതാക്കൾക്കെതിരെയും വധശ്രമമടക്കമുള്ള കുറ്റങ്ങൾ ചാർത്തി ഗുണ്ടാ ആക്ട് പ്രകാരം ജയിലിലടക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞതായി പൊലീസ് തന്നെ സമ്മതിക്കുന്നു.

അത്തരത്തിൽ 8 എഫ്.ഐ.ആറുകളിൽ പ്രതിചേർക്കപ്പെട്ട വിദ്യാർഥി നേതാവായ ശർജീൽ ഉസ്മാനിയുടെ മാതാപിതാക്കളെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചു. യു.പിയിൽ പ്രവേശിച്ചാൽ അറസ്റ്റിലാകുമെന്ന സാഹചര്യത്തിൽ ഡൽഹിയിലും മറ്റുമായി കഴിയുകയാണ് ഉസ്മാനി. ദിവസങ്ങൾക്ക് മുമ്പ് 25 ഓളം പൊലീസുകാർ പുലർച്ചെ 2 മണി സമയത്ത് വീട്ടിലെത്തി റെയ്ഡ് നടത്തിയതും വീടിനുമുന്നിൽ നോട്ടീസ് പതിച്ചതും പിതാവ് വിവരിച്ചു. പൊലീസ് സ്റ്റേഷനിൽ കാര്യങ്ങൾ അന്വേഷിക്കാൻ പോയപ്പോൾ ഗുണ്ടാ ആക്ട് ചുമത്തുന്നതിന് നടപടികൾ ആരംഭിച്ചതായി അധികൃതർ സൂചന നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. അലിഗഡിലെ ചിന്തിക്കുകയും സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുന്ന വിദ്യാർഥികളെ ഉസ്മാനിയെ പോലെ വേട്ടയാടാനാണ് യോഗീഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. അതിന് ഒത്താശ ചെയ്യുന്നതിൽ യജമാന ഭക്തി സർവകലാശാല അധികൃതരെ ആവേശഭരിതരാക്കുന്നു. കാമ്പസിലെ വിദ്യാർഥികളായ വർധ ബേഗ്, മുജ്‌തബ ഫറാസ്, സിദ്ധാർത്ഥ് ഗൗത്, താഹിർ അസ്മി എന്നിവരാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരെന്ന നിലയിൽ  പൊലീസിന്റെ ആദ്യപട്ടികയിൽ ഇടംപിടിച്ചവർ. യോഗി-മോദി സർക്കാറുകളുടെ നയങ്ങൾക്കെതിരെ കാര്യമായ പ്രക്ഷോഭങ്ങൾ നടക്കാത്ത യു.പിയിൽ പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് പ്രചോദനമായത് അലിഗഡ് സർവകലാശാലയുടെ സാന്നിധ്യമാണെന്ന് ബി.ജെ.പി സർക്കാർ തിരിച്ചറിഞ്ഞതിനാലാണിത്. എന്നാൽ കേസുകൾ സൃഷ്ടിക്കുന്ന അങ്കലാപ്പുകൾക്കിടയിലും പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ ഒരുക്കമല്ലെന്നാണ്  ഡൽഹി ജന്ദർമന്തറിൽ കണ്ടുമുട്ടിയപ്പോൾ ഷർജീൽ ഉസ്മാനി വ്യക്തമാക്കിയത്.

പ്രക്ഷോഭത്തിന്റെ പേരിൽ ഏറ്റവും വലിയ മാധ്യമ-ഭരണകൂട വേട്ടക്കിരയായത് യഥാർത്ഥത്തിൽ സമാനപേരുകാരനായ ഷർജീൽ ഇമാം എന്ന ജെ.എൻ.യു വിദ്യാർഥിയാണ്. ഇപ്പോൾ യു.എ.പി.എ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചാർത്തി അറസ്റ്റിലായ ഇമാമിനെതിരെ ആദ്യം ആക്രമണം തുടങ്ങിയത് ‘മോദീ മീഡിയ’ എന്നറിയപ്പെടുന്ന ചില ഇംഗ്ലീഷ്-ഹിന്ദി ചാനലുകളാണ്. അലിഗഡിലെ സമരപ്പന്തലിൽ ഈ വിദ്യാർത്ഥി നേതാവ് നടത്തിയ പ്രഭാഷണത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് വാർത്ത ചമക്കുകയായിരുന്നു. ആസാമിലേക്കുള്ള റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്താൽ ഭരണകൂടത്തിനുമേൽ വലിയ സമ്മർദം സൃഷ്ടിക്കാൻ സഹായകമാകുമെന്ന പ്രസ്താവന വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തുനിന്ന് വേർപ്പെടുത്താൻ ആഹ്വാനം ചെയ്തതായി വളച്ചൊടിക്കുകയായിരുന്നു മാധ്യമങ്ങൾ. വാർത്തയെ തുടർന്ന് ഉന്മാദ ദേശീയ വാദികൾ രാജ്യദ്രോഹിപ്പട്ടം നൽകി ഇമാമിനെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി. പിന്നാലെ ബി.ജെ.പി സ്വാധീനമുള്ള 5 സംസ്ഥാനങ്ങളിൽ രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു. ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത്ഷായും ഷർജീൽ ഇമാം എന്ന ‘ഭീകരന്റെ’ വിഷയം എടുത്തിട്ടു. പിന്നാലെ അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ളവരും തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ശാഹീൻബാഗ് പ്രക്ഷോഭത്തിലെ പങ്ക് പൊടിപ്പും തൊങ്ങലും വെച്ച് ഡൽഹി കേന്ദ്രീകരിച്ച മാധ്യമങ്ങൾ അവതരിപ്പിച്ചു. കുപ്രചാരണങ്ങളും ചാപ്പകുത്തലും വിജയകരമായെന്ന് ഭരണകൂടം തിരിച്ചറിഞ്ഞതോടെ ബിഹാറിലെ അദ്ദേഹത്തിന്റെ ഗ്രാമത്തിലെ 30 വീടുകൾ പൊലീസ് റെയ്ഡ് ചെയ്യുകയും ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ച് അദ്ദേഹം പൊലീസിന് മുന്നിൽ കീഴടങ്ങി. വദ്വേഷ പ്രചരണം അവിടെയും നിന്നില്ല. ഇമാമിന്റെ കൈവെട്ടണമെന്ന് ശിവസേന നേതാവ് ആഹ്വാനം ചെയ്തപ്പോൾ, ഒരുപടി കൂടി കടന്ന് പൊതുയിടത്തിൽ വെടിവെച്ച് കൊല്ലുകയാണ് വേണ്ടതെന്ന് ബി.ജെ.പി നേതാവ് സംഗീത് സോം വിഷംചീറ്റി. ഒരുകാലത്ത് ഇടതു വിദ്യാർഥി പ്രസ്ഥാനമായ ഐസയുടെ ജെ.എൻ.യു ഘടകത്തിൽ സജീവമായിരുന്ന ഇമാം പിന്നീട് ഇസ്‌ലാമോഫോബിയ ചൂണ്ടിക്കാട്ടിയാണ് സംഘടന വിടുന്നത്. ഇടതുരാഷ്ട്രീയം ഉപേക്ഷിച്ച ശേഷം മുസ്‌ലിം-ന്യൂനപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിക്കുന്ന ജെ.എൻ.യുവിൽ മാത്രമുള്ള വേദിയിലാണ് പ്രവർത്തിച്ചത്. അറസ്റ്റിന് മുമ്പ് തന്നെ ഈ വിദ്യാർഥി നേതാവിനെതിരെ രാജ്യദ്രോഹമടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു അടക്കമുള്ളവർ ചൂണ്ടിക്കാണിച്ചെങ്കിലും ഇടതു-ലിബറൽ വൃത്തങ്ങളിൽ നിന്നു പോലും വിഷയമുന്നയിക്കാൻ അധികമാളുകളുണ്ടായില്ല. കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയപ്പോൾ ചെറുത്തുനിന്ന ജെ.എൻ.യുവും ‘ഇസ്‌ലാംഭീതി’യും ‘രാജ്യസുരക്ഷയും’ ഉൾചേർന്ന ഷർജീൽ ഇമാമിന്റെ അറസ്റ്റിനെതിരെ സമ്മർദമുയർത്തുന്നതിൽ പിന്നിലായി. ഇതോടെ പൗരത്വ പ്രക്ഷോഭത്തിന് പല അർഥത്തിലും പരിശ്രമിച്ച ഒരു വിദ്യാർഥി നേതാവിനെ പൂർണമായും കാരാഗൃഹത്തിലടക്കാൻ ഭരണകൂടത്തിനായി. ഇതിലൂടെ സമരത്തെ രാജ്യവിരുദ്ധമായി മുദ്രകുത്താനും സമരമുഖത്തെ വിദ്യാർഥികളെ അടിച്ചമർത്താൻ ന്യായം നിരത്താനും ഭരണകൂടത്തിനും സംഘ്പരിവാറിനും അവസരമായി. രാം ഭക്ത് ഗോപാൽ എന്ന ബജ്‌റംഗ്ദൾ പ്രവർത്തകന് ജാമിഅ വിദ്യാർഥികൾക്ക് നേരെ പൊലീസ് നോക്കിനിൽക്കെ പകൽ വെളിച്ചത്തിൽ നിറയൊഴിക്കാൻ സാധ്യമായത് ഈ വിദ്വേഷ പ്രചരണങ്ങളുടെ പശ്ചാത്തലത്തിൽ കൂടി വേണം മനസിലാക്കാൻ.

ഷർജീൽ ഇമാമിന് ശേഷം ജെ.എൻ.യുവിലെ മുസ്‌ലിം വിദ്യാർഥിനി നേതാവായ അഫ്രീൻ ഫാത്തിമയെ ചാപ്പകുത്താനുള്ള തിരക്കിലാണിപ്പോൾ ഉത്തരേന്ത്യൻ മാധ്യമങ്ങൾ. ബാപ്‌സ-ഫ്രറ്റേണിറ്റി സഖ്യത്തിന്റെ ഭാഗമായി ജെ.എൻ.യു വിദ്യാർഥി യൂണിയനിലേക്ക് വിജയിച്ച ഈ അലഹാബാദുകാരിയുടെ പ്രസംഗങ്ങൾ വളച്ചൊടിച്ചും ട്വീറ്റുകൾ വക്രീകരിച്ചും മാധ്യമങ്ങളും സംഘ്പരിവാർ അനുകൂല സാമൂഹികമാധ്യമ കേന്ദ്രങ്ങളും കടുത്ത പ്രചാരണമാണ് അഴിച്ചുവിടുന്നത്. സംബിത് പാത്ര എന്ന ബി.ജെ.പി വക്താവ് അഫ്രീൻ ഫാത്തിമയെ അപകീർത്തിപ്പെടുത്തി ട്വീറ്റ് ചെയ്ത വീഡിയോ ആരംഭിക്കുന്നത് ഇങ്ങനെയാണ് ‘ഷർജീൽ ഇമാമിന് ശേഷം നിങ്ങൾ കേൾക്കേണ്ടത് ഈ പെൺകുട്ടിയുടെ സംസാരമാണ്’. ഈ വാചകങ്ങൾ സംഘ്പരിവാറിന്റെ ആസൂത്രിത വിദ്യാർഥി വേട്ടയെ സ്ഥിരീകരിക്കുന്നുണ്ട്. അപവാദപ്രചാരണ തന്ത്രം പൗരത്വ നിഷേധത്തിനെതിരായ സമരം ആരംഭിച്ചതുമുതൽ വിദ്യാർഥി നേതാക്കൾ അഭിമുഖീകരിക്കുന്നുണ്ട്. ജാമിഅ മില്ലിയ സർവകലാശാലയിലെ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ആയിശ റെന്ന, ലദീദ ഫർസാന എന്നിവർക്കെതിരെ സമരത്തിന്റെ ആരംഭത്തിൽ ഇത്തരത്തിൽ പഴയ ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും കുത്തിപ്പൊക്കി വിദ്വേഷ പ്രചരണം ശക്തമായിരുന്നു. ഇരുവരുടെയും ഭർത്താക്കന്മാരുടെ ചരിത്രവും വർത്തമാനവും വരെ അരിച്ചു പെറുക്കി വളച്ചൊടിക്കാൻ സംഘ്പരിവാർ ഐ.ടി സെൽ അത്യധ്വാനം ചെയ്തു. ഇപ്പോഴും ഹിന്ദിയിലും മറ്റുമായി ഇത്തരം കഥകൾ പ്രചരിക്കപ്പെടുന്നുണ്ട്. അത്തരത്തിലൊരു ആർ.എസ്.എസ് കഥ മലയാളത്തിലും തർജമ ചെയ്ത് പ്രചരിപ്പിക്കാൻ ആളുകളുണ്ടായി. സമരത്തിന്റെ ഐക്കണുകളായി ഉയർന്ന പെൺകുട്ടികളെ ആസൂത്രിതമായി ഫ്രെയിം ചെയ്‌തെടുക്കുകയായിരുന്നു എന്നായിരുന്നു ആ കഥ. രാഷ്ട്രീയ വിയോജിപ്പിന്റെ പേരിൽ ഇടതുപക്ഷ രാഷ്ട്രീയം പറയുന്ന പലരുമാണ് അത് പ്രചരിപ്പിച്ചത്.

അഫ്രീൻ ഫാത്തിമ

വിദ്വേഷ പ്രചരണത്തിന് ഷർജീൽ ഇമാം എപ്പിസോഡോടെ പുതിയ തലം കൈവന്നിരിക്കയാണ്. മാധ്യമ വിചാരണകൾക്ക് പിന്നാലെ കേസും അറസ്റ്റും സൃഷ്ടിക്കാൻ സാധ്യമാകുമെന്നത് സംഘ്‌പരിവാർ ഭരണകൂടത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഭീകരതക്കെതിരായ യുദ്ധം നയിച്ച സാമ്രാജ്യത്വത്തിന്റെ പ്രയോഗിക ബുദ്ധി കടമെടുത്ത് വിദ്യാർഥികൾക്കെതിരെ യുദ്ധം നയിക്കുകയാണ് നമ്മുടെ ഭരണകൂടം ചെയ്യുന്നത്. ഇതിലൂടെ പൗരത്വ പ്രക്ഷോഭത്തിന്റെ തുടക്കക്കാരും സംഘ്പരിവാർ ഭരണകൂടത്തിന്റെ വംശീയ രാഷ്ട്രീയത്തോട് തുടക്കം മുതൽ വിയോജിപ്പിന്റെ ശബ്ദമുയർത്തിയവരുമായ വിദ്യാർഥി പ്രതിപക്ഷത്തെ നിലംപരിശാക്കാമെന്നവർ കണക്കുകൂട്ടുന്നു. പരമ്പരാഗത കാമ്പസ് രാഷ്ട്രീയത്തിന്റെ പുറത്ത് രൂപപ്പെട്ട മുസ്‌ലിം, ദലിത്, ബഹുജൻ പശ്ചാത്തലമുള്ള വിദ്യാർഥി കൂട്ടായ്മകൾക്ക് ഭരണപരമായ സ്വാധീനം കുറവാണെന്നത് ഈ ശ്രമങ്ങളെ ഉത്തേജിപ്പിക്കുന്നു. പൗരത്വ നിഷേധത്തിനെതിരെ തെരുവിലിറങ്ങിയ മുഴുവൻ മനുഷ്യരുടെയും പിന്തുണയും ഐക്യദാർഢ്യവും വേട്ടയാടപ്പെടുന്ന വിദ്യാർഥികൾ അർഹിക്കുന്നുണ്ട്. മസ്തിഷ്‌കത്തിൽ ഏറിയോ കുറഞ്ഞതോ ആയ അളവിൽ വംശീയതയും മടിയിൽ കനവുമുള്ള മുഖ്യാധാരാ രാഷ്ട്രീയം മൗനം പൂണ്ടപ്പോൾ ഭരണഘടനയുടെ അന്തസത്ത നിഗ്രഹിക്കുന്നതും വംശഹത്യ പദ്ധതിയുടെ ഭാഗമായതുമായ ഒരു നിയമത്തിനെതിരെ പ്രക്ഷോഭത്തിന് രക്തവും വിയർപ്പും ചിന്തിയവരാണിവർ. അതിനാൽ രോഹിത് വെമുലയും നജീബ് അഹമ്മദും ജീവൻ നൽകിയ വിദ്യാർഥി രാഷ്ട്രീയത്തിന്റെ പുതുഭാവനകൾക്ക് സംരക്ഷണമൊരുക്കാൻ സിവിൽ സമൂഹത്തിന്റെ ജാഗ്രത അനിവാര്യമാണ്. അതായിരിക്കും നാളേക്ക് നമുക്ക് കരുതിവെക്കാവുന്ന സമരത്തിന്റെ ഏറ്റവും മികച്ച ബാക്കിപത്രം.

സാലിഹ് കോട്ടപ്പള്ളി