Campus Alive

പൗരത്വ പട്ടിക തകർത്ത ആസാമിലെ ഹജ്ജ് സ്വപ്നങ്ങൾ

“20 വർഷമായി എന്റെ ഉള്ളിലെ ഏറ്റവും വലിയ ആഗ്രഹം ഹജ്ജ് നിർവഹിക്കാനാണ്. എന്റെ ആ സ്വപ്നം അല്ലാഹു എങ്ങനെയെങ്കിലും പൂർത്തീകരിച്ചു തരുമെന്ന് ഞാൻ കരുതുന്നു.” സകീന ഖാത്തൂൻ പറയുന്നു.

വാർഷിക തീർത്ഥാടനമായ ഹജ്ജ് നിർവഹിക്കാൻ തങ്ങളുടെ ഏരിയയിൽ ഉള്ള ഒട്ടനവധി പേർക്കും കഴിഞ്ഞിട്ടില്ല. എങ്കിലും അതിനെ കുറിച് കേട്ടപ്പോൾ മുതൽ പുണ്യഭൂമി ഒരിക്കലെങ്കിലും സന്ദർശിക്കാൻ ഹൃദയം കൊണ്ട് ആഗ്രഹിച്ചുവെന്നും സകീന വിശദീകരിക്കുന്നു. ഇസ്ലാമിലെ അഞ്ച് അടിസ്ഥാന ശിലകളിൽ ഒന്നായ ഹജ്ജ്,  സൗദിഅറേബ്യയിൽ ഉള്ള മക്ക, മദീന എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടനമാണ്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഇന്ത്യയിലെ സംസ്ഥാനമായ ആസ്സാമിൽ നടപ്പിലാക്കിയ പൗരത്വ പട്ടികയിൽ(എൻ.ആർ.സി) ഇടം ലഭിക്കാത്തതിനാൽ തന്റെ ഹജ്ജ് അപേക്ഷ പ്രക്രിയ താളം തെറ്റിയിരിക്കുകയാണെന്ന് അവർ പറയുന്നു.

അസമിൽ പ്രവേശിച്ചു സ്ഥിരതാമസം ആക്കിയ ഇന്ത്യയിലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാൻ രാജ്യത്തെ പൗരത്വം പരിശോധിക്കുന്നതിനുള്ള ഏറ്റവും വലിയ മുന്നേറ്റം എന്ന അർത്ഥത്തിൽ എൻ.ആർ.സി വലിയ തോതിൽ പ്രശംസിക്കപ്പെട്ടിരുന്നു. മൊത്തം 3.29 കോടി അപേക്ഷകരിൽ എൻ.ആർ.സിക്ക് അപേക്ഷിച്ചവരിൽ 3.11 കോടി മാത്രമാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. ഇതിനർത്ഥം, 1906657  ആളുകൾ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ കഴിയാത്തവരെ ഒഴികെ, പലപ്പോഴായി, മനുഷ്വത്വരഹിതമായ ജീവിതസാഹചര്യങ്ങളാൽ കുപ്രസിദ്ധിയാർന്ന  ഡിറ്റെൻഷൻ ക്യാമ്പ് എന്ന വിധിയെ അഭിമുഖീകരിക്കേണ്ടി വരുന്നു.

തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്നും  120km  അകലെയുള്ള ദരങ് ജില്ലയിലെ ഒരു ഗ്രാമത്തിലെ താമസക്കാരിയായ സക്കീന ഖാത്തൂനും ഭർത്താവ് മിറാജ് അലിക്കും തീർത്ഥാടന യാത്രക്കാവശ്യമായ പണം സമ്പാദിക്കാൻ പരിമിതമായ മാർഗ്ഗങ്ങളാണുള്ളത്. പ്രധാന ഉപജീവനമാർഗമായി  കാർഷികമേഖലയെ ആശ്രയിക്കുന്ന സംസ്ഥാനത്ത് കർഷകദമ്പതികളെ സംബന്ധിച് ഹജ്ജ് പോലുള്ള വലിയ സ്വപ്‌നങ്ങൾ അർത്ഥമാക്കുന്നത്, യാത്രക്കുള്ള പണം സ്വരൂക്കൂട്ടാൻ  വേണ്ടി  അവരുടെ ദൈനംദിന ചെലവുകൾ ദീർഘകാലാടിസ്ഥാനത്തിൽ വെട്ടിക്കുറക്കുക  എന്നതാണ്. ജോയിന്റ് സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ( അസം, അരുണാചൽ പ്രദേശ്, മേഘാലയ, നാഗാലാന്റ്, മിസോറാം സിക്കിം ഉൾപ്പെടുന്ന ) പ്രകാരം ഓരോ തീർഥാടകർക്കും ഹജ്ജ് നിർവഹിക്കുന്നതിന് 3.20 ലക്ഷം ഇന്ത്യൻ രൂപ ചിലവ് വരും. നിരവധി വർഷങ്ങളായി സ്വരുക്കൂട്ടി വെച്ചതിന് ശേഷം 6 ലക്ഷത്തോളം രൂപ സമാഹരിക്കാൻ മിറാജ് അലിക്ക് കഴിഞ്ഞു. “അവൾക്ക് എന്നോടൊപ്പം പോകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഒറ്റക്ക് പോകാൻ എനിക്ക് ബുദ്ധിമുട്ടാകുമെന്ന് ഞാൻ ഭയപ്പെടുന്നു”. സകീനയുടെ അപേക്ഷ സംസ്ഥാന പോലീസിന്റെ അതിർത്തി ബ്രാഞ്ചിൽ നിന്ന് ക്ലിയർ ആകുമെന്ന പ്രതീക്ഷയിൽ  മിറാജ് പറയുന്നു.

ഹജ്ജ് നിർവഹിക്കണമെന്ന ആഗ്രഹത്തോടുകൂടി ദമ്പതികൾ തത്ക്കാൽ പാസ്‌പോർട്ടിനു അപേക്ഷിക്കുകയും ഓൺലൈൻ ഹജ്ജ് അപ്ലിക്കേഷൻ സമർപ്പിക്കുകയും ചെയ്തു. പോലീസ് പരിശോധനക്കായുള്ള അപേക്ഷ ആസാം അതിർത്തി ബ്രാഞ്ചിന് സമർപ്പിക്കുകയും ശേഷം മിറാജിന്റെ അപേക്ഷക്ക് വ്യക്തമായ ക്ലിയറൻസ് ലഭിക്കുകയും അതേസമയം NRC യിൽ പേര് ഉൾപെടാത്തതിനാൽ സക്കീനയുടെ അപേക്ഷ  നിരസിക്കപ്പെടുകയും ചെയ്തു.

പൗരത്വത്തിന്റെയും പൗരത്വമില്ലായ്മയുടെയും വൈരുദ്ധ്യങ്ങൾ

“ഞാൻ സാക്ഷരനല്ലാത്തതിനാൽ, എന്റെ പിതാവുമായിട്ടുള്ള വംശപരമ്പര സ്ഥാപിക്കാൻ എനിക്കൊരു സ്കൂൾ സർട്ടിഫിക്കറ്റ് ഇല്ല” സക്കീന പറയുന്നു. അവരുടെ രേഖകൾ അനുസരിച്ച് ഗൊഡൈജാർ ഗ്രാമത്തിൽ 1975ൽ അവർ  ജനിച്ചു. 1966ലെ വോട്ടർ ലിസ്റ്റിൽ ഉള്ള അവളുടെ പിതാവുൾപ്പടെ കുടുംബത്തിലെ ഭൂരിഭാഗം ആളുകളും NRC പട്ടികയിൽ ഇടം നേടി. അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് 120 ദിവസത്തിനകം ഫോറിൻ ട്രിബ്യൂണലിന് മുന്നിൽ അപ്പീൽ നൽകാം എന്ന് സംസ്ഥാനത്തെ NRC യുടെ ഏകോപന സമിതി ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും,  സഹോദരങ്ങളിൽ ഒരാളെ ഒഴിവാക്കി മറ്റുള്ളവരെ ഉൾപ്പെടുത്തുന്ന അല്ലെങ്കിൽ പിതാവിനെ ഉൾപ്പെടുത്തി മക്കളെ പുറത്താക്കുന്ന തരത്തിലുള്ള  വിചിത്രമായ നിരവധി കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

തന്റെ പേരിൽ ഒരു ഭൂരേഖ ഉള്ളതിനാൽ പൗരത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടി പഞ്ചായത്ത് സർട്ടിഫിക്കേറ്റ് സമർപ്പിച്ചിട്ടുണ്ടെന്ന് സക്കീന പറയുന്നു. NRC യിൽ ഉൾപെടുന്നതിന് അസമിലെ നിവാസികൾ 1971, മാർച്ച് 24(വലിയ തോതിൽ ഉള്ള അക്രമത്തെ തുടർന്ന് ആസാം കരാറിൽ അസമിലെ പ്രക്ഷോഭ ഗ്രൂപ്പുകളും ഇന്ത്യൻ സർക്കാരും അംഗീകരിച്ച തീയതി) അർധരാത്രിക്ക് മുൻപ് സംസ്ഥാനത്ത് താമസിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. കട്ട് ഓഫ് ഡേറ്റിന് ശേഷം ജനിച്ച ഒരാൾക്ക്, രക്ഷാകർതൃ ബന്ധം സ്ഥാപിക്കുന്നതിന് NRC പ്രക്രിയ 8 രേഖകൾ ആണ് ചിട്ടപെടുത്തിയിട്ടുള്ളത്. ജനന സർട്ടിഫിക്കേറ്റ്, ഭൂരേഖ, ബോർഡ്‌/യൂണിവേഴ്സിറ്റി ഡോക്യുമെന്റ്, ബാങ്ക്/LIC/പോസ്റ്റ്‌ ഓഫീസ് റെക്കോർഡ്, കല്യാണം കഴിഞ്ഞ സ്ത്രീയാണെങ്കിൽ സർക്കിൾ ഓഫീസർ/ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ്, ഇലക്ടറൽ റോൾ/റേഷൻ കാർഡ്, ഏതെങ്കിലും നിയമസ്വീകാര്യതയുള്ള ഡോക്യുമെന്റ് എന്നിവയാണ് ആ 8 രേഖകൾ. എന്നിരുന്നാലും  NRCയിൽ ഉൾപ്പെടുത്തുന്നതിന് പഞ്ചായത്ത് സർട്ടിഫിക്കറ്റുകൾ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ അനുവദിച്ചൽ,  ഗ്രാമപഞ്ചായത് സെക്രട്ടറി സർട്ടിഫിക്കറ്റുകളുടെ സാധുത സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു.

സക്കീനയുടെ കേസിൽ, രേഖാപരമായ തെളിവുകൾ എല്ലാം സമർപ്പിച്ചിട്ടും  അവരുടെ പൗരത്വം സംശയാസ്പദമായി തന്നെ നിലനിന്നു. മടുപ്പിക്കുന്ന NRC അപ്ഡേറ്റ് പ്രാക്ടീസ് പിന്തുടർന്നപ്പോൾ പലർക്കും അവരുടെ അപേക്ഷ നിരസിക്കപ്പെട്ടത് എന്ത്കൊണ്ടെന്നതിനെ കുറിച്ച് അറിവില്ല. ഒരു വ്യക്തിയുടെ പേര് NRCയിൽ ഉൾപെടാത്തതിന്റെ കാര്യകാരണങ്ങൾ ഉള്ളടങ്ങുന്ന നിരസിക്കൽ സർട്ടിഫിക്കേറ്റുകൾ ഇത് വരെ NRC ഉദ്യോഗസ്ഥർ വിതരണം ചെയ്ത് തുടങ്ങിയിട്ടില്ല.

വൈരുധ്യനിലപാടുകൾ

വിക്കി സർക്കാർ എന്ന ദറാങ് ജില്ലയിലെ ഒരു നിവാസി (പേര് മാറ്റമുണ്ട്)ഉംറ നിർവഹിക്കാൻ ആഗ്രഹിച്ചു(ഹജ്ജ് എന്നത് ഇസ്ലാമിക കലണ്ടറിലെ അവസാനമാസത്തിലെ അനുഷ്ഠാനവും ഉംറ എന്നത് ഒരു വർഷത്തിൽ ഏത് സമയത്തും നിർവഹിക്കാവുന്നതുമായ  അനുഷ്ഠാനവുമാണ്). ഉംറ നിർവഹിക്കാനുള്ള ഉദ്ദേശത്തോട് കൂടി വിക്കി പാസ്പോർട്ടിനുള്ള അപേക്ഷ സമർപ്പിച്ചു. പക്ഷെ മറ്റൊരുപാട് പേരെ പോലെ തന്നെ NRC യിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ അയാളുടെ അപേക്ഷയുടെ കാര്യം തീർപ്പായില്ല. “ഏകദേശം എന്റെ എല്ലാ കുടുംബക്കാരും NRC പട്ടികയിൽ ഉണ്ട്. പക്ഷെ എങ്ങനെയോ എന്റെ പേര് മാത്രം NRC പട്ടികയിൽ ചേർക്കപ്പെട്ടില്ല” വിക്കി പറയുന്നു. ഗ്രാമത്തിൽ ജീവിക്കുന്ന ഏറ്റവും പഴയ കുടുംബമാണ് തന്റേത് എന്നും എന്റെ പേര് എന്ത് കൊണ്ട് ഒഴിവായി എന്ന് മനസ്സിലാക്കുന്നതിൽ ഞാൻ പരാജിതനാണ് എന്നും വിക്കി പറയുന്നു. പോലീസ് സ്ഥിരീകരണ റിപ്പോർട്ട്‌ അയക്കാത്തതിനാൽ അദ്ദേഹം ഇപ്പോഴും തന്റെ  പാസ്പോർട് പ്രതീക്ഷിച്ചു നിൽക്കുകയാണ്.

ഇന്ത്യയിൽ പാസ്‌പോർട്ട് ലഭിക്കുന്നതിന് രണ്ട് രീതികൾ ഉണ്ട് തത്കാൽ അപേക്ഷയും ജനറൽ അപേക്ഷയും. ജനറലിൽ ലോക്കൽ പോലിസ് സ്റ്റേഷൻ അതിന്റെ സ്ഥിരീകരണ റിപ്പോർട്ട്‌ പോലീസ് സൂപ്രണ്ട് (SP )ഓഫീസിലേക്ക് അയക്കുകയും  തത്കാലിൽ പാസ്പോർട് സാധുതയുള്ളതാക്കാൻ പോലീസ് പരിശോധന റിപ്പോർട്ട്‌ പിന്നീട് ആവശ്യമാവുകയും ചെയ്യുന്നു. കുറച്ചു കാലയളവിന് ശേഷം, അസമിലെ നടപടി ക്രമങ്ങൾ അനുസരിച്ച്,  വ്യക്തിയുടെ രേഖകൾ വ്യക്തിപരമായി പരിശോധിച്ച ശേഷം അതിർത്തി ബ്രാഞ്ചിലെ പോലീസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (DSP)  ബന്ധപ്പെട്ട പാസ്പോർട് ഇഷ്യൂ ചെയ്യുന്ന ഓഫീസിലേക്ക് “വ്യക്തമായ പരിശോധന റിപ്പോർട്ട്‌” അയക്കുന്നു. സകീന ഖാത്തൂണിന്റെയും വിക്കിയുടെയും ദുരവസ്ഥയിൽ കണ്ട പോലെ, NRC പ്രസിദ്ധീകരിച്ചതിനു ശേഷം പാസ്പോർട് നേടുന്നത് കൂടുതൽ കഠിനമായ ജോലിയായി മാറി.

ഈ ഗ്രാമത്തിൽ നിന്ന് അത്രകണ്ട് അകലെയല്ലാത്ത അതേ ജില്ലയിലെ 35കാരിയായ സമീറാൻ (പേര് മാറ്റമുണ്ട്)പാസ്പോർട് ലഭിക്കുമെന്ന പ്രതീക്ഷയിൽ ആയിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ പാസ്‌പോർട്ടിനായി അപേക്ഷിച്ചിരുന്ന അവർ രേഖകൾ ഹാജരാക്കി പോലീസ് പരിശോധനയ്ക്കായി പോയിരുന്നു. പോലീസ് പരിശോധന ആരംഭിച്ചതായും വ്യക്തമായ പോലീസ് സ്ഥിരീകരണ റിപ്പോർട്ട്‌ ലഭിച്ചതിന് ശേഷം   ദറാങ്ങിലെ  എ.സ്.പി ഓഫീസിലേക്ക് അപേക്ഷ പോയതായും അവളോട് പറഞ്ഞിരുന്നു. അവരുടെ പാസ്പോർടിനെ സംബന്ധിച് ഇപ്പോൾ പറയുന്നത് ഇങ്ങനെയാണ്; “പാസ്പോർട് അയച്ചു കഴിഞ്ഞാൽ അപേക്ഷകന് ഒരു SMS/E MAIL ലഭിക്കും”. സാധാരണഗതിയിൽ ഇന്ത്യയിൽ 30 ദിവസത്തിനുള്ളിൽ പാസ്പോർട് ലഭിക്കും. പക്ഷെ അവളുടെ പേര് NRC യിൽ ഉൾപെടുത്തിയിട്ടുണ്ടോ എന്ന് അധികൃതർ ചോദിച്ചപ്പോൾ അവളുടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. കാരണം ആ പേര് ഒഴിവാക്കപ്പെട്ട ലക്ഷങ്ങളുടെ കൂട്ടത്തിൽ ഒന്നായിരുന്നു.

സ്ഥിരീകരണ റിപ്പോർട്ട്‌ തടഞ്ഞു വെച്ചതിൽ, ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു: NRC പട്ടികയിൽ ഉൾപ്പെടാത്ത ആളുകളെല്ലാം പൗരത്വത്തിൽ സംശയാസ്പദരാണ്. അവർക്ക് സ്ഥിരീകരണ റിപ്പോർട്ട്‌ കൊടുക്കാൻ ഞങ്ങൾക്കാവില്ല. അത്കൊണ്ട് തന്നെ അവരുടെ അപേക്ഷകൾ എല്ലാം “നിരസിച്ചത്” ആയിട്ടാണ് അടയാളപ്പെടുത്തുക. ഇതൊക്കെ താൽകാലികമായിട്ടുള്ള നടപടികൾ ആണെന്നും ഗവൺമെന്റ് എന്തെങ്കിലും നോട്ടിഫിക്കേഷൻ (പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട്) പുറത്തിറക്കുകയാണെങ്കിൽ അതനുസരിച്ചായിരിക്കും കാര്യങ്ങൾ ചെയ്യുക എന്നും പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. എന്നിരുന്നാലും പോലീസ് പരിശോധനയുടെ  ഈ “നിരസിക്കൽ” സംസ്ഥാന പോലീസ് കേന്ദ്രസർക്കാരിന്റെ നിലപാടിൽ നിന്ന് വ്യത്യസ്തമായിക്കൊണ്ട് ഇന്ത്യൻ സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തിന്(MEA ) തികച്ചും വിരുദ്ധമാണ്.

നിലവിൽ, NRC ലിസ്റ്റിൽ ഉൾപ്പെടാത്ത ആളുകൾക്ക് പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട്‌ നൽകുകയില്ല എന്നറിയുന്നത് കൊണ്ട് തന്നെ ഹജ്ജും ഉംറയും നിർവഹിക്കാൻ ആഗ്രഹിക്കുന്ന നിരവധി ആളുകൾ പാസ്‌പോർട്ടിന് അപേക്ഷ പോലും നൽകുന്നില്ല. NRC യുടെ അന്തിമകരടിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ ഗതിയെ കുറിച്ചുള്ള ആശയക്കുഴപ്പത്തെ തുടർന്ന്, “നിയമപ്രകാരം ലഭ്യമായ എല്ലാ പരിഹാരങ്ങളും തീർന്നുപോകുന്നത് വരെ, അന്തിമപട്ടികയിൽ ഇല്ലാത്തവരെ തടങ്കലിൽ വെക്കുകയില്ലെന്നും മുമ്പത്തെ പോലെ തന്നെ എല്ലാ അവകാശങ്ങളും ആസ്വദിക്കുന്നത് തുടരും എന്നും NRC യിൽ നിന്ന് ഒഴിവാക്കുന്നത്, അസമിൽ താമസിക്കുന്ന ഒരു വ്യക്തിയുടെ അവകാശത്തെ ബാധിക്കില്ല” എന്ന ഒരു പ്രസ്താവന MEA  ഇറക്കി.

ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്, അതിന്റെ നിയമപരമായ അർത്ഥത്തിൽ ഒരു പൗരന്റെ അവകാശങ്ങൾ നഷ്ടമാവുന്നതിന് കാരണമാവുകയില്ലെന്നും  ഒരിക്കലും ആ വ്യക്തിയെ രാഷ്ട്രമില്ലാത്തവനോ അല്ലെങ്കിൽ വിദേശിയോ ആക്കുകയില്ലെന്നും ആ പ്രസ്താവന അവകാശപ്പെടുന്നു. പാസ്പോർടിനായുള്ള പോലീസിന്റെ പരിശോധനാ റിപോർട് തടഞ്ഞുവെക്കാനുള്ള ഔദ്യോഗിക ഉത്തരവ് ഇല്ലാതെ പോലീസിന് അപേക്ഷകൾ നിരസിക്കാൻ കഴിയില്ല എന്നിരിക്കെ ഇതൊക്കെ നടക്കുമ്പോൾ MEA ഇറക്കിയ ഈ പ്രസ്താവനയ്ക്കും ഉറപ്പിനും വലിയ സ്വാധീനമൊന്നുമില്ലെന്നാണ് കാണിക്കുന്നത്.

“എൻ‌.ആർ‌.സിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ആളുകൾക്ക് പാസ്‌പോർട്ട് നിഷേധിക്കുന്നത് ഈ സർക്കാരിന്റെ  കാപട്യത്തെ തുറന്നുകാട്ടുന്നു”, എന്ന് ഗുവാഹത്തി ആസ്ഥാനമായുള്ള മനുഷ്യാവകാശ അഭിഭാഷകൻ അമാൻ വദൂദ് പറയുന്നു. നിലവിലെ സർക്കാർ എൻ‌.ആർ‌.സിയെ സ്വന്തം പൗരന്മാരെ ഉപദ്രവിക്കാൻ ഉപയോഗിക്കുന്നുവെന്നും എൻ‌.ആർ‌.സിയിൽ ഉൾപ്പെടാൻ കഴിയാത്ത ജനങ്ങൾക്കെതിരായ സർക്കാരിന്റെയും സംസ്ഥാന പോലീസിന്റെയും നടപടി “മൗലികാവകാശങ്ങളുടെ കടുത്ത ലംഘനം” ആണെന്നും അദ്ദേഹം അപലപിച്ചു.

 

കടപ്പാട്: Two Circles.net

വിവർത്തനം: ലദീദ ഫർസാന

മാഹിബുൽ.എച്ച്