Campus Alive

CAA/NRC/NPR: അന്താരാഷ്ട്ര മനുഷ്യാവകാശത്തിന്റെ ലംഘനം

(ജനീവയിലെ യു എൻ ആസ്ഥാനത്തിന് മുൻപിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട ആയിഷ റെന്ന, ലദീദ ഫർസാന, ഷഹീൻ അബ്ദുല്ല എന്നിവരുടെ പ്രസ്താവനകൾ)

ആയിഷ റെന്ന

ഡിസംബറിൽ ഇന്ത്യൻ ഭരണകൂടം നടപ്പിൽ വരുത്തിയ പൗരത്വഭേദഗതി നിയമം വംശീയവും വിവേചനപരവും ഇന്ത്യൻ മുസ്ലിംകളെ ഉന്നം വെക്കുന്നതുമാണ്. ഹിറ്റ്ലറെയും മുസ്സോളനിയെയും വണങ്ങുന്ന ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും പ്രതീക്ഷിക്കാവുന്ന, വംശീയതക്കെതിരെയുള്ള എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്നതാണ് ഈ നിയമം. തന്നെയുമല്ല കൃത്യമായ വംശഹത്യക്കായുള്ള ചുവടുവെപ്പായും ഇതിനെ കാണുവാൻ കഴിയും. ജനാഭിമുഖ്യമില്ലാത്ത ഈ നടപടിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സർവ്വകലാശാലാ വിദ്യാർത്ഥികളും വിത്യസ്ത ഭാഷാ-വിശ്വാസ പശ്ചാത്തലത്തിൽ നിന്നുള്ള ബഹുജനങ്ങളും നയിക്കുന്ന  പ്രതിഷേധങ്ങളെയാണ് അഭിമൂഖീകരിക്കേണ്ടിവന്നത്.

ഹിറ്റ്ലറിന്റെ പാത പിന്തുടരുന്ന വലതുപക്ഷ സംഘടനയായ RSSന്റെ അനുയായികളും പോലീസും അഴിചുവിട്ട ഭരണകൂടത്തിന്റെ ആസൂത്രിത ഹിംസയെ ഈ സമരങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നിരവധി സമരപോരാളികൾ കൊല്ലപ്പെട്ടു, പല വിദ്യാർത്ഥികൾക്കും ജീവൻ നഷ്ടപ്പെട്ടു, സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടു, മുസ്ലിംകളായ ആൺകുട്ടികളെ യൂണിഫോമിലുള്ള പുരുഷന്മാർ പീഡിപ്പിച്ച സംഭവം വരെ ഉണ്ടായി. ആശ്ചര്യജനകമെന്ന് പറയട്ടെ പീഢകർ ശിക്ഷിക്കപെടാതെ വീണ്ടും നാശമുണ്ടാക്കികൊണ്ട് തുടരുകയാണ്. എനിക്ക് നിങ്ങളോട് പറയാനുള്ളതെന്തെന്നാൽ നമ്മുടെ ആവശ്യങ്ങൾ ലക്ഷ്യം കാണുംവരേക്കും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് വരേക്കും ഈ പ്രയാണം തുടർന്ന് കൊണ്ടേയിരിക്കും. ഇന്ത്യൻ ഭരണകൂടത്തിനു മേൽ സാധ്യമാവുന്ന തരത്തിലെല്ലാം സമ്മർദ്ദം ചെലുത്തണമെന്ന് ഞങ്ങൾ ഈ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നീതിക്കും സമാധാനത്തിനുമായുള്ള ഈ പോരാട്ടത്തിൽ നിങ്ങളും സഹപോരാളികളാവുന്നു.

ലദീദ ഫർസാന

ലോകത്തിലെ തന്നെ ഏറ്റവും വലിയ ന്യൂനപക്ഷമായ ഇന്ത്യൻ മുസ്ലിംകളെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ നീക്കമാണ് ഇന്ത്യൻ ഗവൺമെന്റ് അവതരിപ്പിച്ച NRC, CAA, NPR എന്നിവ.  ബി.ജെ.പി എന്ന ഹിന്ദു ദേശീയ പാർട്ടിയുടെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ചു കൊണ്ടാണ് ഇന്ത്യൻ ഭരണകൂടം പ്രസ്തുത നിയമം പാസ്സാക്കിയിരിക്കുന്നത്. പൗരത്വം അനുവദിച്ചുനൽകുന്നതിൽ അതാത് ദേശരാഷ്ട്രങ്ങൾക്കാണ് കുത്തകയുണ്ടാവുക എന്നത് സംശയമില്ലാത്ത കാര്യമാണ്. അന്തർദേശീയ നിയമത്തിനു കീഴിൽ വരുന്ന ഈ വകുപ്പിനെ ഇന്ത്യൻഭരണകൂടം ഇന്ത്യയിലെ മുസ്ലിംകളുടെ പൗരത്വാവകാശത്തെ റദ്ദ് ചെയ്യുന്നതിന് വേണ്ടി ഉപയോഗിച്ചു എന്നിടത്താണ് പ്രശ്നം. ആഗോള സമൂഹം ഇന്ത്യൻ സ്റ്റേറ്റിനു നൽകിയ ഈ അധികാരത്തെ ദുർബലരായ ഇന്ത്യൻ മുസ്ലിംകളെ ഇല്ലായ്മ ചെയ്യുവാൻ വേണ്ടി ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നത്.

ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെയും ദേശീയതാ ഭരണകൂടത്തിന്റെയും പുറന്തള്ളൽ പ്രക്രിയ ആയ ഈ നിയമം ദേശരാഷ്ട്രത്തിന്റെ അവകാശങ്ങൾക്ക് അർഹൻ എന്ന നിലയിൽ നിന്ന് മുസ്ലിംകളെ ഉന്മൂലനം ചെയ്യുവാനുമുള്ള ദീർഘകാല അജണ്ടയുടെ ഭാഗമായും നമുക്ക് കാണുവാൻ കഴിയും. ആഗോള മനുഷ്യാവകാശത്തെയും ന്യൂനപക്ഷാവകാശത്തെയും  ഹനിക്കുന്നതാണ് ഇന്ത്യൻ ഗവൺമെന്റിന്റെ ഈ നീക്കം. ഇന്ത്യയിൽ അങ്ങോളമിങ്ങോളം നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളെ ശ്രവിക്കുന്നതോടൊപ്പം തന്നെ ഇന്ത്യൻ ഭരണകൂടം അന്താരാഷ്ട്രസമുദായത്തിന്റെ മനുഷ്യാവകാശത്തെ കുറിച്ചും ന്യൂനപക്ഷാവകാശത്തെ കുറിച്ചുമുള്ള വിഭാവനകൾ  പാലിക്കുന്നു എന്നുറപ്പ് വരുത്തുകയുമാണ് ആഗോള സമൂഹം എന്ന നിലയിൽ നാം ഇനി ചെയ്യേണ്ടത്. ഇന്ത്യയിലെ ഭരണഘടനാ ജനാധിപത്യത്തെയും ലിബറൽ പൗരത്വത്തെയും സംബന്ധിച്ചിടത്തോളം നിലവിൽ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന സ്ഥിതിഗതികൾ മുന്നനുഭവമില്ലാത്തതാണ്. ഇതിനെ ഒരു അസാധാരണ സന്ദർഭമായി നാം കാണേണ്ടതുണ്ട്. ഇന്ത്യയിലെ നിലവിലെ  അവസ്ഥകളെ നിരീക്ഷിക്കുവാനും സാഹചര്യത്തിനനുസരിച്ച് ഇടപെടുവാനും എല്ലാ അന്താരാഷ്ട്ര പ്ലാറ്റ്ഫേമുകളോടും, സമൂഹങ്ങളോടും, ആക്ടിവിസ്റ്റുകളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്.

ശഹീൻ അബ്ദുല്ല

സ്വേഛാധിപത്യ പ്രവർത്തനങ്ങൾക്കെതിരെയും അധികാരത്തിന്റെ ഇടനാഴികയിൽ വിഹരിക്കുന്ന ഫാഷിസ്റ്റുകളായ സ്വേഛാധിപതികൾക്കെതിരെയും പ്രതിഷേധ രംഗത്തുള്ള എല്ലാവർക്കും എന്റെ പിന്തുണയും അഭിവാദനങ്ങളും. ഈ കൊടിയ ശൈത്യത്തിലും ഇന്ത്യയിൽ ജ്വലിചുകൊണ്ടിരിക്കുന്ന സമരങ്ങളുടെ വിത്യസ്ത ഭാവങ്ങളെ കുറിച്ച് മറ്റ് പലരും ഇവിടെ സംസാരിക്കുമെന്ന് ആഗ്രഹിക്കുന്നു.  CAA വിരുദ്ധ പ്രക്ഷോഭങ്ങളിൽ പോരാടിക്കൊണ്ടിരിക്കുന്ന മുസ്ലിം വിദ്യാർഥികളെ പ്രതിനിധീകരിച്ച് സംസാരിക്കുവാൻ അവസരം നൽകിയതിനും അങ്ങനെ സംസാരിക്കുവാനുള്ള എന്റെ ഉത്തരവാദിത്വത്തെ മനസ്സിലാക്കിയതിനും നിങ്ങളോട് നന്ദി പറയുകയാണ്.

 

ഇന്ത്യൻ മുസ്ലിംകൾക്ക് അഭിമാന ക്ഷതമുണ്ടാക്കിയതും നീതി നിഷേധിക്കപ്പെട്ടതുമായ ബാബരി വിധി  വന്ന ദിവസം ദുഖഃകരമായ ദിനമായിരുന്നു. ഞങ്ങളുടെ യൂണിവേഴ്സിറ്റി അടച്ചുപൂട്ടുകയും, തെരുവുകൾ ശൂന്യമാവുകയും അവിടം നിശബ്ദതകൊണ്ട് നിറയുകയും ചെയ്തു. ദുഖഃവും ദേഷ്യവും തളംകെട്ടിനിന്ന ആ നിമിഷത്തിൽ ഒരുകൂട്ടം വിദ്യാർത്ഥികൾ സമരത്തിന് ആഹ്വാനം ചെയ്തു. ഒരിക്കൽകൂടി അവർ ഞങ്ങളിലേക്ക് വരുന്നത് വരെ നാം നിശബ്ദരാവില്ലെന്ന് സ്വന്തത്തിനും മറ്റുള്ളവർക്കും വാക്ക്കൊടുത്തു.  അവർ ഒരിക്കൽ കൂടി ഞങ്ങളിലേക്ക് വരികയോ ഞങ്ങളുടെ സ്വത്വത്തെ ചെറുതാക്കി കാണുകയോ ചെയ്യുകയാണെങ്കിൽ അന്തരീക്ഷത്തിൽ ഞങ്ങളുടെ ശബ്ദം മുഴങ്ങി കേൾക്കും. രണ്ടാഴ്ച്ചകൾക്ക് ശേഷം തീർത്തും മുസ്ലിം വിരുദ്ധവും ഫാഷിസ്റ്റ് അനുകൂലവുമായ പൗരത്വഭേദഗതി നിയമം ഇന്ത്യൻ പാർലിമെന്റിലെ ഭൂരിപക്ഷം പാസ്സാക്കിയപ്പോൾ പോരാട്ടത്തിനുള്ള സമയമായെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.

ഡിസംബർ 13ന് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം പാർലിമെന്റിലെ നിയമ നിർമ്മാതാക്കളുടെ മുഖത്ത് നോക്കി ഈ വംശീയ അജണ്ടയെ ഞങ്ങൾ ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യും എന്ന് പ്രഖ്യാപിക്കുവാൻ വേണ്ടി പാർലമെന്റിലേക്ക് മാർച്ച് നടത്തി. ജാമിഅ മില്ലിയയിൽ നിന്നും അലിഗഡിൽ നിന്നുമുള്ള മുസ്ലിം യുവസമൂഹം തുടങ്ങിയ വളരെ ജൈവികമായ ഈ സമരം ഇന്ത്യാ വിഭജനം മുതൽ ഹിന്ദുത്വ ശക്തികൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വംശഹത്യാ പദ്ധതിയെയാണ് ചെറുക്കുന്നത്. ഞാൻ പറയുന്നതിൽ എന്തെങ്കിലും തെറ്റുള്ളതായി തോന്നുന്നുവെങ്കിൽ അത് തങ്ങളുടെ രാഷ്ട്രീയ ഗുരുക്കന്മാർക്കായി വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്ത തെറ്റായ ആഖ്യാനങ്ങൾ മൂലം മാത്രമാണ്. ആരൊക്കെയാണവർ? ആരാണ് അവരുടെ ഗുരുക്കന്മാർ? എന്നത് ഇത്രത്തോളം ഇതിന് മുമ്പ് വ്യക്തമായിട്ടില്ല.

ഈ മൂവ്മെന്റിന്റെ  എല്ലാ പരിശ്രമങ്ങളും ഇന്ത്യൻ മുസ്ലിംകളുടെ വംശഹത്യയെയാണ് ചെറുക്കുന്നത്. മുസ്ലിംകൾക്കെതിരിലുള്ള ഹിംസകൾ ഇന്നൊരു നിത്യസംഭവമാണ്. ഒരു മുസ്ലിമെന്ന നിലയിൽ കാശ്മീർ നിങ്ങളുടെ ഹൃദയം തകർക്കുന്നതായിരിക്കും. വംശഹത്യയുടെ ഘട്ടങ്ങളെ കുറിച് ഗ്രിഗറി എച്ച് സ്റ്റാന്റൺ പറഞ്ഞത് പ്രകാരം RSS വലതുപക്ഷ സംഘടന വംശഹത്യയുടെ അവസാനത്തിലേക്ക് കടന്നിരിക്കയാണ്.  ഇന്ത്യയിൽ പ്രതിപക്ഷ പാർട്ടികൾക്കും ലിബറൽ സിവിൽ സമൂഹങ്ങളും ഈ ബില്ലിലും ബി ജെ പി ഭരണകൂടത്തിന്റെ മുസ്ലിം ഉന്മൂലന പദ്ധതിയും കൃത്യമായി ഉന്നം വെക്കുന്നതിനെ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്. മറ്റൊരു സയണിസ്റ്റ് രാജ്യമായി മാറിയിരിക്കുന്ന ‘ഇന്ത്യയിൽ’, വലതു പക്ഷ സംഘടനകൾ ഭരിക്കുന്ന ഹിന്ദുരാഷ്ട്രത്തിൽ ഇനിയും ജീവിക്കുവാൻ കഴിയുമോ എന്ന് അവരോട് നാം ചോദിക്കേണ്ടിയിരിക്കുന്നു. അതിന് നിങ്ങളുടെ ഉത്തരം എന്താണെന്നറിയില്ല, പക്ഷേ ഞങ്ങളതിനെ നഖശിഖാന്തം എതിർക്കും. മുസ്ലിംകളിൽ മാത്രം ഒതുങ്ങി നിൽക്കാത്ത ലക്ഷകണക്കിന് ആളുകളുടെ നിലനിൽപിന്റെ പ്രശ്നമാണിത്. മുസ്ലിംകൾക്ക് വേണ്ടിമാത്രമല്ല നാം പോരാടിക്കൊണ്ടിരിക്കുന്നത് മറിച്ച് അരികുവൽകൃത വിഭാഗങ്ങൾക്ക് നേരെയുള്ള ക്രൂരകൃത്യങ്ങളുടെ ചരിത്രമുള്ള മോദി ഭരണകൂടത്തിനെതിരെ കൂടിയാണ്.  വ്യക്തമായി പറഞ്ഞാൽ ഭരണഘടനയുടെയോ, മതേതരത്വത്തിന്റെയോ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയോ സത്തയെ നടപ്പിലാക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ പരിഗണനകൾ.

വടക്ക് കിഴക്കൻ സംസ്ഥാനമായ ആസ്സാമിൽ രണ്ട് മില്ല്യനോളം ജനങ്ങൾ രാഷ്ട്രം നഷ്ടപ്പെട്ടവരായിട്ടുണ്ട്. പതിറ്റാണ്ടുകളായി ഉപരോധത്തിൽ കഴിയുന്ന കാശ്മീർ മുസ്ലിംകൾ മുറുകെപിടിക്കുന്ന അഭിമാനത്തിന്റെ വിശ്വാസാദർശം തന്നെയാണ് ഈ സമരത്തിൽ ഞങ്ങളുടെയും പ്രചോദനം. 2002ലെ ഗുജറാത്ത് വംശഹത്യയുടെ ദുർഗന്ധം വമിക്കുന്ന, ഇസ്ലാമോഫോബിയയും ജാതീയതയുടെ അധികാര രാഷ്ട്രീയവും മുതൽക്കൂട്ടായുള്ള ഒരു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് നമുക്കുള്ളത്. അത് കൊണ്ട് അവർ ആരെയാണോ ലക്ഷ്യം വെക്കുന്നത് അവരോട് ഐക്യപ്പെട്ട് കൊണ്ട് അവർക്ക് വേണ്ടി നാം നിലകൊള്ളേണ്ടതുണ്ട്.

ഇപ്പോൾ രചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ചരിത്രം ആർക്കും വിസ്മരിക്കാൻ കഴിയുന്നതല്ല. നിലജ്ഞന ഭൗമിക്ക് വാഷിംഗ്ടൺ പോസ്റ്റിലെ തന്റെ ലേഖനത്തിൽ സായുധ സന്യാസി(Militant Monk) എന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശിലെ മുഖ്യമന്ത്രി ഡിസംബർ 20ന് ആക്രമണം അഴിച്ചുവിടുകയും അതിൽ പതിനാറ് മുസ്ലിംകൾ കൊല്ലപ്പെടുകയുമുണ്ടായി. അവരുടെ മരണ കാരണം അവരെല്ലാം പൗരത്വഭേദഗതി നിയമത്തിനെതിരെ നിലകൊണ്ടു എന്നുള്ളത് മാത്രമാണ്. അവരനുഭവിച്ച അനീതിയെ കുറിച് അവരുടെ കുടുംബക്കാർ പറയുന്ന കഥകൾ ഇന്ത്യൻ മുസ്ലിംകളുടെ ഭീതിതമായ ജീവിതത്തെ കുറിച് കേൾക്കുന്നവർക്ക് ഉൾകാഴ്ച നൽകുന്നതാണ്.

ഭരണഘടനാ സംരക്ഷണവും മതേതരത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും വീണ്ടെടുപ്പും ഈ മൂവ്മെന്റിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. രാജ്യം നേരിടുന്ന ഈ പ്രതിസന്ധയെ മറികടക്കാനുള്ള ഒരേയൊരു മാർഗ്ഗം വിശ്വാസ-സാമുദായിക വിത്യാസങ്ങൾക്കപ്പുറം എല്ലാവരും ഒരുമിച്ചുനിൽക്കുക എന്നത് മാത്രമാണ്. വലതുപക്ഷവിഭാഗം ജനങ്ങളോട് കാണിച എല്ലാ ക്രൂരതകളെയും തിരിച്ചറിയണം. മാർട്ടിൻ നെയ്മുള്ളറുടെ “ആദ്യം അവർ സോഷ്യലിസ്റ്റുകൾക്ക് നേരെ വരും…” എന്നുതുടങ്ങുന്ന വാക്കുകൾ പങ്കുവെക്കുമ്പോൾ ആർക്കു നേരെയാണോ അവർ ആദ്യം തിരിയുന്നത് അവർക്ക് വേണ്ടി നാം പോരടിക്കേണ്ടതുണ്ട്.

ഭൂരിപക്ഷ ബോധത്തിന്റെ നിശബ്ദതയിൽ മുസ്ലിം വിദ്യാർത്ഥികളും അല്ലാത്തവരും അനുഭവിച്ച രാഷ്ട്രീയനിരാശയിൽ നിന്നാണ് ഈ വിപ്ലവം ഉണ്ടായി വന്നിട്ടുള്ളത്. ഭരണകൂടം അവരെ ചവിട്ടിമെതിച്ചപ്പോൾ നമ്മുടെ ഉമ്മമാർ നീറിയ ഹൃദയവുമായി തെരുവുകൾ കീഴടക്കി. ഇൻഷാഅല്ലാഹ്, അവരുടെ വംശഹത്യാ അജണ്ടകളെയും ഫാഷിസ്റ്റുകളെയും പരാജയപ്പെടുത്തി ഈ ഭൂമിയിൽ തന്നെ നാം ജീവിതം തുടരും.

അവസാനമായി ശർജീൽ ഇമാമിനും അഖിൽ ഖൊഗോയിക്കും, കർണാടകയിലെ ശഹീൻ സ്കൂളിലെ വിദ്യാർത്ഥികൾക്കും മറ്റ് ഇന്ത്യൻ ഹിന്ദു തീവ്രവാദികളാൽ അടിചമർത്തപ്പെട്ടവർക്കും വേണ്ടി പോരാടുമെന്ന് പ്രതിജ്ഞയെടുക്കുവാനും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനും ഈ അവസരം ഞാൻ ഉപയോഗപ്പെടുത്തുകയാണ്.