Campus Alive

പൗരത്വ പ്രക്ഷോഭ കാലത്ത് നെല്ലി വംശഹത്യയെ ഓർക്കുമ്പോൾ.

ആസ്സാമിലെ പൗരന്മാരല്ലാത്ത വിദേശി മുസ്ലിംകളെ കൊന്നുതള്ളിയ നെല്ലി കൂട്ടക്കൊലയിൽ സ്വന്തം മാതാപിതാക്കളും സഹോദരിയും നാല് വയസ്സുകാരിയായ മകളും നഷ്ടമായിട്ടും തന്റെ പൗരത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് സുബാൻ അബ്ദുള്ള. എൻ.ആർ.സിയിൽ ഉൾപ്പെടാതെ സംശയാസ്പദ വോട്ടർമാരായി മാറിയിരിക്കുന്നു അദ്ദേഹം ഉൾപ്പെടെയുള്ള അനേകം ബംഗാളി സംസാരിക്കുന്ന മുസ്ലിം ‘കുടിയേറ്റക്കാർ’. നെല്ലി കൂട്ടകൊല അരങ്ങേറുമ്പോൾ അവിടെനിന്നും നൂറുമീറ്റർ മാത്രം അകലെയുള്ള വീട്ടിൽ ഇരിക്കുകയായിരുന്നു സുബാനും ഭാര്യയും. അവിടെ നിന്ന് ഓടി രക്ഷപ്പെട്ട് ദിവസങ്ങളോളം ഒളിവിലിരുന്നത് കൊണ്ട് മാത്രമാണ് അദ്ദേഹം ഇന്ന് ബാക്കിയായത്. “ഗവൺമെന്റ് ഞങ്ങളെ പുറത്തുള്ളവർ എന്ന് മുദ്രകുത്താൻ തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ ഞങ്ങളെന്ത് ചെയ്യാനാണ്”. അറുപത് വയസ്സ് പ്രായമുള്ള വൃദ്ധൻ പറയുന്നു. “എൻ.ആർ.സി ഞങ്ങളെ ഇല്ലാതാക്കുവാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ ബന്ധുജനങ്ങൾ ഇവിടെയാണ് കൊല്ലപ്പെട്ടത്. പക്ഷേ ഇവിടം വിട്ടുപോവാൻ ഞങ്ങൾ ഒരിക്കലും തയ്യാറല്ല”.

സ്വത്വത്തിന്റെയും, പരമാധികാരത്തിന്റെയും പേരിൽ ആസ്സാമിൽ നടന്നിട്ടുള്ള ഹിംസകളിൽ ഏറ്റവും ഭീമാകാരമായതാണ് 1983 ഫെബ്രുവരി 18-ന് നടന്ന നെല്ലികൂട്ടകൊല. യഥാർത്ഥത്തിൽ, നെല്ലികൂട്ടകൊല സംഭവിക്കുന്നതിന് വർഷങ്ങളുടെ പശ്ചാത്തലം ഉണ്ട്. ആസ്സാം മൂവ്മെന്റ് എന്ന പേരിൽ അറിയപ്പെടുന്ന വൈദേശി-വിരുദ്ധ പ്രക്ഷോഭം വർഷങ്ങളായി ആസാമിൽ നടക്കുന്നു. ആസാം ‘തദ്ദേശീയജനതയുടെ’ അവകാശ സംരക്ഷണം എന്നാണ് പ്രക്ഷോഭകാരികൾ അവകാശപ്പെടുന്നത്. പുറത്ത് നിന്നും നിയമവിരുദ്ധമായി ആസ്സാമിലേക്ക് കുടിയേറിപാർത്ത ബംഗാളി മുസ്ലിംകൾ ഭൂമി കയ്യേറ്റം നടത്തുന്നെന്നും തേയിലതോട്ടങ്ങളും എണ്ണപാടങ്ങളും കൊണ്ട് സമ്പന്നമായ, 33 മില്ല്യൻ ജനങ്ങളുള്ള ആസാമിലെ സാമ്പത്തിക സ്രോതസ്സുകളും തൊഴിലവസരങ്ങളും തട്ടിയെടുക്കുന്നു എന്നും അതിനാൽ ഇവരെ ആസ്സാമിൽ നിന്നും പുറത്താക്കണമെന്നുമാണ് ആസാം മൂവ്മെന്റിന്റെ ആവശ്യം. കുടിയേറ്റക്കാരായ ആളുകൾ ആസാമിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിർണ്ണായകമായ വോട്ടുബാങ്കായി മാറുന്നുണ്ടെന്നും മൂവ്മെന്റ് ആരോപിക്കുന്നു. 1970കളിലെ പാകിസ്ഥാൻ ബംഗ്ലാദേശ് യുദ്ധങ്ങളിലാണ് ആയിരങ്ങൾ ഇന്ത്യയിലേക്ക് കുടിയേറുന്നതും ആസാമിലെ അതിർത്തി പ്രദേശങ്ങളിൽ താമസമാക്കുന്നതും.

ഇതൊക്കെയും ആസാമിലെ  രാഷ്ട്രീയ-സാമൂഹികാന്തരീക്ഷത്തെ കലുശിതമാക്കുകയും മുസ്ലിം സമുദായത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്തു. ഏതെങ്കിലും തരത്തിൽ ബംഗാളുമായി കുലബന്ധമുള്ള മുസ്ലിംകളെ സംശയത്തിന്റെ നിഴലിൽ നിർത്തുകയും അവരെ പൊതു ശത്രുക്കളാക്കി മാറ്റുകയും ചെയ്തു. അപര വിദ്വേഷത്തിലധിഷ്ഠിതമായ ആസാം മൂവ്മെന്റിന്റെ ഈ രാഷ്ട്രീയത്തിന്റെ ഉപോൽപ്പന്നമായാണ് 1983-ൽ നെല്ലികൂട്ടകൊല സംഭവിക്കുന്നത്.

നാടൻ തോക്കുകളും കഠാരകളും വാളുകളും കൊണ്ട്, ഔദ്യോഗിക റിപ്പോർട്ട് പ്രകാരം രണ്ടായിരത്തോളം മുസ്ലിംകളെയാണ് നെല്ലിയുൾപ്പെടെയുള്ള ഒരു ഡസനോളം ഗ്രാമങ്ങളിൽ രണ്ട് മണിക്കൂറുകൾകൊണ്ട് കൊന്നുതള്ളിയത്. അനൗദ്യോഗിക റിപ്പോർട്ടുകളിൽ അത് അയ്യായിരത്തിലധികമാണ്. കേവലമായ അക്കങ്ങൾ എന്നതിലപ്പുറം നെല്ലികൂട്ടകൊല സാധ്യമാക്കിയ ഭീകരതയെയാണ് അത് കുറിക്കുന്നത്. ആസാമിലെ ബംഗാളി മുസ്ലിംകൾക്ക് ഫെബ്രുവരി 18 ഭീതിയുടെ ഓർമ്മകളാണെങ്കിലും നമ്മുടെ പൊതു ഓർമ്മകൾ നെല്ലി സംഭവം മറന്നിരിക്കുന്നു. അതൊരു ഭീതിതമായ കാര്യമാണ്. അത്കൊണ്ട് ഈ സന്ദർഭത്തിൽ നെല്ലി കൂട്ടകൊലയെ കുറിച്ചുള്ള ഓർമ്മകൾ പോലും ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. പ്രത്യേകിച് നെല്ലികൂട്ടകൊലയെ സാധ്യമാക്കിയ അതേ അപരവിദ്വേഷ രാഷ്ട്രീയത്തിന്റെ ഉൽപ്പന്നമായികൊണ്ടുള്ള എൻ.ആർ.സിക്കും സി.എ.എക്കുമമെതിരായ സമരങ്ങൾ രാജ്യത്ത് കത്തിനിൽക്കുന്ന ഈ സാഹചര്യത്തിൽ. ആസാമീ ജനതയുടെ ‘സുരക്ഷക്ക്’ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് എൻ.ആർ.സി എന്നാണ് ബി.ജെ.പിയുടെ അസം മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പറഞ്ഞത്.

ആസാം പൗരത്വ പട്ടികയിൽ ഇടം ലഭിക്കാത്ത സുബാൻ അബ്ദുള്ളയെ പോലുള്ള അനേകമാളുകൾ നെല്ലികൂട്ടകൊലയിൽ അതിജീവിച്ച ഇരകൾ കൂടിയാണ്. സുബാൻ അബ്ദുള്ളയും അദ്ദേഹത്തിന്റെ പിതാവും ആസാമിൽ ജനിച്ചുവളർന്നവരാണ്. 1965ലെ വോട്ടർലിസ്റ്റിൽ പിതാവിന്റെ പേരുള്ളതിന്റെ രേഖകളുമുണ്ട്. ഇത് എ.ൻ.ആർസിയുടെ കട്ടോഫ് ഡെയ്റ്റായ 1971ന് മുൻപാണെങ്കിലും സുബാൻ ലിസ്റ്റിൽ നിന്ന് പുറത്താണ്. ഇങ്ങനെ നെല്ലികൂട്ടകൊലക്ക് വിധേയരായവർ വീണ്ടും അതേ അപരവിദ്വേഷത്തിന്റെ ഇരകളാകുന്നു എന്നത് നെല്ലികൂട്ടകൊലയുടെ പൊതുമറവിയെയും, സുബാനെ പോലുള്ള അതിജീവിച്ചവരുടെ ‘മരണത്തെയും’ നെല്ലി രക്തസാക്ഷികളുടെ ‘ഇരട്ടമരണത്തെയുമാണ്’ സൂചിപ്പിക്കുന്നത്. നെല്ലി കൂട്ടകൊലയെ കുറിച്ചെഴുതിയ മകീകോ കിമൂറ നെല്ലി സംഭവത്തിലെ ഇരകളുടെയും കുറ്റവാളികളുടെയും ശേഷമുള്ള ഇത്തരം ജീവിതങ്ങളെ സംബന്ധിച്ച് ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്.

നിലവിലെ എൻ.ആർസി, സി.എ.എ പ്രക്ഷോഭാന്തരീക്ഷത്തിൽ നെല്ലികൂട്ടകൊലയുടെ 37ാം വാർഷികം ആസന്നമായ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യത്തെ തിരിച്ചറിയുവാനും അതിന്റെ പ്രത്യാഘാതങ്ങളെ മുൻകൂട്ടിക്കാണുവാനുമുള്ള ഉൾക്കാഴ്ച നൽകുന്നു. നെല്ലി കൂട്ടകൊലയെ സംഭവിപ്പിച്ച അപരവിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രായോഗിക പ്രതിഫലനം ‘സംശയാസ്പദ പൗരന്മാരുടെ’ നിർമ്മാണമായിരുന്നു. അതിന്റെ തുടർച്ചയായി എൻ.പി.ആറിനെയും എൻ.ആർ.സിയെയും സി.എ.എയും വായിക്കാൻ കഴിയും. ആസാം  മൂവ്മെന്റ് ഇന്ത്യയുടെ ഭൗമികഅതിർത്തിക്ക് പുറത്തുള്ള മുസ്ലിം കുടിയേറ്റക്കാരെ സംശയാസ്പദ പൗരന്മാരായി പരിഗണിക്കുകയും തുടർന്ന് അത് നെല്ലി കൂട്ടകൊല എന്ന മുസ്ലിം ഉന്മൂലനത്തിൽ എത്തിക്കുകയും ചെയ്തുവെങ്കിൽ, നിലവിലെ രാഷ്ട്രീയ പശ്ചാത്തലം ഇന്ത്യ എന്ന ഭാവനയുടെ തന്നെ അതിർത്തികൾക്ക്   പുറത്ത് നിൽക്കുന്ന (excess)  മുസ്ലിംകളെ സംശയാസ്പദ പൗരന്മാരാക്കി തീർക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ട് അടുത്തൊരു നെല്ലി കൂട്ടകൊലയുടെ മുന്നോടിയായി എൻ.ആർ.സി, സി.എ.എ മുന്നോട്ട്  വെക്കുന്ന രാഷ്ട്രീയത്തെ നമുക്ക് കാണുവാൻ കഴിയേണ്ടതുണ്ട്.

References: 

1- Muslim Survivors of Assam’s Nellie Massacre Shaken By Modi Government’s Citizen Register

2- Nellie massacre: 36 years on, a reflection on why victims of tragedy have been erased from public memory