Campus Alive

Hinduism’s aparthied: Caste(ing) space

(ദലിത് കാമറ സ്ഥാപകനും ചിന്തകനും സാമൂഹിക പ്രവര്‍ത്തകനും പത്ത് വര്‍ഷത്തോളമായി തോട്ടി സമുദായങ്ങളെ കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഡോ.ബി.രവിചന്ദ്രന്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന Hinduism’s aparthied: Caste(ing) space എന്ന ഡോക്യുമെന്ററിയുടെ ധനശേഖരണാര്‍ഥം പുറത്തിറക്കിയത്‌)

ഇന്ത്യ സ്വതന്ത്രമായതിന് ശേഷം, കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക വിളകളുടെ ഉല്‍പാദനത്തിനും ചരക്കുകള്‍ക്കുമായി വ്യത്യസ്ത പോളിസികള്‍ അവതരിപ്പിക്കുകയും വ്യവസായങ്ങളില്‍ വലിയ അളവില്‍ നിക്ഷേപങ്ങള്‍ നടത്തുകയും പിന്നീട് ആഗോള മാര്‍ക്കറ്റിന് ഇടം ഒരുക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ഷിക മേഘലയിലെ വികസനത്തിനായി ഗവണ്‍മെന്റ് നടപ്പില്‍ വരുത്തിയ പദ്ധതികള്‍, കാര്‍ഷിക സമൂഹങ്ങളില്‍, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍ വലിയ അളവില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജാതി ഹിന്ദുക്കള്‍ ഗ്രാമങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ അംബേദ്കറൈറ്റുകളും ഇടത് ജാതിവിരുദ്ധ ആക്റ്റിവിസ്റ്റുകളും അതിനെ ഫ്യൂഡല്‍ ജാതി വ്യവസ്ഥയായും അതിന്റെ വിവേചനങ്ങളായും മനസ്സിലാക്കി. ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ദലിതുകള്‍ ജാതീയതയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ സമരങ്ങള്‍ നയിക്കുകയും സമത്വത്തിനായി പോരാടുകയും ചെയ്തു. അതിന് മറുപടിയെന്നോണം, ജാതി ഹിന്ദുക്കളുടെ ഭീകരമായ ഹിംസക്ക് അവര്‍ ഇരയാവുകയും ഗ്രാമങ്ങള്‍ കത്തിയമരുകയും ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു.

dalit camera posterസര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം തന്നെ ഇത്തരം ഹിംസകളോട് മൗനം പാലിക്കുകയോ ദലിതുകളെ ആക്രമിക്കുന്ന ജാതി ഹിന്ദുക്കളെ പിന്തുണക്കുകയോ ചെയ്യുന്നതായി ആക്റ്റിവിസ്റ്റുകള്‍ കണ്ടെത്തി.  ജാതിയുടെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന ഹിംസയും അടിച്ചമര്‍ത്തലും അവസാനിപ്പിക്കുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടപ്പോള്‍ ജാതി വിവേചനത്തെ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചാവിഷയമാക്കാന്‍ ദലിതുകള്‍ ശ്രമിച്ചു. ഡര്‍ബനില്‍ 2001ല്‍ നടന്ന World conference against Racism എന്ന അന്താരാഷ്ട്ര വേദിയില്‍ ജാതി വിവേചനം ചര്‍ച്ചാ വിഷയമാക്കുവാന്‍ ദലിതുകള്‍ കാംപെയ്ന്‍ സംഘടിപ്പിച്ചു. ഇന്ത്യാ ഗവണ്‍മെന്റും മേല്‍ജാതി ഹിന്ദു അക്കാദമീഷ്യന്‍മാരും മേല്‍ജാതി ഹിന്ദു പൗരസമൂഹവും ശക്തമായി ഇതിനെ എതിര്‍ക്കുകയും ജാതിയെ കോണ്‍ഫറന്‍സില്‍ നിന്നും തടഞ്ഞുനിര്‍ത്തുകയും ചെയ്തു. 2018ല്‍ UKയിലും സമാനമായ ചര്‍ച്ചകള്‍ നടക്കുകയും ജാതിവിവേചനത്തെ നിയമവിരുദ്ധമാക്കാനുള്ള ബില്ല് വീണ്ടും തള്ളിപ്പോവുകയും ചെയ്തു.

ജാതിയെ കോണ്‍ഫറന്‍സില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തവര്‍ വാദിച്ചത് ജാതി കര്‍ക്കശമായ ഒന്നല്ല എന്നാണ്. ഗവണ്‍മെന്റിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളായ സംവരണം, പ്രത്യേക പദ്ധതികള്‍ തുടങ്ങിയവ മൂലം ജാതിവ്യവസ്ഥയുടെ അടിത്തറ ഇളകുകയും കൂടുതല്‍ ലളിതമാവുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ദലിതുകള്‍ വാദിക്കുന്നത് പോലെ ജാതി നിര്‍ണ്ണിതമായ ഒന്നല്ല എന്നവര്‍ പറയുന്നു. മറുവശത്ത് ജാതിവ്യവസ്ഥയുടെ പ്രായോഗികതയില്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോഴും അതിന്റെ അടിസ്ഥാന ഘടന മാറ്റമില്ലാതെ തുടരുന്നതായി ദലിതുകളും വാദിക്കുന്നു. ജാതിയുടെ സത്ത അത് ജനനത്തിലൂടെ നിര്‍ണ്ണയിക്കപ്പെടുന്നതാണ് എന്നുള്ളതാണ്. മേല്‍ജാതി ഹിന്ദുക്കളുടെയും ദലിതുകളുടെയും വ്യത്യസ്ത അഭിപ്രായങ്ങള്‍ എല്ലാ അമ്മമാരും തോട്ടികളാണ്, കാരണം അവര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ പരിചരിക്കുന്നു എന്ന ഗാന്ധിയുടെ അഭിപ്രായത്തോടും ഒരാള്‍ തോട്ടിയാവുന്നത് അയാളുടെ ജോലി കൊണ്ടല്ല മറിച്ച് ജന്മം കൊണ്ടാണെന്ന അംബേദ്കറുടെ അഭിപ്രായത്തോടും തുലനം ചെയ്ത് അവതരിപ്പിക്കാം.

ദിവ്യ ഭാരതിയുടെ ‘കക്കൂസ്’, അമുതന്റെ ‘പീ’, കെ.സ്റ്റാലിന്റെ ‘ഇന്ത്യാ അണ്‍ടച്ചഡ്’, ജോണിന്റെ ‘ദ അണ്‍ടച്ചബിള്‍ കണ്‍ട്രി’  തുടങ്ങി ജാതിയെ ആഖ്യാനിക്കുന്ന വ്യത്യസ്ത ഡോക്യുമെന്ററികള്‍ മുമ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ജാതിയെ ശരീരവും ഇടവും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തി വരച്ചുകാണിക്കുന്നതാണ് ഈ ഡോക്യുമെന്ററി.

ദലിത് കാമറയുമായി ചേര്‍ന്ന് നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെ ജാതീയതയെ പഠിക്കുന്നതിനാവശ്യമായ സൈദ്ധാന്തിക ചട്ടക്കൂട് നിര്‍ണ്ണയിക്കുന്നതിന് എന്നെ പ്രാപ്തനാക്കിയിട്ടുണ്ട്. ഈ ഡോക്യുമെന്ററിയില്‍ പ്രത്യേക ജാതിവിഭാഗങ്ങളെ നിരന്തരമായി അരികുവത്കരിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന കാര്യങ്ങളെ പ്രത്യേകമായി പഠനവിധേയമാക്കുന്നുണ്ട്. അതിനാല്‍ തന്നെ തോട്ടികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാന് ഹോളുകളുടെയും മനുഷ്യന്റെ മലമൂത്രാദികളുടെയും പരിമിത വൃത്തത്തിനകത്ത് മാത്രമല്ല നടക്കുക, അതേ പോലെ ദളിതരിലുള്ള ഫോക്കസ് എന്നത് നഗ്നമായ ദലിത ശരീരത്തിന്റെ പ്രദർശനമായിരിക്കുകയുമില്ല.

എന്റെ സമീപനം

ശുദ്ധിയുടെയും അശുദ്ധിയുടെയും ഹിന്ദു സങ്കല്‍പ്പനം എന്ന നിലക്ക് ജാതി നരവംശശാസ്ത്രം, സാമൂഹിക ചിന്ത, സാമൂഹിക നരവംശശാസ്ത്രം, മാനവിക വിഷയങ്ങള്‍,സാമൂഹിക ശാസ്ത്രം തുടങ്ങി വ്യത്യസ്ത പഠന വിഭാഗങ്ങളില്‍ കേന്ദ്രസ്ഥാനം വഹിക്കുകയും പൗരസമൂഹത്തില്‍ സുപ്രധാന സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ജാതിയെ കുറിച്ച് വ്യത്യസ്തങ്ങളായ പഠനങ്ങളും നടന്നിട്ടുണ്ട്. ജാതിയുടെ സവിശേഷതകളിലും ആഖ്യാനത്തിലും ഓരോ പഠനങ്ങളും വ്യത്യാസങ്ങള്‍ കണ്ടെത്തുന്നുണ്ട്. മേല്‍ജാതി ഹിന്ദു അക്കാദമീഷ്യന്‍മാരുടെ ആധിപത്യമുള്ള മുഖ്യധാരാ ചിന്താമണ്ഡലം ജാതി നിലനില്‍ക്കുന്ന ഒന്നല്ല എന്നാണ് വാദിക്കുന്നത്. ജാതി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനത്താലാണ് അത് വളരുന്നത് എന്നവര്‍ കണ്ടെത്തുന്നു. ചില ആളുകള്‍ ജാതിയെ മതേതരമായി നോക്കിക്കാണാന്‍ വരെ ശ്രമിക്കാറുണ്ട്, മറ്റുചിലര്‍ വര്‍ഗ്ഗവിഭാഗമായി ജാതിയെ മനസ്സിലാക്കുന്നു, സംവരണ പോളിസികളാണ് ജാതിയെ നിലനിര്‍ത്തിപ്പോരുന്നത് എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ജാതി പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ സഹായിക്കുന്നതിനേക്കാള്‍ ജാതിവിരുദ്ധ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനാണ് അക്കാദമിക മണ്ഡലം കൂടുതല്‍ ശ്രമിച്ചത്. തങ്ങളുടെ എഴുത്തുകളിലൂടെ ജാതീയതയുടെ ക്രൂരതകളെ തുറന്നുകാട്ടാന്‍ ശ്രമിച്ചവരെയെല്ലാം തന്നെ അത്തരം വാദങ്ങള്‍ യൂറോകേന്ദ്രീകൃതമാണെന്ന് ആരോപിച്ച് അരികുവത്കരിക്കാനാണ് മേല്‍ജാതി ഹിന്ദു ബുദ്ധിജീവികള്‍ ശ്രമിച്ചത്. നമ്മളിഷ്ടപ്പെട്ടാലുമില്ലെങ്കിലും ഇന്ത്യയിൽ ജാതിയെ പറ്റിയുള്ള പൊതുധാരണകളെല്ലാം തന്നെ ഓറിയന്റല്‍ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് ജാതിയെ മനസ്സിലാക്കിയ സവര്‍ണ്ണ ബുദ്ധിജീവികളുടെ പഠനങ്ങളിലൂടെ രൂപപ്പെട്ടു വന്നതാണ് എന്നതാണ് യാഥാർത്ഥ്യം.

തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള ശ്രേണീകരണത്തിലൂടെ ഹിന്ദുമതത്തില്‍ വേരുറച്ച വ്യവസ്ഥയായി ചില ചിന്തകര്‍ ജാതിയെ മനസ്സിലാക്കുന്നു. ജാതി അടിസ്ഥാനപ്പെടുത്തിയുള്ള തൊഴില്‍ നീചമോ അല്ലാത്തതോ ആവട്ടെ അത് ഹിന്ദുമതത്തിന്റെ ചിഹ്നങ്ങളിലൂടെ നിര്‍ണ്ണയിക്കപ്പെട്ടതാണ്. ദലിത് ചിന്തകരാവട്ടെ ജാതിയെ ഹിന്ദുമതത്തിലൂടെ സാധുത ലഭിച്ച അധികാരമായാണ് കാണുന്നത്. അടിച്ചമര്‍ത്തുന്നയാള്‍ ബലപ്രയോഗത്തിലൂടെയും നിയന്ത്രണത്തിലൂടെയും കീഴാളരെ കീഴ്‌പ്പെടുത്തുന്നു, അത് ദലിത്-ദലിതേതരം എന്ന വിഭജനത്തെ സ്ഥിരപ്പെടുത്തുന്നു. എന്നിരുന്നാലും മറ്റുള്ള സംവരണീയ വിഭാഗങ്ങളില്‍ നിന്നും വിവേചനം നേരിടുന്ന ചാകിലിയാര്‍/അരുന്ധതിയാര്‍, ഭാംഗി (ഇന്ത്യ മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന തോട്ടി സമുദായങ്ങള്‍) തുടങ്ങിയ ജാതികള്‍ സംവരണവിഭാഗങ്ങള്‍ക്കകത്തും ജാതിയധികാരം പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ്.

dr ravichandran bathran
രവിചന്ദ്രൻ.ബി

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തൊട്ടുകൂടായ്മയെ പറ്റിയും ജാതിഹിംസയെ പറ്റിയും ധാരാളം എഴുത്തുകള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ട്. ധാരാളക്കണക്കിന് ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരികയും ജാതിവ്യവസ്ഥയുടെ ക്രൂരമായ അധികാരത്തെ പറ്റി സംവാദങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംവാദങ്ങളും മുന്നേറ്റങ്ങളും പൊതുസമ്പത്തുകളായ റോഡുകളും, സ്ഥാപനങ്ങളും, ഗതാഗതവും ഒരു പരിധിവരെ ജനാധിപത്യവത്കരിച്ചിട്ടുണ്ട്. അത് എന്നെ പി.എച്ച്.ഡിയും പോസ്റ്റ്‌ ഡോക്റ്ററല്‍ ഡിഗ്രിയും പൂര്‍ത്തീകരിക്കാന്‍ പ്രാപ്തനാക്കിയിട്ടുമുണ്ട്. ഞാന്‍ കടന്നുവന്ന വഴികള്‍ എളുപ്പമുള്ളതോ സുഗമമായി പ്രവേശിക്കാന്‍ കഴിയുന്നതോ ആയിരുന്നില്ല. ധാരാളക്കണക്കിനാളുകളുടെ സമരങ്ങളിലൂടെയാണ് ആ വഴി ഉണ്ടായിത്തീര്‍ന്നിട്ടുള്ളത്. മുന്നിലുള്ള വാതിലുകള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുന്നതല്ല എന്നെങ്കിലും നാം മനസ്സിലാക്കണം. എന്നാല്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ മൂലകളിലും മാറ്റം സംഭവിച്ചിട്ടില്ല, ഇന്ത്യയുടെ ചുരുക്കം ചില നഗരപ്രദേശങ്ങളില്‍ മാത്രമാണ് മാറ്റങ്ങള്‍ സംഭവിച്ചത്.

ഈ ഡോക്യുമെന്ററിയില്‍ അക്കാദമിയക്കകത്തും ജാതിവിരുദ്ധ പോരാട്ടങ്ങള്‍ക്കകത്തും മേല്‍സൂചിപ്പിച്ച പരിമിധികളെയാണ് ഞാന്‍ ചര്‍ച്ചാവിഷയമാക്കുന്നത്. ടോയ്‌ലറ്റ്, അമ്പലം എന്നീ ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് ഞാന്‍ ജാതിയെ അന്വേഷിക്കുന്നതും വിലയിരുത്തുന്നതും. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഞാന്‍ തോട്ടിപ്പണിയെ പറ്റി പഠിച്ചുകൊണ്ടിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകളുമായുള്ള സമ്പര്‍ക്കം ഒരു പ്രത്യേക ദിശയില്‍ ജാതിയെ മനസ്സിലാക്കാന്‍ എന്നെ പ്രാപ്തനാക്കിയിട്ടുണ്ട്. ഒരു മണിക്കൂറോ അല്ലെങ്കില്‍ അതിലല്‍പ്പം അധികമോ ആയ ഈ ബഹുഭാഷാ ഡോക്യുമെന്ററി വ്യത്യസ്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജാതിയുടെ പ്രയോഗവത്കരണത്തെ വിശദമാക്കുന്ന ഫൂട്ടേജുകള്‍ നിറഞ്ഞതായിരിക്കും.

ഷൂട്ടിംഗ് പ്ലാനുകള്‍

ടോയ്‌ലറ്റും അമ്പലവും, എങ്ങനെയാണ് അവ വായിക്കപ്പെടുന്നത്, ശുദ്ധി-അശുദ്ധി മേലാള-കീഴാള ആശയങ്ങള്‍ ഇത്തരം വാസ്തുഇടങ്ങളിലൂടെ എങ്ങനെയെല്ലാമാണ് നിര്‍ണ്ണയിക്കപ്പെടുന്നത് തുടങ്ങിയ വിഷയങ്ങള്‍ക്കാണ് ഡോക്യുമെന്ററി പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. ഇത്തരം ഭൗതിക ഘടനകള്‍ എങ്ങനെയെല്ലാമാണ് ദലിതുകളുടെയും സവര്‍ണ്ണ ഹിന്ദുക്കളുടെയും ശരീരങ്ങള്‍ സ്ഥിര വിഭാഗങ്ങളായി  പ്രതിഷ്ഠിക്കുന്നത് എന്ന് ഡോക്യുമെന്ററി അന്വേഷിക്കുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്ത ഭാഷകളും,സംസ്‌കാരവും, സാമൂഹിക പ്രസ്ഥാനങ്ങളുമുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ജാതി വിവേചനത്തില്‍ സാമ്യതകളും അതേസമയം തന്നെ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേകം ജാതി പ്രാക്റ്റീസുകളും നിലനില്‍ക്കുന്നുണ്ട്. വാസ്തുകല വിശകലനം ചെയ്തുകൊണ്ട് ഓരോ സംസ്ഥാനങ്ങളിലും എങ്ങനെയാണ് ടോയ്‌ലറ്റ്,അമ്പലം എന്നീ ഇടങ്ങളെ ആളുകള്‍ നോക്കിക്കാണുന്നത് എന്ന് കണ്ടെത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള വിവേചനങ്ങളെ വിഷ്വലി റെക്കോര്‍ഡ് ചെയ്യാനും തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്ത്യയിലെ മറ്റുചിലയിടങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന പ്രത്യേകതരം ജാതി പ്രയോഗങ്ങളെ ചര്‍ച്ചാവിഷയമാക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

വാസ്തുവിദ്യാ പഠനത്തിന്റെ ഭാഗമായി ഈ സംസ്ഥാനങ്ങളിലെ കോളനിവത്കരണ കാലത്തും അതിനുമുമ്പും നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങളും സന്ദര്‍ശിക്കാന്‍ ഉദ്ധേശിക്കുന്നുണ്ട്. ജാതിയെയും അതിന്റെ പ്രയോഗങ്ങളെയും വിശകലനം ചെയ്തുകൊണ്ടിരിക്കുന്ന ചിന്തകരുമായും സാമൂഹിക പ്രവര്‍ത്തകരുമായും അഭിമുഖം നടത്തിക്കൊണ്ടാണ് ടോയ്‌ലറ്റിനെ ആശയവത്കരിക്കാന്‍ ശ്രമിക്കുന്നത്.

ധനശേഖരണത്തിനുള്ള കാരണം.

ദലിത് കാമറക്കുവേണ്ടി ദലിതുകളുടെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയ സമയത്താണ് ജാതിയെ പറ്റി ഡോക്യുമെന്ററി നിര്‍മ്മിക്കണം എന്ന ആശയം മനസ്സില്‍ വരുന്നത്. വിദ്യാസമ്പന്നരുടെ കണ്ണിലൂടെ ജാതിയെ മനസ്സിലാക്കുന്നതും പഠിപ്പിക്കപ്പെടുന്നതും ഇത്തരം ശബ്ദങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. ഈ ഡോക്യുമെന്ററിയിലൂടെ നിലനില്‍ക്കുന്ന ജാതിയെ പറ്റിയുള്ള മനസ്സിലാക്കലുകളെ വെല്ലുവിളിക്കുകയും വ്യത്യസ്ത ജനവിഭാഗങ്ങളുടെ ശബ്ദവും ജാതി അനുഭവവും മനസ്സിലാക്കുന്നതിലൂടെ ജാതിയെ അതിന്റെ മൂലസ്ഥാനത്ത് നിന്നുകൊണ്ട് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണിവിടെ. എട്ടുമാസം പൂര്‍ണ്ണമായും നീണ്ടുനില്‍ക്കുന്ന പ്രവൃത്തികള്‍ ഈ വര്‍ക്ക് ആവശ്യപ്പെടുന്നു. ഈ ഡോക്യുമെന്ററി നിര്‍മ്മിക്കുന്നതിനാവശ്യമായ ചിലവുകള്‍ മറികടക്കാന്‍ ഇതുവായിക്കുന്ന ആളുകളോട് തങ്ങള്‍ക്ക് കഴിയുന്നത്ര സാമ്പത്തിക സഹായം ഇതിനായി നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

dalit camera table
ഡോക്യുമെൻ്ററിക്കാവശ്യമായ ബജറ്റ്

ലക്ഷ്യം

വിദ്യാര്‍ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദേശ ഗവേഷകര്‍ തുടങ്ങിയവര്‍ക്ക് ജാതിയെ മനസ്സിലാക്കിക്കൊടുക്കുക, വ്യാഖ്യാനിച്ചുകൊടുക്കുക എന്നിവയാണ് ഡോക്യുമെന്ററിയുടെ ലക്ഷ്യം. വംശീയത, വര്‍ണ്ണവിവേചനം തുടങ്ങി ലോകത്ത് വിവേചനം എന്ന് പരിഗണിക്കപ്പെടുന്നവയുടെ ലിസ്റ്റില്‍ ജാതിവിവേചനത്തെയും ഉള്‍പ്പെടുത്തുക എന്നുള്ളത് ഡോക്യുമെന്ററിയുടെ പരമപ്രധാനമായ ലക്ഷ്യമാണ്.

ഡോക്യുമെന്ററിയുടെ ഫലങ്ങള്‍

സമയം: ഒരു മണിക്കൂര്‍

ഭാഷാ: ഒന്നിലധികം ഭാഷകള്‍, പാശ്ചാത്തല ശബ്ദം ഇംഗ്ലീഷിലായിരിക്കും.

സബ്‌ടൈറ്റില്‍: ഇംഗ്ലീഷ്

പൂര്‍ത്തീകരിക്കാനെടുക്കുന്ന സമയം: എട്ടുമാസം.

ഡോക്യുമെന്ററി ടീം

സുഷ്മിത ശങ്കരന്‍

പുഷ്പ അജന്ത

ദമയന്തി സാഹ

സാമ്പത്തികമായി പിന്തുണക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണിച്ച അക്കൗണ്ടില്‍ അയക്കുക

Account Number: 30712434743
Bank: State Bank of India
Branch: Kotagiri
IFSC Code: SBIN0004876
Name: B. Ravichandran
Mobile: 8220705729
Email: dalitcamera@gmail.com

https://www.instamojo.com/@ravi_ciefl/?fbclid=IwAR1tHRvV3MsQOFJFSKS4CSv3PsSMqGp-dJnXbHx3ijBvZAgwcXm_A2TcsuA വഴിയും പണം അയക്കാവുന്നതാണ്.

P.S: ഡോക്യുമെന്ററിക്കാവശ്യമായ സാമഗ്രികള്‍ ഷൂട്ടിംഗ് സമയത്തും ശേഷവും ദലിത് കാമറക്കായി ഉപയോഗപ്പെടുത്തും.

(ദലിത് കാമറയുടെ സ്ഥാപകനായ ഡോ.ബി.രവിചന്ദ്രന്‍ തോട്ടി സമുദായത്തെ കുറിച്ച് പഠിക്കാന്‍ ഒരു പതിറ്റാണ്ടിലധികമായി ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ അക്കാദമിക അനുഭവങ്ങളും ദലിത് കാമറയോടൊപ്പമുള്ള അനുഭവങ്ങളും ജാതിയെയും തോട്ടി സമുദായത്തെയും പറ്റിയുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളെ രൂപീകരിച്ചിട്ടുണ്ട്. ശങ്കരനാരായണന്‍ ലൈബ്രറിയും അദ്ദേഹത്തെ പിന്തുണക്കുന്നുണ്ട്. ഈ പ്രപ്പോസലില്‍ അദ്ദേഹം മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ ‘Politics of Space of Indian toilet: Extreme binaries from Untouchable to Touchable’ എന്ന പേരില്‍ മാനസ് റോയ് എഡിറ്റു ചെയ്ത State of Democracy in India: essays on life and politics in contemporary time എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.)