Campus Alive

പൗരത്വ പ്രക്ഷോഭവും മുസ്‌ലിം പ്രതിനിധാനങ്ങളുടെ രാഷ്ട്രീയവും

“our history has been written by pandits and the time has come when we write our own history”

അലീഗഢ് മുസ്‌ലിം സർവകലാശാലയിൽ വച്ച്, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർത്ഥി നേതാവും പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖമായി ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ശ്രദ്ധിക്കപ്പെട്ട ശഹീൻ ബാഗ് മോഡൽ സമരത്തിന്റെ ആസൂത്രകരിൽ പ്രധാനിയുമായ ശർജീൽ ഇമാം നടത്തിയ സുപ്രധാനമാണ് ആഹ്വാനമാണ് ഈ വാചകം. വിശ്വാസപരമായും സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-വിദ്യഭ്യാസ മേഖലകളിൽ വ്യത്യസ്ത തലങ്ങളിൽ നിലകൊള്ളുന്നതുമായ അനേകായിരം വിഭാഗങ്ങൾ അധിവസിക്കുന്ന ഇന്ത്യ പോലെ ഒരു രാജ്യത്ത് ചരിത്രത്തെ സംബന്ധിച്ച ബൃഹദ്ആഖ്യാനങ്ങൾ അപര്യാപ്തമാണെന്നും വിത്യസ്ത സമുദായങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത ചരിത്രാഖ്യാനങ്ങൾ സൃഷ്ടിച്ചു കൊണ്ടു മാത്രമേ ഇന്ത്യൻ ചരിത്രവും സമകാലീന ഇന്ത്യൻ രാഷ്ട്രീയവും സൂക്ഷ്മമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂവെന്നും, അത്തരത്തിൽ മുസ്‌ലിം സമൂഹത്തെ സംബന്ധിച്ച മുസ്‌ലിം സ്വത്വം തന്നെ നേതൃത്വം നൽകുന്ന സൂക്ഷ്മമായ ചരിത്ര രചനയിലൂടെ മാത്രമേ മുസ്‌ലിം വിഭാഗത്തിന്, ഒരു പ്രത്യയശാസ്ത്ര-രാഷ്ട്രീയ സമൂഹം എന്ന നിലയിൽ ഇന്ത്യയിലെ വിവിധ വിഭാഗങ്ങളുമായി ഇടപടാൻ സാധിക്കുകയുള്ളൂ എന്നുമുള്ള കൃത്യമായ ചരിത്ര ബോധ്യമാണ് പ്രസ്തുത ആഹ്വാനത്തിലൂടെ ശർജീൽ ഇമാം സമൂഹത്തിന് പകർന്ന് നൽകിയത്.

1947-ൽ ഇന്ത്യ സ്വതന്ത്രമാവുകയും 1950-ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വരികയും ചെയ്തതിനു ശേഷം ഇന്ത്യയിലെ വിവിധ സമൂഹങ്ങൾ, വിശിഷ്യാ മുസ്‌ലിം സമൂഹം, സംവരണം അടക്കമുള്ള പ്രാതിനിധ്യ വ്യവസ്ഥകൾ ഭരണഘടനാ അവകാശമായി ഉള്ള ഒരു രാജ്യത്ത് എപ്രകാരം സ്വയം ഒരു രാഷ്ട്രീയ ശക്തിയായി രൂപപ്പെടുന്നതിൽ പരാജയപ്പെട്ടു എന്ന ഗൗരവതരമായ ചോദ്യം ശർജീൽ ഇമാം മുന്നോട്ടുവയ്ക്കുന്നുണ്ട്. 2019 -ൽ നരേന്ദ്ര മോഡി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ സാമൂഹ്യ – രാഷ്ട്രീയ – നിയമ പരിസരത്ത്, പൗരത്വം നഷ്ടപ്പെട്ട്, രണ്ടാംകിട പൗരൻമാരായി, വംശീയമായ ഉന്മൂലനത്തിന്റെ തൊട്ടരികിൽ, വലിയ ഒരളവോളം പാർലിമെന്ററി രാഷ്ട്രീയത്തിൽ രാഷ്ട്രീയപരമായ നിഷ്ക്രിയത്വം മുസ്‌ലിം സമൂഹം അനുഭവിച്ച ഒരു ഘട്ടത്തിൽ ആണ് ചരിത്ര ഗവേഷകൻ കൂടിയായ ശർജീൽ ഇമാം ഗൗരവതരമായ പ്രസ്തുത ചോദ്യം ഇന്ത്യൻ സമൂഹത്തിൽ വച്ചത്.

ശർജീൽ ഇമാം

ഭരണകൂട – പൊതുബോധ പിന്തുണയോടെ സ്റ്റേറ്റ് നടപ്പിലാക്കാൻ ഒരുങ്ങിയ വംശഹത്യാ പദ്ധതിയുടെ നടുവിലിരുന്നാണ് പ്രാതിനിധ്യ രാഷ്ട്രീയത്തെ സംബന്ധിച്ച ചർച്ചകൾ വീണ്ടും ഗൗരവമായി ഉയരുന്നത് എന്നത് തികച്ചും പരിതാപകരമായ ഒരവസ്ഥയാണ്. എന്നിരിന്നാലും ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ചും ഇന്ത്യൻ സാമൂഹ്യ ധാർമ്മികതയെ സംബന്ധിച്ചും വിമർശനാത്മകമായ ഒരു അവലോകനം അത് സാധ്യമാക്കി എന്നത് ഒരു വസ്തുതയാണ്. പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിൽ കാണപ്പെട്ട വിദ്യാർത്ഥി നേതൃത്വവും സ്ത്രീ പ്രാതിനിധ്യവും ഭരണകൂടത്തിന്റെ വംശഹത്യാ നയത്തിനെതിരെ നിലകൊള്ളാനുളള മുസ്‌ലിം സമൂഹത്തിന്റെയും ദലിത് പിന്നോക്ക വിഭാഗത്തിന്റെയും ഇച്ഛാശക്തിയും രാഷ്ട്രീയ സാമൂഹിക തിരിച്ചറിവുകളും ഭാവി ഇന്ത്യയെ സംബന്ധിക്കുന്ന സുപ്രധാനമായ ചരിത്ര ഘട്ടമായാണ് വിലയിരുത്തേണ്ടത്. അത്തരമൊരു ചരിത്ര ഘട്ടത്തിൽ ഇന്ത്യയിൽ മുസ്‌ലിം – ദലിത് – ആദിവാസി – സ്ത്രീ തുടങ്ങിയ പലതരം പിന്നോക്ക വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയുടെ ചരിത്രത്തെക്കുറിച്ചും അതിനെ മറികടക്കാൻ നടന്ന ചരിത്രപരമായ മുന്നേറ്റങ്ങളെയും അവയുടെ പ്രതിഫലനങ്ങളെയും കുറിച്ചും ഇന്ത്യയിലെ ബ്രാഹ്മണിക പൊതുബോധത്തിന്റെയും ബ്രാന്മണ്യ സ്റ്റേറ്റ് – ഡീപ്പ് സ്റ്റേറ്റ് സംവിധാനങ്ങളുടെയും ഈ മുന്നേറ്റങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെയും ഹിന്ദു ഭരണകൂടത്തിന്റെ, അത്തരം ശ്രമങ്ങളെ മറികടക്കാനുളള സാഹചര്യം ഇന്ത്യയിലെ വിവിധ വിഭാഗങ്ങൾ, വിശിഷ്യാ മുസ്‌ലിങ്ങളും ദലിതുകളുമടങ്ങുന്ന വിഭാഗങ്ങൾ കണ്ടെടുത്തതിനെ സംബന്ധിച്ചുമൊക്കെ സൂക്ഷ്മമായ ചരിത്ര വായനകൾ സാധ്യമാകുമ്പോൾ മാത്രമാണ് ഇപ്പോൾ ഇന്ത്യയിലെ മുസ്‌ലിം വിഭാഗവും ദലിത് – ആദിവാസി വിഭാഗങ്ങളും മറ്റു പിന്നോക്ക വിഭാഗങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന അസ്തിത്വ പ്രതിസന്ധിയെയും ഹിന്ദു ഭരണകൂടത്തിന്റെ വംശീയ ഉന്മൂലന ഭീഷണിയെയും എപ്രകാരം മറികടക്കാം എന്ന രാഷ്ട്രീയ ബോധ്യം മുസ്‌ലിം സമൂഹത്തിനു കൈവരികയുള്ളൂ. അങ്ങനെയൊരു രാഷ്ട്രീയ ബോധ്യത്തിലേക്ക് ഉയരണമെങ്കിൽ സ്വന്തം ചരിത്രത്തെ സംബന്ധിച്ച കൂടുതൽ വസ്തുനിഷ്ടവും നീതിയുക്തവുമായ, സ്വയം നിർമ്മിതമായ ചരിത്രാഖ്യാനങ്ങൾ അനിവാര്യമാണ്.

ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ച എതൊരു രാഷ്ട്രീയ, സാമൂഹിക, ചരിത്ര വായനയും ആരംഭിക്കുന്നത് ഇന്ത്യയുടെ അടിസ്ഥാന സാമൂഹിക ഘടനയായ ജാതിയിൽ നിന്നും, ജാതി വ്യവസ്ഥക്ക് പ്രത്യയശാസ്ത്ര അടിത്തറ നൽകുന്ന ബ്രാഹ്മണ്യ തത്ത്വചിന്തയെയും സംബന്ധിച്ച ആലോചനകളിലൂടെയാണ്. ഇന്ത്യൻ സമൂഹത്തിലെ വിവേചനങ്ങളെ കുറിച്ചോ, സംവരണം അഥവാ സാമുദായിക – ലിംഗ പ്രാതിനിധ്യത്തെ കുറിച്ചോ സൂക്ഷ്മമായി മനസ്സിലാക്കണമെങ്കിൽ ജാതിയുടെ, അഥവാ ഇന്ത്യയിലെ പ്രബല – ഭൂരിപക്ഷ മതമായ ഹിന്ദു മതത്തെ സംബന്ധിച്ച പ്രത്യയശാസ്ത്ര ജ്ഞാനത്തിന്റെ അഭാവത്തിൽ സാധ്യമല്ല.

ജാതി വ്യവസ്ഥയാണ് ഇന്ത്യയുടെ ഹൃദയം എന്നാണ് ഇന്ത്യൻ സാമൂഹ്യ ഘടനയെ കുറിച്ച് ഡോ.അംബേദ്ക്കർ വിശദീകരിച്ചത്. ഇന്ത്യയിൽ നിലനിൽക്കുന്ന വിചേനത്തിന്റെ അടിസ്ഥാനമായിരിക്കുന്നത് ഒരു വ്യക്തിയുടെ യോഗ്യതയോ സാമ്പത്തികാവസ്ഥയോ അല്ല മറിച്ച് ഒരാളുടെ സാമൂഹിക അസ്ഥിത്വം ആണ് എന്നത് ബ്രാഹ്മണ്യ ജാതി സമൂഹത്തിന്റെ ചിന്താക്രമത്തെ സംബന്ധിച്ച സൂക്ഷ്മമായ പ്രത്യയശാസ്ത്ര – മനഃശാസ്ത്ര വായനയിലൂടെ കണ്ടെടുത്ത ഒരു വസ്തുതയാണ്. ഇന്ത്യ എന്നത് വിവിധ ജാതികളുടെ ഒരു നാടാണ് എന്നതും, ഗ്രേഡഡ് ഇനീക്വാലിറ്റി അഥവാ ശ്രേണീകൃതമായ അസമത്വം ആണ് ജാതി വ്യവസ്ഥയുടെ അടിസ്ഥാന പ്രകൃതം എന്നുമുള്ള ചരിത്രപരമായ തിരിച്ചറിവിൽ നിന്നാണ് യഥാർത്ഥത്തിൽ സാമൂഹിക സ്വത്വങ്ങളുടെ പ്രാതിനിധ്യം എന്ന ആശയം ഇന്ത്യയിൽ രൂപം കൊള്ളുന്നത്. അതുകൊണ്ടു തന്നെയാണ് സാമൂഹ്യശാസ്ത്രപരമായി ഇന്ത്യയിലെ എല്ലാ സമൂഹങ്ങളും ഒരേ കാലത്തും ഒരേ സമയത്തും ആണ് ജീവിക്കുന്നത് എന്ന് പറയാൻ സാധിക്കുകയില്ല എന്ന് ഡോ.അംബേദ്ക്കർ നിരീക്ഷിച്ചത്. അതിനു കാരണം കേവലം ഒരു വ്യക്തിയല്ല, മറിച്ച് ഒരു വ്യക്തി എന്നതിൽ കവിഞ്ഞ് ജാതി വ്യവസ്ഥയിൽ താഴെ തട്ടിലുള്ള ജാതി സ്വത്വങ്ങളും സാമൂഹികപരമായും രാഷ്ട്രീയപരമായും അധികാരം കയ്യാളുന്ന ബ്രാഹ്മണ്യ – സവർണ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അവർ അപരരായി കണക്കാക്കുന്ന മുസ്‌ലിം, ക്രിസ്ത്യൻ അടക്കമുള്ള മത സ്വത്വങ്ങളുമാണ് ഇന്ത്യയിൽ വിവേചനത്തിന്റെ പ്രാഥമിക ഇരകൾ എന്ന തിരിച്ചറിവാണ് സംവരണം അടക്കമുള്ള പ്രാതിനിധ്യ രാഷ്ട്രീയത്തെ സാധ്യമാക്കിയത്.

ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ്, ബ്രിട്ടീഷ് കോളോണിയൽ കാലഘട്ടത്തിൽ തന്നെ ഇന്ത്യയിലെ വിവിധ സാമൂഹിക വിഭാഗങ്ങൾക്ക് പ്രത്യേക പ്രാതിനിധ്യാവകാശങ്ങൾ നൽകപ്പെട്ടിരുന്നു. യഥാർത്ഥത്തിൽ, മഹാരാഷ്ട്രയിൽ ജ്യോതിഭാ ഫൂലെയുടെയും സാവിത്രീ ഭായ് ഫൂലെയുടെയും നേതൃത്വത്തിൽ ആരംഭിക്കുന്ന, കേരളത്തിൽ അയ്യൻ കാളിയും ശ്രീനാരായണ ഗുരുവും, വക്കം അബ്ദുൽ ഖാദർ മൗലവിയും, അറക്കൽ ബലി ഹസനും, ആലി മുസ്ലിയാരും, സഹോദരൻ അയ്യപ്പനും പൊയ്കയിൽ അപ്പച്ചനും നേതൃത്വം നൽകിയ, പിന്നീട് ഡോ. ബാബാ സാഹേബ് അംബേദ്ക്കർ വലിയ രീതിയിൽ മുന്നോട്ടെടുത്ത, മുസ്‌ലിം ലീഗും മുഹമ്മദലി ജിന്നയും മറ്റു മുസ്‌ലിം സാമുദായിക കക്ഷികളും നിലകൊണ്ട, സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ ഫലമായാണ് സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുവാനും ഭരണതലത്തിലും സർക്കാർ ഉദ്യോഗ തലത്തിലും വിദ്യാഭ്യാസ മേഖലയിലും പ്രസ്തുത വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുൻ നിർത്തി ‘ കമ്മ്യൂണൽ അവാർഡ്’ എന്ന സംവിധാനം ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിൽ നിലവിൽ വരുന്നത്. 1909-ൽ തന്നെ, മുസ്‌ലിം സമൂഹത്തിന്, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രത്യേക മണ്ഡലങ്ങൾ ബ്രിട്ടീഷ് ഭരണകൂടം അനുവദിച്ചിരിന്നു. 1919-ലെ Government of India Act പ്രകാരം മുസ്‌ലിം, സിഖ്, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്, ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങൾക്ക് പ്രത്യക മണ്ഡലങ്ങളും സീറ്റുകളും അനുവദിച്ചിരുന്നു. എങ്കിൽ പോലും ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ സാമൂഹികമായും രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും എറെ വിവേചനങ്ങൾ അനുഭവിച്ചിരുന്ന ദലിത്-ആദിവാസി വിഭാഗത്തിന് പ്രത്യേക പ്രാതിനിധ്യ അവകാശങ്ങൾ ലഭിച്ചിരുന്നില്ല.

1919-ൽ സൗത്ത് ബോറൊ കമ്മീഷൻ, ഇന്ത്യയിലെ സമ്മതിദാനാവകാശത്തെ കുറിച്ചു പഠിക്കാൻ ഇന്ത്യയിൽ എത്തുന്നുണ്ട്. പ്രസ്തുത കമ്മീഷനു മുമ്പാകെ ഡോ: അംബേദ്ക്കർ ഒരു നിവേദനം സമ്മർപ്പിച്ചിരുന്നു, അതിൽ ഇന്ത്യയിൽ നിലനിൽക്കുന്ന വിവേചന രൂപങ്ങളെ കുറിച്ച് വിശദീകരിച്ചതിനു ശേഷം, സാമുദായിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാന ആവശ്യകതയെ കുറിച്ച് അംബേദ്ക്കർ ഇപ്രകാരമാണ് വിശദീകരിച്ചത്: “ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ അഭിപ്രായങ്ങളുടെ പ്രാതിനിധ്യം തീർച്ചയായും ഒരനിവാര്യതയാണ്, അതുപക്ഷേ ജനാധിപത്യത്തിന്റെ 50% മാത്രമേ ആകുന്നുള്ളു. ഇന്ത്യ പോലെ വളരെ വിത്യസ്തമായ ജനവിഭാഗങ്ങൾ ജീവിക്കുന്ന ഒരു രാജ്യത്ത്, വിവിധ അഭിപ്രായങ്ങളുടെ പ്രാതിനിധ്യത്തോടൊപ്പം, വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളെ കൂടി ഭരണ സംവിധാനത്തിൽ എത്തിച്ചാൽ മാത്രമേ ജനാധിപത്യം പൂർണമാവുകയുള്ളു” എന്ന് അംബേദ്ക്കർ സ്ഥാപിക്കുന്നുണ്ട്. മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങൾക്കൊപ്പം ഇന്ത്യാ ചരിത്രത്തിലുടനീളം അതി ഭീകരമായ വിവേചനത്തിനും ഹിംസയ്ക്കും ഇരയായ, സാമൂഹിക സ്ഥാനങ്ങളിൽ നിന്നും രാഷ്ട്രീയ അധികാരത്തിൽ നിന്നും വിദ്യാഭ്യാസ അവകാശങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ട  പിന്നോക്ക ജാതി വിഭാഗങ്ങൾക്കുകൂടി പ്രത്യേക പ്രാതിനിധ്യാവകാശങ്ങൾ അനിവാര്യമാണെന്ന സൂക്ഷ്മവും ചരിത്രപരവുമായ നിലപാടായിരുന്നു ഡോ.അംബേദ്ക്കർ ഉൾപ്പെടെയുള്ള സമുന്നതരായ നേതാക്കൾ കൈക്കൊണ്ടത്. ഇന്ത്യയെ കോളോണിയൽ ഭരണത്തിൽ നിന്ന് രക്ഷിക്കുന്നതിനേക്കാൾ പ്രാധാന്യം ഇന്ത്യയിലെ അവർണ്ണ വിഭാഗങ്ങളെ സവർണ്ണ വിഭാഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് എന്ന ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനവും ഈ വിഷയത്തിൽ അംബേദ്ക്കർ നടത്തുന്നുണ്ട്. എന്നാൽ ഹിന്ദു മതത്തിലെ താഴ്ന്ന ജാതി വിഭാഗങ്ങൾക്ക് ന്യൂനപക്ഷ പദവിയും പ്രത്യേക മണ്ഡലങ്ങളും അനുവദിക്കുന്നത് ഹിന്ദു മതത്തെ വിഭജിക്കുന്നതിനു കാരണമാകും എന്ന നിലപാടായിരുന്നു കോൺഗ്രസ്സും ഗാന്ധിയും സവർണ സംഘടനകളും കൈക്കൊണ്ടത്. അത്തരം വിമർശനങ്ങളോട്, “ആഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരെ നിങ്ങൾ വാചാലരാവുകയും, എന്നാൽ ഇന്ത്യക്കകത്ത് ഒരാഫ്രിക്കയുണ്ടെന്ന സത്യം നിങ്ങൾ പറയാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്” എന്നായിരുന്നു അംബേദ്ക്കർ പ്രതികരിച്ചത്. ഇത്തരത്തിൽ ഇന്ത്യയിൽ രൂപം കൊണ്ട സാമുദായിക പ്രാതിനിധ്യ പ്രശ്നത്തെ പരിഹരിക്കാൻ വേണ്ടി 1930 മുതൽ 1932 വരെയുള്ള കാലഘട്ടത്തിൽ മൂന്ന് വട്ടമേശ സമ്മേളനങ്ങൾ ലണ്ടനിൽ വച്ച്  നടക്കുകയുണ്ടായി. ആദ്യത്തെ രണ്ടു വട്ടമേശ സമ്മേളനങ്ങളും സാമുദായിക പ്രാതിനിധ്യത്തെ സംബന്ധിച്ച പ്രശ്നത്തിന് പരിഹാരം കാണാതെ പരാജയപ്പെടുകയാണുണ്ടായത്. അതിനു ശേഷമാണ് 1932-ൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന Ramsay Macdonald ഇന്ത്യയിലെ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ഹിന്ദു മതത്തിലെ പിന്നോക്ക ദലിത് വിഭാഗങ്ങൾക്ക് പ്രത്യേക സാമുദായിക പ്രാതിനിധ്യ അവകാശങ്ങൾ (Communal Awards) നൽകുന്നത്. കമ്മ്യൂണൽ അവാർഡ് പ്രകാരം, ഒരോ വിഭാഗങ്ങൾക്കും ഭരണപരമായ പ്രാതിനിധ്യം (Legislative Representation) നൽകുകയും പ്രത്യേക മണ്ഡലങ്ങൾ അനുവദിക്കുകയും പ്രസ്തുത മണ്ഡലത്തിലെ സാമുദായിക പ്രാതിനിധ്യം ലഭിച്ച വിഭാഗങ്ങൾ അവരുടെ ഭരണ സാമാജികനെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതായിരുന്നു കമ്മ്യൂണൽ അവാർഡിന്റെ രീതി ശാസ്ത്രം. ഇത്തരത്തിൽ കമ്മ്യൂണൽ അവാർഡ് നൽകിയ പ്രാതിനിധ്യാവകാശമാണ് അംബേദ്ക്കർ, ജോഗേന്ദ്ര നാഥ് മണ്ഡൽ, മുഹമ്മദലി ജിന്ന എന്നീ നേതൃത്വങ്ങളെ ദലിത് – മുസ്‌ലിം പ്രതിനിധികളായി  ഭരണതലത്തിൽ എത്തിച്ചത്.

1947-ൽ ഇന്ത്യ സ്വതന്ത്ര്യമാവുകയും 1950-ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വരികയും സാമൂഹികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവുമായ പിന്നോക്കാവസഥയും അപ്രാതിനിധ്യവും അനുഭവിക്കുന്ന സാമുദായിക – ജാതി വിഭാഗങ്ങൾക്കും സ്വത്വ സമൂഹങ്ങൾക്കും അടക്കം, ഭരണം, സർക്കാർ ഉദ്യോഗം, വിദ്യഭ്യാസം എന്നീ മേഖലകളിൽ പ്രാതിനിധ്യം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടു കൂടി സംവരണം ഇന്ത്യൻ ഭരണഘടനയിലെ ഒരു സുപ്രധാന വ്യവസ്ഥയായി പരിഗണിക്കപ്പെട്ടു.

സ്വതന്ത്ര ഇന്ത്യയിൽ പലപ്പോഴും രാഷ്ട്രീയപരമായി നിഷ്ക്രിയവും സാമൂഹികമായി പ്രതിരോധ ശേഷി ഇല്ലാത്തതും വൈജ്ഞാനികമായി ദിശാബോധം ഇല്ലാത്തതുമായി കാണപ്പെട്ട മുസ്‌ലിം സമൂഹത്തിന്റെ ചരിത്ര ഘട്ടത്തിൽ നിന്ന് പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തിലൂടെ വലിയ രീതിയിൽ സമൂഹത്തോടും സ്റ്റേറ്റിനോടും സംവദിക്കാൻ ശേഷി കാണിച്ച ഒരു മുസ്‌ലിം സമൂഹത്തിന്റെ വളർച്ചയുടെ ദിശയെ, വൈജ്ഞാനികമായി മനസ്സിലാക്കുകയും സൂക്ഷ്മമായി അപഗ്രഥിക്കുകയും കൂടി ചെയ്യേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്ക് അടിസ്ഥാനമായ ചരിത്രപരമായ ബലഹീനതകൾ മനസ്സിലാക്കാനും അവയെ മുസ്‌ലിം സമൂഹം, ഒരു സാമുദായിക – രാഷ്ട്രീയ സ്വത്വം എന്ന നിലയിൽ എങ്ങനെ അതിജീവിക്കണം എന്ന രാഷ്ട്രീയ ചരിത്ര ബോധ്യത്തിലേക്ക് എത്തുകയും ചെയ്യുകയുള്ളൂ.

ഭരണഘടനയുടെ Article 340-ാം വകുപ്പ് പ്രകാരം സാമൂഹികമായും വിദ്യഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ അവസ്ഥയെ കുറിച്ച് പഠിക്കാനും അവ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ആവിഷ്ക്കരിക്കുന്നതിനെ സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകുന്നതിനും വേണ്ടി വസ്തുനിഷ്ട റിപ്പോർട്ട് തയ്യാറാക്കുവാൻ കമ്മീഷനുകളെ നിയോഗിക്കുവാൻ ഉള്ള അധികാരം ഇന്ത്യൻ പ്രസിഡന്റിനുണ്ട്. പ്രസ്തുത അധികാരത്തിന്റെ അടിസ്ഥാനത്തിൽ ആണ്, ഇന്ത്യയിലെ ആദ്യത്തെ പിന്നോക്ക വിഭാഗ കമ്മീഷനെ, കാകാ കാലേൽക്കറുടെ നേതൃത്വത്തിൽ, 1953-ൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ഡോ.രാജേന്ദ്ര പ്രസാദ് നിയമിച്ചത്. ഇന്ത്യക്കകത്ത് പട്ടിക ജാതി – പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കു പുറമേ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ തിരിച്ചറിയാൻ വേണ്ടിയുള്ള മാനദണ്ഡങ്ങൾ നിർണയിക്കുക, പ്രസ്തുത മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളുടെ പട്ടിക തയ്യാറാക്കുക, പട്ടികയിൽ ഉൾപ്പെടുത്തിയ വിഭാഗങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകേണ്ട നിയമ സഹായങ്ങൾ, മറ്റു പാക്കേജുകൾ എന്നിവ നിർദ്ദേശിക്കുക എന്നതായിരുന്നു കമ്മിറ്റിയുടെ പ്രധാന ദൗത്യങ്ങൾ. 1955 മാർച്ച് മാസം കമ്മിറ്റി പ്രസിഡന്റിനും പ്രധാനമന്ത്രിക്കും റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ 2399 വിഭാഗങ്ങളെ പിന്നോക്ക വിഭാഗങ്ങളായി പരിഗണിക്കണം എന്ന് കമ്മിറ്റി ശുപാർശ ചെയ്തു. അതിൽ തന്നെ 837 വിഭാഗങ്ങളെ അത്യന്തം പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളായി പരിഗണിക്കണം എന്നും റിപ്പോർട്ട് ചെയ്തു. എങ്കിലും, പല കാരണങ്ങളാൽ കാകാ കലേൽക്കർ റിപ്പോർട്ട് നടപ്പിലാക്കപ്പെട്ടില്ല.

പിന്നീട് 1979-ൽ, മോറാർജി ദേശായിയുടെ നേതൃത്ത്വത്തിലുള്ള ജനതാ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ഘട്ടത്തിൽ ആണ് സ്വതന്ത്ര്യ ഇന്ത്യയിലെ പ്രാതിനിധ്യ രാഷ്ട്രീയത്തിൽ അതീവ പ്രാധാന്യമർഹിക്കുന്ന, പിന്നോക്ക ജനവിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കാനും ആ വിഭാഗങ്ങളുടെ ചരിത്രപരമായ പിന്നോക്കാവസ്ഥയെ പരിഹരിക്കാൻ ആവശ്യമായ സർക്കാർ തല നടപടികൾ ശുപാർശ ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി ബി.പി മണ്ഡൽ ചെയർമാനായ ഒരു കമ്മിറ്റിയെ രൂപീകരിച്ചത്. തുടർന്ന് 1983-ൽ കമ്മിറ്റി തങ്ങളുടെ റിപ്പോർട്ട് സമർപ്പിച്ചു. ഈ കമ്മിറ്റി റിപ്പോർട്ട് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് എന്നറിയപ്പെട്ടു. 1983-ൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും 1990-ൽ, വിപി സിംഗ് പ്രധാനമന്ത്രി ആയിരുന്ന ഘട്ടത്തിൽ മാത്രമാണ് റിപ്പോർട്ട് ഭാഗികമായെങ്കിലും നടപ്പിലാക്കപ്പെട്ടത്. പ്രസ്തുത റിപ്പോർട്ടിൽ, സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ, രാജ്യത്ത് 52% OBC വിഭാഗങ്ങളുണ്ടെന്നും, ഇവർക്ക് കേന്ദ്ര – സംസ്ഥാന സർക്കാർ ഉദ്യോഗത്തിലും മറ്റു പൊതു മേഖലാ സ്ഥാപനങ്ങളിലും 27% സംവരണം അനുവദിക്കണമെന്നും ശുപാർശ ചെയ്തിരുന്നു. വി.പി. സിംഗ് സർക്കാർ ഇത് നടപ്പിലാക്കാൻ തീരുമാനമെടുത്തു. പ്രസ്തുത തീരുമാനം, രാഷ്ട്രീയപരമായും സാമൂഹികപരമായും വലിയ ചലനങ്ങളാണ് ഇന്ത്യയിൽ സൃഷ്ടിച്ചത്. ബി.ജെ.പിയും കോൺഗ്രസ്സുമടക്കമുള്ള സവർണാധിപത്യ പ്രസ്ഥാനങ്ങളെല്ലാം തന്നെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കരുത് എന്ന് നിലപാടെടുത്തു. പ്രസ്തുത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിദ്യാർത്ഥി വിഭാഗങ്ങൾ രാജ്യത്തെ ക്യാമ്പസുകളിൽ മണ്ഡൽ വിരുദ്ധ പ്രക്ഷോഭങ്ങൾക്കു നേതൃത്വം വഹിച്ചു. മണ്ഡൽ അനുകൂല പ്രകടനങ്ങൾക്കും നിലപാടുകൾക്കും എതിരായി ‘കമണ്ഡൽ’ പ്രസ്ഥാനം അഥവാ മണ്ഡൽ വിരുദ്ധ പ്രസ്ഥാനങ്ങൾ അതിശക്തമായ പ്രക്ഷോഭങ്ങളാണ് രാജ്യത്ത് നടത്തിയത്. പിന്നീട്, Indira Sawhney v. Union of India എന്ന സുപ്രധാന കേസിലെ വിധിയിലൂടെ സുപ്രിം കോടതിയുടെ ഒമ്പതംഗ ബെഞ്ച്, OBC വിഭാഗത്തിന് 27% സംവരണം നൽകാനുള്ള പാർലിമെന്റ് തീരുമാനം ഭരണഘടനാ വിരുദ്ധമല്ലെന്ന വിധിയിലൂടെ സംവരണം എന്ന വ്യവസ്ഥ നിയമപരമായി അംഗീകരിക്കപ്പെട്ടു.

ബി പി മണ്ഡൽ

ഇന്ത്യയിലെ പ്രാതിനിധ്യ രാഷ്ട്രീയത്തെ സംബന്ധിച്ച എതൊരു ചരിത്ര വായനയും മണ്ഡലിനെ സപർശിക്കാതെ പോകുവാൻ സാധിക്കുകയില്ല. 1992-ൽ തന്നെ 0BC വിഭാഗങ്ങൾക്ക് സർക്കാർ ഉദ്യോഗത്തിൽ 27% സംവരണം എന്ന മണ്ഡൽ കമ്മീഷൻ ശുപാർശ നടപ്പിലാക്കിയെങ്കിലും 2006-ൽ മാത്രമാണ് ഇന്ത്യയിലെ ഉന്നത വിദ്യഭ്യാസ മേഖലയിൽ OBC വിഭാഗങ്ങൾക്ക് സംവരണാവകാശങ്ങൾ ലഭിച്ചത്. ഇന്ത്യൻ മുസ്ലിങ്ങളുടെ പാർലിമെന്ററി രാഷ്ട്രീയ പ്രാതിനിധ്യത്തെ കുറിച്ച് ഇഖ്ബാൽ അൻസാരി എഴുതിയ “political Representation of Muslims In India, 1952-2004” എന്ന പുസ്തകത്തിൽ “1980-ലെയും 1984-ലെയും കാലഘട്ടത്തെ മാറ്റി നിർത്തിയാൽ 1952 മുതൽ 2004 വരെ, മറ്റൊരു ഘട്ടത്തിലും മുസ്‌ലിം സമുദായത്തിന് പാർലിമെന്റിൽ ജനസംഖ്യാനുപാതത്തിന്റെ പകുതി പ്രാതിനിധ്യം പോലും ലഭിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു. മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ സാധ്യതകളെ അപഹരിക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്.

ഇന്ത്യയുടെ ചരിത്രത്തെ സംബന്ധിച്ചും ഇന്ത്യൻ സാമൂഹിക ഘടനയെ സംബന്ധിച്ചും സൂക്ഷ്മമായ അപഗ്രഥനം നടത്തിയ എതൊരു വ്യക്തിക്കും പ്രാതിനിധ്യ അവകാശത്തെക്കുറിച്ചും ഇന്ത്യയിൽ പ്രസ്തുത അവകാശത്തിന്റെ അനിവാര്യതയെ കുറിച്ചും മനസ്സിലാക്കാവുന്നതേയുള്ളൂ. സ്വാഭാവിക നീതിയോ, അവസര സമത്വമോ സാമൂഹ്യ-വിദ്യഭ്യാസ സമത്വമോ രാഷ്ട്രീയ ജനാധിപത്യമോ അംഗീകരിച്ചിട്ടില്ലാത്ത ഇന്ത്യൻ സമൂഹത്തിൽ, രാഷ്ട്രീയമായും സാമൂഹികമായും മേൽക്കോയ്മയുള്ള വിഭാഗം സാമൂഹ്യപരമായും രാഷ്ട്രീയപരമായും അവശത അനുഭവിക്കുന്ന വിഭാഗങ്ങളെ എന്നും ചൂഷണം ചെയ്യുകയും പ്രാഥമിക അവകാശങ്ങൾ പോലും നിഷേധിക്കുകയും വംശീയമായി അപരവൽക്കരിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്തുകൊണ്ടിരുന്ന ചരിത്രത്തെ പറ്റി കൃത്യമായ തിരിച്ചറിവാണ് ഇന്ത്യ പോലെ, ഹിംസയെയും വംശീയ ഉന്മൂലനത്തെയും ധാർമ്മികവൽക്കരിച്ച ഒരു സമൂഹത്തിൽ പ്രാതിനിധ്യാവകാശങ്ങളെ കേവലം ഒരവകാശം എന്നതിലുപരി ഒരു മൗലീക അവകാശമാക്കി മാറ്റുന്നത്. വിദ്യാഭ്യാസ മേഖലകളിൽ മണ്ഡൽ കമ്മീഷൻ സൃഷ്ടിച്ച വിപ്ലവത്തെ, ശർജീൽ ഇമാം വിവരിച്ചത് ഇപ്രകാരമാണ് “ഞാൻ ഐ.ഐ.ടി യിൽ പഠിച്ചിട്ടുണ്ട്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപിലാക്കുന്നതിനു മുമ്പ് 600 വിദ്യാർത്ഥികൾ ഉള്ള ഒരു ബാച്ചിൽ കേവലം അഞ്ചോ ആറോ മുസ്‌ലിം വിദ്യാർത്ഥികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ഭാഗികമായെങ്കിലും നടപ്പാക്കിയതിനു ശേഷം മുസ്‌ലിം പ്രാതിനിധ്യം അഞ്ചിൽ നിന്ന് പതിനഞ്ചായി ഉയർന്നു – മൂന്നിരട്ടി വർദ്ധന.”

2015-ൽ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, കേന്ദ്ര മന്ത്രാലയ ഉദ്യോഗങ്ങളിൽ 27% സംവരണം OBC വിഭാഗങ്ങൾക്കുണ്ടെങ്കിലും കേവലം 12% OBC വിഭാഗ തസ്തികകൾ മാത്രമാണ് നികത്തിയത് എന്ന് വ്യക്തമാക്കിയിരുന്നു. എതാനും ദിവസങ്ങൾക്കു മുമ്പ് മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ വിവിധ കേന്ദ്ര സർവകലാശാലകളിലായി 313 അദ്ധ്യാപന തസ്തികകൾ OBC വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ടെങ്കിലും കേവലം 9 തസ്തികകളിൽ മാത്രമാണ് നിയമനം നടത്തിയത് എന്ന് കണക്കുകൾ പറയുന്നു. മാത്രമല്ല JNU, ഡൽഹി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, അലാഹബാദ് യൂണിവേഴ്സിറ്റി തുടങ്ങിയ രാജ്യത്തെ പ്രധാന യൂണിവേഴ്സിറ്റികളിൽ ഒന്നിൽ പോലും, OBC വിഭാഗത്തിൽ നിന്നുള്ള ഒരു പ്രഫസർ പോലും ഇല്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ OBC, SC, ST വിഭാഗങ്ങളെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ വളരെ വ്യക്തമാകുമ്പോൾ മാത്രമാണ് പ്രാതിനിധ്യ അവകാശത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ആവശ്യകതയും മനസ്സിലാവുകയുള്ളൂ.

(തുടരും)

മുഹമ്മദ് റാഷിദ്