Campus Alive

‘ഈ കാത്തിരിപ്പ് അവസാനിപ്പിക്കാം, നിസ്സഹകരണമാണ് നമുക്കാവശ്യം’

അലിഗഢ് മുസ്‌ലിം സർവ്വകലാശാലയിലെ മുൻ വിദ്യാർത്ഥി നേതാവും ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയുമായ ഷർജീൽ ഉസ്മാനി ജയിൽ മോചിതനായി ആഴ്ചകൾക്ക് ശേഷം (സെപ്തംബർ 15ന്) എഴുതിയ കത്തിന്റെ വിവർത്തനമാണ് ഇത്. പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ വിവിധ കേസുകളിലായി അറസ്റ്റു ചെയ്യുകയും ഒരു മാസത്തോളം അലിഗഢിലെ ജയിലിൽ കഴിയുകയുമായിരുന്ന ഷർജീൽ ഇക്കഴിഞ്ഞ സെപ്തംബർ ഒന്നിനാണ് ജയിൽ മോചിതനായത്. കത്തിന്റെ പൂർണ്ണരൂപം ചുവടെ,


“സലാം,

എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ചതിന് നിങ്ങളോരോരുത്തരോടും ഞാൻ നന്ദിയുള്ളവനാണ്. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും കൊണ്ട് മാത്രമാണ് എനിക്കിത് നിങ്ങൾക്കായി എഴുതാൻ കഴിയുന്നത്. ജയിലിൽ ഇത് അസാധ്യമായിരുന്നു. തങ്ങളുടെ നേതാക്കളുടെ ജയിൽവാസകാലത്തെ രചനകൾ  ആഘോഷമാക്കുന്ന ഒരു രാജ്യം അവിടുത്തെ രാഷ്ട്രീയ തടവുകാർക്ക് പേനയും കടലാസും ഉപയോഗിക്കാൻ അനുമതി കൊടുക്കുന്നില്ല. അത്കൊണ്ട് നിങ്ങൾക്കായി ഇത് എഴുതാൻ എനിക്ക് കാത്തിരിക്കേണ്ടിവന്നു.

കാത്തിരിക്കുക എന്നത് വിശാലമായ ഒരു പദമാണ്. ഒരു പ്രത്യേക സമയത്തോ സന്ദർഭത്തിലോ ഒരാൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരാൻ അതാവശ്യപ്പെടുന്നു. അത് അക്ഷമയാണ് സൂചിപ്പിക്കുന്നതെങ്കിലും ക്ഷമ ആവശ്യപ്പെടുകയും ചെയ്യുന്നു. മിക്ക സമയങ്ങളിലും കാത്തിരിക്കുക എന്നതാണ്  ശരിയായ കാര്യം. എന്നാൽ, ഈ ‘മിക്ക സമയത്തി’ൽ പെടുത്താൻ കഴിയുന്ന ഒരു കാലഘട്ടത്തിലല്ല നാം ജീവിക്കുന്നത്. കുഴപ്പങ്ങൾ അവസാനിക്കുന്നതുവരെ നമ്മൾ കാത്തിരിക്കാൻ കാരണമായ എല്ലാ നിലകളും നാം താണ്ടിക്കഴിഞ്ഞിരിക്കുന്നു. കാത്തിരിപ്പിന് നാം വലിയ വില നൽകേണ്ടി വരും. ഒരു പക്ഷേ നമ്മുടേതായിട്ടുള്ളതെല്ലാറ്റിനും അപ്പുറം. പക്ഷേ എന്താണ് നമ്മുടേതായുള്ളത്? അന്തസ്സുള്ള ജീവിതം എന്നു പറയാനാകുന്ന ഒന്നും നമുക്കില്ല. നമ്മൾ തിരഞ്ഞെടുത്തതായിരുന്നു കാത്തിരിപ്പ്. നമ്മുടെ തിരഞ്ഞെടുപ്പുകൾകൊണ്ടാണ് നമ്മുടേതായിരുന്നതെല്ലാം നമുക്ക് നഷ്ടപ്പെട്ടത്. മിക്ക സമയത്തും നമുക്ക് എളുപ്പമായതാണ് നാം തിരഞ്ഞെടുത്തത്. പക്ഷേ ഞാൻ പറഞ്ഞ പോലെ, നാം ജീവിക്കുന്നത് ഈ ‘മിക്ക സമയത്തി’ൽ പെടുത്താൻ കഴിയുന്ന ഒരു കാലത്തല്ല. എളുപ്പമുള്ളത് തിരഞ്ഞെടുക്കാതിരിക്കുക എന്നത് ത്യാഗമാണ്. കാത്തിരിക്കലിനേക്കാളും മഹത്തരമാണ് ത്യാഗം. നമുക്ക് വിലപ്പെട്ട എന്തെങ്കിലും ഒന്ന് ഉപേക്ഷിക്കലാണത്. അതുകൊണ്ട് ഞാൻ അഭ്യർത്ഥിക്കുകയാണ്, ഇത് കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള സമയമാണ്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി രാജ്യത്ത് അധികാരത്തിലേറിയ മുതൽക്ക് ഇന്ത്യയിലെ മുസ്‌ലിംകൾ വ്യവസ്ഥാപിതവും ഭീകരവും ക്രൂരവുമായ അടിച്ചമർത്തലുകൾ നേരിട്ട്കൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ നമ്മുടെ അസ്തിത്വം അനൗദ്യോഗികമായി ഇല്ലാതാക്കിയിരുന്നു. തുടർന്ന് ദേശീയ പൗരത്വ പട്ടികയും, പൗരത്വ ഭേദഗതി നിയമവും കൊണ്ട് അതിനെ ഔദ്യോഗികമാക്കി മാറ്റുകയും ചെയ്തു. പൗരത്വം അനൗദ്യോഗികമായി റദ്ദാക്കിയതിന്റെ പ്രതിഫലനങ്ങൾ പലമടങ്ങാണ്. കിരാതനിയമങ്ങൾ ഉപയോഗിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കും ആക്ടിവിസ്റ്റുകൾക്കും പൗരന്മാർക്കും നേരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഭീകര വേട്ട മുതൽ വിദ്വേഷജനകമായ ഹിന്ദുത്വ സാംസ്കാരിക ചിഹ്നങ്ങളും എണ്ണമില്ലാത്ത ആൾക്കൂട്ട കൊലപാതകങ്ങളും വരെയതിലുണ്ട്. ഇവയെല്ലാം നമ്മുടെ ജീവിതത്തിനോ അതുമായി ബന്ധപ്പെട്ട ഒന്നിനുമോ യാതൊരു വിലയുമില്ല എന്ന് നമ്മളോട് പ്രഖ്യാപിക്കുന്ന മുന്നറിയിപ്പാണ്. മൂല്യം കൽപ്പിക്കാത്തവ നിസ്സാരമാണെന്ന് തുറന്നു പറഞ്ഞതിന് എന്നോട് ക്ഷമിക്കൂ.

ഈ നീതിയില്ലാത്ത കണക്കുകൂട്ടലുകളോടുള്ള നമ്മുടെ പ്രതികരണം തീർത്തും ലളിതമായ ഒന്നാണ്. അത് അതൃപ്തമാണെന്നും എനിക്ക് സംശയമുണ്ട്.  രോഹിത് വെമുല അവസാനമായി കുറിച്ചിട്ടത് ഇങ്ങനെയാണ്; “പുറമേ കാണുന്ന സ്വത്വത്തിലും ഏറ്റവുമടുത്ത സാധ്യതകളിലും മാത്രമൊതുക്കി ഒരു മനുഷ്യന്റെ മൂല്യം ചുരുക്കുകയാണ്; ഒരു അക്കത്തിലേക്ക്, അല്ലെങ്കില്‍, ഒരു വസ്തുവിലേക്ക്‌. എന്നാല്‍ ഒരു മനുഷ്യനെ ഒരു മനസ്സെന്ന നിലയില്‍ പരിഗണിക്കുന്നേയില്ല”. ഇതിലും മോശമാണ് നമ്മെക്കുറിച്ചുള്ള മൂല്യനിർണ്ണയം. ‘ആകെ മരണസംഖ്യ’ എന്ന തലക്കെട്ടോട് കൂടിയ ഒരു ലിസ്റ്റിലെ അക്കം. യാതൊരു വിലയും കൽപ്പിക്കാത്ത, ജീവിതമില്ലാത്ത ഒരു വസ്തു. വീണ്ടും ആവർത്തിക്കുന്നതിൽ ക്ഷമിക്കുക, പക്ഷെ, നാം നേടിയതും നഷ്ടപ്പെടുത്തിയതുമെല്ലാം നാം നടത്തിയ തിരഞ്ഞെടുപ്പുകൾ കാരണമാണ്. ഇവിടെയാണ് എനിക്ക് വിയോജിപ്പുള്ളത്. ലളിതമായ പ്രതികരണങ്ങളോടുള്ള നമ്മുടെ ഇഷ്ടത്തോട് എനിക്ക് വിയോജിപ്പുണ്ട്. അതിനെ വിശദീകരിക്കുമ്പോൾ നാമതിനെ ‘നമ്മുടെ പോരാട്ടം’ എന്ന് വിളിക്കുകയും ചെയ്യും.

നിങ്ങളുടെ അസ്തിത്വത്തെ പോലും പരിഗണിക്കാത്ത, നിങ്ങളുടെ സഹപൗരന്മാർ നിങ്ങളുടെ ജീവനെ നിസ്സാരമായാണ് കാണുന്നത് എന്ന് ഉറപ്പിക്കാൻ സ്വയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തോട്, വിധേയനായ ഒരു പൗരന്റെതാണ് നമ്മുടെ പ്രതികരണങ്ങളെല്ലാം. നാം നിയമങ്ങൾക്ക് വിധേയരായികൊണ്ടാണ് പ്രതികരിക്കുന്നത്. ഇവയെല്ലാം അവസാനിക്കാൻ വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യും. വരുന്ന ഇലക്ഷനിൽ ഈ ഗവൺമെന്റ് പരാജയപ്പെടണേയെന്ന് നാം രഹസ്യമായും കൂട്ടമായും പ്രാർത്ഥിക്കുന്നു. ചിലപ്പോ ഈ ഗവൺമെന്റ് അത്ഭുതകരമായി പരാജയപ്പെട്ടെന്നു തന്നെ വെക്കുക, ഹിന്ദുക്കൾക്കിടയിൽ നടന്നു കഴിഞ്ഞിരിക്കുന്ന ഭീതിതമായ ഈ തീവ്രവത്കരണത്തിന് അടുത്തൊന്നും ശമനമുണ്ടാവാൻ പോകുന്നില്ല. “എല്ലാം ശരിയാവും, നമ്മുടെ കൂടെ ആളുകളുണ്ട്, നമുക്ക് സഖ്യ കക്ഷികളുണ്ട്” എന്നൊക്കെ നമ്മുടെ തന്നെ കാതുകളിൽ നിരന്തരം ആവർത്തിച്ചുകൊണ്ട് നാം സ്വയം വിഡ്ഢികളായിക്കൊണ്ടിരിക്കും. ഈ ലോകം മുഴുവൻ നമ്മുടെ പക്ഷത്ത് ഉണ്ടായെന്നു വരാം, പക്ഷേ ‘കാത്തിരിക്കുക’ എന്നതാണ് നമ്മുടെ പ്രതികരണമെങ്കിൽ അതൊക്കെ വെറുതെയാണ്.

ഇതുച്ചത്തിൽ പറയേണ്ടതുണ്ടോ എന്നതിലെനിക്കുറപ്പില്ല, പക്ഷേ, ഇതാണ് നാം ഉറച്ച നിലപാടിൽ എത്തേണ്ട സമയം എന്നെനിക്ക് തോന്നുന്നു. നിയമരഹിതമായ ഒരു സമൂഹത്തിലെ മർദ്ദിത വിഭാഗത്തിന്റെ നിയമത്തോടുള്ള വിധേയത്വ മനോഭാവത്തെ ആരുംതന്നെ വകവെക്കില്ല. തങ്ങളുടെ സഹോദരീ സഹോദരന്മാരുടെ മൃതശരീരങ്ങളുടെ എണ്ണമെടുക്കാനും, തടവിലാക്കപ്പെടുന്ന ഒരോ അടുത്ത ആളുടെയും മോചനത്തിനായി ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്താനും, മാസങ്ങളായുള്ള നിയമവിരുദ്ധ തടവിനു ശേഷം അവരുടെ മോചനത്തിനെ തന്നെ ആഘോഷിക്കുവാനും മുസ്‌ലിം ആക്ടിവിസ്റ്റുകൾ ഇനി നിൽക്കരുത്. നാം ശ്രദ്ധിക്കുന്നില്ലെങ്കിലും, ഓരോ വ്യക്തിയും ജയിൽമോചിതനാവുമ്പോഴും ഡസൻകണക്കിന് ആളുകൾ അപ്പുറത്ത് തടവിലടക്കപ്പെടുന്നുണ്ട്. ഇതൊക്കെ പരിഗണിക്കുന്ന ഒരാളെയേ നമുക്ക് സമ്മർദ്ദത്തിലാക്കാൻ കഴിയുകയുള്ളൂ. എന്നാലെന്റെ പ്രിയപ്പെട്ടവരേ, ഈ ഭരണകൂടത്തിന് ഇതൊന്നും ഒരു വിഷയമേയല്ല. വിദ്യാർത്ഥികൾ അവരുടെ കോളേജുകളിൽ ഒരു പുതിയ നിയമത്തിനെതിരിൽ നിരാഹാരം കിടക്കുന്നത് കോളേജ് അധികൃതർ അവരെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് വിശ്വാസമുള്ളത് കൊണ്ടാണ്. എന്നാൽ ഈ ഗവൺമെന്റിന്റെ കാര്യത്തിൽ അങ്ങനെയല്ല.

അടിച്ചമർത്താതിരിക്കാൻ വേണ്ടി മർദ്ദകരിൽ നമുക്ക് സമ്മർദ്ദം ചെലുത്താൻ കഴിയില്ല. അവരെ നിർബന്ധിക്കാനും ബലം പ്രയോഗിക്കാനും മാത്രമേ നമുക്ക് കഴിയൂ. ഇന്നേക്ക് അൻപത് വർഷമായുള്ള ചരിത്രം എടുത്താൽ, എഴുതപ്പെട്ട ചരിത്രം കൃത്യമാണെങ്കിൽ സമുദായത്തിലെ രണ്ട് തരത്തിലുള്ള കൂട്ടരെ നമുക്ക് കാണുവാൻ കഴിയും; നല്ലവരും, മോശപ്പെട്ടവരും. നാമനുഭവിച്ച പീഢനങ്ങൾക്കെല്ലാം നേരെ മൗനമലംബിച്ചവരാണ് മോശപ്പെട്ടവർ. നിരർത്ഥകമായ മുദ്രാവാക്യങ്ങളും വർണാഭമായ പോസ്റ്ററുകളും മടുപ്പിക്കുന്ന പതിവ് ഹാഷ്ടാഗുകളുമുപയോഗിച്ച് കൊണ്ട് അപലപിക്കുവാൻ വേണ്ടി മാത്രം ഈ പീഡനങ്ങൾ സംഭവിക്കുന്നത് വരെ  കാത്തുനിന്നവരായിരിക്കും നല്ല കൂട്ടർ. അമ്പത് വർഷങ്ങൾക്കപ്പുറം, എന്നെ പോലെയുള്ള നല്ലവരോടു പോലും ജനങ്ങൾ സന്തുഷ്ടരായിരിക്കില്ല.

ഇനിയെങ്കിലും കാത്തിരിപ്പ് അവസാനിപ്പിക്കുവാൻ നിങ്ങളോടഭ്യർത്ഥിക്കുയാണ്. നിങ്ങൾക്ക് കഴിയുമ്പോൾ ഈ പോരാട്ടത്തിൽ പങ്കുചേരാൻ ഞാൻ അപേക്ഷിക്കുന്നു. കൂട്ട അറസ്റ്റുകളും മാസ്-ലിഞ്ചിങ്ങുകളും നടത്തുന്ന ഈ ഭരണകൂടത്തിനും അതിന്റെ അനുയായികൾക്കുമെതിരിൽ എല്ലാ അർത്ഥത്തിലും തിരിച്ചടിക്കാൻ നൂറോ ആയിരമോ എത്രതന്നെയായാലും സന്നദ്ധരായ അത്രയും ആളുകൾ തയ്യാറാവണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. അതാണ് നാം തിരഞ്ഞെടുക്കേണ്ടത്. ഇന്നത് സാധ്യമല്ലെങ്കിൽ എന്നെങ്കിലും അത് സാധ്യമാക്കാനായി നമുക്ക് പരിശ്രമിക്കാം. ഈ അടിച്ചമർത്തൽ അടുത്തകാലത്തൊന്നും അവസാനിക്കാൻ പോകുന്നില്ല. നീതിയുക്തമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് ഹിന്ദുത്വത്തെ അനിവാര്യമായും പരാജയപ്പെടുത്തേണ്ടതുണ്ട്; നിസ്സഹകരണമാണ് നമുക്കാവശ്യം.

“ജിസ് ഖേത് സെ ദഖൻ കൊ മയസ്സർ നഹി റോസി,

ഉസ് ഖേത് കൊ ഹർ ഖോഷെ ഗൻദൂം കൊ ജലാ ദോ”

(ഏതൊരു വയലിൽ നിന്നാണോ കൃഷിക്കാരന് അവനുള്ളത്‌ ലഭിക്കാതിരിക്കുന്നത്, ആ വയലിലെ ഓരോ ഗോതമ്പ് കതിരും കത്തിച്ചു കളഞ്ഞേക്കുക.)

നിങ്ങളോട് ഐക്യപ്പെട്ടുകൊണ്ട്,

ഷർജീൽ ഉസ്മാനി”


വിവർത്തനം: അംജദ് കരുനാഗപ്പള്ളി

ഷർജീൽ ഉസ്മാനി