Campus Alive

ഖിലാഫത്തും ലോകവിമര്‍ശവും: സല്‍മാന്‍ സയ്യിദിന്റെ Recalling the Caliphate എന്ന പുസ്തകത്തിന്റെ ഒരു വിമര്‍ശന വായന

സല്‍മാന്‍ സയ്യിദിന്റെ Recalling the Caliphate എന്ന പുസ്തകത്തെക്കുറിച്ച് എനിക്ക് ചില ചോദ്യങ്ങളുണ്ട്. അതേസമയം ആ ചോദ്യങ്ങള്‍ എങ്ങനെ രൂപപ്പെടുത്തണം എന്നതിനെക്കുറിച്ചും ആര്‍ട്ടിക്കുലേറ്റ് ചെയ്യേണ്ട ഭാഷയെക്കുറിച്ചും എനിക്ക് കൃത്യമായ ധാരണയില്ല എന്ന് ആദ്യമേ പറഞ്ഞ്‌കൊള്ളട്ടെ. പുസ്തകം വായിക്കുമ്പോഴൊക്കെ വയലന്‍സിനെക്കുറിച്ച ചോദ്യമാണ് എന്നെ അലട്ടിക്കൊണ്ടിരുന്നത്. പ്രത്യേകിച്ച്, മുസ്‌ലിംകള്‍ പരസ്പരം ചെയ്യുന്ന വയലന്‍സിനെ നാമെങ്ങനെയാണ് മനസ്സിലാക്കുക? തക്ഫീരീ ഇസ്‌ലാമിസത്തെക്കുറിച്ച് സംസാരിക്കാതെ എങ്ങനെയാണ് നമുക്ക് ഇസ്‌ലാമിസത്തെക്കുറിച്ച് സംസാരിക്കാനാവുക? ഖിലാഫത്ത് പുനസ്ഥാപിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്നവര്‍ക്കിടയില്‍ എങ്ങനെയാണ് നമുക്ക് ഖിലാഫത്തിനെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുക? ഇത്തരം ചോദ്യങ്ങളെല്ലാം അഭിമുഖീകരിക്കേണ്ടത് തന്നെയാണെങ്കിലും Recalling the Caliphate എന്ന പുസ്തകവുമായി സാധ്യമാകേണ്ട ക്രിട്ടിക്കല്‍ എന്‍ഗേജ്‌മെന്റിനെ അവ തടയുന്നുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത്തരം ചോദ്യങ്ങള്‍ തീര്‍ച്ചയായും അഭിമുഖീകരിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ Westernese എന്ന പദപ്രയോഗത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് അധികാരത്തെയും അധീശത്വത്തെയും കുറിച്ച് സല്‍മാന്‍ സയ്യിദ് ഉയര്‍ത്തുന്ന ചോദ്യങ്ങളെ അഭിമുഖീകരിക്കാനാണ് ഞാനിവിടെ ശ്രമിക്കുന്നത്.

അധികാരത്തെക്കുറിച്ച സത്താപരമായ ( ontological) ചോദ്യങ്ങളാണ് സയ്യിദ് ഉയര്‍ത്തുന്നത്. ഡീകൊളോണിയല്‍ മുസ്‌ലിം ഉമ്മ: എന്ന ആശയത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് അദ്ദേഹം ഖിലാഫത്തിനെക്കുറിച്ച് സംസാരിക്കുന്നത്. ഇസ്‌ലാമിനെ ഒരു Transcendental Ideal ആയി കാണുകയും ( ontological എന്നാണ് സയ്യിദ് വിശേഷിപ്പിക്കുന്നത്) അതേസമയം തന്നെ അതിന്റെ ഇമ്മനന്റായ സാധ്യതകളെ അന്വേഷിക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്. രണ്ട് രീതിയിലാണ് സയ്യിദ് തന്റെ ആര്‍ഗ്യുമെന്റിനെ ഫ്രെയിം ചെയ്യുന്നത്: 1: അധീശമായി നിലനില്‍ക്കുന്ന അധികാരഘടനകളെ ജ്ഞാനശാസ്ത്രപരമായും സത്താപരമായും ഡിസ്‌റപ്റ്റ് ചെയ്യുക, 2: ഇസ്‌ലാമികം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു രാഷ്ട്രീയത്തെയും എത്തിക്‌സിനെയും വിഭാവനം ചെയ്യുക. പുസ്തകത്തിനെ അവസാന ഭാഗത്ത് എത്തിക്‌സിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയത്തെയാണ് സയ്യിദ് ഫോര്‍ഗ്രൗണ്ട് ചെയ്യുന്നത്. അഥവാ, രാഷ്ട്രീയം നിര്‍ണ്ണയിക്കുന്ന\നിര്‍ണ്ണയിക്കേണ്ട ഭാവിയെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

 

ഖിലാഫത്ത് എന്ന സങ്കല്‍പ്പം ഈ ലോകത്തെ ഡിസ്‌റപ്റ്റ് ചെയ്യുന്നുണ്ട് എന്ന സയ്യിദിന്റെ ആര്‍ഗ്യുമെന്റിനെ നമുക്കൊന്ന് പരിശോധിച്ച് നോക്കാം. മുസ്‌ലിം ഉമ്മ: യെ ഒരു ഡയസ്‌പോറിക് ആയ കമ്മ്യൂണിറ്റിയായാണ് സയ്യിദ് കാണുന്നതെങ്കില്‍ ഞാന്‍ ആ കമ്മ്യൂണിറ്റിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു. കാരണം മനുഷ്യന്‍ എന്ന കാറ്റഗറിയെത്തന്നെയാണ് സയ്യിദ് ഇവിടെ ചോദ്യം ചെയ്യുന്നത്. post-human എന്ന ആശയത്തെപ്പോലുമല്ല സയ്യിദ് ഇവിടെ മുന്നോട്ട് വെക്കുന്നത്. മറിച്ച് non-human എന്ന റാഡിക്കലായ കണ്‍സപ്റ്റിനെയാണ്. കാരണം non-human എന്നത് ലോകത്ത് നിലനില്‍ക്കുന്ന മുഴുവന്‍ അധികാര രൂപങ്ങളുടെയൊന്നും നിര്‍വ്വചനങ്ങളില്‍ പെടാത്ത, അവക്കൊന്നും പിടികൊടുക്കാത്ത സബ്ജക്ടാണ്. എന്നാല്‍ പുസ്തകത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആര്‍ഗ്യുമെന്റുകള്‍ പരിശോധിക്കുമ്പോള്‍ non-human എന്ന സയ്യിദിന്റെ ഐഡിയ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഉദാഹരണത്തിന്, ഒരു പൊതുവായ ഹ്യുമാനിറ്റിയുടെ നിര്‍മ്മാണമാണ് ഇസ്‌ലാമിക ഖിലാഫത്തിന്റെ ലക്ഷ്യമെന്ന് സയ്യിദ് സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, അതൊരു പൊളിറ്റിക്കല്‍ പ്രൊജക്ടിന്റെ ഭാഗം കൂടിയാണ്. ഇവിടെ കാള്‍ ഷിമിറ്റിന്റെ രാഷ്ട്രീയത്തെക്കുറിച്ച നിര്‍വ്വചനമാണ് ( friend\enemy) അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഇവിടെ എന്റെ സംശയം ഇതാണ്: എങ്ങനെയാണ് ഖിലാഫത്ത് ഒരേസമയം ഒരു പൊളിറ്റിക്കല്‍ പ്രൊജക്ടും ( friend\enemy എന്ന ഷിമിറ്റിയന്‍ വിഭജനത്തിന്റെ അടിസ്ഥാനത്തില്‍) മാനവികതയുടെ വിമോചനവുമാണെന്ന സയ്യിദിന്റെ വാദത്തെ നാം മനസ്സിലാക്കുക? മാത്രമല്ല, ഈ ചോദ്യത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത് ദബാഷി, താരീഖ് റമദാന്‍ തുടങ്ങിയവര്‍ എടുക്കുന്ന ലിബറേഷനിസ്റ്റായ പൊസിഷനുകളോടുള്ള സയ്യിദിന്റെ വിമര്‍ശനമാണ്. അതേസമയം തന്നെ പോസ്റ്റ്-കൊളോണിയല്‍ കാലത്ത് ഐഡിയോളജിക്കല്‍ ഇസ്‌ലാം കൂടുതല്‍ വിമോചനാത്മകമാകേണ്ടതുണ്ട് എന്ന ദബാഷിയുടെ വാദത്തെ അദ്ദേഹം സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഐഡിയോളജിക്കല്‍\ലിബറേഷനിസ്റ്റ് വ്യത്യാസത്തെ സയ്യിദ് ആര്‍ട്ടിക്കുലേറ്റ് ചെയ്യുന്നില്ല. മറിച്ച് ontic\ontological എന്ന ഹെയ്ഡിഗ്ഗേറിയന്‍ ഫിലോസഫിക്കല്‍ വിഭജനത്തെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം അവയെക്കുറിച്ച് സംസാരിക്കുന്നത്.

51GRLRvuEoL._UY250_

ontic\ontological എന്ന വിഭജനം പൂര്‍ണ്ണമായും fictional ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനര്‍ത്ഥം അതിന് പ്രതിഫലനങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയില്ല എന്നല്ല. അതേസമയം ഈ ലോകത്ത് തന്നെയാണ്, ഈ ലോകത്തെ മുന്‍നിര്‍ത്തിയാണ് ആ വിഭജനം ഇമാജിന്‍ ചെയ്യപ്പെടുകയും നിര്‍മ്മിക്കപ്പെടുകയുമൊക്കെ ചെയ്യുന്നത്. ഞാന്‍ കുറച്ച് കൂടി വിശദീകരിക്കാന്‍ ശ്രമിക്കാം. ഓണ്‍ടോളജിക്കലായ ഒരു ഇസ്‌ലാമിനെക്കുറിച്ചാണ് സയ്യിദ് സംസാരിക്കുന്നത്. അതിലൂടെ ഇസ്‌ലാമിനെയും being നെയും കുറിച്ച ചോദ്യങ്ങളെ അദ്ദേഹം കേന്ദ്രസ്ഥാനത്ത് കൊണ്ട് വരുന്നുണ്ട്. എന്നാല്‍ പൊളിറ്റിക്‌സ് തന്നെയാണ് being നെക്കുറിച്ച ചോദ്യം എന്നദ്ദേഹം സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ഇസ്‌ലാമിന്റെ ഫിലോസഫിക്കല്‍ പാരമ്പര്യത്തില്‍ existence നെയും onenessനെയും ബൈനറിയിലൂടെ സമീപിച്ചിട്ടില്ല. എന്നാല്‍ സയ്യിദിന്റെ ആര്‍ഗുമെന്റുകളിലെല്ലാം തന്നെ ontic\ontological വിഭജനം പ്രകടമാണ്. ക്രിസ്റ്റിയന്‍ പൊളിറ്റിക്കല്‍ തിയോളജിയുമായി സയ്യിദിന്റെ തിയററ്റിക്കല്‍ പൊസിഷന് ഒരുപാട് സാമ്യതകളുണ്ട്. അഥവാ, transcendence\immanence എന്ന വിഭജനം ഡീകൊളോണിയല്‍ മുസ്‌ലിം ഉമ്മ:യെക്കുറിച്ച അദ്ദേഹത്തിന്റെ ഇമേജിനേഷനില്‍ വളരെ പ്രകടമാണ്. ക്രിസ്റ്റ്യന്‍ പൊളിറ്റിക്കല്‍ തിയോളജിയിലെ ചര്‍ച്ചിനെക്കുറിച്ച സങ്കല്‍പ്പവുമായി അതിന് സാമ്യതയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

ലോകത്തുടനീളമുള്ള അധീശമായ അധികാര വ്യവസ്ഥകളെല്ലാം മനുഷ്യന്‍ എന്നതിനെ ഓരോ സാമൂഹിക പശ്ചാത്തലങ്ങളിലും വളരെ പര്‍ട്ടിക്കുലറായാണ് നിര്‍വ്വചിക്കുന്നത്. ഞാന്‍ ജീവിക്കുന്ന സമൂഹത്തില്‍ whiteness ആണ് അധികാരമായി നിലനില്‍ക്കുന്നത്. അതിനര്‍ത്ഥം വേറെ അധികാര രൂപങ്ങളൊന്നും ഇല്ലെന്നല്ല. slavery, anti-blackness തുടങ്ങിയവയെല്ലാം ചേര്‍ന്ന് സാധ്യമാക്കുന്ന അധികാര വ്യവസ്ഥയെക്കുറിച്ചും അത് നിര്‍വ്വചിക്കുന്ന മനുഷ്യന്‍ എന്ന കാറ്റഗറിയെക്കുറിച്ചുമാണ് ഞാനിവിടെ സംസാരിക്കുന്നത്.

51MTCkAUF4L._UY250_

 

സയ്യിദിനെ സംബന്ധിച്ചിടത്തോളം ഖിലാഫത്ത് എന്നത് ഈ ലോകഘടനക്കകത്ത് തന്നെ സാധ്യമാകേണ്ട ഒരു സാധ്യത മാത്രമാണ്. ഉത്തരഘടനാവാദ സമീപനത്തിന്റെ ഒരനിവാര്യ പരിമിതിയായാണ് ഞാനതിനെ മനസ്സിലാക്കുന്നത്. എന്താണ് ഈ ലോകം എന്ന ചോദ്യമാണ് ഇവിടെ ഉയര്‍ത്തേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. ഫ്രാങ്ക് വില്‍ഡെര്‍സണ്‍ പറയുന്നത് anti-blackness നെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ലോകം ( ഫനോന്‍ white world എന്നാണ് വിളിക്കുന്നത്) നിലനില്‍ക്കുന്നത് എന്നാണ്. ഈ ആന്റിബ്ലാക്ക്‌നെസ്സില്‍ നിന്ന് ആരും മുക്തമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആഫ്രിക്കന്‍ അടിമവ്യാപാരം തുടങ്ങുന്നത് തന്നെ അറബികളാണ്. അഥവാ, മുസ്‌ലിംകള്‍ക്കിടയിലും ആന്റിബ്ലാക്ക്‌നെസ്സ് വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ചും ഇസ്‌ലാം ആശ്ലേഷിക്കുന്ന വെളുത്തവര്‍ക്കിടയില്‍ അത് വ്യാപകമാണ്. ആത്മവിമര്‍ശനപരമായ ഒരു സമീപനമാണ് ഇവിടെ സ്വീകരിക്കേണ്ടത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എങ്കില്‍ മാത്രമേ അധികാരത്തെയും അധീശത്വത്തെയും കുറിച്ച ഓണ്‍ടോളജിക്കലായ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കുകയുള്ളൂ.

ഇബ്‌നുഖല്‍ദൂന്റെ ഒരു പരാമര്‍ശത്തോടെയാണ് Recalling the Caliphate തുടങ്ങുന്നത്. എല്ലാ പോസ്റ്റ്-കൊളോണിയല്‍ തിയറികളും ഇബ്‌നുഖല്‍ദൂന്റെ പരാമര്‍ശത്തോടെയാണ് തുടങ്ങുന്നത് എന്ന് സയ്യിദ് ആശ്ചര്യപൂര്‍വ്വം പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ഇബ്‌നു ഖല്‍ദൂനാണ് ഇസ്‌ലാമിലെ ഒട്ടുമിക്ക സൈദ്ധാന്തിക അന്വേഷണങ്ങളുടെയുമെല്ലാം പ്രചോദനം എന്ന് പറയാവുന്നതാണ്. ക്രിസ്റ്റ്യന്‍ ജാംബെറ്റ് പറയുന്നത് ഇബ്‌നു ഖല്‍ദൂന്റെ ചിന്ത ഇസ്‌ലാമിക്കേറ്റ് ലോകത്തെ ഫിലോസഫിയുടെ അവസാനവും സോഷ്യോളജിയുടെ തുടക്കവുമാണെന്നാണ്.. അഥവാ ontological ന്റെ അവസാനവും ontic ന്റെ തുടക്കവും. എന്നാല്‍ ആഫ്രിക്കയിലെ കറുത്ത വംശജരെ മനുഷ്യരായി പരിഗണിക്കാന്‍ കഴിയില്ലെന്ന ഇബ്‌നു ഖല്‍ദൂന്റെ ഓണ്‍ടോളജിക്കലായ പ്രഖ്യാപനത്തെ ( ഷെര്‍മന്‍ ജാക്‌സണ്‍ -Islam and the Black American) അടിസ്ഥാനപ്പെടുത്തിയുള്ള തിയറകളിലടങ്ങിയിരിക്കുന്ന പോസ്റ്റ്-കൊളോണിയല്‍ എന്താണ്? ഈ ആന്‍ഡി-ബ്ലാക്ക് ലോകത്തെക്കുറിച്ചാണ് സയ്യിദിന്റെ ഖിലാഫത്തും സംസാരിക്കുന്നതെങ്കില്‍ ഞാനാവശ്യപ്പെടുന്നത് ആ ലോകത്തിന്റെ വെറുമൊരു ഡിസ്‌റപ്ഷന്‍ മാത്രമല്ല, മറിച്ച് അതിന്റെ അവസാനമാണ്. എന്നാല്‍ ഞാനിവിടെ മുന്നോട്ട് വെക്കുന്നത് ഇസ്‌ലാം വിരുദ്ധമായ ഒരു വ്യവഹാരത്തെയല്ല. മറിച്ച്, ആത്മവിമര്‍ശനത്തിലൂന്നിയ റാഡിക്കലായ ലോകവിമര്‍ശനമാണ് ( Critique of the world). പൊളിറ്റിക്‌സിന് പകരം ഞാന്‍ മുന്നോട്ട് വെക്കുന്നത് എത്തിക്‌സാണ്. അഥവാ, എത്തിക്‌സായിരിക്കണം പൊളിറ്റിക്‌സിനെ നിര്‍ണ്ണയിക്കേണ്ടത് എന്നാണ് ഞാന്‍ വാദിക്കുന്നത്.

tumblr_nrqhnvLIUX1r65o3qo1_400

നിലനില്‍ക്കുന്ന ലോകക്രമത്തെ തകര്‍ക്കുന്ന ആക്ടിനെയാണ് ഇസ്‌ലാമിസം എന്നത് കൊണ്ട് സയ്യിദ് അര്‍ത്ഥമാക്കുന്നതെങ്കില്‍ ഞാനദ്ദേഹത്തെ പിന്തുണക്കുന്നു. എന്നാല്‍ വയലന്‍സിലൂടെ മാത്രമേ അത്തരമൊരു ആക്ട് സാധ്യമാവുകയുള്ളൂ. അപ്പോള്‍ മാത്രമേ അതിനെ പൊളിറ്റിക്കല്‍ ആക്ട് എന്ന് വിശേഷിപ്പിക്കാനാവൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഫനോന്‍ പറഞ്ഞത് പോലെ തീക്ഷണമായ വയലന്‍സിലൂടെ മാത്രമേ വയലന്‍സിനാല്‍ കെട്ടിപ്പടുത്ത ഒരു ലോകത്തെ ഡിസ്‌റപ്റ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഈ ലോകത്തെ തന്നെ പുനര്‍നിര്‍മ്മിക്കാനുള്ള വയലന്‍സാണ് അതെങ്കില്‍ അതൊരിക്കലും വയലന്‍സിനെ അവസാനിപ്പിക്കുകയല്ല ചെയ്യുക. മറിച്ച്, വയലന്‍സിനാല്‍ മാത്രം നിര്‍ണ്ണയിക്കപ്പെടുന്ന ഒരു ഭാവിലോകത്തെ നിര്‍മ്മിക്കുകയാണ് ചെയ്യുക. ലോകഘടനക്ക് ആ വയലന്‍സ് യാതൊരു പരിക്കുമേല്‍പ്പിക്കുന്നില്ല. അടിമ\സ്വതന്ത്രന്‍, മനുഷ്യന്‍\അല്ലാത്തവന്‍ എന്നിങ്ങനെയുള്ള അധീശ വിഭജനങ്ങള്‍ അപ്പോഴും അവിടെ നിലനില്‍ക്കും. അഥവാ, ഞാന്‍ പറഞ്ഞ് വരുന്നത് ഈ ലോകത്തിന്റെ പുനസ്ഥാപനമല്ല നാം തേടേണ്ടത് എന്നാണ്. മറിച്ച് അതിന്റെ അവസാനമാണ്. ആ അര്‍ത്ഥത്തില്‍ സയ്യിദിന്റെ പുസ്തകം എനിക്ക് സമ്മാനിച്ചത് നിരാശയാണ്.

campusadmin