Campus Alive

ഫെമിനിസം, ആധുനികത, ഖുര്‍ആനിക വ്യാഖ്യാനശാസ്ത്രം: ഇസ്‌ലാമിക ഫെമിനിസ്റ്റ് പാരമ്പര്യത്തെ മുന്‍നിര്‍ത്തി ഒരന്വേഷണം

ഖുര്‍ആനിക വ്യാഖ്യാനശാസ്ത്രവുമായുള്ള മുസ്‌ലിം ഫെമിനിസ്റ്റ് എന്‍ഗേജ്‌മെന്റിനെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന പുസ്തകമാണ് ആഇശ ഹിദായത്തുല്ലയുടെ Feminist Edges of the Quran. ആമിന വദൂദ്, അസ്മ ബര്‍ലാസ്, അസീസ ഹിബ്‌റി, രിഫാത്ത് ഹസ്സന്‍ തുടങ്ങിയ മുസ്‌ലിം ഫെമിനിസ്റ്റുകളുടെ ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്ര സമീപനങ്ങളെയാണ് പ്രധാനമായും അവര്‍ പരിശോധിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോ യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക പഠനങ്ങളില്‍ അസ്സിസ്റ്റന്റ് പ്രൊഫസറായ ആഇശയുടെ ആദ്യത്തെ പുസ്തകമാണ് Feminist Edges of the Quran. ഈ പുസ്തകത്തെ മുന്‍നിര്‍ത്തിയാണ് അവര്‍ സംസാരിക്കുന്നത്.

തയ്യാറാക്കിയത്: ടി.പി സുമയ്യ ബീവി

 

ആദ്യമായി നിങ്ങളൊന്ന് സ്വയം പരിചയപ്പെടുത്താമോ? എങ്ങനെയാണ് ഈ പുസ്തകം എഴുതാനുള്ള ആലോചനകള്‍ രൂപപ്പെടുന്നത്? ഇസ്‌ലാമിക ഫെമിനിസ്റ്റ് പഠനങ്ങളില്‍ എങ്ങനെയാണ് ആകൃഷ്ടയാകുന്നത്?

തീര്‍ച്ചയായും. അമേരിക്കയിലെ കുടിയേറ്റ സമൂഹത്തിലാണ് ഞാന്‍ വളര്‍ന്നത്. അറ്റ്‌ലാന്റയിലെ എമറി യൂണിവേഴ്‌സിറ്റിയിലായിരുന്നു ബിരുദ പഠനം. ഇസ്‌ലാമുമായുള്ള എന്റെ ക്രിട്ടിക്കല്‍ എന്‍ഗേജ്‌മെന്റ് ആരംഭിക്കുന്നത് തന്നെ അവിടെ വെച്ചാണ്. ആ സന്ദര്‍ഭത്തില്‍ തന്നെയാണ് ഫെമിനിസ്റ്റ് തിയറികളും വായിക്കാന്‍ തുടങ്ങുന്നത്. അവിടെ എം.എസ്.എ ( Muslim students’ association) എന്ന ഒരു മുസ്‌ലിം കൂട്ടായ്മയുടെ നേതൃത്വമേറ്റെടുക്കാന്‍ എനിക്കവസരം ലഭിച്ചിരുന്നു. അത് ഇസ്‌ലാമിനെക്കുറിച്ചും അതോറിറ്റിയെക്കുറിച്ചും പാരമ്പര്യത്തെ കുറിച്ചുമെല്ലാം പുനരാലോചിക്കാനും പുതിയ ചോദ്യങ്ങള്‍ രൂപപ്പെടുത്താനും എന്നെ സഹായിക്കുകയുണ്ടായി. ലൈലാ അഹ്മദിന്റെ women and gender in Islam അക്കാലത്താണ് ഞാന്‍ വായിക്കുന്നത്. ആയിടക്കാണ് ആമിനാ വദൂദിന്റെ Quran and Women എന്ന പുസ്തകം ഓക്‌സ്‌ഫോര്‍ഡ് പ്രസിദ്ധീകരിക്കുന്നത്. ആ പുസ്തകങ്ങളെല്ലാം വായിച്ചപ്പോഴാണ് പാരമ്പര്യം, ഖുര്‍ആനിക വ്യാഖ്യാനശാസ്ത്രം, ഇസ്‌ലാമിക ഫെമിനിസ്റ്റ് വായനകള്‍ എന്നിവയിലെല്ലാം താല്‍പര്യം ജനിക്കുന്നതും സൂക്ഷമമായ അര്‍ത്ഥത്തില്‍ പഠിക്കാനാരംഭിക്കുന്നതും. അങ്ങനെയാണ് ഞാന്‍ ഖുര്‍ആനിന്റെ ഫെമിനിസ്റ്റ് വ്യാഖ്യാന രീതികള്‍ എന്ന വിഷയത്തില്‍ ഗവേഷണം ചെയ്യാന്‍ തീരുമാനിക്കുന്നത്.

ഗവേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം ഞാന്‍ കുറച്ച് കൂടി വ്യത്യസ്തമായി ഇസ്‌ലാമിക ഫെമിനിസ്റ്റ് പാരമ്പര്യത്തെ നോക്കിക്കാണാന്‍ തുടങ്ങുകയുണ്ടായി. അങ്ങനെയാണ് ഈ പുസ്തകത്തിന്റെ രചനയിലേക്ക് കടക്കുന്നത്. ഈ പുസ്തകം ഞാന്‍ പഠിച്ച ഖുര്‍ആനിന്റെ ഫെമിനിസ്റ്റ് വായനകളോടുള്ള ഒരു ക്രിട്ടിക്കല്‍ എന്‍ഗേജ്‌മെന്റാണ്. അതേസമയം തന്നെ സങ്കീര്‍ണ്ണവും വെല്ലുവിളിയുയര്‍ത്തുന്നതുമായ എന്‍ഗേജ്‌മെന്റാണിത് എന്നെനിക്ക് നല്ല ബോധ്യമുണ്ട്. കാരണം നീതിയെയും സമത്വത്തെയും മുന്‍നിര്‍ത്തി ഖുര്‍ആനിനെക്കുറിച്ച് നിലനില്‍ക്കുന്ന ചില മൗലികമായ ഫെമിനിസ്റ്റ് ധാരണകളെയും ഞാന്‍ ചോദ്യം ചെയ്യുന്നുണ്ട്. അതേറെ വെല്ലുവിളിയുയര്‍ത്തുന്നതാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. കാരണം എന്റെ ഗുരുക്കന്‍മാരെത്തന്നെയാണ് ഞാന്‍ വിമര്‍ശനത്തിന് വിധേയമാക്കുന്നത്.

EDGE

Feminist edges of the Quran എന്നാണ് നിങ്ങള്‍ ഈ പുസ്തകത്തിന് തലക്കെട്ട് കൊടുത്തിരിക്കുന്നത്. ഇവിടെ edges എന്നത് കൊണ്ട് നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത്? ഈ പുസ്തകത്തില്‍ താങ്കള്‍ ചര്‍ച്ച ചെയ്യുന്ന അതോറിറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായി അതിനുള്ള ബന്ധമെന്താണ്?

ഒരു സെന്ററിനെ അടിസ്ഥാനപ്പെടുത്തി ഇസ്‌ലാമിക പാരമ്പര്യത്തെ Fixate ചെയ്യുകയും പുതിയ ജ്ഞാനാന്വേഷണങ്ങളെ തടയുകയും ചെയ്യുന്ന അധികാര പ്രവണതകളെ വെല്ലുവിളിക്കുന്നു എന്നതാണ് Edges ന്റെ പ്രത്യേകത. ഖുര്‍ആനിന്റെ ഫെമിനിസ്റ്റ് വായനകളെക്കുറിച്ച എന്റെ സംസാരവും ആലോചനയും സാധ്യമായത് ഈ കണ്‍സപ്റ്റിനെ മുന്‍നിര്‍ത്തി ചിന്തിച്ചപ്പോഴാണ് എന്നാണെനിക്ക് തോന്നുന്നത്. ഈ കണ്‍സപ്റ്റിനെ മുന്‍നിര്‍ത്തിയാണ് ഫെമിനിസ്റ്റ് വായനകള്‍ അതോറിറ്റീവായ ഖുര്‍ആനിക വായനകളെ വെല്ലുവിളിക്കുന്നതും പുതിയ സാധ്യതകളെ മുന്നോട്ട് വെക്കുന്നതും. അതോറിറ്റീവായ സെന്ററിനെ ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനും edges നെ മുന്‍നിര്‍ത്തിയുള്ള ഇത്തരം ആലോചനകള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതേസമയം തന്നെ ഞാന്‍ വളരെ skeptical ആയാണ് ഈ സമീപനത്തെ നോക്കിക്കാണുന്നത്.

വേറൊരു തലത്തില്‍ കൂടി ഞാന്‍ ഈ പുസ്തകത്തില്‍ Edge നെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അത്പക്ഷേ ഖുര്‍ആനിന്റെ വ്യാഖ്യാന പാരമ്പര്യത്തിന്റെ എഡ്ജിനെക്കുറിച്ച് മാത്രമല്ല, മറിച്ച് ഖുര്‍ആനിന്റെ എഡ്ജിനെക്കുറിച്ച് തന്നെയാണ്. ഈ പുസ്തകത്തില്‍ ഖുര്‍ആനിന്റെ ലോകവീക്ഷണവും ഫെമിനിസത്തിന്റെ നീതിയെക്കുറിച്ച സങ്കല്‍പ്പവും തമ്മിലുള്ള പൊരുത്തക്കേടുകളെക്കുറിച്ച് ഞാന്‍ സൂചിപ്പിക്കുന്നുണ്ട്. അഥവാ, ഫെമിനിസ്റ്റ് മൂല്യങ്ങളെ മുന്‍നിര്‍ത്തി ഖുര്‍ആനിനെ സമീപിക്കുന്ന രീതിയെയാണ് ഞാനിവിടെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത്.

ഇസ്‌ലാമിക ഫെമിനിസ്റ്റ് പാരമ്പര്യത്തില്‍ വരുന്ന പഠനങ്ങളെക്കുറിച്ചും സ്‌കോളേഴ്‌സിനെക്കുറിച്ചും അവരുടെ വ്യാഖ്യാനശാസ്ത്ര സമീപനങ്ങളെക്കുറിച്ചും ഒന്ന് വിശദീകരിക്കാമോ? ഇസ്‌ലാമിക ഫെമിനിസം എന്ന കാറ്റഗറി ഉപയോഗിക്കുന്നതിനെ നിങ്ങളെങ്ങനെയാണ് നോക്കിക്കാണുന്നത്. അധീശമായ ഫെമിനിസ്റ്റ് ധാരകളില്‍ നിന്നും ഇസ്‌ലാമിക ഫെമിനിസം എങ്ങനെയാണ് വ്യത്യസ്തമാകുന്നത്.?

1990 കള്‍ക്ക് ശേഷം അമേരിക്കയില്‍ പബ്ലിഷ് ചെയ്ത ഖുര്‍ആനിന്റെ ഫെമിനിസ്റ്റ് വായനകളെയാണ് ഞാന്‍ പരിശോധിക്കുന്നത്. പ്രധാനമായും റിഫാത്ത് ഹസ്സന്‍, അസ്സീസ ഹിബ്‌റി, ആമിന വദൂദ്, അസ്മ ബര്‍ലാസ് എന്നിവരുടെ പഠനങ്ങളാണ് ഞാന്‍ അന്വേഷിക്കുന്നത്. പ്രധാനമായും ഇസ്‌ലാമിക് ടെക്സ്റ്റുകളെ മുന്‍നിര്‍ത്തി തന്നെയാണ് അവര്‍ ലിംഗനീതിയെക്കുറിച്ച പുതിയ തിയോളജിക്കലായ അന്വേഷണങ്ങള്‍ രൂപപ്പെടുത്തുന്നത്. 1990 കളോട് കൂടിയാണ് അത്തരം പഠനങ്ങള്‍ അക്കാഡമിയില്‍ വരാന്‍ തുടങ്ങുന്നത്.

ഇസ്‌ലാമിക മോഡേണിസത്തിന്റെ സ്വാധീനവും നിങ്ങള്‍ക്ക് അവരുടെ വര്‍ക്കുകളില്‍ കാണാന്‍ സാധിക്കും. ഖുര്‍ആനിന്റെ ബഹുമുഖമായ വായനകളുടെ സാധ്യതകളെയാണ് അവരന്വേഷിക്കുന്നത്. അതോടൊപ്പം തന്നെ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നവരുടെ ചരിത്രപരവും സാമൂഹ്യവുമായ പശ്ചാത്തലങ്ങളെ ഗൗരവപൂര്‍വ്വം പരിഗണിക്കണമെന്ന് അവരാവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഖുര്‍ആന്‍ ലിംഗനീതിയെയും സമത്വത്തെയും മുന്നോട്ട് വെക്കുന്നുണ്ടെന്നും എന്നാല്‍ ഇസ്‌ലാമിലെ പുരുഷ മേധാവിത്വപരമായ തിയോളജിയാണ് അതിന് തടസ്സം നില്‍ക്കുന്നതെന്നും അവര്‍ വാദിക്കുന്നു. നമ്മള്‍ സൂക്ഷമമായി പരിശോധിക്കുകയാണെങ്കില്‍ ഈഗാലിറ്റേറിയന്‍ ആശയങ്ങള്‍ ഖുര്‍ആനില്‍ ധാരാളം നമുക്ക് കണ്ടെടുക്കാം എന്നാണ് അവരുടെ പക്ഷം. പാരമ്പര്യത്തോടുള്ള ക്രിട്ടിക്കല്‍ എന്‍ഗേജ്‌മെന്റിലൂടെ പാരമ്പര്യത്തിനകത്ത് തന്നെ അവര്‍ തങ്ങളുടെ സ്ഥാനത്തെ അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്.

Amina-Wadud-1-A.-Ammar

ഇനി നമുക്ക് ഇസ്‌ലാമിക് ഫെമിനിസം എന്ന കാറ്റഗറിയെക്കുറിച്ച നിങ്ങളുടെ രണ്ടാമത്തെ ചോദ്യത്തിലേക്ക് കടക്കാം. ഫെമിനിസത്തെക്കുറിച്ച സംസാരങ്ങള്‍ ഒരിക്കലും കൊളോണിയലിസത്തെക്കുറിച്ചും അധീശമായ അധികാരഘടനകളെക്കുറിച്ചും സംസാരിക്കാതെ പൂര്‍ണ്ണമാവില്ല. മാത്രമല്ല, മുസ്‌ലിം സ്ത്രീകളെയും തദ്ദേശീയ സത്രീകളെയും ലിബറലായ കര്‍തൃത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് അധീശമായ ഫെമിനിസ്റ്റ് വായനകള്‍ അഭിമുഖീകരിക്കുന്നത്. അതേസമയം ഞാനിവിടെ പരാമര്‍ശിക്കുന്ന സ്‌കോളേഴ്‌സെല്ലാം ഫെമിനിസം എന്ന പദം ഉപയോഗിച്ച് കൊണ്ടാണ് ഇസ്‌ലാമിക പാരമ്പര്യത്തിനകത്ത് ജ്ഞാനശാസ്ത്രപരമായ വെല്ലുവിളികളുയര്‍ത്തുന്നത്.

ഇനി നമുക്ക് നിങ്ങള്‍ ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്ന ഖുര്‍ആനിക വ്യാഖ്യാനശാസ്ത്ര പാരമ്പര്യത്തിന്റെ വ്യത്യസ്തങ്ങളായ പാരഡൈമുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് തോന്നുന്നു. മൂന്ന് വ്യത്യസ്ത പാരഡൈമുകളെ നിങ്ങള്‍ ഐഡന്റിഫൈ ചെയ്യുന്നുണ്ട്.

ചരിത്രപരമായ പശ്ചാത്തലവല്‍ക്കരണത്തെക്കുറിച്ചാണ് ഞാന്‍ ആദ്യം സൂചിപ്പിക്കുന്നത്. അസ്ബാബുന്നുസൂലിനെ ( അവതരണ പശ്ചാത്തലം) മനസ്സിലാക്കുക, descriptive, prescriptive എന്നിങ്ങനെ ആയത്തുകളെ വേര്‍തിരിക്കുക (ഖുര്‍ആന്‍ അവതീര്‍ണ്ണമായ കാലത്തെ ജനങ്ങള്‍ മാത്രം ചെയ്യേണ്ട പ്രാക്ടീസുകളും എല്ലാ ജനങ്ങള്‍ക്കും ചെയ്യാന്‍ വേണ്ടി നിര്‍ദേശിക്കപ്പെടുന്ന പ്രാക്ടീസുകളും), യൂണിവേഴ്‌സലും പര്‍ട്ടിക്കുലറുമായ ആയത്തുകളെ വേര്‍തിരിച്ച് മനസ്സിലാക്കുക( ചില പ്രത്യേക സന്ദര്‍ഭത്തിലേക്ക് മാത്രം ബാധകമായ ആയത്തുകളും പൊതുവായി അപ്ലൈ ചെയ്യേണ്ട ആയത്തുകളും) എന്നീ പോയന്റുകളിലാണ് ഞാന്‍ തുടക്കത്തില്‍ ശ്രദ്ധയൂന്നുന്നത്‌. രണ്ടാമതായി ഞാന്‍ അന്വേഷിക്കുന്നത് ജെന്‍ഡറിനെക്കുറിച്ച അധീശമായ ധാരണകള്‍ എങ്ങനെയാണ് വ്യാഖ്യാന പാരമ്പര്യത്തെ നിര്‍ണ്ണയിക്കുന്നത് എന്നാണ്. ഫെമിനിസ്റ്റ് വായനകള്‍ പ്രധാനമായും ടെക്സ്റ്റിനെയും കോണ്‍ടെക്‌സ്റ്റിനെയുമാണ് പരിശോധിക്കുന്നത്. ഇസ്‌ലാമിക് ഫെമിനിസ്റ്റുകള്‍ ഖുര്‍ആനോട് സ്വീകരിക്കുന്ന മറ്റൊരു സമീപനമാണ് Intra-textual method. അസ്മ ബര്‍ലാസും ആമിന വദൂദുമാണ് പ്രധാനമായും ഈ പദപ്രയോഗം നടത്തുന്നത്. സമഗ്രമായി ഖുര്‍ആനെ സമീപിക്കുന്നതിനെക്കുറിച്ചാണ് അവരാലോചിക്കുന്നത്. അഥവാ, ഖുര്‍ആനിക ആയത്തുകളെ ഓരോന്നും സവിശേഷമായി പരിശോധിക്കുന്നതിന് പകരം ഖുര്‍ആനിന്റെ സമഗ്രമായ ലോകവീക്ഷണത്തെയാണ് അവര്‍ നോക്കുന്നത്. അല്ലാത്ത പക്ഷം ഖുര്‍ആനിന്റെ അധ്യാപനങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ ആരോപിക്കാന്‍ കഴിയും എന്നാണവരുടെ പക്ഷം.

ഇനി നമുക്ക് മൂന്നാമത്തെ പാരഡൈമിലേക്ക് കടക്കാം. തൗഹീദിക് പാരഡൈം എന്നാണ് നിങ്ങളതിനെ വിളിക്കുന്നത്. തിയോളജിക്കലായി എങ്ങനെയാണ് നിങ്ങളിതിനെ സമീപിക്കുന്നത്?

തൗഹീദിക് പാരഡൈം എന്ന പ്രയോഗം നടത്തുന്നത് ആമിനാ വദൂദാണ്. ഈ കണ്‍സപറ്റ് പ്രകാരം sexism അല്ലാഹുവിന്റെ ഏകത്വത്തില്‍ പങ്ക് ചേര്‍ക്കലാണ്. കാരണം സ്ത്രീക്ക് മേല്‍ പുരുഷന് അധികാരം നല്‍കുകയാണ് sexism ചെയ്യുന്നത്. അത്‌പോലെ മനുഷ്യന് ഒരിക്കലും ദൈവത്തെ യുക്തിയുപയോഗിച്ച് മനസ്സിലാക്കാന്‍ കഴിയില്ലെന്നും അതിനാല്‍ തന്നെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്ക് പരിമിതിയുണ്ടാകുമെന്നും അവര്‍ വാദിക്കുന്നു. അതിനാല്‍ തന്നെ ഇതാണ് ഖുര്‍ആനിന്റെ അന്തിമമായ വ്യാഖ്യാനം എന്ന് ആര്‍ക്കും പറയാന്‍ സാധ്യമല്ല. അങ്ങനെ അവകാശപ്പെടുന്നത് ശരിയായ ജ്ഞാനം തങ്ങളുടെ കൈയ്യിലാണ് എന്ന് പറയുന്നതിന് തുല്യമാണ്. എന്നാലത് ദൈവത്തിങ്കല്‍ മാത്രമാണുള്ളത്. വിജ്ഞാനത്തിന്റെ അപ്രമാദിത്യം അവകാശപ്പെടുന്നതിലൂടെ ദൈവത്തില്‍ പങ്ക് ചേര്‍ക്കുകയാണവര്‍ ചെയ്യുന്നത് എന്നാണ് വദൂദ് പറയുന്നത്. തൗഹീദിക് പാരഡൈം എന്നത് കൊണ്ട് വദൂദ് അതാണുദ്ദേശിക്കുന്നത്.

download
അസ്മ ബര്‍ലാസ്‌

നിങ്ങള്‍ക്ക് ഈ മെത്തേഡുകളോടുള്ള വിമര്‍ശനമെന്താണ്? എന്തൊക്കെയാണ് അവയുടെ പരിമിതികള്‍?

ഖുര്‍ആനെ സമഗ്രമായി വായിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും ചില ആയത്തുകളെ അവഗണിക്കുകയോ അപ്പോളജറ്റിക്കലായി സമീപിക്കുകയോ ചെയ്യുന്ന ഒരു രീതി ഇസ്‌ലാമിക് ഫെമിനിസ്റ്റുകള്‍ സ്വീകരിക്കുന്നുണ്ട്. ജെന്‍ഡറിനെക്കുറിച്ച സമകാലികമായ ധാരണകള്‍ വെച്ച് പുലര്‍ത്തുന്നത് കൊണ്ടും ഫെമിനിസ്റ്റ് മൂല്യങ്ങളെ മുന്‍നിര്‍ത്തി ഖുര്‍ആനെ സമീപിക്കുന്നത് കൊണ്ടുമാണ് അങ്ങനെ സംഭവിക്കുന്നത്.

ഖുര്‍ആനുമായുള്ള ഫെമിനിസ്റ്റ് എന്‍ഗേജ്‌മെന്റുകള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളും പരിമിതികളും എന്തൊക്കെയാണ്? കണ്‍സപ്ച്ചലായ അത്തരം പ്രശ്‌നങ്ങളെ എങ്ങനെ നേരിടണം എന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്?

സമത്വത്തെക്കുറിച്ച സമകാലികമായ ധാരണകള്‍ ഖുര്‍ആനിന്റെ വ്യാഖ്യാനശാസ്ത്ര പാരമ്പര്യവുമായി ഇടയുന്നുണ്ടെന്നാണ് എന്റെ നിരീക്ഷണം. ഒരുദാഹരണം പറയാം. ഇസ്‌ലാമിക് ഫെമിനിസ്റ്റുകള്‍ ഖുര്‍ആനിക് ടെക്സ്റ്റിനെ സമീപിക്കുന്ന രീതിയൊന്ന് പരിശോധിച്ച് നോക്കൂ. ഖുര്‍ആനിക ആയത്തുകളെ Mutuality verses എന്നും ( പ്രധാനമായും ആണും പെണ്ണും തമ്മിലുണ്ടാവേണ്ട നീതിയെക്കുറിച്ചും സമത്വത്തെക്കുറിച്ചും പരസ്പര സഹകരണത്തെക്കുറിച്ചും സൂചിപ്പിക്കുന്ന ആയത്തുകള്‍) hierarchy verses എന്നും ( പെണ്ണിനു മേല്‍ ആണിന് അധികാരം ഉണ്ടെന്ന പറയുന്ന ആയത്തുകള്‍) അവര്‍ തരം തിരിക്കുന്നുണ്ട്. ഫെമിനിസ്റ്റ് വായനകള്‍ പറയുന്നത് mutuality verses ആണ് ഖുര്‍ആനിന്റെ സമഗ്രമായ ലോകവീക്ഷണത്തെ പ്രതിനിധീകരിക്കുന്നത് എന്നാണ്. അത്‌പോലെ hierarchy verses സവിശേഷമായ ചരിത്ര സന്ദര്‍ഭത്തില്‍ മാത്രം പ്രസത്മാകുന്നതാണ് എന്നും പറയുന്നു. എന്നാലിവിടെ സംഭവിക്കുന്നത് hierarchy verses ന് മുകളില്‍ mutuality verses ന് പ്രാധാന്യം കൊടുക്കുകയാണ്. വൈരുദ്ധ്യം ഒഴിവാക്കാനാണ് അങ്ങിനെ ചെയ്യുന്നത് എന്നാണ് ഇസ്‌ലാമിക് ഫെമിനിസ്റ്റുകള്‍ പറയുന്നത്. എന്നാല്‍ ഞാന്‍ പറയുന്നത് ഈ രണ്ട് തരത്തിലുള്ള ആയത്തുകള്‍ തമ്മില്‍ വൈരുദ്ധ്യം തന്നെ നിലനില്‍ക്കുന്ന പ്രശ്‌നമില്ല എന്നാണ്. സമകാലികമായ ഫെമിനിസ്റ്റ് പരിപ്രേക്ഷ്യത്തില്‍ നിന്ന് നോക്കുമ്പോഴാണ് അവ തമ്മില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ട് എന്ന് നമുക്ക് തോന്നുന്നത്. ആധുനിക പൂര്‍വ്വ കാലത്തെ ലിംഗബന്ധങ്ങളില്‍ അവ ഒരുപക്ഷേ അധികാരമായി നിലനിന്നിട്ടുണ്ടാവില്ല. അതിനാല്‍ തന്നെ ഫെമിനിസ്റ്റ് പരിപ്രേക്ഷ്യത്തില്‍ നിന്ന് കൊണ്ട് അവയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് പ്രശ്‌നകരമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. mutuality യും hierarchy യും ഒരേസമയം തന്നെ വൈരുദ്ധ്യമില്ലാതെ നിലനില്‍ക്കും എന്നതാണ് യാഥാര്‍ത്ഥ്യം. ഈ സാധ്യതയെ പരിഗണിക്കുന്നില്ല എന്നതാണ് ഫെമിനിസ്റ്റ് വ്യാഖ്യാനത്തിന്റെ പരിമിതിയായി എനിക്ക് തോന്നിയിട്ടുള്ളത്. അഥവാ, നാം തേടേണ്ടത് ടെക്‌സ്റ്റിന്റെ divinity യെ മനസ്സിലാക്കാനുള്ള പുതിയ ഭാഷയും രീതിയുമാണ്. അല്ലാതെ നീതിയെയും സമത്വത്തെയും കുറിച്ച നമ്മുടെ ഫെമിനിസ്റ്റ് വായനകളുടെ അടിസ്ഥാനത്തില്‍ ഖുര്‍ആനെ സമീപിക്കുകയല്ല വേണ്ടത്. അതേസമയം തന്നെ നമ്മുടെ മുമ്പിലുള്ളത് അത്ര എളുപ്പമുള്ള പണിയൊന്നുമല്ല. തിയോളജിക്കലായ എന്‍ഗേജ്‌മെന്റാകുമ്പോള്‍ തന്നെ അത് വെല്ലുവിളിയുയര്‍ത്തുന്നതുമാണ് എന്നാണെനിക്ക് തോന്നുന്നത്. അഥവാ, യൂട്ടിലിറ്റേറിയന്‍ വായനകളില്‍ നിന്ന് നാം പൂര്‍ണ്ണമായും മാറിനില്‍ക്കേണ്ടതുണ്ട്. അതിന് നമ്മുടെ മെത്തഡോളജിയില്‍ റാഡിക്കലായ മാറ്റങ്ങള്‍ വരേണ്ടതുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

campusadmin