Campus Alive

മുസ്‍ലിം രാഷ്ട്രീയ കർതൃത്വത്തെ അംഗീകരിക്കുന്ന ബഹുജൻ മുന്നേറ്റവും ജെ.എൻ.യുവിലെ പുതിയ രാഷ്ട്രീയവും

കഴിഞ്ഞ ജെ.എൻ.യു വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ അടിച്ചമർത്തപ്പെട്ടവരുടെ ഐക്യം എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ബാപ്സ – ഫ്രറ്റേണിറ്റി സഖ്യം പത്തോളം സീറ്റുകളിലേക്കാണ് മത്സരിച്ചത്. ഈ സഖ്യത്തിൽ തമിഴ്നാട് മേട്ടുപാളയം സ്വദേശി ഉമറുൽ ഫാറൂഖും ഉത്തർപ്രദേശ് അലഹബാദ് സ്വദേശിനി ആഫ്രീൻ ഫാത്തിമയും കോഴിക്കോട് പുന്നശ്ശേരി സ്വദേശി വസീം ആർ.എസുമാണ് ഫ്രറ്റേണിറ്റിയെ പ്രതിനിധീകരിച്ച് മത്സരിച്ചത്. എസ്.എൽ.എസ് കൗൺസിലറായി ആഫ്രീൻ ഫാത്തിമ വിജയിക്കുകയും വസീം ആർ.എസ് 1300ഓളം വോട്ടു നേടി ശക്തമായ പ്രാതിനിധ്യമായി ഉയരുകയും ചെയ്തു. കാമ്പസിലെയും പുറത്തേയും വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായ ഫ്രറ്റേണിറ്റി ദേശീയ കമ്മിറ്റി അംഗവും ജെ.എന്‍.യു സെന്റര്‍ ഫോര്‍ ലോ ആന്റ് ഗവേർണന്‍സില്‍ പി.എച്ച്.ഡി വിദ്യാർഥിയുമായ  വസീം ആർ.എസുമായി ബാസിൽ ഇസ്‌ലാം നടത്തിയ അഭിമുഖം.

ബിരുദാനന്തര പഠനത്തിനായി ആദ്യമായി ജെ.എൻ.യുവിലെത്തുമ്പോൾ ഉണ്ടായ അനുഭവങ്ങൾ എന്തെല്ലാമായിരുന്നു?

കോഴിക്കോട് ഫറൂഖ് കോളേജില്‍ നിന്ന് 2012ലാണ് എം.എ പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കാൻ ഞാന്‍ ജെ.എന്‍.യുവില്‍ എത്തിയത്. ബി.എ മലയാളമായിരുന്നു വൈജ്ഞാനിക പശ്ചാത്തലമെന്നതിനാൽ ആദ്യമൊക്കെ വളരെ പ്രയാസപ്പെട്ടാണ് കാമ്പസില്‍ പഠനം തുടർന്നത്.  കേരളത്തില്‍ അക്കാലത്ത്‌ തന്നെ ജെ.എന്‍.യു രാഷ്ട്രീയത്തെപ്പറ്റി എസ്.ഐ.ഒയില്‍ നടന്ന നിരവധി സംവാദങ്ങളിലൂടെ ഇടതുപക്ഷത്തിന് പുറത്തുനിന്നുള്ള കാഴ്ചപ്പാടുകള്‍ ലഭിക്കുന്നുണ്ടായിരുന്നു. കെ അഷ്‌റഫ്‌ എഡിറ്റ് ചെയ്ത് എസ്ഐ.ഒ 2010ല്‍ പുറത്തിറക്കിയ  “ക്ലാസ്മേറ്റ്സ്: കാമ്പസിന്റെ വര്‍ത്തമാനം അഥവാ കാമ്പസിന്റെ ചരിത്രം” എന്ന പുസ്തകം കാമ്പസ് രാഷ്ട്രീയത്തെ പുതിയ അധികാര വിമര്‍ശനത്തിന്റെ ഭാഗമായും മണ്ഡല്‍ അനന്തര വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഇടമായും തിരിച്ചറിഞ്ഞിരുന്നു. കാമ്പസ് അലൈവ് പ്രിന്റ്‌  മാഗസിന്‍ അക്കാലത്ത് ജെ.എന്‍.യു രാഷ്ട്രീയത്തെക്കുറിച്ച് മുസ്‌ലിം/ ദലിത് ബഹുജന്‍/ സ്ത്രീപക്ഷത്തു നിന്ന് നിരവധി പുതിയ വായനകള്‍ സാധ്യമാക്കിയിരുന്നു. ഇതൊക്കെ എന്നെ ജെ.എന്‍.യുവിനെക്കുറിച്ചുള്ള ലിബറല്‍/ ഇടതു വായനകളെയും നിർമിതികളെയും മറികടക്കാന്‍ സഹായിച്ചു.

വായിച്ചറിഞ്ഞ കാര്യങ്ങളൊക്കെ ശരിവെക്കുകയും വിപുലീകരിക്കുകയും ചെയ്ത പല തരത്തിലുള്ള അനുഭവങ്ങൾ ജെ.എന്‍.യുവില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഇസ്‍ലാമിക രാഷ്ട്രീയമുള്ള ഒരു വിദ്യാര്‍ഥീ വീക്ഷണം എന്നെ തുടക്കം മുതലേ ജെ.എന്‍.യു എന്ന ഇടത്തെ സംശയത്തോടെ നോക്കാന്‍ പ്രേരിപ്പിച്ചിരുന്നു. ഷാജഹാന്‍ മാടമ്പാട്ട് ഒക്കെ മലയാളി വായനക്കാര്‍ക്ക് വേണ്ടി അങ്ങേയ്യറ്റം കാൽപനികമാക്കി അവതരിപ്പിച്ച കാമ്പസ് യഥാർഥത്തിൽ സംവരണ അട്ടിമറികളും ദലിത് ബഹുജന്‍ ന്യൂനപക്ഷ ജ്ഞാനഹത്യകളും നിറഞ്ഞു നിന്ന ഇടമായിരുന്നു. ഒരൊറ്റ ഒ.ബി.സി പ്രൊഫസര്‍ ഇല്ലാത്ത, സംവരണവും ന്യൂനപക്ഷാവകാശങ്ങളും നിഷേധിക്കുന്ന ഇടതു അധ്യാപകരെയാണ് ജെ.എന്‍.യുവില്‍ ഞാന്‍ കണ്ടത്. സാമൂഹിക നീതി എന്ന മുദ്രാവാക്യം അവര്‍ വെറുപ്പോടെ കണ്ടു. വിമര്‍ശിക്കുന്നവരെ ഒറ്റപ്പെടുത്തി ക്രിമിനല്‍വൽക്കരിച്ചു. ലിബറല്‍ മധ്യവര്‍ഗ ഭാവനകള്‍ കാല്‍പനികവൽക്കരിച്ച ഇടതു കാമ്പസിൽ ഒരു സവിശേഷ കീഴാള  രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുമ്പോൾ പല വിദ്യാർഥികളും നേരിടുന്ന പ്രശ്നങ്ങള്‍ അന്ന് ഞാന്‍ തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്‌തിരുന്നു. ഇത്തരം അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടാണ് അക്കാലത്ത് ‘ജെ.എൻ.യു: ഇടതിന്റെ മറവികൾ, ഇടതല്ലാത്ത ആലോചനകൾ’ എന്ന തലക്കെട്ടിൽ കാമ്പസ് അലൈവില്‍ ഒരു ലേഖനം എഴുതിയത്. ജെ.എന്‍.യുവില്‍ സ്വന്തമായ ഭാഷ കണ്ടെത്താന്‍ ഞാന്‍ ശ്രമങ്ങള്‍ തുടങ്ങുന്നത് അങ്ങനെയാണ്.

അക്കാലത്തെ കാമ്പസിലെ വൈജ്ഞാനിക വ്യവഹാരങ്ങളെ നിരീക്ഷിച്ചിട്ടുണ്ടാകുമല്ലോ. മുസ്‌ലിം ചിന്തയെയും പുതു രാഷ്ട്രീയത്തെയും ജെ.എൻ.യു മനസിലാക്കുന്നത് എങ്ങനെയാണ്?

അന്നത്തെ സിലബസ് മാര്‍ക്സിസ്റ്റ്‌ ദേശീയവാദ കാഴ്ചപ്പാടില്‍ ഊന്നിയതായിരുന്നു. മാത്രമല്ല ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയൊന്നും സിലബസിന്റെ ഭാഗമായി ആരും പരിഗണിച്ചിരുന്നേയില്ല. എന്തിനേറെ, അംബേദ്കറെ പോലും കാര്യമായെടുത്തിരുന്നില്ല. അദ്ദേഹത്തെ വെറുമൊരു വൈകാരിക രാഷ്ട്രീയക്കാരനായി മാത്രമാണ് എല്ലാവരും പരിഗണിച്ചിരുന്നത്. ക്ലാസിക്കൽ മാര്‍ക്സിസ്റ്റ്‌ സിദ്ധാന്തങ്ങള്‍ മാത്രം പഠിപ്പിക്കുന്ന സിലബസാണ് ഇവിടെയുണ്ടായിരുന്നത്. രാഷ്ട്രീയ ചിന്തയില്‍ അരിസ്റ്റോട്ടില്‍, പ്ലാറ്റോ തുടങ്ങിയവരെയും ആധുനിക ഇന്ത്യന്‍ ദേശീയ ചിന്തകരെയും മാത്രമാണ് എല്ലാവരും പഠിപ്പിച്ചിരുന്നത്. എന്നാല്‍ ഇസ്‌ലാമിക ചിന്തയില്‍ നിന്ന് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ലോക വ്യാപകമായി സിലബസ് മാറിയിട്ടും – ഓക്സ്ഫഡ് സര്‍വ്വകലാശാലയില്‍ വരെ സിലബസ് മാറിയിട്ടും മതത്തില്‍ നിന്ന് ഒരിക്കലും തത്വചിന്ത സാധ്യമാവില്ലെന്ന തീര്‍പ്പാണ് ചില ജെ.എന്‍.യു  അധ്യാപകര്‍ പറഞ്ഞുകൊണ്ടിരുന്നത്. പിന്നീട് നിരന്തരമായ സംവാദത്തിലൂടെ ഇക്കാര്യത്തിൽ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്‌.

പിന്നീട് വലേറിയന്‍ റോഡ്റിഗസ് എന്ന അധ്യാപകന്‍ എം.എ ക്ലാസില്‍ മൗദൂദിയെക്കുറിച്ചും അദ്ദേഹത്തിന്റെ ‘ഇസ്‌ലാമിലെ രാഷ്ട്രീയ ചിന്ത’യെക്കുറിച്ചും ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇനിയുള്ള കാലത്ത് ഇസ്‌ലാമിക ചിന്തക്ക് അക്കാദമിക രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഉറുദുവിലും അറബിയിലുമുള്ള ഇസ്‌ലാമിക ചിന്തയുടെ വലിയൊരു ശതമാനം പഠനങ്ങളെ പൊതു വൈജ്ഞാനിക പാഠങ്ങളായി പരിവര്‍ത്തിപ്പിക്കാന്‍ വേണ്ടത്ര സംവിധാനങ്ങളുണ്ടായിട്ടും മുസ്‌ലിം ചിന്തകര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന വിമർശനവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ചര്‍ച്ചകളോട്  ഒട്ടും നിലവാരമില്ലാതെയാണ് മറ്റു വിദ്യാര്‍ഥികള്‍ സമീപിച്ചത്. ഒരു പാകിസ്ഥാനിയായ തീവ്രവാദ ബുദ്ധികേന്ദ്രമായാണ് മൗദൂദിയെ വിദ്യാര്‍ഥികള്‍ മനസിലാക്കിയിരുന്നത്. എന്നാല്‍ മൗദൂദി ജനിച്ചത്‌ ഇന്ത്യയിലാണെന്നും മാത്രമല്ല ഉസാമ ബിന്‍ ലാദന്റെ ജിഹാദിനെക്കുറിച്ചുള്ള സങ്കൽപമല്ല മൗദൂദിക്കെന്നും പറഞ്ഞു അവരെ തിരുത്താനാണ് റോഡ്റിഗസ് ശ്രമിച്ചത്. ഇസ്‌ലാമിനെക്കുറിച്ച് സമകാലിക മുസ്‌ലിം ചിന്തയിൽ നടക്കുന്ന പുതിയ അന്വേഷണങ്ങളെ ഈ കാമ്പസ് വളരെ പതുക്കെയാണ് ഉൾക്കൊള്ളുന്നത്. അതില്‍ ഞങ്ങള്‍ നടത്തിയ ആശയ സമരവും പ്രധാനമായിരുന്നു. ഇബ്‌നു ഖൽദൂനെയും തലാൽ അസദിനെയും ഒക്കെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ യത്നിച്ച വിദ്യാർഥികളെ എനിക്കറിയാം. വിദ്യാര്‍ഥി രാഷ്ട്രീയത്തിന് സമരങ്ങളെ കാമ്പസിന്റെ വൈജ്ഞാനിക ഭാവുകത്വത്തെ മാറ്റുന്നതാക്കി പരിവര്‍ത്തിപ്പിക്കാന്‍ സാധിച്ചു. അതാണ്‌ ഇലക്ഷന്‍ നേട്ടത്തേക്കാളും ഞങ്ങള്‍ പ്രാധാന്യത്തോടെ കാണുന്നത്.

കാമ്പസിലെ മുസ്‌ലിം വിദ്യാർഥി രാഷ്ട്രീയത്തിന്റെ നാൾവഴികൾ എന്തൊക്കെയാണ്?

പല അര്‍ഥത്തിലുള്ള മുസ്‌ലിം / ഇസ്‍ലാമിക രാഷ്ട്രീയ പരീക്ഷണങ്ങള്‍ കാമ്പസില്‍ ഉണ്ടായിട്ടുണ്ട്. മുസ്‌ലിം വിദ്യാര്‍ഥികളുടെ പൊതുവേദിയായി മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (MSA) എന്ന പേരില്‍ ഒരു വേദി 2012-2013 കാലയളവില്‍ ഞങ്ങള്‍ രൂപീകരിച്ചു. അലിഗഢ്, ഹംദർദ് സർവകലാശാലകൾ, ഉത്തരേന്ത്യയിലെ മദ്‌റസകള്‍ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഈ കൂട്ടായ്മ പ്രവർത്തിച്ചിരുന്നു. അറബി, പേർഷ്യൻ, ഉറുദു എന്നീ കോഴ്സുകളിൽ നിന്ന് ഏതെങ്കിലുമൊന്ന് മാത്രം തിരഞ്ഞെടുത്തിരുന്ന മുസ്‌ലിം വിദ്യാർഥികൾക്ക് മറ്റ് സാമൂഹിക ശാസ്ത്ര, ശാസ്ത്ര വിഷയങ്ങൾ പഠിക്കാന്‍ പ്രോത്സാഹനം നല്‍കുകയും അതിനു സഹായകമാകുന്ന രീതിയിൽ ട്യൂഷൻ ക്ലാസുകളൊരുക്കുകയും ചെയ്തു. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ വികസനം പ്രധാനപ്പെട്ട അജണ്ടയായിരുന്നു.

കൂടാതെ, വിവിധ സാമൂഹിക – സാമുദായിക വിഷയങ്ങളിൽ പ്രസക്തമായ ലഘുലേഖകള്‍ ഇറക്കുകയും പൊതുപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു. ഒരിക്കൽ പ്രമുഖ നാടക ഗ്രൂപ്പായ ബഹുരൂപ് മുഗള്‍ രാജാവായിരുന്ന ഔറംഗസീബിനെക്കുറിച്ച് ചെയ്ത ഒരു നാടകം ചരിത്രവിരുദ്ധമായ പല ധാരണകളും കൂടിച്ചേര്‍ന്നതായിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രശസ്ത ചരിത്ര ശാസ്ത്രജ്ഞന്‍ സതീഷ് ചന്ദ്രയെപ്പോലുള്ളവരെ ഉദ്ധരിച്ചുകൊണ്ട്  ആ നാടക ഗ്രൂപ്പിന് എം.എസ്.എ കത്തു നൽകിയതിനു ശേഷം അവർ ആ നാടകം ഇനിയെവിടെയും അവതരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. തുടർന്ന് ഇക്കാര്യം വിശദീകരിച്ച് ലഘുലേഖകൾ ഇറക്കുകയും പൊതുപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. കാലക്രമേണ എം.എസ്.എയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന പലരും കാമ്പസ് വിട്ടുപോയപ്പോൾ ആ സംവിധാനം മെല്ലെ നിശ്ചലമായി. വലിയ പാർട്ടി പിന്തുണകളില്ലാത്ത വിദ്യാർഥി കൂട്ടായ്മകൾക്ക് കാമ്പസിൽ സംഭവിക്കുന്നത് തന്നെയാണ് എം.എസ്.എക്കും ഉണ്ടായത്. എങ്കിലും ഉത്തരേന്ത്യയിലെ വലിയൊരു മുസ്‌ലിം വിദ്യാർഥി സമൂഹത്തോട് ആശയവിനിമയം നടത്താനും പരസ്പരം മനസിലാക്കാനും ഇത്തരം വേദികളിലൂടെ സാധ്യമായിട്ടുണ്ട്.

അതിനുശേഷം ഒരു പൊതു മുസ്‌ലിം കൂട്ടായ്മയെ കുറിച്ച ആലോചനകൾ പ്രായോഗിക തലത്തിലേക്ക് എത്തുന്നത് നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള കടന്നുവരവിന്റെ സാഹചര്യത്തിൽ വിദ്യാർഥികൾക്കിടയിലുണ്ടായ അരക്ഷിതാവസ്ഥയെയും ഭയത്തെയും തുടർന്നാണ്. അങ്ങനെയാണ് കാമ്പസിൽ വൈ.എഫ്.ഡി.എ (Youth Forum for Discussion and welfare Activities) രൂപീകരിക്കപ്പെടുന്നത്. ഇത്തരമൊരു കൂട്ടായ്മക്ക് പൊതുസമ്മതമായ പേരാണോ മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന നാമമാണോ വേണ്ടത് എന്ന വിഷയത്തിൽ വലിയ ചർച്ചകൾ നടന്നിരുന്നു. പുതിയ ഭരണകൂടത്തിന്റെ കടന്നുവരവിൽ വർധിച്ച ന്യൂനപക്ഷവിരുദ്ധ ഭരണകൂട വേട്ടയെ കുറിച്ച ഭയമാണ് ഒടുക്കം ഇത്തരമൊരു പൊതുനാമം സ്വീകരിക്കാൻ കാരണമായത്. മുസ്‌ലിം പേരുകളെ പലപ്പോഴും സ്വയം സെൻസർഷിപ്പിന് വിധേയമാക്കേണ്ടി വരുന്നുവെന്നത് വസ്തുതയാണ്.

ഒരു രാഷ്ട്രീയ മുന്നേറ്റമാണോ വൈ.എഫ്.ഡി.എയിലൂടെ നടത്തേണ്ടത് എന്നതിനെ കുറിച്ച ചർച്ചകളും വ്യാപകമായിരുന്നു. എന്നാൽ കാമ്പസിലെ ദലിതുകളടക്കമുള്ളവർ സാംസ്കാരിക / സാമൂഹിക സംഘടനകൾ രൂപീകരിച്ച് പ്രവർത്തകർക്കിടയിൽ ആദ്യം കൃത്യമായൊരു രാഷ്ട്രീയാവബോധം സൃഷ്ടിക്കുകയാണ് ഉണ്ടായത് എന്ന തിരിച്ചറിവിൽ നിന്നാണ് വൈ.എഫ്.ഡിഎയെ രാഷ്ട്രീയ സംഘടനയാക്കാതെ തുടരാൻ തീരുമാനിച്ചത്.

കാമ്പസിലെ അറബി, പേർഷ്യൻ, ഉറുദു ഡിപ്പാർട്ട്‌മെന്റുകൾ ഒഴിച്ചുനിർത്തി നോക്കിയാൽ ഇന്നും വെറും എട്ടു ശതമാനമാണ് മുസ്‌ലിം വിദ്യാർഥി പ്രാതിനിധ്യം. ഫാക്കൽറ്റികളും വിരളം. വിദ്യാഭ്യാസ രംഗത്തെ ഈ പിന്നോക്കാവസ്ഥയെ നേരിടാനും പരിഹരിക്കാനും വേണ്ടുന്ന നിർദേശങ്ങളും നടപടികളും വൈ.എഫ്.ഡി.എ ഇക്കാലയവിൽ കൈക്കൊണ്ടിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ന്യൂനപക്ഷ സാന്ദ്രത കൂടിയ പിന്നോക്ക പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ഉദ്യോഗാർത്ഥികൾക്കും പ്രവേശന പരീക്ഷകളിലും നിയമനങ്ങളിലും കൂടുതൽ ഡിപ്രിവേഷൻ പോയിന്റുകൾ നൽകി പരിഗണിക്കണമെന്ന നിർദേശം നടപ്പാക്കുന്നതിനു വേണ്ടിയുള്ള പോളിസി രൂപീകരണത്തിന് സർവകലാശാലാ ഭരണസമിതിയെ നിരന്തരമായി സമ്മർദത്തിലാക്കാൻ വൈഎഫ്ഡിഎക്ക് കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇതിനു സമാന്തരമായി തന്നെ  എസ്.ഐ.ഒയും കാമ്പസ് ഫ്രണ്ടും മുമ്പേ തന്നെ കാമ്പസിൽ ഉണ്ടായിരുന്നു. ആദ്യകാലങ്ങളിൽ എസ്.ഐ.ഒ മുഖ്യധാരാ തലങ്ങളിലേക്ക് സജീവമാകാതെ വാരാന്ത്യ യോഗങ്ങളൊക്കെ സംഘടിപ്പിച്ച് കുറച്ചുകൂടി ഒതുക്കമുള്ള ഒരു ഇസ്‌ലാമിക സംഘടന എന്ന തലത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു. കർണാടകക്കാരനായ ഷാരിഖ് എസ്.ഐ.ഒ പ്രസിഡന്റായ കാലത്താണ് ഞാൻ കാമ്പസിൽ എത്തുന്നത്. അതിനു ശേഷം കണ്ണൂർ സ്വദേശിയായ മിസ്അബ് ഇരിക്കൂർ എസ്.ഐ.ഒ പ്രസിഡന്റായി. പിന്നീട് എസ്.ഐ.ഒയെ കുറേകൂടി സമരവൽക്കരിക്കുകയും  പൊതു സാമൂഹിക വിഷയങ്ങളിൽ വ്യക്തമായ നിലപാടെടുക്കുന്ന തരത്തിലേക്ക് സ്വയം മാറ്റിയെടുക്കുകയും ചെയ്തു. കണ്ഡമാൽ കലാപം മുതൽ ഡൽഹി നിർഭയ കേസിലും തുടർന്നിങ്ങോട്ടുള്ള വിഷയങ്ങളിലും ലഘുലേഖകളിറക്കുകയും പൊതുപരിപാടികൾ സംഘടിപ്പിക്കുകയും നവരാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് പിന്തുണയേകുകയും ചെയ്തു.

മാത്രമല്ല, കാമ്പസിലും പുറത്തും സാമൂഹിക നീതിയുമായി ബന്ധപ്പെട്ട നിരവധി സമര പോരാട്ടങ്ങളിൽ എസ്.ഐ.ഒ സജീവ സാന്നിധ്യമായിരുന്നു. ജെ.എൻ.യുവിലെ സംവരണ അട്ടിമറി, ഗവേഷണ രംഗത്ത് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളോടുള്ള വിവേചനം, സീറ്റ് വെട്ടിക്കുറക്കൽ എന്നീ അക്രമപരമായ നടപടികൾക്കെതിരെ നടത്തിയ പോരാട്ടങ്ങൾ, ഫെല്ലോഷിപ്പ് വർധനവിനു വേണ്ടിയുളള സമരങ്ങൾ, സാമൂഹിക നീതിക്കായുള്ള പ്രക്ഷോഭങ്ങൾ തുടങ്ങിയവ അതിൽ ചിലത് മാത്രം. ഇതിൽ നജീബിന്റെ നിർബന്ധിത തിരോധാനത്തെ കുറിച്ച് പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. സംഭവത്തിൽ നജീബാണ് കുറ്റവാളി എന്ന  സംഘപരിവാർ പ്രചാരണങ്ങൾക്ക് ബലംനൽകുന്ന തരത്തിലാണ് ഇടതു യൂണിയൻ നേതാക്കൾ പ്രതികരിച്ചത്. നജീബാണ് അക്രമണങ്ങൾക്ക് ഉത്തരവാദി എന്ന രേഖകളിൽ അവർ ഒപ്പിട്ടതായി കാണാം. എന്നാൽ എസ്.ഐ.ഒ ഇത്തരം വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയുകയും നജീബിനെതിരെയുള്ള അക്രമവും തിരോധാനവും ഉന്നത കലാലയങ്ങളിലേക്കുള്ള മുസ്‌ലിം വിദ്യാർഥികളുടെ കടന്നുവരവിനെ ഭയപ്പെടുത്താനുള്ള സംഘപരിവാർ അസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്നും വാദിച്ചു. നജീബിന്റെ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് കാമ്പസിന് അകത്തും പുറത്തും നേതൃത്വം നൽകാൻ എസ്.ഐ.ഒവിന് കഴിഞ്ഞിട്ടുണ്ട്. ഈയടുത്തായി എം.എസ്.എഫും കാമ്പസിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

മാർക്സിനെയും ലെനിനിനെയും ചെഗുവേരയെയും മാത്രം പരിചയപ്പെട്ടിരുന്ന ജെ.എൻ.യുവിലെ ചുവരുകൾക്ക്‌ ടിപ്പു സുൽത്താൻ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്‌ ഹാജി, മാൽകം എക്സ്, മുഹമ്മദ് അലി, ശഹീദ് അഹമ്മദ്‌ യാസീൻ, അബ്ദുന്നാസർ മഅ്ദനി തുടങ്ങിയവരെ പരിചയപ്പെടുത്തിയത് എസ്.ഐ.ഒ ആയിരുന്നു. ഇങ്ങനെ സമര സംവാദ രംഗങ്ങളിൽ തീർത്തും പുതിയൊരു രാഷ്ട്രീയ ഭാഷ തന്നെ ജെ.എൻ.യുവിന് സംഭാവന ചെയ്യാൻ എസ്.ഐ.ഒവിന് സാധിച്ചു.

ദലിത് – മുസ്‌ലിം ഐക്യത്തിന് മുസ്‌ലിം സംഘടനകളുടെ ഭാഗത്തു നിന്ന് മുൻകൈ എടുത്തത് എസ്ഐ.ഒയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംഘടനക്കകത്തും കാമ്പസിലും പുറത്തും ഉണ്ടായ ആശയ സംവാദങ്ങൾ എന്തൊക്കെയാണ്?

2014 വരെ  ഒരു ദലിത് ബഹുജന്‍ സാമുദായിക  വേദിയായിട്ട് ഉണ്ടായിരുന്നത് യു.ഡി.എസ്.എഫ് (United Dalit Students Forum) ആയിരുന്നു. 1991 മുതല്‍ അവര്‍ കാമ്പസില്‍ ഉണ്ട്.  ഒരു സാമൂഹിക സംഘടന എന്ന നിലയിൽ അവർ നടത്തിയിരുന്ന അംബേഡ്കർ ജയന്തിയാഘോഷങ്ങൾക്കും മറ്റ് പൊതുപരിപാടികൾക്കും എസ്ഐഒ പ്രവർത്തകർ സജീവമായി സഹകരിച്ചിരുന്നു. ബാബരി ഓർമദിനം, പെരിയാർ ജയന്തി തുടങ്ങിയ വേളകളിൽ മുസ്‌ലിം സംഘടനകളും ദലിത് ബഹുജൻ ആദിവാസി സംഘടനകളും ഒരുമിച്ച് പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അടിച്ചമർത്തപ്പെട്ട സാമുദായിക / മത / ജാതി വിഭാഗങ്ങളുടെ ഐക്യം ഇന്ത്യന്‍ സാഹചര്യത്തില്‍ അനിവാര്യമാണെന്ന തിരിച്ചറിവ്‌ എല്ലാവരും പൊതുവായി പങ്കിടുന്നുണ്ടായിരുന്നു.

എന്നാൽ ഇടതുപക്ഷ സംഘടനകൾ അങ്ങോട്ടുമിങ്ങോട്ടും മത്സരിക്കുന്ന ഒരവസ്ഥയാണ് ജെ.എൻ.യുവിന്റെ ഇലക്ഷൻ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നത്. ഈയവസ്ഥയിൽ സ്വാഭാവികമായും ഐസക്കായിരുന്നു (All India Student’s Association) മുസ്‌ലിം വോട്ടുകൾ പോയിരുന്നത്. നേരത്തെ പറഞ്ഞത് പോലെ കേവലം വോട്ടുബാങ്കായി, ശബ്ദവും തന്റേടവും ഉള്ളവരായി മുസ്‌ലിംകളെ പരിഗണിക്കാന്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. തീവ്രവാദം, വര്‍ഗീയത, മതമൗലികവാദം തുടങ്ങിയ ആരോപണങ്ങള്‍ ഏതു സമയവും എസ്ഐഒവിനെതിരെ  ഇറക്കാന്‍ അവര്‍ക്ക് മടിയും ഇല്ലായിരുന്നു. അതിനാല്‍ തന്നെ മുസ്‌ലിം / ഇസ്ലാമിക രാഷ്ട്രീയത്തിന്റെ സ്വതന്ത്രമായ ആവിഷ്കാരത്തെ ഭയത്തോടെ കാണാത്ത, പരസപരം ആത്മാഭിമാനം റദ്ദ് ചെയ്യാത്ത, ബഹുസ്വര കൂട്ടായ്മകളെ ഞങ്ങളും തേടിക്കൊണ്ടിരുന്നു.

അതിനാല്‍ തന്നെ പിന്നീട് അംബേദ്കറൈറ്റ് ആശയത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി ബാപ്സ (Birsa Ambedkar Phule Student’s Association) 2014ൽ രൂപീകരിക്കപ്പെടുമ്പോൾ അതിനെ പുതു രാഷ്ട്രീയ സാധ്യതയായി തിരിച്ചറിഞ്ഞു കൊണ്ട് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ആദ്യ സംഘടനയും ഏക മുസ്‌ലിം സംഘടനയും എസ്.ഐ.ഒയാണ്. എന്നാൽ 2015 ജെ.എൻ.യു ഇലക്ഷനിൽ ബാപ്സ ഒറ്റകക്ഷിയായി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ഇലക്ഷനിൽ ആരെ പിന്തുണക്കണം എന്നത് സംബന്ധിച്ച് സംഘടനക്കുള്ളിൽ വലിയ ആശയ സംവാദം രൂപപ്പെട്ടിരുന്നു. ബാപ്സയെ പിന്തുണച്ചുവെങ്കിലും ഇക്കാര്യത്തിൽ ആശയപരമായ വ്യക്തത കൈവരാൻ കുറേ സമയമെടുത്തു. പുതിയൊരു രാഷ്ട്രീയ സംഘടനയായിരുന്നല്ലോ ബാപ്സ. പക്ഷേ, ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ എ.എസ്.എയും (Ambedkar Student’s Association) എസ്.ഐ.ഒയും ഒരുമിച്ച് മത്സരിച്ച് യൂണിയൻ നേടിയ അനുഭവങ്ങളൊക്കെ മുന്നിൽ വെച്ചുകൊണ്ട് സഹകരണം തുടരാൻ തന്നെ തീരുമാനമായി.

എസ്.എഫ്.ഐയെ വളരെ നേരത്തെ തന്നെ മുസ്‌ലിം വിദ്യാര്‍ഥികള്‍ സംശയത്തോടെയാണ് കണ്ടിരുന്നത്‌. ബംഗാളിലെയും കേരളത്തിലെയും സി.പി.എം അനുഭവങ്ങള്‍ ആയിരുന്നു കാരണം. മാത്രമല്ല അവരുടെ ഇസ്‌ലാമോഫോബിയ മാധ്യമങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. എന്നാല്‍  സി.പി.ഐ.എം.എലിന്റെ വിദ്യാര്‍ഥി വിഭാഗമായ ഐസ (All Indian Students Association) പോലുള്ള ഇടതുപക്ഷ സംഘടനകള്‍ മുസ്‌ലിം വിദ്യാര്‍ഥികളെ അനുഭാവപൂര്‍വ്വം പരിഗണിച്ചുകൊണ്ട് തന്നെ അവരെ വോട്ടുബാങ്ക് ആക്കി മാറ്റിയിരുന്നു. ഭരണത്തില്‍ ഇരുന്നു മുസ്‌ലിംകളോട് ക്രൂരത ഒന്നും അവര്‍ ചെയ്തിട്ടില്ല. മാത്രമല്ല എ.ബി.വി.പിയെയും സംഘപരിവാരിനെയും അവര്‍ എതിര്‍ക്കുന്നുമുണ്ടായിരുന്നു. മുസ്‌ലിം വിദ്യാർഥികളോട് ഇലക്ഷൻ സമയത്തു മാത്രം രഹസ്യ ബന്ധം ഉണ്ടാക്കി വോട്ടുനേടുകയും അതുകഴിഞ്ഞ്‌ എന്നാല്‍ നിര്‍ണായ സമയങ്ങളില്‍  അവരെ മതമൗലികവാദികളായി ചിത്രീകരിക്കുന്ന തരത്തിൽ കാമ്പയിനുകൾ അഴിച്ചുവിടുകയുമായിരുന്നു അവര്‍ ചെയ്തത്. ഒരുതരം മൈക്രോ ഇസ്‌ലാമോഫോബിയയാണ് ഐസ പ്രാക്ടീസ് ചെയ്തത്.

എന്നാൽ ഇതിൽ നിന്നും ഏറെ വ്യത്യസ്തമായി മുസ്‌ലിം കർതൃത്വത്തെയും അസ്തിത്വത്തെയും ഇസ്ലാമിക വിശ്വാസത്തെയും ആദരവോടെയും സ്നേഹത്തോടെയും കാണുന്ന വിയോജിപ്പുകള്‍ പരസ്പരം അറിഞ്ഞംഗീകരിച്ചു കൊണ്ട് നമ്മളെ ആദ്യമായി പരിഗണിക്കുന്നത് ബാപ്സ പോലുള്ള ദലിത് രാഷ്ട്രീയ മുന്നേറ്റങ്ങളാണ്. ഇത് പുതിയ ഒരു ലോകത്തെയാണ് ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നു വെച്ചത്. സംവരണത്തെയും ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെയും കുറിച്ച് അവർ പരിപാടികൾ നടത്തുമ്പോൾ ഞങ്ങളെയും ഒപ്പം കൂട്ടുകയും സംഘടനാ അസ്തിത്വം അംഗീകരിക്കുകയും ചെയ്തു. ഇരയായ മുസ്‌ലിം മാത്രമല്ല സംസാരിക്കുന്ന, രാഷ്ട്രീയമുള്ള, വിശ്വാസമുള്ള, മതമുള്ള മുസ്‌ലിമിനെ ബാപ്സ പോലുള്ള ദലിത് ബഹുജന്‍ പ്രസ്ഥാനങ്ങള്‍ ആവേശത്തോടെ ഉള്‍കൊണ്ടു. പരസ്പരം അറിയാനും പഠിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. അതാണ് ഈ വിശാല ഐക്യത്തിലേക്ക് നയിച്ചത്.

കടപ്പാട്: പ്രബോധനം വാരിക

വസീം ആര്‍ എസ്‌