Campus Alive

നജീബ് അഹ്‍മദ്: തുടരുന്ന നീതി നിഷേധത്തിന്റെ പേര്, പോരാട്ടത്തിന്റെയും

(നജീബ് അഹ്‍മദിന്റെ നിർബന്ധിത തിരോധാനത്തിന് മൂന്ന് വർഷം തികയുന്ന വേളയിൽ എസ്.ഐ.ഒ കേരള പുറത്തിറക്കിയ ലഘുലേഖയിൽ നിന്നും)

‘നജീബ് അഹ്‍മദ്’: ഈ പേര് നമുക്ക് മുന്നിൽ ചോദ്യ ചിഹ്നമായി നില്‍ക്കാൻ തുടങ്ങിയിട്ട് ഇന്ന് മൂന്നു വർഷമാകുന്നു. ന്യൂ ഡൽഹിയിലെ പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്നും 2016 ഒക്ടോബർ 15നാണ് എം.എസ്.സി വിദ്യാർഥിയായിരുന്ന നജീബ് അഹ്‍മദിനെ, എ.ബി.വി.പി സംഘടിത അക്രമത്തെ തുടര്‍ന്ന് കാണാതാവുന്നത്. അതിനു ശേഷം ഇന്നോളം സി.ബി.ഐ അടക്കമുള്ള ഉന്നത കുറ്റാന്വേഷണ ഏജൻസികൾ വരെ ഈ തിരോധാന കേസിനു മുമ്പിൽ നിഷ്ക്രിയമായി മുട്ടു മടക്കുമ്പോൾ, യഥാർത്ഥ പ്രതികളെയോ അവർക്ക് പിന്തുണ നൽകുന്ന സംഘ്പരിവാര്‍ രാഷ്ട്രീയ നേതൃത്വത്തേയോ ഒന്ന് തൊടാൻ പോലും നമ്മുടെ രാജ്യത്തെ നീതിന്യായ സ്ഥാപനങ്ങൾ മടിക്കുന്നു. നജീബിന്റെ മാതാവിന് നൽകിയ ഓരോ ഉറപ്പുകളും ലംഘിക്കപ്പെടുമ്പോൾ, വ്യവസ്ഥിയില്‍ തന്നെയുള്ള വിശ്വാസമാണ് ദിനേന നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്.

രാജ്യ തലസ്ഥാനത്ത് നിന്നും കാണാതായ ഒരു മുസ്‍ലിം വിദ്യാർഥിയെ കുറിച്ചുള്ള ചർച്ചകൾ, തീർച്ചയായും സമകാലിക ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയ സാഹചര്യത്തിലാണ് നാം ഊന്നേണ്ടത്. ജെ.എൻ.യുവിലെ ഹോസ്റ്റൽ ഇലക്ഷന്‍ സമയത്ത് രാത്രി നജീബിന്റെ മുറിയിലെത്തിയ എ.ബി.വി.പി പ്രവർത്തകർ ചെറിയൊരു വാക്കുതർക്കത്തിന് ശേഷം സംഘടിച്ചെത്തുകയും അവനെ ബാത്‌റൂമിൽ പൂട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നു. പിന്നീട് വാര്‍ഡന്റെ റൂമിലെത്തും വരെ ഈ 15 ഓളം എ.ബി.വി.പി പ്രവര്‍ത്തകര്‍ മുസ്‍ലിം വിരുദ്ധ പദപ്രയോഗങ്ങളാൽ അധിക്ഷേപിക്കുകയും, ഇരുമ്പു വളകൾ ഉപയോഗിച്ച് നജീബിനെ ആക്രമിക്കുകയും ചെയ്തു.

അവിടെ നിന്നും നജീബിനെ കുറ്റക്കാരനാക്കി കൊണ്ടുള്ള ഒരു ലെറ്റർ സംഘടിപ്പിച്ചിട്ടാണ് എ.ബി.വി.പിക്കാർ മടങ്ങിയത്. നജീബിനെ അടിയന്തരമായി ഹോസ്റ്റലിൽ നിന്ന് പുറത്താക്കാൻ കല്പിച്ചു കൊണ്ടുള്ള ആ ലെറ്ററിൽ ഇടതുപക്ഷ നേതൃത്വത്തിലുള്ള അന്നത്തെ സ്റ്റുഡന്റസ് യൂണിയൻ പ്രസിഡന്റ്, ഹോസ്റ്റൽ പ്രസിഡന്റ് എന്നിവർ ഒപ്പു വെച്ചിട്ടുണ്ടായിരുന്നു.

അന്ന് രാത്രി തന്നെ സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയ നജീബ് ഹോസ്റ്റലിൽ തിരിച്ചുവന്നു. രാവിലെ തന്റെ മാതാവിനെ വിളിച്ച നജീബ്, പെട്ടെന്ന് തന്നെ കാമ്പസില്‍ എത്താൻ ആവശ്യപ്പെട്ടെങ്കിലും, ഉത്തർ പ്രദേശിലെ ബദായൂനിൽ നിന്നും എത്തിയ മാതാവ് ഫാത്തിമ നഫീസിന് മകനെ കാണുവാൻ കഴിഞ്ഞില്ല. രാവിലെ 11 മണിയോടെ കാണാതായ നജീബിനെ കുറിച്ചുള്ള ഒരു വിവരവും ആർക്കും അറിയില്ല. തന്റെ മകന് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ഒരു മാതാവിന്റെ അവകാശത്തോടെ സമര മുഖങ്ങളിൽ നെട്ടോട്ടമോടുന്ന ഫാത്തിമ ഒടുവിൽ പറഞ്ഞു വെക്കുന്നു: ‘എന്റെ മകനെ കണ്ടെത്തിയാൽ അവനെ അക്രമിച്ച എല്ലാവർക്കും ഞാൻ പൊറുത്തു കൊടുക്കും’.

നജീബിന്റെ തിരോധാനത്തിൽ, നിസ്സഹായാവസ്ഥയിൽ നിൽക്കുന്നത് മാതാവ് ഫാത്തിമ മാത്രമല്ല, നമ്മളോരോരുത്തരുമാണ്. ധാരാളം തിരോധാനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത്, നജീബിനെ വ്യത്യസ്തനാക്കുന്നത് അവന്റെ പ്രത്യേക സാമൂഹിക ഇടമാണ്. അവന്റെ സ്വത്വങ്ങൾ (Identity) നജീബിനെ അടയാളപ്പെടുത്തുന്നത്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നും ഡൽഹിയിലെ ജെ.എന്‍.യുവിൽ എത്തിച്ചേർന്ന ഒരു മുസ്‍ലിം ശാസ്ത്ര-വിദ്യാർഥിയായിട്ടാണ്. ഇതിലെ ഓരോ ഘടകവുമെടുത്തു പരിശോധിച്ചാൽ മാത്രമേ നജീബിന്റെ തിരോധാനം സൃഷ്ടിച്ച പ്രത്യാഘാതം മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ.

കേവലം മൂന്നു ശതമാനം മാത്രം മുസ്‍ലിം വിദ്യാർഥികളുള്ള ജെ.എന്‍.യുവില്‍, പ്രത്യേകിച്ച് ശാസ്ത്ര വിഭാഗത്തിൽ അഡ്മിഷൻ ലഭിച്ച നജീബ് എന്ന പ്രതിഭാശാലി, ഒരു കമ്മ്യൂണിറ്റിയുടെ ശാക്തീകരണത്തിന്റെ പ്രതീകമാണ്.

നജീബിന്റെ നിർബന്ധിത തിരോധാനത്തിന്റെയും അന്വേഷണം അട്ടിമറിക്കപ്പെട്ടതിന്റെയും വ്യക്തമായ ലക്ഷ്യം ന്യൂനപക്ഷങ്ങളും പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളും സുരക്ഷിതരല്ലെന്ന് തോന്നിപ്പിക്കുന്ന ഒരു കലാലയ അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു. ഈ സാഹചര്യത്തിൽ, നജീബ് എവിടെയാണെന്ന ചോദ്യം ഐക്യകണ്ഠേന ഉയർത്തേണ്ടത് മുഴുവൻ വിദ്യാർഥി സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. അത് കേവലം നജീബ് അഹ്‍മദ് എന്ന വ്യക്തിയുടെ നീതിയുടെ മാത്രം കാര്യമല്ല, മറിച്ച് സ്വത്വപരമായ കാരണങ്ങൾ കൊണ്ട് ഉന്നത കലാലയങ്ങളിൽ വിവേചനങ്ങളനുഭവിച്ചു കൊണ്ടിരിക്കുന്ന പാർശ്വവത്കൃത സമുദായങ്ങളിൽ നിന്നുള്ള മുഴുവൻ വിദ്യാർഥികളുടെയും സുരക്ഷിതത്വത്തിന്റെ പ്രശ്നം കൂടിയാണ്. 2016 മുതൽ നജീബിന്റെ ഉമ്മ ഫാത്തിമ നഫീസി(അമ്മി) നൊപ്പം നൂറുകണക്കിന് പ്രതിഷേധങ്ങളും റാലികളും വിദ്യാർഥി സമ്മേളനങ്ങളും പൊതുയോഗങ്ങളും എസ്.ഐ.ഒ സംഘടിപ്പിക്കുകയുണ്ടായി. 2017 ഫെബ്രുവരിയിൽ, എസ്‌.ഐ‌.ഒ ഒരു ‘ചെറുത്തുനിൽപ്പ് മാസം’ ആചരിക്കുകയും രാജ്യത്തുടനീളം 3.3 ദശലക്ഷം ഒപ്പുകൾ ശേഖരിക്കുകയും നീതി ലഭ്യമാക്കാൻ അധികാരികളെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. 2018ൽ, എസ്‌.ഐ‌.ഒ പ്രത്യേകിച്ചും കേന്ദ്ര സർവകലാശാലകളിൽ പ്രതിഷേധത്തിന് ദേശീയ ആഹ്വാനം നൽകി. ഈ പോരാട്ടത്തിന്റെ തുടർച്ചയിലാണ് നജീബ് അഹമ്മദിന്റെ ഉമ്മ ഫാത്തിമ നഫീസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് 2019 ഒക്ടോബർ 15 ന് രാജ്യത്തുടനീളം #WhereIsNajeeb എന്ന ചോദ്യം ഉന്നയിക്കാൻ വിദ്യാർഥികളോടും യുവജനസമൂഹത്തോടും ആഹ്വാനം ചെയ്തിട്ടുള്ളതും.

രാജ്യവ്യാപക പ്രചാരണത്തിലൂടെ, എസ്‌.ഐ‌.ഒ ആവശ്യപ്പെടുന്ന കാര്യങ്ങൾ:

1. നജീബ് അഹമ്മദിനെ കണ്ടെത്തുക

2. നജീബിനെ ആക്രമിച്ച എ‌.ബി‌.വി‌.പി പ്രവർത്തകരെ അറസ്‌റ്റ് ചെയ്ത് അന്വേഷണം നടത്തുക.

3. എത്രയും വേഗം നീതി നടപ്പാക്കുമെന്ന് കുടുംബത്തിനും വിദ്യാർഥി സമൂഹത്തിനും ഉറപ്പ് നൽകുക.

4. രാജ്യത്തുടനീളമുള്ള സർവ്വകലാശാലകളിലെ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവർക്ക് സുരക്ഷ ഉറപ്പ് നൽകുക.

കടപ്പാട്: ഹിശാമുൽ വഹാബ്