Campus Alive

എച്ച്.സി.യു യൂണിയന്‍ തെരെഞ്ഞെടുപ്പ്; എം.എസ്.എഫ്-ഫ്രറ്റേണിറ്റി സഖ്യത്തിന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയുടെ കീഴാള വിദ്യാർത്ഥി രാഷ്ട്രീയം ഇന്ത്യൻ യൂണിവേഴ്സിറ്റികളിലുടനീളം പുതിയ രാഷ്ട്രീയ സാമൂഹിക വിഭാവനകളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. അരികുവത്ക്കരിക്കപ്പെട്ട വ്യത്യസ്തങ്ങളായ സമുദായങ്ങളുടെയും സ്വത്വങ്ങളുടെയും ദേശീയതയുടെയും ജീവിതാനുഭവങ്ങളെ മുൻനിര്‍ത്തിക്കൊണ്ടുള്ള ആത്മാഭിമാനത്തിന്‍റെയും സ്വയാധികാരത്തിന്‍റെയും (Autonomy) ഐക്യപ്പെടലിന്റെയും രാഷ്ട്രീയം അടിച്ചമത്തപ്പെട്ടവരുടെ ഐക്യം (Oppressed unity) എന്ന വിശാലസ്വപ്നം യാഥാർത്യമാക്കി. ഉദാഹരണത്തിന്, സാമൂഹിക, രാഷ്ട്രീയ വിമർശനത്തിന്റെ ഒരു രീതിയായി ബ്രാഹ്മണ വിരുദ്ധ അപനിര്‍മാണത്തെ (Brahminical deconstruction) അവതരിപ്പിച്ചുകൊണ്ട് ജസ്റ്റിസ് ഫോർ രോഹിത് വെമുല മൂവ്മെന്റ് ശക്തമായ എതിർ-ആധിപത്യ സ്ഥാനത്തെ (counter hegemonic position) സ്വയം അടയാളപ്പെടുത്തി. പോസ്റ്റ്‌ ലെഫ്റ്റ് ( ഇടത്/വലത് പക്ഷ ബൈനറിക്ക് അപ്പുറം), പോസ്റ്റ്‌ സെക്കുലർ (മതേതര/സാമുദായിക ബൈനറിക്ക് അപ്പുറം) വിദ്യാർത്ഥികളുടെ ചലനാത്മകമായ ഒരു പുതിയ കാർട്ടോഗ്രഫി ഇത് ദൃശ്യമാക്കി. വിവിധതരം പ്രദേശങ്ങൾ, സമുദായങ്ങൾ, ജാതികൾ, മതങ്ങൾ, ലൈംഗികതകൾ, രാഷ്ട്രങ്ങൾ എന്നിവയിലുടനീളം സംഭവിച്ചുകൊണ്ടിരിക്കുന്ന പാർശ്വവൽക്കരണം, കളങ്കപ്പെടുത്തൽ, ഇരകളാക്കൽ എന്നിവയുടെ ഓരോ പ്രശ്‌നത്തിന് പിന്നിലെയും മൂലകാരണങ്ങളെ അഭിമുഖീകരിക്കുന്നതിലും പുതിയ രാഷ്ട്രീയവും ധാർമ്മികവുമായ ഒരു അധ്യാപനം വികസിപ്പിക്കുന്നതിലും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ദലിത്-ബഹുജൻ സംഘടനകൾ വിജയിച്ചിട്ടുണ്ട്.

എന്നിരുന്നാലും, നിരവധി വെല്ലുവിളികള്‍ നേരിട്ടു തന്നെയാണ് അടിച്ചമർത്തപ്പെട്ടവരുടെ വിദ്യാർഥി മുന്നേറ്റം എതിർ-ആധിപത്യ ബ്ലോക്കായി ഇന്ത്യൻ കാമ്പസുകളില്‍ ഉയർന്നുവന്നിട്ടുള്ളത്. യൂണിവേഴ്സിറ്റി കാമ്പസിലെ ബ്രാഹ്മണ ഫാസിസ്റ്റ് വലതുപക്ഷ സംസ്കാരത്തിന്റെ നെക്രോപൊളിറ്റിക്കൽ ഭരണം ഇതുവരെ ആരും കാണാത്ത തരത്തിലുള്ളതാണ്, കാമ്പസ് ജീവിതത്തിന്റെ സുരക്ഷാവത്കരത്തിലൂടെ (securitization) അതിന്റെ ഭരണപരമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് വിയോജിപ്പിന്റെ എല്ലാ ഇടങ്ങളും കോളനിവത്ക്കരിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യൂണിവേഴ്സിറ്റിയിൽ ജസ്റ്റിസ് ഫോർ രോഹിത് വെമുല മൂവ്മെന്റിനെ അടിച്ചമർത്തുകയും വിവിധ ദലിത് ബാഹുജൻ ന്യൂനപക്ഷ പ്രസ്ഥാനങ്ങളെ ക്രിമിനല്‍ വത്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. പരിക്കേൽപ്പിക്കുന്നതിലൂടെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തിൽ അവസാന വിദ്യാർത്ഥി യൂണിയൻ കൈയ്യാളിയിരുന്ന അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എ. ബി.വി.പി) അംഗങ്ങൾ 2018-19 കാലയളവിൽ മുസ്‍ലിം വിദ്യാർഥികൾക്ക് നേരെ വധഭീഷണി വരെ ഉയർത്തുകയും ‘മുസ്‌ലിംകളുടെ ദേശസ്‌നേഹത്തെ’ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുകയുമുണ്ടായി. മാത്രമല്ല, കാമ്പസിലെ ന്യൂനപക്ഷ അവകാശങ്ങളും പ്രശ്നങ്ങളും ഉന്നയിക്കുന്ന ഏതൊരു പരിപാടിയും ഇസ്‍ലാമോഫോബിക് ഭരണകൂടവും ബ്രാഹ്മണ വലതുപക്ഷവും കടുത്ത പരിശോധനയ്ക്ക് വിധേയമാക്കി.

ബ്രാഹ്മണ വലതുപക്ഷ ഫാസിസത്തിന്റെ വ്യവസ്ഥാപിതമായ വളർച്ചക്കെതിരെ കാമ്പസിലെ വിവിധ ബദൽ സമുദായങ്ങളുടെയും ദേശീയതകളുടെയും സ്വത്വങ്ങളുടെയുമെല്ലാം രാഷ്ട്രീയമായ സമ്മേളിക്കല്‍ മാത്രമാണ് ഏക ബദൽ. പാർശ്വവത്കരിക്കപ്പെട്ട മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വത്തെ പ്രതിനിധീകരിക്കുന്ന എം‌.എസ്‌.എഫ്-ഫ്രറ്റേണിറ്റി സഖ്യം, അടിച്ചമർത്തപ്പെട്ട ദേശീയതകൾ, സമുദായങ്ങൾ, ലൈംഗികതകൾ, ജാതികൾ,ആത്മീയതകൾ എന്നിവയുടെ ശക്തി അവരുടെയെല്ലാം ഐക്യത്തിലാണെന്ന് വിശ്വസിക്കുന്നു. അടിച്ചമർത്തപ്പെട്ടവരുടെ ഐക്യത്തിന്റെ ഈ ബദൽ രാഷ്ട്രീയ ഇടം സ്വയാധികാരത്തിന്‍റെയും ഐക്യദാർഡ്യത്തിന്റെയും വിമോചനം ആണ് ലക്ഷ്യം വെക്കുന്നത്. ഈ കാഴ്ചപ്പാടിനകത്ത് നിന്നുകൊണ്ട് മുസ്‍ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അടിച്ചമർത്തപ്പെട്ട സമുദായങ്ങൾ, ദേശീയതകകൾ, അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്‍റെ വിവിധ ഭാവുകങ്ങൾ എന്നിവയുടെയൊക്കെ ഒപ്പം നിൽക്കുന്നു. ജസ്റ്റിസ് ഫോർ രോഹിത് വെമുല മൂവേമെന്റിലേക്ക് യുണൈറ്റഡ് ഡെമോക്രാറ്റിക് അലയൻസ് (യു.ഡി.എ) ആരംഭിക്കുന്നതിന് മുമ്പുതന്നെ, അടിച്ചമർത്തപ്പെട്ടവരോടുള്ള ഐക്യദാർഡ്യത്തിന്റെ രാഷ്ട്രീയ വ്യവഹാരം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ മുസ്‌ലിം വിദ്യാർഥി പ്രസ്ഥാനങ്ങൾ ധാർമിക പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വിവിധ അടിച്ചമർത്തപ്പെട്ട ദേശീയതകൾ, സമുദായങ്ങൾ,സ്വതങ്ങൾ തമ്മിൽ ഐക്യo ഉണ്ടാകുന്നത് ദുർബലത (Vulnerability) യുടെയും ഇരകളുടെയും  (Victimhood) സ്ഥാനത്ത് നിന്ന് മാത്രമല്ലെന്ന് എം‌.എസ്‌.എഫ്-ഫ്രറ്റേണിറ്റി സഖ്യം നമ്മുടെ എല്ലാ ജൈവ, പ്രകൃതി രാഷ്ട്രീയ സഖ്യകക്ഷികളെയും ഓർമ്മിപ്പിക്കുന്നു; അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിവിധ ശക്തികൾ പ്രയോഗിക്കുന്ന- സ്വയംഭരണത്തിന്റെയും ഐക്യദാർഡ്യത്തിന്റെയും രൂപത്തിൽ- അധികാരത്തിന്റെ രാഷ്ട്രീയത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയാണിത്.

എം‌.എസ്‌.എഫ്-ഫ്രറ്റേണിറ്റി സഖ്യ രൂപീകരണത്തിന് പിന്നിലെ രണ്ട് യുക്തികൾ

ഒന്നാമതായി, അടിച്ചമർത്തപ്പെട്ട വിവിധ ദേശീയതകളുടെ എതിർ-ആധിപത്യ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിന് സ്വയാധികാരത്തിന്‍റെ രാഷ്ട്രീയത്തെക്കുറിച്ച് വിഭാവനകൾ ആവശ്യമാണ്, പ്രത്യേകിച്ചും സ്വന്തം പ്രസ്ഥാനവും സ്വയാധികാര ഇടവും രൂപപ്പെടുത്തി രാഷ്ട്രീയം പ്രകടിപ്പിക്കാനുള്ള മുസ്‌ലിംകളുടെ അവകാശത്തെക്കുറിച്ച്. സ്വയാധികാരത്തിന്‍റെ രാഷ്ട്രീയം വിശാലമായ രാഷ്ട്രീയ പ്രതിരോധ വീക്ഷണകോണിൽ നിന്നോ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുടെയും രാജ്യങ്ങളുടെയും ചരിത്രാനുഭവത്തിൽ നിന്നോ വിശദീകരിക്കാൻ അനവധി മാര്‍ഗങ്ങളുണ്ട്. എന്നാല്‍ നിലവിലെ വംശഹത്യ ഭരണകൂടം പലതും മായ്ച്ചുകളയാനും അദൃശ്യമാക്കാനും ആഗ്രഹിക്കുന്ന ഈ സമയത്ത് ന്യൂനപക്ഷ മത പാരമ്പര്യത്തിൽ നിന്ന് മുസ്‌ലിം സ്വയാധികാരത്തിന്‍റെ രാഷ്ട്രീയം അവകാശപ്പെടുന്നതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്, മുസ്‌ലിംകളുമായി ബന്ധപ്പെട്ട അവരുടെ സാമൂഹിക-രാഷ്ട്രീയ, സാംസ്കാരിക ആവിഷ്‌കാരങ്ങളുമായി അഭേദ്യ ബന്ധമുള്ള ഭാഷകൾ, വികാരങ്ങൾ തുടങ്ങി സാമൂഹിക ബന്ധങ്ങൾ വരെ മായ്ച്ചുകളഞ്ഞുകൊണ്ടിരിക്കുകയാണ്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രത്യക്ഷ ഇരകളെന്ന നിലയിൽ സ്വന്തം പോരാട്ടത്തിന്റെ വിധി തീരുമാനിക്കാനുള്ള അവകാശം മുസ്‍ലീങ്ങൾക്ക് സ്വയം ഉണ്ടെന്നാണ് ഫാസിസ്റ്റ് വിരുദ്ധതയുടെ പ്രാക്സിസ് നമ്മെ പഠിപ്പിക്കുന്നത്. മാത്രമല്ല, അസം, ഹൈദരാബാദ് മുതൽ കേരളം വരെയുള്ള ഇന്ത്യൻ മുസ്‌ലിം രാഷ്ട്രീയത്തിന്റെ സമീപകാല ചരിത്രം ഞങ്ങളെ പഠിപ്പിക്കുന്നത് മുസ്‌ലിംകൾ തങ്ങളുടെ രാഷ്ട്രീയ സ്വയംഭരണാധികാരം പ്രയോഗിക്കുന്നിടത്തെല്ലാം സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും മെച്ചപ്പെട്ട അവസ്ഥയിലാണെന്നാണ്. യജമാനന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് ഒരിക്കലും യജമാനന്റെ വീട് പൊളിക്കാൻ കഴിയില്ലെന്ന് എം.എസ്.എഫ്-ഫ്രറ്റേണിറ്റി സഖ്യത്തിന് നന്നായി അറിയാം. സമുദായത്തിന് പുറത്തുനിന്ന് മുസ്‌ലിം രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്ന എല്ലാവരേയും, നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ പ്രകടിപ്പിക്കാനുള്ള നിങ്ങളുടെ അവകാശത്തെ മാനിച്ചുകൊണ്ട്, നിങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കളാണെങ്കിലും ഞങ്ങളുടെ യജമാനന്മാരല്ലെന്ന് ഞങ്ങൾ ഓർമ്മിപ്പിക്കുന്നു. എം.എസ്.എഫ്-ഫ്രറ്റേണിറ്റി സഖ്യം മുന്നോട്ട് വെക്കുന്ന സ്വയംഭരണ രാഷ്ട്രീയത്തിന്റെ വലിയ സാധ്യതയും യുക്തിയും ഇതാണ്.

രണ്ടാമതായി, സ്വയംഭരണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയം ഒരു പരിഷ്കരിച്ച വർഗ വിശകലനത്തിൽ അല്ലെങ്കിൽ ബ്രാഹ്മണ ഫാസിസ്റ്റ് ശക്തികളുടെ പുരാണ രാഷ്ട്രത്തിൽ പ്രകടിപ്പിച്ച സാർവത്രികതയുടെ മറ്റൊരു പ്രകടനമല്ല. മതം, ലിംഗഭേദം, ജാതി, വംശം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവിധ സ്വതങ്ങളുടെ രൂപത്തിലോ ചില സാമൂഹിക ഏജന്റുമാരുടെ പ്രത്യേക പ്രകടനത്തെയോ അടിസ്ഥാനമാക്കിയുള്ളതുമല്ല. സ്വയംഭരണത്തിന്റെ രാഷ്ട്രീയം അപരത്വത്തിനോടുള്ള (Otherness) നൈതികമായ പ്രതിബദ്ധതയെ മുൻ‌കൂട്ടി ഗ്രഹിക്കുന്നു. അത് ഐക്യദാർഡ്യത്തിന്റെ രാഷ്ട്രീയം ആവശ്യപ്പെടുന്നു. എന്നിരുന്നാലും, ഐക്യദാർഡ്യത്തിന്റെ രാഷ്ട്രീയത്തോടുള്ള ഈ പ്രതിബദ്ധത സഹവർത്തിത്വത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു ആശയത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് സഹ-പ്രതിരോധത്തിന്റെ(co-resistence) ഒരു പുതിയ ദർശനം മുന്നോട്ട് കൊണ്ടുപോകുന്നു. അതിനാൽ, ഐക്യദാർഡ്യത്തിന്റെയും സ്വയംഭരണത്തിന്റെയും രാഷ്ട്രീയം എന്ന ആശയത്തിന്റെ പരസ്പരബന്ധം കാരണം അടിച്ചമർത്തപ്പെട്ട ഒരു സമൂഹമെന്ന നിലയിൽ മുസ്‌ലിം രാഷ്ട്രീയത്തിന്റെ സ്വയംഭരണാധികാരത്തിന്റെ ഈ അരികുവത്കരണവും അസാധുവാക്കലും കൃത്യമായും അംഗീകരിക്കാനാവില്ല. അടിച്ചമർത്തപ്പെട്ട ദേശീയതകളുടെയും സമുദായങ്ങളുടെയും സ്വത്വങ്ങളുടെയും സ്വയംഭരണ രാഷ്ട്രീയത്തെ മാനിക്കാത്ത ഒരു ബ്രാഹ്മണ വിരുദ്ധ ഫാസിസ്റ്റ് രാഷ്ട്രീയ സഖ്യം ഐക്യദാർഡ്യത്തിന്റെ ഭാഷ സംസാരിക്കാൻ പോലും യോഗ്യമല്ല കാരണം, അത് ബ്രാഹ്മണ ഫാസിസത്തെ എതിർക്കുന്നതിന്റെ പേരിൽ ഒരു മൈക്രോ ഫാസിസ്റ്റ് ഭ്രാന്ത് സൃഷ്ടിക്കുന്നു.

കാമ്പസിലെ ‘ഫാസിസ്റ്റ് ശക്തികളെ’ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യത്തിലാണ് നിലവിലെ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് സമവായമുണ്ട്. ഒരു മുസ്‍ലിം ന്യൂനപക്ഷ വീക്ഷണകോണിൽ നിന്ന് ഹൈദരാബാദ് യൂണിവേഴ്സിറ്റി കാമ്പസിലെ ഫാസിസം/ഫാസിസ്റ്റു വിരുദ്ധ ദ്വന്ദ്വത്തിലുടെ അധികാരം മനസ്സിലാക്കുന്നതിനുള്ള വിമർശനാധീതമായ രേഖാചിത്രത്തെ എം‌എസ്‌എഫ്-ഫ്രറ്റേണിറ്റി സഖ്യം വെല്ലുവിളിക്കുന്നു. ‘ഫാസിസ്റ്റ് വിരുദ്ധ’ സംഘടനകൾക്കിടയിൽ തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യ ചർച്ചകൾ കാമ്പസിലെ മുസ്‌ലിം പ്രസ്ഥാനങ്ങളുടെ ദുരവസ്ഥയെക്കുറിച്ചായിരുന്നു. കാമ്പസിലെ ബ്രാഹ്മണശക്തികളോട് യഥാർത്ഥത്തിൽ പോരാടുന്നതിനുപകരം മുസ്‍ലിം വിഷയത്തില്‍ രാഷ്ട്രീയമായി അച്ചടക്കം പാലിക്കണമെന്ന രക്ഷാധികാരത്തോടെയുള്ള ‘പഠിപ്പിക്കലായിരുന്നു’ അത്. മുസ്‍ലിം സാമൂഹ്യശക്തികളെ ഫാസിസ്റ്റ് വിരുദ്ധ സഖ്യത്തിൽ നിന്ന് ഒഴിവാക്കുന്നതിൽ സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്‌.എഫ്‌.ഐ) ക്കുള്ള  നാർസിസ്റ്റിക് ആനന്ദം ഫാസിസത്തിനെതിരായ ചെറുത്തുനിൽപ്പിനെക്കുറിച്ചുള്ള അവരുടെ ഇസ്‌ലാമോഫോബിക് ധാരണകളെ വെളിവാക്കുന്നു. എന്നിരുന്നാലും, മുസ്‌ലിം ന്യൂനപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ എസ്‌.എഫ്‌.ഐയുടെ സ്വേച്ഛാധിപത്യ നീക്കങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ ഒരുക്കമല്ല.

ഫാസിസത്തെയും ഫാസിസ്റ്റു വിരുദ്ധതയെയും ചുറ്റിപ്പറ്റിയുള്ള വിമർശനാധീതമായ വ്യവഹാരത്തിലെ ആധിപത്യപരവും ഒഴിവാക്കപ്പെട്ടതുമായ ആശയങ്ങൾ തുറന്നുകാട്ടുന്നതിലൂടെ മുസ്‍ലിം സാമൂഹിക ശക്തികളുടെ ചെറുത്തുനിൽപ്പിനെ എം‌.എസ്‌.എഫ്-ഫ്രറ്റേണിറ്റി സഖ്യം പ്രതിനിധീകരിക്കുന്നു. തെരുവുകളിൽ നിന്ന് രാജ്യത്തെ സർവ്വകലാശാലകളിലേക്കുള്ള ഫാസിസ്റ്റ് വിരുദ്ധ മുസ്‌ലിം രാഷ്ട്രീയത്തിന്റെ അഭിമാനം, സ്നേഹം, അന്തസ്സ്, ആത്മാഭിമാനം, രാഷ്ട്രീയ ഇച്ഛാശക്തി എന്നിവയുടെ ആഘോഷമാണ് എം‌.എസ്‌.എഫ്-ഫ്രറ്റേണിറ്റി സഖ്യം.

സ്വയംഭരണത്തിന്റെയും ഐക്യദാർട്യത്തിന്റെയും രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിലൂടെ, എം‌.എസ്‌.എഫ്-ഫ്രറ്റേണിറ്റി സഖ്യം അടിച്ചമർത്തപ്പെട്ട സമുദായങ്ങളുടെ ഐക്യ രാഷ്ട്രീയ മുന്നണിക്ക് വേണ്ടി നിലകൊള്ളുന്നു, ഒപ്പം വരാനിരിക്കുന്ന ഹൈദരാബാദ് യൂണിവേഴ്സിറ്റി തെരെഞ്ഞെടുപ്പില്‍ ബ്രാഹ്മണിക്കൽ വലതുപക്ഷത്തെയും ഇടതുപക്ഷത്തെയും പരാജയപ്പെടുത്താൻ വിദ്യാർത്ഥി സമൂഹത്തെ പ്രേരിപ്പിക്കുന്നു.

പ്രസിഡന്റ്: മുഹമ്മദ് ഷമീം പി
വൈസ് പ്രസിഡന്റ്: ജിയാദ് ഹുസൈൻ അഹ്ദാൽ

എം.എസ്.എഫ്-ഫ്രറ്റേണിറ്റി

(എച്ച്.സി.യു 2019-20 യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എം.എസ്.എഫ്-ഫ്രറ്റേണിറ്റി സഖ്യത്തിന്‍റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ മുന്നോട്ടുവെക്കുന്ന നോട്ടിന്‍റെ വിവര്‍ത്തനം)