Campus Alive

Can a Muslim Be (A)Political? – ഹൈദരാബാദ് യൂണിവേഴ്‍സിറ്റിയും മുസ്‍ലിം വിദ്യാർഥി രാഷ്ട്രീയവും

(ഹൈദരാബാദ് യൂണിവേഴ്‍സിറ്റിയെ മുന്‍നിര്‍ത്തിയുള്ള മുസ്‍ലിം രാഷ്ട്രീയ വിശകലനത്തിന്‍റെ ആദ്യഭാഗം)

മുസ്‍ലിം വിദ്യാർഥി സംഘാടനത്തിൻ്റെ പശ്ചാത്തലം

രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്ന് രാജ്യത്താകമാനം പടർന്നു പന്തലിച്ച നവവിദ്യാർഥി രാഷ്ട്രീയത്തിൻ്റെ കേന്ദ്രമാണു ഹൈദരബാദ് യൂണിവേഴ്‍സിറ്റി. ജാതി നിർമൂലന ചിന്തയെ സാമൂഹിക ഇടപെടലുകളുടെ മുഖ്യസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നതാണ് ആ വിദ്യാർഥി രാഷ്ട്രീയത്തിൻ്റെ പ്രസക്തി. യഥാർത്ഥത്തിൽ ഇതിന് രോഹിത് വെമുലയുടെ ആത്മഹത്യക്ക് മുമ്പേയുള്ള ജാതി വിരുദ്ധ ഇടപെടലുകളുടെ ഒരു ചരിത്രപശ്ചാത്തലം കൂടിയുണ്ട്. വിവിധ കീഴാള സമുദായങ്ങളുടെ സ്വന്തന്ത്രമായ സംഘാടനവും അത് വരേണ്യ അക്കാദമിക പരിസരങ്ങളോടു നടത്തിയ നിരന്തര പോരാട്ടവുമാണ് അതിൻ്റെ കാതൽ. ഹൈദരാബാദ് യൂണിവേഴ്‍സിറ്റിയിൽ  1993ൽ രൂപംകൊണ്ട അംബേദ്‍കര്‍ സ്റ്റുഡൻസ് അസോസിയേഷൻ്റെ ഇടപെടലുകൾ അതിൽ പ്രസ്താവ്യമാണ്. ആ അർത്ഥത്തിൽ വ്യത്യസ്തങ്ങളായ അടിച്ചമർത്തപ്പെട്ട രാഷ്ട്രീയ അസ്തിത്വങ്ങളെ അംഗീകരിക്കുന്ന ഒരു സ്വഭാവം  ഈ കാമ്പസിലെ വിദ്യാർഥി രാഷ്ട്രീയത്തിനുണ്ട്.

വർഗ രാഷ്ട്രീയ ബന്ധിതമായ സാമ്പ്രദായിക ഇടതു രാഷ്ട്രീയത്തിൻ്റെ ദൗർബല്യങ്ങള്‍ ഇവിടെ ഏറെ മുഴച്ചുകാണാം. കീഴാള സമുദായങ്ങളുടെ രാഷ്ട്രീയ അസ്തിത്വപ്രകാശനം സാധ്യമായ ഇടമായത് കൊണ്ടാണത്. പലപ്പോഴുമത് ഇടതു പക്ഷത്തോട് കലഹിച്ചു കൊണ്ടാണ് മുന്നോട്ട് പോയിട്ടുള്ളത്. എവിടെയോ പോയി മറഞ്ഞിരുന്ന ജാതി രാഷ്ട്രീയത്തെ തിരിച്ചുകൊണ്ട് വരുന്നു എന്ന ആരോപണമാണ് ദലിത് സമുദായ സംഘാടനത്തോട് ഇടതു രാഷ്ട്രീയം ഏറ്റവും കൂടുതലായി ഉന്നയിച്ചിരുന്നത്. വർഗീയവാദികൾ എന്ന പദാവലിയുപയോഗിച്ചാണ് സമാനമായ രീതിയില്‍ മുസ്‍ലിം സമുദായ സംഘടനത്തെ ഇവര്‍ ആരോപിക്കാറ്.

രണ്ടാം മണ്ഡൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഉന്നത സർവ്വകലാശാലകളിലെ ഒ.ബി.സി സംവരണം നടപ്പിലാക്കപ്പെട്ടതിനുശേഷമാണ് ഇത്തരം കാമ്പസുകളിൽ മുസ്‍ലിം വിദ്യാർഥികളുടെ എണ്ണം വർദ്ധിക്കുന്നത്. അത് സ്വാഭാവികമായും അവരുടെ മതപരത പൊതുയിടത്തു കൂടുതൽ ദൃശ്യമാവുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാക്കി. യൂറോപ്യന്‍ സമൂഹത്തിൻ്റെയും പാശ്ചാത്യ ആധുനികതയുടെയും ഘടനക്കുളിൽ അടങ്ങിയ ഇസ്‍ലാമോഫോബിയ വെളിവാകുന്ന സമയമാണ് ആ നാടുകളിലെ മുസ്‍ലിം ദൃശ്യതയെ കുറിച്ച ആകുലതകളെന്നു നിരവധി പഠനങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ അഭയാർത്ഥി പ്രവാഹത്തെ കുറിച്ചു ഭീതി രൂപപ്പെടുന്നതും  ഇതേ പരിസരത്ത് നിന്ന് തന്നെയാണ്.  മുസ്‍ലിം മതപരതയെ കുറിച്ചുള്ള കാമ്പസ് ആധികളുടെ ഉറവിടവും സമാനമാണെന്ന് ചുരുക്കം.

കാമ്പസിലെത്തിയ മുസ്‍ലിം വിദ്യാർഥികൾ, പ്രത്യേകിച്ച് കേരളം പോലുള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ, സാമ്പ്രദായിക ഇടതുപക്ഷത്തിനൊപ്പം നിൽക്കുക എന്ന നിലപാടായിരുന്നു പൊതുവെ സ്വീകരിച്ചു പോന്നിരുന്നത്. എന്നാൽ അതിൽ നിന്ന വിഭിന്നമായി സംഘടിതമായ മുസ്‍ലിം രാഷ്ട്രീയസ്വഭാവം സ്വീകരിക്കുകയും, അത് എസ്.ഐ.ഒ, എം.എസ്.എഫ് പോലെയുള്ള പ്ലാറ്റഫോമുകളിലൂടെ ഒരു സംഘടനാ രൂപം കൈവരിക്കുകയും ചെയ്തു. മതപരതയെ മാറ്റി നിർത്താതെ തന്നെ തങ്ങളുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍  പ്രസ്തുത സംഘടനകളിലൂടെ മുസ്‍ലിം വിദ്യാർഥികൾക്കായി. അതാകട്ടെ, അവിടുത്തെ സാമ്പ്രദായിക ഇടതുപക്ഷത്തെ ചോദ്യം ചെയ്തും അവരുടെ മുസ്‍ലിം വിരുദ്ധവും ജാതീയവുമായ വ്യവഹാരങ്ങളോടും കലഹിച്ചും, ജാതിവിരുദ്ധ രാഷ്ട്രീയത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ് നിര്‍വഹിച്ചു വന്നത്.

ഈയൊരു സമയത്താണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ (EFLU) എസ്.ഐ.ഒ യൂണിറ്റ് തുടങ്ങുന്നതും. അവിടെയുള്ള ദലിത്-ആദിവാസി-ബഹുജൻ-മൈനോറിറ്റി സ്റ്റുഡന്റസ് അസോസിയേഷനുമായി (DABMSA) സഹകരിച്ചു കൊണ്ടാണ് ശിഹാബ് പൂക്കോട്ടൂരിനെ പോലുള്ളവർ എസ്.ഐ.ഒക്ക് തുടക്കം കുറിക്കുന്നത്. മതത്തെയും അതിൻ്റെ വിമോചന സാധ്യതകളെയും കുറിച്ച് സംസാരിക്കാനുള്ള മതേതര വിമുഖതയെ തുറന്നുകാട്ടിയും എതിർത്തുമാണ് ഇസ്‍ലാമിക രാഷ്ട്രീയ പരീക്ഷണങ്ങൾ അവിടെ സാധ്യമായതെന്നര്‍ഥം. ദലിത് ക്യാമറ സ്ഥാപകനും ഇഫ്ളുവിൽ ഗവേഷകനുമായ രവിചന്ദ്രൻ, ജെയിംസ് മൈക്കിൾ എന്നിവർ എസ്.ഐ.ഒ മലപ്പുറം ജില്ലാ കാമ്പസ് കൺവെൻഷനിൽ പങ്കെടുക്കുന്നത് ഈ സാഹചര്യത്തിലാണ്. പിന്നീട് 2012-13 കാലയളവിലാണ് കുറച്ചു കൂടി വിശാലമായിത്തന്നെ ഈ കാമ്പസില്‍ മുസ്‍ലിം സംഘാടനം നടക്കുന്നത്. വിമത സ്വരങ്ങളെ സംഘടിപ്പിച്ചു കൊണ്ട്  DABMSA യും എസ്.ഐ.ഒയും ഒരുമിച്ച് ചേർന്ന് പരിപാടികൾ ആവിഷ്കരിക്കാൻ തുടങ്ങി. അതുവഴി ജാതി, സമുദായം, സിനിമ, ജനാധിപത്യം, ആഘോഷങ്ങൾ എന്നിവയുടെയെല്ലാം വരേണ്യതയെ ചോദ്യം ചെയ്തു. അവിടെ എം.എസ്.എഫ് രൂപീകൃതമാവുന്നതും ഈ സമയത്താണ്.

സഖ്യങ്ങളും മുസ്‍ലിം സംഘടനകളും

ഇതര കീഴാള സമുദായങ്ങളോടുള്ള ഐക്യപ്പെടൽ മുസ്‍ലിം വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അധികാരത്തിനുവേണ്ടിയുള്ള സഖ്യം എന്നതിനപ്പുറം ധാർമികമായ (Ethical) നിലപാടായിരുന്നു. ഇസ്‍ലാമികമായ അടിത്തറയിൽ നിന്നുകൊണ്ട് തന്നെയാണ് അങ്ങനെയൊരു നിലപാടിലേക്ക് അവരും അവരുടെ സംഘാടനവും മാറിയതും. ഒറ്റപ്പെടുത്തിക്കൊണ്ടും മലയാളി ഇടങ്ങളിൽ നിന്ന് ബഹിഷ്കരിച്ചു കൊണ്ടുമാണ് സംഘടിതരായ മുസ്‍ലിം വിദ്യാർഥികളോട് ഇടതുപക്ഷം പക വീട്ടിയത്. എസ്.ഐ.ഒവിൻ്റെ കൂടെ നിന്ന ആദ്യകാല മുസ്‍ലിം വിദ്യാർഥിനികളില്‍ പെട്ട നാജിയയെ പോലുള്ളവർക്ക് അങ്ങനെയുള്ള ഒരുപാട് കഥകള്‍ കാണും പറയാന്‍. അതിനെയൊക്കെ അതിജീവിച്ചും അംബേദ്‍കറൈറ്റ്-ദലിത്-ബഹുജൻ-ആദിവാസി സംഘടനകളുമായി സഖ്യപ്പെട്ടും കൊണ്ടാണ് മുസ്‍ലിം വിദ്യാർഥികൾ അവരുടെ രാഷ്ട്രീയ സംഘാടനം ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ ആരംഭിക്കുന്നത്.

ഇതിലൂടെ പുതിയൊരു ഉണർവ് കീഴാള രാഷ്ട്രീയത്തിന് ലഭിച്ചെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. പരസ്‍പരമുള്ള പിണക്കങ്ങൾ മാറ്റിവെച്ച് കൊണ്ട് വ്യത്യസ്ത ദലിത്-ബഹുജൻ സംഘടനകൾ ഒരുമിച്ച് വന്നു. നോർത്ത്-ഈസ്റ്റ്, കശ്മീർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ഈയൊരു രാഷ്ട്രീയത്തിൻ്റെ കൂടെ നില്‍ക്കാൻ തയ്യാറായിയെന്നതും എടുത്തുപറയണം. ഇതിൻ്റെയെല്ലാം തുടർച്ചയെന്നോണം, വ്യത്യസ്തങ്ങളായ അടിച്ചമർത്തപ്പെട്ട സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയിട്ടുള്ള വിദ്യാർഥി പ്രസ്ഥാനങ്ങളും അങ്ങനെയൊരു സഖ്യത്തെ പിന്തുണയ്ക്കാൻ താല്പര്യമുള്ളവരും ഒരുമിച്ചു വന്നു; യുണൈറ്റഡ് ഡെമോക്രാറ്റിക്‌ അലയൻസ് (യു.ഡി.എ)  പോലുള്ള തെരെഞ്ഞെടുപ്പ് സഖ്യങ്ങൾ രൂപപ്പെട്ടു. 2014 ൽ തന്നെ യൂണിയൻ ഭരിക്കുന്ന ഒരു നിലയിലേക്ക് വളരാന്‍ യു.ഡി.എ ക്ക് കഴിഞ്ഞു.

അതിനു ശേഷമാണ്, കാമ്പസിലെ ഇടതുപക്ഷ പ്രസ്ഥാനം (എസ്.എഫ്.ഐ) ദലിത്, ആദിവാസി സംഘടനകളെ അവരുടെ ഫോൾഡിലേക്ക് സ്വാംശീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെതിരെ വരെ പരോക്ഷമായി നിലപാട് സ്വീകരിച്ച ഇടതുപക്ഷത്തിൻ്റെ പ്രസ്‌താവ്യ നിലപാടിൽ നിന്നുള്ള വേറിടലായിരുന്നു ദലിത് സ്റ്റുഡൻറ്സ്  യൂണിയൻ (DSU), ട്രൈബൽ സ്റ്റുഡൻറ്സ്  ഫ്രണ്ട് (TSF) എന്നീ സംഘടനകളുമായി ചേര്‍ന്നു നടത്തിയ തെരെഞ്ഞെടുപ്പ് സഖ്യം. സമൂഹത്തെ ജാതീയമായി വർഗീകരിക്കുന്നുവെന്നും ജാതി ചിന്തകൾ രൂഡ മൂലമാക്കുന്നുവെന്നും പറഞ്ഞു നിരന്തരം ജാതി വിരുദ്ധ സ്വത രാഷ്ട്രീയസംഘാടനത്തെ എതിർത്ത് പോന്നിരുന്ന ഇടതുപക്ഷം തന്നെയാണ് ഇത്തരമൊരു പരീക്ഷണത്തിന് അക്കാലത്ത് തയ്യാറാകുന്നത് എന്നത് ചെറിയ കാര്യമല്ല.

എന്നാൽ ആശയപരമായി കൊണ്ടും കൊടുത്തുമുള്ള ഒരു സഖ്യത്തേക്കാൾ ഈ രാഷ്ട്രീയത്തിൻ്റെ ഇലക്ടറൽ വിജയം മുന്നിൽ കണ്ടു കൊണ്ടുള്ള ഏറ്റെടുക്കലിനുള്ള (Appropriation) വെമ്പലാണ് യഥാർത്ഥത്തിൽ എസ്.എഫ്.ഐ കാണിച്ചത്. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളിലായി വ്യത്യസ്ത രൂപങ്ങളിൽ അവർ പയറ്റികൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്. ഇടതു പക്ഷത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ പട്ടികജാതി ക്ഷേമസമിതിയുണ്ടാക്കിയതും തെലങ്കാനയിൽ ബഹുജൻ-ലെഫ്റ്റ് ഫ്രന്റ് എന്ന ഇലക്ട്രൽ മുന്നണി രൂപീകരിച്ചതും ഇതോട് ചേർത്ത് വായിക്കുമ്പോൾ ഈ പരീക്ഷണത്തെ കുറിച്ച് കൂടുതൽ വ്യക്തത വരും. എന്നാൽ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ പോളിറ്റ് ബ്യുറോ തന്നെ തെലങ്കാനയിലെ ഈ പരീക്ഷണത്തെ തള്ളിക്കളഞ്ഞുവെന്നതാണ് ഏറെ രസകരം. ബഹുജൻ-ലെഫ്റ്റ് ഫ്രന്റ് എന്ന ആശയത്തിൽ പ്രതീക്ഷ പുലർത്തിയിരുന്ന കാഞ്ചഐലയ്യയെ പോലുള്ളവർ ഇടതു പാർട്ടികൾക്ക് നേരെ രൂക്ഷ വിമർശനമുന്നയിച്ചതും ഈ സന്ദർഭത്തിലാണ്.

ആ അർഥത്തിൽ ഹൈദരാബാദ് യൂണിവേഴ്‍സിറ്റിയിൽ ഉണ്ടായിരുന്ന സഖ്യത്തിലേക്ക് എ.എസ്.എയെ കൂടെ ഉൾപ്പെടുത്തുക എന്ന അജണ്ട വിജയിപ്പിക്കാൻ ഈ വര്‍ഷം എസ്.എഫ്.ഐക്ക് കഴിഞ്ഞു. എ.എസ്.എയുമായി തെരെഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കാൻ എസ്.എഫ്.ഐ മുന്നോട്ട് വച്ച നിബന്ധന, വർഷങ്ങളോളം എ.എസ്.എയുടെ സഖ്യകക്ഷികളായി പ്രവർത്തിച്ചിരുന്ന എസ്.ഐ.ഒ, എം.എസ്.എഫ് എന്നീ മുസ്‍ലിം സംഘടനകളെ എ.എസ്.എ ഉപേക്ഷിക്കണം എന്നതായിരുന്നു. ആഭ്യന്തര ചർച്ചകൾക്കൊടുവിൽ എസ്.എഫ്.ഐയുടെ ഈ ആവശ്യം എ.എസ്.എ അംഗീകരിക്കുകയും അങ്ങനെ മുസ്‍ലിം വിദ്യാർഥി രാഷ്ട്രീയത്തെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു ഫാസിസ്റ്റ് വിരുദ്ധ മുന്നണി കാമ്പസിൽ രൂപപ്പെടുകയും ചെയ്തു. ഫാസിസ്റ്റ് വിരുദ്ധ മുന്നണി എന്നതിനപ്പുറം, ‘വിജയിക്കുന്ന സഖ്യം’ എന്ന മിനിമൽ ആയ ഒരു ലക്ഷ്യം കൂടി അതിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബഹുജൻ സ്റ്റുഡൻസ് ഫ്രണ്ട് ( BSF), കാമ്പസിൽ പുതുതായി രൂപം കൊണ്ട എ.ഐ.എസ്.എ (AISA) എന്നീ വിദ്യാർഥി സംഘടനകള്‍ ഈ “ഫാഷിസ്റ്റ് വിരുദ്ധ മുന്നണി”ക്ക്  പുറത്തുനില്‍ക്കേണ്ടിവന്നു.

മുസ്‍ലിം സംഘാടനത്തിൻ്റെ അധിക ഭാരങ്ങളും ആധികളും

മേൽ സൂചിപ്പിച്ചതുപോലെ, യൂണിവേഴ്‍സിറ്റിയിലെ മുസ്‍ലിം വിദ്യാർഥികൾ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ കൂടെ നിന്നും ദലിത്-ആദിവാസി-ബഹുജൻ-അംബേദ്‌കറൈറ്റ് സംഘടനകളുമായി സഹകരിച്ചു കൊണ്ടുമാണ് പ്രവർത്തിച്ചുവന്നത്. മതേതര ആകുലതകളെ മറികടന്ന് മുസ്‍ലിം സമുദായ ചോദ്യങ്ങളെ രാഷ്ട്രീയമായി തന്നെ സമീപിക്കാൻ എ.എസ്.എയും തയ്യാറാണെന്നത് സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു.  മുസ്‍ലിം മതകീയതയെ പിന്തിരിപ്പനെന്ന്  മുദ്രകുത്തി തള്ളിക്കളയുന്ന മതേതര-ലിബറൽ ചിന്താ പദ്ധതിയിൽ നിന്നും വേറിട്ട് കൊണ്ട് മുസ്‍ലീങ്ങളുടെ മതകീയവും സാമൂഹികവും രാഷ്ട്രീയവുമായ സംഘാടനത്തെ സ്വാഗതം ചെയ്യാൻ എ.എസ്.എ മുന്നോട്ട് വെച്ച രാഷ്ട്രീയത്തിന് കഴിഞ്ഞു.

വിമോചനാത്മകവും സാമൂഹികവുമായ ഇസ്‍ലാമിക ചിന്താസരണിയെ കാമ്പസിന് പരിചയപ്പെടുത്തിയ മുസ്‍ലിം വിദ്യാർഥികളുടെ സാമൂഹിക നീതിയലധിഷ്ഠിതമായ രാഷ്ട്രീയനിലപാടുകൾ പരസ്പരമുള്ള ബന്ധത്തെ കൂടുതൽ ദൃഢമാക്കി. ഫുലെ, അംബേദ്‌കർ, സാവിത്രിബായ്, അയ്യൻ‌കാളി എന്നിവരുടെ കൂടെ മാൽക്കം എക്സ്, ഫാത്തിമ, ആലി മുസ്‌ലിയാർ എന്നിവരും മുദ്രാവാക്യങ്ങളിൽ മുഴങ്ങി. ഇക്ബാലും മൗദൂദിയും അലി ശരീഅത്തിയും കൂടാതെ തലാൽ അസദും, സബാ മഹ്മൂദുമെല്ലാം കാമ്പസ്സിൻ്റെ നിത്യ ചർച്ചകളായി. അതുകൊണ്ടാണ് മുസ്‍ലിം പ്രസ്ഥാനങ്ങളായ എസ്.ഐ.ഒ, എം.എസ്.എഫ് അടക്കമുള്ളവർ എ.എസ്.എയുടെ ഭാഗമായിത്തന്നെ നാളിതുവരെ പ്രവർത്തിച്ച് കൊണ്ടിരുന്നത്.

തെരെഞ്ഞെടുപ്പിൽ എ.എസ്.എയുമായി സഖ്യമുണ്ടാക്കാതിരിക്കാന്‍ എസ്.എഫ്.ഐ ആദ്യ ഘട്ടത്തിലുന്നയിച്ച ന്യായം എസ്.ഐ.ഒ പ്രവർത്തകർ എ.എസ്.എയിൽ പ്രവർത്തിക്കുന്നു എന്നതായിരിന്നു. രോഹിത് വെമുലയുടെ കൂടെ സസ്‌പെൻഡ് ചെയ്യപ്പെട്ട വിജയ് അംബേദ്‌കറെ വരെ  ഇതുപറഞ്ഞു  പിന്തുണക്കാതിരിന്നിട്ടുണ്ട്. എസ്.ഐ.ഒ കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ എസ്.ഐ.ഒവിൻ്റെ എ.എസ്.എയുമായുള്ള സഖ്യമാണ് എസ്.എഫ്.ഐക്ക് പ്രശ്നമായത്. തങ്ങൾക്ക് എസ്.ഐ.ഒവുമായിട്ട് മാത്രമാണ് പ്രശ്നം, എം.എസ്.എഫുമായിട്ട് പ്രശ്നമില്ല എന്ന തരത്തിലുള്ള വ്യവഹാരങ്ങളും തരാതരം പോലെ എസ്.എഫ്.ഐ കൊണ്ടുനടന്നിട്ടുണ്ട്. ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മാത്രമാണ് എം.എസ്.എഫിൻ്റെ രാഷ്ട്രീയവും മതപ്രേരിതമാണെന്നും അത് കൊണ്ട് ഞങ്ങൾക്ക് സ്വീകാര്യമല്ലെന്നുംഎസ്.എഫ്.ഐ അസന്നിഗ്ധമായി പ്രഖ്യാപിച്ചത്. ഇക്കാരണങ്ങൾ കൊണ്ടെല്ലാം തന്നെ  തെരെഞ്ഞെടുപ്പ് ചർച്ചകളുടെ കേന്ദ്ര സ്ഥാനത്തു പലപ്പോഴും എസ്.ഐ.ഒവും മൗദൂദിയും തന്നെയായിരുന്നു. മോദിയും എ.ബി.വി.പിയും ഫാഷിസ്റ്റ് വിരുദ്ധതയുമെല്ലാം അതിന് ശേഷം മാത്രം.

അതോടൊപ്പം തന്നെ, കഴിഞ്ഞ കുറച്ചുകാലങ്ങളായി, മുസ്‍ലിം വിദ്യാർഥികളുടെ എണ്ണത്തിലുള്ള വർദ്ധനവും മുസ്‍ലിം സംഘടനകൾ  ഇടപെടുന്ന വിഷയങ്ങളുടെ വൈവിധ്യവും അവ തീർക്കുന്ന സ്റ്റേറ്റ് സർവയലൻസും, അംബേദ്‍കറൈറ്റ് ദലിത് പ്രസ്ഥാനങ്ങളുടെ മറ്റുപല ശേഷികളെയും കുറക്കുന്നുവെന്ന ചർച്ചകൾ അവരുടെ അകത്തു തന്നെ സജീവമായിരുന്നു. തെരെഞ്ഞെടുപ്പ് സഖ്യ ചർച്ചകളിലാണ് പല രീതികളിലായി ഇവയെല്ലാം പൊന്തി വന്നിരുന്നത്. അതുപോലെതന്നെ എസ്.എഫ്.ഐ ഉത്പാദിപ്പിക്കുന്ന ഇസ്‍ലാമോഫോബിയ നരേറ്റീവുകൾ പ്രത്യക്ഷമായും പരോക്ഷമായും ദലിത്-അംബേദ്‍കറൈറ്റ് സംഘടനകളിലെ ചില വ്യക്തികളെയും സ്വാധീനിച്ചിട്ടുണ്ട്. അഭിമന്യൂവിനെ കൊന്നത് എസ്.ഐ.ഒ – എം.എസ്.എഫ് സംഘടനകളാണ്, മുസ്‍ലിം സംഘടനകൾ ഹോമോഫോബിക് ആണ്, മുസ്‍ലിം രാഷ്ട്രീയം കമ്മ്യൂണൽ ആണ് തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായും എസ്.എഫ്.ഐ ഉന്നയിച്ചിരുന്നത്.

ഇതിൻ്റെയെല്ലാം ഒരു പരിണതി ആയിട്ടായിരിക്കണം ഇത്തവണ എസ്.ഐ.ഒവിൻ്റെയും എം.എസ്.എഫ്ൻ്റെയും ഭാരം (Burden) ഏറ്റെടുക്കാനില്ലെന്ന് എ.എസ്.എ തീരുമാനിച്ചത്. അപ്പാ റാവുവിൻ്റെ  അവസാന വർഷത്തിൽ വിദ്യാർഥി യൂണിയനിൽ അധികാരത്തിൽ വന്നു കൊണ്ട് മറുപടി കൊടുക്കണം; അതുപോലെ പോളിസി ലെവലില്‍ തന്നെ പല വിഷയങ്ങളിലും ഇടപെടാൻ എ.എസ്.എക്കു കഴിയണം; അതിനാൽ എസ്.എഫ്.ഐയുമായി തെരെഞ്ഞെടുപ്പ് ധാരണയുണ്ടാക്കേണ്ടതുണ്ടെന്നാണ് എ.എസ്.എ പറഞ്ഞത്.  മുസ്‍ലിം സംഘടനകള്‍ക്ക് അവരുടേതായ തീരുമാനങ്ങൾ എടുക്കാംമെന്നും എ.എസ്.എക്ക് കുറച്ചു കൂടെ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട് എന്നും അവര്‍ വ്യക്തമാക്കി.

എ.എസ്.എയുടെ ഈ നിലപാടുകളെ ഒരേ സമയം രണ്ടു രീതിയിൽ വായിക്കാവുന്നതാണ്. ഒരു ഭാഗത്ത്, മുസ്‍ലിം സംഘടനകളുടെ ഓട്ടോണമി, സ്വയം പര്യാപ്തത എന്നിവയെ പരിപോഷിപ്പിക്കുന്ന എ.എസ്.എ നിലപാടിൻ്റെ തുടർച്ചയായിട്ട്  ഇതിനെ കാണാം. അതേസമയം തന്നെ ദലിത്-അംബേദ്കറൈറ്റ് സംഘടനകളെ തളർത്തുന്ന ഒരു ‘അധികഘടക’മായി മുസ്‍ലിം സംഘടനകൾ മാറുന്നതിൽ നിന്ന് ഒരു സ്വയം പിൻവാങ്ങൽ എന്നനിലയിലും ഇതിനെ വായിക്കാവുന്നതാണ്. ഇന്ത്യയിലെ മുസ്‍ലീങ്ങള്‍ ഒരു ശിഷ്ടം അല്ലെങ്കിൽ ഒരോർമപ്പെടുത്തലാണ് (reminder/remainder) എന്ന് നിരീക്ഷിക്കുന്നുണ്ട് പ്രൊഫ. എം.ടി അൻസാരി. ഈ ‘അധിക ഘടക’ത്തെ ജാതി, മതം, സമുദായം, ജനാധിപത്യം എന്നീ സംജ്ഞകളെ മുന്‍നിറുത്തി തിരശ്ചീനവും ലംഭവുമായ ഒരു അപഗ്രഥനത്തിന് വിധേയമാക്കുകയാണ് ഈ കുറിപ്പിന്‍റെ ലക്ഷ്യം.

(ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയാണ് താഹിര്‍ ജമാല്‍ )

താഹിര്‍ ജമാല്‍ കെ.എം