Campus Alive

മുസ്‍ലിം സമുദായവും രാഷ്ട്രീയ പ്രതിനിധാനങ്ങളും – ഇസ്‍ലാമിക രാഷ്ട്രീയ ചിന്തയുടെ പുതിയകാല വികാസങ്ങളെകുറിച്ചുള്ള അഞ്ച് പഠനങ്ങൾക്കൊരു ആമുഖം

ഇസ്‍ലാമിക രാഷ്ട്രീയ ചിന്ത, മുസ്‍ലിം സമുദായത്തിന്റെ രാഷ്ട്രീയ പ്രതിനിധാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഗൗരവതരമായ ചർച്ചകളാണ് നടക്കുന്നത്. ഇസ്‍ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും അന്താരാഷ്ട്ര ബന്ധങ്ങളും മുസ്‍ലിം സമൂഹത്തിന്റെ ദേശാനന്തര ഇടപെടലുകളും നിരവധി പഠനങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇവയൊക്കെ ഇസ്‍ലാമിക രാഷ്ട്രീയ വ്യവഹാരത്തിന്റെ വികാസത്തിനും പുനരാലോചനക്കും സാധ്യതയൊരുക്കുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ഈ വർഷത്തിൽ പ്രസിദ്ധീകൃതമായത്. ഈ മേഖലയിൽ സുപ്രധാനമായ രചനയാണ് ഹിലാൽ അഹ്‍മദിന്റെ Siyasi Muslims A Story of Political Islams in India എന്ന കൃതി. മുസ്‍ലിം വർഗീയത, മുസ്‍ലിം വിഭാഗീയത, മുസ്‍ലിം/ ഇസ്‍ലാമിക തീവ്രവാദം എന്നിവയുടെ പൂരകമായി മുസ്‍ലിം രാഷ്ട്രീയത്തെ ഉപയോഗിക്കുന്ന രാഷ്ട്രീയ സാഹചര്യമാണിപ്പോൾ. ഈ സവിശേഷ സാഹചര്യത്തിൽ മുസ്‍ലിം പ്രതിനിധാനം, രാഷ്ട്രീയ ചർച്ചകൾ, തെരെഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ പങ്കാളിത്തം, ബി.ജെ.പി പോലുള്ള വലതുപക്ഷ പാർട്ടികളോടുള്ള രാഷ്ട്രീയ സമീപനം തുടങ്ങി ഗൗരവതരമായ രാഷ്ട്രീയ വിശകലനങ്ങൾ ഈ കൃതിയിലൂണ്ട്. മുസ്‍ലിം വോട്ടുബാങ്ക്, മുസ്‍ലിം പ്രീണനം എന്നീ ചർച്ചകൾ മുസ്‍ലിം സമുദായം രാഷ്ട്രീയവബോധമുള്ളവരാണ് എന്ന കാഴ്ചപ്പാട് രൂപപ്പെടുത്താൻ കാരണമായിട്ടുണ്ടെന്നു ഹിലാൽ അഹ്‍മദ് എഴുതുന്നു. കൂടാതെ, ഈ രാഷ്ട്രീയവബോധം മുസ്‍ലിം സമുദായത്തെ സാമുദായികവൽക്കരിക്കാൻ പ്രേരിപ്പിക്കുന്നു എന്ന തെറ്റിദ്ധാരണ വ്യാപകമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ആധുനിക ഇന്ത്യയിലെ മുസ്‍ലീങ്ങളുടെ  മതകീയത, ന്യൂനപക്ഷം എന്ന മുസ്‍ലിം സ്വത്വം, ഇസ്‍ലാമികവൽക്കരണം, പ്രബോധനം, ഇന്ത്യൻ സെക്യുലരിസം, സംവരണം, പിന്നാക്കാവസ്ഥ, മുസ്‍ലീങ്ങളുടെ രാഷ്ട്രീയ ഭാവി തുടങ്ങിയ കാലിക പ്രസക്തമായ ആലോചനകൾ ഈ കൃതിയിൽ വായിക്കാം.

സാമ്പ്രദായിക ഇസ്‍ലാമിക രാഷ്ട്രീയ ചിന്തയെ വിമർശനാത്മകമായി സമീപിക്കുന്ന എം.എ മുഖതദർ ഖാനിന്റെ Islam and Good Governance A Political Philosophy of Ihsan വ്യത്യസ്തമായ വായനയാണ് പ്രദാനം ചെയ്യുന്നത്. ഇഹ്‍സാൻ ഒഴിവാക്കപ്പെടുകയും ഇസ്‍ലാമിക ശരീഅത്തിനെ ആത്മീയതയിൽ നിന്നും ധാർമികതയിൽ നിന്നും മുക്തമാക്കി നിയമസംഹിതയാക്കി മാത്രം വിവക്ഷിക്കപ്പെടുന്ന വിശകലന രീതിയെ വിമർശനാത്മകമായി സമീപിക്കുന്നു. പാകിസ്‍താനിലെ മതനിന്ദാ നിയമം ഇതിനുദാഹരണമായി അപഗ്രഥിക്കുന്നു. നിയമസംഹിതയിലെ ഇഹ്‍സാനിന്റെ അപര്യാപ്തതയാണ് ഇത്തരത്തിലുള്ള വിവാദപരമായ ചർച്ചക്ക് കാരണമെന്നു അദ്ദേഹം വാദിക്കുന്നു. ഇസ്‌ലാമിക രാഷ്ട്രീയചിന്തയുടെ ചരിത്രപരമായ വളർച്ചയിൽ ഇഹ്‍സാൻ ഒഴിവാക്കപ്പെട്ടതിന്റെ കാരണങ്ങൾ അദ്ദേഹം വിശകലനം ചെയ്യുന്നു. മോഡേണിസത്തിന് ബദലായി മുസ്‍ലിം സമൂഹത്തിൽ രൂപം കൊണ്ട പാരമ്പര്യവാദികൾ, മോഡേണിസ്റ്റുകൾ, ഇസ്‍ലാമിസ്റ്റുകൾ, സെക്യുലരിസ്റ്റുകൾ എന്ന നാലുതരം പ്രതികരണങ്ങളുടെ ഇസ്‍ലാം അപഗ്രഥന രീതികളെ ഗ്രന്ഥകർത്താവ് വിശകലനം ചെയ്യുന്നുണ്ട്. മൂല്യങ്ങളുടെ സ്രോതസായി പരിഗണിക്കുന്നതിന് പകരം രാഷ്ട്രീയ സജ്ജീകരണത്തിനുള്ള ചട്ടുകമായി ഇസ്‍ലാം ഉപയോഗിക്കപ്പെടുന്നു എന്നദ്ദേഹം ആരോപിക്കുന്നു. നാഗരികത, ആദർശം, സംസ്‌കാരം, ധാർമികത, മൂല്യങ്ങൾ എന്നതിനപ്പുറം രാഷ്ട്രീയ സത്വമായി മാത്രം ഇസ്‍ലാം വ്യവഹരിക്കപ്പെടുന്നു.

ശൈഖ് ഇബ്നു അറബി, ഇമാം ഗസ്സാലി, ശൈഖുൽ ഇസ്‍ലാം ഇബ്നു തൈമിയ തുടങ്ങി നിരവധി പ്രമുഖ പണ്ഡിതരുടെ ഇഹ്‍സാനിനെക്കുറിച്ച വിശദമായ ചർച്ചകൾ ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സവിശേഷമായ ആത്മീയ തലം എന്ന ഇഹ്‍സാനിനെക്കുറിച്ച ക്ലാസിക്കൽ വായനയെ തിരുത്തി, വിജ്ഞാനശാസ്ത്രം, അദ്ധ്യാത്മികത, ആത്മവിമർശം, ദൃഢചിത്തത തുടങ്ങിയവ        ഉൾകൊള്ളുന്ന തത്വചിന്തയായി ഇഹ്‍സാനിനെ അദ്ദേഹം അവതരിപ്പിക്കുന്നു. ഇഹ്‍സാൻ പൂർണതയിലേക്കുള്ള പ്രക്രിയയാണ് (Process of Perfection). ഇഹ്‍സാൻ അധിഷ്ഠിതമായി good governance എന്ന രാഷ്ട്രിയ തത്വചിന്തയെ വിശദീകരിക്കുന്നു.

അൽ-മാവർദി, അൽ- ഫാറാബി, ഇബ്‍നു തൈമിയ, ഇബ്‍നു ഖൽദൂൻ, സയ്യിദ് ഖുതുബ്, മൗലാനാ മൗദൂദി, ആയത്തുല്ലാഹ് ഖുമൈനി, തഖിയുദ്ദീൻ നബ്ഹാനി തുടങ്ങി ഇസ്‍ലാമിക ചിന്തകരുടെ ചിന്തകൾ വിശകലനം ചെയ്തു, ഖിലാഫതു റാശിദ: മുതൽ അറബ് വസന്തത്തിന്റെ പശ്ചാത്തലം വരെയുള്ള ഇസ്‍ലാമിക രാഷ്ട്രീയ ചിന്തയുടെ വികാസം വിവരിക്കുന്നു. ഇസ്‍ലാമിന്റെ ആത്മീയ വശത്തെയും അതിനാവശ്യമായ പ്രക്രിയയെയും അവഗണിച്ചു സ്വത്വം, അധികാരം, ഘടന, നിയമം തുടങ്ങിയവക്ക് കൂടുതൽ മുൻഗണന നൽകുന്ന ചിന്തയെ അദ്ദേഹം വിമർശന വിധേയമാക്കുന്നു. അധികാര കേന്ദ്രീകൃത രാഷ്ട്രീയം ഇസ്‍ലാമിക രാഷ്ട്രിയ ധാരയിലെ ഒരുവശം മാത്രമാണ്. സമൂഹത്തിന് ഗുണമായ ക്ഷേമം പ്രദാനംചെയ്യാൻ സാധിക്കുന്ന പ്രക്രിയയിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നു അദ്ദേഹം വാദിക്കുന്നു. ആത്മ വിമർശനവും ക്രിയാത്മക ആക്ടിവിസവും അതിന്റെ ഉപാധികളാണ്. മൗലാനാ മൗദൂദി അടക്കം മേൽ പരാമർശിക്കപ്പെട്ട ചിന്തകർ ധാർമികതയും ആത്മീയതയെയും രാഷ്ട്രീയ ചർച്ചകളിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് തെറ്റായ വായനയാണ്. എങ്കിലും ഇസ്‍ലാമിക രാഷ്ട്രീയ ചിന്ത അധികാര കേന്ദ്രീകൃത ചർച്ചയാണ് എന്ന തെറ്റിദ്ധാരണക്ക് ഒരു തിരുത്തെഴുത്താണ് ഈ കൃതി.

എംബായെ ലോയിന്റെ Political Islam, Justice and Governance നിയോ – ലിബറൽ കാലത്ത് ഇസ്‍ലാമിസ്റ്റുകൾ അനുഭവിക്കുന്ന രാഷ്ട്രീയ പ്രതിസന്ധികൾ ചർച്ച ചെയ്യുന്നു. ഈജിപ്തിലെ ഒരു വർഷക്കാലത്തെ മുഹമ്മദ് മൂർസി ഭരണകൂടത്തെയും സുഡാനിൽ ശൈഖ് ഹസൻ തുറാബിയുടെ രാഷ്ട്രീയ സ്വാധീനവും ചർച്ച ചെയ്യുന്നു. നീതി എന്ന ആശയമാണ് ഇസ്‍ലാമിസ്റ്റുകൾ പ്രധാനമായും മുന്നോട്ടു വെക്കുന്നതെങ്കിലും നിയോ- ലിബറൽ സാഹചര്യത്തിൽ പൂർണമായും പ്രാബല്യത്തിൽ വരുത്തുന്നതിൽ പരാജയപ്പെടുമെന്നാണ് ഗ്രന്ഥകർത്താവ് വാദിക്കുന്നത്. ഒരു വർഷം മാത്രം ഭരിക്കാൻ അവസരം ലഭിച്ച മുഹമ്മദ് മൂർസിയുടെ ഭരണകൂടത്തിന്റെ തകർച്ചയുടെ കാരണം ഇഖ്‍വാനുൽ മുസ്‍ലിമൂന്നിന്റെ രാഷ്ട്രീയ പദ്ധതികളുടെ പോരായ്‍മയാണ് എന്ന വിലയിരുത്തലിൽ പൊരുത്തക്കേടുണ്ട്. നീതി എന്ന വിഷയത്തിൽ ഇഖ്‍വാനുൽ മുസ്‍ലിമുനിനൊപ്പം ഐ.എസ്.ഐ.എസ്, അൽ-ഖ്വാഇദ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളയും ചേർത്തുവായിക്കുന്നതിൽ അസാംഗത്യമുണ്ട്.

ഇസ്‍ലാം, പാശ്ചാത്യ ലോകത്തും പാശ്ചാത്യ രാഷ്ട്രീയ ചിന്തയിൽ അപരസ്ഥാനം നേടിയെടുത്ത സാമൂഹിക- രാഷ്ട്രീയ പരിസ്ഥിതികൾ വിശകലനം ചെയ്യുന്ന നോയെൽ മാൽകമിന്റെ Useful Enemies Islam and The Ottoman Empire in Western Political Thought, 1450–1750′ മുസ്‍ലിം സ്വത്വം, സംസ്ക്കാരം എന്നിവയെക്കുറിച്ച് യൂറോപ്പിൽ നിലനിന്ന മുൻധാരണകൾ ഈ കൃതി അനാവരണം ചെയ്യുന്നു. യൂറോപ്യൻ യൂണിയൻ അംഗത്വത്തിൽ നിന്നും ആധുനിക തുർക്കിയെ അകറ്റി നിർത്തുന്ന രാഷ്ട്രീയ പശ്ചാത്തലത്തിൽ ഈ കൃതിയുടെ പ്രാധാന്യം വർദ്ധിക്കുന്നുണ്ട്.

ഇന്റർനാഷണൽ റിലേഷൻ തിയറികളുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇസ്‍ലാമിക രാഷ്ട്രീയ വ്യവഹാരത്തെ ഉൾപ്പെടുത്തുന്ന നസഫ് മന ബിലാംഗ് അഡിയോംഗ്, ദെയ്ന അബ്ദുൽ ഖാദിർ, റാഫേൽ മോരിലോ എന്നിവർ എഡിറ്റ് ചെയ്ത ‘Islam in International Relations Politics and Paradigms’ ആയത്തുല്ലാഹ് ഖുമൈനി, ത്വാഹ അബ്ദുൽ റഹ്മാൻ, അഹ്‍മദ് ദാവൂദോഗ് ലു, സയ്യിദ് ഖുതുബ് എന്നിവരുടെ രാഷ്ട്രീയ ചിന്തകളെ വിശകലനം ചെയ്യുന്ന ലേഖനങ്ങൾ ഈ കൃതിയിലുൽപ്പെടുത്തിയിട്ടുണ്ട്. അറബ് ദേശീയത, ആധുനിക ഇസ്‍ലാമിക പ്രസ്ഥാനങ്ങളും അവരുടെ വിദേശ നയങ്ങളും, സലഫീ ചിന്തകൾ, ഐസിസിന്റെ രാഷ്ട്രീയം തുടങ്ങിയ ശ്രദ്ധേയമായ വിഷയങ്ങളും ഈ കൃതി കൈകാര്യം ചെയ്യുന്നു.

പോസ്റ്റു-സെകുലർ കാലഘട്ടത്തിൽ പരമാധികാരം, പ്രാദേശികത, ഉമ്മത് എന്ന അശയത്തിന്റെ ദേശാനന്തര രാഷ്ട്രീയ പ്രാധാന്യം എന്നീ സുപ്രധാന വിഷയങ്ങളും ഈ കൃതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. മുസ്‍ലീങ്ങളുടെ സാമൂഹിക ജീവിതം, രാഷ്ട്രീയ ചിന്ത, അന്താരാഷ്ട്ര ഇടപാടുകൾ എന്നീ മേഖലകളിലെ ക്രിയാത്മകവും വിമർശനാത്മകവുമായ ഏതൊരു രചനയും സമുദായത്തിന്റെ ബൗദ്ധിക വികാസത്തിന് മുതൽക്കൂട്ടാണ്.

ഡോ: സൈഫുദ്ധീൻ കുഞ്ഞ്